Letters
എക്കലടിഞ്ഞും പുല്ലും കാടും കയറിയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പല ആറുകളുടെയും തോടുകളുടെയും ആഴം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് രൂക്ഷമായ വെള്ളപ്പൊക്കത്തിനും വേലിയേറ്റ പ്രശ്നങ്ങൾക്കും കാരണമായിത്തീരുന്നു. മറ്റൊരു പ്രധാന പ്രശ്നമാണ് റോഡുകളിൽ കാടുകയറി മൂടുന്നതും മാലിന്യക്കൂന്പാരം നിറയുന്നതും. അതതു സമയത്ത് ഇതു മാറ്റാതെ വരുന്പോൾ പിന്നീട് വൻതുക മുടക്കേണ്ടിവരുന്നു.
ത്രിതല പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഭരണസമിതിയും ഈയൊരു പ്രശ്നത്തിന് പ്രഥമ പരിഗണന നൽകണം. കേരളത്തിൽ ഇന്ന് അനേകം അയൽക്കൂട്ടങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും സംഘടനകളുമുണ്ട്. ഇവരുടെ ഒന്നിപ്പും ത്രിതല പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വവും ഉണ്ടെങ്കിൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
-ജോസ് വി. ജോസഫ് പുളിങ്കുന്ന്, ആലപ്പുഴ
Letters
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനാർഥികൾ വേറിട്ട രീതിയിൽ മത്സരിച്ച് വിജയിച്ച വാർത്ത പത്രത്തിൽ വായിച്ചു. എത്ര നല്ല മാതൃകയാണ് അവരുടേത്. ഇവരുടേതായി ഫ്ളക്സും ബാനറുമൊന്നും ഒരിടത്തുമുണ്ടായിരുന്നില്ല. സ്വന്തം മനസും മനസാക്ഷിയും വ്യക്തിത്വവും മാത്രം മതി വിജയിക്കാൻ എന്ന ഉറച്ച ബോധ്യം ഇവർക്കുണ്ടായിരുന്നു.
അലഞ്ഞു വലഞ്ഞു നടക്കുകയോ ശബ്ദമാലിന്യമുണ്ടാക്കുകയോ മറ്റു മാലിന്യങ്ങളുണ്ടാക്കുകയോ ചെയ്യാതെ ഈ മിടുക്കർ ജയം സ്വന്തമാക്കി. ഏതൊരു തെരഞ്ഞെടുപ്പിനും മത്സരരംഗത്തിറങ്ങാൻ ആഗ്രഹിക്കുന്ന സകല സ്ഥാനാർഥികളും സ്വന്തം അഡ്രസ് (മേൽവിലാസം) നൽകി കാത്തിരുന്നാൽ മാത്രം മതി. ജനം വോട്ട് ചെയ്യും. ഒരു സ്ഥാനാർഥിയുടെയും മുഖവും ശരീരവും പ്രദർശിപ്പിക്കേണ്ട ഒരാവശ്യവുമില്ല. സ്ഥാനാർഥികൾക്കെല്ലാം വിവരമുണ്ടാകട്ടെ.
-ബേബി വടക്കേ കുന്നുംപുറത്ത് വഞ്ചിമല
Letters
മുഖ്യമന്ത്രിയുടെ ഹുങ്കും അഹങ്കാരവും മറ്റ് മന്ത്രിമാരുടെ സ്വാർഥതയും ഭരണ വൈകല്യവും പിടിപ്പുകേടും മൂലമുണ്ടായ ഭരണവിരുദ്ധ വികാരം പ്രബുദ്ധരായ ജനങ്ങൾ വോട്ടിലൂടെ കാണിച്ചു കൊടുത്തു. ബംഗാളിൽ മുപ്പത് വർഷമെടുത്തെങ്കിൽ ഇവിടെ ജനങ്ങൾ മനസിലാക്കാൻ പത്ത് വർഷമേയെടുത്തുള്ളൂ എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. പാർട്ടി പാപ്പരത്തത്തിലേക്കു കൂപ്പുകുത്തി. പിണറായി മാത്രമാണ് സർക്കാരും പാർട്ടിയും. ഭരണമെന്ന ഹുങ്കിൽ എല്ലാം തകർന്ന് തരിപ്പണമായി.
