International
വാഷിംഗ്ടൺ: ഇറാനെതിരേ ആക്രമണം നടത്താതെ അമേരിക്ക പിൻവലിഞ്ഞത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭ്യർഥനയെത്തുടർന്നെന്ന് റിപ്പോർട്ട്.
യുദ്ധം നേരിടാൻ ഇസ്രയേൽ പൂർണമായും സജ്ജമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നെതന്യാഹുവിന്റെ അഭ്യർഥന. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ മേഖലയിൽ ഇസ്രയേൽ ആശ്രയിച്ചിരുന്ന അമേരിക്കൻ സൈനികരുടെ അഭാവമാണ് പ്രധാന കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇറാനിൽനിന്ന് ആക്രമണമുണ്ടായാൽ തടയാൻ ഒരുങ്ങിയിട്ടില്ലെന്ന് നെതന്യാഹു അമേരിക്കയെ ധരിപ്പിച്ചു. ഇറാൻ ഡ്രോണുകളെയും മിസൈലുകളെയും തടയാൻ മേഖലയിൽ മതിയായ യുഎസ് സൈനികരില്ലെന്ന് ട്രംപിനോട് നെതന്യാഹു പറഞ്ഞു. കൂടാതെ, നിലവിലെ യുഎസ് പദ്ധതി വേണ്ടത്ര ഫലപ്രദമല്ലെന്നും ഉദ്ദേശിച്ച ഫലം നൽകില്ലെന്നും നെതന്യാഹു വിശ്വസിക്കുന്നതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ട്രംപ് ഇറാനെതിരേ വ്യോമാക്രമണം നടത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ജനുവരി 14നാണ് ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നത്. യുദ്ധം പാടില്ലെന്ന ഗൾഫ് രാജ്യങ്ങളുടെ നിലപാടും ഇറാനെതിരായ നടപടിയിൽനിന്ന് അമേരിക്കയെ പിന്തിരിപ്പിച്ചു. യുഎസ് ആക്രമിച്ചാൽ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
International
മയാമി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനും ഹമാസിനും മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആണവ, മിസൈൽ പദ്ധതികൾ പുനരാരംഭിച്ചാൽ ഇറാനെതിരേ ഇനിയുമൊരാക്രമണത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നെതന്യാഹുവുമൊത്തുള്ള വാർത്താസമ്മേളനത്തിൽ ട്രംപ് മുന്നറിയിപ്പു നല്കി.
ജൂണിൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ തകർന്ന ആയുധപദ്ധതികൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. ഇറാൻ എങ്ങോട്ടാണു പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ഞങ്ങൾക്കറിയാം. അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ഇന്ധനം വെറുതേ കളയാൻ ഇറാൻ ശ്രമിക്കരുത്.
ഇറാൻ, ലബനനിലെ ഹിസ്ബുള്ള ഭീകരർ, ഹമാസ് എന്നിവരെക്കുറിച്ച് ഇസ്രയേലിനുള്ള ഉത്കണ്ഠയാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നും ട്രംപ് അറിയിച്ചു. ഒക്ടോബറിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതും ചർച്ചയായി. വെടിനിർത്തൽ ധാരണ പാലിക്കാൻ ഇസ്രയേൽ തയാറായി. ഹമാസ് ആയുധം താഴെവച്ചില്ലെങ്കിൽ നരകമായിരിക്കും ഫലമെന്നും ട്രംപ് ഭീഷണി മുഴക്കി.
ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇറാൻ ആയുധ പദ്ധതികൾ പുനരാരംഭിക്കുന്ന വിഷയം ട്രംപിനെ അറിയിക്കുമെന്ന് നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു.
സംയമനം പാലിക്കണമെന്ന് റഷ്യ
ഇറാൻ വിഷയത്തിൽ സംഘർഷം വർധിപ്പിക്കുന്നതിൽനിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും ഇറാനുമായി ചർച്ച നടത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു.
International
ടെൽ അവീവ്: ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന സൊഹ്റാൻ മംദാനിയുടെ ഭീഷണി അവഗണിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരം സന്ദർശിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേലിനു നിലനിൽക്കാൻ അവകാശമുണ്ടെന്നു സമ്മതിച്ചാൽ മംദാനിയുമായി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം ഒരഭിമുഖത്തിൽ വ്യക്തമാക്കി.
ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ വംശജനായ മംദാനി, നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് നെതന്യാഹുവിനു മുന്നറിയിപ്പു നല്കിയത്. നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ പോലീസിനെ അയച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വാറന്റ് നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, വാറന്റ് നടപ്പാക്കാനുള്ള അധികാരം മംദാനിക്കില്ലെന്നാണു സൂചന.
2024 നവംബറിലാണ് ഐസിസി നെതന്യാഹുവിനെതിരേ വാറന്റ് പുറപ്പെടുവിച്ചത്. അമേരിക്ക ഐസിസിയുടെ ഭാഗമല്ല. അതിനാൽ വാറന്റ് നടപ്പാക്കാൻ ബാധ്യതയില്ല. ഇതിനു പുറമേ നെതന്യാഹുവിനെതിരേ വാറന്റ് പുറപ്പെടുവിച്ചതിന്റെ പേരിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഐസിസിക്കെതിരേ ഉപരോധം ചുമത്തുകയും ചെയ്തിരുന്നു.
