TRAVEL
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം നേടിയ സോമനെ കാണണോ... ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങൾക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം.
അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം. കിഫ്ബി അനുവദിച്ച ഏഴ് കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം.
നെയ്യാർ വന്യജീവിസങ്കേതത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനകൾ സഞ്ചാരികൾക്ക് കൗതുകവും അത്ഭുതവുമാകുന്നു. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിർക്കാറ്റും ഒക്കെ ഇണചേരുന്ന ഈ വനതാഴ് വാരം കാണാൻ എത്തുന്നവർ മടങ്ങുന്നത് അനൽപ്പമായ അനുഭൂതിയോടെയാണ്.
TRAVEL
മഴയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന കർണാടകയിലെ ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുകൂടിയാണ്, ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലകളുടെ സ്വാഭാവിക ആവാസകേന്ദ്രംകൂടിയാണ് അഗുംബൈ.
മഴക്കാടുകളുടെ രാജാവ്
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗുംബെയിലെ നിത്യഹരിത വനങ്ങളാണ് രാജവെമ്പാലകളുടെ പ്രധാന താവളം. പശ്ചിമഘട്ടത്തിലെ ഈ വനമേഖലയിൽ രാജവെമ്പാലകളെ സംരക്ഷിക്കാനും പഠിക്കാനുമായി സ്ഥാപിച്ച അഗുംബെ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (ARRS) ലോകപ്രശസ്തമാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ റോമുലസ് വിറ്റാക്കറാണ് 2005ൽ ഈ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.
ഒരു കാലത്തു രാജവെമ്പാലകളെ കണ്ടാൽ തല്ലിക്കൊന്നിരുന്ന ഒരു ഗ്രാമമായിരുന്നു അഗുംബെ. എന്നാൽ, ഇന്നു സ്ഥിതി മാറി. വനംവകുപ്പും ARRS-ലെ പ്രവർത്തകരും ചേർന്നു നടത്തിയ നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി, ഇന്നു നാട്ടുകാർ പാമ്പുകളെ കാണുമ്പോൾ അവയെ ഉപദ്രവിക്കാതെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നു. പാമ്പുകളെ ഭയപ്പെടേണ്ടതില്ല, മറിച്ച് അവയെ മനസിലാക്കുകയാണ് വേണ്ടത്- എന്ന സന്ദേശമാണ് ഗവേഷകർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റേഡിയോ ടെലിമെട്രി ഉപയോഗിച്ചു രാജവെമ്പാലകളുടെ സഞ്ചാരപഥവും സ്വഭാവവും പഠിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം കൂടിയാണിത്. തങ്ങളുടെ ഭൂമിയിൽ രാജവെന്പാലകൾ കൂടുകൂട്ടുകയും മുട്ടയിടുകയും ചെയ്യുന്നതൊക്കെ അപ്പപ്പോൾത്തന്നെ ഭൂഉടമകൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കും. അവർ പിന്നീട് മുട്ട വിരിയുന്ന കുഞ്ഞുങ്ങളെ മേഗരാവല്ലി വനത്തിലേക്കു തുറന്നുവിടും.
കാണാൻ നിരവധി
വെറുമൊരു പാമ്പ് ഗവേഷണ കേന്ദ്രം എന്നതിലുപരി, ജൈവവൈവിധ്യത്തിന്റെ കലവറയാണ് അഗുംബെ. അറേബ്യൻ കടലിന്റെ പശ്ചാത്തലത്തിൽ കാണുന്ന അഗുംബെയിലെ സൂര്യാസ്തമയം അതിമനോഹരമാണ്. ബർക്കാന, ഓണബ്ബെ, കുഡ്ലു തീർഥ തുടങ്ങിയ വെള്ളച്ചാട്ടങ്ൾ വനത്തിനുള്ളിലെ മാസ്മരിക കാഴ്ചകളാണ്.
ആർ.കെ. നാരായണന്റെ പ്രശസ്തമായ മാൽഗുഡി ഡേയ്സ് എന്ന പരമ്പര ചിത്രീകരിച്ചത് ഈ കൊച്ചു ഗ്രാമത്തിലായിരുന്നു എന്നത് ഇന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
പ്രധാന ഭീഷണി
കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് ഇന്ന് അഗുംബെ നേരിടുന്ന പ്രധാന ഭീഷണി. പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും അനിവാര്യമാണ്. മഴ നനഞ്ഞ മണ്ണും, കാടിന്റെ നിഗൂഢതയും രാജവെമ്പാലകളുടെ ഗാംഭീര്യവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും അഗുംബെ ഒരു പ്രധാനകേന്ദ്രമാണ്. കാടിനെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മലയോര ഗ്രാമം നമ്മെ പഠിപ്പിക്കുന്നു.
എപ്പോൾ സന്ദർശിക്കാം
അഗുംബെയുടെ ഭംഗി ഓരോ കാലത്തും ഓരോ രീതിയിലാണ്. താത്പര്യമനുസരിച്ച് സമയം തിരഞ്ഞെടുക്കാം.
മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ): മഴക്കാടുകളുടെ യഥാർഥഭാവം കാണണമെങ്കിൽ ഈ സമയത്തു പോകണം. വെള്ളച്ചാട്ടങ്ങൾ അതിന്റെ പൂർണരൂപത്തിൽ കാണാം. എന്നാൽ, കനത്ത മഴയും അട്ടകളുടെ ശല്യവും യാത്ര ദുഷ്കരമാക്കിയേക്കാം. ട്രെക്കിംഗിനു നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശൈത്യകാലം (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ): സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം. ട്രെക്കിംഗിനും സൈറ്റിംഗിനും ഏറ്റവും നല്ലത് ഈ മാസങ്ങളാണ്.
വേനൽക്കാലം (മാർച്ച് മുതൽ മെയ് വരെ): കാടിനുള്ളിലെ ചൂട് അല്പം കൂടുതലായിരിക്കും. ഈ സമയവും സന്ദർശനത്തിന് അനുയോജ്യമാണ്.
TRAVEL
അരുത് കാട്ടാളാ അരുത് എന്ന് വേടനോട് മഹാമുനി പറഞ്ഞത് പുതിയ വേടന്മാരോട് ഇപ്പോഴും വീണ്ടും വീണ്ടും പറയേണ്ടി വരുന്നു. ആരവല്ലി മലനിരകൾ ഈ ഭൂമുഖത്ത് നിന്ന് തച്ചുടച്ച് നീക്കപ്പെടുമോ എന്ന ആശങ്ക ശക്തമാകുമ്പോൾ ഏകദേശം 670 ദശലക്ഷം വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ആരവല്ലി പർവതനിരകൾ കാത്തു സംരക്ഷിക്കാൻ കൂട്ടായ്മകൾ പലതും ശക്തിപ്പെടുകയാണ്.
സർവം പ്രകൃതിമയമാണ് ആരവല്ലി കുന്നുകളിൽ. ഹിമാലയൻ പർവതനിരകൾക്ക് മുമ്പുള്ളതാണ് ആരവല്ലി കുന്നുകൾ എന്ന് പറയപ്പെടുന്നു. ഇത് ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിരകളിൽ ഒന്നായാണ് കണക്കാക്കുന്നത്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പർവത നിരയാണ് ആരവല്ലി. സഞ്ചാരികളെ ആകർഷിക്കുന്ന കൂറ്റൻ പർവതനിരകൾ, പച്ചപ്പില്ലാത്ത പരുക്കൻ കുന്നുകൾ, പേടിപ്പെടുത്തുന്ന പാറക്കെട്ടുകൾ, അപൂർവ സസ്യജാലങ്ങൾ.. അതിനെ ഏതു പർവതനിരകൾക്കും അവകാശപ്പെടാവുന്ന സവിശേഷതകളെല്ലാം ആരവല്ലിക്കും സ്വന്തം.
വടക്കുകിഴക്കൻ ദിശയിൽ ഏകദേശം 692 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആരവല്ലി പർവതനിര, ഇന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഡൽഹിയിൽ അവസാനിക്കുന്നു, അതുകൊണ്ടുതന്നെ ഈ പർവതനിരകൾ നീണ്ടുകിടക്കുന്ന പ്രദേശങ്ങളുടെ പരിസ്ഥിതിയിലും ഇവ നിർണായക പങ്ക് വഹിക്കുന്നു.
