ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുക്രെയ്ൻ ആണ് പ്രമേയം കൊണ്ടുവന്നത്.
193 അംഗങ്ങളുള്ള പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നു. 107 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ റഷ്യ ഉൾപ്പെടെ 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎഇ തുടങ്ങി 51 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രെയ്നിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് പ്രമേയം മുന്നോട്ടുവെച്ചത്. റഷ്യൻ സേന യുക്രെയ്നിൽ നിന്ന് പൂർണമായും ഉപാധികളില്ലാതെയും പിന്മാറണം. പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നിന് തിരികെ നൽകണം. യുദ്ധത്തടവുകാരെയും നാടുകടത്തപ്പെട്ട കുട്ടികളെയും ഉടൻ കൈമാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രമേയം.
എന്നാൽ ഈ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും മറിച്ച് സമാധാനത്തിന്റെ പക്ഷത്താണെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.തോക്കിൻമുനയിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് ഇന്ത്യ ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയെങ്കിലും, റഷ്യയുമായുള്ള തന്ത്രപരമായ ബന്ധവും സ്വതന്ത്ര വിദേശനയവും കണക്കിലെടുത്താണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Tags : Ukraine India United Nations Ceasefire