Special News
കാഞ്ഞിരപ്പള്ളി: നൃത്തച്ചുവടുകളാൽ കാണികളെ വിസ്മയിപ്പിച്ച് ഒരു ജില്ലാ ജഡ്ജി. നാട്യകലയുടെ മനോഹര ഭാവങ്ങൾ ആകർഷകമായി അവതരിപ്പിച്ചാണ് കോട്ടയം ജില്ലാ ജഡ്ജി റോഷൻ തോമസ് കാണികളുടെ മനം കവർന്നത്. കോട്ടയം ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് റോഷൻ തോമസ് ഭരതനാട്യം അവതരിപ്പിച്ച് പ്രശംസ നേടിയത്. തിരക്കേറിയ ഒൗദ്യോഗിക ജീവിതത്തിനിടയ്ക്കും നൃത്തത്തെ സ്നേഹിക്കുകയും പരിശീലനത്തിനു സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട് ഈ ന്യായാധിപ. ഈരാറ്റുപേട്ട പോക്സോ കോടതിയിൽ ജില്ലാ ജഡ്ജിയുടെ എല്ലാ ചുമതലകളും വഹിക്കുന്നതിനൊപ്പമാണ് ഡാൻസ് പരിശീലനം.
പൊൻകുന്നം സ്വദേശിനിയായ രുക്മിണി ടീച്ചറിന്റെ ശിഷ്യത്വം സ്വീകരിച്ച ജഡ്ജി റോഷൻ തോമസ് കഴിഞ്ഞ വർഷങ്ങളിൽ പൊൻകുന്നം ഗുരുദേവക്ഷേത്രത്തിലും ഭരതനാട്യം അവതരിപ്പിച്ചിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകനും കുറവിലങ്ങാട് നിധീരി കുടുംബാംഗവുമായ ഭർത്താവ് അഡ്വ. ജോണി ജോസഫിന്റെ പിന്തുണയാണ് റോഷന്റെ ആവേശം.
മക്കളായ ജോസഫും തോമസും എല്ലായിടത്തും റോഷന്റെ ഡാൻസ് പ്രോഗ്രാമുകൾ കാണാൻ എത്തും. പത്തനംതിട്ട തുമ്പമൺ കടവിൽ കുടുംബാംഗമാണ് ഈ 46കാരി.
ബിഎ ഇംഗ്ലീഷ് ബിരുദം രണ്ടാം റാങ്ക് നേടി പാസായ ശേഷമാണ് കേരള യൂണിവേഴ്സിറ്റിയിൽനിന്നു രണ്ടാം റാങ്കിൽ എൽഎൽബിയും ഒന്നാം റാങ്കോടെ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽഎമ്മും നേടിയത്. പഠനത്തിലും ജോലിയും ഇപ്പോൾ നൃത്തത്തിലും തന്റെ മികവ് അടയാളപ്പെടുത്തുകയാണ് റോഷൻ.
Special News
കഴിഞ്ഞ ദിവസം അന്തരിച്ച, സിജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ഡമസീന മണ്ണഞ്ചേരിയിലിന്റെ ജീവിതം ഏതൊരു വ്യക്തിയെയും പ്രചോദിപ്പിക്കുന്നതാണെന്ന് സഹപ്രവർത്തകർ. ഏഴു പതിറ്റാണ്ട് ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിസ്വാർഥമായി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞ മലയാളി സന്യാസിനിമാരിലൊരാളാണ് സിസ്റ്റർ ഡമസീനയെന്ന് സഭാംഗങ്ങൾ ഒാർമിക്കുന്നു. കഴിഞ്ഞ 23നായിരുന്നു സിസ്റ്ററിന്റെ വേർപാട്. സിസ്റ്റർ ഡമസീനയെക്കുറിച്ചു യുപി പ്രയാഗ്രാജിലെ സെന്റ് മേരീസ് കോൺവന്റ് അംഗം സിസ്റ്റർ എം. സുമിത സിജെ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ഇങ്ങനെ:
ദൈവസ്നേഹം അഗ്നിപോലെയാണ്. അതു സ്വയം അടച്ചുപൂട്ടാൻ അനുവദിക്കില്ല. കാരണം ദൈവത്തെ സ്നേഹിക്കാനും അവിടത്തെ ബഹുമാനം വർധിപ്പിക്കാതിരിക്കാനും കഴിയില്ല. സിസ്റ്റർ ഡമസീന അംഗമായിരുന്ന സിജെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക ദൈവ ദാസി മേരി വാഡിന്റെ വാക്കുകളാണിത്.
ഈ അർഥപൂർണമായ വാക്കുകൾ തന്റെ ജീവിതത്തിലൂടെ അന്വർഥമാക്കാൻ സിസ്റ്റർ ഡമസീനയ്ക്കു സാധിച്ചിരുന്നു. അതിരമ്പുഴ മണ്ണഞ്ചേരിയിൽ പരേതരായ ദേവസ്യയുടെയും മറിയക്കുട്ടിയുടെയും എട്ട് മക്കളിൽ മൂന്നാമതായി 1934 ജൂൺ 14നാണ് സിസ്റ്റർ ജനിച്ചത്. പ്രാർഥയുടെയും കഠിനാധ്വാനത്തിന്റെയും മൂല്യത്തിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിശബ്ദമായി വളർത്തിയെടുത്തതുമായ കുടുംബത്തിലാണ് സിസ്റ്റർ വളർന്നുവന്നത്.
പ്രേഷിത തീഷ്ണതയാൽ കുഞ്ഞുമനസുകളെ ജ്വലിപ്പിച്ചിരുന്ന ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ പ്രചോദനം സിസ്റ്ററിന്റെ ഉളളിലെ ദൈവവിളിയെ പരിപോഷിപ്പിച്ചിരുന്നു.
1956 ഫെബ്രുവരി രണ്ടിന് സിസ്റ്റർ പാറ്റ്നയിലെ ഐബിഎംവി മിഷനറി സന്യാസിനി സമൂഹത്തിൽ ചേർന്നു.അന്നത്തെ ബിഷപ്പായിരുന്ന ഡോ. വിൽഡർമൂത്തിന്റെ എഴുത്തുമായി ഐബിഎംവിയിലെ രണ്ട് സന്യാസിനിമാർ വന്നപ്പോൾ ഭാഗ്യസ്മരണാർഹനായ മാലിപ്പറന്പിൽ ജോസഫ് അച്ചനാണ് സിസ്റ്ററിനെ പാറ്റ്നയിലേക്കയച്ചത്. 1964 ഫെബ്രുവരി എട്ടിന് സിസ്റ്റർ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു.
നിസ്വാർഥ സേവനം
അന്നുമുതൽ ഉത്തരേന്ത്യയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ സ്നേഹശുശ്രൂഷയുമായി കടന്നുചെന്നു. ആതുര ശുശ്രൂഷ, സാധുജന പരിപാലനം, രോഗീപരിചരണം എന്നീ മേഖലകളിൽ വ്യാപൃതയായി. നൈനിറ്റാൾ, മുംബൈ, പാറ്റ്ന, കാൺപൂർ, അലഹബാദ് എന്നീ സ്ഥലങ്ങളിൽ ശുശ്രൂഷ സജീവമായി. ദിവ്യകാരുണ്യത്തിന്റെ മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ സിസ്റ്റർ മടിച്ചിരുന്നില്ല. സഭയ്ക്കുവേണ്ടി നിരന്തരം പ്രാർഥിച്ചിരുന്നു.
അസഖ്യം ജപമാലകൾ ചൊല്ലി ദൈവവിളിക്കായും ലോകസമാധാനത്തിനായും കാഴ്ചവയ്ക്കു ശീലവും ഈ സന്യാസിനിക്ക് ഉണ്ടായിരുന്നു. 2003ൽ ഐബിഎംവി എന്ന പേര് പുനർനാമകരണം ചെയ്ത് സിജെ (കോൺഗ്രഗേഷൻ ഓഫ് ജീസസ് ) എന്ന പേര് സ്വീകരിച്ചു. വരും തലമുറയ്ക്കു ശ്രേഷ്ഠമായ ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ് 70 വർഷത്തെ മിഷൻ ജീവിതത്തിനു ശേഷം സിസ്റ്റർ ദൈവസവിധത്തിലേക്കു യാത്രയായിരിക്കുന്നത്. ധന്യമായ സിസ്റ്റർ ഡമസീനയുടെ ഓർമകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു.
Special News
പോർച്ചുഗൽ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്റെ തലസ്ഥാനമാണ് ലിസ്ബൺ.
ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.
ദിനചര്യയും നഗരവും
എന്റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.
ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.
ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.
തെരുവിലെ സംഭാഷണങ്ങൾ
ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.
പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്റെ ഓർമയാണ്.
ഗാമയുടെ തുടക്കം
ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.
ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.
പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.
Special News
ലോകത്തിലെ ഏറ്റവും അപൂര്‍വവും വിലപിടിപ്പുള്ളതുമായ കാപ്പികളിലൊന്നാണ് തായ്ലന്ഡില് ഉത്പാദിപ്പിക്കുന്ന ബ്ലാക്ക് ഐവറി കോഫി. സാധാരണ കാപ്പിയേക്കാള്‍ കയ്പ് കുറവും ചോക്ലേറ്റിന്റെ സ്വാദുമാണ് ഈ കാപ്പിയെ പ്രിയപ്പെട്ടതാക്കുന്നത്. ആരെയും അടിമകളാക്കുന്ന കാപ്പിയുടെ സ്വാദിന്റെ പിന്നിലെ രഹസ്യം എന്താണെന്നു കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകര്‍. ആനയുടെ വയറ്റിലെ ബാക്ടീരിയകളാണ് മനംമയക്കുന്ന സ്വാദിന്റെ പിന്നിലെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ആനയുടെ ഉദരത്തിലെ മാജിക്
തായ്ലന്ഡിലെ ഒരു എലിഫന്റ് സാംഗ്ച്വറിയിലാണ് ഈ പ്രത്യേക കാപ്പി ഉത്പാദിപ്പിക്കുന്നത്. അറബിക്ക ഇനത്തില്‍പ്പെട്ട കാപ്പിപ്പഴങ്ങള്‍ ആനകള്‍ക്കു ഭക്ഷണമായി നല്കുന്നു. ആനയുടെ ദഹന പ്രക്രിയ കഴിഞ്ഞു പുറത്തുവരുന്ന പിണ്ടത്തില്നിന്നു കാപ്പിക്കുരുക്കള്‍ വേര്‍തിരിച്ചെടുത്ത് വൃത്തിയാക്കി വറുത്തെടുത്താണ് ബ്ലാക്ക് ഐവറി കോഫി തയാറാക്കുന്നത്. ടോക്കിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അസോസിയേറ്റ് പ്രഫസര്‍ തകുജി യമഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നില്‍. കാപ്പിപ്പഴം കഴിക്കുന്ന ആനകളുടെയും അല്ലാത്തവയുടെയും ദഹനവ്യവസ്ഥ അവര്‍ നിരീക്ഷിച്ചു.
കയ്പ്പ് കുറയ്ക്കും ബാക്ടീരിയ
കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്ന ഘടകമാണ് സാധാരണഗതിയില്‍ കാപ്പി വറുക്കുമ്പോള്‍ അതിനു കയ്പ്പ് നല്‍കുന്നത്. എന്നാല്‍, ആനയുടെ വയറ്റിലുള്ള പ്രത്യേകതരം ബാക്ടീരിയകള്‍ ഈ പെക്റ്റിനെ വന്‍തോതില്‍ വിഘടിപ്പിക്കുന്നു. പെക്റ്റിന്റെ അളവ് കുറയുന്നതോടെ, കുരു വറുത്തെടുക്കുമ്പോള്‍ കയ്പ്പ് അനുഭവപ്പെടുന്നില്ല. ഇതാണ് ബ്ലാക്ക് ഐവറി കോഫിക്ക് രുചി നല്‍കുന്നത്.
വൈവിധ്യമാര്‍ന്ന ബാക്ടീരിയകള്‍
കാപ്പിപ്പഴം കഴിക്കുന്ന ആനകളുടെ വയറ്റില്‍ വൈവിധ്യമാര്‍ന്ന ബാക്ടീരിയകള്‍ കാണപ്പെടുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. കാപ്പിപ്പഴം കഴിക്കുന്നത് ഈ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നുണ്ടാകാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. മൃഗങ്ങളുടെ ദഹന പ്രക്രിയയും സൂക്ഷ്മജീവികളും ഭക്ഷണത്തിന്റെ രുചിയില്‍ എങ്ങനെയൊക്കെ മാറ്റം വരുത്തുന്നു എന്നതിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്. കൃത്രിമമായി ഇത്തരത്തിലുള്ള ബാക്ടീരിയകളെ ഉപയോഗിച്ച് പുതിയ രുചികളിലുള്ള കാപ്പിയും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളും നിര്‍മിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിച്ചേക്കാം.
സിവെറ്റ് കോഫി
ഇതുപോലെ പ്രസിദ്ധമായ മറ്റൊരു വിഭാഗം കോഫിയാണ് സിവെറ്റ് കോഫി. ഇതിനെ കൊപ്പി ലുവാക് എന്നും വിളിക്കുന്നു. മേൽപ്പറഞ്ഞ രീതിതന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. പഴുത്ത കാപ്പിപ്പഴങ്ങൾ വെരുകിനെക്കൊണ്ടു തീറ്റിക്കും. പിന്നീട് വെരുകിന്റെ കാഷ്ഠത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന കുരുക്കൾ വറുത്തെടുത്തു കാപ്പിപ്പൊടി തയാറാക്കുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പികളിലൊന്നാണ് ഇത്. കർണാടകയിലെ കുടകിൽ സിവെറ്റ് കോഫി ഉത്പാദിപ്പിക്കുന്നുണ്ട്.
Special News
വയനാട്ടില്‍ ആദ്യമായി കുറിത്തലയന്‍ വാത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, സോഷ്യല്‍ ഫോറസ്ട്രി വയനാട്, വയനാട് ബേഡേഴ്സ് എന്നിവ സംയുക്തമായി നടത്തിയ നീര്‍പ്പക്ഷി സര്‍വേയിലാണ് കബനി തീരത്തെ കൊളവള്ളിയില്‍ കുറിത്തലയന്‍ വാത്തിനെ കണ്ടത്.
ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന പക്ഷിയാണ് കുറിത്തലയന്‍ വാത്ത്. ടിബറ്റന്‍ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്.
തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കന്‍ ഏഷ്യയില്‍ ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നുണ്ട്. ഓക്സിജന്‍ കുറഞ്ഞ ഉയരത്തില്‍ പറക്കുന്ന ഈ പക്ഷി ജീവലോകത്തെ അദ്ഭുതമാണെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വയനാട്ടിലെ പനമരം, വള്ളിയൂര്‍ക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാല്‍, ചേകാടി, കൊളവള്ളി, ബാണാസുര ഡാം, വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂര്, അമ്മവയല്‍ നിര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ.
Special News
‘എന്റെ ജീവിതത്തില്‍ നിന്ന് ചിത്രരചന ഒരിക്കലും വിട്ടുപോയിട്ടില്ല; അതിന് അതിന്റെ സമയമെത്താനുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍...' - ചായക്കൂട്ടുകള്‍ കൊണ്ട് കാന്‍വാസില്‍ മനോഹരമായ ചിത്രം വരയ്ക്കുന്നതിനിടെ ലോലിത നായര്‍ പറഞ്ഞു.