ആരവല്ലി കുന്നുകളിലെ ഖനനം ഈ സംസ്ഥാനങ്ങളെയെല്ലാം ബാധിക്കും എന്നാണ് പ്രകൃതി സ്നേഹികൾ വാദിക്കുന്നത്. ആരവല്ലി കുന്നുകൾ വെറും പർവതനിരകൾ മാത്രമല്ല.
പ്രകൃതിയുടെ നിലനിൽപ്പിനായി പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള രക്ഷാകവചമാണത്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വളരെ സുപ്രധാനമായ പങ്ക് ആരവല്ലി കുന്നുകൾ വഹിക്കുന്നുണ്ടെന്നാണ് പറയുന്നത്. വ്യത്യസ്തമായ ആവാസ വ്യവസ്ഥകളെ ആരവല്ലി കുന്നുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ജൈവവൈവിധ്യത്താൽ സമ്പന്നമായ ആരവല്ലികൾ വരണ്ട ഇലപൊഴിയും വനങ്ങൾ, കുറ്റിച്ചെടികൾ, പുൽമേടുകൾ, അതുപോലെ നിരവധി ഇനം സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയുൾപ്പെടെ വിവിധതരം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. മറ്റൊരു അർഥത്തിൽ വിശേഷിപ്പിച്ചാൽ ഇന്ത്യയുടെ ആമസോൺ കാടുകളാണ് ആരവല്ലി കുന്നുകൾ.
വരണ്ട കാലാവസ്ഥയാണ് ആരവല്ലിയിൽ. അതുകൊണ്ടുതന്നെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ പകിട്ട് അവകാശപ്പെടാൻ ഇല്ലെങ്കിലും ധാരാളം പേർ ആരവല്ലി കുന്നുകള്‍ കാണാൻ എത്തുന്നുണ്ട്.
ആരവല്ലി പർവതനിരകൾ ഈ പ്രദേശത്തിന്റെ ഒരു നിർണായക ജലസംഭരണ പ്രദേശമാണ്. നദികൾ, തടാകങ്ങൾ, ഭൂഗർഭജല റീചാർജ് എന്നിവയുടെ ഉറവിടമായി പ്രവർത്തിക്കുന്നു.
ഈ ശ്രേണിയിലെ കുന്നുകളും താഴ്വരകളും മഴവെള്ളം പിടിച്ചെടുത്ത് കൃഷി, കുടിവെള്ളം, വന്യജീവി ആവാസ വ്യവസ്ഥകൾ എന്നിവയ്ക്ക് സുപ്രധാനമായ സബർമതി, ലൂണി, ബനാസ് തുടങ്ങിയ നദികളിലേക്ക് ഒഴുക്കിവിടുന്നു.
ഈ നദികളുടെ പ്രധാന ജലസ്രോതസാണ് ആരവല്ലി കുന്നുകൾ എന്നു പറയാം. ജലത്തിനായി ഈ നദികളെ ആശ്രയിച്ച് കഴിയുന്നവർക്ക് നീരനുഗ്രഹം ചെയ്യുന്ന മലനിരകളാണ് ആരവല്ലി.
ആരവല്ലി പർവതനിരകൾ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്താൽ സമ്പന്നമാണ്. ചരിത്രത്തിന്റെ കാലടിപ്പാടുകൾ പിന്തുടരുന്നവർക്ക് ആരവല്ലി പ്രിയപ്പെട്ട ഇടം തന്നെ. നിരവധി പുരാവസ്തു സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, കോട്ടകൾ എന്നിവ ആരവല്ലിയുടെ വിശാലമായ ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്നുണ്ട്.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രശേഷിപ്പുകളും അവശിഷ്ടങ്ങളും നിറഞ്ഞ ഇടമാണ് ആരവല്ലി. പുരാതന നാഗരികതകൾ ഈ പ്രദേശത്ത് അവയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
TRAVEL
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി.
പാഞ്ചാലിമേട്ടില്‍ 2552, 2251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4211, 3874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യു പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
TRAVEL
തെക്കിന്റെ കാഷ്മീർ മൂന്നാർ അതിശൈത്യത്തിലേക്ക്, സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും മൂന്നാറിൽ അനുഭവപ്പെടുന്നുണ്ട്.
മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ വ്യാപകമായി മൂന്നാറിലെത്തിത്തുടങ്ങി.
മൂന്നാർ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.
പ്രദേശത്തെ പുൽമേടുകളിൽ മഞ്ഞുവീണതോടെ ഇത് സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ദൃശ്യവിരുന്നായി മാറി. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് അടുത്ത ദിവസങ്ങളിൽ വർധിക്കും.
TRAVEL
ലോകം ചുറ്റുന്ന സഞ്ചാരികൾക്ക് ഓരോ രാജ്യത്തോടും പ്രത്യേക ഇഷ്ടമാണ്. അതിനവർ മാർക്ക് ഇടുകയും ചെയ്യും. ഓരോ രാജ്യത്തെയും സൗകര്യങ്ങൾ, സമ്പ്രദായങ്ങൾ, അവിടുത്തെ ജനങ്ങളുടെ ഇടപെടലുകൾ, ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സഞ്ചാരികളുടെ ഗുഡ് ബുക്കിൽ കയറാൻ രാജ്യങ്ങളെ സഹായിക്കാറുണ്ട്.
അപ്പോൾ പിന്നെ ഏതൊക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങൾ എന്ന് കണ്ടെത്തേണ്ട. ലോകത്തിലെ മികച്ച പത്തുരാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി 2025ലെ കോണ്ടെ നാസ്റ്റ് ട്രാവലര്‍ റീഡേഴ്സ് ചോയ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ ലോകസഞ്ചാരികൾക്ക് അതൊരു വലിയ ടൂർ ഗൈഡ് ആയി മാറി.
ഏതൊക്കെയാണ് ലോകത്തിലെ ആ പത്തു രാജ്യങ്ങൾ എന്ന് നോക്കാം.
നമ്പര്‍ വണ്‍ ജപ്പാന്
ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ജപ്പാനാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ജപ്പാന് ഒന്നാം സ്ഥാനത്ത് എത്തുന്നത്.
പ്രകൃതി സൗന്ദര്യം, സംസ്കാരം, ഭക്ഷണ വൈവിധ്യങ്ങള്‍, ആതിഥ്യമര്യാദ എന്നിവയാണ് ജപ്പാന് ജനപ്രീതി നേടുന്നതിന് കാരണമെന്ന് സഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നു.
TRAVEL
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ച് വിലങ്ങന്നൂരെത്തിയാൽ പിന്നെ നിശ്ചിതദൂരം വരെയേ വാഹനം പോകൂ. അവിടെനിന്നു കാൽനടയായി കാടിന്റെ ഗന്ധമുള്ള കാറ്റും കിളികളുടെ പാട്ടും കാട്ടുവള്ളികൾ തൂങ്ങിക്കിടക്കുന്ന മരങ്ങളുമൊക്കെ കണ്ടു നീങ്ങാം.
കൂറ്റൻ പാറകളും ഇവിടെ കാണാം. സാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ രസിക്കും.
TRAVEL
നയനമനോഹരമായ പറവക്കയം വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ കുഞ്ഞൻ വെള്ളച്ചാട്ടമെന്നും ഇതറിയപ്പെടുന്നുണ്ട്.
വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര-ദേവരുപാര കൂടി നാളിയാനിക്കു പോകുന്ന പാതയിൽ കിഴക്കൻ മലയിലേയ്ക്കുള്ള റോഡരികിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
വലിയ ഉയരത്തിലല്ലാത്ത പാറക്കെട്ടിൽനിന്ന് പറവക്കയം തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം താഴേയ്ക്കു തട്ടുതട്ടായി പതിക്കുന്ന കാഴ്ച ആരെയും ആകർഷിക്കുന്നു. വെള്ളച്ചാട്ടത്തിന് ചുറ്റം നിറയെ കാട്ടുമരങ്ങളും ചേലകളുമാണ്.
വെള്ളം താഴേക്കു പതിക്കുമ്പോഴുള്ള മഞ്ഞും കാട്ടുചോലത്തണലും ഇതിനിടയിലൂടെ കടന്നു വരുന്ന സൂര്യരശ്മികൾ മഞ്ഞിൽ തട്ടി വിരിയുന്ന മഴവില്ലും കൂടിയാകുന്പോൾ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കാണാകാഴ്ചകളുടെ വേറിട്ട അനുഭവമാണ് സൃഷ്ടിക്കുന്നത്.
