x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​കം സം​സാ​രി​ക്കാ​ത്ത​വ​രു​ടെ നാ​ട്; ഭ​ക്ഷ​ണ​മോ തീ​ർ​ത്തും ല​ളി​തം

ഫാ. ​ഷി​ജോ ജോ​സ് പ​ഞ്ഞി​ക്ക​ൽ സി​എം​ഐ
Published: January 27, 2026 03:04 PM IST | Updated: January 27, 2026 07:01 PM IST

പോ​ർ​ച്ചു​ഗ​ൽ യൂ​റോ​പ്പി​ന്‍റെ പ​ടി​ഞ്ഞാ​റേ അ​റ്റ​ത്തു​ള്ള ഒ​രു ചെ​റി​യ രാ​ജ്യ​മാ​ണ്. ഒ​രു വ​ശ​ത്ത് അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്രം. മ​റ്റൊ​രു വ​ശ​ത്ത് യൂ​റോ​പ്യ​ൻ ഭൂ​ഖ​ണ്ഡം. പോ​ർ​ച്ചു​ഗ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​ണ് ലി​സ്ബ​ൺ.

ച​രി​ത്ര​ത്തി​ലും ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ളി​ലും ലി​സ്ബ​ണി​നു വ​ലി​യ പ​ങ്കു​ണ്ട്. ഇ​ന്ത്യ​യു​മാ​യി പോ​ർ​ച്ചു​ഗ​ലി​നു​ള്ള ബ​ന്ധം നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. ഞാ​ൻ ഇ​ന്നു ലി​സ്ബ​ണി​ൽ ഒ​രു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​യി പ​ഠി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ക്ഷേ, ഇ​വി​ടെ ജീ​വി​ക്കു​മ്പോ​ൾ ഇ​ന്ത്യ-​പോ​ർ​ച്ചു​ഗ​ൽ ബ​ന്ധം വെ​റും ച​രി​ത്ര​പു​സ്ത​ക​ത്തി​ലെ വി​ഷ​യം മാ​ത്ര​മ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ന്നു.

ദി​ന​ച​ര്യ​യും ന​ഗ​ര​വും

എ​ന്‍റെ ദി​വ​സ​ങ്ങ​ൾ ക്ലാ​സ്, ലൈ​ബ്ര​റി, വാ​യ​ന എ​ന്നി​വ​യോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പ​ക്ഷേ, ക്ലാ​സ് ക​ഴി​ഞ്ഞാ​ൽ ഞാ​ൻ പ​ല​പ്പോ​ഴും ലി​സ്ബ​ണി​ലെ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ന​ട​ക്കും.

ഈ ​ന​ഗ​രം വ​ലി​യ കെ​ട്ടി​ട​ങ്ങ​ളാ​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നി​ല്ല. പ​ക​രം പ​ഴ​യ വീ​ടു​ക​ളും ക​യ​റ്റ​മു​ള്ള റോ​ഡു​ക​ളും ചെ​റി​യ ക​ഫേ​ക​ളും ആ​ളു​ക​ളു​ടെ ശാ​ന്ത​മാ​യ ജീ​വി​ത​വു​മാ​ണ് എ​വി​ടെ​യും.

ലി​സ്ബ​ണി​ൽ ന​ട​ക്കു​മ്പോ​ൾ ഒ​റ്റ കാ​ര്യം നാം ​തി​രി​ച്ച​റി​യും, ഇ​വി​ടെ ആ​ളു​ക​ൾ​ക്കു തി​ര​ക്കി​ല്ല. ജീ​വി​തം സാ​ധാ​ര​ണ​യാ​ണ്.

തെ​രു​വി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ

ലി​സ്ബ​ണി​ൽ ആ​ളു​ക​ൾ അ​ധി​കം സം​സാ​രി​ക്കാ​റി​ല്ല. പ​ക്ഷേ, സം​സാ​രി​ച്ചാ​ൽ അ​തു ല​ളി​ത​വും. ക​ട​യി​ൽ ക​യ​റു​മ്പോ​ൾ, ക​ഫേ​യി​ൽ ഇ​രി​ക്കു​മ്പോ​ൾ, ബ​സി​ൽ ക​യ​റു​മ്പോ​ൾ പ​ല​രും ചോ​ദി​ക്കും: Where are you from? ഞാ​ൻ "India'' എ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​രു​ടെ അ​ടു​ത്ത ചോ​ദ്യം പ​തി​വാ​ണ്: "Goa or Kerala'' ഇ​ത് എ​നി​ക്ക് ആ​ദ്യം അ​ൽ​പ്പം അ​ദ്ഭു​ത​മാ​യി​രു​ന്നു.

പ​ല​രും പ​റ​യു​ന്നു: "ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നു ഗോ​വ​യി​ൽ പോ​യി​ട്ടു​ണ്ട്.​അ​തോ​ടൊ​പ്പം ഇ​ന്ത്യ​യെ​ക്കു​റി​ച്ചു ഞ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്.'' ഇ​ത് വെ​റും ഔ​പ​ചാ​രി​ക സം​ഭാ​ഷ​ണ​മ​ല്ല. ഇ​ത് ഒ​രു പ​ഴ​യ ബ​ന്ധ​ത്തി​ന്‍റെ ഓ​ർ​മ​യാ​ണ്.

ഗാ​മ​യു​ടെ തു​ട​ക്കം

ലി​സ്ബ​ണി​ലെ ബെ​ലേം പ്ര​ദേ​ശ​ത്തു ന​ട​ക്കു​മ്പോ​ൾ ക​ട​ലി​ന​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന സ്മാ​ര​ക​ങ്ങ​ൾ കാ​ണാം. ഇ​വി​ടെ​നി​ന്നാ​ണ് 1497 ജൂ​ലൈ എ​ട്ടി​ന് വാ​സ്കോ​ഡ ഗാ​മ ലി​സ്ബ​ണി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​ട​ൽ​യാ​ത്ര ആ​രം​ഭി​ച്ച​ത്.

ഏ​ക​ദേ​ശം പ​ത്തു മാ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം 1498 മേ​യ് 20ന് ​അ​ദ്ദേ​ഹം എ​ത്തി​യ​ത് കേ​ര​ള​ത്തി​ലെ കോ​ഴി​ക്കോ​ട് ആ​യി​രു​ന്നു. ഇ​ത് ഒ​രു തീ​യ​തി മാ​ത്ര​മ​ല്ല. ഇ​ത് ഇ​ന്ത്യ​യു​ടെ​യും യൂ​റോ​പ്പി​ന്‍റെ​യും ബ​ന്ധ​ത്തി​ൽ വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്ന ഒ​രു സം​ഭ​വ​മാ​ണ്.