അതേ, വാക്കുകള്‍ അര്‍ഥവത്താക്കുന്നതാണ് അവര്‍ വരച്ച ഓരോ ചിത്രങ്ങളും. ജീവിത തിരക്കുകള്‍ അല്പമൊന്നു കുറയുമ്പോള്‍, ഉള്ളിലെ സര്‍ഗാത്മകത കൂടുതല്‍ വര്ണപ്പകിട്ടേറുമെന്നതിന്റെ ഉത്തമോദാഹരണമാണ് ചിത്രകാരി ലോലിത നായര്‍.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍, 25 വര്‍ഷത്തെ സേവനത്തിനു ശേഷം സംസ്ഥാന കൃഷിവകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്. വിശ്രമ ജീവിതം ചിത്രകലയ്ക്കായി മാറ്റിവച്ചിരിക്കുകയാണ് ഇവര്‍.
ചിത്രരചനയെ സ്നേഹിച്ച ബാല്യം
കുട്ടിക്കാലം മുതല്‍ ലോലിതയ്ക്ക് ചിത്രരചനയോട് താല്പര്യമായിരുന്നു. പേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ഉടന്‍ അതില്‍ എന്തെങ്കിലുമൊക്കെ വരയ്ക്കും. സൂര്യനും വയലേലകളും പുഴയും പൂമ്പാറ്റയുമൊക്കെ ആ കുഞ്ഞുവരകളില്‍ നിറഞ്ഞു.
പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ചിത്രരചനയെ താല്‍ക്കാലികമായി ഉപേക്ഷിച്ചു. കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥയായതോടെ ശാസ്ത്രം, ഭരണനിര്‍വഹണം, ഗ്രാമീണ വികസനം എന്നിവയിലായിരുന്നു അവരുടെ ഔദ്യോഗിക ജീവിതം കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രരചനയെ അവര്‍ കൈവിട്ടില്ല.
അതിന്റെ പൂര്ണാവിഷ്കാരത്തിനുള്ള സാവകാശത്തിനായി അവര്‍ ക്ഷമയോടെ കാത്തിരുന്നു. 2019 ജൂലൈയില്‍ ജോലിയില്‍ നിന്ന് വിരമിച്ചു. അതിനുശേഷമാണ് അവര്‍ ദീര്‍ഘകാലമായി ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ചിത്രരചനയിലേക്കു പൂര്‍ണമായി തിരിഞ്ഞത്.
Special News
കലിഫോര്‍ണിയ: നക്ഷത്ര നിബിഡമായ ആകാശത്തേക്ക് നോക്കുമ്പോള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ പ്രപഞ്ചത്തില്‍ മനുഷ്യൻ തനിച്ചാണോ എന്ന്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മനുഷ്യകുലം നടത്തിയ ഏറ്റവും വലിയ ജനകീയ പരീക്ഷണമായിരുന്നു SETI@Home. നീണ്ട 21 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കും ഡാറ്റാ വിശകലനങ്ങള്‍ക്കും ശേഷം, അന്യഗ്രഹജീവികളുടെ തെളിവുകള്‍ക്കായി ശേഖരിച്ച 1200 കോടി സിഗ്നലുകളെ വിശകലനം ചെയ്തു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് ഗവേഷകര്‍.
എന്താണ് SETI@home?
1999ല്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ (ബെര്‍ക്ക്ലി) ഗവേഷകര്‍ ആരംഭിച്ച ഈ പദ്ധതി ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ശാസ്ത്രഗവേഷണത്തിന്റെ ഭാഗമാക്കിയത്. പ്യൂര്‍ട്ടോ റിക്കോയിലെ വിഖ്യാതമായ അറെസിബോ റേഡിയോ ടെലിസ്കോപ്പ് ശേഖരിക്കുന്ന ഭീമമായ ഡാറ്റ വിശകലനം ചെയ്യാന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കു പകരം ലക്ഷക്കണക്കിന് ആളുകളുടെ പേഴ്സണല്‍ കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റ് വഴി കോര്‍ത്തിണക്കി. സന്നദ്ധസേവകര്‍ അവരുടെ കംപ്യൂട്ടറുകളില്‍ ഒരു സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തു, അതു ബഹിരാകാശത്തുനിന്നുള്ള തരംഗങ്ങളെ തരംതിരിച്ചു.
1200 കോടിയില്‍നിന്ന് 100ലേക്ക്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 1200 കോടിയിലധികം -സിഗ്നലുകള്‍- ഈ പ്രോജക്ടിലൂടെ തിരിച്ചറിഞ്ഞു. പ്രോജക്ട് കോ-ഫൗണ്ടര്‍ ഡേവിഡ് ആന്‍ഡേഴ്സന്റെ അഭിപ്രായത്തില്‍- ആകാശത്തിന്റെ ഒരു പ്രത്യേക കോണില്‍നിന്നും ഒരു നിശ്ചിത ഫ്രീക്വന്‍സിയില്‍ പെട്ടെന്നുണ്ടായ ഊര്ജസ്ഫോടനങ്ങള്- ആയിരുന്നു ഇവ. നിലവില്‍ ഭീമമായ ഡാറ്റയെ അരിച്ചുപെറുക്കി ഏറ്റവും പ്രധാനപ്പെട്ട 100 സിഗ്നലുകളിലേക്ക് ഗവേഷകര്‍ എത്തിയിട്ടുണ്ട്. ഇവ അന്യഗ്രഹജീവന്റെ അടയാളങ്ങളാണോ എന്നു വീണ്ടും പരിശോധിച്ചുവരികയാണ്.
വെല്ലുവിളികള്‍
അന്യഗ്രഹ ജീവികള്‍ അയയ്ക്കുന്ന സന്ദേശങ്ങളെ ഭൂമിയിലെ റേഡിയോ തരംഗങ്ങളിൽനിന്നും ശബ്ദകോലാഹലങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ജോലിയാണ്. നമ്മള് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ മുതല്‍ സാറ്റലൈറ്റുകള്‍ വരെ ബഹിരാകാശ സിഗ്നലുകളെ വഴിതെറ്റിക്കാം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായമുണ്ടെങ്കിലും ഓരോ സിഗ്നലും കൃത്യമായി പരിശോധിക്കാന്‍ മനുഷ്യന്റെ ഇടപെടല്‍ അത്യാവശ്യമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. എന്നാല്‍, ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം നല്കാന് ഈ പ്രോജക്ടിനു സാധിച്ചു...- ഗവേഷകര്‍ പറഞ്ഞു.
ഭാവിയിലേക്കുള്ള വാതില്‍
നമ്മള് ഒരുപക്ഷേ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്നു വരില്ല, പക്ഷേ, ബഹിരാകാശത്തെ നിശബ്ദതയില്‍നിന്ന് എപ്പോഴെങ്കിലും ഒരു സന്ദേശം വന്നാല്‍ അതു തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നമ്മള് വികസിപ്പിച്ചു കഴിഞ്ഞു. ഈ മഹാപ്രപഞ്ചത്തില്‍ നമ്മള് ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ നല്കാന് ഗവേഷണത്തിനു കഴിഞ്ഞെന്നും ശാസ്ത്രലോകം പറയുന്നു.
Special News
കോട്ടയം: കുമളിക്കു സമീപം വാഹനത്തിൽ പോകവേ ഏലക്കാട്ടിലേക്കു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ ആ അപകട നിമിഷങ്ങളിൽ സഹായിച്ചവരെയും പിന്തുണച്ചവരെയും ഒാർമിപ്പിച്ചുകൊണ്ടെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുഴിത്തൊളു സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ സാലി സിഎംസിയാണ് ഒാടിയെത്തി സഹായിച്ചും ആശുപത്രിയിലെത്തിച്ചും പ്രാർഥിച്ചും സന്ദർശിച്ചുമൊക്കെ ആ നിമിഷങ്ങളിൽ ആശ്വാസം പകർന്നവരെ ഒാർമിച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:
വീട്ടാകടങ്ങളുടെ ബാക്കിതുകയാണ് ജീവിതം. ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ എത്ര മഹത്തരമാണ്. 2024 ഫെബ്രുവരി എട്ടിന് വള്ളക്കടവ് സ്നേഹസദനത്തിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം തിരിച്ചു പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും വഴി കുമളി 56-ാം മൈലിൽ വച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. ഞങ്ങൾ നാലു സന്യാസിനിമാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. താഴ്ചയിലേക്കു മറിഞ്ഞെങ്കിലും ഭാഗ്യത്തിന് ഏലത്തോട്ടത്തിൽ തങ്ങി നിന്ന കാറിനുള്ളിൽനിന്ന് തോട്ടം തൊഴിലാളികളും മറ്റും ചേർന്നു ഞങ്ങളെ പുറത്തെടുത്തു. തുടർന്ന് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രഥമശുശ്രൂഷുകൾക്കു ശേഷം മൂന്നു പേരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. മുഖത്തും തലയ്ക്കും പരിക്കുണ്ടായിരുന്നതിനാൽ എന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കൂടെയുളളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ ആംബുലൻസ് യാത്ര ഒരു മിനി പീഡാനുഭവയാത്ര പോലെ തോന്നി. മറ്റുള്ളവരുടെ മുഖഭാവങ്ങളിൽനിന്ന് എന്റെ അവസ്ഥയെക്കുറിച്ച് ഏകദേശം മനസിലാക്കാൻ സാധിച്ചു. സന്യാസ സഹോദര്യത്തിന്റെ മഹത്വമാർന്ന ശുശ്രൂഷകൾ കൃത്യമായിത്തന്ന് പ്രാർഥനകൊണ്ടും സേവനംകൊണ്ടും എന്നെ പൊതിഞ്ഞ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ദീപികയുടെ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ അടക്കം വിലപ്പെട്ട പ്രാർഥനകൾക്കു നന്ദി. ഒാടിയെത്തിയ രാഷ്ട്രയക്കാരുടെ സ്നേഹസന്ദർശനങ്ങളും ഇപ്പോഴും ഓർമയിലുണ്ട്.
എന്റെ ആരോഗ്യം വീണ്ടുകിട്ടുന്നതുവരെ സന്ദർശനങ്ങൾക്കു വിലക്കു കൽപിച്ചതിൽ പരിഭവം പറഞ്ഞ
വരുമുണ്ട്. തിരിഞ്ഞുനോക്കുന്പോൾ കടം വീട്ടാൻ ഏറെയുണ്ട്. രക്തം തുടയ്ക്കാൻ തക്കസമയത്ത് തോർത്തുതന്ന തൊഴിലാളി സഹോദരന് അതു തിരിച്ചുകൊടുക്കാൻ സാധിച്ചില്ല. ആരുടെയോക്കെയോ പ്രാർഥനയുടെയും ശുശ്രൂഷകളുടെയും പിൻബലമുണ്ടായിരുന്നു. ഞാനറിയാത്ത നിരവധി നല്ല സമറായന്മാരെ ദൈവം കണ്ടിട്ടുണ്ട്. വീട്ടാകടങ്ങൾ ജീവിത താളുകളിൽ ഒരുപാടുണ്ടെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവരെ,
ആ കടം അവിടെ കിടക്കട്ടെ, പലിശ സഹിതം ദൈവം നിങ്ങൾക്കു തക്കസമയത്തു തിരിച്ചുതരും. എല്ലാ കടങ്ങളും കടപ്പാടുകളുടെ ഘോഷയാത്രയായി തുടരട്ടെ. ശാരീരിക മാനസിക ആത്മീയ പിൻബലം പകർന്നവരെയെല്ലാം സ്നേഹത്തോടെ ഓർക്കുന്നു.
Special News
നക്ഷത്രങ്ങള്‍ക്കിടയിലെ അനന്തതയിൽനിന്നു നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥികള്‍ വരുന്നത് അപൂര്‍വമായ കാഴ്ചയാണ്. ഓമുവാമുവ-യ്ക്കും (2017), ബോറിസോവി-നും (2019) ശേഷം എത്തിയ 3I/ATLAS എന്ന മൂന്നാമത്തെ വസ്തുവും ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇതു വെറുമൊരു ധൂമകേതുവാണോ അതോ അന്യഗ്രഹജീവികള്‍ അയച്ച പേടകമാണോ എന്ന തര്‍ക്കങ്ങള്‍ക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം കൃത്യമായ മറുപടി നല്‍കിയിരിക്കുന്നത്.
2025 ജൂലൈയില്‍ ദൃശ്യമായ ഈ വസ്തുവിന്റെ സഞ്ചാരപാതയും പ്രകൃതവും തുടക്കം മുതലേ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രശസ്ത ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞന് ആവി ലോബ് ഉള്‍പ്പെടെയുള്ളവര്‍ ഇതൊരു കൃത്രിമ വസ്തുവാകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. എന്നാല്‍, നാസ ഇതു കേവലം ഒരു ധൂമകേതു മാത്രമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എങ്കിലും, ആധുനിക റേഡിയോ ടെലിസ്കോപ്പുകള് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനകള്‍ക്കൊടുവില്‍ സത്യാവസ്ഥ പുറത്തുവന്നു.
ടെക്നോസിഗ്നേചർ തേടിയുള്ള യാത്ര
ഗ്രീന്‍ ബാങ്ക് ടെലിസ്കോപ്പ്, മീര്കാറ്റ് തുടങ്ങിയ ലോകോത്തര റേഡിയോ ടെലിസ്കോപ്പുകള് ഉപയോഗിച്ചാണ് ഗവേഷകര്‍ 3I/ATLAS-നെ നിരീക്ഷിച്ചത്. അന്യഗ്രഹ സാങ്കേതികവിദ്യയുടെ അടയാളങ്ങളായ ടെക്നോസിഗ്നേച്ചറുകള് (Technosignatures) കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
അത്തരത്തിലൊരു സിഗ്നല്‍ ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഏറെ ആവേശഭരിതരായേനെ. പക്ഷേ, അവിടെ കൃത്രിമമായി ഒന്നുമില്ല- ബെഞ്ചമിന്‍ ജേക്കബ്സണ് (യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ) പറഞ്ഞു.
ഈ നിരീക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സൂക്ഷ്മതയായിരുന്നു.
ഗ്രീന്‍ ബാങ്ക് ടെലിസ്കോപ്പിന്റെ കരുത്ത് എത്രത്തോളമാണെന്ന് വ്യക്തമാക്കാന്‍ ജേക്കബ്സണ് നല്കിയ ഉദാഹരണം ശ്രദ്ധേയമാണ്: ഒരു സാധാരണ സ്മാര്‍ട്ട്ഫോണ്‍ ഏകദേശം ഒരു വാട്ട് ഊര്ജത്ിലാണ് റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നത്. എന്നാല്‍, 3I/ATLAS-ല്‍ നിന്ന് ഒരു ഫോണിന്റെ പത്തിലൊന്ന് പവര്‍ മാത്രമുള്ള (0.1 വാട്ട്) സിഗ്നല്‍ ഉണ്ടായിരുന്നുവെങ്കില്‍ പോലും തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്കു സാധിക്കുമായിരുന്നു. പരിശോധനയില്‍ അത്തരം സിഗ്നലുകളൊന്നും ലഭിക്കാത്തതിനാല്‍, ഇതൊരു സ്വാഭാവിക ധൂമകേതു മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ അടിവരയിടുന്നു.