സിനിമഷൂട്ടിംഗ്, ഫോട്ടോഷൂട്ട് എന്നിവയ്ക്കും ഏറെ അനുയോജ്യമാണ്. റോഡിനോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.
അപകടസാധ്യതയും കുറവാണ്. അതിനാൽ വെള്ളത്തിലിറങ്ങി നീന്താനും കഴിയും. തൊടുപുഴയിൽനിന്നു വെള്ളിയാമറ്റം പൂച്ചപ്ര വഴിയും ഇടുക്കി ഭാഗത്തുനിന്നു കുരുതിക്കുളത്തനിന്നു തിരിഞ്ഞ് പൂച്ചപ്ര വഴിയും ഇവിടെയെത്താനാകും.
TRAVEL
ദീര്‍ഘദൂരയാത്രകള്‍ക്ക് ട്രെയിനില്ലാതെ മലയാളികള്‍ക്ക് എന്താഘോഷം. ഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ.
ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.
ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ
9,000ത്തോളം ട്രെയിനുകൾ
ഇന്ത്യയിൽ വിവിധ തരത്തിലുള്ള 9,000ത്തോളം ട്രെയിനുകൾ സര്‍വീസ് നടത്തുന്നുണ്ട്. അവയെ വേഗവും സൗകര്യങ്ങളുമനുസരിച്ച് വിവിധ ഇനങ്ങളാക്കി തിരിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേ ഭാരത്.
തുരന്തോ എക്സ്പ്രസുകളും രാജധാനി എക്സ്പ്രസുകളുമാണ് മറ്റു വേഗം കൂടിയ ട്രെയിനുകൾ. വേഗത്തിൽ അടുത്ത സ്ഥാനങ്ങൾ ശതാബ്ദി, ജനശതാബ്ദി, ഗരീബ് രഥ് ട്രെയിനുകള്‍ക്കാണ്.
സൂപ്പർഫാസ്റ്റ് മെയിൽ/എക്സ്പ്രസ്, മെയിൽ/എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ, പാസഞ്ചർ എന്നിവയാണ് മറ്റു ട്രെയിനുകൾ.
നഗരങ്ങളിൽ പ്രത്യേക നഗരപ്രാന്ത ട്രെയിനുകളും നിലവിലുണ്ട്. ഇത്തരം സര്‍വീസുകളിൽ പ്രധാനപ്പെട്ടതാണ് മെട്രോ ട്രെയിനുകള്‍.
സേവനങ്ങള്‍ അറിയാം…
യാത്രാസേവനങ്ങള്‍ക്ക് പുറമേ ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.
ടിക്കറ്റ് ബുക്കിംഗിന് സ്റ്റേഷനുകളിൽ നേരിട്ടെത്തി ടിക്കറ്റെടുക്കുന്ന സംവിധാനമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ദീർഘദൂര യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതാണ് നല്ലത്.
ടിക്കറ്റ് ബുക്കിംഗിന് നിരവധി ആപ്പുകളും പോർട്ടലുകളും നിലവിലുണ്ട്. ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഐആർസിടിസിയുടെ എന്ന പോർട്ടൽ വഴിയും റെയിൽ വൺ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
കൂടാതെ, റെയിൽ യാത്രി പോർട്ടൽ, പേടിഎം, ഇക്സിഗോ, മേക്ക് മൈ ട്രിപ്, റെഡ് ബസ് തുടങ്ങിയവ വഴിയും ടിക്കറ്റെടുക്കാം. ജനറൽ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ യുടിഎസ് ആപ് വഴിയും സ്റ്റേഷനുകളിലെ എടിവിഎം മെഷീനുകൾ വഴിയും വാങ്ങാം.
യാത്രയിൽ ടിക്കറ്റിന് പുറമേ തിരിച്ചറിയൽ കാർഡും കൈയിൽ കരുതാൻ ശ്രദ്ധിക്കണം.വിദ്യാർഥികൾ, അംഗപരിമിതർ, രോഗികൾ എന്നിവർക്ക് ടിക്കറ്റ് നിരക്കിൽ ആനുകൂല്യങ്ങളുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രിഫറൻസ് നൽകണം
അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്ക് പ്രത്യേക ബെർത്ത് അല്ലെങ്കിൽ സീറ്റ് ആവശ്യമില്ലെങ്കിൽ മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതിയാകും.
വിൻഡോ സീറ്റ്, ഇഷ്ടമുള്ള ബെർത്ത് തുടങ്ങിയവ വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനായി പ്രിഫറൻസ് നൽകണം. ബുക്ക് ചെയ്ത ടിക്കറ്റ് ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ റീഫണ്ടിന് യോഗ്യതയുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ കാൻസൽ ചെയ്താൽ മാത്രമാണ് റീഫണ്ട് ലഭിക്കുക. വെയിറ്റിംഗ് ലിസ്റ്റ് ട്രെയിനിലെ എല്ലാ സീറ്റുകളും ബെർത്തുകളും മറ്റുള്ളവർ ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ‘വെയിറ്റിംഗ് ലിസ്റ്റ്’ ടിക്കറ്റാണ് ലഭിക്കുക.
മറ്റു യാത്രികർ ടിക്കറ്റ് റദ്ദാക്കിയാലാണ് വെയിറ്റിങ് ലിസ്റ്റിലെ നിങ്ങളുടെ ടിക്കറ്റ് സ്ഥിരീകരിക്കുക. ആർഎസി ടിക്കറ്റുകൾ ആർഎസി (റിസർവേഷൻ എഗൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റുകളിൽ ഒരു ബെർത്തിൽ രണ്ടു യാത്രികർക്ക് യാത്രചെയ്യാൻ അനുവാദമുണ്ട്.
സ്ഥിരീകരിച്ച ടിക്കറ്റുള്ളവർ യാത്ര ചെയ്യുന്നില്ലെങ്കിൽ, അവരുടെ ബെർത്ത് മറ്റു യാത്രികർക്ക് ആർഎസി ആയി നൽകും.
തത്കാൽ ടിക്കറ്റുകൾ
അടിയന്തര സാഹചര്യങ്ങളിൽ യാത്രയ്ക്കായി ടിക്കറ്റുകൾ ലഭ്യമാക്കാനുള്ള റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. ഏകദേശം എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാലിനായി നീക്കിവെക്കാറുണ്ട്.
ഐആർസിടിസി അക്കൗണ്ടും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചവർക്കാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. പാസഞ്ചർ റിസർവേഷൻ കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴിയും എളുപ്പത്തിൽ ടിക്കറ്റെടുക്കാം. യാത്രക്കാരുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാണ് ബുക്കിംഗ് പൂർത്തിയാക്കേണ്ടത്.
യാത്രയ്ക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാൻ സാധിക്കൂ. യാത്രക്കാരല്ലാത്തവർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുമ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കണം. സ്റ്റേഷനിൽനിന്ന് നേരിട്ടോ യുടിഎസ്, റെയിൽ വൺ ആപ്പുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങാം.
റെയിൽ വൺ ആപ്പുകളിലും പോർട്ടലുകളിലുമായി ലഭിച്ചിരുന്ന റെയിൽവേയുടെ വിവിധ സേവനങ്ങൾ ‘റെയിൽ വൺ’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾക്ക് ഇനി ഈ ആപ്പിനെ ആശ്രയിച്ചാൽ മതിയാകും.
റെയിൽ കണക്ട്, യുടിഎസ് ആപ്പുകളുടെ ഉപഭോക്താക്കൾക്ക് അതിലെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. വിവിധ ക്ലാസുകൾയാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ക്ലാസുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്.
യാത്രയുടെ സ്വഭാവം, ദൈർഘ്യം, സാമ്പത്തികം, കാലാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയാണ് ട്രെയിൻ ക്ലാസുകൾ തെരഞ്ഞെടുക്കേണ്ടത്.
പാഴ്സല്‍ സര്‍വീസ്
റെയിൽവേയുടെ പാഴ്സല്‍ സര്‍വീസ് സര്‍വീസ് വഴി നിങ്ങളുടെ സാധനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കയയ്ക്കാം. പഴങ്ങളും പച്ചക്കറികളും മുതൽ മോട്ടോർ സൈക്കിളുകളും റിക്ഷകളും വരെ കയറ്റിയയക്കാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽനിന്ന് വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താം. സാധാരണ എല്ലാ പാസഞ്ചർ ട്രെയിനുകളിലും പാർസൽ സർവിസുണ്ട്. കൂടാതെ, പാർസൽ സ്പെഷൽ ട്രെയിനുകളും നിലവിലുണ്ട്.
