National
ന്യൂഡൽഹി: സ്വകാര്യ ചാർട്ടർ വിമാനങ്ങളുടെയും എയർ ടാക്സികളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്കായി പത്തോളം പുതിയ കർശന നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. യാത്രക്കാരുടെ സുരക്ഷയിൽ 'സീറോ ടോളറൻസ്' നയം പിന്തുടരുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
ഓരോ വിമാനത്തിന്റെയും പഴക്കം, അറ്റകുറ്റപ്പണികളുടെ വിവരങ്ങൾ, പൈലറ്റുമാരുടെ പ്രവൃത്തിപരിചയം എന്നിവ ഓപ്പറേറ്റർമാർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണം. യാത്രക്കാർക്ക് തങ്ങൾ സഞ്ചരിക്കുന്ന വിമാനത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനാണിത്. ഓപ്പറേറ്റർമാരുടെ പ്രവർത്തനക്ഷമത വിലയിരുത്തി ഡിജിസിഎ റാങ്കിംഗ് നൽകും. മികച്ച സേവനം നൽകുന്നവരെ കണ്ടെത്താൻ ഈ റാങ്കിംഗ് യാത്രക്കാരെ സഹായിക്കും.
സുരക്ഷാ വീഴ്ചകളുണ്ടായാൽ പൈലറ്റുമാരെ മാത്രം പഴിചാരി രക്ഷപ്പെടാൻ ഇനി കമ്പനികൾക്ക് കഴിയില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും മാനേജ്മെന്റും ഇതിന് മറുപടി പറയേണ്ടി വരും. നിയമങ്ങൾ ലംഘിക്കുന്ന പൈലറ്റുമാരുടെ ലൈസൻസ് അഞ്ച് വർഷം വരെ റദ്ദാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ഈടാക്കാനും തീരുമാനമായി.
വിമാനങ്ങളിലെ കോക്പിറ്റ് വോയ്സ് റെക്കോർഡറുകൾ ഇടയ്ക്കിടെ പരിശോധിക്കും. പഴയ വിമാനങ്ങളുടെയും ഉടമസ്ഥാവകാശം മാറുന്ന വിമാനങ്ങളുടെയും അറ്റകുറ്റപ്പണി ഡിജിസിഎ നേരിട്ട് പരിശോധിക്കും. മോശം കാലാവസ്ഥയോ സുരക്ഷാ പ്രശ്നങ്ങളോ നേരിടുമ്പോൾ സർവീസ് റദ്ദാക്കാനുള്ള അന്തിമ അധികാരം പൈലറ്റിനായിരിക്കും. ചാർട്ടർ വിമാന മേഖലയെ കൂടുതൽ സുതാര്യമാക്കാനും വാണിജ്യ വിമാനങ്ങൾക്ക് തുല്യമായ സുരക്ഷാ നിലവാരത്തിലേക്ക് ഉയർത്താനുമാണ് ഈ നീക്കത്തിലൂടെ ഡിജിസിഎ ലക്ഷ്യമിടുന്നത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കാൻ തയാറായവരുടെയെല്ലാം പരിശോധനയ്ക്ക് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പശ്ചിമ ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും പരിശോധനയ്ക്ക് നിയോഗിച്ചു.
മൂന്ന് വർഷമെങ്കിലും പരിചയമുള്ള സിവിൽ ജഡ്ജിമാരെയും ഇതിനായി നിയോഗിക്കാൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുവാദം നൽകിയിട്ടുണ്ട്. ജാർഖണ്ഡ്, ഒഡീഷ, ബീഹാർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെയും സേവനം ആവശ്യമെങ്കിൽ തേടാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
National
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി അധികാരം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു. ദിസ്പുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹിമന്ത.
"സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങൾ ബിജെപി സർക്കാർ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണമെന്തെന്ന് അവർക്ക് അറിയാം.'-ഹിമന്ത പറഞ്ഞു.
"കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ദുർബലമാണ്. അവർ ഇന്ത്യ സഖ്യമായിട്ട് മത്സരിച്ചാൽ പോലും ജനങ്ങൾ അവരെ വിജയിപ്പിക്കില്ല. നേരത്തെ സംസ്ഥാനം ഭരിച്ചിട്ടുള്ള കോൺഗ്രസ് എല്ലാ മേഖലകളെയും തകർത്താണ് പോയത്. അതിനാൽ തന്നെ കോൺഗ്രസിനെ ഇനി ഒരിക്കലും ആസാമിലെ ജനങ്ങൾ വിജയിപ്പിക്കില്ല.'-ഹിമന്ത കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരളത്തിലെ ബാർ കൗണ്സിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന അപേക്ഷ പരിഗണിക്കാൻ റിട്ട. ജസ്റ്റീസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ഉന്നതാധികാര സമിതിയോടു സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഏപ്രിൽ പത്തുമുതൽ ഹൈക്കോടതി വേനൽ അവധിക്കു പിരിയുന്നതിനാലും നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ വിജ്ഞാപനം ചെയ്യാൻ സാധ്യതയുള്ളതിനാലുമാണ് തീയതി മാറ്റണമെന്ന അപേക്ഷ സുപ്രീംകോടതിയിലെത്തിയത്. കേരള ബാർ കൗണ്സിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന് മുന്പ് പൂർത്തിയാക്കാനായിരുന്നു മുൻ നിർദേശം.
National
ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തൽ കുട്ടനാണ് (57) കൊല്ലപ്പെട്ടത്. തോഡർ ഗോത്ര വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണു കുറ്റിക്കാട്ടിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരെ വിവരമറിയിച്ചതനുസരിച്ച് ഡിവൈഎസ്പി മണികണ്ഠൻ, ഫോറസ്റ്റ് ഓഫീസർ രാംപ്രസാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്കു മാറ്റി.
കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഊട്ടി സോളൂർ ജംഗ്ഷനിൽ ഊട്ടി-ഗൂഡല്ലൂർ ദേശീയപാത ഉപരോധിച്ചു.
National
മാണ്ഡ്യ: കർണാടകയിൽ പ്രണയവിവാഹത്തിന് പിന്തുണച്ചതിന് മധ്യവയസ്കന്റെ കാൽപാദം തല്ലിതകർത്തു. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പാണ്ഡവപുരത്തിന് സമീപം ബൊമ്മലപുര സ്വദേശി പ്രകാശിന്റെ കാൽ ആണ് പെൺകുട്ടിയുടെ ബന്ധുക്കൾ കല്ലുകൊണ്ട് തല്ലിതകർത്തത്.
ഞായറാഴ്ചയാണ് പ്രകാശിനും മരുമകൻ നവീനും നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൊമ്മലപുരയിൽ പ്രണയവിവാഹത്തിന് പെൺകുട്ടിക്ക് കൂട്ടുനിന്ന സംഭവത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രകാശിനെയും നവീനെയും പെൺകുട്ടിയുടെ സഹേദരൻ ഗിരീഷും ബന്ധു സഞ്ജുവും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശിനെയും മരുമകൻ നവീനെയും പിന്തുടർന്ന് സംഘം ആക്രമിച്ചത്.
പെൺകുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേർന്നാണ് ഇരുവരെയും ആക്രമിച്ചത്. അക്രമി സംഘം കല്ലുകൊണ്ട് കാൽപാദം തല്ലി തകർക്കുകയായിരുന്നു.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ അപലപിച്ചു കോണ്ഗ്രസ്.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ എന്തെല്ലാം ബലികൊടുക്കണമോ അതെല്ലാം ചെയ്യുമെന്നും രാജ്യത്തെ പണയം വയ്ക്കുന്നവർക്കെതിരായ പോരാട്ടം തുടരുമെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
രാജ്യത്തിനുമുന്പാകെ സത്യം കൊണ്ടുവന്നതിന് യൂത്ത് കോണ്ഗ്രസ് അധ്യക്ഷനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതു സ്വേച്ഛാധിപത്യത്തിന്റെയും ഭീരുത്വത്തിന്റെയും തെളിവാണെന്നായിരുന്നു സംഭവത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അറസ്റ്റിലായ യൂത്ത് കോണ്ഗ്രസ് അധ്യക്ഷനെയും പ്രവർത്തകരെയും എത്രയും പെട്ടെന്ന് പുറത്തുവിടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധത്തിന് യുവാക്കൾ ജയിലിലാകുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഇരുണ്ട മുഹൂർത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെയും തന്റെ ഭരണകൂടത്തെയുംകുറിച്ച് ജനങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ള അശുഭകരമായ സത്യങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനായുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണിതെന്നും പീഡിപ്പിക്കുന്ന രാഷ്ട്രീയമല്ലാതെ ഇതു മറ്റൊന്നുമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
National
ഭോപ്പാൽ: ഇന്ത്യാ-യുഎസ് വ്യാപാരക്കരാറിനെതിരേ ഭോപ്പാലിൽ കോൺഗ്രസ് കർഷകസംഘടനയുടെ നേതൃത്വത്തിൽ മഹാചൗപാൽ റാലി. കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ചവരുത്തിയെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
തീരുവകളിലൂടെ യുഎസ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തിയപ്പോൾ ശക്തമായി നിലകൊള്ളാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ല. പ്രധാനമന്ത്രിക്കു രാജ്യസ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ട്രംപിനോടു സംസാരിക്കുന്പോൾ മുട്ടുമടക്കില്ലായിരുന്നുവെന്നും കോൺഗ്രസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.
