x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഗുംബെയിലേക്കു വരൂ, ഇത് രാജവെമ്പാലകളുടെ ഊട്ടി!

വെബ് ഡെസ്ക്
Published: January 7, 2026 02:35 PM IST | Updated: January 7, 2026 02:35 PM IST

മഴയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന കർണാടകയിലെ ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുകൂടിയാണ്, ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലകളുടെ സ്വാഭാവിക ആവാസകേന്ദ്രംകൂടിയാണ് അഗുംബൈ.

മഴക്കാടുകളുടെ രാജാവ്

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗുംബെയിലെ നിത്യഹരിത വനങ്ങളാണ് രാജവെമ്പാലകളുടെ പ്രധാന താവളം. പശ്ചിമഘട്ടത്തിലെ ഈ വനമേഖലയിൽ രാജവെമ്പാലകളെ സംരക്ഷിക്കാനും പഠിക്കാനുമായി സ്ഥാപിച്ച അഗുംബെ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (ARRS) ലോകപ്രശസ്തമാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ റോമുലസ് വിറ്റാക്കറാണ് 2005ൽ ഈ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.

ഒരു കാലത്തു രാജവെമ്പാലകളെ കണ്ടാൽ തല്ലിക്കൊന്നിരുന്ന ഒരു ഗ്രാമമായിരുന്നു അഗുംബെ. എന്നാൽ, ഇന്നു സ്ഥിതി മാറി. വനംവകുപ്പും ARRS-ലെ പ്രവർത്തകരും ചേർന്നു നടത്തിയ നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി, ഇന്നു നാട്ടുകാർ പാമ്പുകളെ കാണുമ്പോൾ അവയെ ഉപദ്രവിക്കാതെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നു. പാമ്പുകളെ ഭയപ്പെടേണ്ടതില്ല, മറിച്ച് അവയെ മനസിലാക്കുകയാണ് വേണ്ടത്- എന്ന സന്ദേശമാണ് ഗവേഷകർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റേഡിയോ ടെലിമെട്രി ഉപയോഗിച്ചു രാജവെമ്പാലകളുടെ സഞ്ചാരപഥവും സ്വഭാവവും പഠിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം കൂടിയാണിത്. തങ്ങളുടെ ഭൂമിയിൽ രാജവെന്പാലകൾ കൂടുകൂട്ടുകയും മുട്ടയിടുകയും ചെയ്യുന്നതൊക്കെ അപ്പപ്പോൾത്തന്നെ ഭൂഉടമകൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിനെ അറിയിക്കും. അവർ പിന്നീട് മുട്ട വിരിയുന്ന കുഞ്ഞുങ്ങളെ മേഗരാവല്ലി വനത്തിലേക്കു തുറന്നുവിടും.

കാണാൻ നിരവധി

വെറുമൊരു പാമ്പ് ഗവേഷണ കേന്ദ്രം എന്നതിലുപരി, ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് അഗുംബെ. അറേബ്യൻ കടലിന്‍റെ പശ്ചാത്തലത്തിൽ കാണുന്ന അഗുംബെയിലെ സൂര്യാസ്തമയം അതിമനോഹരമാണ്. ബർക്കാന, ഓണബ്ബെ, കുഡ്ലു തീർഥ തുടങ്ങിയ വെള്ളച്ചാട്ടങ്ൾ വനത്തിനുള്ളിലെ മാസ്മരിക കാഴ്ചകളാണ്.
ആർ.കെ. നാരായണന്‍റെ പ്രശസ്തമായ മാൽഗുഡി ഡേയ്സ് എന്ന പരമ്പര ചിത്രീകരിച്ചത് ഈ കൊച്ചു ഗ്രാമത്തിലായിരുന്നു എന്നത് ഇന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

പ്രധാന ഭീഷണി

കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് ഇന്ന് അഗുംബെ നേരിടുന്ന പ്രധാന ഭീഷണി. പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും അനിവാര്യമാണ്. മഴ നനഞ്ഞ മണ്ണും, കാടിന്‍റെ നിഗൂഢതയും രാജവെമ്പാലകളുടെ ഗാംഭീര്യവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും അഗുംബെ ഒരു പ്രധാനകേന്ദ്രമാണ്. കാടിനെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മലയോര ഗ്രാമം നമ്മെ പഠിപ്പിക്കുന്നു.