സൗരയൂഥം വിടും
ഡിസംബര്‍ 19ന് ഭൂമിയില്‍നിന്ന് ഏകദേശം 26.9 കോടി കിലോമീറ്റര്‍ അകലെയാണ് 3I/ATLAS- കടന്നുപോയത്. നിലവില്‍ ഇതു സൗരയൂഥം വിട്ടുപോകാനുള്ള യാത്രയിലാണ്. എങ്കിലും, ഈ നിഗൂഢ വസ്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇപ്പോഴും വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു.
അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യ തേടിയുള്ള അന്വേഷണം ഇത്തവണ ഫലം കണ്ടില്ലെങ്കിലും, ഈ പഠനങ്ങള്‍ ഭാവിയിലെ പര്യവേക്ഷണങ്ങള്‍ക്കു വലിയ മുതല്‍ക്കൂട്ടാണ്. മറ്റൊരു നക്ഷതരസമൂഹത്തില്നിന്ന് വന്ന ഈ വിരുന്നുകാരന്, പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് ഒരു വാതില്‍കൂടി തുറന്നിട്ടിരിക്കുകയാണ്.
Special News
നാട്ടിലെ മരങ്ങൾക്കിടയിലൂടെ സന്ധ്യാനേരത്തോ പുലർച്ചെയോ നിങ്ങൾ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. മനുഷ്യനേത്രങ്ങൾക്ക് ഒന്നും കാണാനാവില്ലെങ്കിലും ആ വനഭൂമിയിൽ ഒരു -പ്രകാശമേള- നടക്കുന്നുണ്ടാകാം. ആൺമാനുകൾ തങ്ങളുടെ സാന്നിധ്യം പെൺമാനുകളെ അറിയിക്കാൻ മരങ്ങളിലും മണ്ണിലും അവശേഷിപ്പിക്കുന്ന അടയാളങ്ങൾ ഇരുട്ടിൽ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നുവെന്നു പുതിയ പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഗവേഷകരാണ് പ്രകൃതിയിലെ അദ്ഭുതപ്രതിഭാസം കണ്ടെത്തിയത്.
തിളങ്ങുന്ന അടയാളങ്ങൾ
പ്രജനന കാലത്തു തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി ആൺമാനുകൾ മരത്തോലുകൾ കൊമ്പുകൊണ്ട് ഉരച്ചുമാറ്റാറുണ്ട്. കൂടാതെ മണ്ണിൽ കുഴികളുണ്ടാക്കി അവിടെ മൂത്രമൊഴിച്ച് അടയാളങ്ങൾ ഇടാറുമുണ്ട്. ഈ അടയാളങ്ങളിൽനിന്നു പുറപ്പെടുന്ന ഗന്ധം നോക്കിയാണ് പെൺമാനുകൾ വിവരങ്ങൾ മനസിലാക്കുന്നത് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഗന്ധത്തിനൊപ്പം ഈ അടയാളങ്ങൾ പുറപ്പെടുവിക്കുന്ന വെളിച്ചവും ആശയവിനിമയത്തിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഫോട്ടോലൂമിനസെൻസ് (Photoluminescence)
ഫോട്ടോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ഒരു വസ്തു പ്രകാശത്തെ ആഗിരണം ചെയ്ത ശേഷം മറ്റൊരു തരംഗദൈർഘ്യത്തിൽ അതിനെ പുറത്തുവിടുന്ന രീതിയാണിത്. മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് രശ്മികളെയാണ് മാനുകളുടെ അടയാളങ്ങൾ ഇത്തരത്തിൽ പ്രതിഫലിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, പുലർച്ചെയും സന്ധ്യാനേരത്തും ഒരു മാനിന്റെ കണ്ണിലൂടെ നോക്കിയാൽ ഈ അടയാളങ്ങൾ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നതു കാണാം.
കണ്ടെത്തലുകൾ
ജോർജിയയിലെ വൈറ്റ് ഹാൾ വനത്തിൽ നടത്തിയ പഠനത്തിൽ 146 മാൻ അടയാളങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മണ്ണിൽ കലർന്ന മൂത്രം വെളള പെയിന്റ് ഒഴിച്ചതുപോലെ വെളുത്ത നിറത്തിൽ തിളങ്ങുന്നതായി ഗവേഷകർ കണ്ടെത്താൻ കഴിഞ്ഞു. മരത്തോലുകൾ ഉരച്ചുമാറ്റിയ ഭാഗങ്ങളും സമാനമായ രീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്താണ് അടയാളങ്ങളുടെ പ്രകാശതീവ്രത വർധിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
Special News
കേരളത്തിലെ ജൂത വനിതകളുടെ സംഗീത പാരമ്പര്യം വിളിച്ചോതി കാര്‍കുഴലി പാട്ടുകള്‍. മധ്യകേരളത്തില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന ജൂതപ്പാട്ടുകളുടെ ശേഖരം പരേതനായ പ്രഫ. സ്കറിയ സക്കറിയയാണ് കാര്‍ക്കുഴലി എന്ന പേരില്‍ സമാഹരിച്ചത്.
അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോണ്‍ഫറന്‍സിലാണ് ഗായിക രശ്മി സതീഷ് കാര്‍കുഴലി പാട്ടുകളുടെ സംഗീതാവിഷ്കാരം അവതരിപ്പിച്ചു. സമാഹാരത്തിന്റെ പുസ്തകരൂപം പറവൂര്‍ നഗരസഭാ അധ്യക്ഷന്‍ രമേശ് കുറുപ്പ് ചടങ്ങ് പ്രകാശനം ചെയ്തു.
ബ്രിട്ടനിലെ ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഡോ. ഓഫിറ ഗംലിയേല്‍, മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി. ഷാരോണ്‍, അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോണ്‍ഫറന്‍സ് അക്കാദമിക് കണ്‍സള്‍ട്ടന്റ് പ്രഫ. എം.എച്ച്. ഇല്യാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജൂത സംഗീത പാരമ്പര്യത്തെ കുറിച്ച് ആധികാരിക പഠനം നടത്തിയ ഡോ. ഓഫിറ, ഇതിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പൈസ് റൂട്ട് കോണ്‍ഫറന്‍സിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
കാലത്തെ അതിജീവിച്ച ഈ പാട്ടുകള്‍ സംരക്ഷിക്കുന്നതിനോടൊപ്പം പുതിയ തലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് വി. ഷാരോണ്‍ ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകളായി കേരളത്തിലെ ജൂത സ്ത്രീകള്‍ തലമുറകളിലേക്ക് കൈമാറി സൂക്ഷിച്ചുപോന്ന ഈ വായ്പ്പാട്ടുകള്‍ കൊച്ചിയുടെ സാമൂഹിക ജീവിതത്തെയും പ്രകൃതിയെയും കുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തലുകളാണ്.
കൊച്ചിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം, പരിസ്ഥിതി, പക്ഷിമൃഗാദികള്‍, കൊതുകുകള്‍ തുടങ്ങിയവയെ കുറിച്ച് വരെ അതിസൂക്ഷമമായ വിവരണങ്ങള്‍ ഈ പാട്ടുകളില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഇതിന്റെ സാംസ്കാരിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
Special News
പുതുവർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷകൾ, മനോഭാവം, എഴുത്ത്, രാഷ്ട്രീയം... എഴുത്തുകാരി ഡോണ മയൂര കുറിക്കുന്നു...
വർഷങ്ങൾ വന്നും പോയുമുള്ള ജീവിത തുടർച്ചകളിലേക്ക് ഒരു പുതുവർഷം കൂടി വന്നു ചേരുന്നു. ഇതെഴുതാനിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ പുതുവർഷമെത്തി. ഞാൻ ജനിച്ച രാജ്യമായ ഇന്ത്യയിലും പ്രവാസിയായി ജീവിതം തുടരുന്ന യുഎസ്എയിലും പുതുവർഷമെത്താൻ കാത്തിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ മികവിൽ ഒരിടത്തിരുന്നുകൊണ്ട് ലോകത്തിലെ പലകോണുകളിൽ നടക്കുന്ന ആഘോഷങ്ങൾ സന്തോഷത്തോടെ കാണുകയും അവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്ക് അപ്പപ്പോൾതന്നെ ആശംസകൾ അറിയിക്കുന്നവരുമായി നമ്മൾ മാറി.
ഭൂഖണ്ഡങ്ങൾക്കും ദേശങ്ങൾക്കും തമ്മിലുള്ള രാവിന്റെയും പകലിന്റെയും ടൈം സോണുകളുടെയും വ്യത്യാസത്തെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ തൊട്ട് ഇല്ലാതെയാകുന്ന കാലത്ത് നമ്മളെത്തി. എല്ലാ മേഖലകളിലെയും മാറ്റവും തുടർച്ചകളും ഉയർച്ചകളിലേക്കും കൈയും മനസുമൊരുമിച്ചെത്തിച്ച് തൊട്ടു. അതോടൊപ്പം കൂടിതൽ രാഷ്ട്രീയ ബോധമുള്ളവരും വിശാലമാനവികതയുള്ളവരുമായ മനുഷ്യരുമായി. ഇതിനെ തുരങ്കം വയ്ക്കാൻ വർഗീയതയുടെ വിഷയവുമായി ചിലർ നടപ്പുണ്ടെങ്കിലും അവരെയെല്ലാം അകറ്റിനിർത്താനുള്ള വിവേകമുള്ള മനുഷ്യരാണ് നമ്മൾ.
കാണാൻ കാത്തിരിപ്പ്
പുതുവർഷം പല ഭൂഖണ്ഡങ്ങളിലായി വിവിധ ടൈം സോണുകളിലായിട്ടാണ് വന്നെത്തുന്നത് എങ്കിലും ഇന്നു സിനിമയും സാഹിത്യവും ഒരേ സമയം എല്ലായിടത്തും എത്തുന്നു. വായിക്കാനാഗ്രഹിക്കുന്ന എഴുത്താളുകളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്താൽ ഉടൻതന്നെ വായിക്കാൻ ലഭിക്കുന്നയാനന്ദം. ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന നാളുകളിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുമോർമിപ്പിക്കുന്നു. കൂടുതൽ സഞ്ചാരസ്വാതന്ത്യത്തോടൊപ്പം കൈവന്ന സന്തോഷമാണ് സിനിമകൾ കാണാനായുള്ള യാത്രകളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളും മുതൽ പോപ്പപ്പ് ആർട്ട്ഷോകൾ വരെ കാണാനായുള്ള യാത്രകളും. ഈ വർഷമിറങ്ങുന്ന സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ഈ വർഷം കേരളത്തിൽ നടക്കുന്ന ബിനാലെ, ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ Frida and Diego: The Last Dream പോലുള്ള കലാപ്രദർശനങ്ങളും കാണാനുമായി കാത്തിരിക്കുന്നു.
കൂടുതൽ വായിക്കട്ടെ
സാഹിത്യവും കലയും നാനാമേഖലകളിൽ ഉള്ള മനുഷ്യരെ തമ്മിൽ സ്നേഹത്തോടെ ഒന്നിപ്പിക്കുന്ന ഘടകമാണ്. കേരളത്തിൽ ചെറുഗ്രാമങ്ങളിൽ പോലും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കൊണ്ടാടപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്നു. പുതിയ തലമുറ കൂടുതൽ വായനാശീലമുള്ളവരും കലാസാഹിത്യവാസനയുള്ളവരും ആയി മാറുമ്പോൾ അവർ വിശാലമാനവികതയുള്ളവരായി വളരും. മയക്കുമരുന്നുകൾ പോലുള്ള നശീകരണസ്വഭാവമുള്ള ശീലങ്ങളിൽ പെട്ടുപോവാതിരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ, കലാസാഹിത്യമേഖലയിൽ ഉള്ളവർക്കു ചെയ്യാൻ കഴിയുകയും ചെയ്യും.
വർഗീയതയെ പുറത്താക്കണം
ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പൊതുജനത്തെ വർഗീയതയുടെ വിഷമൂട്ടുന്നവരെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കാൻ വിവേകത്തോടെ ഓരോ വോട്ടും പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുന്നു. പാരസ്പര്യവും സാഹോദ്യര്യവും സ്നേഹവും മറന്നു മനുഷ്യരെ തമ്മിലടിപ്പിക്കാനായി നടക്കുന്നവർക്കു നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താ തിരിക്കുക.
ഈ പുതുവർഷത്തിൽ വിവേകത്തോടെയുള്ള ചിന്തകൾകൊണ്ടും ചുവടുകൾകൊണ്ടും പ്രവൃത്തികൾ കൊണ്ടും സ്നേഹംകൊണ്ടും നല്ലൊരു ലോകം നമുക്കു ചുറ്റും സ്ഥിരമായി നിലനിൽക്കാൻ ഇനിയും എല്ലാവരും പ്രയത്നിക്കുമെന്ന പ്രതീക്ഷയിൽ… ഏവർക്കും പുതുവത്സരാശംസകൾ.
Special News
നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി തിരുവിതാംകൂർ ഭരിച്ച മഹാരാജാക്കന്മാർ നടത്തിയിരുന്ന മുറജപത്തിന്റെ പുണ്യത്തിലാണ് ഇപ്പോൾ അനന്തപുരി.
തിരുവിതാംകൂറിന്റെ രാജഭരണ പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ തുടർച്ച എന്ന പോലെ ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന മുറജപ - ലക്ഷദീപ ചടങ്ങിന് ഇക്കഴിഞ്ഞ നവംബർ 20 നാണ് തുടക്കം കുറിച്ചത്. 56 ദിവസം നീണ്ട് നില്ക്കുന്ന മുറജപത്തിനു ശേഷം 2026 ജനുവരി 14 നു ലക്ഷം ദീപങ്ങളിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ജ്വലിച്ചു നിൽക്കുന്ന ലക്ഷദീപം നടക്കും.
നൂറുകണക്കിന് ഓതിക്കന്മാർ ( വേദപണ്ഡിതരായ നമ്പൂതിരിമാർ ) ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്ന് വേദങ്ങൾ മുറപ്രകാരം പാരായണം ചെയ്യുന്നതാണ് മുറജപം. എട്ട് ദിവസങ്ങൾ വീതം നീളുന്ന ഏഴു മുറകൾ ആയിട്ടാണ് മുറജപം നടക്കുന്നത്. ഓരോ എട്ടാം ദിവസവും മുറശിവേലിയും നടക്കും. വേദപാരായണത്തോടൊപ്പം ക്ഷേത്രത്തിൽ നടക്കുന്ന വിഷ്ണു സഹസ്രനാമ ജപവും ഏറെ പ്രധാനമാണ്.