പ​ല​പ്പോ​ഴും ച​രി​ത്രം ല​ളി​ത​മാ​യി പ​റ​യാ​റു​ണ്ട്, "യൂ​റോ​പ്യ​ന്മാ​ർ വ​ന്ന​പ്പോ​ൾ ഇ​ന്ത്യ തു​റ​ന്നു''​എ​ന്ന്. പ​ക്ഷേ, സ​ത്യം അ​ങ്ങ​നെ​യ​ല്ല. വാ​സ്കോ​ഡ ഗാ​മ എ​ത്തു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പേ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു.

അ​റ​ബി​ക​ളും ചൈ​ന​ക്കാ​രും മ​റ്റ് വ്യാ​പാ​രി​ക​ളും ഇ​വി​ടെ എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇ​ന്ത്യ ലോ​ക​ത്തെ ക​ണ്ട​ത് യൂ​റോ​പ്യ​ന്മാ​ർ വ​ന്ന ശേ​ഷ​മ​ല്ല. ഇ​ന്ത്യ അ​തി​നും മു​ൻ​പേ ലോ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​ത് ഒ​രു പ്ര​ധാ​ന ച​രി​ത്ര സ​ത്യം ആ​ണ്, പ​ല​ർ​ക്കും അ​ത്ര അ​റി​യാ​ത്ത​ത്.

 

 

K-Rail Survey

കൊ​ച്ചി​യി​ലും ഗോ​വ​യി​ലും വ​ന്ന മാ​റ്റ​ങ്ങ​ൾ

വാ​സ്കോ​ഡ ഗാ​മ​യ്ക്ക് ശേ​ഷം പോ​ർ​ച്ചു​ഗീ​സ് സാ​ന്നി​ധ്യം ഇ​ന്ത്യ​യി​ൽ വ​ർ​ധി​ച്ചു. 1503ൽ ​കൊ​ച്ചി​യി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​ർ ത​ങ്ങ​ളു​ടെ ആ​ദ്യ കോ​ട്ട പ​ണി​തു.

1510ൽ ​ഗോ​വ പോ​ർ​ച്ചു​ഗീ​സ് ഭ​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി. ഇ​തു കോ​ള​നി​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു. അ​ത് വേ​ദ​ന​യു​ള്ള ച​രി​ത്ര​മാ​ണ്. അ​തോ​ടൊ​പ്പം സാം​സ്കാ​രി​ക സ​മ്പ​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി.

ച​രി​ത്ര​ത്തി​ലെ യാ​ത്ര അ​ധി​കാ​ര​ത്തി​ന്‍റെ​യും വ്യാ​പാ​ര​ത്തി​ന്‍റെ​യും ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ യാ​ത്ര വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും അ​റി​വി​ന്‍റെ​യും ആ​ണ്. ഇ​വി​ടെ ആ​ളു​ക​ൾ ഇ​ന്ത്യ​യെ ബ​ഹു​മാ​ന​ത്തോ​ടെ കാ​ണു​ന്നു.​ഇ​ന്ത്യ​ൻ ആ​ളു​ക​ളെ സൗ​ഹൃ​ദ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു.

ഇ​തു ഞാ​ൻ ദി​വ​സേ​ന അ​നു​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​വി​ടെ​നി​ന്ന് ഇ​ന്ത്യ​യെ നോ​ക്കു​മ്പോ​ൾ ച​രി​ത്രം വെ​റും കു​റ്റ​പ്പെ​ടു​ത്ത​ലി​നോ മ​ഹ​ത്വ​പ്പെ​ടു​ത്ത​ലി​നോ വേ​ണ്ടി മാ​ത്ര​മ​ല്ലെ​ന്നും അ​ത് മ​ന​സി​ലാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും വ്യ​ക്ത​മാ​കു​ന്നു.

ലി​സ്ബ​ണി​ലെ തെ​രു​വു​ക​ൾ

ലി​സ്ബ​ണി​ലെ തെ​രു​വു​ക​ൾ ആ​ദ്യം​ത​ന്നെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റും. ഇ​വി​ടെ റോ​ഡു​ക​ൾ നേ​രാ​യ​ത​ല്ല. ക​യ​റ്റ​വും ഇ​റ​ക്ക​വു​മാ​ണ്. ചി​ല വ​ഴി​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ശ്വാ​സം മു​ട്ടും. പ​ക്ഷേ മു​ക​ളി​ലെ​ത്തു​മ്പോ​ൾ ന​ഗ​രം മു​ഴു​വ​ൻ കാ​ണാ​ൻ ക​ഴി​യും.

പ​ഴ​യ ക​ല്ലു​ക​ൾ പാ​കി​യ റോ​ഡു​ക​ൾ, ചെ​റി​യ വീ​ടു​ക​ൾ, ബാ​ൽ​ക്ക​ണി​ക​ളി​ൽ തൂ​ക്കി​യി​ട്ട വ​സ്ത്ര​ങ്ങ​ൾ ഇ​താ​ണ് ലി​സ്ബ​ണി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം. ഈ ​ന​ഗ​രം കാ​ണാ​ൻ വേ​ണ്ടി​യ​ല്ല, ന​ട​ന്നു മ​ന​സി​ലാ​ക്കാ​ൻ ഉ​ള്ള​താ​ണ്.

ലി​സ്ബ​ണി​ലെ മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ട്രാ​മു​ക​ൾ ഈ ​ന​ഗ​ര​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്. ഇ​തു ടൂ​റി​സ്റ്റു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക വാ​ഹ​നം മാ​ത്ര​മ​ല്ല. നാ​ട്ടു​കാ​രു​ടെ വാ​ഹ​നം കൂ​ടി​യാ​ണ്.

ട്രാ​മി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ജോ​ലി​ക്കാ​ർ, ടൂ​റി​സ്റ്റു​ക​ൾ എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രി​ക്കും. ഇ​വി​ടെ ആ​ർ​ക്കും പ്ര​ത്യേ​ക​ത​യി​ല്ല. എ​ല്ലാ​വ​രും ഒ​രു​പോ​ലെ യാ​ത്ര ചെ​യ്യു​ന്നു.

ഒ​രു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​യ എ​ന്നെ​യും ആ​രും വ്യ​ത്യ​സ്ത​നാ​യി കാ​ണു​ന്നി​ല്ല. അ​തു ലി​സ്ബ​ണി​ന്‍റെ മ​ന​സാ​ണ്.

ഭ​ക്ഷ​ണം ചെ​റി​യ സ​ന്തോ​ഷം

ലി​സ്ബ​ണി​ലെ ഭ​ക്ഷ​ണം വ​ള​രെ ല​ളി​ത​മാ​ണ്. വ​ലി​യ ആ​ഡം​ബ​രം ഇ​ല്ല. പ​ക്ഷേ, ബെ​ലേം പ്ര​ദേ​ശ​ത്ത് എ​ത്തി​യാ​ൽ ഒ​രു കാ​ര്യം പ​റ​യാ​തെ ക​ഴി​യി​ല്ല. Pastel de Belém എ​ന്ന മു​ട്ട കൊ​ണ്ടു​ണ്ടാ​ക്കി​യ ഒ​രു ചെ​റി​യ മ​ധു​ര​ക്കേ​ക്ക്.

