Kerala
കൊച്ചി: കടവന്ത്രയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാനുള്ള ശ്രമത്തിനിടെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സഫ്ന എന്ന യുവതിയും അമല്‍ എന്ന മറ്റൊരു പ്രതിയുമാണ് പിടിയിലായത്. സഫ്നയാണ് കേസിലെ ഒന്നാം പ്രതി. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.
സഫ്ന ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് അമലിനെ മര്‍ദിച്ചത്. രണ്ടു പ്രതികളെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവതിയും മുഖത്തടിച്ചു.
മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. അമല്‍ ദേവിന്റെ മുതുകത്ത് ചവിട്ടിയതിന്റെയും ഷോള്ഡറില് ടോര്‍ച്ച് വച്ച് അടിച്ചതിന്റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
National
ന്യൂഡൽഹി: യുവതിയെയും മൂന്ന് പെൺമക്കളെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സമയ്പുർ ബദ്ലിയിലെ ചന്ദൻ പാർക്ക് പ്രദേശത്തായിരുന്നു സംഭവം.
മൂന്ന് മുതൽ അഞ്ച് വയസ് വരെയാണ് കുട്ടികളുടെ പ്രായം. നാലുപേരെയും കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവായ പാറ്റ്ന സ്വദേശി മുഞ്ചുൻ കെവാത്ത് ആണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് നിഗമനം.
നാല് പേരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ സൈനികനടപടിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറെടുക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലെ സൈനികർ വൻ ദുരിതത്തിലെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ.
ഇറാനുമായുള്ള യുദ്ധത്തേക്കാൾ കപ്പലിലെ അയ്യായിരത്തോളം വരുന്ന സൈനികരെ വലയ്ക്കുന്നത് തകരാറിലായ ശൗചാലയങ്ങളും പ്ലംബിംഗ് തകരാറുകളും. കപ്പലിലെ സൈനികർക്കിടയിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുന്നതായും റിപ്പോർട്ട്.
നീളുന്ന ദൗത്യം
കഴിഞ്ഞ ജൂൺ മുതൽ കടലിലുള്ള യുഎസ്എസ് ഫോർഡിന്റെ സേവനകാലാവധി രണ്ടാം തവണയും നീട്ടിയതോടെയാണ് കപ്പലിലെ പ്രശ്നങ്ങൾ രൂക്ഷമായത്. വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ച കപ്പലിനെ, ഇറാനെതിരായ നീക്കങ്ങൾക്കായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുകയാണ്.
സാധാരണ ആറുമാസം നീളുന്ന കപ്പലിലെ സൈനികരുടെ സേവനം എട്ടുമാസം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ പതിനൊന്നുമാസം വരെ നീളാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ, അമേരിക്കൻ യുദ്ധക്കപ്പലിലെ സൈനികരുടെ റിക്കാർഡ് സേവനകാലയളവാകുമെന്നും വിരമിച്ച റിയർ അഡ്മിറൽ മാർക്ക് മോണ്ട്ഗോമറി പറഞ്ഞു.
ടോയ്ലറ്റ് കുഴപ്പത്തിൽ
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന പടുകൂറ്റൻ യുദ്ധക്കപ്പൽ അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനി കപ്പലാണ്. 13 ബില്യൺ ഡോളർ ചിലവിൽ നിർമിച്ച ആധുനിക കപ്പലിലെ വാക്വം അധിഷ്ഠിത ശൗചാലയങ്ങളുടെ പ്രവർത്തനം അവതാളത്തിലായതാണ് സൈനികരെ വലയ്ക്കുന്നത്.
പ്ലംബിംഗ് സംവിധാനത്തിലെ തകരാറുകൾ കാരണം 650-ലേറെ ശൗചാലയങ്ങളാണ് പ്രവർത്തനരഹിതമായത്. ഒരു ഭാഗത്തെ ശുചിമുറിക്കു സംഭവിക്കുന്ന തകരാർ ആ ഭാഗത്തെ മുഴുവൻ ശുചിമുറികളെയും ബാധിക്കുന്നു. പ്ലംബിംഗ് സംവിധാനത്തിൽ മറ്റു വസ്തുക്കൾ കുടുങ്ങുന്നതും ശുചിമുറിയുടെ ഭാഗങ്ങൾ വേർപെട്ടുപോകുന്നതുമാണു പ്രധാന പ്രതിസന്ധി. അറ്റകുറ്റപ്പണികൾക്കായി സൈനികർക്കു കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ദീർഘകാലം വീട്ടിൽനിന്നു മാറിനിൽക്കുന്നതും കപ്പലിലെ സാഹചര്യങ്ങളും സൈനികരുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തതും യുവസൈനികരെ നിരാശരാക്കുന്നു. ദൗത്യം അവസാനിച്ചാലുടൻ നാവികസേനയിൽനിന്നു വിരമിക്കാനാണ് പലരും ആലോചിക്കുന്നതെന്ന് കപ്പലിലെ ചില സൈനികർ വെളിപ്പെടുത്തി.