നാടിന്റെ ശ്രേയസിനും പ്രജകളുടെ ക്ഷേമത്തിനും വേണ്ടിയാണ് വേദമന്ത്രോച്ചാര ണങ്ങൾ എന്ന് വിശ്വാസം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പത്മതീർഥ കുളത്തിലാണ് ജലജപം നടക്കുന്നത്. പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽനിന്നു രാജ്യത്തെ രക്ഷിക്കുവാൻ ആണ് ജലജപം നടത്തുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
അനിഴം തിരുനാൾ മാർത്താണ്ഡവർമ (1706 -1758) മഹാരാജാവ് തുടക്കം കുറിച്ചതാണ് മുറജപം എന്ന് ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർത്താണ്ഡവർമ വലിയൊരു യുദ്ധ തന്ത്രജ്ഞനുമായിരുന്നു.
ആഭ്യന്തര കലഹങ്ങളെ അടിച്ചമർത്തുകയും യുദ്ധത്തിലൂടെ രാജ്യം വികസിപ്പിക്കുകയും ചെയ്ത മഹാരാജാവ് പാപപ്രായശ്ചിത്തമായും മുറജപത്തെ കണ്ടിരുന്നു. ആയിരക്കണക്കിന് ആളുകൾ കൊലചെയ്യപ്പെടുകയും നിരവധി പേർ അനാഥരാവുകയും ചെയ്ത യുദ്ധങ്ങൾക്കുള്ള പാപ പ്രായശ്ചിത്തം... തിരുവിതാംകൂർ രാജ്യം ശ്രീപത്മനാഭനു തൃപ്പടിദാനമായി സമർപ്പിച്ച മാർത്താണ്ഡവർമ മഹാരാജാവിന്റെ മറ്റൊരു സമർപ്പണം ആയും മുറജപത്തെ കണക്കാക്കാം.
വൻ ഒരുക്കങ്ങളോടെയും ആഡംബരത്തോടെയും ആണ് രാജഭരണകാലത്ത് മുറജപം നടന്നിരുന്നത്. മുറജപം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ പൂജയ്ക്കും ഭക്ഷണത്തിനും ആവശ്യമുള്ള പൂക്കളും അരിയും പഴക്കുലകളും മറ്റും വിളയിക്കുവാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു.
ആയിരക്കണക്കിന് നമ്പൂതിരിമാരും പരികർമികളും പങ്കെടുക്കുന്ന ചടങ്ങ് ആയിരുന്നതിനാൽ തന്നെ വൻ സജ്ജീകരണങ്ങളാണ് അവരുടെ താമസം, ഭക്ഷണം തുടങ്ങിയവയ്ക്കായി നാട്ടിൽ ഒരുക്കിയിരുന്നത്. തിരുവനന്തപുരം നഗരം മുഴുവൻ മുറജപക്കാരായ നമ്പൂതിരിമാരെ കൊണ്ടും മന്ത്രോച്ചാരണങ്ങൾ കൊണ്ടും നിറഞ്ഞിരുന്നുവത്രേ!
മുറജപത്തിന് മുൻപ് പത്മതീർഥം ഉൾപ്പെടെ നാടെങ്ങും ഉള്ള കുളങ്ങൾ വൃത്തിയാക്കും. ക്ഷേത്രത്തിനുള്ളിലും പുറത്തും പൂജാമണ്ഡപങ്ങളും പന്തലുകളും കെട്ടിയുയർത്തുകയും ചെയ്തിരുന്നു. ഇത്തരം തയാറെടുപ്പുകൾക്കുള്ള ചുമതല നിർവഹിച്ചിരുന്നത് അന്നത്തെ പാർവതീയാർമാർ ആയിരുന്നു. (ഇന്നത്തെ വില്ലേജ് ഓഫീസർ)
തിരുനാവായി, തൃശൂർ എന്നീ വടക്കൻ പ്രദേശങ്ങളിലെ വാധ്യാന്മാരെ മുറജപത്തിന് മേൽനോട്ടം നൽകുന്നതിനായി ക്ഷണിക്കാൻ പ്രത്യേക കൊട്ടാര ദൂതന്മാരെ അയച്ചിരുന്നതായും രേഖകളിൽ ഉണ്ട്. അഴ്വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹവും വാങ്ങിയിരുന്നു.
Special News
മനുഷ്യൻ തീ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകൾ. ആദ്യകാല മനുഷ്യരെക്കുറിച്ചുള്ള അന്വേഷണങ്ങളിലെ സുപ്രധാന വഴിത്തിരിവായത് ഇംഗ്ലണ്ടിലെ സഫോക്കിലെ ബണ്‍ഹാം എന്ന ഗ്രാമത്തില്‍ നടന്ന ഖനനപ്രവര്‍ത്തനങ്ങളാണ്.
മനുഷ്യ പരിണാമവഴികളിലെ സുപ്രധാനഘട്ടമായിരുന്നു തീ ഉപയോഗിക്കാനും നിയന്ത്രിക്കാനുമുള്ള കണ്ടെത്തല്‍. ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം, നമ്മള് വിശ്വസിച്ചിരുന്നതിനേക്കാള്‍ വളരെ മുമ്പുതന്നെ, ഏകദേശം 400,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിമ മനുഷ്യര്‍ തീ ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു.
മനുഷ്യന് തീ ഉണ്ടാക്കുന്നത് എപ്പോള്‍ ആരംഭിച്ചു എന്നതിനെക്കുറിച്ചുള്ള ദീര്‍ഘകാല അനുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ഇതുവരെ കണ്ടെത്തിയതില്‍നിന്ന്, മനുഷ്യര്‍ തീ ഉണ്ടാക്കിയതിന്റെ വ്യക്തമായ തെളിവ് ഏകദേശം 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഫ്രാന്‍സില്‍നിന്നാണ് ലഭിച്ചത്.
പത്തു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ പ്രകൃതിദത്ത തീ ഉപയോഗിച്ചിരുന്നതായി അറിയപ്പെട്ടിരുന്നെങ്കിലും, അവര്‍ക്ക് സ്വയം തീ കത്തിക്കാന്‍ കഴിയുമെന്നതിന് തെളിവുകള്‍ കുറവായിരുന്നു. പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഈ വൈദഗ്ധ്യം വളരെ നേരത്തെ തന്നെ വികസിച്ചു എന്നാണ്.
കരിഞ്ഞുപോയ മണ്ണ്, തീപ്പൊള്ളലേറ്റ കല്ലുപകരണങ്ങള്‍, ഇരുമ്പടങ്ങിയ ലോഹശില (കല്ലുകൊണ്ട് അടിക്കുമ്പോള്‍ തീപ്പൊരി ഉണ്ടാകുന്ന ധാതു) എന്നിവ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ലോഹശില ഈ പ്രദേശത്ത് സ്വാഭാവികമായി കാണപ്പെടുന്നതല്ല.
ഇതു സൂചിപ്പിക്കുന്നത് നിരവധി കിലോമീറ്റര്‍ അകലെയുള്ള തീരപ്രദേശങ്ങളില്‍നിന്നു കൊണ്ടുവന്നതാണെന്നും തീ കത്തിക്കാനുള്ള ഉപകരണമായി ഉപയോഗിച്ചിരിക്കാമെന്നുമാണ്.
കളിമണ്ണിന്റെ ചില ഭാഗങ്ങള്‍ 700 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയില്‍ ആവര്‍ത്തിച്ച് ചൂടാക്കിയിട്ടുണ്ടെന്ന് ജിയോകെമിക്കല്‍ പരിശോധനകള്‍ കാണിച്ചു. ഇതു സൂചിപ്പിക്കുന്നത്, ഇവിടെ ക്യാമ്പ് ഫയര്‍ അല്ലെങ്കില്‍ അടുപ്പ് പതിവായി ഉപയോഗിച്ചിരിക്കാമെന്നാണ്.
ആദ്യകാല നിയാണ്ടര്ത്തലുകളാണ് തീ ഉപയോഗിച്ചിരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഹോമോ സാപ്പിയന്‍സ് ആഫ്രിക്ക വിട്ടുപോയി വളരെ കഴിഞ്ഞ്, ഏകദേശം 100,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണെന്ന് കരുതപ്പെടുന്നു.
ബ്രിട്ടനില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള ഫോസില്‍ തെളിവുകള്‍ അക്കാലത്ത് ആദ്യകാല നിയാണ്ടര്‍ത്തലുകള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്ന അനുമാനത്തെ പിന്തുണയ്ക്കുന്നു.
മനുഷ്യപരിണാമത്തെ മനസിലാക്കുന്നതില്‍ ഈ കണ്ടെത്തലിനു വലിയ സ്വാധീനമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തീയുടെ നിയന്ത്രണം ചൂട്, വെളിച്ചം, വേട്ടക്കാരില്‍ നിന്നുള്ള സംരക്ഷണം, ഭക്ഷണം പാകം ചെയ്യാനുള്ള കഴിവ് എന്നിവ ഇവര്‍ക്ക് അറിയമായിരുന്നു.
ഈ ഗുണങ്ങള്‍ തലച്ചോറിന്റെ വികസനം, സാമൂഹികബന്ധം, വടക്കന്‍ യൂറോപ്പ് പോലുള്ള തണുത്ത കാലാവസ്ഥകളില്‍ അതിജീവനം എന്നിവയെ സഹായിച്ചിരിക്കാം.
Special News
ദൈവം ഭൂമിയെ സ്പർശിച്ച ആ ആർദ്രമായ നിമിഷത്തിൽ, ലോകം ദൈവത്തിന്റെ സ്വന്തമായി! ക്രിസ്മസ് ജനനത്തെക്കുറിച്ചുള്ള കഥ മാത്രമല്ല; എല്ലാം മാറ്റിമറിച്ച സ്പർശനത്തിന്റെ സമയം കൂടിയാണ്.
സ്നേഹസ്പർശനത്തിന് മറ്റൊന്നിനെ പൂർണമായും സ്വന്തമാക്കാൻ കഴിയും എന്നതിന്റെ ഉദാത്തമായ തെളിവാണ് ക്രിസ്മസ്. ദൈവം ഭൂമിയിലേക്ക് തന്റെ കരങ്ങൾ നീട്ടിയപ്പോൾ, അവിടുന്ന് ഒരു സന്ദേശം അയയ്ക്കുക മാത്രമല്ല ചെയ്തത് - അവൻ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി, മിശിഹാ സ്വർഗം ഭൂമിയിലേക്ക് കൊണ്ടുവന്നു, ദൈവത്തിന്റെ സ്നേഹം മനുഷ്യശരീരത്തിൽ പൊതിഞ്ഞു. അങ്ങനെ നൽകലും വിട്ടുകൊടുക്കലും ഒന്നുചേർന്നപ്പോൾ സ്നേഹം ഭൂമിയിൽ ജനനമെടുത്തു. അതുവഴി ദൈവത്തിന്റെ സ്പർശനം ഭൂമിയെ പുൽകി.
ലോകത്തിനുവേണ്ടി ചെറുതാകാൻ അവിടുന്ന് കാണിച്ച സ്നേഹത്തെ അനുസ്മരിക്കുന്ന ഈ ദിനങ്ങളിൽ നമ്മുടെ അഹംഭാവങ്ങൾ ഇല്ലാതാക്കിക്കൊണ്ട് മറ്റുള്ളവർക്കായി സ്വയം ചെറുതാകാൻ നമുക്ക് പഠിക്കാം. നാം പങ്കിടുന്ന സ്നേഹത്തിൽനിന്നും മറ്റുള്ളവർക്കായി തുറക്കപ്പെടുന്ന നമ്മുടെ ഹൃദയങ്ങളിൽനിന്നും ശാന്തിയും സമാധാനവും ലോകത്തിൽ നിറയട്ടെ. അതുവഴി സ്വർഗത്തിന്റെ സ്പർശം വീണ്ടും ഭൂമിയിൽ പുനർജ്ജനിക്കട്ടെ.
“ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു”(വെളിപാട് 21:05). അവിടുന്ന് സകലതും നവീകരിക്കുകയും അവിടുത്തേക്ക് യോഗ്യമാക്കുകയും ചെയ്യുന്നു. ക്രിസ്മസ് ഒന്നിന്റെയും അവസാനമല്ല; ഒരു പുതിയ തുടക്കമാണ്. അതുകൊണ്ട് മിശിഹായുടെ തിരുപ്പിറവി നാം ആഘോഷിക്കുമ്പോൾ സ്നേഹംകൊണ്ട് ഭൂമിയെ സ്പർശിച്ച ദൈവം വാഗ്ദാനം ചെയ്ത ഒരു നവീകരണത്തിനായി നമ്മുടെ ഹൃദയം തുറക്കാം.നമുക്ക് അവിടുത്തെ ദയ പ്രതിഫലിപ്പിക്കാം, അവിടുത്തെ സന്തോഷം പങ്കിടാം, അവിടുത്തെ സ്നേഹസ്പർശനം ലോകത്തിനു വീണ്ടും നമുക്ക് നൽകാം. ഏവർക്കും മിശിഹായുടെ തിരുപ്പിറവിയുടെ മംഗളങ്ങൾ നേരുന്നു.
Special News
ക്രിസ്മസ് സന്തോഷത്തിന്റെയും, സ്നേഹത്തിന്റെയും അതേസമയം ദുർബലതയുടെയും സമയമാണ്. നിസഹായനായ ശിശുവായി, ഏറ്റവും ദുർബലമായ രീതിയിൽ നമ്മുടെ ലോകത്തിലേക്ക് പ്രവേശിക്കാൻ തെരഞ്ഞെടുത്ത മിശിഹായെ നാം ആഘോഷിക്കുന്ന സമയമാണിത്. എന്നാൽ ഈ ദുർബലത ബലഹീനതയല്ല; അത് എല്ലാറ്റിലുമുപരിയായ വലിയ ശക്തിയാണ്.
ഏശയ്യാ 53:3 നമ്മോട് പറയുന്നു, “അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു.’’ മിശിഹായെക്കുറിച്ചുള്ള ഈ പ്രവചനത്തിന്റെ ആരംഭമാണ് ക്രിസ്മസ്. അവിടന്ന് ദുഃഖങ്ങളുടെ മനുഷ്യനും കഷ്ടപ്പാടുകൾ പരിചയമുള്ളവനുമാണ്. ദൈവപുത്രൻ നമ്മുടെ മുറിവുകളും വേദനകളും കഷ്ടപ്പാടുകളും ഏറ്റെടുക്കാൻ തീരുമാനിച്ചു. അവൻ മനുഷ്യരുടെ മുറിവുകൾ സുഖപ്പെടുത്തുക മാത്രമല്ല ചെയ്തത്; അവൻ അവരുമായി ഒന്നായി.
ഈ ക്രിസ്മസിൽ, നമ്മുടെ മുറിവുകൾ ഏറ്റെടുക്കുന്ന ദൈവത്തെക്കുറിച്ച് നമുക്കു ചിന്തിക്കാം. അവൻ നമ്മെ സുഖപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്; അവിടന്ന് നമ്മുടെ തകർച്ചയിലേക്കും നമ്മുടെ പോരാട്ടങ്ങളിലേക്കും നമ്മുടെ വേദനയിലേക്കും പ്രവേശിക്കുന്നു. അവൻ നമ്മുടെ ഇരുട്ടിലേക്ക് വെളിച്ചവും നമ്മുടെ നിരാശയിലേക്ക് പ്രത്യാശയും നമ്മുടെ മുറിവുകൾക്ക് സൗഖ്യവും നൽകുന്നു.