അവയുടെ വിശദാംശങ്ങൾ റെയിൽവേയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.തപാൽ വകുപ്പുമായി സഹകരിച്ചുള്ള വാതിൽപ്പടി പാർസൽ സേവനവും ലഭ്യമാണ്.
TRAVEL
രൂപകല്പന ജോണ്‍ കോ
ഓസ്ട്രേലിയൻ സൂ ഡിസൈനറായ ജോണ്‍ കോ രൂപകല്പന നിർവഹിച്ച പാർക്കാണിത്. വനംവകുപ്പിന്റെ 336 ഏക്കർ സ്ഥലത്ത്, കാടിന്റെ വന്യത ചോരാതെ പക്ഷി-മൃഗാദികൾക്ക് അനുയോജ്യമായ 23 ആവാസ ഇടങ്ങൾ ഒരുക്കിയിരിക്കുന്നു.
ആഫ്രിക്കൻ സുളു ലാൻഡ് സോണ്‍, കൻഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനത്തിനും വെവ്വേറെ ആവാസ വ്യവസ്ഥകളുണ്ട്. രാത്രിയിൽമാത്രം പുറത്തിറങ്ങുന്ന പക്ഷികൾ, ഉരുക്കൾ എന്നിവയ്ക്കും പ്രത്യേക സോണ്‍ ഉണ്ട്. മാനുകൾക്കായി സഫാരി പാർക്ക്, ഹോളോഗ്രാം സൂ, പെറ്റ് സൂ എന്നിവയുമുണ്ട്. സഞ്ചാരികളിൽനിന്ന് അകലംപാലിക്കാനും സുരക്ഷയുറപ്പാക്കാനും കിടങ്ങുകളുണ്ട്.
തൃശൂർ മൃഗശാലയിൽനിന്നുള്ള മൃഗങ്ങൾക്കുപുറമേ, തമിഴ്നാട്-കർണാടകയിൽനിന്ന് വെള്ളക്കടുവ, മഞ്ഞ അനാക്കോണ്ട എന്നിവയെ എത്തിക്കും. വിദേശത്തുനിന്ന് പച്ച അനാക്കോണ്ട, ജിറാഫ്, സീബ്ര എന്നിവയും എത്തും. നാലര കിലോമീറ്റർ ചുറ്റിക്കറങ്ങി കാണാൻ കാഴ്ചകളുണ്ട്. അഞ്ചു കേന്ദ്രങ്ങളിൽ കഫറ്റേരിയയുമുണ്ട്.
15 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ക്രമീകരണങ്ങൾ പാർക്കിലുണ്ട്. ദിവസവും ഏഴുലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. 500 കെവി സബ്സ്റ്റേഷനു പുറമേ സോളാർ സംവിധാനവും വൈദ്യുതിക്കായി ഒരുക്കി. പാർക്ക് തുറക്കുന്നതോടെ തൃശൂർ ടൂറിസം കോറിഡോറിന്റെ പ്രധാനപ്പെട്ട ഇടമായി പുത്തൂർ മാറും.
പാർക്ക് നിർമിക്കാൻ പ്ലാൻ ഫണ്ടിൽനിന്ന് 40 കോടിയും കിഫ്ബിയിൽനിന്ന് രണ്ടാംഘട്ടത്തിന് 122 കോടിയും മൂന്നാംഘട്ടത്തിനു 208.5 കോടിയുമടക്കം 370.5 കോടിയാണ് അനുവദിച്ചത്.
TRAVEL
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃതിഭംഗിയുമായി കോഴിക്കോട് ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ടം നേടുന്ന സ്ഥലമാണ് കക്കയം ഡാം. കുറ്റ്യാടി നദിക്കു കുറെയാണ് ഡാം. ജലാശയങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വെള്ളച്ചാട്ടം, ട്രെക്കിംഗ്, വനയാത്ര ഇതൊക്കെ ഇവിടത്തെ പ്രത്യേകതയാണ്.
കുളിക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുണ്ട്. അണക്കെട്ടിനു ചുറ്റമുള്ള കുറ്റിക്കാടുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. ശരിയായ പ്രകൃതിസൗന്ദര്യം ആസ്വദിക്കണമെങ്കിൽ അണക്കെട്ടിൽ ഒരു ബോട്ടിംഗ് നടത്തണം.
വനങ്ങളുടെ ഭംഗിയും ആന, കാട്ടുപോത്ത്, സാമ്പാർ മാൻ, കാട്ടുപോത്ത് തുടങ്ങിയവയുടെ സാന്നിധ്യവുമൊക്കെ ഈ ബോട്ടു യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നു. സമീപത്തെ തൂക്കുപാലവും ശ്രദ്ധേയം. സാഹസികരും പ്രകൃതിസ്നേഹികളും ഈ മേഖല ഏറെ ഇഷ്ടപ്പെടും.
മൂടൽമഞ്ഞ് ഇറങ്ങിയാൽ കാഴ്ചകൾ മറയും. ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺവേർഷൻസ് ഓഫ് നേച്ചർ (IUCN) കക്കയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജൈവ മേഖലകളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
യാത്ര: നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കോഴിക്കോടുനിന്ന് 64 കിലോമീറ്ററാണ് ദൂരം. മൂന്നു വ്യത്യസ്ത റോഡ് റൂട്ടുകളിലൂടെ ഇവിടേക്ക് എത്താം.
കോഴിക്കോട് നഗരത്തിൽനിന്ന് കക്കയത്തേക്കു കാറിലോ ബസിലോ ഏകദേശം 1.5 മണിക്കൂർ യാത്ര ചെയ്യണം. കക്കയം ബസ് സ്റ്റേഷനിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് ഡാം സൈറ്റ്.
TRAVEL
സിനിമകള്‍ സൂപ്പര്‍ ഹിറ്റും മെഗാഹിറ്റുമൊക്കെയായി മാറുമ്പോള്‍ ആ സിനിമ ചിത്രീകരിച്ച ഇടങ്ങള്‍ പില്ക്കാലത്ത് പ്രശസ്തി നേടും. കിരീടത്തിലെ സേതുമാധവനും കാമുകി ദേവിയും തമ്മില്‍ കാണുന്ന പാലം, സേതുമാധവന് ജീവിതം നഷ്ടപ്പെട്ട തെരുവ്, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്കരന് സ്വര്‍ണം പണിയുന്ന കട ഷൂട്ട് ചെയത തണ്ണീര്‍കോട്, മംഗലശേരി നീലകണ്ഠന്റെയും അറയ്ക്കല്‍ മാധവനുണ്ണിയുടെയും തറവാടായ വരിക്കാശേരി മന തുടങ്ങി ഗൃഹാതുരുത ഉണര്‍ത്തുന്ന ഇടങ്ങള്‍ നിരവധിയാണ്.
അഭ്രപാളികളില്‍ ആസ്വദിച്ച ഈ ലൊക്കേഷനുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സിനിമ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. കിരീടം സിനിമ ഷൂട്ട് ചെയ്ത വെള്ളായണി കായലും പാലവും സമീപ പ്രദേശങ്ങളുമാണ് ആദ്യമായി ഈ പദ്ധതിയില്‍ വരിക.
ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമയാണ് കിരീടം. 1.22 കോടി രൂപയാണ് ഈ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. കിരീടത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ശില്പങ്ങള് പാലത്തിന് സമീപം സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ മോഹന്‍ലാലിന്റെയും പാര്‍വതിയുടെയും ശില്പങ്ങള് ഒരുക്കും.
TRAVEL
കായലില്‍ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നില്‍ കായല്‍ വഴിമാറി. പിന്നീട് പതിയെ ആ പ്രദേശം പ്രകൃതിരമണീയമായ ഒരു ദ്വീപായി രൂപപ്പെട്ടു. ഇന്ന് സഞ്ചാരികളുടെ പറുദീസയായ പാതിരാമണല്‍ ദ്വീപിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന ഒരു ഐതിഹ്യമാണിത്.
