ആ മരണ വാർത്ത എന്നെ അത്ഭുതപ്പെടുത്തിയില്ല, കാരണം അറിയാമായിരുന്നു അവളുടെ മരണം വളരെ അടുത്തു കഴിഞ്ഞു എന്നുള്ളത്. എന്നിരുന്നാലും അവൾ പോയി എന്നറിഞ്ഞപ്പോൾ തോന്നുന്ന വികാരം മറ്റൊന്നായിരുന്നു.
വർഷങ്ങൾ ഒന്നും രണ്ടുമല്ല. നീണ്ട അറുപതു വർഷം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അവളുടെ ജീവിതത്തിലൂടെയൊഴുകിയ സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും നിമിഷങ്ങൾ ഞങ്ങൾ പരസ്പരം പങ്കുവച്ചിരുന്നു.
അവൾ ഒറ്റക്കായിരുന്നുവെന്ന് പറഞ്ഞാൽ അത് പൂർണമായും സത്യമാകില്ല. കൂട്ടുകുടുംബമായതിനാൽ വീട് എപ്പോഴും ആളുകളാൽ നിറഞ്ഞിരുന്നു. അവരുടെ കാര്യങ്ങൾ നോക്കുന്നതിനായി അവൾക്ക് ഒരുപാട് സമയം ചെലവഴിക്കേണ്ടി വന്നു.
അവൾ അതെല്ലാം പരാതിയില്ലാതെ ചെയ്തു തീർത്തിരുന്നു, ചുരുങ്ങിയ ഒഴിവു സമയങ്ങളിൽ അവളുടെ ഏക കൂട്ടുകാരി ഏകാന്തത തന്നെയിരുന്നു. ജീവിതത്തിലെ കൂട്ടുകാരനെ കാണാൻ പോലും സമയം കിട്ടിയിരുന്നില്ല.
പാടത്തിലേക്കോ അല്ലെങ്കിൽ റബർ വെട്ടാനോ പോകുന്ന തിരക്കുകളായിരുന്നു എല്ലായിപ്പോഴും. അതെല്ലാം ഒരു പരാതിയുമില്ലാതെ വേദന പങ്കു വയ്ക്കാനോ അന്ന് അവൾക്ക് ആരുമുണ്ടായിരുന്നില്ല. അങ്ങിനെ വർഷം രണ്ടു കടന്നു പോയി. അപ്പോഴാണ് എന്റെ വരവ്.. എന്നേയും അവളുടെ ഇടവകയിലേക്ക് കെട്ടിച്ചു കൊണ്ടു വന്നതായിരുന്നു.
പള്ളിയിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. അവളെ കണ്ട നിമിഷം തന്നെ എനിക്കു തോന്നി അവൾക്ക് എന്തോ എന്നോട് പറയാനുണ്ടെന്ന്. ദിവസങ്ങൾ കടന്നു പോയി. അവൾ എന്നിലേക്ക് കൂടുതൽ അടുത്തേക്ക് വരുന്നതായി എനിക്ക് അനുഭവപ്പെട്ടു.
ഒരു ദിവസം ഞാൻ അവളുടെ കാര്യങ്ങൾ ചോദിച്ചു തുടങ്ങി. അവളുടെ സന്തോഷം കണ്ടപ്പോൾ വീണ്ടും വീണ്ടും അവളെ കുറിച്ച് അറിയുവാൻ എനിക്ക് ആഗ്രഹം തോന്നി. പതിയെ അവളുടെ രഹസ്യ ജീവിതവും പരസ്യ ജീവിതവും എല്ലാം അവൾ എന്നേട് പങ്കുവച്ചു. ഒരു കൂടപ്പിറപ്പിനോട് സംസാരിക്കുന്നതു പോലെ അവൾ എന്നോട് തുറന്നു.
വർഷങ്ങൾ വളരെ വേഗം കൊഴിഞ്ഞു വീണു, വാർധക്യം ഞങ്ങളിരുവരേയും പിടികൂടി. പള്ളിയിൽ പോകുന്ന പതിവ് കുറയാൻ തുടങ്ങി. ഫോണിലൂടെ മാത്രമായി ആശയവിനിമയം. പിന്നെ അവളുടെ ആരോഗ്യ സ്ഥിതി മോശമായി. സംസാരശേഷി പോലും കുറഞ്ഞു, ഒടുവിൽ ഫോണിലൂടെയുള്ള സംസാരവും നിലച്ചു.