ട്രംപിനെതിരേ ഒന്നിച്ച് പൊരുതാൻ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ മോദി അതിന് തയാറായില്ല. പതിനാലം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പോലെയാണ് ട്രംപിന്റെ പ്രവൃത്തികളെങ്കിൽ ഹിറ്റ്ലറിനെയാണ് മോദി ഓർമിപ്പിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.
National
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
സേവാതീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉപമുഖ്യമന്ത്രിമാരായ ബിജെപിയുടെ നെംചാ കിപ്ജെനും നാഗ പീപ്പിൾസ് ഫ്രണ്ടിലെ (എൻഎഫ്പി) ലോസി ഡിഖോയും ഉണ്ടായിരുന്നു.
സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മണിപ്പുർ സന്ദർശനത്തിന് മോദിയെ ക്ഷണിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: ഡൽഹിയിൽനിന്നു കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ ലേയിലേക്കു പറന്ന സ്പൈസ് ജെറ്റ് വിമാനം എൻജിൻ തകരാറിനെത്തുടർന്ന് തിരിച്ചിറക്കി.
ഇന്നലെ രാവിലെ 150 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 737 വിമാനമാണു ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.
എൻജിൻ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റ് മെയ്ഡേ കോൾ വിളിക്കുകയും വിമാനം തിരിച്ചിറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 6.08ന് പറന്നുയർന്ന വിമാനം 6.49 ആയപ്പോൾ തിരിച്ചിറക്കി.
National
മീററ്റ് (ഉത്തർപ്രദേശ്): നാലുമാസം പ്രായമായ രണ്ടു പിഞ്ചുകുട്ടികളും നാലിനും 12നും ഇടയിൽ പ്രായമുള്ള മൂന്നു കുട്ടികളും ഉൾപ്പെടെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ആറു കുട്ടികൾ ഷോർട്ട് സർക്യൂട്ടിനെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ വെന്തുമരിച്ചു. മറ്റുള്ളവർ റംസാൻ നമാസിനായി മോസ്കിൽ പോയിരിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ടെക്സ്റ്റൈൽ വ്യാപാരികളായിരുന്ന കുടുംബം ഓൺലൈൻ ബിസിനസിനായി വാങ്ങിക്കൂട്ടിയ തുണികൾ മൂന്നുനിലക്കെട്ടിടത്തിലെ വീടിനുള്ളിലുണ്ടായിരുന്നു. ഇതാണ് തീ ആളിപ്പിടിക്കാൻ ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റ അഞ്ചു പേരെ പോലീസ് രക്ഷപ്പെടുത്തി.
National
ന്യൂഡൽഹി: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്ന പൗരന്മാർക്ക് 25,000 രൂപ വീതം നൽകുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഡൽഹി സർക്കാർ.
നിയമക്കുരുക്കിൽപ്പെടുമോയെന്ന ആശങ്കമൂലം സഹായത്തിന് വിമുഖത കാണിക്കുന്ന പൗരന്മാർക്കു പ്രചോദനം നൽകാൻ പദ്ധതി സഹായകമാകുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
ഗുരുതരമായി അപകടത്തിൽപ്പെട്ടവരെ "ഗോൾഡൻ അവറി' നുള്ളിൽ (അപകടമുണ്ടായതിനുശേഷമുള്ള ആദ്യ മണിക്കൂർ) ആശുപത്രിയിലെത്തിക്കുന്നവർക്കാണ് സാന്പത്തിക സഹായം ലഭിക്കുക.
