തൃശൂർ: തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങൾക്കായി തൃശൂർ സിറ്റി ജില്ലയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ച് പോലീസ്. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്.
ആകെയുള്ള 1648 ബൂത്തുകളിലേക്കായി 20 അസിസ്റ്റന്റ് കമ്മീഷണർമാർ, 36 പോലീസ് ഇൻസ്പെക്ടർമാർ, 277 എസ്ഐമാർ, 1621 സീനിയർ സിപിഒമാർ, സിപിഒമാർ എന്നിവരെക്കൂടാതെ 680 സ്പെഷൽ പോലീസ് ഓഫീസർമാരുമുണ്ട്.
എളുപ്പത്തിൽ സുരക്ഷയൊരുക്കാൻ സിറ്റി ജില്ലയെ ആറു താത്കാലിക ഇലക്ഷൻ സബ് ഡിവിഷനുകളായി വിഭജിച്ച് അസിസ്റ്റന്റ് കമ്മീഷണർമാർ ചുമതല ഏറ്റെടുക്കും.
ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷനുകൾ ചാവക്കാട് ഇലക്ഷൻ സബ് ഡിവിഷന്റെ കീഴിൽ ഉൾപ്പെടുത്തി ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ പ്രേമാനന്ദകൃഷ്ണൻ ചുമതല ഏറ്റെടുക്കും. വടക്കാഞ്ചേരി, ചേലക്കര, പഴയന്നൂർ, ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളെ വടക്കാഞ്ചേരി ഇലക്ഷൻ സബ് ഡിവിഷനിൽ ഉൾപ്പെടുത്തി നാർക്കോട്ടിക് സെൽ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ പി. ബാബു ഡേവിസിനാണു ചുമതല.
കുന്നംകുളം, എരുമപ്പെട്ടി പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തി കുന്നംകുളം ഇലക്ഷൻ സബ് ഡിവിഷനിൽ അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. സന്തോഷ്, തൃശൂർ, ഒല്ലൂർ സബ് ഡിവിഷനുകളിലെ ചുമതല തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ കെ.ജി. സുരേഷ്, ഒല്ലൂർ സബ് ഡിവിഷൻ ചുമതല അസിസ്റ്റന്റ് കമ്മീഷണർ എസ്.പി. സുധീരൻ, ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, പാവറട്ടി പോലീസ് സ്റ്റേഷനുകളെ ഗുരുവായൂർ ഇലക്ഷൻ സബ് ഡിവിഷനിൽ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ്. സലീഷ് എന്നിവരും ചുമതല വഹിക്കും.
പ്രശ്നബാധിത ബൂത്തുകളിലും അതീവജാഗ്രത ആവശ്യമുള്ള സ്ഥലങ്ങളിലും പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗും ആരംഭിച്ചു. ക്രമസമാധാനനില അവലോകനം ചെയ്യാൻ പ്രത്യേക ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും അതീവസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.