അവളുടെ അവസാന നാളുകളിൽ അവളെ കാണാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ എന്റെ ആരോഗ്യ സ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. കഴിഞ്ഞ അറുപത് വർഷത്തെ സംഭാഷണങ്ങൾ എല്ലാം എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.
അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും അവൾ എന്നോട് പറഞ്ഞിരുന്ന നിമിഷങ്ങൾ. സംസാരത്തിന്റെ അവസാനം അവൾ പറഞ്ഞിരുന്ന ഒരു വാചകം എനിക്ക് ഇപ്പോഴും ഓർമയുണ്ട് “നീ ഇതൊന്നും ആരോടും പറയരുത് കേട്ടോ.. നിന്നോടു പറഞ്ഞു കഴിയുമ്പോൾ എനിക്ക് ഒരു ആശ്വാസം തോന്നും”. ഞാൻ അവൾക്ക് വാക്കു നൽകിയിരുന്നു. ആരോടും പറയുകയില്ലെന്ന്..
മരണത്തിന് ഒരാഴ്ച മുൻപ് അവളെ കണ്ടത് ഞാൻ ഓർത്തെടുത്തു. അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു വിടപറയലിന്റെ ഭാരമുണ്ടയിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.
മരണാനന്തര ചടങ്ങുകൾ. ഞാൻ വീട്ടിലെ ടെലിവിഷനിൽ തത്സമയം കണ്ടു. ഈ നൂതന സാങ്കേതികവിദ്യ നമ്മളിലേക്ക് കൊണ്ടുവന്നവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
അവൾക്ക് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് പോകുന്നതിനു മുൻപ് ഒരു പ്രധാന ചടങ്ങുണ്ട്. അവസാനമായി മുത്തം കൊടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ കൊടുക്കാമെന്ന അറിയിപ്പുണ്ടായി. എനിക്ക് അത് നഷ്ടമായല്ലോ അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
എല്ലാംവരും ചുംബനം നൽകി കഴിഞ്ഞപ്പോൾ അവിടെ പിന്നിൽ കസേരയിൽ ഇരുന്ന ഒരാളിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ തിരിഞ്ഞത്. അവളുടെ ഭർത്താവ് അറുപത് വർഷത്തിലേറെയായി കൂടെ താമസിച്ച ആ മനുഷ്യൻ അദ്ദേഹം പതുക്കെ എഴുന്നേറ്റു.
ചുറ്റുപാടൊന്നു നോക്കി. എല്ലാവരും നോക്കി നിൽക്കേ അവൾക്ക് അദ്ദേഹം നൽകിയ ആ ചുംബനം അദ്ദേഹത്തിന്റെയും അവളുടേയും ജീവിതത്തിൽ അത് ആദ്യത്തേയും അവസാനത്തേയും മുത്തമായിരുന്നു എന്ന് ഞാൻ മാത്രമേ അറിഞ്ഞിരുന്നുള്ളു.
പാടവും റബറും സ്നേഹിച്ച് ഓടി നടന്ന കാലത്ത് ഒരു ചൂടുള്ള മുത്തം കിട്ടാൻ ആഗ്രഹിച്ചിരുന്ന മനസ് അത് കാണാൻ കഴിയാതെ പോയത് ആരുടേയും കുറ്റമായിരുന്നില്ല. ചിലപ്പോൾ സാഹചര്യങ്ങൾ അതിന് അനുകൂലമാവില്ല.
എന്നെ ഏറ്റവുമധികം ചിന്തിപ്പിച്ച ഒരു നിമിഷമായിരുന്നു അത്. ഒളിച്ചു കിട്ടാൻ ആഗ്രഹിച്ചിരുന്ന ഒരു മുത്തം ഇന്ന് എല്ലാംവരുടേയും മുൻപിൽ വച്ച് നൽകപ്പെട്ടത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.