ചൂ​ടോ​ടെ കി​ട്ടു​ന്ന ഈ ​കേ​ക്ക് പ​ഞ്ച​സാ​ര​യും ക​റു​വ​പ്പ​ട്ട​യും ചേ​ർ​ത്തു ക​ഴി​ക്കു​മ്പോ​ൾ വ​ള​രെ രു​ചി​ക​രം. ഇ​തു വെ​റും ഒ​രു ഭ​ക്ഷ​ണം അ​ല്ല. ലി​സ്ബ​ണി​ലെ ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ണ്.

ലി​സ്ബ​ൺ ക​ട​ലി​നോ​ടു ചേ​ർ​ന്ന ന​ഗ​രം ആ​യ​തി​നാ​ൽ. ടാ​ഗ​സ് ന​ദി ക​ട​ലി​ലേ​ക്കു ചേ​രു​ന്നി​ട​ത്തു നി​ൽ​ക്കു​മ്പോ​ൾ ഒ​രു വ​ലി​യ ശാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടും. ക​ട​ൽ​ത്തീ​ര​ത്ത് ആ​ളു​ക​ൾ ന​ട​ക്കു​ന്നു. സം​സാ​രി​ക്കു​ന്നു.

വെ​റു​തെ ഇ​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ വ​ള​ർ​ന്ന ഒ​രാ​ൾ​ക്ക് ക​ട​ൽ പു​തു​മ​യ​ല്ലെ​ങ്കി​ലും ഇ​വി​ടെ ക​ട​ൽ ഒ​രു ചി​ന്ത​യാ​ണ്. ഇ​ത് ശ​ബ്ദ​മു​ള്ള ക​ട​ൽ അ​ല്ല. പ​തു​ക്കെ ചി​ന്തി​പ്പി​ക്കു​ന്ന ക​ട​ലാ​ണ്.

ലി​സ്ബ​ണി​ൽ നി​ന്ന് കു​റ​ച്ച് ദൂ​രം മാ​റി​യാ​ൽ സി​ൻ​ട്ര എ​ന്ന സ്ഥ​ല​ത്തെ​ത്താം. പ​ച്ച​പ്പും പ​ഴ​യ കൊ​ട്ടാ​ര​ങ്ങ​ളും കു​ന്നു​ക​ളും നി​റ​ഞ്ഞ സ്ഥ​ലം. ഇ​വി​ടെ എ​ത്തു​മ്പോ​ൾ പോ​ർ​ച്ചു​ഗ​ലി​ന്‍റെ മ​റ്റൊ​രു മു​ഖം കാ​ണാം.

രാ​ജ​കീ​യ​മാ​യ, ശാ​ന്ത​മാ​യ ഒ​രു മു​ഖം. കാ​സ്കൈ​സ് ക​ട​ലി​നോ​ടു ചേ​ർ​ന്ന ഒ​രു ചെ​റി​യ ന​ഗ​ര​മാ​ണ്. ക​ട​ൽ​ത്തീ​രം, ചെ​റി​യ തു​റ​മു​ഖം, ശാ​ന്ത​മാ​യ ജീ​വി​തം. ഒ​രു വി​ദ്യാ​ർ​ഥി​യാ​യി ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​മ്പോ​ൾ പോ​ർ​ച്ചു​ഗ​ൽ വെ​റും ച​രി​ത്ര​രാ​ജ്യ​മ​ല്ലെ​ന്നു തി​രി​ച്ച​റി​യാം.

പോ​ർ​ച്ചു​ഗീ​സ് ക​വി​ക​ളും ലി​സ്ബ​ണും

ലി​സ്ബ​ണി​നെ മ​ന​സി​ലാ​ക്കാ​ൻ ആ​ളു​ക​ൾ പ​റ​യു​ന്ന ഒ​രു പേ​രു​ണ്ട്, ഫെ​ർ​ണാ​ണ്ടോ പെ​സോ​വ (1888-1935). അ​ദ്ദേ​ഹം വ​ലി​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച ക​വി അ​ല്ല. അ​ദ്ദേ​ഹം സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ചി​ന്ത​ക​ളും ഒ​റ്റ​പ്പെ​ട​ലും ജീ​വി​ത​വും എ​ഴു​തി​യ ആ​ളാ​യി​രു​ന്നു.

ഒ​രു ലി​സ്ബ​ൺ സ്വ​ദേ​ശി ഒ​രി​ക്ക​ൽ എ​ന്നോ​ട് പ​റ​ഞ്ഞു: “ലി​സ്ബ​ൺ മ​ന​സി​ലാ​ക്ക​ണം എ​ങ്കി​ൽ പെ​സോ​വ​യെ വാ​യി​ക്ക​ണം.” ഇ​ത് വ​ള​രെ ല​ളി​ത​മാ​യ വാ​ക്കു​ക​ളാ​ണ്. പ​ക്ഷേ അ​തി​ൽ ന​ഗ​ര​ത്തി​ന്‍റെ മ​ന​സ് മു​ഴു​വ​ൻ ഉ​ണ്ട്.

ലി​സ്ബ​ണി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ എ​നി​ക്ക് തോ​ന്നു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്: ഈ ​ന​ഗ​രം വ​ലി​യ ശ​ബ്ദ​ത്തി​ൽ സം​സാ​രി​ക്കു​ന്നി​ല്ല. പ​തു​ക്കെ ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു. തെ​രു​വു​ക​ൾ, ട്രാ​മു​ക​ൾ, ക​ട​ൽ, ആ​ളു​ക​ൾ, ച​രി​ത്രം എ​ല്ലാം ചേ​ർ​ന്നാ​ണ് ലി​സ്ബ​ൺ. ഇ​വി​ടെ ജീ​വി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യും കേ​ര​ള​വും ദൂ​രെ​യ​ല്ലെ​ന്ന് തോ​ന്നും.

K-Rail Survey

ഫു​ട്ബോ​ൾ: ഒ​രു ക​ളി​യ​ല്ല!

പോ​ർ​ച്ചു​ഗ​ലി​ൽ ഫു​ട്ബോ​ൾ ഒ​രു വി​നോ​ദ​മോ ക​ളി​യോ മാ​ത്ര​മ​ല്ല. ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ക​ഫേ​ക​ളി​ൽ, ബ​സു​ക​ളി​ൽ, വീ​ടു​ക​ളി​ൽ ഫു​ട്ബോ​ൾ സം​സാ​രി​ക്ക​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ വ​ലു​പ്പം ചെ​റു​താ​യാ​ലും ഫു​ട്ബോ​ളി​നോ​ടു​ള്ള ആ​വേ​ശം വ​ള​രെ വ​ലു​താ​ണ്. ബെ​ൻ​ഫി​ക്ക, സ്പോ​ർ​ട്ടിം​ഗ് ലി​സ്ബ​ൺ, പോ​ർ​ട്ടോ ഈ ​ക്ല​ബ്ബു​ക​ൾ ന​ഗ​ര​ങ്ങ​ളു​ടെ പേ​രു​ക​ള​ല്ല, അ​വി​ടു​ത്തെ ആ​ളു​ക​ളു​ടെ തി​രി​ച്ച​റി​വാ​ണ്.

