International
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ ലോറൻസ് ഡെസ് കാർസ് രാജിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് ലൂവ്രെ മ്യൂസിയത്തിൽ നടന്ന കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
മോഷണം തടയാനുള്ള സാങ്കേതിക സംവിധാനങ്ങളൊന്നും മ്യൂസിയത്തിലുണ്ടായിരുന്നില്ലെന്ന് ലോറൻസ് ഡെസ് കാർസ് പറഞ്ഞു. സംഭവത്തിൽ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആർട്ട് ഗാലറികളിലൊന്നാണ് പാരീസിലെ ലൂവ്രെ മ്യൂസിയം. ഡെസ് കാർസ് നേരത്തെ രാജി സമർപ്പിച്ചിരുന്നെങ്കിലും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരുന്നില്ല.
ഡിസംബർ മുതൽ തന്നെ മ്യൂസിയത്തിലെ പല ക്രമക്കേടുകളേക്കുറിച്ചും പരാതി ഉയർന്നിരുന്നു. ശമ്പളത്തിന് വേണ്ടിയുള്ള സമരങ്ങൾ മ്യൂസിയത്തിൽ പതിവായിരുന്നു. മ്യൂസിയത്തിലെ ജല ചോർച്ചകളും ടിക്കറ്റ് വിൽപനയിലെ തിരിമറിയും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു.
International
സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ വസതിക്ക് നേരെ ബോംബ് ഭീഷണി. കാൻബറയിലെ ഔദ്യോഗിക വസതിയായ ദ ലോഡ്ജിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് ആന്റണി ആൽബനീസിനെ വസതിയിൽ നിന്ന് ഒഴിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെ ആയിരുന്നു പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധനകൾക്കായി ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചത്. തുടർന്ന് പാർലമെന്റ് ഹൗസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് പരിശോധന നടത്തി.
പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് രാത്രി ഒൻപതോടെ ആൽബനീസിന് വസതിയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി. ആൽബനീസും നിരവധി ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ ഭീഷണികൾ നേരിട്ടിരുന്നു. പിന്നാലെ ആന്റണി ആൽബനീസ് ഉൾപ്പെടുന്ന പൊതുപരിപാടികളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയാത്തലവൻ നെമെസിയോ റൂബൻ ഒസെഗുരയെ (എൽ മെൻചോ) വധിച്ചത് കാമുകിമാരിൽ ഒരാളുടെ നീക്കങ്ങൾ മനസിലാക്കി. ഈ കാമുകിയുടെ നീക്കം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തിയെടുത്ത് മെക്സിക്കൻ സൈന്യത്തിനു കൈമാറുകയായിരുന്നു.
കാമുകിയുടെ നീക്കങ്ങളിലൂടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയിലെ പർവതടൗണായ തപാൽപയിൽ വനത്തോടു ചേർന്നുള്ള നെമെസിയോ റൂബന്റെ താവളം തിരിച്ചറിഞ്ഞത്. താവളം മനസിലാക്കിയതോടെ ആർമിയും നാഷണൽ ഗാർഡ് യൂണിറ്റകളും ചേർന്നു പ്രദേശം വളയുകയായിരുന്നു. അതേസമയം, കാമുകിതന്നെ വിവരം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
റൂബൻ ഒസെഗുരയുടെ മരണത്തെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ 27 സുരക്ഷാസൈനികരും 46 ക്രിമിനലുകളും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് രാജ്യത്തെ 20 സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥ നിയന്ത്രിക്കാനായി 10,000ത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
‘എൽ മെൻചോ’ എന്നറിയപ്പെടുന്ന റൂബൻ ഒസെഗുരയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 150 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്ക് ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവ കടത്തുന്നതിലെ പ്രധാനിയായിരുന്നു റൂബൻ ഒസെഗുര . പോലീസിനെതിരേ ആക്രമണങ്ങൾ നടത്തുന്നതിലും കുപ്രസിദ്ധനായിരുന്നു.
International
കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാണ്ട് പിന്നിട്ടു. 2022 ഫെബ്രുവരി 24നാണ് യുക്രെയ്നെതിരേ റഷ്യ ആക്രമണം ആരംഭിച്ചത്. ഇരുഭാഗത്തുമായി സിവിലിയന്മാരടക്കം ലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു.
രണ്ടു ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ മാധ്യമസ്ഥാപനമായ മീഡിയസോണ അറിയിച്ചത്. ബിബിസിക്കൊപ്പമാണ് മീഡിയസോണ വിവരശേഖരണം നടത്തിയത്. ആറായിരം സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടത്. ഇരുഭാഗത്തുമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത സൈനികരുടെ എണ്ണം 20 ലക്ഷം ആയെന്നാണു റിപ്പോർട്ട്. യുക്രെയ്നെതിരേ പോരാടാൻ വിസമ്മതിച്ച ഒട്ടേറെ സൈനികരെ അധികൃതർ കൊലപ്പെടുത്തിയായി റഷ്യൻ സൈനികൻ വെളിപ്പെടുത്തി.
യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖല റഷ്യൻ ആക്രമണത്തിൽ താറുമാറായി.
റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന്റെ പുനരുദ്ധാരണത്തിന് അടുത്ത ഒരു ദശകത്തിൽ 58,800 കോടി ഡോളർ വേണ്ടിവരുമെന്നാണ് ലോകബാങ്ക് യൂറോപ്യൻ കമ്മീഷൻ, യുഎൻ എന്നിവർ കണക്കാക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ദീർഘകാലമായി നടത്തുന്ന ശ്രമങ്ങൾക്കു കാര്യമായ ഫലമുണ്ടായിട്ടില്ല. യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണം എന്ന നിർദേശത്തിലാണ് അഭിപ്രായവ്യത്യാസം തുടരുന്നത്. യൂറോപ്യൻ യൂണിയൻ യുക്രെയ്ന് പൂർണ പിന്തുണ നല്കുന്നു.