വേമ്പനാട്ട് കായലില്‍ കുമരകത്തിനും തണ്ണീര്‍മുക്കത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. പ്രകൃതി സൗന്ദര്യം കൊണ്ടും അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ് ഇവിടം.
റോഡുകളോ പാലങ്ങളോ ഇല്ലാത്ത ഇവിടേക്കുള്ള ഏക യാത്രാ മാര്‍ഗം ബോട്ടുകളും വള്ളങ്ങളുമാണ്. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചുള്ള നടത്തമാണ് പാതിരാമണലിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.
ജൈവ വൈവിധ്യത്തിന്റെ ദ്വീപ്!
ഇപ്പോള്‍ ജൈവ വൈവിധ്യ പൈതൃക പ്രദേശം കൂടിയാണ് പാതിരാമണല്‍. നാലിനം ശുദ്ധ കണ്ടല്‍ച്ചെടികളും ഒട്ടനവധി സഹ കണ്ടല്‍ സസ്യങ്ങളും നിറഞ്ഞതാണ് ദ്വീപ്.
160 പുഷ്പിത സസ്യങ്ങളും ഒമ്പത് ഇനം പന്നല് ചെടികളും 52 ഇനം മരങ്ങളും 21 ഇനം കുറ്റിച്ചെടികളും 72 ചെറുസസ്യങ്ങളും 13 തരം വള്ളിച്ചെടികളും ഇവിടെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജന്തു വൈവിധ്യത്തില്‍ അഞ്ച് ഇനം സസ്തനികളും 18 ഇനം ഉഭയജീവികളും 12 തരം ഉരഗങ്ങളും 89 ഇനം പക്ഷികളും 18 തരം തുമ്പികളെയും ഇവിടെ കാണാം. ചിത്രശലഭങ്ങള്‍ തന്നെ 106 ഇനങ്ങളുണ്ട്.
TRAVEL
മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കൊളുക്കുമലയിലെ പ്രധാന വിനോദമായ ജീപ്പ് സഫാരി സുരക്ഷിതമാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ഊർജിതമാക്കിയതോടെ സഞ്ചാരികൾ ഒഴുകുന്നു.
സഞ്ചാരികൾക്കു സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികളാണ് കൂടുതൽ പേരെ കൊളുക്കുമലയിലെ സാഹസിക യാത്രയിലേക്ക് ആകർഷിക്കുന്നത്. ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ഇവിടെ ജീപ്പ് സഫാരിക്ക് എത്തുന്നത്.
സജീവ പരിശോധന
കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റി കണ്‍വീനറായ ഉടുമ്പൻചോല ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലാണ് സുരക്ഷിതയാത്ര ഉറപ്പാക്കുന്നത്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവർമാരുടെ സേവനവും ഉറപ്പുവരുത്തും.
ജീപ്പ് സഫാരി എസ്ഒപി മാനദണ്ഡങ്ങൾ നടപ്പാക്കിയതോടെയാണ് സുരക്ഷിതയാത്രയ്ക്ക് അവസരമൊരുങ്ങിയത്. ഇതു കൂടാതെ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ എല്ലാ ദിവസവും ഡ്രൈവർമാരെ ബ്രത്ത് അനലൈസർ പരിശോധന നടത്തും.
TRAVEL
അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയവുമായി ഇടുക്കി പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് സഞ്ചാരികളെ മാടി വിളിക്കുന്നു. ഇവിടെനിന്നാൽ കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലെ കുളിരേകുന്ന കാഴ്ചകൾ കാണാം.
വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികൾ മാത്രമല്ല, സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും മറ്റും ഒട്ടേറെ പേർ ഇവിടം തേടിയെത്തുന്നുണ്ട്.
മൈക്രോവേവ് വ്യൂ പോയിന്റിൽനിന്നാൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലയിടുക്കിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഏറെ ചേതോഹരം.
മേഘങ്ങൾക്കിടയിലൂടെ പതിയെ താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യനും പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിനീങ്ങുന്ന മേഘങ്ങളും കാഴ്ചയുടെ പുത്തൻ അനുഭവം തീർക്കും. ആർച്ച് ഡാമായ ഇടുക്കി ജലാശയം ഇവിടെനിന്നാൽ കാണാം.
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി, ചൊക്രമുടി, പാൽക്കുളം മേട്, തോപ്രാംകുടി ഉദയഗിരി, കാൽവരിമൗണ്ട് മലനിരകളുടെ കാഴ്ചകൾ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ്.
കൂടാതെ ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്, പൂപ്പാറ, കള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളുടെ ദൃശ്യഭംഗിയും ആസ്വദിക്കാനാകും. ഇതിനു പുറമേ ചുറ്റുമുള്ള പച്ചപ്പിന്റെ വന്യസൗന്ദര്യം സന്ദർശകരെ വിസ്മയിപ്പിക്കും.
ചിലപ്പോൾ കാട്ടിൽ മേഞ്ഞു നടക്കുന്ന ആന, കുരങ്ങ്, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും കാണാനാകും.
സന്ദർശന സമയം
രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിർമിച്ചിട്ടുണ്ട്. 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് ഈ സ്ഥലം പരിപാലിക്കുന്നത്. അവരിൽ മൂന്നു പേർ വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാൻ ഇവിടെയുണ്ടാകും.
എത്തിച്ചേരാൻ
തൊടുപുഴ - ചെറുതോണി സംസ്ഥാനപാതയിൽ കുയിലിമല സിവിൽ സ്റ്റേഷനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് എംആർഎസ് സ്കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും ഇടയിലുള്ള ഓഫ് റോഡിനു സമാനമായ പാതയിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താം.
സാഹസികയാത്രികർക്ക് നവ്യാനുഭവം പകരുന്നതാണ് ഈ യാത്ര.
TRAVEL
ജില്ല: ആലപ്പുഴ
കാഴ്ച: കയർ നിർമാണം, കരകൗശല വസ്തുക്കൾ
കയർ ഇത്ര കാണാനുണ്ടോ എന്നു സംശയിക്കാം, അന്താരാഷ്ട്ര കയർ മ്യൂസിയം എന്നു കേൾക്കുന്പോൾ. എന്നാൽ കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകും കലവൂരിലെ ഈ മ്യൂസിയം കണ്ടാൽ. ലോകത്തെ ആദ്യത്തേതും നിലവിലുള്ളതുമായ ഏക കയർ മ്യൂസിയം ഇതാണ്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാന്പത്തിക മേഖലകളുമായി ഇഴചേർന്നു കിടക്കുന്നതാണ് കയർ വ്യവസായം. കയർ ബോർഡ് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി വർഷമായ 2014ൽ ആണ് മ്യൂസിയം സ്ഥാപിച്ചത്.
കയർ മേഖലയുടെ ചരിത്രപരമായ വികാസപരിണാമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഇവിടെ അടുത്തറിയാം. ഈ മേഖലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു ഹ്രസ്വ വീഡിയോ ചിത്രം കാണാനും അവസരമുണ്ട്.
TRAVEL
ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം കൂടി.
ജൂലൈ വരെയുളള കണക്കുകൾ പ്രകാരം 19,42,354 വിനോദ സഞ്ചാരികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്.
2023ൽ 29,22,043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടുമെന്നു ടൂറിസം വകുപ്പ് പറയുന്നു.
വാഗമൺ കാണാൻ
വാഗമണ്‍ പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.
മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ് വാഗമണ്‍ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജ് വലിയ ആകർഷണമാണ്. പാറക്കൂട്ടങ്ങളിൽ റോക്ക് ക്ലൈംബിംഗിനും ട്രക്കിംഗിനും മലകയറ്റത്തിനും പാരാഗ്ലൈഡിംഗിനും ഇവിടെ അവസരമുണ്ട്.
ബോട്ടാണിക്കൽ ഗാർഡൻ
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് സഞ്ചാരികളെ ഏറെ ആകർഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 3,15,317 ടൂറിസ്റ്റുകൾ ഈ വർഷം ഇവിടെയെത്തി.
രാമക്കൽമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹിൽവ്യൂ പാർക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും സന്ദർശകരുടെ പ്രവാഹമായിരുന്നു.