ക്രി​സ്റ്റ്യാ​നോ എ​ന്ന പ്ര​തീ​കം

പോ​ർ​ച്ചു​ഗ​ലി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ വെ​റും ഒ​രു ഫു​ട്ബോ​ൾ താ​രം മാ​ത്ര​മ​ല്ല, ഒ​രു ത​ല​മു​റ​യു​ടെ പ്ര​തീ​ക​മാ​ണ്. ക​ഷ്ട​പ്പാ​ടി​ലൂ​ടെ ഉ​യ​ർ​ന്ന ഒ​രാ​ൾ, സ്വ​ന്തം ക​ഴി​വി​ലൂ​ടെ ലോ​കം കീ​ഴ​ട​ക്കി​യ ഒ​രാ​ൾ.

റൊ​ണാ​ൾ​ഡോ​യു​ടെ പേ​ര് രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ ക​ട​ന്നു പോ​ർ​ച്ചു​ഗ​ലി​നെ ലോ​ക​ത്ത് അ​റി​യ​പ്പെ​ടു​ന്ന പേ​രാ​ക്കി. ഇ​തു പോ​ർ​ച്ചു​ഗീ​സ് ആ​ളു​ക​ൾ​ക്കു വ​ലി​യ അ​ഭി​മാ​ന​മാ​ണ്.

റൊ​ണാ​ൾ​ഡോ ജ​നി​ച്ച​ത് മ​ദെ​യ്റ (Madeira) എ​ന്ന ദ്വീ​പി​ലാ​ണ്. അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​ദ്വീ​പ് പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഭാ​ഗ​മാ​ണ്. മ​ദെ​യ്റ ഒ​രു ടൂ​റി​സ്റ്റ് സ്ഥ​ല​മാ​യി​രു​ന്നെ​ങ്കി​ലും റൊ​ണാ​ൾ​ഡോ​യ്ക്കു ശേ​ഷം അ​തു കൂ​ടു​ത​ൽ അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി.

ഇ​ന്നു മ​ദെ​യ്റ​യെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ൾ ആ​ദ്യം ഓ​ർ​മ വ​രു​ന്ന​ത് റൊ​ണാ​ൾ​ഡോ​യു​ടെ പേ​രാ​ണ്. അ​വി​ടെ റൊ​ണാ​ൾ​ഡോ​യു​ടെ പേ​രി​ൽ മ്യൂ​സി​യ​വു​മു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​നു പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രാ​ണ്.

ഇ​ത് ക​ളി​ക്കാ​ര​നോ​ടു​ള്ള ആ​രാ​ധ​ന​യ​ല്ല, അ​ദ്ദേ​ഹം രാ​ജ്യ​ത്തി​നു ന​ൽ​കി​യ ആ​ഗോ​ള സം​ഭാ​വ​ന​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്. മ​ദെ​യ്റ​യി​ലെ യു​വാ​ക്ക​ളി​ൽ ഫു​ട്ബോ​ളി​നോ​ടു​ള്ള താ​ത്പ​ര്യം റൊ​ണാ​ൾ​ഡോ​യു​ടെ ജീ​വി​ത​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ൽ​ക്കു​ന്നു.

യു​വ​ത്വ​വും റൊ​ണാ​ൾ​ഡോ​യും

പോ​ർ​ച്ചു​ഗ​ലി​ലെ പ​ല യു​വാ​ക്ക​ൾ​ക്കും റൊ​ണാ​ൾ​ഡോ ഒ​രു റോ​ൾ മോ​ഡ​ലാ​ണ്. പ്ര​തി​ഭ മാ​ത്രം മ​തി​യ​ല്ല, അ​ധ്വാ​നം കൂ​ടി വേ​ണം എ​ന്ന ആ​ശ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം തെ​ളി​യി​ക്കു​ന്നു.

ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് റൊ​ണാ​ൾ​ഡോ​യു​ടെ പേ​ര് ത​ന്നെ പ്ര​ചോ​ദ​ന​മാ​ണ്. ഒ​രു വ്യ​ക്തി​യു​ടെ വി​ജ​യം ഒ​രു സ​മൂ​ഹ​ത്തെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണം.

പോ​ർ​ച്ചു​ഗ​ലി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ക്കു​ന്ന ദി​വ​സം ന​ഗ​ര​ത്തി​ന്‍റെ താ​ളം മാ​റും. മ​ത്സ​രം കാ​ണു​ന്ന​ത് ഒ​റ്റ​യ്ക്ക​ല്ല. കൂ​ട്ട​മാ​യാ​ണ്. ക​ഫേ​ക​ളി​ലും വീ​ടു​ക​ളി​ലും ടി​വി​യു​ടെ മു​ന്നി​ൽ ആ​ളു​ക​ൾ ഒ​ന്നി​ക്കു​ന്നു.

ഫു​ട്ബോ​ൾ ഇ​വി​ടെ ഒ​രു​മി​പ്പി​ക്കു​ന്ന ഒ​രു ഘ​ട​ക​മാ​ണ്. പോ​ർ​ച്ചു​ഗ​ലി​നെ മ​ന​സി​ലാ​ക്കാ​ൻ ച​രി​ത്രം മാ​ത്രം മ​തി​യാ​കി​ല്ല. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ആ​ളു​ക​ൾ എ​ന്തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു എ​ന്ന് അ​റി​യ​ണം.

ഫു​ട്ബോ​ൾ ആ ​സം​ഭാ​ഷ​ണ​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്. റൊ​ണാ​ൾ​ഡോ​യും മ​ദെ​യ്റ​യും ആ ​സം​സ്കാ​ര​ത്തി​ന്‍റെ പ്ര​ധാ​ന ചി​ഹ്ന​ങ്ങ​ളാ​ണ്.

K-Rail Survey

സെ​ന്‍റ് ആ​ന്‍റ​ണി: ലി​സ്ബ​ണി​ൽ ജ​നി​ച്ച ലോ​ക​വി​ശു​ദ്ധ​ൻ

കേ​ര​ള​ത്തി​ൽ വ​ള​രെ സു​പ​രി​ചി​ത​മാ​യ ഒ​രു വി​ശു​ദ്ധ​നാ​ണ് സെ​ന്‍റ് ആ​ന്‍റ​ണി. പ​ള്ളി​ക​ളി​ലും വീ​ടു​ക​ളി​ലും ദൈ​നം​ദി​ന പ്രാ​ർ​ഥ​ന​ക​ളി​ലും സെ​ന്‍റ് ആ​ന്‍റ​ണി​യു​ടെ പേ​ര് കേ​ര​ള​ത്തി​ൽ പ​തി​വാ​യി കേ​ൾ​ക്കു​ന്നു.