യുക്രെയ്ൻ ജനതയുടെ നാലു വർഷത്തെ ത്യാഗം വിസ്മരിച്ച് റഷ്യയുമായി സമാധാനക്കരാർ ഉണ്ടാക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നാലാം വാർഷികദിനമായ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദീർഘകാല സമാധാനമാണു യുക്രെയ്ൻ ആഗ്രഹിക്കുന്നതെങ്കിലും നാലു വർഷത്തെ യുക്രെയ്ൻ ജനതയുടെ പോരാട്ടം, ധൈര്യം എന്നിവയെ നിരാകരിക്കുന്നതു വഞ്ചനയ്ക്കു തുല്യമാണെന്ന് സമാധാനചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ സന്ദർശിച്ച് യുക്രെയ്ൻ ജനതയുടെ ജീവിതവും ദുരിതവും നേരിട്ടു കാണണം. യുക്രെയ്ൻ ജനതയെ തകർക്കുക എന്നതടക്കം ഒരു ലക്ഷ്യവും പുടിനു നേടാൻ കഴിഞ്ഞിട്ടില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
വാർഷികത്തിന്റെ ഭാഗമായി യുക്രെയ്നിലെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ലാത്വിയ പ്രധാനമന്ത്രി എവിക സിലിന, ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രം, നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ തുടങ്ങിയവർ കീവിലെ സെന്റ് സോഫിയ കത്തീഡ്രലിലെ അനുസ്മരണചടങ്ങിൽ പങ്കെടുത്തു.
International
ലണ്ടൻ: ചൈനയിൽനിന്ന് അത്യാധുനിക കപ്പൽവേധ മിസൈലുകൾ വാങ്ങാനുള്ള ഇറാന്റെ നീക്കം അന്തിമഘട്ടത്തിലെന്നു റിപ്പോർട്ട്. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പശ്ചിമേഷ്യയിൽ നാവികസേനയെ വിന്യസിക്കുന്നതിനിടെയാണ് ഈ നീക്കം.
സിഎം-302 എന്നു പേരുള്ള സൂപ്പർസോണിക് (ശബ്ദത്തേക്കാൾ വേഗമുള്ള) മിസൈലുകളാണ് ഇറാൻ വാങ്ങുന്നത്. വിമാനവാഹിനികളെ വരെ മുക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച കപ്പൽവേധ മിസൈലാണിതെന്നു ചൈന അവകാശപ്പെടുന്നു. താഴ്ന്നു പറക്കുന്ന ഈ മിസൈലിനെ വെടിവച്ചിടുക ദുഷ്കരമാണ്. 209 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി.
രണ്ടു വർഷം മുന്പാണ് മിസൈലുകൾ വാങ്ങാൻ ചർച്ചയാരംഭിച്ചത്. കഴിഞ്ഞ വർഷം ജൂണിലെ ഇസ്രേലി ആക്രമണത്തിനു പിന്നാലെ ഇറേനിയൻ അധികൃതർ ചർച്ചകൾ വേഗത്തിലാക്കി. അതേസമയം, എത്ര മിസൈലുകളാണു വാങ്ങുന്നത് എന്നതിൽ വ്യക്തതയില്ല. അമേരിക്കയെ വെല്ലുവിളിച്ച് ഇറാനു മിസൈലുകൾ നല്കാനുള്ള അന്തിമ തീരുമാനം ചൈന എടുത്തിട്ടുണ്ടോ എന്നതിലും അവ്യക്തത തുടരുന്നു.
യുദ്ധമുണ്ടാകുന്ന പക്ഷം അമേരിക്കയ്ക്കുമേൽ ഇറാനു മേൽക്കൈ നല്കാൻ ഈ മിസൈലുകൾ സഹായിക്കുമെന്ന് ഇസ്രയേലിലെ ചില നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഇറാനെ വരുതിയിൽനിർത്താനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് മിസൈൽ പ്രതിസന്ധി സൃഷ്ടിക്കും.
ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും വെടിവച്ചിടാൻ കഴിയുന്ന ആയുധങ്ങളും ചൈനയിൽനിന്ന് ഇറാൻ വാങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹകരണമാണ് ഇതു സംബന്ധിച്ച ചർച്ചകൾ സാധ്യമാക്കുന്നത്.
പത്തു ദിവസത്തിനുള്ളിൽ ഇറാൻ ആണവക്കരാറിൽ ഒപ്പിട്ടില്ലെങ്കിൽ അമേരിക്ക ആക്രമണം നടത്തുമെന്നാണു പ്രസിഡന്റ് ട്രംപ് ഈ മാസം 19നു പറഞ്ഞത്. ഇറാനെതിരേ ആഴ്ചകൾ നീളുന്ന യുദ്ധത്തിനാണ് അമേരിക്കൻ പദ്ധതിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
International
പാരീസ്: അമേരിക്കൻ അംബാഡർ ചാൾസ് കുഷ്നറിനു ഫ്രഞ്ച് സർക്കാരിന്റെ വിലക്ക്. ഫ്രഞ്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടാവില്ല.
ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് ക്വന്റിൻ ഡെറാൻക്യൂ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ എംബസി പുറപ്പെടുവിച്ച വിവാദ പ്രസ്താവനയിൽ വിശദീകരണം നല്കാൻ ചാൾസ് കുഷ്നർ എത്താതിരുന്നതാണു കാരണം.