സഞ്ചാരികളുടെ വരവ്
രാമക്കൽമേട് - 1,43,480
പാഞ്ചാലിമേട് - 1,09,219
ശ്രീനാരായണപുരം - 85,375
ആമപ്പാറ - 71,264
ഇടുക്കി ഹിൽവ്യൂ പാർക്ക് - 67,370
മാട്ടുപ്പെട്ടി - 66,159
അരുവിക്കുഴി - 15,707
TRAVEL
ഗുജറാത്തിലെ മൊഹ്സാനയില്നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ അകലെ മൊഠേരയിലേക്കുള്ള യാത്രയില്‍ രക്തം പോലും ഉറഞ്ഞു പോകുന്ന തണുപ്പായിരുന്നു.
കടുക് പൂത്ത് നില്ക്കുന്ന മഞ്ഞപ്പാടങ്ങള്‍ കടന്ന് പുഷ്പാവതി നദിയുടെ പശ്ചാത്തലത്തില്‍ പേരറിയാത്ത വ്യക്ഷങ്ങളില്‍ പക്ഷികളുടെ കളകൂജനം കേട്ട് ചരിത്രമുറങ്ങുന്ന മൊഠേര സൂര്യക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ സമയം രാവിലെ ഏഴു മണി.
അരിച്ചിറങ്ങുന്ന തണുപ്പ് വകവയ്ക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ടെറാരൂപത്തിലുള്ള പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട, മൊഠേര സൂര്യക്ഷേത്രത്തിലേക്ക് നടന്നു.
അടുത്തേക്ക് എത്തുംതോറും ആ ശില്പചാതുര്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. അനേകം സൂക്ഷ്മമായ കൊത്തുപണികള്‍, ത്രികോണാകൃതിയില്‍ കൊത്തിയെടുത്ത കല്‍പ്പടവുകള്‍, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം... കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നേര്രേഖയിലെന്നവിധം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൂര്യക്ഷേത്രത്തിനുള്ളത്.
കുണ്ഡം അഥവാ കുളം, സഭാമണ്ഡപം, ഗുഡമണ്ഡപം. ആരാധനാമൂര്‍ത്തിയായ സൂര്യദേവെന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം -സഭാമണ്ഡപം.
അവര്ണനീയം ഈ ശില്പചാതുര്യം
സൂര്യക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ ആദ്യം കാണുന്നത് സൂര്യകുണ്ഡ് എന്നറിയപ്പെടുന്ന മനോഹരമായ സമചതുരത്തില്‍ നിരവധി കല്പ്പടവുകളുമായി നിര്‍മിച്ച ക്ഷേത്രക്കുളമാണ്.
വിവിധ ദേവന്മാര്ക്കും അര്ധദേവന്മാര്ക്കും വേണ്ടിയുള്ള 108 ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടിക്കെട്ടിലും ഗോപുരങ്ങളുണ്ട്. കുണ്ഡത്തിന്റെ മൂന്ന് വശങ്ങളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ആരാധനാലയങ്ങള്‍ ഗണപതിക്കും വിഷ്ണുവിനും സമര്‍പ്പിച്ചിരിക്കുന്നു.
"താണ്ഡവം' നൃത്തം ചെയ്യുന്ന ശിവന്റെ ഒരു ചിത്രവും ഇവിടെ കാണാം. പല കാലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ശ്രീകോവിലില്‍ പലതും ശിഥിലമാക്കപ്പെട്ടു. അവശേഷിക്കുന്നവയില്‍ ഇപ്പോഴും ശൈവ, വിഷ്ണു പ്രതിഷ്ഠകളുണ്ട്.
പ്രധാനക്ഷേത്രത്തിനു തൊട്ടു മുന്‍പിലായി അഷ്ടകോണാകൃതിയില്‍ നിര്‍മിച്ച സഭാമണ്ഡപം. അവിടെ പല ഉയരങ്ങളിലുള്ള കല്‍ത്തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 52 ആഴ്ചകളെ കുറിക്കുന്ന 52 തൂണുകളാണിവിടെ ഉള്ളതെന്നാണ് കരുതുന്നത്.
രാജഭരണകാലത്ത് സഭാമണ്ഡപം നൃത്തവേദിയായി ഉപയോഗിച്ചിരുന്നു. ചുമരുകളിലെ നൃത്തം ചെയ്യുന്ന അപ്സരസുകളുടെ മനോഹര ചിത്രങ്ങള്‍ കാണാനാകും.
ചരിത്രമുറങ്ങുന്ന കല്‍മണ്ഡപം
ഒന്നിലധികം ആക്രമണങ്ങളുടെയും ചെറുത്തു നില്‍പ്പിന്റെയും കഥകള്‍ മൊഠേര ക്ഷേത്രത്തിലെ കല്ച്ചുവരുകള്ക്ക് പറയാനുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ ആക്രമണത്തില്‍ പാതി തകര്‍ന്ന കൊത്തുപണികള്‍ ഇപ്പോഴും ചരിത്ര രേഖയെന്ന പോലെ ക്ഷേത്രച്ചുമരുകളില്‍ തെളിഞ്ഞു നില്ക്കുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ സോളങ്കി രാജാവായ ഭീമദേവന് ഒന്നാമനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഭീമദേവന് ശിവഭക്തനായിരുന്നുവെങ്കിലും സോളങ്കി രാജവംശം സൂര്യ ഭക്തരായിരുന്നു.
1024- 1025 കാലഘട്ടത്തില്‍ മഹ്മൂദ് ഗസ്നി സോളങ്കി രാജവംശത്തെ ആക്രമിച്ചു. പക്ഷേ കാര്യമായ വിജയം നേടാന്‍ ഗസ്നിക്ക് സാധിച്ചില്ല. ഒരു വര്‍ഷത്തിനു ശേഷം സോളങ്കി രാജവംശം വീണ്ടും ഇവിടെ അധികാരം പിടിച്ചെടുത്തു.
അന്നത്തെ വിജയകരമായ പ്രതിരോധത്തിന്റെ സ്മരണയ്ക്കായാണ് സൂര്യഭഗവാന്റെ സ്വര്‍ണവിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രഗ്രന്ഥങ്ങളിലുള്ളത്.
പക്ഷേ ഏറെക്കാലം കഴിയും മുന്‍പേ വീണ്ടും ക്ഷേത്രം ആക്രമണത്തിന് ഇരയായി. ക്ഷേത്രത്തിലെ വിഗ്രഹം മാത്രമല്ല അതിനു താഴെ വില മതിക്കാനാകാത്തത്ര സ്വര്ണനാണങ്ങളും രത്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന അഭ്യൂഹമാണ് അലാവുദ്ധീന്‍ ഖില്‍ജിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
1300 കളില്‍ ഖില്‍ജിയുടെ ആക്രമണത്തോടെ ക്ഷേത്രത്തിലെ വിഗ്രഹം അപ്രത്യക്ഷമായി. ഖില്‍ജിയുടെ പടയാളികള്‍ വിഗ്രഹം കവര്‍ച്ച ചെയ്തതാണോ അതോ ക്ഷേത്ര പൂജാരികളും വിശ്വാസികളും ചേര്‍ന്ന് വിഗ്രഹം അതീവ രഹസ്യമായി ഒളിപ്പിച്ചതാണോ എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
എന്തു തന്നെയായാലും വിഗ്രഹം പിന്നീട് തിരിച്ചു കിട്ടിയില്ല. അതോടെ പൂജയും മുടങ്ങി. പിന്നീട് 1802ല്‍ ബ്രിട്ടീഷുകാരാണ് ക്ഷേത്രത്തെ വീണ്ടും കണ്ടെത്തിയത്. നിലവില്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.
ഈ ക്ഷേത്രത്തില്‍ വിഗ്രഹമില്ല, പൂജയുമില്ല
കല്ലില്‍ കൊത്തിയെടുത്ത കമഴ്ത്തി വച്ച താമരപ്പൂവിനു മുകളില്‍ സൂര്യമന്ദിരം. നഗ്നനാരികളും ആനകളും ദേവതകളും നര്‍ത്തകിയും താമരയും മഹാഭാരതത്തിലെയും രാമായണത്തിലെയും അസംഖ്യം കഥകളും... ഓരോ മതിലിലും തൂണുകളിലും അസംഖ്യം കൊത്തുപണികള്‍.
ഏഴു കുതിരകളെ പൂട്ടിയ പന്ത്രണ്ട് ചത്രങ്ങളുള്ള സൂര്യരഥത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് കടന്നെങ്കിലും പൂജാ വസ്തുക്കളുടെ ഗന്ധമോ, മന്ത്രധ്വനികളോ മണിയൊച്ചകളോ ഇല്ല.