പ​ക്ഷേ, പ​ല​ർ​ക്കും അ​റി​യാ​ത്ത ഒ​രു കാ​ര്യം ഇ​താ​ണ്: വി​ശു​ദ്ധ അ​ന്തോ​നീ​സ് ജ​നി​ച്ച​ത് ലി​സ്ബ​ണി​ലാ​ണ്. 1195ൽ ​ലി​സ്ബ​ണി​ൽ ജ​നി​ച്ച ഫെ​ർ​ണാ​ണ്ടോ ദി ​ബു​ൽ​യോ​ൻ​സ് എ​ന്ന യു​വാ​വാ​ണ് പി​ന്നീ​ട് ലോ​കം അ​റി​യു​ന്ന സെ​ന്‍റ് ആ​ന്‍റ​ണി​യാ​യ​ത്.

ഇ​ന്ന് ലി​സ്ബ​ണി​ൽ അ​ദ്ദേ​ഹം ജ​നി​ച്ച സ്ഥ​ല​ത്ത് സെ​ന്‍റ് ആ​ന്‍റ​ണി ദ ​ലി​സ്ബ​ൺ എ​ന്ന പേ​രി​ൽ ഒ​രു പ​ള്ളി നി​ല​നി​ൽ​ക്കു​ന്നു. ഈ ​പ​ള്ളി വ​ള​രെ വ​ലി​യ കെ​ട്ടി​ട​മ​ല്ല. ആ​ഡം​ബ​ര​വു​മി​ല്ല.

പ​ക്ഷേ, അ​വി​ടെ എ​ത്തു​ന്ന​വ​ർ വ​ള​രെ ശ്ര​ദ്ധ​യോ​ടെ നി​ശ​ബ്ദ​മാ​യി അ​ക​ത്തു ക​യ​റു​ന്നു. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു. ചി​ല​ർ പ്രാ​ർ​ഥി​ക്കാ​ൻ. ചി​ല​ർ ന​ന്ദി പ​റ​യാ​ൻ.

ചി​ല​ർ വെ​റു​തെ നി​ൽ​ക്കാ​ൻ. കേ​ര​ള​ത്തി​ൽ ഏ​റെ വ​ണ​ങ്ങ​പ്പെ​ടു​ന്ന ഒ​രു വി​ശു​ദ്ധ​ന്‍റെ ജ​ന്മ​നാ​ട് ഇ​വി​ടെ​യാ​ണെ​ന്ന അ​റി​വ് ഈ ​സ്ഥ​ല​ത്തി​നു പ്ര​ത്യേ​ക​മാ​യൊ​രു ബ​ന്ധം ന​ൽ​കു​ന്നു.

ഫാ​ത്തി​മ തീ​ർ​ഥ​കേ​ന്ദ്രം

ലി​സ്ബ​ണി​ൽ നി​ന്ന് വ​ട​ക്കു​കി​ഴ​ക്കോ​ട്ട് ഏ​ക​ദേ​ശം 130 കി​ലോ​മീ​റ്റ​ർ മാ​റി ഫാ​ത്തി​മ എ​ന്ന സ്ഥ​ല​മു​ണ്ട്. പോ​ർ​ച്ചു​ഗ​ലി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും അ​റി​യ​പ്പെ​ടു​ന്ന ഒ​രു തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ണ് ഫാ​ത്തി​മ.

1917ൽ ​ഫാ​ത്തി​മ​യി​ൽ മാ​താ​വാ​യ മ​റി​യം മൂ​ന്നു കു​ട്ടി​ക​ൾ​ക്കു ദ​ർ​ശ​നം ന​ൽ​കി​യ​താ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. ഈ ​സം​ഭ​വ​മാ​ണ് ഫാ​ത്തി​മ​യെ അ​ന്താ​രാ​ഷ്‌​ട്ര തീ​ർ​ഥ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്. ഫാ​ത്തി​മ​യി​ൽ വ​ർ​ഷം മു​ഴു​വ​ൻ ആ​ളു​ക​ൾ എ​ത്തു​ന്നു.

രാ​ജ്യ​ഭേ​ദ​മി​ല്ല, ഭാ​ഷാ​ഭേ​ദ​മി​ല്ല. ചി​ല​ർ കൂ​ട്ട​മാ​യി, ചി​ല​ർ ഒ​റ്റ​യ്ക്ക്. ചി​ല​ർ ന​ട​ന്ന് എ​ത്തു​ന്നു. നി​ശ​ബ്ദ​മാ​യി പ്രാ​ർ​ഥി​ക്കു​ന്നു. ഫാ​ത്തി​മ​യി​ലെ അ​ന്ത​രീ​ക്ഷം വ​ലി​യ ശ​ബ്ദ​ങ്ങ​ളി​ല്ലാ​ത്ത​താ​ണ്.

ഇ​ത് ഒ​രു ടൂ​റി​സ്റ്റ് സ്ഥ​ല​ത്തെ​പ്പോ​ലെ തോ​ന്നു​ന്നി​ല്ല. ഇ​ത് ആ​ളു​ക​ൾ സ്വ​ന്തം വി​ശ്വാ​സ​ങ്ങ​ളു​മാ​യി വ​രു​ന്ന ഒ​രു ഇ​ട​മാ​ണ്.

ഇ​ന്ത്യ​യും ഫാ​ത്തി​മ​യും

ഇ​ന്ത്യ​യി​ൽ​നി​ന്നു പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ൽ​നി​ന്നു ഫാ​ത്തി​മ​യി​ലേ​ക്കു വ​ർ​ഷം​തോ​റും ഒ​ട്ടേ​റെ പേ​ർ എ​ത്തു​ന്നു. പ​ള്ളി​ക​ളി​ലും പ്രാ​ർ​ഥ​ന​ക​ളി​ലും ഫാ​ത്തി​മ​യു​ടെ പേ​ര് കേ​ര​ള​ത്തി​ൽ പ​രി​ചി​ത​മാ​ണ്.

അ​തു​കൊ​ണ്ടാ​ണ് പോ​ർ​ച്ചു​ഗ​ലി​ൽ ജീ​വി​ക്കു​മ്പോ​ൾ ഫാ​ത്തി​മ വെ​റും ഒ​രു സ്ഥ​ല​മാ​യി തോ​ന്നാ​തെ ഒ​രു പ​രി​ചി​ത​മാ​യ പേ​രാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സെ​ന്‍റ് ആ​ന്‍റ​ണി​യും ഫാ​ത്തി​മ​യും പോ​ർ​ച്ചു​ഗ​ലി​ന്‍റെ മ​ത​ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ്.