കഴിഞ്ഞയാഴ്ച തീവ്ര ഇടതുപക്ഷ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ മർദനമേറ്റാണ് ഡെറാൻക്യൂ മരിച്ചത്. അമേരിക്കയിലെ തീവ്ര വലതുപക്ഷ നേതാവ് ചാർളി കിർക്ക് കൊല്ലപ്പെട്ട സംഭവത്തിനു തുല്യമാണിതെന്ന വാദങ്ങളുണ്ടായി.
അക്രമാസക്ത മൗലിക ഇടതുപക്ഷ വാദങ്ങൾ ഫ്രാൻസിൽ ഉയരുന്നുണ്ടെന്നും പൊതുജന സുരക്ഷയെക്കരുതി ഇതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് അമേരിക്കൻ എംബസി പ്രതികരിച്ചത്. ഇതേത്തുടർന്ന്, ഫ്രാൻസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽ അമേരിക്കൻ അംബാസഡർ നേരിട്ടു ഹാജരായി വിശദീകരണം നല്കാൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
ഫ്രാൻസിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ നടപടിഎടുക്കുന്നില്ല എന്ന പ്രസ്താവനയുടെ പേരിൽ 2025 ഓഗസ്റ്റിലും വിദേശകാര്യ മന്ത്രാലയം കുഷ്നറിനോട് വിശദീകരണം തേടിയിരുന്നു. അന്നും അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല.
International
ലണ്ടൻ: അമേരിക്കൻ ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സീറ്റുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത നയതന്ത്രജ്ഞൻ പീറ്റർ മണ്ടേൽസണിനെ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ചയാണ് അറസ്റ്റിലായത്. അധികാര ദുർവിനിയോഗത്തിന്റെ പേരിലാണു നടപടിയെന്നു സൂചനയുണ്ട്.
അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന മണ്ടേൽസണിനെ ആ പദവിയിൽനിന്നു സെപ്റ്റംബറിൽ പുറത്താക്കിയിരുന്നു. അടുത്തിടെ അമേരിക്കൻ സർക്കാർ പുറത്തുവിട്ട എപ്സ്റ്റീൻ കേസ് രേഖകളിൽ മണ്ടേൽസണും എപ്സ്റ്റീനും തമ്മിൽ പുറത്തറിയുന്നതിനേക്കാൾ അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ ലേബർ പാർട്ടിയിലെ അംഗത്വം മണ്ടേൽസൺ ജനുവരിയിൽ രാജിവച്ചിരുന്നു.
ബ്രിട്ടനിലെ രാജാവ് ചാൾസിന്റെ അനുജൻ ആൻഡ്രൂവിനെയും എപ്സ്റ്റീൻ ബന്ധത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽനിന്നു വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആൻഡ്രൂ ബ്രിട്ടീഷ് വാണിജ്യകാര്യ പ്രതിനിധിയായിരിക്കേ രഹസ്യ സർക്കാർ രേഖകൾ എപ്സ്റ്റീന് കൈമാറിയെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
International
ന്യൂയോർക്ക്: അമേരിക്കയുടെ കിഴക്കൻ തീരത്ത് ദുരിതം വിതച്ച് മഞ്ഞുകാറ്റ്. തിങ്കളാഴ്ച ചില സ്ഥലങ്ങളിൽ 94 സെന്റിമീറ്റർ കനത്തിൽ മഞ്ഞുപെയ്തു. വിവിധ സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതിനു പുറമേ 5,000 വിമാന സർവീസുകളും റദ്ദാക്കി.
റോഡ് ഐലൻഡ്, മാസച്ചുസെറ്റ്സ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തത്. റോഡ് ഐലൻഡിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലാണ് 91 സെന്റിമീറ്റർ മഞ്ഞു പെയ്തത്. 1978ലെ 72.6 സെന്റിമീറ്ററിന്റെ റിക്കാർഡ് പഴങ്കഥയായി. ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ 48 സെന്റിമീറ്റർ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
നോർത്ത് കരോളൈന മുതൽ മെയിൻ വരെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങളുണ്ട്. ആറു ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി.
പ്രമുഖ ദിനപത്രമായ ബോസ്റ്റൺ ഗ്ലോബിന്റെ 153 വർഷത്തെ ചരിത്രത്തിലാദ്യമായി അച്ചടി മുടങ്ങി. അച്ചടിപ്രസ് സ്ഥിതിചെയ്യുന്ന വളപ്പിൽ 60 സെന്റിമീറ്റർ കനത്തിൽ മഞ്ഞു പെയ്തതു മൂലം ജീവനക്കാർക്ക് എത്തിച്ചേരാൻ കഴിയാതിരുന്നതാണു കാരണം. മഞ്ഞുകാറ്റ് കാനഡയിലേക്കു നീങ്ങുന്നതായാണു റിപ്പോർട്ട്.
International
ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ തോക്കുധാരികൾ അഞ്ചു പോലീസുകാരെ വധിച്ചു. അഫ്ഗാൻ അതിർത്തിയോടു ചേർന്ന കൊച്ചത് നഗരത്തിലായിരുന്നു സംഭവം.
പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വാഹനം അഗ്നിക്കിരയാക്കി. ഇതിനടുത്തുള്ള കരാക് നഗരത്തിൽ തിങ്കളാഴ്ചയുണ്ടായ മറ്റൊരാക്രമണത്തിൽ മൂന്ന് അർധസൈനികർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഭീകരർക്ക് പിന്തുണ നല്കുന്നതായി താലിബാൻ ആരോപിക്കുന്നു. ശനിയാഴ്ച അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രവിശ്യകളിൽ പാക് വ്യോമസേന ആക്രമണം നടത്തിയിരുന്നു.