ക്രിസ്മസ് ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ സ്നേഹം വിദൂരവും വേർപിരിഞ്ഞതുമായ സ്നേഹമല്ലെന്ന് ഓർമിക്കാം. നമ്മുടെ മുറിവുകളെ തെരഞ്ഞെടുക്കുന്ന, നമ്മുടെ വേദനയിലേക്ക് പ്രവേശിക്കുന്ന, രോഗശാന്തിയും വിമോചനവും നൽകുന്ന ഒരു സ്നേഹമാണിത്.
ഈ ക്രിസ്മസ് നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും രോഗശാന്തിയുടെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമയമാകട്ടെ!
Special News
ഉണ്ണിയേശുവിന് ഹല്ലേലൂയ്യ പാടിയെത്തുന്ന കരോൾ സംഘങ്ങൾക്ക് താളമേളമേകാൻ അനിയൻ റെഡി. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ താളാത്മകമായ ഗാനങ്ങളുമായി ഭവനങ്ങളിലെത്തുന്ന കരോൾ സംഘങ്ങൾക്ക് അനിയനെ മാറ്റിനിർത്താൻ കഴിയില്ല.
ക്രിസ്മസ് രാവിന്റെ കുളിർമയെ സംഗീതസാന്ദ്രമാക്കുന്നത് അനിയന്റെ ജീവിത താളം കൂടി ചേർത്താണ്. ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമാക്കി ആഹ്ലാദത്തിമിർപ്പിൽ നാടും വീടും ഒരുങ്ങുമ്പോൾ രാവിന് സംഗീതം പൊഴിച്ചെത്തുന്ന കരോൾ സംഘങ്ങളുടെ താളമേള കൊഴുപ്പിന്റെ സംഗീത ഉപകരണങ്ങളിൽ പരുമല ചന്ദപുരയിടത്തിൽ സെബാസ്റ്റ്യൻ എന്ന അനിയന്റെ (69) താളമുദ്ര പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നാലര പതിറ്റാണ്ടായി ഡ്രം, സൈഡ്രം തുടങ്ങി കരോളിന് ആവശ്യമയ എല്ലാ സംഗീത ഉപകരണങ്ങളും റിപ്പയറിംഗും വിൽപ്പനയുമായി കരോൾ സംഘങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അനിയൻ ചേട്ടൻ.
ആഘോഷവേളകളിൽ പള്ളികൾ, ക്ലബ്ബുകൾ, ക്രിസ്മസ് കരോൾ സംഘങ്ങൾ എന്നിവർക്ക് ഡ്രമ്മുകൾ വിലയ്ക്കും വാടകയ്ക്കും വാങ്ങുന്നതിനും പഴയവ അറ്റകുറ്റപ്പണികൾ നടത്തിയെടുക്കുന്നതിനും അനിയന്റെ മാന്നാർ പരുമലക്കടവിലാണ് ഇത്തരം സംഘങ്ങൾ എത്തുന്നത്.
അനിയൻ ഡ്രം സെറ്റുകളുടെ വിൽപ്പനയും അറ്റകുറ്റപ്പണിയുമായിട്ടാണ് ജീവിതത്തിന്റെ താളങ്ങൾ ചിട്ടപ്പെടുത്തുന്നത്. പരുമല പള്ളിയുടെ സമീപത്തുള്ള അനിയന്റെ കടയിലും ഇത്തരം സാധനങ്ങൾക്കായി ആവശ്യക്കാർ എത്തും.
നക്ഷത്രവിളക്കുകൾ, അലങ്കാര വിളക്കുകൾ, സമ്മാന വസ്തുക്കൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്. ഇവ കൂടാതെ മറ്റു സംഗീത ഉപകരണങ്ങളായ ഗിത്താർ, തബല, ബാന്റ് സംഘങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവയ്ക്കും ആവശ്യക്കാർ അനിയൻ ചേട്ടന്റെ കട തേടിയാണ് എത്തുന്നത്.
തലമുറ വ്യത്യാസമില്ലാതെ ക്രിസ്മസ് കാലത്ത് അനിയൻ ചേട്ടനെ അന്വേഷിച്ച് ഇത്തരം സംഘങ്ങൾ എത്തും. ഡ്രമ്മുകളുടെ തല അഥവാ തുകൽ മാറ്റിവയ്ക്കലാണ് ഈ സീസണിലെ പ്രധാന ജോലി. കേടുപാടുകൾ വന്നതും ദ്രവിച്ചതുമായ തുകൽ മാറ്റി നല്ല നിലവാരമുള്ള പുതിയവ പിടിപ്പിച്ച് നൽകും.
ഉത്തരപ്രദേശിലെ മീററ്റിൽനിന്നു സ്പെയർ ഭാഗങ്ങൾ എത്തിച്ചാണ് ഡ്രമ്മുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. കരോൾ ദിനങ്ങൾ എത്തുമ്പോഴേക്കും വിവിധ ജില്ലകളിൽനിന്നുള്ള വർ മാന്നാറിലെ ഈ കട തേടിയെത്താറുണ്ട്.
Special News
ഒരു കുടുംബമായി ഒരുമിച്ച് ജീവിക്കുക എന്നത് ഒരു വിലയേറിയ സമ്മാനമാണ്. വീണ്ടും ബന്ധപ്പെടാനും ചിരി പങ്കിടാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള അവസരമാണ് ക്രിസ്മസ്.
പുൽത്തൊട്ടിക്കു ചുറ്റുമുള്ള വിശുദ്ധകുടുംബത്തിന്റെ ഒത്തുചേരൽ ഇന്നത്തെ ലോകത്തിനു നൽകുന്നത് ചില ശക്തമായ ഓർമപ്പെടുത്തലാണ്. അവരുടെ ലാളിത്യം, ഐക്യം, സമാധാനം എന്നിവ നമ്മുടെ കുടുംബങ്ങളിലും ഉണ്ടാക്കിയെടുക്കേണ്ടതാണെന്ന ഓർമപ്പെടുത്തൽ. അതുതന്നെയാണ് ഈ ക്രിസ്മസ് കാലത്തിന്റെ ഹൃദയഭാഗം. കുടുംബങ്ങളെ ഒരുമയിലേക്ക് മടങ്ങാൻ ഈ കാലം ക്ഷണിക്കുന്നു.
തിരുക്കുടുംബത്തിന്റെ ഐക്യവും സ്നേഹവും നമുക്ക് മനോഹരമായ മാതൃകയാണ്. മറിയവും ജോസഫും ഉണ്ണിയേശുവും ദയ, കാരുണ്യം, ഒരുമ എന്നിവയുടെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നു. ഈ മാതൃക അനുകരിക്കുന്നതിലൂടെ, നമുക്ക് സ്നേഹവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ആഘോഷം സൃഷ്ടിക്കാൻ കഴിയും.
മിശിഹായുടെ ജനനം ലോകം മുഴുവൻ എക്കാലവും ഓർമിക്കപ്പെടുന്നു. അതുപോലെതന്നെ നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകൾ സൃഷ്ടിക്കുന്നതിനുള്ള സമയമായി നാം ക്രിസ്മസിനെ കാണണം. കുടുംബങ്ങൾക്കു വീണ്ടും ഒന്നിക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും വിലപ്പെട്ട അവസരം ലഭിക്കുന്നു. ഇന്നത്തെ വേഗമേറിയ ലോകത്ത്, തിരക്കിൽ അകപ്പെടുന്നത് എളുപ്പമാണ്, പക്ഷേ ക്രിസ്മസ് നമ്മെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ക്ഷണിക്കുന്നു.
ഈ കാലഘട്ടത്തിൽ, നമുക്ക് കുടുംബത്തിന് മുൻഗണന നൽകാം, ക്രിസ്മസ്പോലെതന്നെ എക്കാലവും നിലനിൽക്കുന്ന ഓർമകൾ നമുക്ക് സൃഷ്ടിക്കാം. അതുവഴി ഈ കാലഘട്ടത്തെ വീണ്ടും ഒന്നിക്കാനും ക്ഷമിക്കാനും സുഖപ്പെടുത്താനുമുള്ള ഒരു സമയമാക്കി മാറ്റാം. തിരുക്കുടുംബം ഒന്നിച്ചതുപോലെ, നമ്മുടെ പ്രിയപ്പെട്ടവരുമായി കുടുംബത്തിൽ വീണ്ടും ഒന്നിച്ച് ക്രിസ്മസിന്റെ യഥാർഥ ചൈതന്യം അനുഭവിക്കാം.
സ്നേഹത്തിന്റെ ഈ ക്രിസ്മസ്കാലത്തിൽ, നമ്മുടെ വീടുകൾ ഊഷ്മളതയും ചിരിയും ഒരുമിച്ചിരിക്കുന്നതിന്റെ സന്തോഷവും കൊണ്ട് നിറയട്ടെ. അതുവഴി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകൾ നമുക്ക് സൃഷ്ടിക്കാം.
Special News
പ്രവാസികളുടെ മനസുതൊടുന്ന രീതിയിൽ ഹൃദയസ്പർശിയായ ഒരു കഥ ഉൾക്കൊള്ളിച്ച് പുറത്തിറങ്ങിയ ക്രിസ്മസ് ആൽബം വ്യത്യസ്തകൊണ്ട് ശ്രദ്ധേയമാകുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയും പ്രവാസിയുമായ കെ.ആർ. അനിൽകുമാർ രചനയും സംഗീതവും നിർമാണവും നിർവഹിച്ച ക്രിസ്മസ് പൊൻതാരകം എന്ന ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ജോഷി വർഗീസ് കലാഭവൻ ആണ് പാടി അഭിനയിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിനൊപ്പം മറ്റു ചില താരങ്ങളും ആൽബത്തിൽ വേഷമിടുന്നു. ക്രിസ്മസ് സമ്മാനവുമായി വിദേശത്തുനിന്ന് എത്തുന്ന പിതാവിനെ കാത്തിരിക്കുന്ന കുട്ടിയുടെ പശ്ചാത്തലത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ഒരു സർപ്രൈസ് എൻട്രിയുമായാണ് ഈ സംഗീതോപഹാരം അവസാനിക്കുന്നത്. കെ.പി. പ്രസാദ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. കാമറ, എഡിറ്റിംഗ്: ജയകൃഷ്ണൻ റെഡ് മൂവീസ്.
അനിൽ ഫോട്ടോസ് ആൻഡ് മ്യൂസികിന്റെ ബാനറിൽ പുറത്തിറങ്ങിയ ആൽബത്തിൽ പുതുതാരം ജാൻകി പ്രമോദിനെയും പരിചയപ്പെടുത്തുന്നു. ജോഷിക്ക് ഒപ്പം ഗീതു ചന്ദ്രദേവും പ്രധാന വേഷത്തിലുണ്ട്. മാത്യുകുട്ടി സൈറസ് ഒപ്പം പാടിയിയിട്ടുണ്ട്. ആർട്ട്, മേക്കപ്പ്: അജിത് പുതുപ്പള്ളി, കാമറ അസോ.: പ്രതീഷ് നട്ടാശേരി. അസോ. ഡയറക്ടർ: കെ.എസ്. സോമശേഖരൻ നായർ. ഐറിഷ് മലയാളിയായ കെ.ആർ.അനിൽകുമാറിന്റെ ഒൻപതാമത്തെ ആൽബമാണ് ക്രിസ്മസ് പൊൻതാരകം.
യു ട്യൂബിൽ കാണാം:
Special News
ജ്ഞാനികൾ മിശിഹായെ കാണാൻ ചെന്നപ്പോൾ നൽകിയ സമ്മാനങ്ങൾ പൊന്ന്, മീറാ, കുന്തിരിക്കം എന്നിവയാണല്ലോ. നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ക്രിസ്മസിനോട് ചേർന്ന് നിൽക്കുന്ന ഈ സമ്മാനങ്ങൾക്ക് ഭാവമാറ്റം നടത്തുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ തിരുപ്പിറവിയുടെ അന്തസത്തയോട് ചേർന്നുനിന്നുകൊണ്ട് നമുക്ക് മിശിഹായ്ക്ക് നൽകാൻ സാധിക്കുന്ന, നമ്മുടെ ജീവിതത്തോട് ചേർത്തുവയ്ക്കാവുന്ന മൂന്ന് സമ്മാനങ്ങളാണ് ദയ, ആതിഥ്യം, അനുകമ്പ എന്നീ ഗുണങ്ങൾ.
സമൂഹ ജീവിയായിരുന്ന മനുഷ്യൻ കുടുംബങ്ങളിലേക്ക് മാത്രമായി ഒതുങ്ങിപ്പോയ ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനും അപ്പുറത്തായി വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു. നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർപോലും നമുക്കിന്ന് അപരിചിതരാണ്. അവിടെയാണ് ജ്ഞാനികൾ നൽകിയ പൊന്നിന്റെയും മീറയുടെയും കുന്തിരിക്കത്തിന്റെയും പ്രസക്തി. മിശിഹായുടെ രാജത്വ- ദൈവത്വ/ പ്രവാചക- മനുഷ്യാവതാരങ്ങളെ ഇവ സൂചിപ്പിക്കുന്നു. ഈ മൂന്നു സൂചകങ്ങളോട് ചേർത്തു വയ്ക്കപ്പെടേണ്ട ഗുണങ്ങളാണ് ദയ, ആതിഥ്യം, അനുകമ്പ എന്നത്.
രാജാവിന് ദയ, ആരെയും സ്വീകരിക്കാനുള്ള കഴിവ് ദൈവത്തിന്, മറ്റുള്ളവരോടുള്ള അനുകമ്പ മനുഷ്യന്- ഈ മൂന്നു കാര്യങ്ങളെയും നമുക്ക് ഇങ്ങനെയും കൂട്ടിച്ചേർക്കാം. മിശിഹായിൽ നാം ഒന്നായിരിക്കുന്നതിനാൽ ഈ മൂന്നു കാര്യങ്ങളും നമ്മുടെ ജീവിതത്തിലും ഉണ്ടാകേണ്ടതുണ്ട്.
ദയയും ആരെയും സ്വീകരിക്കാനുള്ള മനസും അനുകമ്പയും നമ്മുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുമ്പോഴാണ് ക്രിസ്മസ് അതിന്റെ എല്ലാ അർഥത്തിലും പൂർണമാകുന്നത്. അതുകൊണ്ട് നൂറ്റാണ്ടുകൾക്കിപ്പുറം ഈ മൂന്നു ഗുണങ്ങളും കൂട്ടിച്ചേർക്കപ്പെടുമ്പോൾ മിശിഹായുടെ ജനനത്തിന്റെ മാറ്റ് ഇരട്ടിയാകുന്നു.
Special News
ഏറ്റവും ഇരുണ്ട കാലത്തായിരുന്നു ബെത്ലഹേമിൽ ഒരു കുഞ്ഞ് ജനിച്ചത് - ലോകത്തിന്റെ വെളിച്ചമായ മിശിഹാ. ഈ തിരുപ്പിറവി ഒരു ശുഭാപ്തിവിശ്വാസത്തിന്റെ കഥയല്ല നമുക്ക് തരേണ്ടത്. മറിച്ച്, എത്ര വലിയ പ്രതിസന്ധികളിലും പ്രത്യാശ നഷ്ടപ്പെടുന്നില്ല എന്നതിന്റെ ഒരു പ്രഖ്യാപനമാണിത്. സ്നേഹവും സമാധാനവും മനുഷ്യനായി പിറന്നുകൊണ്ട് ലോകത്തിന്റെ തകർച്ചയിലേക്ക് കാലെടുത്തുവയ്ക്കുന്നു. അതുകൊണ്ടുതന്നെ മിശിഹായുടെ ജനനം സൂചിപ്പിക്കുന്നത് ഏതു സാഹചര്യത്തേക്കാളും വലുതാണ് ദൈവത്തിന്റെ സ്നേഹം എന്നതാണ്.