കാലങ്ങള്‍ക്കു മുന്‍പേ തന്നെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായിരുന്ന സൂര്യവിഗ്രഹം നഷ്ടപ്പെട്ടു. അതു കൊണ്ട് തന്നെ ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധനയില്ല.
TRAVEL
ഭീമാകാരമായ കാട്ടുമരങ്ങളുടെ വേരുകള്‍ക്കിടയില്‍ ഗുഹകള്‍. ഇവിടെ പല ഭാഗത്തുനിന്നും പുറത്തെക്കൊഴുകുന്ന കണ്ണീര്‍ത്തുള്ളി പോലെ തെളിഞ്ഞ ജലം. ഇതു വന്നുചേരുന്ന കുളത്തിലാകട്ടെ വെള്ളം നിറഞ്ഞുതുളുമ്പി മറുഭാഗത്തുകൂടി പുറത്തേക്കൊഴുകുന്നു.
പച്ചപരവതാനി പോലുള്ള ഈ കുളത്തിലിറങ്ങി കുളിക്കുമ്പോഴുള്ള അനുഭൂതി, മറ്റെവിടെനിന്നും ലഭിക്കാന്‍ വഴിയില്ല. അതെ, പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്തുള്ള കൊച്ചരീക്കല്‍ ഗുഹ ഒളിഞ്ഞിരിക്കുന്ന രത്ന സ്ഫടികങ്ങളായേ തോന്നു.
വെള്ളം ഒഴുകിപ്പോകുന്നത് ചിറ കെട്ടി സംരക്ഷിച്ചിരിക്കുന്നതാണ് കുളമായി മാറിയിരിക്കുന്നത്. കൊടും കാടിലെത്തിയ പ്രതീതി തോന്നിപ്പിക്കുന്ന ഈ നയന മനോഹക്കാഴ്ച കാണാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
നിഗൂഢ സൗന്ദര്യം
പണ്ട് ഏറെ നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇത് . പകല്‍ സമയത്തുപോലും ഇവിടേക്ക് ഒറ്റയ്ക്കു വരാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, ഇന്ന് സ്ഥിതിയാകെ മാറി. ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്.
ഗുഹകളില്‍ കയറിയിറങ്ങാനും വള്ളികളില്‍ തൂങ്ങി കുളത്തിലേക്ക് എടുത്തു ചാടി കുളിക്കാനുമൊക്കെ നിരവധിയാളുകളാണ് ദൂര സ്ഥലങ്ങളില്‍നിന്നു പോലും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു തവണ ഈ നിഗൂഢസൗന്ദര്യം ആസ്വദിച്ചവര്‍ വീണ്ടുമെത്തുന്നത് ഉറപ്പാണ്.
കൊച്ചരീക്കല്‍ ഗുഹകള്‍
പിറവത്തു നിന്നും 12 കിലോമീറ്റര്‍ അകലെ പിറമാടത്താണ് കൊച്ചരീക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പാമ്പാക്കുട പഞ്ചായത്തിന്റെ അധീനതയില്‍ അരീക്കല്‍ വെള്ളച്ചാട്ടം കൂടാതെയുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചരീക്കല്‍ പ്രദേശം.
നിഗൂഢത നിറഞ്ഞ ഈ പ്രദേശം തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വലിയൊരു കൊടുംകാട്ടിലെത്തിയതു പോലുള്ള പ്രതീതിയാണ് ഇവിടം ജനിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി വളര്‍ന്നു നില്ക്കുന്ന വന്‍ വ്യക്ഷങ്ങള്‍. വൃക്ഷങ്ങളുടെ വേരുകള്‍ കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുന്നതു പോലുള്ള വലിയ പാറക്കൂട്ടങ്ങള്‍. ഇതിനിടെയില്‍ വലിയ ഗുഹകള്‍.
ഗുഹകള്‍ അവസാനിക്കുന്നത് ഒന്ന് കൊടങ്ങല്ലൂരും, മറ്റൊന്ന് മൂന്നാറിനടുത്ത് മറയുരുമാണന്നാണ് പറയുന്നത്. പുറത്തു നിന്നു നോക്കിയാല്‍ ഗുഹയ്ക്കുള്ളില്‍ 150 അടി വരെ നേരെ കാണാനാവും. ഉള്ളില്‍ പ്രവേശിച്ച് കുറച്ചു നടന്നു കഴിഞ്ഞാല്‍ 20 ആളുകള്‍ക്കുവരെ താമസിക്കാവുന്ന രീതിയില്‍ മുറികള്‍ തിരിച്ച് നിര്‍മിച്ചിട്ടുമുണ്ട്.
തിരുവിതാംകൂര്‍ രാജ്യം രൂപീകരിക്കുന്നതിന് മുമ്പ് വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു പ്രദേശമെന്ന് പറയുന്നു. ആക്കാലത്ത് നാടുവാഴി തമ്പുരാക്കന്മാര് ഒളിവില്‍ കഴിഞ്ഞിരുന്നതും യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതും ഈ ഗുഹകളിലാണന്ന് പറയപ്പെടുന്നു.
ഒരിക്കലും വറ്റാത്ത കൊച്ചരീക്കല്‍
ഒരിക്കലും വറ്റാത്ത നീരുറവയാണ് കൊച്ചരീക്കലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഉത്ഭവിക്കുന്നത്. ഇത് കുടിവെള്ളമായി സമീപ പ്രദേശങ്ങളിലെ ഇരുനൂറോ ളം കുടുംബങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് ഉറവ വെള്ളം കുടിക്കുന്നതിന് സൗകര്യമുണ്ട്. പലരും ഇത് കുപ്പികളില്‍ ധാരാളമായി ശേഖരിച്ചുകൊണ്ടുപോകുന്നുമുണ്ട്.
വര്‍ഷം മുഴുവനും വെള്ളം ഒഴുകി പോകുന്നതിനെത്തുടര്‍ന്നാണ് ചിറ കെട്ടി സംരക്ഷിച്ചത്. ചിറയാകട്ടെ കുളം പോലെ കിടക്കുകയാണ്. നല്ല തണുപ്പ് നിറഞ്ഞ വെള്ളത്തില്‍ സ്ത്രീകളടക്കം എല്ലാവരും നീന്തിത്തുടിക്കാനായി ഇറങ്ങാറുണ്ട്.
വിനോദസഞ്ചാരികളില്‍ ഏറെപ്പേരും കയറുകളില്‍ തൂങ്ങിയാടി മലക്കം മറിഞ്ഞ് വെള്ളത്തില്‍ ചാടാന്‍ മത്സരമാണ്. കുളത്തില്‍ കിടന്ന് മുകളിലേക്ക് നോക്കിയാല്‍ ചുറ്റും നില്ക്കുന്ന ചീനി മരങ്ങളുടെ ശിഖിരങ്ങള്‍ കൊണ്ട് ആകാശം മൂടപ്പെട്ട നിലയിലാണ്.
ഇതുകൊണ്ട് നേരത്തെ മാനംകാണ അരിക്ക എന്ന് അറിയപ്പെട്ടിരുന്നതാണ്. ഇവിടെയുള്ള ചീനി മരങ്ങളുടെ ചുവടുകള്‍ക്ക് പത്തു മുതല്‍ 15 മീറ്റര്‍വരെ ചുറ്റളവുണ്ട്. നീന്തല്‍ വശമില്ലാത്തവര്‍ ഇതിലിറങ്ങുന്നത് അപകടമാണ്.
ചിറയ്ക്ക് ആഴക്കൂടുതലായതിനാല് കാല് കുത്താന്‍ സാധിക്കില്ല. ഇതിനാല്‍ കുട്ടികളെ വെള്ളത്തിലിറക്കാറില്ല. ഇപ്പോള്‍ മഴക്കാലമായതിനാല്‍ ധാരാളം വെള്ളമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
അധികൃതരുടെ അവഗണനയില്‍ സഞ്ചാരികള്‍ക്ക് ദുരിതം
മഴക്കാലത്ത് നീരൊഴുക്ക് കൂടുന്നത് സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ അവധിദിന വിനോദയാത്രയില്‍ ജില്ലയ്ക്കു പുറത്തു നിന്നുമുള്ള ഡിപ്പോയില്‍ നിന്നുമുള്ള ബസുകള്‍ യാത്രക്കാരുമായി ഇവിടെ എത്താറുണ്ട്.