International
ടെഹ്റാൻ: ഇറാനിൽ സൗൈനിക ഹെലികോപ്റ്റർ തകർന്ന് നാലു മരണം. ഇസ്ഫഹാൻ പ്രവിശ്യയിലെ ഡോർച്ചെ നഗരത്തിലെ മാർക്കറ്റിലേക്കാണ് തകർന്നുവീണത്. തുടർന്ന് തീപിടിത്തമുണ്ടായി. രണ്ടു പൈലറ്റുമാരും രണ്ടു വ്യാപാരികളുമാണു മരിച്ചത്.
International
ടൊറേന്റോ: മുംബൈ ഭീകരാക്രമണക്കേസ് മുഖ്യപ്രതി തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ നടപടി തുടങ്ങി കാനഡ. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായാണ് നടപടിയെന്നാണ് അറിയുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ് പാക് വംശജനായ റാണ (64). പൗരത്വം റദ്ദാക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റാണയെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടല്ല, മറിച്ച് പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് പൗരത്വം റദ്ദാക്കുന്നതെന്ന് ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു.
2001ലാണ് റാണ കനേഡിയൻ പൗരത്വം നേടുന്നത്. നാല് വർഷമായി ഒട്ടാവയിലും ടൊറന്റോയിലും താമസിച്ചിരുന്നതായും ആറു ദിവസം മാത്രമേ രാജ്യത്തിന് പുറത്തുണ്ടായിരുന്നുള്ളൂവെന്നും 2000ൽ നല്കിയ പൗരത്വ അപേക്ഷയിൽ റാണ അറിയിച്ചിരുന്നു. ഇമിഗ്രേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ, അദ്ദേഹം അക്കാലം അമേരിക്കയിലെ ഷിക്കാഗോയിലായിരുന്നെന്ന് കണ്ടെത്തി.
ഗുരുതരവും മനഃപൂർവുമായ വഞ്ചന ആരോപിച്ചാണ് റാണയുടെ പൗരത്വം റദ്ദാക്കാൻ കനേഡിയൻ അധികൃതർ നടപടി ആരംഭിച്ചത്.
പൗരത്വം റദ്ദാക്കുന്ന നടപടിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൗരത്വ നിയമങ്ങളുടെ അന്തസ് നിലനിർത്താൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് വക്താവ് അറിയിച്ചു. 2025 ഏപ്രിലിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട റാണ ഇപ്പോൾ എൻഐഎയുടെ കസ്റ്റഡിയിലാണ്.
International
ന്യൂഡൽഹി: നാളെ മുതൽ രണ്ട് ദിവസത്തെ ചരിത്രപരമായ ഇസ്രേൽ സന്ദർശനത്തിന് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 25-ാം വാർഷിക വേളയിലാണ് സന്ദർശനം.
ഇന്ത്യയും ഇസ്രേലും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പാക്കുന്നതിനും സന്ദർശനം വഴിയൊരുക്കും. ഇസ്രേലിന്റെ നൂതനമായ കാർഷിക സാങ്കേതികവിദ്യകളും ജല ശുദ്ധീകരണ സംവിധാനങ്ങളും ഇന്ത്യയിൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും.
ബഹിരാകാശ മേഖലയിലെ സഹകരണം സംബന്ധിച്ച നിർണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇസ്രേലിലെ ഇന്ത്യൻ വംശജരുമായി പ്രധാനമന്ത്രി സംവദിക്കും. ഏകദേശം 80,000-ത്തോളം ഇന്ത്യൻ വംശജർ ഇസ്രേലിൽ താമസിക്കുന്നുണ്ട്.
ജെറുസലേമിലെ ഹോളോകോസ്റ്റ് സ്മാരകത്തിലും പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് ഇസ്രേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യയുടെ വിദേശനയത്തിലെ സുപ്രധാന ചുവടുവെപ്പായിട്ടാണ് ഈ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
International
മസ്കറ്റ്: ഒമാനിൽ വാഹനമിടിച്ച് മലയാളികളായ രണ്ടുപേർ മരിച്ചു. അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ(55), ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്. ഷജിത്തിന്റെ സഹോദരന്റെ പുത്രനാണ് ആകാശ്.
ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന് നിയന്ത്രണം വിട്ട് ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തുടർനടപടിക്കായി ആശുപത്രിയിലേക്ക് മാറ്റി.
International
യുദ്ധത്തിന്റെ കെടുതികൾ, ഏറ്റവും തീവ്രമായി അനുഭവിക്കുന്നതു കുട്ടികളും സ്ത്രീകളുമാണ്. അനാഥത്വത്തിന്റെ മഹായാനങ്ങളിൽ എരിഞ്ഞുനീറിയത് എത്രയോ നരജന്മങ്ങൾ. തങ്ങൾ ചെയ്ത കുറ്റം എന്തെന്നു പോലും അറിയാത്ത ജീവിതങ്ങൾ. ചരിത്രം ജയിച്ച രാജാവിന്റെ മാത്രമല്ല, തോറ്റ പ്രജകളുടെയും കൂടിയാണെന്ന് കാലം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ആ കൊച്ചു നാട്ടുരാജ്യം
രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടുംഭീകരതയിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്ന കാലം. നാസിപ്പടയുടെ അധിനിവേശവും സോവിയറ്റ് യൂണിയനിലെ ഗുലാഗ് എന്ന കൊടിയ പീഡനങ്ങൾ അരങ്ങേറിയ തടങ്കൽ പാളയങ്ങളും തകർത്തുകളഞ്ഞ ആയിരക്കണക്കിന് പോളിഷ് ജീവിതങ്ങൾ.
