യാഥാസ്ഥിതിക കുടുംബങ്ങളിൽ, പ്രത്യേകിച്ചും സുറിയാനി ക്രിസ്ത്യൻ കുടുംബത്തിലെ പെൺകുട്ടികൾ കഥയെഴുതുന്നത് അത്ര സ്വീകാര്യമല്ലാത്ത കാലയളവിലായിരുന്നു സാറാ തോമസിന്റെ കഥാ ജീവിതം തുടങ്ങുന്നത്. സാറാ തോമസിന്റെ അമ്മയുടെ സഹോദരി ജസ്റ്റിസ് അന്നാ ചാണ്ടിയുടെ ഭർത്താവ് പി.സി. ചാണ്ടി അന്ന് മിന്നൽകൊടി എന്ന മാസികയുടെ പത്രാധിപരാണ്.
പി.സി. ചാണ്ടിയാണ് സാറാ തോമസിന്റെ ജയിലിൽ നിന്ന് എന്ന കഥ കണ്ടെത്തി മാസികയിൽ പ്രസിദ്ധീകരിക്കുന്നത്. കഥ പ്രസിദ്ധീകരിച്ചുവെങ്കിലും സ്വന്തം പേര് വയ്ക്കാനുള്ള അനുവാദം കഥാകൃത്തിന് ഉണ്ടായിരുന്നില്ല. അതിനാൽ ലെവങ്കി എന്ന പേരിലാണ് സാറാ തോമസ് കഥ എഴുതിയത്. ഇനി ലെവങ്കി എന്ന പേര് എവിടെ നിന്ന് കിട്ടി എന്നല്ലേ? അക്കാലത്ത് പുറത്തുവന്ന ഒരു തമിഴ് സിനിമയിലെ നായികയുടെ പേരാണിത്.
ലെവങ്കി എന്ന കഥാകാരിയുടെ കഥ വായിച്ച ബന്ധുക്കൾക്കൊക്കെ വളരെ ഇഷ്ടമായി. കഥയെ കുറിച്ചുള്ള വലിയ ചർച്ചകളും നടന്നു. വാതിലിനു പിന്നിൽ മറഞ്ഞു നിന്ന് അഭിനന്ദന വാക്കുകൾ കേട്ട യഥാർഥ കഥാകാരി പക്ഷേ ആകെ ധർമസങ്കടത്തിൽ ആവുകയായിരുന്നു.
അന്ന് 18 വയസാണ് സാറാ തോമസിന്റെ പ്രായം. "ഞാനാണ് ലെവങ്കി' എന്ന് എല്ലാവരോടും ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. അന്ന് സാറാ തോമസ് ഒരു തീരുമാനമെടുത്തു... ഇനി ഞാനെന്ത് എഴുതിയാലും അത് എന്റെ പേരിൽ തന്നെയായിരിക്കും ആ പ്രതിജ്ഞ സാറാ തോമസ് തന്റെ ജീവിതത്തിൽ യാഥാർഥ്യമാക്കുകയും ചെയ്തു!
തന്റെ ആദ്യകാല കഥകളെല്ലാം അപര നാമങ്ങളിലാണ് അച്ചടിച്ച് വന്നത് എന്ന് സാറാ തോമസ് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ഭൂരിഭാഗം കുടുംബങ്ങളിലും ഇതുതന്നെയായിരുന്നു സ്ത്രീകളുടെ അവസ്ഥ.
ചെറുപ്പകാലം മുതൽ താൻ കാണുകയും അനുഭവിക്കുകയും ചെയ്ത സ്ത്രീകളോടുള്ള അനീതി സാറാ തോമസിന്റെ ഉള്ളിൽ എവിടെയോ നീറിയിരുന്നു. ഈ വേദനയും പ്രതിഷേധവും നാർമടിപ്പുടവ പോലുള്ള പ്രശസ്തമായ രചനകളിലേക്ക് കഥാകാരിയെ എത്തിച്ചു എന്ന് പറയാം.
