കൊച്ചി: വൈറ്റില ഫ്ളൈഓവറിന് താഴെ റെയിൽവേ ട്രാക്കിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
സുധ ബേബിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന് പോലീസ് പറഞ്ഞു. കുടുംബ ജീവിതം തകർക്കുമെന്ന യുവതിയുടെ ഭീഷണിയാണ് ഷാജിയെ ചൊടിപ്പിക്കാൻ കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതും.
യുവതിയെ കൊല്ലാൻ ആയുധങ്ങളൊന്നും പ്രതി ഉപയോഗിച്ചിരുന്നില്ല. ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടത്. ഷാജി യുവതിയുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി പലതവണ ഇടിച്ചു. ബഹളം വച്ചതോടെ മുഖം അമർത്തിപ്പിടിച്ചു. കരിങ്കല്ലിലേക്ക് വീണു യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മാനസിക വിഭ്രാന്തിയോടെ സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഷാജി മൃതദേഹം റെയിൽവേ ട്രാക്കിൽ ഇട്ടത്. പുലർച്ചെ ഇതുവഴി കടന്നുപോയ അമൃത എക്‌പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ട വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്.
പൊന്നുരുന്നി സ്വദേശിയായ ഷാജിയും കോട്ടയം ചിങ്ങവനം സ്വദേശിയായ സുധയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. സുധയുടെ അമ്മ അശ്വതിയും ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്ങനെയാണ് സുധയുമായി ഷാജി അ ടുക്കുന്നത്. സുധ വിവാഹമോചിതയാണ്. അമ്മയ്ക്കൊപ്പം പൂത്തോട്ടയിലായിരുന്നു സുധയുടെ താമസം.
മൃതദേഹത്തിന് അടുത്തുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. മണിക്കൂറുകൾക്കകം തന്നെ ഷാജിയെ മരട് പോലീസ് പിടികൂടുകയായിരുന്നു.
Tags : woman murder railway track Vytila