അവരിൽ ചിലർ ഇന്ത്യയുടെ മക്കളായി, ഇന്ത്യയിലെ കൊച്ചു നാട്ടുരാജ്യമായിരുന്നു. നവാനഗറിലെ (ഇപ്പോൾ ജാംനഗർ) മഹാരാജാവ് ജാം സാഹിബ് ദിഗ്വിജയ്സിംഗ്ജി അവരെ ഏറ്റെടുത്തു. അവരെ സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ചു. ചരിത്രം, അദ്ദേഹത്തെ നന്മയുടെ മഹാരാജാവ്- എന്നു രേഖപ്പെടുത്തി. മാനവികതയുടെ സമാനതകളില്ലാത്ത ചരിത്രമാണ് നവാനഗറിന്റെ സ്വന്തം മഹാരാജാവിന്റേത്.
1941ലെ സിക്കോർസ്കി-മെയ്സ്കി കരാറിനെത്തുടർന്ന് സോവിയറ്റ് യൂണിയനിലെ ഗുലാഗുകളിൽനിന്നും മറ്റു തടങ്കൽപ്പാളയങ്ങളിൽനിന്നും പതിനായിരക്കണക്കിനു പോളിഷ് യുദ്ധത്തടവുകാർ മോചിതരായി. അക്കൂട്ടത്തിൽ ഉറ്റവരും ഉടയവരുമില്ലാത്ത, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിനു കുട്ടികളുമുണ്ടായിരുന്നു.
അവർക്കു പോകാൻ മണ്ണിലൊരിടം പോലുമില്ലായിരുന്നു. സ്വന്തം നാട് നാസികളുടെ കൈയിലും. കാരാഗൃഗങ്ങളിൽനിന്നു മോചിപ്പിച്ചെങ്കിലും സോവിയറ്റ് യൂണിയൻ അവരെ ഏറ്റെടുക്കാൻ തയാറല്ലായിരുന്നു. പട്ടിണിയും രോഗങ്ങളും വേട്ടയാടിയ ആ കുരുന്നുകൾക്കു മുന്നിൽ ലോകരാജ്യങ്ങൾ പലതും വാതിലുകൾ കൊട്ടിയടച്ചു. ഈ പ്രതിസന്ധിഘട്ടത്തിലാണ് ബ്രിട്ടീഷ് വാർ ക്യാബിനറ്റിൽ അംഗമായിരുന്ന ദിഗ്വിജയ്സിംഗ്ജി രക്ഷകനായി അവതരിക്കുന്നത്.
ഗുലാഗിലെ സ്റ്റാലിൻ ക്രൂരത
ലോകത്തിലെ നരകം ആയിരുന്നു ഗുലാഗ് എന്ന് ഒറ്റവാക്കിൽ പറയാം. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ തന്റെ എതിരാളികളെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്ന തടങ്കൽപ്പാളയങ്ങൾ. സ്റ്റാലിന്റെയും കൂട്ടാളികളുടെയും കൊടിയ പീഡനത്തിനിരയായി ഏകദേശം 1.5 ദശലക്ഷത്തിനും 1.7 ദശലക്ഷത്തിനും ഇടയിൽ ആളുകൾ ഗുലാഗുകളിൽ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ, കമ്യൂണിസ്റ്റ് ചക്രവർത്തി നടത്തിയ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ സംഖ്യ ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു. പീഡനം, പട്ടിണി, കഠിനമായ തണുപ്പ്, അമിതമായ ജോലിഭാരം, രോഗങ്ങൾ എന്നിവയായിരുന്നു ഗുലാഗിലെ മരണകാരണങ്ങൾ. രാഷ്ട്രീയ എതിരാളികൾ, കർഷകർ, ബുദ്ധിജീവികൾ എന്നിവർക്കു പുറമെ, നിസാരകുറ്റങ്ങൾ ചെയ്ത സാധാരണക്കാരെയും സംശയത്തിന്റെ പേരിൽ മാത്രം പിടികൂടിയവരെയും ഇവിടെ പാർപ്പിച്ചു.
International
വത്തിക്കാൻ സിറ്റി: കൃപയുടെ ഈ നോന്പുകാലത്ത് പ്രാർഥനയോടും കാരുണ്യപ്രവർത്തനങ്ങളോടും ചേർന്ന് നമുക്ക് ഉദാരമായി പ്രായശ്ചിത്തം ചെയ്യാമെന്നും ടെലിവിഷനുകളും സെൽഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നമുക്ക് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഞായറാഴ്ച ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ഈ നോന്പുകാലത്ത് നമുക്ക് ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കാം. നമ്മുടെ ഹൃദയത്തിൽ നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേൾക്കാം.
നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവർക്ക്, പ്രത്യേകിച്ച് പ്രായമായവർ, ദരിദ്രർ, രോഗികൾ എന്നിവർക്കായി നമുക്ക് സമയം നീക്കിവയ്ക്കാം. അനാവശ്യമായത് ഉപേക്ഷിക്കുന്നതിനാൽ നാം ലാഭിക്കുന്നത് ആവശ്യമുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്കു കഴിയും.
പരീക്ഷണസമയങ്ങളിൽ എല്ലായ്പ്പോഴും മക്കളെ സഹായിക്കുന്ന നമ്മുടെ അമ്മയായ കന്യകമറിയത്തിനു നമ്മുടെ ഈ നോമ്പുകാലയാത്രയെ ഭരമേല്പിക്കാമെന്നും മാർപാപ്പ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ ആക്രമണം നടത്തിയത് നോർത്ത് കരോളിന സ്വദേശിയായ യുവാവ്. ഇയാളെ സീക്രട്ട് സർവീസ് വെടിവച്ചുകൊന്നു.
നോർത്ത് കരോളിനയിലെ നഗരമായ കാമറൂണിൽനിന്നുള്ള ഓസ്റ്റിൻ ടി. മാർട്ടിനാണ് (21) അക്രമി.