നിലവിൽ പശ്ചിമേഷ്യയിൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പന്ത്രണ്ടോളം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഏതു നിമിഷവും ഇറാനെ ആക്രമിക്കാൻ പൂർണ സജ്ജവുമാണ് അമേരിക്കൻ സേന.
Kerala
കോഴിക്കോട്: വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം. ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്.
ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. ഉമ്മര്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയില്‍ ലൈനിലാണ് സംഭവം,
കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബ് താഴെ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ക്ക് മുകളിലേക്കാണ് വീണത്. ഇതോടെ മേല്‍ക്കൂരയും തകര്‍ത്ത് സ്ലാബ് താഴെ വീണു. അപകട സമയത്ത് ആളുകള്‍ ഉണ്ടാകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. മൂപ്പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്.
International
വാഷിംഗ്ടൺ: അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർക്ക് ഭീഷണിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പരിഷ്കാരം. അനധികൃത കുടിയേറ്റക്കാർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിരോധിക്കുന്ന 'ഡെലൈല നിയമം' നടപ്പിലാക്കാൻ ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
2024-ൽ അമേരിക്കയിൽ നടന്ന ഒരു അപകടത്തെ തുടർന്നാണ് ഈ നിയമത്തിന് രൂപം നൽകിയത്. അനധികൃതമായി രാജ്യത്തെത്തിയ പ്രതാപ് സിംഗ് എന്ന ഇന്ത്യൻ വംശജൻ ഓടിച്ച ട്രക്കിടിച്ച് ഏഴ് വയസുകാരിയായ ഡെലൈല കോൾമാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ അപകടത്തിൽ കുട്ടിക്ക് സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാർ വ്യാജരേഖകളിലൂടെ ലൈസൻസ് സമ്പാദിക്കുന്നത് തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
അമേരിക്കൻ ട്രക്കിംഗ് മേഖലയിലെ നിർണായക ശക്തിയായ ഇന്ത്യക്കാരെ, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന സ്വദേശികളെ ഈ നിയമം സാരമായി ബാധിക്കും. അമേരിക്കയിലെ ആകെ ട്രക്ക് ഡ്രൈവർമാരിൽ 20 ശതമാനത്തോളം (ഏകദേശം 1.5 ലക്ഷം പേർ) ഇന്ത്യക്കാരാണ്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും മതിയായ രേഖകളില്ലാത്തവർക്കും ഇനി ലൈസൻസ് ലഭിക്കില്ല.
Kerala
കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസി സണ്ണി (55) ആണ് മരിച്ചത്.
പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ജെസി റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 'രണ്ട് ടേം' വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎമ്മിൽ ധാരണ. ഇതോടെ പ്രമുഖ നേതാക്കളും ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും വീണ്ടും ജനവിധി തേടും. നിലവിലെ 62 എംഎൽഎമാരിൽ 50 പേരും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
പാർട്ടി സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളിൽ 13 പേരും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ . കഴിഞ്ഞ തവണ മാറിനിന്ന മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇക്കുറി വീണ്ടും സ്ഥാനാർത്ഥിയാകും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവർ മത്സരത്തിനുണ്ടാകില്ല. എം.എം. മണി, എം. മുകേഷ്, യു. പ്രതിഭ, ദലീമ ജോജോ, എ.സി. മൊയ്തീൻ, എം. രാജഗോപാൽ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഷൊർണൂരിൽ പി. മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നു.
ഈ ആഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടികയിൽ ഔദ്യോഗികമായ അന്തിമ തീരുമാനമുണ്ടാകും. സിറ്റിങ് എംഎൽഎമാർ മണ്ഡലങ്ങളിൽ സജീവമാകാൻ പാർട്ടി ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയത്.
പ്രതികളുടെ നിലവിലെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വീണ്ടും 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടാൻ കോടതി ഉത്തരവിട്ടത്.കേസിലെ പ്രധാന പ്രതിയായ കെ.എസ്. ബൈജു നാളെ കോടതിയിൽ സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നൽകും.
ശബരിമലയിലെ ദ്വാരപാലക ശില്പം നിർമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബൈജു ഇപ്പോൾ ജാമ്യത്തിനായി നീക്കം നടത്തുന്നത്. കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ഇയാൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങളിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും മറ്റ് പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുമായി അന്വേഷണസംഘം നടപടികൾ തുടരുകയാണ്.