അ​തോ​ടൊ​പ്പം ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളു​മാ​ണ്. കേ​ര​ള​ത്തി​ൽ ഏ​റെ പ​രി​ചി​ത​മാ​യ വി​ശ്വാ​സ​ങ്ങ​ൾ ഇ​വി​ടെ ച​രി​ത്ര​വും സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​തു പോ​ർ​ച്ചു​ഗ​ലും ഇ​ന്ത്യ​യും വെ​റും ച​രി​ത്ര​ത്തി​ലൂ​ടെ മാ​ത്ര​മ​ല്ല, വി​ശ്വാ​സ​ങ്ങ​ളി​ലൂ​ടെ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് ഓ​ർ​മി​പ്പി​ക്കു​ന്നു.

ഇ​ന്ന​ത്തെ പോ​ർ​ച്ചു​ഗ​ൽ

ലി​സ്ബ​ണി​ൽ ജീ​വി​ക്കു​മ്പോ​ൾ, ന​ഗ​ര​ത്തെ മ​ന​സി​ലാ​ക്കു​ന്ന​ത് കാ​ഴ്ച​ക​ളി​ലൂ​ടെ​യോ ച​രി​ത്ര​ത്തി​ലൂ​ടെ​യോ മാ​ത്ര​മ​ല്ല. ദൈ​നം​ദി​ന ജീ​വി​തം എ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധി​ച്ചാ​ൽ മ​തി.

കു​ടും​ബ​ങ്ങ​ൾ ചെ​റു​താ​ണെ​ങ്കി​ലും ബ​ന്ധ​ങ്ങ​ൾ ശ​ക്തം. ഞാ​യ​റാ​ഴ്ച​ക​ൾ പ​ല​ർ​ക്കും വീ​ട്ടു​കാ​രോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​നു​ള്ള ദി​വ​സ​മാ​ണ്. പു​റ​ത്തു​ള്ള തി​ര​ക്കു​ക​ളേ​ക്കാ​ൾ അ​ക​ത്തെ സ​മ​യം വി​ല​മ​തി​ക്കു​ന്ന ഒ​രു സ​മീ​പ​നം ഇ​വി​ടെ സാ​ധാ​ര​ണ​മാ​ണ്.

മ​ത​വി​ശ്വാ​സം വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​യി തു​ട​രു​മ്പോ​ഴും പ​ള്ളി​ക​ളും തി​രു​നാ​ളു​ക​ളും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ത്ത​ന്നെ നി​ല​നി​ൽ​ക്കു​ന്നു. അ​തു സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണ്.

ച​രി​ത്ര​ത്തെ സൂ​ക്ഷി​ക്കു​ന്ന​തി​ലും പോ​ർ​ച്ചു​ഗ​ലി​നു പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ട്. മ്യൂ​സി​യ​ങ്ങ​ൾ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളാ​യി മാ​ത്രം കാ​ണ​പ്പെ​ടു​ന്നി​ല്ല; ചെ​റി​യ ഇ​ട​ങ്ങ​ളി​ലും ഓ​ർ​മ​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

ച​രി​ത്ര​ത്തെ മ​ഹ​ത്വ​പ്പെ​ടു​ത്തു​ക​യോ മ​റ​ച്ചു​വ​യ്ക്കു​ക​യോ ചെ​യ്യാ​തെ, അ​തു പ​ഠ​ന​ത്തി​നാ​യി തു​റ​ന്നു​വ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ഇ​തോ​ടൊ​പ്പം, കു​ടി​യേ​റ്റ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും ഇ​വി​ടെ സാ​ധാ​ര​ണ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്നു.

പ​ല കു​ടും​ബ​ങ്ങ​ളി​ലും വി​ദേ​ശ​ത്തു ജോ​ലി ചെ​യ്ത അ​നു​ഭ​വ​ങ്ങ​ളു​ണ്ട്. ചി​ല​ർ പു​റ​ത്തേ​ക്കു പോ​കു​ന്നു, ചി​ല​ർ തി​രി​കെ വ​രു​ന്നു. ഈ ​നീ​ക്ക​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളെ​യും ജീ​വി​ത​രീ​തി​ക​ളെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

K-Rail Survey

സ്ത്രീ​ക​ൾ, സ​മ​യ​ക്ര​മം

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം എ​ല്ലാ​യി​ട​ത്തും സ്വാ​ഭാ​വി​ക​മാ​യി കാ​ണാം. ഓ​ഫീ​സു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത​ത്തി​ലു​മൊ​ക്കെ അ​ത് ഒ​രു പ്ര​ത്യേ​ക വി​ഷ​യ​മാ​യി എ​ടു​ത്തു പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലാ​ത്ത വി​ധം സാ​ധാ​ര​ണ​മാ​ണ്.

സ​മ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും ഒ​രു ക്ര​മ​മു​ണ്ട്. അ​പ്പോ​യി​ന്‍റു​മെ​ന്‍റു​ക​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു, ചി​ല കാ​ര്യ​ങ്ങ​ൾ​ക്കു സ​മ​യം എ​ടു​ക്കു​മെ​ങ്കി​ലും പ്ര​ക്രി​യ മു​ന്നോ​ട്ടു പോ​കു​ന്നു. താ​മ​സം കൂ​ടു​ത​ലാ​യി അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലാ​ണ്.

പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പു​തു​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ങ്കി​ട്ട താ​മ​സ​വും സാ​ധാ​ര​ണ കാ​ഴ്ച​ക​ളാ​ണ്. ന​ഗ​രം വ​ള​രു​മ്പോ​ഴും അ​തി​ന്‍റെ പ​ഴ​യ രൂ​പം പൂ​ർ​ണ​മാ​യി വി​ട്ടു​ക​ള​യു​ന്നി​ല്ല.

പ​ത്രം വാ​യി​ക്കു​ന്ന​വ​ർ

ഉ​ത്സ​വ​ങ്ങ​ളും പൊ​തു​ച​ട​ങ്ങു​ക​ളും ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളാ​ണ്. വ​ലി​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളേ​ക്കാ​ൾ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ ഇ​ന്നും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ക​ഫേ​ക​ളി​ൽ പ​ത്രം വാ​യി​ക്കു​ന്ന​വ​രെ​യും മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ വാ​ർ​ത്ത കാ​ണു​ന്ന​വ​രെ​യും ഒ​രു പോ​ലെ കാ​ണാം. പ​ഠ​നം ക്ലാ​സ് മു​റി​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​ക​ളും അ​ക്കാ​ദ​മി​ക് പ​രി​പാ​ടി​ക​ളും പ​രി​ച​യ​ങ്ങ​ളും പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ൽ സ്വാ​ഭാ​വി​ക​മാ​യി ന​ട​ക്കു​ന്നു. ഇ​ന്ന​ത്തെ പോ​ർ​ച്ചു​ഗ​ൽ- ഇ​ന്ത്യ ബ​ന്ധം ച​രി​ത്ര​ത്തി​ലേ​ക്കു മാ​ത്രം ചു​രു​ങ്ങു​ന്നി​ല്ല.

ടൂ​റി​സം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ബ​ന്ധം തു​ട​രു​ക​യാ​ണ്. ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പൊ​തു​വേ ല​ളി​ത​മാ​ണ്. ദി​വ​സേ​ന​യു​ള്ള ഭ​ക്ഷ​ണ​ത്തി​നു വ​ലി​യ ആ​ഡം​ബ​രം ഇ​ല്ല.