എപ്പോൾ സന്ദർശിക്കാം

അഗുംബെയുടെ ഭംഗി ഓരോ കാലത്തും ഓരോ രീതിയിലാണ്. താത്പര്യമനുസരിച്ച് സമയം തിരഞ്ഞെടുക്കാം.
മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ): മഴക്കാടുകളുടെ യഥാർഥഭാവം കാണണമെങ്കിൽ ഈ സമയത്തു പോകണം. വെള്ളച്ചാട്ടങ്ങൾ അതിന്‍റെ പൂർണരൂപത്തിൽ കാണാം. എന്നാൽ, കനത്ത മഴയും അട്ടകളുടെ ശല്യവും യാത്ര ദുഷ്കരമാക്കിയേക്കാം. ട്രെക്കിംഗിനു നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശൈത്യകാലം (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ): സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം. ട്രെക്കിംഗിനും സൈറ്റിംഗിനും ഏറ്റവും നല്ലത് ഈ മാസങ്ങളാണ്.
വേനൽക്കാലം (മാർച്ച് മുതൽ മെയ് വരെ): കാടിനുള്ളിലെ ചൂട് അല്പം കൂടുതലായിരിക്കും. ഈ സമയവും സന്ദർശനത്തിന് അനുയോജ്യമാണ്.

 

K-Rail Survey

അഗുംബെയിലെ ഹോംസ്റ്റേകൾ

അഗുംബെയിൽ വലിയ ഹോട്ടലുകളേക്കാൾ കൂടുതൽ പ്രകൃതിയോട് ചേർന്നുള്ള ഹോംസ്റ്റേകളാണ് ധാരാളമുള്ളത്. സഞ്ചാരികൾ താത്പര്യപ്പെടുന്നതും ഹോം സ്റ്റേ ആണ്.
ദൊഡ്ഡമനെ- അഗുംബെയിലെ ഏറ്റവും പ്രശസ്തമായ ഹോം സ്റ്റേ ആണ്. മാൽഗുഡി ഡേയ്സ് ചിത്രീകരിച്ത് ഇവിടെയാണ്. ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള വീട് ഇന്ന് ഒരു ഹോംസ്റ്റേയാണ്. (മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നന്നായിരിക്കും).
സീതാ നദി നേച്ചർ ക്യാമ്പ് - വനംവകുപ്പിനു കീഴിലുള്ള ഈ ക്യാമ്പ് നദിക്കരയിലാണു സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടം. റിവർ റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്.
അഗുംബെ ഗ്രാമത്തിനു ചുറ്റുമായി നിരവധി സ്വകാര്യ ഹോംസ്റ്റേകൾ ലഭ്യമാണ്. മിക്കയിടങ്ങളിലും മലനാട് ശൈലിയിലുള്ള രുചികരമായ സസ്യഭക്ഷണം ലഭിക്കും.

എങ്ങനെയെത്താം

അഗുംബെ ഒരു മലയോര മേഖലയായതിനാൽ റോഡ് മാർഗമാണ് ഏറ്റവും സൗകര്യപ്രദം. കേരളത്തിൽനിന്നു വരുന്നവർക്കു താഴെ പറയുന്ന വഴികൾ തിരഞ്ഞെടുക്കാം.
ട്രെയിൻ- കേരളത്തിൽനിന്നു വരുന്നവർക്ക് ഉഡുപ്പി അല്ലെങ്കിൽ മംഗലാപുരം റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങാം. ഉഡുപ്പിയിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ ദൂരമേ അഗുംബെയിലേക്കുള്ളൂ. സ്റ്റേനിൽനിന്നു ടാക്സി വഴിയോ ബസ് വഴിയോ അഗുംബെയിലെത്താം.
ബസ്- മംഗലാപുരത്തുനിന്നു ഷിമോഗയിലേക്കു പോകുന്ന ബസുകൾ അഗുംബെ വഴി കടന്നുപോകും. കൂടാതെ ഉഡുപ്പിയിൽനിന്നു ഹെബ്രി വഴിയും ധാരാളം ബസുകൾ ലഭ്യമാണ്.
വിമാനം- ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്. അവിടെ നിന്ന് ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട്.
സ്വന്തം വാഹനം ഉപയോഗിക്കുവർ- കേരളത്തിൽനിന്നു കാസർഗോഡ്, മംഗലാപുരം, ഉഡുപ്പി വഴി ഹെബ്രിയിലൂടെ അഗുംബെയിലെത്താം. ഹെയർപിൻ വളവുകളും മനോഹരമായ കാഴ്ചകളും നിറഞ്ഞ ഡ്രൈവിംഗ് വേറിട്ടൊരു അനുഭവമായിരിക്കും.

Tags : Agumbe king cobras TRAVEL KARNATAKA SHIVAMOGA TOURIST

Recent News

Up