National
ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമം അനുവദിക്കുന്നിടത്തോളം കാലം വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) സാധുവായ രേഖകൾക്കൊപ്പം ആധാർ കാർഡ് ഉപയോഗിക്കാമെന്ന് ആവർത്തിച്ചു സുപ്രീംകോടതി.
വ്യാജ ആധാർ കാർഡ് വ്യാപകമായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എസ്ഐആർ നടപടികളിൽനിന്ന് ആധാർ ഉപയോഗിക്കുന്നത് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി.
വ്യാജ ആധാർ ഉപയോഗത്തെപ്പറ്റി ഹർജിക്കാരന് ആശങ്ക നിലനിൽക്കുന്നുവെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിലെ എസ്ഐആർ സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
സാധുവായ രേഖകളിൽനിന്ന് ആധാർ ഒഴിവാക്കിയായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ എസ്ഐആർ നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സാധുവായ രേഖകൾക്കൊപ്പം ആധാർ കാർഡ് ഉപയോഗിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചതോടെ ബാക്കി സംസ്ഥാനങ്ങളിലുൾപ്പെടെ അതു നടപ്പാക്കുകയായിരുന്നു.
എന്നാൽ, രാജ്യത്തുടനീളം വ്യാജ ആധാർ വ്യാപകമെന്നും അവയിൽ മിക്കതും ബംഗാളിലാണെന്നുമാണ് ഹർജിക്കാരനായ അഭിഭാഷകൻ അശ്വനി ഉപാധ്യായ സുപ്രീംകോടതിയിൽ ആരോപിച്ചത്. അങ്ങനെയെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അന്വേഷണം ആവശ്യമായി വന്നേക്കാമെന്നും അതിനാൽ കേന്ദ്രസർക്കാരിനെ സമീപിക്കാനുമായിരുന്നു ചീഫ് ജസ്റ്റീസിന്റെ നിർദേശം. ആധാർ കാർഡുകൾ വ്യാജമായി നിർമിക്കുന്നുണ്ടെങ്കിൽ അത് നിയമാനുസൃതമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: വിദേശരാജ്യങ്ങളുമായുള്ള പാർലമെന്ററി ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടു പാർലമെന്ററി സൗഹൃദ ഗ്രൂപ്പുകൾക്ക് രൂപം നൽകി ലോക്സഭ സ്പീക്കർ ഓം ബിർള. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരുൾപ്പെട്ട 64 പാർലമെന്ററി സൗഹൃദ ഗ്രൂപ്പുകളാണു രൂപവത്കരിച്ചത്.
വിവിധ രാജ്യങ്ങളിലെ പാർലമെന്റുകളുമായുള്ള ആശയവിനിമയവും രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധവും ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഈ പാർലമെന്ററി സൗഹൃദ ഗ്രൂപ്പുകൾ വിവിധ രാജ്യങ്ങൾ സന്ദർശിക്കും.
മലയാളി എംപിമാരായ കെ.സി. വേണുഗോപാലിനെ പോർച്ചുഗലിന്റെയും കൊടിക്കുന്നിൽ സുരേഷിനെ ഖത്തറിന്റെയും ശശി തരൂരിനെ ഫ്രാൻസിന്റെയും എൻ.കെ. പ്രേമചന്ദ്രനെ മഡഗാസ്കറിന്റെയും ഗ്രൂപ്പ് ലീഡർമാരാക്കിയിട്ടുണ്ട്.