കാ​ലാ​വ​സ്ഥ​യും വീ​ടു​ക​ളു​ടെ രൂ​പ​ക​ല്പ​ന​യും ത​മ്മി​ൽ വ്യ​ക്ത​മാ​യ ബ​ന്ധ​മു​ണ്ട്. വെ​ളി​ച്ച​വും കാ​റ്റും ഉ​ൾ​ക്കൊ​ള്ളു​ന്ന രീ​തി​യി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ. ഭാ​ഷ പ​ഠി​ക്കു​ന്ന​ത് ക്ലാ​സ് മു​റി​ക​ളി​ലേ​ക്കാ​ൾ ദി​വ​സേ​ന​യു​ള്ള ഉ​പ​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ്.

ചെ​റി​യ തെ​റ്റു​ക​ളും തി​രു​ത്ത​ലു​ക​ളും പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ആ​ളു​ക​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ പൊ​തു​വേ ഒ​രു സൗ​മ്യ​ത കാ​ണാം. അ​തി​ഥി​യെ ബ​ഹു​മാ​നി​ക്കു​ന്ന​തും സ്വ​കാ​ര്യ​ത മാ​നി​ക്കു​ന്ന​തും ഒ​രു​പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

ഇ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ, ലി​സ്ബ​ൺ ഒ​രേ സ​മ​യം പ​ല​തും പ​ഠി​പ്പി​ക്കു​ന്ന ന​ഗ​ര​മാ​ണ്. വ​ലി​യ പ്ര​സ്താ​വ​ന​ക​ളി​ല്ലാ​തെ, ചെ​റി​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​തു സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​ന​ഗ​ര​ത്തി​ൽ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം, രാ​ജ്യം മാ​ത്ര​മ​ല്ല, സ​മൂ​ഹം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യൊ​രു ചി​ത്രം ന​ൽ​കു​ന്നു.

K-Rail Survey

ച​രി​ത്ര​വും ഇ​ന്നും കൂ​ടി​ച്ചേ​രു​ന്ന ഇ​ട​ങ്ങ​ൾ

ലി​സ്ബ​ണി​ന്‍റെ മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ നീ​ങ്ങു​മ്പോ​ൾ, ന​ഗ​രം ഒ​രേ സ​മ​യം പ​ല കാ​ല​ഘ​ട്ട​ങ്ങ​ളെ മു​ന്നി​ൽ തു​റ​ക്കു​ന്ന​താ​യി തോ​ന്നും. ബെ​ലേം പ്ര​ദേ​ശം അ​തി​ന്‍റെ ഏ​റ്റ​വും വ്യ​ക്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ്.

ടാ​ഗ​സ് ന​ദി​യു​ടെ തീ​ര​ത്ത് നി​ല​കൊ​ള്ളു​ന്ന ഈ ​ഭാ​ഗം, പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക​ട​ൽ​ച​രി​ത്ര​ത്തി​ന്‍റെ നി​ശ​ബ്ദ സാ​ക്ഷി​യാ​ണ്. സ​മീ​പ​ത്തു​ള്ള മൊ​സ്റ്റെ​യ്റോ ദോ​സ് ജെ​റോ​ണി​മോ​സ് (Mosteiro dos Jerónimos) ലി​സ്ബ​ണി​ലെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഇ​വി​ടെ ത​ന്നെ​യാ​ണ് വാ​സ്കോ​ഡ ഗാ​മ​യു​ടെ ഭൗ​തി​ക ശ​രീ​രം സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ കൊ​ച്ചി​യി​ൽ മ​ര​ണ​പ്പെ​ട്ട വാ​സ്കോ​ഡ ഗാ​മ​യു​ടെ ശ​രീ​രം പി​ന്നീ​ട് ലി​സ്ബ​ണി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് ഇ​വി​ടെ അ​ട​ക്കം ചെ​യ്ത​താ​ണ്.

ബെ​ലേ​മി​നോ​ടു ചേ​ർ​ന്ന റ​സ്റ്റേ​ലോ പ്ര​ദേ​ശ​വും ടോ​റേ ദെ ​ബെ​ലേം കോ​ട്ട​യും പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക​ട​ൽ​യാ​ത്ര​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന മ​റ്റൊ​രു മു​ഖ​മാ​ണ്. സ​മീ​പ​ത്തു​ള്ള ജാ​ർ​ദിം ട്രോ​പി​ക്ക​ൽ (Jardim Tropical) പോ​ർ​ച്ചു​ഗ​ലും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ചെ​ടി​ക​ളി​ലൂ​ടെ​യും രൂ​പ​ക​ല്പ​ന​യി​ലൂ​ടെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ശാ​ന്ത​മാ​യ ഇ​ട​മാ​ണ്. ച​രി​ത്രം ഇ​വി​ടെ പു​സ്ത​ക​മാ​യി മാ​ത്രം നി​ല​നി​ൽ​ക്കാ​തെ, സ്ഥ​ല​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു.

ന​ഗ​ര​ത്തി​ന്‍റെ മ​റ്റൊ​രു താ​ളം കൈ​സ് ദോ ​സൊ​ഡ്രേ (Cais do Sodré) ഭാ​ഗ​ത്ത് കാ​ണാം. ഒ​രു കാ​ല​ത്തു തു​റ​മു​ഖ​ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി​രു​ന്ന ഈ ​പ്ര​ദേ​ശം ഇ​ന്നു ക​ഫേ​ക​ളും പൊ​തു​ഗ​താ​ഗ​ത ബ​ന്ധ​ങ്ങ​ളും നി​റ​ഞ്ഞ സ​ജീ​വ​മാ​യ ഇ​ട​മാ​ണ്.

ഇ​വി​ടെ​നി​ന്നു കു​റ​ച്ച് മാ​റി​യാ​ൽ ലാ​ർ​ഗോ കാ​മോ​യി​സ് (Largo Camões) എ​ത്താം. സാ​ഹി​ത്യ​ത്തി​ന്‍റെ​യും ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ​യും കൂ​ടി​ച്ചേ​ര​ൽ പോ​ലെ തോ​ന്നു​ന്ന ഈ ​ച​ത്വ​രം, ലി​സ്ബ​ണി​ന്‍റെ പ​ഴ​യ​തും പു​തു​തു​മാ​യ മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു കേ​ന്ദ്ര​മാ​ണ്.

