Kerala
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.
മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.
Kerala
കൊച്ചി: ദ കേരള സ്‌റ്റോറി-2 സിനിമ ഹൈക്കോടതി കാണുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിര്‍മാതാവ് വിപുല്‍ അമൃത്‌ലാലിന്‍റെ സത്യവാംഗ്‌മൂലം. കേസ് പരിഗണിക്കുന്നതിന് മുമ്പ് നല്‍കിയ മറുപടി സത്യവാംഗ്‌മൂലത്തിലാണ് നിര്‍മാതാവ് ഹൈക്കോടതി സിനിമ കാണുന്നതിനെ എതിര്‍ത്തത്.
സെന്‍സര്‍ ബോര്‍ഡിന് പകരമായി ഹൈക്കോടതി സിനിമയെ വിലയിരുത്തരുത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമ കണ്ടു ചട്ടങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പു വരുത്തിയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്നും നിര്‍മാതാവ് വാദിച്ചു.
രണ്ടു മിനിറ്റുള്ള ടീസര്‍ കണ്ട് സിനിമ കേരളത്തിന് എതിരാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സാമുദായിക ഐക്യം ശക്തിപ്പെടുത്തി കൊണ്ടാണ് സിനിമ എടുത്തത്. തങ്ങളില്‍ നിന്നും പണം തട്ടാനായാണ് ഇങ്ങനൊരു ഹര്‍ജി നല്‍കിയതെന്നും സത്യവാംഗ്‌മൂലത്തില്‍ പറയുന്നുണ്ട്.
അല്പസമയത്തിനകം കേസ് ഹൈക്കോടതി പരിഗണിക്കും. ഈ വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യാനിരിക്കുന്നത്. സിനിമ ഇന്ന് കാണുമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. കേരളത്തെ വര്‍ഗീയതയുടെയും മതപരിവര്‍ത്തത്തിന്‍റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത് എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ചൊവ്വാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍, ഹര്‍ജിക്കാരുടെ ആശങ്കകള്‍ ന്യായമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ഇതിവൃത്തത്തിന് കേരളവുമായി യഥാർഥ ബന്ധമില്ലാതിരുന്നിട്ടും, സിനിമ യഥാർഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത് എന്ന് അവകാശപ്പെടുന്നതും സിനിമയ്ക്ക് സംസ്ഥാനത്തിന്‍റെ പേര് ഉപയോഗിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന്, സിനിമ കോടതിക്കായി എപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്‍റെയും നിര്‍മാതാക്കളുടെയും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനം നടത്താമെന്ന് നിര്‍മാതാക്കളുടെ അഭിഭാഷകന്‍ അപ്പോള്‍ സമ്മതിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസിസി പ്രസിഡന്‍റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്‍റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്‍വയണ്‍മെന്‍റല്‍ എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്‍റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.
ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്‍റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്‌ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
Kerala
കൊച്ചി: കടവന്ത്രയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാനുള്ള ശ്രമത്തിനിടെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സഫ്‌ന എന്ന യുവതിയും അമല്‍ എന്ന മറ്റൊരു പ്രതിയുമാണ് പിടിയിലായത്. സഫ്‌നയാണ് കേസിലെ ഒന്നാം പ്രതി. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.
സഫ്‌ന ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് അമലിനെ മര്‍ദിച്ചത്. രണ്ടു പ്രതികളെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവതിയും മുഖത്തടിച്ചു.
മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്‍റെ വാരിയെല്ല് ഒടിഞ്ഞു. അമല്‍ ദേവിന്‍റെ മുതുകത്ത് ചവിട്ടിയതിന്‍റെയും ഷോള്‍ഡറില്‍ ടോര്‍ച്ച് വച്ച് അടിച്ചതിന്‍റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം. ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്.
ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. ഉമ്മര്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയില്‍ ലൈനിലാണ് സംഭവം,
കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബ് താഴെ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ക്ക് മുകളിലേക്കാണ് വീണത്. ഇതോടെ മേല്‍ക്കൂരയും തകര്‍ത്ത് സ്ലാബ് താഴെ വീണു. അപകട സമയത്ത് ആളുകള്‍ ഉണ്ടാകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. മൂപ്പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്.
Kerala
മാവേലിക്കര: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു. മകൾക്ക് ഗുരുതര പരിക്ക്. വെട്ടിയാർ പുത്തൻവീട്ടിൽ തെക്കേതിൽ സന്തോഷ് കുമാർ (52) ആണ് മരിച്ചത്. പ്ലസ്‌ടു വിദ്യാർഥിനിയായ മകൾക്ക് ഗുരുതര പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി പത്തിന് ശേഷം പന്തളം -മാവേലിക്കര റോഡിൽ കൊച്ചാലുംമൂട് ജംഗ്‌ഷനിൽ ആയിരുന്നു അപകടം. അലക്ഷ്യമായി ഓടിച്ചുവന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
പൈനുംമൂട് ജംഗ്‌ഷനിലുള്ള ട്യൂഷൻ സെന്‍ററിൽ നിന്നും മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു സന്തോഷ്. ഗുരുതര പരിക്കേറ്റ സന്തോഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസി സണ്ണി (55) ആണ് മരിച്ചത്.
പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ജെസി റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
കൊച്ചി: തൃപ്പൂണിത്തുറയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഗവണ്‍മെന്‍റ് ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി ആരോണ്‍ ജോഷിയെ (18) ആണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
എരൂര്‍ ഇല്ലിക്കപ്പടിയില്‍ മുല്ലപ്പറമ്പില്‍ ജോഷിയുടെ മകനാണ് ആരോണ്‍. യൂണിഫോം ധരിച്ചാണ് അരുണ്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. കൈവശം ഒരു ടി ഷര്‍ട്ടും കുട്ടി കരുതിയിരുന്നു. സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞ ശേഷം കായിക പരിശീലനത്തിനായാണ് ടി ഷര്‍ട്ട് എടുത്തത് എന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.
എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും കുട്ടി മടങ്ങിയെത്തിയില്ല. ബന്ധുക്കളുടെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കുട്ടി എത്തിയിട്ടില്ല. ഇന്ന് രാവിലെയും കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്കിയത്.
Kerala
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 'രണ്ട് ടേം' വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎമ്മിൽ ധാരണ. ഇതോടെ പ്രമുഖ നേതാക്കളും ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും വീണ്ടും ജനവിധി തേടും. നിലവിലെ 62 എംഎൽഎമാരിൽ 50 പേരും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
പാർട്ടി സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളിൽ 13 പേരും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ . കഴിഞ്ഞ തവണ മാറിനിന്ന മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇക്കുറി വീണ്ടും സ്ഥാനാർത്ഥിയാകും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവർ മത്സരത്തിനുണ്ടാകില്ല. എം.എം. മണി, എം. മുകേഷ്, യു. പ്രതിഭ, ദലീമ ജോജോ, എ.സി. മൊയ്തീൻ, എം. രാജഗോപാൽ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഷൊർണൂരിൽ പി. മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നു.
ഈ ആഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടികയിൽ ഔദ്യോഗികമായ അന്തിമ തീരുമാനമുണ്ടാകും. സിറ്റിങ് എംഎൽഎമാർ മണ്ഡലങ്ങളിൽ സജീവമാകാൻ പാർട്ടി ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്
Kerala
ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ഫൈദാൻ നിസാംപുരിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം. ഓട്ടോ ഡ്രൈവർ ലളിത്, സുഹൃത്ത് സാരംഗ് എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫൈദാനിലെ ഇരുമ്പ് പാലത്തിനടിയിൽ ലളിതും സാരംഗും ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്ത് പേർ ചേർന്നാണ് ഇരുവരെയും മർദിച്ചത്.
പ്രതികൾ ആദ്യം അസഭ്യം പറഞ്ഞതായും പിന്നീട് ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിച്ചതായുമാണ് പരാതി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയത്.
പ്രതികളുടെ നിലവിലെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വീണ്ടും 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടാൻ കോടതി ഉത്തരവിട്ടത്.കേസിലെ പ്രധാന പ്രതിയായ കെ.എസ്. ബൈജു നാളെ കോടതിയിൽ സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നൽകും.
ശബരിമലയിലെ ദ്വാരപാലക ശില്പം നിർമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബൈജു ഇപ്പോൾ ജാമ്യത്തിനായി നീക്കം നടത്തുന്നത്. കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ഇയാൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങളിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും മറ്റ് പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുമായി അന്വേഷണസംഘം നടപടികൾ തുടരുകയാണ്.
Kerala
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹണിട്രാപ് സംഘം. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് മര്‍ദനമേറ്റത്. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്.
യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മര്‍ദനം. സംഭവത്തില്‍ രണ്ടു പ്രതികളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തുകയായിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ ആദ്യം മര്‍ദിച്ചു. യുവതിയും മുഖത്തടിച്ചു. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്‍റെ വാരിയെല്ല് ഒടിഞ്ഞു.
അമല്‍ ദേവിന്‍റെ മുതുകത്ത് ചവിട്ടിയതിന്‍റെയും ഷോള്‍ഡറില്‍ ടോര്‍ച്ച് വച്ച് അടിച്ചതിന്‍റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്. യുവതി കൊച്ചിയില്‍ തന്നെയുണ്ട് എന്നാണ് വിവരം. വധശ്രമത്തിന് അടക്കം പോലീസ് കേസ് എടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ശാരീരിക അസ്വസ്ഥകളെയും ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലാണ് തന്ത്രി ചികിത്സ തേടിയിരുന്നത്.