ജോസ് കെ.മാണി (ഇറാൻ), ജോണ് ബ്രിട്ടാസ് (വിയറ്റ്നാം), പി.ടി. ഉഷ (ജർമനി), ഫ്രാൻസിസ് ജോർജ് (അർജന്റീന), വി. ശിവദാസൻ, ബെന്നി ബെഹനാൻ (ബ്രസീൽ), ഡീൻ കുര്യാക്കോസ് (സൗദി), ഷാഫി പറന്പിൽ (ഇസ്രയേൽ), എ.എ. റഹീം (ഇന്തോനേഷ്യ), ആന്റോ ആന്റണി, ഹൈബി ഈഡൻ (സിംഗപ്പുർ), അടൂർ പ്രകാശ് (കുവൈറ്റ്), എം.കെ. രാഘവൻ (എത്യോപ്യ), പി.പി. സുനീർ (ഗ്രീസ്), കെ. രാധാകൃഷ്ണൻ (മലേഷ്യ), ഹാരിസ് ബീരാൻ (ചെക്ക് റിപ്പബ്ലിക്), വി.കെ. ശ്രീകണ്ഠൻ (ഓസ്ട്രിയ), ജെബി മേത്തർ (ഈജിപ്ത്), അബ്ദുസമദ് സമദാനി (അൾജീരിയ), കെ. സുധാകരൻ (ഖത്തർ), രാജ്മോഹൻ ഉണ്ണിത്താൻ, ഇ.ടി. മുഹമ്മദ് ബഷീർ (മഡഗാസ്കർ) എന്നിവർ വിവിധ സംഘാംഗങ്ങളാണ്.
National
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കന്പനിയായ അല്ലാന ഗ്രൂപ്പ് ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കു സംഭാവനയായി നൽകിയത് 30 കോടി രൂപയെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ മുന്പാകെ ബിജെപി സമർപ്പിച്ച രേഖകൾ ഉദ്ധരിച്ച് ഒരു ദേശീയ ഡിജിറ്റൽ മാധ്യമമാണ് 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ അല്ലാന ഗ്രൂപ്പ് നൽകിയ സംഭാവനയുടെ കണക്കുകൾ പുറത്തുവിട്ടത്.
2018നുശേഷം ആദ്യമായി ഇന്ത്യയുടെ ബീഫ് കയറ്റുമതി കഴിഞ്ഞവർഷം 400 കോടി കടന്നിരുന്നുവെന്നും ഇതേ കാലയളവിൽത്തന്നെയാണു രാജ്യത്തെ പ്രമുഖ മാംസ കയറ്റുമതി കന്പനി ബിജെപിക്ക് വൻ തുക സംഭാവന നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2014ൽ ബിജെപി അധികാരത്തിൽ വരുന്നതിന് മുന്പുതന്നെ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് നേരിട്ടു സംഭാനകൾ നൽകുന്നുണ്ടായിരുന്നെങ്കിലും ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ നടത്തുന്ന ആക്രമണങ്ങൾക്കും അല്ലാന ഗ്രൂപ്പിൽ 2019ൽ നടന്ന റെയ്ഡുകൾക്കും ശേഷം ഈ സംഭാവന ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2013-14ൽ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് രണ്ടു കോടി രൂപ നൽകിയപ്പോൾ 2014-15ൽ 50 ലക്ഷം രൂപയാണു നൽകിയിരിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ അതിക്രമങ്ങൾ മൂലം അല്ലാന ഗ്രൂപ്പിന്റെ പ്രധാന സംസ്കരണ യൂണിറ്റുകളുള്ള ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അവരുടെ വിതരണശൃംഖല ഇല്ലാതായെന്നും 2019 ജനുവരിയിൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട നൂറിലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2000 കോടിയിലധികം രൂപയുടെ നികുതി കന്പനി വെട്ടിച്ചെന്നായിരുന്നു ഇതേവർഷം ഏപ്രിലിൽ ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നത്. ഇതിനുശേഷം അല്ലാന ഗ്രൂപ്പിന്റെ സംഭാവനകൾ ക്രമാതീതമായി വർധിക്കുകയായിരുന്നു.
പിന്നാലെ അല്ലാന ഗ്രൂപ്പ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയെന്നും ആരോപണമുണ്ടായതിനുശേഷമുള്ള മാസങ്ങളിൽ ഏഴു കോടിയുടെ ബോണ്ടുകൾ വാങ്ങിയെന്നും പബ്ലിക് ഡാറ്റകൾ ഉദ്ധരിച്ച് ദേശീയ ഡിജിറ്റൽ മാധ്യമം ചൂണ്ടിക്കാട്ടുന്നു. ഇതിൽ അഞ്ചു കോടി ശിവസേനയ്ക്കും രണ്ടു കോടി രൂപ ബിജെപിക്കുമാണ് കന്പനി നൽകിയത്. 2023-24 സാന്പത്തികവർഷം ബിജെപിക്ക് രണ്ടു കോടി രൂപ നൽകിയ അല്ലാന ഗ്രൂപ്പ് ഇതിന്റെ 15 മടങ്ങായ 30 കോടി രൂപയാണ് കഴിഞ്ഞ സാന്പത്തികവർഷം നൽകിയത്.