ആദ്യമായി സാറാ തോമസ് എഴുതിയ കഥയുടെ പ്രമേയം അനുരാഗം ആയിരുന്നു.12 വയസ് കഴിഞ്ഞ സമയത്ത് ആയിരുന്നു ആദ്യ രചന. മകൾ കുറിച്ചു വച്ച കഥ കാണാൻ ഇടയായ അപ്പച്ചൻ കർക്കശമായ താക്കീത് അപ്പോൾ തന്നെ കൊടുത്തു. അനുരാഗ കഥകൾ എഴുതാനുള്ള പ്രായം നിനക്കായിട്ടില്ല. മാത്രമല്ല, കഥകൾ എഴുതുന്ന പെൺകുട്ടികളുടെ മനസിൽ പല വേണ്ടാത്ത ചിന്തകളും വരും. മറ്റ് എഴുത്തുകാർ എഴുതിയ നല്ല കഥകൾ വായിച്ചാൽ മാത്രം മതി. എഴുത്തു വേണ്ട.
അച്ഛന്റെ കർശന നിയന്ത്രണം ഉണ്ടായിരുന്നവെങ്കിലും എഴുതാതിരിക്കാൻ സാറാ തോമസിനു കഴിയുമായിരുന്നില്ല. സ്കൂൾ മാഗസിനുകളിൽ ധാരാളം കഥകൾ വിദ്യാർഥിനിയായിരുന്ന സാറാ തോമസ് എഴുതി. മറ്റ് പലരുടെയും പേരുകളിലാണ് അന്നത്തെ കഥകൾ അച്ചടിച്ചു വന്നത് എന്നുമാത്രം.
ഭൂമിയിൽ ജീവിച്ചിരിക്കാത്ത ലെവങ്കി എന്ന "കഥാകാരി'ക്ക് സ്വന്തം ബന്ധുക്കളിൽ നിന്ന് സൗജന്യമായി ലഭിച്ച ആദരവാണ് പേരുമാറ്റം അവസാനിപ്പിക്കുവാൻ സാറാ തോമസിന് പ്രേരണയാകുന്നത്. തൂലികാനാമം ഒന്നുമില്ലാതെ സാറാ തോമസ് എന്ന തന്റെ പേര് തന്നെ കഥകൾക്ക് മുകളിൽ ചേർത്തുവയ്ക്കാൻ കഥാകാരി തീരുമാനിച്ചതിന് പിന്നിൽ മറ്റൊരു കഥയും കൂടിയുണ്ട്.
അസ്തമയം എന്ന നോവലിന്റെ അച്ചടി സമയത്ത് എൻബിഎസിൽ വച്ച് കണ്ട പ്രശസ്തനായ ഒരു സാഹിത്യകാരൻ ഉപദേശിച്ചത് സാറാ തോമസ് എന്ന പേരിനു പകരം മറ്റൊരു പേര് ചേർക്കുവാൻ ആയിരുന്നു. കഥാകൃത്തുക്കൾക്ക് യോജിക്കുന്ന പേരല്ല സാറാ തോമസ് എന്നും ഒന്നുകിൽ പേരു മാറ്റുക അല്ലെങ്കിൽ തൂലികാനാമം സ്വീകരിക്കുക എന്നും സാഹിത്യകാരൻ ഉപദേശിച്ചു.
എഴുതിത്തുടങ്ങിയ കാലം മുതൽ പേരിന്റെയും തന്റെ സ്വത്വത്തിന്റെയും കാര്യത്തിൽ ഏറെ വീർപ്പുമുട്ടിയിരുന്ന സാറാ തോമസിന് ഇനിയൊരു പേരുമാറ്റം താങ്ങാൻ കഴിയുമായിരുന്നില്ല. "സാഹിത്യരംഗത്ത് മുന്നേറാൻ കഴിഞ്ഞാലും ഇല്ലെങ്കിലും ഞാൻ സാറാ തോമസ് ആയി മാത്രമേ എഴുതുകയുള്ളൂ" എന്നൊരു ദൃഢപ്രതിജ്ഞയും കഥാകാരി അപ്പോൾ തന്നെ എടുത്തു.