ഞായാറാഴ്ച ഇയാളെ കാണാതായതായി കുടുംബം പറയുന്നു. ഓസ്റ്റിൻ മാർട്ടിനെതിരായി മുൻപ് കേസുകൾ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. നോർത്ത് കരോളിനയിൽനിന്നും ഫ്ളോറിഡയിലേക്കുള്ള യാത്രയിലാണോ തോക്ക് വാങ്ങിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അക്രമിക്കെതിരായ നടപടിയിൽ സീക്രട്ട് സർവീസ് ഏജന്റുമാരുൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് റിക്ക് ബ്രാഡ്ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എഫ്ബിഐ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
കടുത്ത ട്രംപ് പക്ഷപാതികളായ കുടുംബത്തിൽനിന്നുള്ളയാളാണ് മാർട്ടിനെന്ന് ബന്ധുവായ ബ്രേഡൻ ഫീൽഡ്സ് പറയുന്നു. മാർട്ടിൻ പൊതുവെ ശാന്ത സ്വഭാവിയാണ്. തോക്കിനോട് ഭയമുള്ളയാളുമാണ്. ഇക്കാര്യം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് ഫീൽഡ്സ് പറഞ്ഞു.
മാർട്ടിൻ പ്രാദേശിക ഗോൾഫ് കോഴ്സിലാണ് ജോലി ചെയ്തിരുന്നത്. ഒരു ഉറുമ്പിനെ പോലും അയാൾ ഉപദ്രവിക്കില്ല. തോക്ക് എങ്ങനെ ഉപയോഗിക്കണമെന്നുപോലും അയാൾക്ക് അറിയില്ല. ഇതുപോലുള്ള എന്തെങ്കിലും അവൻ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഫീൽഡ്സ് പറഞ്ഞു.
ഫ്ലോറിഡ പാം ബീച്ചിലെ മാർ- അ-ലാഗോ റിസോർട്ടിൽ പ്രാദേശികസമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സംഭവം. ഈസമയം ട്രംപും ഭാര്യ മെലാനിയയും വാഷിംഗ്ടൺ ഡിസിയിലായിരുന്നു. ട്രംപിനു നേരേ നേരത്തേയും ആക്രമണമുണ്ടായിട്ടുണ്ട്.
2024ൽ പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവച്ചുകൊലപ്പെടുത്താനായിരുന്നു ശ്രമം. ആക്രമണത്തിൽ വലതുചെവിക്ക് പരിക്കേറ്റിരുന്നു. 2024 സെപ്റ്റംബറിൽ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപിന്റെ ഗോൾഫ് കോഴ്സിൽവച്ചും വധശ്രമമുണ്ടായി.
International
സീയൂൾ: ഉത്തരകൊറിയയിലെ ഭരണകക്ഷി പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റ് കിം ജോംഗ് ഉൻ.
വ്യാഴാഴ്ച ആരംഭിച്ച പാർട്ടി കോൺഗ്രസാണ് 42കാരനായ കിമ്മിനെ അധികാരത്തിൽ നിലനിർത്തിയത്. രാജ്യത്തിന്റെ ആണവായുധ ശേഖരം വർധിപ്പിച്ചതിൽ പാർട്ടി കോൺഗ്രസിൽ പ്രതിനിധികൾ പ്രസിഡന്റിനെ പ്രശംസിച്ചതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ച് വർഷത്തേക്കുള്ള സൈനിക ലക്ഷ്യങ്ങൾ പാർട്ടി കോൺഗ്രസിൽ കിം റിപ്പോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. 2016ൽ പാർട്ടി ചെയർമാനായ കിം 2021ലെ പാർട്ടി കോൺഗ്രസിലൂടെയാണു ജനറൽ സെക്രട്ടറിയായത്.
International
ആംസ്റ്റർഡാം: നെതർലൻഡ്സ് പ്രധാനമന്ത്രിയായി റോബ് ജെറ്റൻ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 38കാരനായ റോബ് ജെറ്റൻ.
സ്വന്തം പാർട്ടിയായ ഡെമോക്രാറ്റ്സ് 66 പാർട്ടി (ഡി66), പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി (വിവിഡി), ക്രിസ്ത്യൻ ഡെമോക്രാറ്റിക് അലയൻസ് (സിഡിഎ) എന്നീ പാർട്ടികൾ ചേർന്നുള്ള സഖ്യകക്ഷിസർക്കാരിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റോബ് ഇന്നലെ സ്ഥാനമേറ്റു.
2017ൽ കേവലം ഒരു സീറ്റ് നേടിയ സ്ഥാനത്തുനിന്നാണ് തന്റെ ഡെമോക്രാറ്റ്സ് 66 പാർട്ടി (ഡി66) യെ കഴിഞ്ഞ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 26 സീറ്റ് നേടി നിർണായകശക്തിയാക്കി റോബ് ജെറ്റൻ മാറ്റിയത്. യൂറോപ്യൻ അനുകൂലിയായ ഇദ്ദേഹം സ്വവർഗാനുരാഗിയാണ്. ഒളിന്പിക് മെഡൽ ജേതാവും അർജന്റൈൻ ഹോക്കി താരുമായ നിക്കോളാസ് കീനാനാണു പങ്കാളി.
International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ.
യൂനുസിന്റെ നടപടികൾ പൂർണമായും നിയമവിരുദ്ധമായിരുന്നുവെന്നും തന്നെ പദവിയിൽനിന്നു നീക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും പ്രസിഡന്റ് ആരോപിച്ചു. മുഖ്യ ഉപദേഷ്ടാവ് എന്നനിലയിൽ യൂനുസ് ഭരണഘടനാവ്യവസ്ഥകൾ പാലിച്ചില്ല. ഏകദേശം 14 മുതൽ 15 തവണ വരെ യൂനുസ് വിദേശയാത്രകൾ നടത്തിയെങ്കിലും ഒന്നിനെക്കുറിച്ചും പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇതു ഭരണഘടനാപരമായ ബാധ്യതയുടെ ലംഘനമാണെന്ന് ഷഹാബുദ്ദീൻ ചൂണ്ടിക്കാട്ടി.