മുംബൈ ആസ്ഥാനമായ അല്ലാന ഗ്രൂപ്പിന് 160 വർഷത്തെ പഴക്കമുണ്ട്. 70 രാജ്യങ്ങളിൽ വിതരണശൃംഖലകളുണ്ട്. ഫിറോസ് അല്ലാനയാണു കന്പനിയുടെ സ്ഥാപകൻ. ഇർഫാൻ അല്ലാനയാണ് നിലവിലെ ചെയർമാൻ.
National
ബംഗളൂരു: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുന് ഡയറക്ടറും മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പില് കോയിപ്പള്ളി ഷെവലിയാര് പ്രഫ. ജെ. ഫിലിപ്പിന്റെ (90) സംസ്കാരം നടത്തി.
ബംഗളൂരു സെന്റ് ആന്റണീസ് ഫ്രെയ്റി ചർച്ചിൽ നടന്ന സംസ്കാരശുശ്രൂഷകൾക്ക് ചങ്ങനാശേരി ആര്ച്ച്ബിഷപ് മാര് തോമസ് തറയില് മുഖ്യകാര്മികത്വം വഹിച്ചു. തുടർന്ന് 85 ഹൊസൂര് റോഡിലെ സെന്റ് പാട്രിക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.
ശിഷ്യരും സഹപ്രവർത്തകരുമടക്കം വൻജനാവലി അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ദീപികയ്ക്കുവേണ്ടി ഫാ. കുര്യൻ വെള്ളായിക്കൽ റീത്ത് സമർപ്പിച്ചു.
National
ഛത്രപതി സംഭാജിനഗർ: ഗോദാവരി നദിയിലെ വെള്ളം താഴ്ന്നുതുടങ്ങിയപ്പോൾ നാട്ടുകാർ നദിയിലേക്കൊഴുകുകയാണ്.
മഹാരാഷ്ട്രയിലെ പൈതാൻ നഗരവാസികളാണ് സ്വർണവും അമൂല്യവസ്തുക്കളും തപ്പി ഗോദാവരിയിലിറങ്ങിയിരിക്കുന്നത്.
ചെളിനിറഞ്ഞ നദിയുടെ അടിത്തട്ടിൽ വലയും അരിപ്പയും ചട്ടിയുമായി അരിച്ചുപെറുക്കുകയാണ് പ്രദേശവാസികൾ. പുണ്യനദിയായാണ് ഗോദാവരിയെ നാട്ടുകാർ കണക്കാക്കുന്നത്. അതിനാൽ മതപരമായ ചടങ്ങുകളുടെ ഭാഗമായി സ്വർണം ഉൾപ്പെടെയുള്ള അമൂല്യ വസ്തുക്കൾ ചിലർ നദിയിൽ ഒഴുക്കാറുണ്ട്.
National
ന്യൂഡൽഹി: നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തങ്ങളിൽപ്പെട്ടവർക്കു കൈത്താങ്ങുമായി ഫരീദാബാദ് അതിരൂപത.
വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടമായവരിൽ ഒരു കുടുംബത്തിന് താമരശേരി രൂപത സോഷ്യൽ സർവീസ് ടീമിന്റെ സഹായത്തോടെ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഇന്ന് ഉച്ചകഴിഞ്ഞു നിർവഹിക്കും.
വയനാട് ജില്ലയിലെ പുഞ്ചിരിമട്ടത്ത് മാനന്തവാടി രൂപത സോഷ്യൽ സർവീസ് ടീമിന്റെ സഹായത്തോടെ മറ്റൊരു വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഫരീദാബാദ് അതിരൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജോമി വാഴക്കാലായിൽ അറിയിച്ചു.
ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരും വീടും സ്വത്തും നഷ്ടപ്പെട്ടവരും അവരുടെ ജീവിതങ്ങൾ വീണ്ടും കെട്ടിപ്പടുക്കുന്ന ഈ അവസരത്തിൽ കൈത്താങ്ങാകാൻ ഫരീദാബാദ് അതിരൂപതയ്ക്കു സാധിച്ചതിൽ ഒത്തിരി സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ഏഴു പേരിൽ രോഗി സഞ്ജയ്കുമാർ ഷായും ഭാര്യയും ബന്ധുവും ഇയാളെ ചികിത്സിച്ചിരുന്ന ഡോക്ടറും.