Kerala
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹണിട്രാപ് സംഘം. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് മര്‍ദനമേറ്റത്. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്.
യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മര്‍ദനം. സംഭവത്തില്‍ രണ്ടു പ്രതികളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തുകയായിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ ആദ്യം മര്‍ദിച്ചു. യുവതിയും മുഖത്തടിച്ചു. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു.
അമല്‍ ദേവിന്റെ മുതുകത്ത് ചവിട്ടിയതിന്റെയും ഷോള്ഡറില് ടോര്‍ച്ച് വച്ച് അടിച്ചതിന്റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്. യുവതി കൊച്ചിയില്‍ തന്നെയുണ്ട് എന്നാണ് വിവരം. വധശ്രമത്തിന് അടക്കം പോലീസ് കേസ് എടുത്തിട്ടുണ്ട്.
International
ടെൽ അവീവ്: ആഗോള ഭീകരവാദത്തെ നേരിടാൻ പുതിയ ഭൗമരാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഹെക്സഗൺ സഖ്യം' എന്ന് പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മയിൽ ഇന്ത്യയെ ഒരു സുപ്രധാന പങ്കാളിയായാണ് ഇസ്രായേൽ അടയാളപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തിൽ ഇന്ത്യ, ഇസ്രേൽ, ഗ്രീസ്, സൈപ്രസ് എന്നീ നാല് രാജ്യങ്ങളാണ് സഖ്യത്തിന്റെ നെടുംതൂണുകൾ. ഭാവിയിൽ കൂടുതൽ അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളെ ഈ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ഇസ്രേൽ ലക്ഷ്യമിടുന്നത്. സുരക്ഷ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, പ്രതിരോധം എന്നീ മേഖലകളിൽ അതിശക്തമായ സഹകരണം ഉറപ്പാക്കുകയാണ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്നും നാളെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രേൽ സന്ദർശിക്കും. ഇസ്രേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇസ്രേൽ സന്ദർശനം. ഇസ്രേലുമായുള്ള തന്ത്രപ്രധാന പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പിട്ടേക്കും. പ്രതിരോധത്തിന് പുറമേ കൃഷി, ജലസംരക്ഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും സഹകരണം വർധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.
Kerala
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ശാരീരിക അസ്വസ്ഥകളെയും ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലാണ് തന്ത്രി ചികിത്സ തേടിയിരുന്നത്.
എന്നാല്‍ ജാമ്യവ്യവസ്ഥ അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തന്ത്രി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് ചികിത്സ തേടിയത്.
National
ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിച്ചതിനെതിരെ കടുത്ത വിയോജിപ്പുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഭരണഘടനാ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയുടെ അന്തസിനെയും കുട്ടികൾക്കിടയിൽ മോശമായി ചിത്രീകരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് വിവാദ പരാമർശങ്ങൾ ഉള്ളത്. ഇന്ത്യയിലെ കോടതികളിൽ കുന്നുകൂടിക്കിടക്കുന്ന കേസുകളെക്കുറിച്ചും, നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിൽ നിലനിൽക്കുന്ന അഴിമതിയെക്കുറിച്ചും പാഠഭാഗത്തിൽ വിവരിക്കുന്നുണ്ട്. നീതി തേടി കോടതികളെ സമീപിക്കുന്ന സാധാരണക്കാർക്ക് അഴിമതി വലിയ തടസമാകുന്നുവെന്നാണ് പുസ്തകത്തിൽ പറഞ്ഞിരുന്നത്.
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി എന്നിവർ കോടതിയിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇതിനകം തന്നെ പാഠപുസ്തകത്തിലെ ഈ വരികളെക്കുറിച്ച് നിരവധി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: വൈറ്റില ഫ്ളൈഓവറിന് താഴെ റെയിൽവേ ട്രാക്കിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
സുധ ബേബിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന് പോലീസ് പറഞ്ഞു. കുടുംബ ജീവിതം തകർക്കുമെന്ന യുവതിയുടെ ഭീഷണിയാണ് ഷാജിയെ ചൊടിപ്പിക്കാൻ കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതും.
യുവതിയെ കൊല്ലാൻ ആയുധങ്ങളൊന്നും പ്രതി ഉപയോഗിച്ചിരുന്നില്ല. ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടത്. ഷാജി യുവതിയുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി പലതവണ ഇടിച്ചു. ബഹളം വച്ചതോടെ മുഖം അമർത്തിപ്പിടിച്ചു. കരിങ്കല്ലിലേക്ക് വീണു യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മാനസിക വിഭ്രാന്തിയോടെ സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഷാജി മൃതദേഹം റെയിൽവേ ട്രാക്കിൽ ഇട്ടത്. പുലർച്ചെ ഇതുവഴി കടന്നുപോയ അമൃത എക്പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ട വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്.
