International
വത്തിക്കാൻ സിറ്റി: സുഡാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല ജപത്തിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“സുഡാനിൽനിന്നുള്ള ദുരന്ത വാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത് .സ്ത്രീകൾക്കും കുട്ടികൾക്കും നിരായുധർക്കും നേർക്കുള്ള ആക്രമണത്തെ അപലപിക്കുന്നു. ഉടൻ വെടിനിർത്തലിനു തയാറാകണം.
മനുഷ്യത്വ ഇടനാഴി തുറക്കണം. ദുരിതാശ്വാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര സമൂഹം നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം”- മാർപാപ്പ പറഞ്ഞു. സുഡാനിൽ വിമതർ നിയന്ത്രണം ഏറ്റെടുത്ത എൽ-ഫാഷർ നഗരത്തിലെ സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും ബന്ധുക്കളും ഉൾപ്പെടെ 460 പേർ കൊല്ലപ്പെട്ടിരുന്നു.
ടാൻസാനിയയിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.
International
പുത്രജയ് (മലേഷ്യ): സംഘർഷത്തിന്റെ അഞ്ചാം ദിനം തായ് ലൻഡും കംബോഡിയയും തമ്മിൽ വെടിനിർത്തലിനു ധാരണയായി. ഉപാധിരഹിതവും അടിയന്തരവുമായ വെടിനിർത്തൽ പ്രഖ്യാപിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. തന്റെ നേതൃത്വത്തിൽ തുറന്ന ചർച്ചയിലാണു സമാധാനപാതയിലേക്കു നീങ്ങാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരുവിഭാഗങ്ങളിൽനിന്നുമുള്ള സൈനിക ഉദ്യോഗസ്ഥർ തുടർചർച്ചകളിൽ ഏർപ്പെടും. മലേഷ്യ, കംബോഡിയ, തായ് ലൻഡ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും ശാശ്വത സമാധാനം ഉറപ്പുവരുത്താനുള്ള വിശദമായ നടപടിക്രമങ്ങൾ രൂപകൽപന ചെയ്യും. രണ്ടു പക്ഷത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 300,000 ഗ്രാമീണർക്ക് ഉടൻ തിരികെയെത്താൻ കഴിയട്ടെയെന്ന് ആശിക്കുന്നതായി കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റ് പ്രതികരിച്ചു.
യോഗത്തിന്റെ തീരുമാനങ്ങളിൽ സന്തോഷമുണ്ടെന്ന് അറിയിച്ച തായ് ലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈയും കൈകൊടുത്താണു പിരിഞ്ഞത്. സംഘർഷം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകൾ പുനഃപരിശോധിക്കേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും ഇപ്പോഴത്തെ വെടിനിർത്തലിനു കാരണമായിട്ടുണ്ടെന്നു വ്യാഖ്യാനിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇരുരാജ്യങ്ങളിലുമായി മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു.
അതിർത്തിയിൽ വെടിവെയ്പും റോക്കറ്റാക്രമണവും നടന്നു. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തർക്കപ്രദേശമായ താ മ്വാൺ തോം ക്ഷേത്രത്തിന്റെ സമീപത്തായി കുഴിബോംബ് പൊട്ടിത്തെറിക്കുകയും അഞ്ച് തായ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിലേക്കു വഴിതെളിച്ചത്.
International
ടെഹ്റാൻ: പന്ത്രണ്ടു ദിവസത്തെ സംഘർഷങ്ങൾക്കു ശേഷം പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. വെടിനിർത്തൽ അംഗീകരിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയും ഇന്നു പുലർച്ചെയും ഇസ്രയേലും ഇറാനും പരസ്പരം ആക്രമിച്ചില്ല. ഇരു രാജ്യങ്ങളിലേക്കും മിസൈലുകൾ എത്തിയില്ല.
അതേസമയം, സംഘർഷം ആരംഭിച്ചതിനു പിന്നാലെ അടച്ച ഇറാന്റെ വ്യോമപാത ഉടൻ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് പശ്ചിമേഷ്യ വീണ്ടും സമാധാനം കൈവരിച്ചത്. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡന്റ് അറിയിച്ചത്.
ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിര്ത്താൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തലമുറകളോളം നിലനിൽക്കുന്ന ചരിത്രവിജയം ഇസ്രായേൽ നേടിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മികച്ച ഒരു സുഹൃത്ത് ഇസ്രായേലിന് വൈറ്റ് ഹൗസിൽ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.