65 ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാറിനെ ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകവേയായിരുന്നു ദുരന്തം. 41കാരനായ സഞ്ജയ്കുമാറിന്റെ ജീവൻ രക്ഷിക്കാനായി കുടുംബം എട്ടു ലക്ഷം രൂപ കടംവാങ്ങിയായിരുന്നു ചെറുവിമാനം തരപ്പെടുത്തിയത്.
ജാർഖണ്ഡ് ലതേഹാർ ജില്ലയിലെ ചാന്ദ്വ സ്വദേശിയാണ് സഞ്ജയ്. ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽപ്പെട്ട ഛാന്ദ്വയിൽ ചെറിയൊരു ഹോട്ടൽ നടത്തിവരികയായിരുന്നു സഞ്ജയ്. കഴിഞ്ഞ തിങ്കളാഴ്ച ഹോട്ടലിൽ പാചകവാതകം ചോർന്നു തീപിടിത്തമുണ്ടായതിനെത്തുടർന്നാണ് ഇയാൾക്ക് ഗുരുതരമായി പൊള്ളലേറ്റത്.
സഞ്ജയ്കുമാറിനൊപ്പം ഭാര്യ അർച്ചന, ബന്ധു ധ്രുവ് കുമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നുമൊക്കെ പണം കടം വാങ്ങിയായിരുന്നു എയർ ആംബുലൻസിനായി കുടുംബം പണം കണ്ടെത്തിയതെന്ന് അർച്ചനയുടെ സഹോദരൻ അജയ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 7.11ന് റാഞ്ചിയിൽനിന്നു പറന്നുയർന്ന എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ വനമേഖലയായ കസാരിയയിൽ തകർന്നുവീഴുകയായിരുന്നു. രോഗി സഞ്ജയ്കുമാറിനും ഭാര്യക്കും ബന്ധുവിനും പുറമെ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹ പൈലറ്റ് ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, ചികിത്സിച്ച ഡോ. വികാസ് കുമാർ ഗുപ്ത, പാരാമെഡിക്കൽ ജീവനക്കാരൻ സച്ചിൻ കുമാർ മിശ്ര എന്നിവരും മരിച്ചിരുന്നു.
റെഡ്ബേഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് സി90 എയർ ആംബുലൻസാണ് തകർന്നുവീണത്.
National
പാറ്റ്ന: മത്സ്യ, മാംസ വില്പന കടകൾ കുട്ടികളിൽ അക്രമവാസനയുണ്ടാക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന വിചിത്ര വാദവുമായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ.
സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന മത്സ്യ, മാംസ, കോഴി വില്പനകടകൾ നിരോധിക്കും. ഇത്തരം കടകൾ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും കുട്ടികളിൽ അക്രമവാസനയുണ്ടാക്കുമെന്നും സിൻഹ ആരോപിച്ചു.
നിതീഷ് കുമാർ മന്ത്രിസഭയിൽ നഗരവികസന വകുപ്പിന്റെ ചുമതല മുതിർന്ന ബിജെപി നേതാവായ സിൻഹയ്ക്കാണ്. നമ്മൾ പുതിയ ബിഹാർ സൃഷ്ടിക്കുകയാണ്. സർക്കാരിന്റെ എല്ലാ നടപടികളിലും ഇത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് എതിരല്ല.
എന്നാൽ, അത്തരം വസ്തുക്കൾ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് മതസ്ഥാപനങ്ങളുടെ പരിസരത്ത് വിൽക്കുന്നത് മതവികാരങ്ങളെ വൃണപ്പെടുത്തും. കുട്ടികളിൽ അക്രമവാസനകൾ തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്- സിൻഹ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ. അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നൽകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
അണ്ണാ ഡിഎംകെ പുറത്തിറക്കിയ മൂന്നാം ഘട്ട പ്രകടന പത്രികയിലാണ് ഈ സുപ്രധാന പ്രഖ്യാപനങ്ങളുള്ളത്. കുടുംബങ്ങൾക്കുള്ള ധനസഹായത്തിന് പുറമെ തൊഴിലില്ലായ്മ പരിഹരിക്കാനും വിവിധ മേഖലയിലുള്ളവർക്കും ആശ്വാസകരമായ നിരവധി വാഗ്ദാനങ്ങൾ പാർട്ടി മുന്നോട്ടുവെക്കുന്നുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കാത്തവർക്ക് മാസം 2,000 രൂപ വീതം നൽകും. ഇതിൽ പ്ലസ് ടു പാസായവർക്ക് 1,000 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ സർക്കാർ 8000 രൂപയാണ് നൽകുന്നത്.