സർവശക്തൻ നമ്മെ സ്നേഹിക്കുന്നു എന്നതാണ് ക്രിസ്മസ് നമുക്ക് നൽകേണ്ട ബോധ്യം. സംശയങ്ങളുടെ നിശബ്ദതയിൽ അവിടുന്നു സ്നേഹം സംസാരിക്കുന്നു. പ്രതിസന്ധികളിൽ അവിടുന്ന് സൗന്ദര്യം കാണുന്നു. നമ്മുടെ പരാജയങ്ങളിൽ അവിടുന്ന് മൂല്യം കാണുന്നു. ക്രിസ്മസിന്റെ ഹൃദയമിടിപ്പ് ഇതാണ്; ദൈവം തന്റെ കരങ്ങൾ വിശാലമാക്കിക്കൊണ്ട് അവിടുന്ന് നമ്മെ പിന്തുടരുന്നു എന്നതാണ്.
“എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ” (യോഹന്നാൻ 3:16). ഇത് വെറുമൊരു ബൈബിൾ വാക്യമായല്ല നാം കാണേണ്ടത്. നമുക്കായി ദൈവം നൽകിയ ഒരു love letter ആയിട്ടാണ്. അവിടുത്തെ സ്നേഹം വാക്കുകളുടെ രൂപത്തിൽ പറഞ്ഞത് ഇപ്രകാരവും പ്രവൃത്തിയുടെ രൂപത്തിൽ വെളിപ്പെടുത്തിയത് മിശിഹായുടെ ജനനത്തിലൂടെയുമാണ്.
നക്ഷത്രങ്ങളെ സൃഷ്ടിക്കുന്ന ദൈവം നമ്മെ പ്രിയപ്പെട്ടവർ എന്ന് വിളിക്കുന്നു. നമ്മുടെ പോരാട്ടങ്ങൾ, നമ്മുടെ ഭയങ്ങൾ, സ്വപ്നങ്ങൾ എന്നിവയെല്ലാം അവിടുത്തേയ്ക്കറിയാം. അതുകൊണ്ട് സ്നേഹംതന്നെ വാക്കും പ്രവൃത്തിയുമായി മാറിയ ഒരേയൊരു ഉദാഹരണമാണ് മിശിഹായുടെ ജനനം. ഈ ക്രിസ്മസിൽ നാം നമ്മുടെ പിതാവായ ദൈവത്താൽ മിശിഹായിലൂടെ ആഴത്തിൽ സ്നേഹിക്കപ്പെടുന്നു എന്ന സത്യം നമ്മുടെ ഉള്ളിൽ ആഴ്ന്നിറങ്ങട്ടെ. അത് നമ്മുടെ ഭയങ്ങളെ ഇല്ലാതാക്കി ധൈര്യത്തിന് ഇന്ധനമാക്കാൻ ഇടയാകട്ടെ. ദൈവത്തിന്റെ സ്നേഹം അവനുള്ള ഒന്നല്ല, മറിച്ച് അവൻ അതാണ് എന്നതാണ്. അതുകൊണ്ടുതന്നെ മിശിഹാ നമ്മുടെ ജീവിതത്തെ സ്നേഹത്താൽ നിറയ്ക്കട്ടെ. അത് ലോകത്തിലെ വേദനിക്കുന്നവരിലേയ്ക്കും ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടവരിലേയ്ക്കും തന്നെത്തന്നെ തിരയുന്നവരിലേയ്ക്കും വ്യാപിക്കട്ടെ.
ഇത് സമ്മാനങ്ങൾ നൽകുന്നതിന്റെ മാത്രം സീസണല്ല; ഏറ്റവും വലിയ സമ്മാനം സ്വീകരിക്കുന്നതിന്റെ സീസൺ കൂടിയാണ്: നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം സ്വീകരിക്കുന്നതിന്റെ മഹോന്നതമായ കാലം.
Special News
സാധാരണയായി സംഭവങ്ങൾ നടന്നതിനു ശേഷം മാത്രം എഴുതപ്പെടുന്ന ഒന്നാണ് ചരിത്രം. എന്നാൽ, സംഭവങ്ങൾ നടക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപേ അതു കൃത്യമായി എഴുതിവയ്ക്കപ്പെട്ടാലോ? ബെത്ലഹേമിലെ പുൽക്കൂട് ചരിത്രത്തിലെ വെറുമൊരു സാധാരണ സംഭവമാണെന്ന് കരുതുന്നവർക്കു മുന്നിൽ ഗണിതശാസ്ത്രം ചില അസ്വസ്ഥമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതൊരു സ്വാഭാവിക ജനനമായിരുന്നില്ലെന്നും പ്രകൃതിനിയമങ്ങൾക്ക് അപ്പുറമുള്ള, അമാനുഷികമായ ഒരു ഇടപെടലായിരുന്നു അതെന്നുമാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. വിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രമല്ല, യുക്തിയുടെയും കണ്ണിലൂടെ നോക്കിയാൽ തെളിയുന്ന ആ ചിത്രം ആരെയും അമ്പരപ്പിക്കും.
കണക്കുകളുടെ ഭൂതക്കണ്ണാടി
വിശ്വാസത്തിന്റെ കണ്ണട മാറ്റിവച്ച്, യുക്തിയുടെയും കണക്കുകളുടെയും ഭൂതക്കണ്ണാടിയിലൂടെ ഈ സംഭവത്തെ നോക്കിക്കാണാൻ നിങ്ങൾ തയാറാണോ? എങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റാന്വേഷണത്തിനു തുല്യമായ ഒരു യാത്രയാണിത്. ഇവിടെ നമ്മളെ സഹായിക്കാൻ വികാരങ്ങളില്ലാത്ത, കൃത്യതയുള്ള ഒരു സാക്ഷിയുണ്ട്; ഗണിതശാസ്ത്രത്തിലെ സംഭാവ്യതാ സിദ്ധാന്തം അഥവാ സയൻസ് ഓഫ് പ്രോബബിലിറ്റി. ചരിത്രത്തിന്റെ വിചാരണക്കൂട്ടിൽ ക്രിസ്മസിനെ നിർത്തി വിസ്തരിക്കാൻ ഇതിലും മികച്ച മറ്റൊരു ആയുധമില്ല.
എന്താണ് ഈ സംഭാവ്യതാ സിദ്ധാന്തം എന്നു ലളിതമായി മനസ്സിലാക്കിയാൽ മാത്രമേ ക്രിസ്മസ് എന്ന സംഭവത്തിനു പിന്നിലെ ദൈവിക ഇടപെടലിന്റെ വ്യാപ്തി നമുക്കു ബോധ്യപ്പെടുകയുള്ളൂ. ആകസ്മികതയും ആസൂത്രണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ഗണിതശാസ്ത്രപരമായ വഴിയാണിത്. ഉദാഹരണത്തിന്, നിങ്ങൾ ഒരു നാണയം ടോസ് ചെയ്യുന്നു എന്നു കരുതുക. അത് ഹെഡ് വീഴാനുള്ള സാധ്യത രണ്ടിലൊന്നാണ്. എന്നാൽ, തുടർച്ചയായി പത്തു തവണ ടോസ് ചെയ്യുമ്പോഴും ഹെഡ് തന്നെ വീഴണമെങ്കിൽ അതിന്റെ സാധ്യത ആയിരത്തിൽ ഒന്നു മാത്രമായി ചുരുങ്ങുന്നു. ഇനി, നൂറു തവണ തുടർച്ചയായി ഹെഡ് വീഴണമെങ്കിലോ? അതു ഗണിതശാസ്ത്രപരമായി അസാധ്യമായ ഒരു കാര്യമായി മാറുന്നു.
ഇനി മറ്റൊരു ഉദാഹരണം നോക്കാം. കടൽത്തീരത്തെ മണൽത്തരികളെക്കുറിച്ച് ഒന്നു ചിന്തിക്കുക. തിരമാലകൾ അടിച്ചുകയറുമ്പോൾ അവിടെ കിടക്കുന്ന കല്ലുകൾ യാദൃശ്ചികമായി പല രൂപത്തിൽ കിടന്നേക്കാം. എന്നാൽ, ആ കല്ലുകൾ കൃത്യമായ അടുക്കിൽ ക്രമീകരിക്കപ്പെട്ട് 'സ്വാഗതം' എന്നോ 'തിരമാലകൾ പാടുന്നു' എന്നോ ഉള്ള അർഥപൂർണമായ ഒരു വാചകമായി മാറാൻ സാധ്യതയുണ്ടോ? കോടിക്കണക്കിനു വർഷങ്ങൾ തിരയടിച്ചാലും അതു സംഭവിക്കില്ലെന്നു നമുക്കറിയാം. അത്തരം ഒരു വാചകം കണ്ടാൽ ഉറപ്പിക്കാം, അതു തിരമാലകൾ ഉണ്ടാക്കിയതല്ല, അതിനു പിന്നിൽ ബുദ്ധിയുള്ള ഒരാളുടെ കൈകളുണ്ടെന്ന്. അർഥപൂർണമായ വിവരങ്ങൾ ഒരിക്കലും യാദൃശ്ചികമായി ഉണ്ടാവില്ല എന്ന ഈ തത്വം ക്രിസ്തുവിന്റെ ജനനത്തിലേക്കു പ്രയോഗിക്കുമ്പോൾ ലഭിക്കുന്ന ഉത്തരം അദ്ഭുതകരമാണ്.
തെറ്റുമെന്നു തോന്നിയ പ്രവചനം
ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള പഴയനിയമ ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ, വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് കൃത്യമായ മുന്നൂറിലധികം പ്രവചനങ്ങൾ നമുക്കു കാണാൻ സാധിക്കും. ഇവ ഓരോന്നും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. ഒരൊറ്റ വ്യക്തിയിലേക്കു വിരൽ ചൂണ്ടുന്ന കൃത്യമായ വിവരങ്ങൾ ആയിരുന്നു. ഇവയിൽ പലതും ആ വ്യക്തിക്കു സ്വന്തമായി നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒരാൾക്ക് തന്റെ പൂർവികർ ആരായിരിക്കണമെന്നോ താൻ എവിടെ ജനിക്കണമെന്നോ തീരുമാനിക്കാൻ കഴിയില്ല.
എന്നാൽ, ബി.സി. 700-ൽ മീഖാ പ്രവാചകൻ എഴുതിവച്ചു; ഇസ്രായേലിലെ ഗോത്രങ്ങളിൽ വച്ച് ഏറ്റവും ചെറിയതായ ബെത്ലഹേമിലായിരിക്കും രക്ഷകൻ ജനിക്കുക എന്ന്. ഉൽപ്പത്തി പുസ്തകത്തിൽ അവൻ യൂദാ ഗോത്രത്തിൽ നിന്നുള്ളവനായിരിക്കുമെന്നും ഏശയ്യാ പ്രവാചകൻ അവൻ ദാവീദിന്റെ സിംഹാസനത്തിൽ അവകാശിയായിരിക്കുമെന്നും രേഖപ്പെടുത്തി. എന്നാൽ, നൂറ്റാണ്ടുകൾക്കിപ്പുറം ഗർഭിണിയായ മേരി ഉള്ളത് നസ്രത്തിലാണ്. പ്രവചനം തെറ്റാൻ പോകുകയാണോ? ഇല്ല. ഇവിടെയാണ് ചരിത്രത്തിന്റെ നാടകീയമായ ഇടപെടൽ. ലോകം ഭരിക്കുന്ന റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറിനു പെട്ടെന്നൊരു തോന്നലുണ്ടാകുന്നു; ഒരു സെൻസസ് നടത്തണം. ആ ഒരൊറ്റ തീരുമാനത്തിന്റെ ബലത്തിൽ, നിറവയറുമായി മേരിക്കു നസ്രത്തിൽനിന്നു ബെത്ലഹേമിലേക്കു യാത്ര ചെയ്യേണ്ടി വന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട ഒരു പ്രവചനം നിറവേറ്റാൻ, ഒരു സാമ്രാജ്യത്തിന്റെ ചക്രവർത്തിയെക്കൊണ്ട് പോലും ഉത്തരവിടുവിച്ച ആ കൃത്യത... അത് അവിശ്വസനീയമാണ്!
ഏറ്റവും ഞെട്ടിക്കുന്നത് ഒറ്റിക്കൊടുക്കലിന്റെ കണക്കുകളാണ്. സഖറിയാ പ്രവാചകൻ ബി.സി. 500-ൽ തറപ്പിച്ചു പറഞ്ഞു; "അവനെ 30 വെള്ളിക്കാശിനു വിൽക്കും." ശ്രദ്ധിക്കണം, 29 അല്ല, 31 അല്ല, കൃത്യം 30 വെള്ളിക്കാശ്! ആ പണം ദേവാലയത്തിലേക്കു വലിച്ചെറിയുമെന്നും ഒടുവിൽ അതു കുശവന്റെ നിലം വാങ്ങാൻ ഉപയോഗിക്കുമെന്നും പ്രവചനം കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകൾക്കിപ്പുറം, യൂദാസ് ഇസ്കരിയോത്ത കൈയിൽ കിട്ടിയ 30 വെള്ളിക്കാശ് ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞ് ജീവനൊടുക്കിയപ്പോൾ, അറിയാതെ പോലുമവൻ ചരിത്രം മുൻകൂട്ടി എഴുതിയ തിരക്കഥയിൽ അഭിനയിക്കുകയായിരുന്നു.
ഭയാനകമായ കൃത്യത
മരണത്തിന്റെ രംഗങ്ങൾ ഇതിലും ഭയാനകമായ കൃത്യതയോടെയാണ് എഴുതപ്പെട്ടത്. ബി.സി 1000-ാമാണ്ടിൽ, റോമാക്കാർ കുരിശുമരണം എന്ന ക്രൂരമായ ശിക്ഷാരീതി കണ്ടുപിടിക്കാനും നൂറ്റാണ്ടുകൾക്ക് മുൻപേ, ദാവീദ് സങ്കീർത്തനത്തിൽ എഴുതിവച്ചു: "അവർ എന്റെ കൈകളും കാലുകളും തുളച്ചു." കുരിശിന്റെ ചുവട്ടിൽ നടന്ന കാര്യങ്ങൾ പോലും; വസ്ത്രത്തിനു വേണ്ടി പടയാളികൾ ചീട്ടിടുന്നത് മുതൽ ദാഹിച്ചപ്പോൾ വിനാഗിരി നൽകുന്നതും ഒടുവിൽ ഒരസ്ഥിപോലും ഒടിയാതെ മരിക്കുന്നതും വരെ എല്ലാം നൂറ്റാണ്ടുകൾക്കു മുൻപേ രേഖപ്പെടുത്തപ്പെട്ടിരുന്നു. മരിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും സ്വയം നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങൾ പോലും ഇത്ര കൃത്യമായി സംഭവിക്കുമ്പോൾ, അദ്ഭുതം എന്നല്ലാതെ മറ്റെന്താണ് അതിനെ വിളിക്കുക?
