ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വേറിട്ട രീതിയിൽ സ്വാഗതം പറഞ്ഞ് ഇസ്രേലി പത്രമായ 'ദി ജറുസലേം പോസ്റ്റ്. പത്രത്തിന്റെ മുൻപേജിൽ 'നമസ്തേ' എന്ന് വലിയ അക്ഷരത്തിൽ കുറിച്ചുകൊണ്ടാണ് മോദിയെ ഇസ്രായേൽ മാധ്യമങ്ങൾ വരവേറ്റത്. 2017-ന് ശേഷം ഇസ്രേലിലെത്തുന്ന മോദിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പത്രം ഇത്തരമൊരു പ്രത്യേക കവർ പേജ് തയ്യാറാക്കിയത്.
പത്രത്തിന്റെ എഡിറ്റർ-ഇൻ-ചീഫ് സവിക ക്ലീൻ ആണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചത്. സന്ദർശന വേളയിൽ ഇസ്രേൽ പാർലമെന്റിനെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം.ഇന്ത്യൻ സമയം ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ മോദി ഇസ്രേലിലെത്തും.
ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തുന്ന ചർച്ചയിൽ പ്രതിരോധം, സാങ്കേതിക വിദ്യ, മേഖലയിലെ സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഇന്ത്യയും ഇസ്രേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതാകും സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രിക്ക് മികച്ച വരവേൽപ്പ് നൽകാൻ ഇന്ത്യൻ പ്രവാസികളും ഇസ്രേൽ സർക്കാരും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.