പക്ഷെ, ഇവിടെയെത്തുന്ന സ്ത്രീകളും, കുട്ടികളുമടക്കമുള്ളവര്‍ക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഇവിടെ പ്രവേശന കവാടത്തില്‍ ഒരാളില്‍ നിന്നും 20 രൂപാ വീതം വാങ്ങുന്നുണ്ട്.
സൗകര്യങ്ങളൊന്നുമൊരുക്കാതെ പഞ്ചായത്ത് പണം വാങ്ങുമ്പോള്‍, സമീപത്തുള്ള ചില സ്വകാര്യ വ്യക്തികള്‍ ഇതിലും കൂടുതല്‍ പിടിച്ചുപറിയാണ് നടത്തുന്നത്. നനഞ്ഞ വസ്ത്രം മാറ്റുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനുമൊക്കെ പത്തു മുതല്‍ 20 രൂപാ വരെ സ്വകാര്യ വ്യക്തികള്‍ വാങ്ങുന്നു.
ഇവര്‍ വാഹന പാര്‍ക്കിംഗിനും അമിത ചാര്‍ജാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
TRAVEL
ജില്ല: മലപ്പുറം
കാഴ്ച: മഴക്കാടുകൾ, പുഴകൾ
നദിയുടെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് കയം. മലപ്പുറത്തെ നെടുങ്കയം ആഴവും പരപ്പുമുള്ള, ശാന്തസുന്ദരമായ കാഴ്ചാനുഭവങ്ങൾ സമ്മാനിക്കും. നിലമ്പൂരിൽനിന്ന് ഏതാണ്ടു പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കരിമ്പുഴയുടെ തീരത്തുള്ള കരുളായിവഴിയാണ് യാത്ര.
ഉയരമുള്ള മരങ്ങൾ സൂര്യപ്രകാശം തടഞ്ഞ് പകലിലും രാത്രിയനുഭവമാണ് നൽകുക. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഗംഭീരമായ ട്രെക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. ജൈവവൈവിധ്യ സന്പന്നമാണ് ഈ പ്രദേശം.
ചരിത്രപ്രാധാന്യമുള്ള തേക്ക് പ്ലാന്റേഷൻ സമീപത്തുണ്ട്. ബ്രിട്ടീഷ് എൻജിനീയറായിരുന്ന ഇ.കെ. ഡോസൻ നിർമിച്ച കന്പിപ്പാലങ്ങൾ വിസ്മയക്കാഴ്ചയാണ്. 1930കളിലാണ് നിർമാണം. കരിമ്പുഴയ്ക്ക് അഭിമുഖമായി ഡോസൻ തടികൊണ്ടു നിർമിച്ച ബംഗ്ലാവും കാണാം.
TRAVEL
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്... എത്ര നേരം നോക്കിയിരുന്നാലും മതിവരാത്ത താഴ്വര കാഴ്ചകൾ. ഇടതൂർന്ന വനങ്ങൾ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടം, വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകൾ...
എല്ലാംകൂടി ഒറ്റനോട്ടത്തിൽ കാണാൻ പറ്റിയാലോ! അതിനു നെല്ലിയാംപതിക്കു സമീപമുള്ള സീതാർകുണ്ട് വ്യൂപോയിന്റിൽ എത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ഇടം.
ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫർമാർ, പ്രകൃതിസ്നേഹികൾ തുടങ്ങിയവർ ഇവിടെയെത്തിയാൽ പിന്നെ മടങ്ങാൻ തോന്നില്ല.
ശ്രീരാമനും സീതയും ലക്ഷ്മണനും വിശ്രമിച്ചു എന്ന് ഐതിഹ്യമുള്ള ഇടംകൂടിയാണത്.
TRAVEL
വിണ്ണില്‍ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ ജലകണങ്ങള്‍ വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോള് കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്പോള്... ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങള്‍ തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്‍സൂണ്‍ കാലം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിനോദസഞ്ചാരികള്‍.
കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവ് വിനോദകേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങള്‍ തേടി യാത്ര തുടരുന്ന സഞ്ചാരികളെ മണ്‍സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് അവരെ മാടിവിളിക്കുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയും പരിസരപ്രദേശങ്ങളെയിലേയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍. അത്തരത്തില്‍ അധികമാരും എത്തിപ്പെടാത്ത ചില മഴക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം.
പേരപ്പാറ ചെക്ക് ഡാം
വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാല്‍ ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും അവയെത്തുന്ന ജലാശയവും അതില്‍നിന്നു താഴേക്ക് ഒഴുകി വരുന്ന വെള്ളവും മഴക്കാലത്ത് സമ്മാനിക്കുന്നത് കുളിരുള്ള കാഴ്ചകളില്‍ ഒന്നാണ്.
ചെറിയ വെള്ളച്ചാട്ടങ്ങളോടെയുള്ള ഇവിടെ ആളുകള്‍ കുടുംബസമേതം കുളിക്കാനും മഴയുടെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നു. വിരുപ്പാക്ക നൂല് കന്പനി കഴിഞ്ഞ് 100 മീറ്റര്‍ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 300 മീറ്റര്‍ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്.
TRAVEL
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
തിരുവനന്തപുരത്ത് ടൂറിനെത്തുന്ന പലരും നഗരത്തിൽ കറങ്ങി, കോവളം ബീച്ചും കണ്ടു മടങ്ങുകയാണ് പതിവ്. എന്നാൽ, കാഴ്ചകളുടെ മറ്റു വേറിട്ട അനുഭവങ്ങളും ഇവിടുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തെ പൂവാർ ദ്വീപ്.
ഒരു വശത്ത് അറബിക്കടൽ, മറുവശത്ത് നെയ്യാർ നദി. തടാകം, നദി, കടൽ, കടൽത്തീരം എന്നിവ സംഗമിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്ന്. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ ഇവിടം സന്ദർശിച്ചു.
നദിയിൽ പൂക്കൾ നിറഞ്ഞിരുന്നതുകണ്ട് അദ്ദേഹമാണ് ഈ സ്ഥലത്തിന് "പൂവാർ" എന്നു പേരിട്ടെതെന്നു പറയപ്പെടുന്നു. നീല നിറമുള്ള തടാകങ്ങൾ, പച്ചപ്പു നിറഞ്ഞ തെങ്ങിൻ തോപ്പുകളൊക്കെ വേറിട്ട ലോകം സമ്മാനിക്കും.
റിസോർട്ടുകൾ, ഫ്ളോട്ടിംഗ് കോട്ടേജുകൾ, ആയുർവേദ കേന്ദ്രങ്ങൾ ഇവയൊക്കെ ഇവിടെയുണ്ട്. ബീച്ച് വോളിബോൾ, ബാസ്കറ്റ് ബോൾ, കായൽ സവാരി, പക്ഷി നിരീക്ഷണം, പ്രകൃതി നടത്തം, ജലകായിക വിനോദങ്ങൾ ഇവയൊക്കെ ഇവിടെ ആസ്വദിക്കാം.
സമീപത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആയോധന കലാഗ്രാമം സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.
ദൂരം: തിരുവനന്തപുരത്തുനിന്ന് റോഡ്മാർഗം ഏകദേശം 33 കിലോമീറ്റർ. ബസ്, ടാക്സി സൗകര്യം ലഭ്യമാണ്.
TRAVEL
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ, സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒഴിവുള്ള എസി കോച്ചുകളിലേക്ക് ഓട്ടോ അപ്ഗ്രേഡ് സൗകര്യം ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് പ്രധാനമായും ഈ സൗകര്യം ലഭിക്കുക. പോക്കറ്റ് കീറാതെ എസി യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.
ഈ സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് അധിക പണം നൽകാതെ തന്നെ ഈ സൗകര്യം ലഭ്യമാകും. ഇത് ട്രെയിൻ യാത്രകളെ കൂടുതൽ ആകർഷകമാക്കുകയും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഗുണകരമാകും.
യാത്രക്കാർക്ക് അവസാന നിമിഷം വരെ കൺഫർമേഷൻ സ്റ്റാറ്റസിനായി കാത്തിരിക്കേണ്ടതില്ലെന്നതും ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ കൂടുതൽ ആകർഷിക്കുകയും, റെയിൽവേ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
TRAVEL
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.
വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.