ഇതിനെല്ലാം മകുടം ചാർത്തുന്നതാണ് ഡാനിയേൽ പ്രവാചകന്റെ പുസ്തകത്തിലെ സമയക്രമം. ചരിത്രത്തെ ഗണിതവുമായി കൂട്ടിയിണക്കുന്ന അത്ഭുതകരമായ ഒരു 'കൗണ്ട് ഡൗൺ' ആണിത്. പ്രവചനങ്ങളിൽ 'എഴുപത് ആഴ്ചകൾ' എന്നൊരു കാലഘട്ടത്തെക്കുറിച്ച് ഡാനിയേൽ പരാമർശിക്കുന്നുണ്ട്. ഇതിൽ 69 ആഴ്ചകൾ (അതായത് 483 വർഷങ്ങൾ, ഒരു ബൈബിൾ ആഴ്ച എന്നത് എഴ് വർഷങ്ങളാണ്) ജറുസലേം പുനർനിർമിക്കാനുള്ള കൽപന മുതൽ മിശിഹാ വരുന്നത് വരെയാണെന്നു വചനം പറയുന്നു. ചരിത്രരേഖകൾ പരിശോധിച്ചാൽ, ബി.സി 445ൽ പേർഷ്യൻ രാജാവായ അർഥശഷ്ടാവ് നൽകിയ കൽപന മുതൽ എ.ഡി 33-ൽ യേശുവിന്റെ മരണം വരെയുള്ള കാലയളവ് ഈ പ്രവചനവുമായി ഗണിതശാസ്ത്രപരമായ കൃത്യതയോടെ ഒത്തുപോകുന്നതായി കാണാം. പുരാതന കലണ്ടറിലെ 360 ദിവസങ്ങൾ വച്ച് കണക്കുകൂട്ടിയാൽ കൃത്യം ആ പെസഹാ വ്യാഴാഴ്ച വരെ എത്തിനിൽക്കുന്ന ഈ കണക്ക് നമ്മളെ അത്ഭുതപ്പെടുത്തും. ഒരു മനുഷ്യായുസിനും നൂറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് ഇത്ര കൃത്യമായി നോക്കാൻ കഴിയില്ല.
ഒന്നും യാദൃച്ഛികമല്ല
ഇവിടെയാണ് സംഭാവ്യതാ സിദ്ധാന്തം അതിന്റെ വിധിപ്രസ്താവം നടത്തുന്നത്. ഈ പ്രവചനങ്ങളിൽ ഒരെണ്ണം യാദൃച്ഛികമായി സംഭവിക്കാൻ പത്തിൽ ഒന്ന് സാധ്യതയുണ്ടെന്നു കരുതുക. എങ്കിൽ, സ്വതന്ത്രമായ 300ൽ അധികം പ്രവചനങ്ങൾ ഒരൊറ്റ വ്യക്തിയിൽ നിറവേറാനുള്ള സാധ്യത എത്രയായിരിക്കും? പ്രപഞ്ചത്തിലെ മുഴുവൻ ആറ്റങ്ങളുടെ എണ്ണത്തേക്കാൾ വലിയ സംഖ്യകൾ കൊണ്ടേ ഇതിന്റെ അസാധ്യതയെ വിവരിക്കാൻ കഴിയൂ. ഇതിനർഥം, ഇതു യാദൃച്ഛികമല്ല; ചരിത്രത്തിനു മുകളിൽ നിൽക്കുന്ന ഒരു ബുദ്ധിശക്തിയുടെ കൃത്യമായ ഇടപെടലാണ്.
ഡിസംബറിന്റെ മഞ്ഞിൽ മിഴിതുറക്കുന്ന നക്ഷത്രവിളക്കുകൾ വെറും കാഴ്ചകളല്ല. അസംഭവ്യമായ കാര്യങ്ങൾ ചരിത്രത്തിന്റെ താളുകളിൽ കവിത പോലെ ചേർത്തുവച്ച ഒരു മഹാവിസ്മയത്തിന്റെ ഓർമപ്പെടുത്തലാണത്. മുന്നൂറിലധികം പ്രവചനങ്ങളുടെ ഈ അത്ഭുതകരമായ ഒത്തുചേരൽ വിരൽചൂണ്ടുന്നത് ബെത്ലഹേമിലെ ആ പുൽക്കൂടിലേക്കാണ്. അതൊരു സാധാരണ തുടക്കമായിരുന്നില്ല; യുക്തിയുടെ വരകൾക്കും അപ്പുറമുള്ള, പ്രകൃതിനിയമങ്ങളെ തോൽപ്പിച്ച ഒരു അമാനുഷിക മുഹൂർത്തമായിരുന്നു. കാലത്തെ സൃഷ്ടിച്ചവൻ കാലത്തിനുള്ളിലേക്ക് ഇറങ്ങിവന്ന ആ നിമിഷമാണ് ക്രിസ്മസ്. യുക്തിയും വിശ്വാസവും കൈകോർക്കുന്ന ഈ മഹാസത്യം ആഘോഷങ്ങൾക്കൊപ്പം നിങ്ങളുടെ ഉള്ളിലും നിറയട്ടെ. ഏവർക്കും ക്രിസ്മസ് ആശംസകൾ!
Special News
കോഴിക്കോട്ടെ യുവാവിന്റെ തിരോധാനക്കേസില്‍ പോലീസ് കണ്ടെത്തലുകള്ക്കൊടുവില് ശാസ്ത്രീയ പരിശോധനാഫലവും കൂട്ടായി. ഒരിക്കലും തെളിയില്ലെന്നുകരുതിയ കേസാണ് ആറുവര്‍ഷങ്ങള്‍ക്കിപ്പുറം പോലീസ് തെളിയിച്ചിരിക്കുന്നത്.
കോഴിക്കോട് സരോവരം പാര്‍ക്കിനുസമീപത്തെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നു സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയ ആറുവര്‍ഷം മുമ്പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ യുവാവിന്റേതാണെന്നു ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതാണ് പോലീസിന് തുണയായത്.
കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്. കണ്ണൂര്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ചുങ്കം വേലത്തിപടിക്കല്‍ വിജയന്റെ മകന് വിജിലി (29)ന്റേതാണെന്നാണ് വ്യക്തമായത്.
കഥ ഇങ്ങനെ...
2019 മാര്‍ച്ച് 24ന് രാവിലെ ഇപ്പോള്‍ വരാമെന്ന് അമ്മയോട് പറഞ്ഞാണ് വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നതാണ് വീട്ടില്‍ നിന്ന് പോകാന്‍ കാരണം. സാധരണ വീട്ടിൽ ധരിക്കുന്ന വേഷത്തിൽ ബൈക്കുമായി ഇറങ്ങിയ മകനോട് എവിടെ പോകുന്നു എന്ന അമ്മയുടെ ചോദ്യത്തിന് ഉടൻ വരാം എന്നായിരുന്നു മറുപടി.
സുഹൃത്തുക്കളായ നിഖിലിനും രഞ്ജിത്തിനും ദീപേഷിനും ഒപ്പം സരോവരത്ത് എത്തിയ വിജിൽ അവിടെവച്ച് അവർക്കൊപ്പം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ചു. വിജിലിന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവച്ചുവെന്നും പ്രതികള്‍ നൽകിയ മൊഴിയിലുണ്ട്.
അൽപസമയം കഴിഞ്ഞു വിജില്‍ കുഴഞ്ഞ് വീണെന്നും ലഹരിവിടുമ്പോള്‍ പോകുമെന്ന് കരുതി സ്ഥലത്ത് നിന്നുപോയി എന്നുമാണ് പ്രതികളുടെ മൊഴി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോൾ മരിച്ചു കിടക്കുന്ന വിജിലിനെയാണ് കണ്ടതെന്നുമാണ് പ്രതികൾ പറഞ്ഞത്.
സത്യം പുറത്തറിയാതിരിക്കാന്‍ മൂവരും ചേർന്ന് തെളിവുകൾ നശിപ്പിക്കാനും മൃതദേഹം കുഴിച്ചു മൂടാനും പദ്ധതിയിട്ടു. സമീപത്തെ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങളിൽ നിന്നും കല്ലുകള്‍ എടുത്ത് വിജിലിന്റെ ശരീരത്തില്‍ കെട്ടി, ചതുപ്പിലൂടെ വലിച്ചിഴച്ച വിജിലിന്റെ മൃതദേഹം ചവിട്ടിത്താഴ്ത്തുകയും ചെയ്തു.
മൃതദേഹം പൊങ്ങിവരാതിരിക്കാനായിരുന്നു കല്ലുകള്‍ കെട്ടിയത്. പിന്നീട് വിജില്‍ നാടുവിട്ടെന്ന് വരുത്തിത്തീർക്കാൻ വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.
മകന്റെ ഫോൺ ഓഫായതോടെ ആശങ്ക; ഒടുവിൽ പരാതി
പകൽ പലതവണ അമ്മ വിളിച്ചപ്പോൾ ഉടൻ വരാമെന്നു പറഞ്ഞ മകന്റെ ഫോൺ രാത്രിയോടെ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാര്‍ ആശങ്കയിലായി. എന്നാല്‍, മുന്‍പൊരിക്കല്‍ വീട്ടിൽ പറയാതെ മുംബൈയില്‍ പോയി മടങ്ങിവന്ന വിജില്‍ അത് പോലെ യാത്രപോയിക്കാണുമെന്നാണ് കുടുംബം കരുതിയത്.
മൂന്നുദിവസം കഴിഞ്ഞിട്ടും വിജിലിനെ കാണാതായതോടെ പിതാവ് പരാതിയുമായി എലത്തൂര്‍ സ്റ്റേഷനിലെത്തി. മാൻ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എന്നാൽ, അധികം വൈകാതെ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. അതിനിടെ പോലീസ് ഉദ്യോഗസ്ഥർ പല തവണ മാറി.
ഓരോ മിസിംഗ് കേസും കൊലപാതകസാധ്യത മുന്‍ നിര്‍ത്തി അന്വേഷിക്കണമെന്ന നിർദേശം വന്നതോടെയാണ് വിജില്‍ തിരോധാന കേസിലെ അന്വേഷണം ദ്രുതഗതിയിലായത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു.
Special News
ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ നൂറ്റാണ്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിലെ ക്രൂരരായ ആറു ഭരണാധികാരികളെയാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.
1. പോൾ പോട്ട്
പോൾ പോട്ട് ഖമർ റൂഷിന്റെ നേതാവായിരുന്നു. 1975ൽ Cambodia യിൽ അധികാരം പിടിച്ചെടുത്ത അദ്ദേഹം ഭൂമിയിൽ ഒരു കമ്യൂണിസ്റ്റ് പറുദീസ സൃഷ്ടിക്കാൻ തുടങ്ങി.
ഡാന്റെയുടെ സെവൻത് സർക്കിൾ ഓഫ് ഹെൽ (അക്രമം) എന്നതിനെക്കാൾ മോശമായിരുന്നു ഭരണം. നഗരവാസികളെ ഫാമുകളിൽ ജോലി ചെയ്യുന്നതിനായി നാട്ടിൻപുറങ്ങളിലേക്കു നിർബന്ധിതമായി മാറ്റിപ്പാർപ്പിച്ചു. അവിടെ പണം നിർത്തലാക്കി. എല്ലാ പൗരന്മാരെയും കൊണ്ട് ഒരേ കറുത്ത വസ്ത്രം ധരിപ്പിക്കാൻ തുടങ്ങി. ബുദ്ധിജീവികൾ കൊല്ലപ്പെട്ടു-ഇതിൽ കണ്ണട ധരിച്ചവരും ഉൾപ്പെട്ടിരുന്നു.
സോഷ്യൽ എൻജിനിയറിംഗിലെ ഈ പരീക്ഷണം ജനസംഖ്യയുടെ 25 ശതമാനം പേരുടെ ജീവൻ നഷ്ടമാക്കി.
2. സദ്ദാം ഹുസൈൻ
1979 മുതൽ 2003 വരെ Saddam Hussein ഇറാഖിന്റെ പ്രസിഡന്റായിരുന്നു. കുർദുകളെ കീഴ്പ്പെടുത്താൻ mustard and nerve gas ഉൾപ്പെടെയുള്ള ഭീകരത സ്വന്തം ജനങ്ങൾക്കെതിരെ ഉപയോഗിച്ചു.1980ൽ അദ്ദേഹം ഇറാനെ ആക്രമിച്ചു. യുദ്ധം ഒരു സ്തംഭനാവസ്ഥയിൽ അവസാനിച്ചു, ഒരു ദശലക്ഷം ആളുകൾ മരിച്ചു.
1990ൽ അദ്ദേഹം കുവൈത്ത് ആക്രമിക്കുകയും ഇത് ഒന്നാം ഗൾഫ് യുദ്ധത്തിലേക്കു നയിക്കുകയും 85,000 പേർ മരിക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷമുള്ള പ്രക്ഷോഭങ്ങൾ ഏകദേശം ഒന്നര ലക്ഷം സാധാരണക്കാരുടെ മരണത്തിലേക്കു നയിച്ചു. 2003ൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈന്യം അദ്ദേഹത്തെ താഴെയിറക്കുകയും 2006ൽ തൂക്കിലേറ്റുകയും ചെയ്തു. ഒരു കാലത്തു പല രാജ്യങ്ങളും വളരെയധികം ഭയപ്പെട്ടിരുന്ന ഒരു ഭരണാധികാരിയായിരുന്നു ഇദ്ദേഹം.
3. കിം ഇൽ സുങ്
Kim Il-Sung 1949 മുതൽ 1994ൽ മരിക്കുന്നതുവരെ ഉത്തര കൊറിയയുടെ ഏകാധിപതിയായിരുന്നു. ഉത്തര കൊറിയയിൽ ജനാധിപത്യപരമായി ഒന്നുമില്ല. ആളുകളെ അടിമകളായി കണക്കാക്കുന്നു. 1950-ൽ, കിം ദക്ഷിണ കൊറിയയെ ആക്രമിച്ചു, ഉത്തര കൊറിയയിലെ ജനസംഖ്യയുടെ 12-15 ശതമാനം ഉൾപ്പെടെ ഏകദേശം മൂന്നു ദശലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു യുദ്ധം. തുടർന്നുള്ള സ്റ്റാലിനിസ്റ്റ് സാമ്പത്തിക നയങ്ങളും വ്യാപകമായ അടിച്ചമർത്തലും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നയിച്ചു. അതിൽ ലക്ഷക്കണക്കിന്, അല്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ഖേദകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ മകന്റെയും ചെറുമകന്റെയും കീഴിലും രാജ്യം മെച്ചപ്പെട്ടിട്ടില്ല.
4. ഇദി അമീൻ
1971ലെ പട്ടാള അട്ടിമറിക്കു ശേഷം Idi Amin ഉഗാണ്ടയിൽ ഏകാധിപതിയായി ഭരിച്ചു. "ഉഗാണ്ടയിലെ കശാപ്പുകാരൻ' എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്.
