x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട് ദുരന്തം: കോണ്‍ഗ്രസ് ഭവന പദ്ധതിയില്‍ ഓരോ ഗുണഭോക്താവിനും എട്ടു സെന്‍റ് സ്ഥലം, 1,100 ചതുരശ്ര അടി വീട്


Published: February 25, 2026 03:06 PM IST | Updated: February 25, 2026 03:06 PM IST

കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസിസി പ്രസിഡന്‍റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്‍റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്‍വയണ്‍മെന്‍റല്‍ എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.

ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്‍റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.

ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്‍റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്‌ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.

Tags : Congress Wayanad Landslide Houses

Recent News

Up