International
ടെൽ അവീവ്: അഴിമതിക്കേസുകളിൽ മാപ്പ് ആവശ്യപ്പെട്ട് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെനത്യാഹു പ്രസിഡന്റിന്റെ ഓഫീസിന് അപേക്ഷ സമർപ്പിച്ചു. നെതന്യാഹുവിന്റെ നീക്കം അസാധാരണ നടപടിയാണെന്നു പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു.
അധികാരത്തിലിരിക്കേ വിചാരണ നേരിടുന്ന ആദ്യ ഇസ്രേലി പ്രധാനമന്ത്രിയാണ് നെതന്യാഹു. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് അദ്ദേഹത്തിനെതിരേയുള്ളത്.
നെതന്യാഹുവിന് ഇസ്രയേൽ മാപ്പു നല്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
International
ജറൂസലെം: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ഇന്ത്യൻ സന്ദർശനം മാറ്റിവച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ഇസ്രയേൽ നിഷേധിച്ചു.
ഇന്ത്യയുടെ സുരക്ഷാ സന്നാഹങ്ങളിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും ഇരു രാജ്യങ്ങളും ചേർന്ന് സന്ദർശനത്തിനായുള്ള പുതുക്കിയ തീയതികൾ നിശ്ചയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. “ഇസ്രയേലിന് ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, നെതന്യാഹുവും നരേന്ദ്ര മോദിയും തമ്മിലുള്ളത് വളരെയേറെ ശക്തമാണ്”- സമൂഹമാധ്യമ പോസ്റ്റിൽ ഓഫീസ് വ്യക്തമാക്കി.
ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, നെതന്യാഹു ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡൽഹി സന്ദർശനം മാറ്റിവച്ചുവെന്ന് ഏതാനും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2018ന് ശേഷം നെതന്യാഹു ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയാണിത്.
International
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേരേ ഇസ്രേലികൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഉടൻതന്നെ കാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും.
ബെത്ലഹേമിനടുത്തുള്ള പലസ്തീൻ ഗ്രാമമായ ജബായിൽ അധിനിവേശ ഇസ്രേലികൾ വീടുകൾ തീവച്ചു നശിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ അറിയിപ്പ്.
ഗാസ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ട്.
International
അങ്കാറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ തുർക്കിയുടെ അറസ്റ്റ് വാറന്റ്. ഗാസയിൽ വംശീയ ഉന്മൂലനം നടത്തി എന്നാരോപിച്ച് ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ ഓഫീസാണ് വാറന്റ് പുറപ്പെടുവിച്ചത്.
പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും സൈനിക മേധാവിമാരും ആടക്കം 36 ഉന്നതർക്കെതിരേയും വാറന്റുണ്ട്. തുർക്കിയുടെ നടപടിയെ അപലപിക്കുന്നതായി ഇസ്രേലി വിദേശകാര്യമന്ത്രി ഗിദയോൻ സാർ പ്രതികരിച്ചു.
International
ടെൽ അവീവ്: ഹമാസ് കൈമാറിയ മൃതദേഹഭാഗങ്ങൾ ഗാസയിൽനിന്നു നേരത്തേ കണ്ടെടുത്ത ബന്ദിയുടേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഹമാസ് ബന്ദിയാക്കിയിരുന്ന ഒരാളുടെ മൃതദേഹംകൂടി കഴിഞ്ഞ ദിവസം ഇസ്രയേലിനു കൈമാറിയിരുന്നു. റെഡ് ക്രോസ് വഴിയാണ് മൃതദേഹം ഇസ്രയേൽ സൈന്യത്തിനു കൈമാറിയത്.
എന്നാൽ, ഇത് മുൻപ് ഇസ്രയേൽ സൈന്യം കണ്ടെടുത്ത ബന്ദികളുടെ മൃതദേഹങ്ങളിലൊന്നിന്റെ ഭാഗമാണെന്നാണു നെതന്യാഹു ആരോപിക്കുന്നത്.
ഹമാസിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. 13 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾകൂടി ഗാസയിലുണ്ട്.
ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് വരുത്തുന്ന കാലതാമസം വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ നടപ്പാക്കുന്നതിനു വെല്ലുവിളി ഉയർത്തുന്നുണ്ട്.
International
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ എത്തിയാൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ബ്ലൂംബെർഗിന്റെ "ദി മിഷാൽ ഹുസൈൻ ഷോ'യിൽ മിഷാൽ ഹുസൈനുമായുള്ള അഭിമുഖത്തിനിടെയാണ് കാർണി ഈ പ്രസ്താവന നടത്തിയത്. ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും കാർണി നൽകി.
ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡയ്ക്ക് ബാധ്യതയുണ്ടെന്നും കാർണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.