ബൈ​ഷ​ഷി​യാ​ഡോ (Baixa–Chiado) ഭാ​ഗം ലി​സ്ബ​ണി​ന്‍റെ ക്ര​മ​ബ​ദ്ധ​മാ​യ ന​ഗ​ര​രൂ​പ​ക​ല്പ​ന​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. ഭൂ​ക​മ്പ​ത്തി​നു ശേ​ഷം പു​ന​ർ​നി​ർ​മി​ച്ച ഈ ​പ്ര​ദേ​ശം, വ്യാ​പാ​ര​ത്തി​ന്‍റെ​യും ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ​യും സ​മ​ന്വ​യ​മാ​ണ്. റോ​സി​യോ (Rossio) സ്ക്വ​യ​ർ ന​ഗ​ര​ത്തി​ന്‍റെ പൊ​തു​ജീ​വി​ത​ത്തി​ന്‍റെ ഹൃ​ദ​യ​മാ​യി ഇ​ന്നും തു​ട​രു​ന്നു. വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന സാ​മൂ​ഹി​ക സം​ഭ​വ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഈ ​ച​ത്വ​ര​ത്തി​ൽ പ​ട​ർ​ന്നു​കി​ട​ക്കു​ന്നു.

അ​വ​നി​ദ ദ ​ലി​ബ​ർ​ഡാ​ഡെ (Avenida da Liberdade) ലി​സ്ബ​ണി​ന്‍റെ ആ​ധു​നി​ക മു​ഖ​മാ​ണ്. വീ​തി​യേ​റി​യ റോ​ഡും മ​ര​നി​ര​ക​ളും ന​ഗ​ര​ത്തി​ന്‍റെ മ​റ്റൊ​രു ശ്വാ​സ​വേ​ഗം കാ​ണി​ക്കു​ന്നു. അ​തി​ന്‍റെ അ​റ്റ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന പാ​ർ​ക്ക് എ​ഡ്വാ​ർ​ഡോ VII ന​ഗ​ര​ത്തെ നോ​ക്കി​ക്കാ​ണാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന ശാ​ന്ത​മാ​യ ഇ​ട​മാ​ണ്. ഇ​വി​ടെ​നി​ന്ന് ലി​സ്ബ​ണി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാം.

അ​മോ​റെ​റാ​സ് (Amoreiras) പ്ര​ദേ​ശം ആ​ധു​നി​ക ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളും താ​മ​സ​മേ​ഖ​ല​ക​ളും ഒ​ന്നി​ച്ചു നി​ല​നി​ൽ​ക്കു​ന്ന ഈ ​ഭാ​ഗം, ലി​സ്ബ​ൺ വെ​റും പ​ഴ​യ ന​ഗ​രം മാ​ത്ര​മ​ല്ലെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്നു. പ്രി​ൻ​സി​പ്പെ റി​യാ​ൽ (Príncipe Real) പ്ര​ദേ​ശം അ​തി​ന്‍റെ തു​റ​ന്ന ഇ​ട​ങ്ങ​ളും പാ​ർ​ക്കു​ക​ളും സാ​മൂ​ഹി​ക ജീ​വി​ത​വും​കൊ​ണ്ട് വേ​റി​ട്ടൊ​രു സ്വ​ഭാ​വം പു​ല​ർ​ത്തു​ന്നു. ഇ​വി​ടെ ന​ഗ​രം അ​ല്പം മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​തു​പോ​ലെ തോ​ന്നും.

ഇ​ങ്ങ​നെ, ലി​സ്ബ​ണ​ന്‍റെ ഈ ​മ​ധ്യ​ഭാ​ഗ​ങ്ങ​ൾ ഓ​രോ​ന്നും ഓ​രോ ക​ഥ പ​റ​യു​ന്ന ഇ​ട​ങ്ങ​ളാ​ണ്. ചി​ല​ത് ക​ട​ൽ​യാ​ത്ര​ക​ളു​ടെ ഓ​ർ​മ​ക​ൾ സൂ​ക്ഷി​ക്കു​ന്നു, ചി​ല​ത് സാ​ഹി​ത്യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ന്‍റെ​യും അ​ട​യാ​ള​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നു, ചി​ല​ത് ഇ​ന്ന​ത്തെ ന​ഗ​ര​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. ഈ ​സ്ഥ​ല​ങ്ങ​ൾ ഒ​രു​മി​ച്ച് ചേ​ർ​ന്ന​പ്പോ​ഴാ​ണ് ലി​സ്ബ​ൺ പൂ​ർ​ണ​മാ​കു​ന്ന​ത്.

K-Rail Survey

ക​ത്തോ​ലി​ക്ക സ​ർ​വ​ക​ലാ​ശാ​ല​യും ലി​സ്ബ​ണും

ഇ​ന്ന​ത്തെ ലി​സ്ബ​ണി​നെ മ​ന​സി​ലാ​ക്കു​മ്പോ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​തി​ൽ വ​ലി​യ പ​ങ്കു​ണ്ട്. പോ​ർ​ച്ചു​ഗ​ലി​ലെ പ്ര​ധാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യ ക​ത്തോ​ലി​ക്ക സ​ർ​വ​ക​ലാ​ശാ​ല, പോ​ർ​ച്ചു​ഗ​ൽ (Universidade Católica Portuguesa) ഈ ​ന​ഗ​ര​ത്തി​ന്‍റെ ബൗ​ദ്ധി​ക ജീ​വി​ത​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ്.

സാ​മൂ​ഹ്യ​ശാ​സ്ത്ര​ങ്ങ​ൾ, വൈ​ദ്യ​ശാ​സ്ത്രം, ആ​ശ​യ​വി​നി​മ​യ പ​ഠ​ന​ങ്ങ​ൾ, മാ​ന​വ​ശാ​സ്ത്ര​ങ്ങ​ൾ, നി​യ​മം, സാ​മ്പ​ത്തി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഈ ​സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും പോ​ർ​ച്ചു​ഗ​ലി​ന്‍റെ പൊ​തു​ച​ർ​ച്ച​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.

അ​ത് അ​റി​വി​നെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​യും കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന ഒ​രു വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​മാ​യി നി​ല​കൊ​ള്ളു​ന്നു. ലി​സ്ബ​ണി​ൽ പ​ഠി​ക്കു​മ്പോ​ൾ, ഈ ​സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് ലോ​ക​വും സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധം എ​ത്ര പ്ര​ധാ​ന​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ന​ട​ത്തു​ന്ന സം​വാ​ദ​ങ്ങ​ൾ, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ ഇ​വ​യൊ​ക്കെ ലി​സ്ബ​ണി​ന്‍റെ ബൗ​ദ്ധി​ക അ​ന്ത​രീ​ക്ഷ​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്നു. ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത് ഒ​രു അ​ക്കാ​ദ​മി​ക് അ​നു​ഭ​വം മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ ചി​ന്താ​ശൈ​ലി അ​ടു​ത്താ​യി അ​റി​യാ​നു​ള്ള അ​വ​സ​ര​വു​മാ​ണ്.

ലേഖകൻ ലി​സ്ബ​ൺ ക​ത്തോ​ലി​ക്കാ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥിയാണ്.

Tags : Portugal Europe Special News travel fathima chr Cristiano Ronaldo Portuguese footballer CR7 st antony football Lisbon

Recent News

Up