എന്നാല്‍ ജാമ്യവ്യവസ്ഥ അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തന്ത്രി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് ചികിത്സ തേടിയത്.
Kerala
കോഴഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഒപി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന വിദേശ കുത്തകമരുന്ന് കമ്പനികളുടെ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ മിക്കവയും വിദേശ കമ്പനികള്‍ ഏറ്റെടുത്തുകഴിഞ്ഞു.
വിദേശത്ത് ആശുപത്രികള്‍ നടത്തുന്ന കമ്പനികളല്ല, മറിച്ച് മരുന്നുകമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80ഉം 90 ഉം ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ മുടക്കിയ പണം തിരികെപ്പിടിക്കണമെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖല തകരണം. ഇതു മുന്നില്‍കണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: വൈറ്റില ഫ്ളൈഓവറിന് താഴെ റെയിൽവേ ട്രാക്കിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
സുധ ബേബിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന് പോലീസ് പറഞ്ഞു. കുടുംബ ജീവിതം തകർക്കുമെന്ന യുവതിയുടെ ഭീഷണിയാണ് ഷാജിയെ ചൊടിപ്പിക്കാൻ കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതും.
യുവതിയെ കൊല്ലാൻ ആയുധങ്ങളൊന്നും പ്രതി ഉപയോഗിച്ചിരുന്നില്ല. ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടത്. ഷാജി യുവതിയുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി പലതവണ ഇടിച്ചു. ബഹളം വച്ചതോടെ മുഖം അമർത്തിപ്പിടിച്ചു. കരിങ്കല്ലിലേക്ക് വീണു യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മാനസിക വിഭ്രാന്തിയോടെ സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഷാജി മൃതദേഹം റെയിൽവേ ട്രാക്കിൽ ഇട്ടത്. പുലർച്ചെ ഇതുവഴി കടന്നുപോയ അമൃത എക്‌പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ട വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്.
പൊന്നുരുന്നി സ്വദേശിയായ ഷാജിയും കോട്ടയം ചിങ്ങവനം സ്വദേശിയായ സുധയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. സുധയുടെ അമ്മ അശ്വതിയും ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്ങനെയാണ് സുധയുമായി ഷാജി അ ടുക്കുന്നത്. സുധ വിവാഹമോചിതയാണ്. അമ്മയ്ക്കൊപ്പം പൂത്തോട്ടയിലായിരുന്നു സുധയുടെ താമസം.
മൃതദേഹത്തിന് അടുത്തുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. മണിക്കൂറുകൾക്കകം തന്നെ ഷാജിയെ മരട് പോലീസ് പിടികൂടുകയായിരുന്നു.
Kerala
കോട്ടയം: ദേവലോകം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തി യുഡിഎഫ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇന്നു രാവിലെ കോട്ടയത്ത് എത്തിയ ചെന്നിത്തല എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണു മടങ്ങിയത്.
ഓർത്തഡോക്സ് സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പുമാരും ആസ്ഥാനത്ത് ഉണ്ടായിരുന്നു. കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണാറുണ്ടെന്നും ബാവയുമായി അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദര്‍ശകനാണെന്നും സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
Kerala
കോട്ടയം: സഭ,സമുദായ ആസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ സന്ദർശനത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വോട്ടിന് വേണ്ടി സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് താൻ പറഞ്ഞതിന് അർഥം വർഗീയതോടു സന്ധി ചെയ്യില്ലെന്നാണ്. സഭ സമുദായ ആസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നതും തിണ്ണ നിരങ്ങുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി വി ഡി സതീശൻ പറഞ്ഞു.
ബുധനാഴ്ച രാവിലെ കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും ചങ്ങനാശേരിയിലെ എന്‍ എസ്എസ് ആസ്ഥാനത്തും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. എന്നാൽ ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള സന്ദർശനമല്ലെന്നും ഓർത്തഡോക്സ് സഭ ആസ്ഥാനത്തും എൻഎസ്എസ് ആസ്ഥാനത്തുമെല്ലാം കോട്ടയം എംപിയായിരുന്ന കാലം മുതൽക്കേ താന്‍ സ്ഥിരം സന്ദർശകനായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയം ചർച്ചയായിട്ടുണ്ടെങ്കിലും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാഞ്ഞതിനെ തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കിയ മകൻ ഗിരീഷ് വളമംഗലത്തുള്ള ഭാര്യവീട്ടിൽ ചെന്ന് ഇയാളുടെ രണ്ട് മക്കളെയും വിളിച്ചു കൊണ്ടു വരികയും അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും കാൽ ഭാഗത്തായി അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കി.
