വാഷിംഗ്ടൺ: അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർക്ക് ഭീഷണിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പരിഷ്കാരം. അനധികൃത കുടിയേറ്റക്കാർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിരോധിക്കുന്ന 'ഡെലൈല നിയമം' നടപ്പിലാക്കാൻ ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
2024-ൽ അമേരിക്കയിൽ നടന്ന ഒരു അപകടത്തെ തുടർന്നാണ് ഈ നിയമത്തിന് രൂപം നൽകിയത്. അനധികൃതമായി രാജ്യത്തെത്തിയ പ്രതാപ് സിംഗ് എന്ന ഇന്ത്യൻ വംശജൻ ഓടിച്ച ട്രക്കിടിച്ച് ഏഴ് വയസുകാരിയായ ഡെലൈല കോൾമാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ അപകടത്തിൽ കുട്ടിക്ക് സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാർ വ്യാജരേഖകളിലൂടെ ലൈസൻസ് സമ്പാദിക്കുന്നത് തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
അമേരിക്കൻ ട്രക്കിംഗ് മേഖലയിലെ നിർണായക ശക്തിയായ ഇന്ത്യക്കാരെ, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന സ്വദേശികളെ ഈ നിയമം സാരമായി ബാധിക്കും. അമേരിക്കയിലെ ആകെ ട്രക്ക് ഡ്രൈവർമാരിൽ 20 ശതമാനത്തോളം (ഏകദേശം 1.5 ലക്ഷം പേർ) ഇന്ത്യക്കാരാണ്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും മതിയായ രേഖകളില്ലാത്തവർക്കും ഇനി ലൈസൻസ് ലഭിക്കില്ല.
Tags : Indian Truck Drivers 'Delilah Law