Idi Aminന്റെ ഭ്രാന്തമായ ഭരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കൾക്കെതിരായ വ്യാപകമായ അക്രമത്താൽ നശിപ്പിക്കപ്പെട്ടു. എല്ലാ ഏഷ്യൻ വംശജരെയും പുറത്താക്കി അവരുടെ ബിസിനസ് തന്റെ കൂട്ടുകാർക്കു കൈമാറി. ഇതു സമ്പദ്വ്യവസ്ഥയുടെ തകർച്ചയിലേക്കു നയിച്ചു. എന്നിട്ടും എതിരാളികളായ ഉഗാണ്ടൻ ഗോത്രങ്ങളെ പീഡിപ്പിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യക്കാർ "ഭാഗ്യവാന്മാരായിരുന്നു". അദ്ദേഹത്തിന്റെ ഭരണകാലത്തെ ആകെ മരണസംഖ്യ 10 ദശലക്ഷമായിരുന്നു. രാഷ്ട്രീയ ശത്രുക്കളുടെ അറുത്തെടുത്ത തലകൾ താൻ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം വീമ്പിളക്കിയിരുന്നു, മനുഷ്യമാംസം വളരെ ഇഷ്ടപ്പെടുന്നതായും പറഞ്ഞിരുന്നു.
1979ൽ സ്ഥാനം നഷ്ടപ്പെട്ടതോടെ അദ്ദേഹം സൗദി അറേബ്യയിലേക്കു പലായനം ചെയ്തു. തന്റെ ക്രൂരമായ പ്രവൃത്തികളിൽ അദ്ദേഹം ഒരിക്കലും പശ്ചാത്തപിച്ചിരുന്നില്ല.
5. ജോസഫ് സ്റ്റാലിൻ
1920ൽ Lenin ന്റെ മരണശേഷം ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ അധികാരത്തിലെത്തി. പഞ്ചവത്സര പരിപാടികളുടെ തുടർച്ചയായി രാജ്യത്തെ വ്യാവസായികവൽക്കരിച്ചു. എന്നാൽ, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മാനുഷിക ചെലവുകളും നിർബന്ധിത കൂട്ടുകൃഷിയും വ്യാപകമായ ക്ഷാമത്തിലേക്കു നയിച്ചു.
1930കളിൽ അദ്ദേഹം "മഹാ ശുദ്ധീകരണം" എന്നറിയപ്പെടുന്ന രാഷ്ട്രീയനയം പിന്തുടർന്നു. 1930 മുതൽ 1934 വരെ ദശലക്ഷക്കണക്കിന് Soviet പൗരന്മാർ തടവിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. Gulag ക്യാമ്പുകളിലെ പട്ടിണിയും നിർബന്ധിത ജോലിയും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായി. 1950-കളുടെ തുടക്കത്തിൽ, അദ്ദേഹം മറ്റൊരു രക്തരൂഷിതമായ ഭീകരത ആസൂത്രണം ചെയ്യുകയായിരുന്നു, പക്ഷേ, അതു രോഷാകുലമായ രാജ്യത്തിന്മേൽ അഴിച്ചുവിടുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു.
6. അഡോൾഫ് ഹിറ്റ്ലർ
1933 ജനുവരിയിൽ (ജനാധിപത്യപരമായി!) അധികാരത്തിൽ വന്ന ജർമൻ ചാൻസലർ Adolf Hitler റാണ് തിന്മയുടെ ഏതൊരു പട്ടികയിലും മുന്നിൽ.
1941 ഡിസംബറിൽ ഏതാണ്ട് മുഴുവൻ യൂറോപ്പും അദ്ദേഹത്തിനു കീഴിലായിരുന്നു. 1945 മെയിൽ ഹിറ്റ്ലർ ജീവനൊടുക്കിയ ശേഷം, ജർമനി നിരുപാധികമായി കീഴടങ്ങി. ഹിറ്റ്ലറുടെ ഭരണകാലത്ത് ആറ് ദശലക്ഷം ജൂതന്മാർ കൊല്ലപ്പെട്ടു, രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ 55 ദശലക്ഷം ആളുകൾ മരിച്ചു.
ഹിറ്റ്ലർ രാഷ്ട്രീയ എതിരാളികളെയും ശത്രുക്കളെയും അടിച്ചമർത്തി. കല, സിനിമ, സാഹിത്യം, അധ്യാപന രീതികൾ എന്നിവ നിരോധിച്ചു. വെറുപ്പ്, വംശീയത, വിദ്വേഷം എന്നിവ ഈ മനുഷ്യനെ വിശേഷിപ്പിക്കാൻ കഴിയ്ക്കുന്ന കുറച്ച് വാക്കുകൾ മാത്രം. ലോകം കണ്ട ഏറ്റവും നീചനായിരുന്ന ഭരണകർത്താവായിരുന്നു ഹിറ്റ്ലർ.
Special News
ജയിലുകളിൽ പോകാൻ ആർക്കും ഇഷ്ടമല്ല. എങ്കിലും കുറ്റവാളികൾ ഉള്ള കാലത്തോളം ജയിലുകളുമുണ്ടാകും. കുപ്രസിദ്ധിയാണ് ജയിലുകളുടെ കൂടപ്പിറപ്പ്. ലോകത്തിലെ എട്ടു കുപ്രസിദ്ധ ജയിലുകളെ പരിചയപ്പെടാം.
1. ADX ഫ്ലോറൻസ് - യുഎസ്എ
ഏറ്റവും അപകടകാരികളായ കുറ്റവാളികൾക്കുള്ള അമേരിക്കയിലെ സൂപ്പർ മാക്സ് ജയിൽ. അതാണ് അഡ്മിനിസ്ട്രേറ്റീവ് മാക്സിമം ഫെസിലിറ്റി (എഡിഎക്സ്) ജയിൽ.
രാജ്യത്തെ മറ്റ് ജയിലുകളിലെ നിരവധി സുരക്ഷാലംഘനങ്ങൾക്കു മറുപടിയായി 1994ൽ തുറന്നതാണിത്. മനുഷ്യരുടെ ഇടപെടലിന്റെ അഭാവമാണ് കൊളറാഡോയിലുള്ള ഈ ജയിലിന്റെ കുപ്രസിദ്ധമായ ഒരു സവിശേഷത. തികഞ്ഞ ഏകാന്തവാസം. തടവുകാർ ഗാർഡുകളെയോ മറ്റ് തടവുകാരെയോ കാണില്ല. എന്തിന്, വെളിച്ചംപോലും തീരെക്കുറച്ച്. ഏകാന്തത ചിലരെയെങ്കിലും ഭ്രാന്തിലും ആത്മഹത്യയിലുമെത്തിക്കും. ഒരു മുൻ വാർഡൻതന്നെ "നരകത്തിന്റെ ശുദ്ധമായ പതിപ്പ്' എന്നാണ് ജയിലിനെ വിശേഷിപ്പിച്ചത്.
2. ദിയാർബക്കിർ ജയിൽ - തുർക്കി
മനുഷ്യാവകാശ ലംഘനങ്ങളിൽ മുൻപന്തിയിലാണ് തുർക്കിയിലെ ദിയാർബക്കിർ ജയിൽ. 1980-ലാണ് ഈ ജയിൽ തുറന്നത്. ആസൂത്രിതമായ പീഡനം, ഭക്ഷണമില്ലായ്മ, മർമസ്ഥാനങ്ങളിൽ ഷോക്കേൽപ്പിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയവ ജയിൽ തുടങ്ങിയപ്പോഴേയുണ്ട്.
കൗമാരക്കാരടക്കം നൂറുകണക്കിന് തടവുകാർ ഇവിടെ കൊല്ലപ്പെട്ടു. 1996ലെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിൽ 10 അന്തേവാസികൾ വെടിയേറ്റ് മരിച്ചു. നിരവധിപേർക്കു പരിക്കേറ്റു. അടച്ചുപൂട്ടണമെന്നു മുറവിളിയുണ്ടെങ്കിലും ജയിൽ ഇപ്പോഴും പഴയപടിതന്നെ. തെറ്റുതിരുത്താനുള്ള ഇടം എന്നൊക്കെ പറയുമെങ്കിലും തെറ്റുകളുടെ ഘോഷയാത്രയല്ലേ നമ്മുടെ ജയിലുകളിൽ?
3. ഗിറ്ററാമ സെൻട്രൽ ജയിൽ - റുവാണ്ട
ഭൂമിയിലെ നരകമാണിത്. റുവാണ്ടയിലെ ഗിറ്ററാമ സെൻട്രൽ ജയിൽ. 400 പേർക്ക് ഉദ്ദേശിച്ച ജയിലാണ്. എന്നാൽ 1990കളിലെ റുവാണ്ടൻ വംശഹത്യയെത്തുടർന്ന് ഏഴായിരത്തോളം പേരെയാണ് ഇങ്ങോട്ടു തള്ളിയത്. കിടക്കാൻ ഇടമില്ല. ഒരു ചതുരശ്രയടിയിൽ നാലുപേർ വീതം. അന്തേവാസികൾ പരസ്പരം കൊന്നു തിന്നുന്നതു പോലുള്ള പട്ടിണി. ഈ സാഹചര്യത്തിൽ ഏറ്റുമുട്ടലുകൾ സാധാരണമാകുന്നത് സ്വാഭാവികം. കൊലകളും അതിലേറെ സ്വാഭാവികമാണിവിടെ.
4. ക്യാമ്പ് 22 - ഉത്തര കൊറിയ
ഹേങ്യോങ് കോൺസെൻട്രേഷൻ ക്യാമ്പ് എന്നറിയപ്പെടുന്ന ക്വാൻ-ലി-സോ 22, രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ 1965ൽ നിർമിച്ചതാണ്. നാസി തടങ്കൽപ്പാളയങ്ങളെ ഓർമിപ്പിക്കുന്ന തടവറ. കുറ്റവാളികളുടെ കുടുംബങ്ങളും ഇവിടെ ആജീവനാന്ത തടവിലാണ്. കഠിനാധ്വാനത്തിനു പുറമേയാണ് പലതരം പീഡനങ്ങൾ. പട്ടിണിയും തടവുകാരെ അടിച്ചേൽപ്പിക്കുന്നു. ശിശുക്കൾ ഉൾപ്പെടെ മാരകമായ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും വിധേയരാകുന്നു. 90-കളിൽ ജയിലിൽ 50,000 തടവുകാരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കുടുംബത്തോടെ വധിക്കുന്നതാണ് ഇവിടുത്തെ രീതി.
ഭരണക്കാർ ആരായാലും ജയിലറകളുടെ സ്വഭാവം ഒന്നുതന്നെ. അല്ലേ?
5. സാല്‍വദോറിലെ മെഗാ ജയില്‍
എല്‍ സാല്‍വദോറിന്റെ തലസ്ഥാനമായ സാന്‍ സാല്‍വദോറില്‍നിന്ന് 74 കിലോമീറ്റര്‍ അകലെ ടെകോലുകയിൽ പുതിയൊരു ജയിലുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും വലിപ്പമുള്ള ഈ ജയിലെന്നാണ് അവകാശവാദം. എട്ട് കൂറ്റന്‍ കെട്ടിടങ്ങൾ.
ആകെ 256 സെല്ലുകളും. ഓരോ സെല്ലിലും നൂറിലേറെ തടവുകാരെ പാര്‍പ്പിക്കാനാവും. പക്ഷേ, ഒരു സെല്ലില്‍ രണ്ട് സിങ്കുകളും രണ്ട് ടോയ്ലറ്റും മാത്രമാണുള്ളത്. കൊള്ളസംഘക്കാരെ മാത്രം പാര്‍പ്പിക്കാനുള്ളതാണ് ഈ ജയിൽ. അടിവസ്ത്രം മാത്രം ധരിച്ച് നഗ്നപാദരായി കാലും കൈയും ചങ്ങലകളിട്ടു പൂട്ടിയാണ് തടവുകാരെ ജയിലിലേക്കു മാറ്റുന്നത്. എല്ലാവരും ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട്. തലമൊട്ടയടിച്ചിരിക്കുന്നു. രണ്ടായിരം തടവുകാരെ സുരക്ഷാജീവനക്കാര്‍ യാതൊരു ദയയുമില്ലാതെ അടിച്ചോടിക്കുകയും പിടിച്ചു വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കഥ മാറി. സെല്ലുകളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് തലയ്ക്കു പിന്നില്‍ കൈകള്‍ പിടിച്ചു നിലത്തിരുത്തിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ ബുകെലെ സര്‍ക്കാരിന്റെ അഭിമാനമെന്നു വിശേഷിപ്പിക്കപ്പെട്ട ജയിൽ കുപ്രസിദ്ധിയിലായി.
6. ലൂസിയാന സ്റ്റേറ്റ് പെനിറ്റൻഷ്യറി
അമേരിക്കയിലെ വലിയ ജയിൽ. മുമ്പ് അംഗോള ജയിൽ എന്നറിയപ്പെട്ടിരുന്നു. അയ്യായിരത്തിലധികം തടവുകാർ ഇവിടെ താമസിക്കുന്നു. ജയിലിലുള്ള വലിയ ഫാമിൽ തടവുകാരെ കഠിനമായി പണിയെടുപ്പിക്കും. മനുഷ്യാവകാശ ലംഘനങ്ങളും ദുരുപയോഗവും ഇവിടെനിന്നു റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാവൽക്കാരനെ കൊന്നുവെന്നാരോപിച്ചു തടവുകാരായ ദമ്പതിമാരെ 40 വർഷത്തോളം ഏകാന്ത തടവിൽ പാർപ്പിച്ച ചരിത്രവുമുണ്ട്.
7. ടാഡ്മോർ ജയിൽ - സിറിയ
ലോകത്തിലെ കുപ്രസിദ്ധമായ ജയിലുകളിലൊന്ന്. അടിച്ചമർത്തലിനു പേരു കേട്ടതാണ് ഈ സിറിയൻ ജയിൽ. തുടക്കം മുതൽ പീഡനങ്ങൾക്കൊരു കുറവുമില്ല. 1980 ജൂണിൽ ജയിലിൽ വലിയൊരു കൂട്ടക്കൊല നടന്നു. അന്നത്തെ പ്രസിഡന്റ് ഹഫീസ് അൽ-അസദിനെതിരായ വധശ്രമത്തിന്റെ പ്രതികാരം. ഈ ശുദ്ധീകരണത്തിൽ ആയിരത്തിലധികം പേർക്കു ജീവൻ നഷ്ടപ്പെട്ടു. അൽ-അസദിന്റെ മരണശേഷം ഇത് അടച്ചെങ്കിലും വീണ്ടും തുറന്നു. 2015 മേയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇതു തകർത്തു.
8. മറാകൈബോ ജയിൽ - വെനസ്വേല
അധോലോക സംഘങ്ങൾ ഭരിക്കുന്ന വെനസ്വേലയിലെ മറാകൈബോ ജയിൽ 1958-ലാണ് തുറന്നത്. 1994ൽ രാജ്യത്തെ ഏറ്റവും രക്തരൂഷിതമായ ജയിൽ കൂട്ടക്കൊല നടന്നതിവിടെയാണ്. എതിർസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഇവിടെ വംശീയ സംഘർഷങ്ങളും പതിവാണ്. അഴിമതിയുടെ കൂത്തരങ്ങായ സർക്കാർ സംവിധാനം കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.