ഭാര്യയുമായി വഴക്കിട്ട് ഇയാൾ വർഷങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളാണ് അമ്മയോട് വിവരങ്ങൾ പറഞ്ഞത്. ഇവർ ഈ വീടിന്‍റെ പരിസരത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച് കാര്യങ്ങൾ പറയുകയും ഇയാൾ ഉടൻ കുത്തിയതോട് പോലീസിൽ അറിയിക്കുകയും ചെയ്തു.
പോലീസെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള പണമില്ലാത്തതിനെ തുടർന്നാണ് അമ്മയെ കുഴിച്ചിട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും പരിസരവാസികൾ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു. ഇന്ന് രാവിലെ ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് മേൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും വ്യക്തിഗത വിവ രങ്ങൾ ആവശ്യപ്പട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവു അയച്ച കത്ത് ചെന്നിത്തല പുറത്തുവിട്ടു. ജീവനക്കാരുടെ വിവരങ്ങൾ പിആർഡിക്കു നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിന് കത്തയച്ചത്. ഏറ്റവും വലിയ ഡാറ്റാ ചോർത്തലാണ് മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതന്നും ഹൈക്കോടതി ജഡ്ജിമാർക്ക് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.
സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേണ്ടി സർക്കാരിന്റെ ഔദ്യോഗിക ഡാറ്റ നിയമവിരുദ്ധമായി ഉപയോഗിച്ചു. ഇന്നലെ ഹൈക്കോടതിയിൽ ഇ കേസിന്റെ വാദം നടന്നിരുന്നു. സർക്കാർ ജീവനക്കാരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ എവിടെനിന്നുമാണ് ലഭിച്ചതെന്ന് ചോദിച്ച് ഹൈക്കോടതി ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് സർക്കാരിനോടു കോടതി ആവശ്യപ്പെട്ടത്.
Kerala
കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. തൃക്കടവൂർ ഈസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്‍റ് അനന്ദുവിന്‍റെ വീടിന് നേരെയായിരുന്നു ആക്രമണം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
കല്ലേറിൽ അനന്ദുവിന്‍റെ വീടിന്‍റെ ജനാല തകർന്നു. സിറ്റൗട്ടിൽ കിടന്ന കസേരകളും തകർത്തു. ഇരുചക്ര വാഹനവും ആക്രമിച്ചു. ആക്രമണ സമയത്ത് അനന്ദുവും രോഗിയായ അമ്മയും മുത്തശ്ശിയും വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് പരാതി നല്കിയത്. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ ആർഎസ്എസ് പ്രവർത്തകർ വീട് ആക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഏഴ് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ആറ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരുംമണിക്കൂറിൽ കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കുമായ ജിജിന്റെ (28) അവയവങ്ങൾ ദാനം ചെയ്തു. മരണശേഷവും അഞ്ചുപേരിലൂടെ ജീവിതത്തിലേക്കാണ് ജിജിന് മടങ്ങിയെത്തിയത്.
ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വെച്ചാണ് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ജിജിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ ജിജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകന്റെ വേർപാടിലും മറ്റുള്ളവർക്ക് തണലാകണമെന്ന കുടുംബത്തിന്റെ ഉറച്ച തീരുമാനമാണ് അവയവദാനത്തിലേക്ക് നയിച്ചത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകി. കരൾ കിംസ് ആശുപത്രിയിലെ തന്നെ മറ്റൊരു രോഗിക്കും വൃക്കകൾ മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊന്ന് കിംസ് ആശുപത്രിയിലെ രോഗിക്കും നൽകും, നേത്രപടലങ്ങൾ കാഴ്ചയില്ലാത്ത രണ്ട് വ്യക്തികൾക്ക് പുതുവെളിച്ചമേകും.
മെഡിക്കൽ കോളേജിൽ നിന്നും അവയവങ്ങൾ കൃത്യസമയത്ത് കിംസ് ആശുപത്രിയിൽ എത്തിക്കുന്നതിനായി പോലീസ് 'ഗ്രീൻ ചാനൽ' സംവിധാനം ഒരുക്കിയിരുന്നു. ഹൃദയവും മറ്റ് അവയവങ്ങളും അതീവ ജാഗ്രതയോടെയാണ് നിശ്ചിത സമയത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്കായി എത്തിച്ചത്.
Kerala
കൊച്ചി: സാങ്കേതികമായ തകരാറിനെ തുടർന്ന് കൊച്ചി മെട്രോ സർവീസ് തടസപ്പെട്ടു. എംജി റോഡ് സ്റ്റേഷനിൽ ഒരു മെട്രോ ട്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചത് മൂലമാണ് മെട്രോ സർവീസ് അരമണിക്കൂറോളം വൈകിയത്.
നിലവിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേഷനിലും അഞ്ചുമിനിറ്റോളം നിർത്തിയിട്ട ശേഷമാണ് സർവീസുകൾ നടക്കുന്നത്. എംജി റോഡ് സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകൾ 15 മിനിറ്റോളം പിടിച്ചിടുന്നുണ്ട്.