അമേരിക്കയുമായി ഒപ്പിട്ട സുപ്രധാനമായ വ്യാപാര കരാറിനെക്കുറിച്ച് തന്നെ പൂർണമായും ഇരുട്ടിൽ നിർത്തിയെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി. ഇത്തരം സുപ്രധാന കരാറുകൾ രാജ്യത്തലവനെ അറിയിക്കണമെന്ന കീഴ്വഴക്കം യൂനുസ് ലംഘിച്ചു. പ്രസിഡന്റ് എന്നനിലയിൽ തന്റെ വിദേശയാത്രകൾ യൂനുസ് ഭരണകൂടം തടഞ്ഞു. കൊസോവോ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണു പ്രധാനമായും തടസപ്പെടുത്തിയത്. ജനങ്ങൾ തന്നെ തിരിച്ചറിയാതിരിക്കാനും തന്റെ പേര് എവിടെയും വരാതിരിക്കാനുമാണ് യൂനുസ് ഭരണകൂടം ശ്രമിച്ചത്.
2024 ഒക്ടോബർ 22ന് തന്റെ വസതിയായ ‘ബംഗാഭവൻ’പ്രതിഷേധക്കാർ വളഞ്ഞ രാത്രി അതിഭീകരമായിരുന്നുവെന്ന് ഷഹാബുദ്ദീൻ പറഞ്ഞു. തന്നെ പുറത്താക്കാൻ യൂനുസുമായി ബന്ധപ്പെട്ട ശക്തികൾ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
പ്രതിസന്ധിഘട്ടത്തിൽ തനിക്ക് സൈനികമേധാവികളുടെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെയും പിന്തുണ ലഭിച്ചതായി ഷഹാബുദ്ദീൻ വ്യക്തമാക്കി. ഭരണഘടനാപരമായ തുടർച്ച നിലനിർത്താനാണു ബിഎൻപി ആഗ്രഹിക്കുന്നതെന്നും അവർ പ്രസിഡന്റിനെ മാറ്റുന്നതിന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ഭരണഘടനാപരമായ പദവിയിൽ തുടരുന്ന അവസാനത്തെ വ്യക്തിയായിരുന്നു ഷഹാബുദ്ദീൻ.
നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെയും സൈന്യത്തിന്റെയും പിന്തുണയുള്ളതിനാൽ 2028 ഏപ്രിൽ വരെ ഷഹാബുദ്ദീൻ പ്രസിഡന്റ് സ്ഥാനത്തു തുടരാനാണ് സാധ്യത. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്ന് 2024 ഓഗസ്റ്റ് എട്ടിനാണ് യൂനുസ് ഇടക്കാല ഭരണത്തലവനായി ചുമതലയേറ്റത്.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ഇന്ത്യ.
അക്രമങ്ങളും റോഡ് തടസങ്ങളും വിമാനങ്ങൾ റദ്ദാക്കലും തുടരുന്ന സഹാചര്യത്തിൽ ആളുകൾ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. യാത്രകൾ പരമാവധി ഒഴിവാക്കണം. പ്രാദേശിക മാധ്യമങ്ങളിലൂടെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദേശങ്ങൾ പാലിക്കുകകയും ചെയ്യണമെന്ന് എംബസി അറിയിച്ചു.
International
കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 70 പേർ കൊല്ലപ്പെട്ടു. കിഴക്കൻ മേഖലയിലെ നംഗർഹാർ, പക്തിക പ്രവിശ്യകളിലെ ജനവാസ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഒരു മദ്രസയും നിരവധി വീടുകളും ആക്രമണത്തിൽ തകർന്നു. അഫ്ഗാൻ വ്യോമാതിർത്തിയുടെയും പരമാധികാരത്തിന്റെയും ലംഘനമാണ് ആക്രമണമെന്ന് സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് സമൂഹമാധ്യമത്തിൽ അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. നിരവധി പേർക്കു പരിക്കേറ്റു. 70 തീവ്രവാദികളെ കൊന്നുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നംഗർഹാർ പ്രവിശ്യയിലെ അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രവിശ്യാ ഡയറക്ടർ മൗലവി ഫസൽ റഹ്മാൻ ഫയാസ് സ്ഥിരീകരിച്ചു.
അതേസമയം പാക്കിസ്ഥാനിൽ ആക്രമണം നടത്തിയ ഭീകരരെയാണു വധിച്ചതെന്ന് ഇസ്ലാമാബാദ് അവകാശപ്പെട്ടു. 70 ഭീകരരെ വധിച്ചതായി ജിയോ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പാക് ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി പറഞ്ഞു.
അതേസമയം ഒരു തെളിവും അദ്ദേഹം ഹാജരാക്കിയിട്ടില്ല. ഭീകരതയ്ക്കെതിരേ സ്വന്തം ജനതയെ രക്ഷിക്കാനുള്ള അവകാശമാണ് വ്യോമാക്രമണത്തിനു പിന്നിലെന്ന് പാക് പ്രസിഡന്റ് അസിഫ് അലി സർദാരി ഞായറാഴ്ച പറഞ്ഞിരുന്നു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് സംഘമായ 'ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ' തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത സംഘർഷത്തിൽ.
എൽ മെഞ്ചോ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ സായുധരായ ഗുണ്ടാസംഘങ്ങൾ തെരുവിലിറങ്ങി. വാഹനങ്ങൾ തീയിടുകയും റോഡുകൾ തടയുകയും ചെയ്തു. പ്രധാന പാതകളിൽ ട്രക്കുകളും ബസ്സുകളും തടഞ്ഞുനിർത്തി കാർട്ടൽ അംഗങ്ങൾ തീയിട്ടു. ഇത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങളെ പൂർണമായും തകർത്തു.