സമൂഹത്തിലെ അനീതികൾക്കും അധർമത്തിനും എല്ലാത്തരം മേധാവിത്വങ്ങൾക്കും എതിരെ പ്രതികരിക്കുന്ന ഒരു മനസുണ്ടെങ്കിലും ഏതെങ്കിലും ഒരു തിന്മക്കെതിരേ എഴുതുവാൻ ആവശ്യപ്പെട്ടാൽ അത് തനിക്ക് സാധിക്കില്ലെന്ന് സാറാ തോമസ് പറഞ്ഞിരുന്നു.
സ്വന്തം മനസിൽ വ്യക്തികളോ സാഹചര്യങ്ങളോ തീർക്കുന്ന ചലനങ്ങളും ആഘാതങ്ങളും തന്റെ ഭാവനയുമായി ചേരുമ്പോൾ ആണ് കഥകൾ ഉണരുന്നത്. അതുകൊണ്ടു തന്നെ മദ്യ നിരോധനത്തിനു വേണ്ടി കഥയെഴുതുവാൻ മന്മഥൻ സാർ (മദ്യനിരോധന പ്രസ്ഥാന നേതാവ് എം.പി. മന്മഥൻ) പറഞ്ഞപ്പോൾ തനിക്ക് അതിന് കഴിയാതെ വന്നു എന്നും സാറാ തോമസ് ഓർമിപ്പിച്ചിരുന്നു.
ഡോക്ടറായ ഭർത്താവുമൊത്തുള്ള (ഡോ. തോമസ് സക്കറിയ) ജീവിതം സാറാ തോമസിന് മുന്നിൽ മറ്റൊരു ലോകം തുറന്നു കൊടുത്തു. മരുന്നിന്റെ ഗന്ധവും, മരണവും, നീറുന്ന മനസുകളും ഭർത്താവുമൊത്ത് മെഡിക്കൽ കോളേജ് ആശുപത്രി ക്വാർട്ടേഴ്സിൽ ജീവിച്ച കാലത്ത് സാറാ തോമസ് അടുത്തു കണ്ടു. പവിഴമുത്ത്, അസ്തമയം എന്നീ നോവലുകൾ അങ്ങനെ എഴുതിയതാണ്.
ഈ നോവലുകൾ പിന്നീട് ചലച്ചിത്രങ്ങളായി മാറിയിട്ടുണ്ട്. (സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലാണ് ബക്കർ മണിമുഴക്കം എന്ന സിനിമയാക്കുന്നത്). ജീവിതം ഒരു നദി എന്ന ആദ്യ നോവൽ എഴുതുന്നതും മെഡിക്കൽ കോളേജ് ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാലത്താണ്. അക്കഥ സാറാ തോമസ് പറഞ്ഞത് കുറിക്കാം.
"ഡോക്ടറുടെ ഒരു വിദ്യാർഥി അന്ന് വീട്ടിൽ ഇടയ്ക്കൊക്കെ വന്നിരുന്നു. മെലിഞ്ഞ് നീണ്ട സുമുഖനായ ഒരു യുവാവ്. ഓണം, ക്രിസ്മസ് തുടങ്ങിയ ഒഴിവു കാലങ്ങളിൽ മറ്റു കുട്ടികൾ സ്വന്തം കുടുംബങ്ങളിലേക്ക് പോകുമ്പോൾ ഈ വിദ്യാർഥി ഞങ്ങളുടെ ക്വാർട്ടേഴ്സിന്റെ വരാന്തയിൽ വന്നിരിക്കും. അച്ഛനും അമ്മയും സിംഗപ്പൂരിൽ ആയതിനാൽ അവന് പോകുവാൻ ഇടമില്ല എന്നാണ് പറഞ്ഞിരുന്നത്.