പൊന്നുരുന്നി സ്വദേശിയായ ഷാജിയും കോട്ടയം ചിങ്ങവനം സ്വദേശിയായ സുധയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. സുധയുടെ അമ്മ അശ്വതിയും ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്ങനെയാണ് സുധയുമായി ഷാജി അ ടുക്കുന്നത്. സുധ വിവാഹമോചിതയാണ്. അമ്മയ്ക്കൊപ്പം പൂത്തോട്ടയിലായിരുന്നു സുധയുടെ താമസം.
മൃതദേഹത്തിന് അടുത്തുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. മണിക്കൂറുകൾക്കകം തന്നെ ഷാജിയെ മരട് പോലീസ് പിടികൂടുകയായിരുന്നു.
National
ന്യൂഡൽഹി: സ്വകാര്യ ചാർട്ടർ വിമാനങ്ങളുടെയും എയർ ടാക്സികളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്കായി പത്തോളം പുതിയ കർശന നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. യാത്രക്കാരുടെ സുരക്ഷയിൽ 'സീറോ ടോളറൻസ്' നയം പിന്തുടരുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
ഓരോ വിമാനത്തിന്റെയും പഴക്കം, അറ്റകുറ്റപ്പണികളുടെ വിവരങ്ങൾ, പൈലറ്റുമാരുടെ പ്രവൃത്തിപരിചയം എന്നിവ ഓപ്പറേറ്റർമാർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണം. യാത്രക്കാർക്ക് തങ്ങൾ സഞ്ചരിക്കുന്ന വിമാനത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനാണിത്. ഓപ്പറേറ്റർമാരുടെ പ്രവർത്തനക്ഷമത വിലയിരുത്തി ഡിജിസിഎ റാങ്കിംഗ് നൽകും. മികച്ച സേവനം നൽകുന്നവരെ കണ്ടെത്താൻ ഈ റാങ്കിംഗ് യാത്രക്കാരെ സഹായിക്കും.
സുരക്ഷാ വീഴ്ചകളുണ്ടായാൽ പൈലറ്റുമാരെ മാത്രം പഴിചാരി രക്ഷപ്പെടാൻ ഇനി കമ്പനികൾക്ക് കഴിയില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും മാനേജ്മെന്റും ഇതിന് മറുപടി പറയേണ്ടി വരും. നിയമങ്ങൾ ലംഘിക്കുന്ന പൈലറ്റുമാരുടെ ലൈസൻസ് അഞ്ച് വർഷം വരെ റദ്ദാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ഈടാക്കാനും തീരുമാനമായി.
വിമാനങ്ങളിലെ കോക്പിറ്റ് വോയ്സ് റെക്കോർഡറുകൾ ഇടയ്ക്കിടെ പരിശോധിക്കും. പഴയ വിമാനങ്ങളുടെയും ഉടമസ്ഥാവകാശം മാറുന്ന വിമാനങ്ങളുടെയും അറ്റകുറ്റപ്പണി ഡിജിസിഎ നേരിട്ട് പരിശോധിക്കും. മോശം കാലാവസ്ഥയോ സുരക്ഷാ പ്രശ്നങ്ങളോ നേരിടുമ്പോൾ സർവീസ് റദ്ദാക്കാനുള്ള അന്തിമ അധികാരം പൈലറ്റിനായിരിക്കും. ചാർട്ടർ വിമാന മേഖലയെ കൂടുതൽ സുതാര്യമാക്കാനും വാണിജ്യ വിമാനങ്ങൾക്ക് തുല്യമായ സുരക്ഷാ നിലവാരത്തിലേക്ക് ഉയർത്താനുമാണ് ഈ നീക്കത്തിലൂടെ ഡിജിസിഎ ലക്ഷ്യമിടുന്നത്.
Kerala
കോട്ടയം: ദേവലോകം ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തും ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തി യുഡിഎഫ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇന്നു രാവിലെ കോട്ടയത്ത് എത്തിയ ചെന്നിത്തല എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണു മടങ്ങിയത്.
ഓർത്തഡോക്സ് സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പുമാരും ആസ്ഥാനത്ത് ഉണ്ടായിരുന്നു. കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണാറുണ്ടെന്നും ബാവയുമായി അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദര്‍ശകനാണെന്നും സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.