അണ്ണാ ഡിഎംകെ അധികാരത്തിൽ വന്നാൽ 10,000 രൂപയായി ഉയർത്തുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നെയ്ത്തുകാർക്കും പ്രത്യേക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
National
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പുതിയ ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ അമേരിക്കയ്ക്ക് വിറ്റൊഴിക്കുന്നതിന് തുല്യമാണെന്നും, വിവാദമായ 'എപ്സ്റ്റീൻ ഫയലുകൾ' ഉപയോഗിച്ച് പ്രധാനമന്ത്രിയെ അമേരിക്ക ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
കാർഷിക-വസ്ത്ര നിർമാണ മേഖലകളെ തകർക്കുന്നതാണ് പുതിയ വ്യാപാര കരാറെന്ന് രാഹുൽ കുറ്റപ്പെടുത്തി. പാർലമെന്റിലോ കാബിനറ്റിലോ ചർച്ച ചെയ്യാതെ രഹസ്യമായാണ് ഈ കരാറിൽ ഒപ്പിട്ടത്. അന്തരിച്ച അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളിൽ പ്രധാനമന്ത്രി മോദിയുടെയും അനിൽ അംബാനി, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെയും പേരുകളുണ്ട്. ഈ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് അമേരിക്ക ഇന്ത്യയെക്കൊണ്ട് കരാറിൽ ഒപ്പിടുവിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു .
ഗൗതം അദാനിക്കെതിരെയുള്ള അമേരിക്കയിലെ കേസുകൾ യഥാർത്ഥത്തിൽ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും, ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള 'അടിയറവ് പറച്ചിലാണ്' പുതിയ കരാറെന്നും അദ്ദേഹം പരിഹസിച്ചു. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ നരവനെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
National
ഗ്രേറ്റർ നോയിഡ: ജയിൽ മോചിതനായതിന് പിന്നാലെ യുവാവിനെ വീടിന് മുന്നിൽവച്ച് വെടിവച്ചു കൊന്നു. നിഖിൽ(25) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതിയായ നിഖിൽ അടുത്തിടെയാണ് ജയിൽ മോചിതനായത്.
രണ്ടുപേർ നിഖിലിനെ ഓടിക്കുന്നതും നിഖിലിന് നേരെ തോക്ക് ചൂണ്ടുന്നതും സംഭവത്തിൽ ഇടപെട്ട ഒരു സ്ത്രീയെ ആക്രമികൾ ഭയപ്പെടുത്തി ഓടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
വെടിയേറ്റ നിഖിലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. ആക്രമികളായ മൂന്നുപേരുടെയും കുടുംബാംഗത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു നിഖിൽ.
നിഖിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേയ്ക്ക് അയച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ മയൂർ വിഹാറിലെ മാളിന്റെ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശി നരേന്ദ്ര (42) ആണ് മരിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്വാഭാവിക മരണമാണെന്ന് പോലീസ് സംശയിക്കുന്നു. നരേന്ദ്ര കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റണമെന്ന കേരള നിയമസഭയുടെ ശുപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. പുതുതായി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീർത്ഥിൽ' വെച്ച് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
ഭരണഘടനയുടെ മൂന്നാമത് അനുച്ഛേദം അനുസരിച്ച് ഒന്നാം പട്ടികയിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പേര് മാറ്റുക. ഇതിനായുള്ള ബിൽ ഇനി പാർലമെന്റിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം 2024 ജൂൺ 24-ന് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
മലയാളത്തിൽ 'കേരളം' എന്ന് വിളിക്കപ്പെടുമ്പോഴും ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷിൽ കേരള എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് മാറ്റണമെന്നത് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകൃതമായ കാലം മുതലുള്ള ആവശ്യമായിരുന്നു.