വിദൂരതയിലേക്ക് നോക്കിയുള്ള ഇരിപ്പും, കണ്ണുകളിലെ ഒരു പ്രത്യേക ഭാവവും എന്നിലെ കഥാകാരിയെ വല്ലാതെ സ്പർശിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഇവനൊരു കൂട്ടുകാരിയെ കൊടുക്കണം എന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. ജീവിതം എന്ന നദി എന്ന നോവലും അതിലെ രാജൻ എന്ന നായകനും ജനിക്കുന്നത് ഈ മെഡിക്കൽ വിദ്യാർഥി എന്നിൽ ഏൽപ്പിച്ച മുറിവിൽ നിന്നാണ്. അവനുവേണ്ടി ഒരു പ്രണയിനിയെയും ഞാൻ കണ്ടെത്തി കൊടുത്തു.
ഈ നോവലിന്റെ കൈയെഴുത്ത് പ്രതി കാണുവാൻ ഇടയായ ദീപം എന്ന മാസികയുടെ പത്രാധിപർ നോവൽ എടുത്തുകൊണ്ടു പോയി പ്രസിദ്ധീകരിക്കുകയായിരുന്നു. എന്റെ ഭർത്താവ് ചികിത്സിച്ചിരുന്ന കാൻസർ രോഗിയായ ഒരു സ്ത്രീയുടെ സഹോദരനായിരുന്നു ഈ പത്രാധിപർ.
ആകെയുള്ള ഒരു കോപ്പി നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയിരുന്ന സമയത്ത് നോവൽ അച്ചടിച്ചു കഴിഞ്ഞുവെന്നും എൻബിഎസിൽ നിന്ന് വിതരണത്തിനുള്ള അനുവാദവും വാങ്ങി എന്നുമുള്ള അറിവാണ് പത്രാധിപരിൽ നിന്നും എനിക്ക് ലഭിച്ചത്. ആറു മാസത്തിനുള്ളിൽ ആദ്യ പതിപ്പ് വിറ്റഴിഞ്ഞ് ഈ നോവലിന്റെ എട്ടു പതിപ്പുകൾ അച്ചടിക്കുകയുണ്ടായി.
പിന്നീട്, വർഷങ്ങൾക്ക് ശേഷം രാജനായി ഞാൻ മാറ്റിയ പഴയ മെഡിക്കൽ വിദ്യാർഥിയെ പള്ളിയിൽ വച്ച് കണ്ടു. ഇംഗ്ലണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന പ്രശസ്ത ഡോക്ടർ ആയി ആൾ മാറിയിരുന്നു എന്റെ രാജനെ പോലെ ശാലീനയായ ഒരു ഹിന്ദു പെൺകുട്ടി അയാളുടെ ജീവിതത്തിലേക്കു കടന്നുവന്നില്ല.
എങ്കിലും നല്ലൊരു കൂട്ടുകാരിയെയും മക്കളെയും ആൾക്ക് കിട്ടി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.ആശുപത്രി ക്വാർട്ടേഴ്സിന്റെ വരാന്തയിൽ ഒറ്റയ്ക്ക് ദൂരേക്ക് കണ്ണും നട്ടിരിക്കുന്ന ആ വിദ്യാർഥിയും ആൾ എനിക്ക് സമ്മാനിച്ച രാജനും എന്റെ മനസിലേക്ക് ഓടിയെത്തുകയായിരുന്നു. എന്റെ ആദ്യ നോവലിന്റെ പിന്നിൽ നീയാണ്... എന്ന് ആ പഴയ വിദ്യാർഥിയോട് ഞാൻ പറഞ്ഞില്ല എന്ന് മാത്രം.
Tags : Sara Thomas Novel Article