മെക്സിക്കൻ സുരക്ഷാ സേനയും മയക്കുമരുന്ന് സംഘങ്ങളും തമ്മിൽ പലയിടത്തും ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. സായുധരായ തോക്കുധാരികൾ പരസ്യമായി തെരുവുകളിൽ പട്രോളിംഗ് നടത്തുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അമേരിക്കയും മെക്സിക്കോയും ഒരുപോലെ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയായിരുന്നു എൽ മെഞ്ചോ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്.
സംഘർഷം ബാധിച്ച പ്രദേശങ്ങളിൽ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എൽ മെഞ്ചോയുടെ മരണം കാർട്ടലുകൾ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന് വഴിമാറുമോ എന്ന ആശങ്കയിലാണ് മെക്സിക്കൻ സർക്കാർ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് മാഫിയാ തലവനായിരുന്നു ഇയാൾ.
International
ന്യൂഡൽഹി: യുഎസ് ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാർഥികൾ, തീർഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് ഉടൻ പുറത്തുകടക്കാനും എംബസി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കുകയും ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുക, പാസ്പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കാനും എംബസി നിർദേശം നൽകിയിട്ടുണ്ട്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
International
കാഠ്മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ ബസ് നദിയിൽ മറിഞ്ഞ് 18 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്ന ബസാണ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ മരിച്ചവരിൽ ഒരാൾ ന്യൂസിലൻഡിൽ നിന്നുള്ളയാളാണ്. പരിക്കേറ്റവരിൽ ഒരു ജാപ്പനീസ് പൗരനും ഒരു ഡച്ച് പൗരനും ഉണ്ടായിരുന്നു. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, അമിത വേഗതയാകാം അപകടത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
International
വത്തിക്കാൻ സിറ്റി/കൊച്ചി: കേരളത്തിൽനിന്നുള്ള കപ്പൂച്ചിൻ സന്യാസവൈദികൻ ദൈവദാസൻ ഫാ. തിയോഫിൻ (തിയോഫിനച്ചൻ: 1913 - 1968) ഉൾപ്പെടെ മൂന്നു പേരെ ധന്യരായും രണ്ടുപേരെ വാഴ്ത്തപ്പെട്ടവരായും ഉയർത്തി. ഇതുസംബന്ധിച്ച കല്പന വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയം ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തി.
തിയോഫിനച്ചനെ കൂടാതെ ലബനനിൽനിന്നുള്ള ബെക്കാര അബു മൊറാദിനെയും ഫ്രാൻസിൽനിന്നുള്ള ഗബ്രിയേലേ മരിയെയും വാഴ്ത്തപ്പെട്ടവരായും ഇറ്റലിയിൽനിന്നുള്ള ഫ്രാഞ്ചെസ്കോ ലൊംബാർഡി, ഫൗസ്തോ ജെയ് എന്നിവരെ ധന്യരുടെ ഗണത്തിലേക്കും ഉയർത്തി.
സുകൃതസമ്പന്നമായ പൗരോഹിത്യജീവിതത്തിലൂടെ അറിയപ്പെട്ട തിയോഫിനച്ചനെ 2005 ജനുവരി പത്തിനാണ് ദൈവദാസനായി പ്രഖ്യാപിച്ചത്. നാമകരണ നടപടികളുടെ ഭാഗമായി 2014 ഫെബ്രുവരി ഒന്നിന് പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമദേവാലയത്തിലെ അദ്ദേഹത്തിന്റെ കബറിടം തുറന്നു.
വരാപ്പുഴ അതിരൂപതതലത്തിലുള്ള നടപടികൾ 2016 ഒക്ടോബർ 24ന് പൂർത്തിയാക്കി. തിയോഫിനച്ചന്റെ ജീവിതവിശുദ്ധി അടയാളപ്പെടുത്തുന്ന തെളിവുകളും കാനോനിക രേഖകളും ഉൾപ്പെടുത്തി വത്തിക്കാൻ കാര്യാലയത്തിനു സമർപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച പഠനങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
ധന്യപദവി പ്രഖ്യാപനത്തിന്റെ സഭാതലത്തിലുള്ള ആഘോഷങ്ങൾ പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ നടക്കും. റോമിലെ കപ്പൂച്ചിൻ ജനറലേറ്റിന്റെയും അതിരൂപതയുടെയും നിർദേശങ്ങൾക്കനുസരിച്ചാകും തീയതി തീരുമാനിക്കുകയെന്ന് പോസ്റ്റുലേറ്റർ ഫാ. റോബിൻ ദാനിയേൽ അറിയിച്ചു.
1913 ജൂലൈ 20ന് കോട്ടപ്പുറം കൂടല്ലൂർ കുടുംബത്തിലാണ് തിയോഫിനച്ചന്റെ ജനനം. മാതാപിതാക്കൾ അന്നയും ജോര്ജും. ജ്ഞാനസ്നാന പേര് മൈക്കിള്. വരാപ്പുഴ അതിരൂപതയുടെ സെമിനാരിയിൽ ചേർന്ന ബ്രദര് മൈക്കിൾ പഠനശേഷം കപ്പൂച്ചിന് സന്യാസസഭാംഗമായി. 1933ല് തിയോഫിന് എന്ന പേരോടെ സന്യാസവ്രതം സ്വീകരിച്ചു. 1941ല് പൗരോഹിത്യസ്വീകരണം. ക്രിസ്തുസ്നേഹവും കാരുണ്യവും സേവനതീക്ഷ്ണതയും തന്റെ സന്യാസജീവിതത്തിൽ സമന്വയിപ്പിച്ച തിയോഫിനച്ചൻ 1968 ഏപ്രില് നാലിന് അന്തരിച്ചു.