വെയിൽകൊണ്ട് വാടിക്കരിഞ്ഞ ആശാ വർക്കർമാരുടെ അതിദാരുണമായ സമര കാഴ്ചകൾ ജനങ്ങളെ വല്ലാതെ വേദനിപ്പിച്ചു. സർക്കാർ ഒഴിയാൻ നിസാര മാസങ്ങൾ ഉള്ളപ്പോൾ ധാരാളിത്തം കുറയ്ക്കാനാകാതെ കോടികൾ മുടക്കി ആഡംബര കാർ വാങ്ങി. 80 ലക്ഷം ദിവസവാടകയ്ക്ക് വെറുതെ വാടകയ്ക്ക് എടുത്ത് കിടക്കുന്ന ഹെലികോപ്റ്റർ.
അങ്ങിനെ നീളുന്ന പ്രവർത്തന ശൈലി. കിറ്റും മറ്റ് ആനുകൂല്യങ്ങളും വാങ്ങിത്തിന്ന് പാർട്ടിക്ക് പാരവച്ചെന്ന എം.എം. മണിയുടെ ബോധരഹിതമായ പരാമർശം ജനങ്ങളെ അലട്ടുന്നു. ഖജനാവിലെ പൈസയെല്ലാം ഇവരുടെ സ്വന്തം സ്വത്തായി ചിത്രീകരിക്കുന്ന ഭരണനേതാക്കൾ.
ഇത്തരം ആശയക്കാരെ ജനം അകറ്റി നിർത്തുമെന്നത് തീർച്ച. ഇതെല്ലാം കോണ്‍ഗ്രസിനും ബിജെപിക്കും ഉയരങ്ങളിലേക്ക് കയറാനുള്ള ചവിട്ടുപടിയാകു
-കാവല്ലുർ ഗംഗാധരൻ ഇരിങ്ങാലക്കുട
Letters
പൊതുസമൂഹത്തിന്റെ സമാധാനവും സുരക്ഷയും ആശങ്കയിൽ എത്തിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രശ്നമായി തെരുവുനായശല്യം മാറിക്കൊണ്ടിരിക്കുന്നു. നഗരവഴികളിലോ ഗ്രാമപാതകളിലോ എന്നില്ലാതെ യാത്ര ചെയ്യുന്പോൾ കൂട്ടമായി സഞ്ചരിക്കുന്ന നായ്ക്കൾ സാധാരണക്കാരന്റെ മനസിൽ വിതയ്ക്കുന്ന ഭീതി ചെറുതല്ല. വിദ്യാർഥികളും ജോലിക്കാരും രാത്രികാലങ്ങളിൽ യാത്രചെയ്യുന്നവരും, പ്രത്യേകിച്ച് സ്ത്രീകളും വയോധികരും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.
തെരുവുനായ ആക്രമണങ്ങൾ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സംഭവവും സമൂഹത്തിന്റെ സുരക്ഷ എത്രത്തോളം തകർന്നുവീഴുന്നുവെന്നതിന്റെ തെളിവാണ്. പ്രശ്നത്തെ മൃഗസംരക്ഷണം എന്ന ഒറ്റ സമീപനത്തിലേക്ക് എത്തിക്കുകയോ, “അവയ്ക്കും ജീവിക്കാൻ അവകാശമുണ്ട്” എന്ന അവകാശവാദം ഉന്നയിക്കുകയോ ചെയ്യുന്നത് യാഥാർഥ്യത്തെ വിസ്മരിക്കുന്ന നടപടിയാണ്. മനുഷ്യരുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നിടത്ത്, അധികാരികളുടെ പ്രവർത്തനക്ഷമതയും സമൂഹത്തിന്റെ ബോധവും കഠിനമായി പരീക്ഷിക്കപ്പെടുന്നു.
ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശാസ്ത്രീയവും ഏകോപിതവുമായ മാർഗം എബിസി പദ്ധതി ശക്തമായി നടപ്പിലാക്കുക എന്നതാണ്. നായ്ക്കളെ ഓമനമൃഗമായി വളർത്തുന്നവർ, പ്രായാധിക്യത്താലും രോഗങ്ങളാലും അവയെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
അതുപോലെ, മാലിന്യസംസ്കരണം ക്രമീകരിക്കാതെ തെരുവുനായ ശല്യം കുറയ്ക്കാനാകില്ല. ഭക്ഷ്യാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്ന പ്രവണത നായ്ക്കളെ മനുഷ്യർ വസിക്കുന്ന പ്രദേശങ്ങളിലേക്ക് ആകർഷിക്കുകയും കൂടുതൽ ആക്രമണകാരികളാക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മൃഗങ്ങളോട് ക്രൂരത പുലർത്തുന്ന നടപടികൾ സമൂഹം ഒരിക്കലും അംഗീകരിക്കുന്നില്ല. എന്നാൽ, മനുഷ്യരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കപ്പെടണം എന്ന യാഥാർഥ്യം വിസ്മരിക്കാനാകില്ല.
സമൂഹത്തിന്റെ സഹകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉറച്ച ഇടപെടലും ഒന്നിച്ചാൽ മാത്രമേ തെരുവുനായ ശല്യം നിയന്ത്രിക്കാനാകൂ. റോഡുകളും പൊതു ഇടങ്ങളും സുരക്ഷിതമാകുന്നത് പൗരന്മാരുടെ അടിസ്ഥാന അവകാശമാണ്. ഈ അവകാശം ഉറപ്പാക്കുക എന്നത് അധികാരികളുടെ കടമയും ഉത്തരവാദിത്വവുമാണ്.
-സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ കൽത്തൊട്ടി ലബ്ബക്കട, ഇടുക്കി
Letters
പുതിയ റോഡ് മണ്ണിട്ടുയർത്തി നിർമിക്കുന്പോൾ പാലിക്കേണ്ട ഗൗരവതരമായ ഒരു പ്രവർത്തനവും മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ലെന്നതാണ് അപകടത്തിനു കാരണമെന്നാണ് മാധ്യമ വാർത്തകളിൽനിന്നു മനസിലാക്കാൻ കഴിഞ്ഞത്.
ഇത്ര ഉയരത്തിൽ മണ്ണിട്ടു നികത്തി റോഡ് രൂപകല്പന ചെയ്യുന്പോൾ രണ്ടു വശത്തും വേണ്ടത്ര അടിഭാഗത്തിന് വീതിയുള്ള ആർസിസി റീട്ടെയ്നിംഗ്വാൾ വേണം. ചതുപ്പു നിലത്തിലെ ബ്ലാക്ക് കോട്ടണ്‍ സോയിൽ മാറ്റേണ്ടതുണ്ട്. നല്ല ഗുണനിലവാരമുള്ള മണ്ണ് 15 സെന്റി മീറ്റർ കട്ടിയിൽ ഇട്ട് ആവശ്യത്തിനു ഭാരമുള്ള റേമർ ഉപയോഗിച്ച് അമർത്തേണ്ടതുണ്ട്. അമിതഭാരമുള്ള വാഹനങ്ങൾ മുകളിൽ വരുന്പോൾ റോഡ് ബൾജ് ആകുന്നതാണ് ഇവിടത്തെ പ്രശ്നം. ഇനി റോഡ് താഴേക്ക് ഇരിക്കാനും സാധ്യതയുണ്ട്. മുകളിൽ ഒരു കാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിച്ചുകൂടാ.
റോഡ് രൂപകല്പനയിൽ വന്ന വൻ വീഴ്ചയും നിർമാണത്തിലെ അപാകതയുമാണ് ഇപ്പോഴത്തെ അപകടത്തിനു വഴിയിട്ടത്. ഈ കന്പനിയുടെ നിർമാണങ്ങളിൽ ഇനിയും ഇത്തരം അപകടങ്ങൾ പ്രതീക്ഷിക്കാം. റിട്ടെയിനിംഗ് വാളിന്റെ ഉറപ്പാണ് റോഡിന്റെ ഉറപ്പിന് മുഖ്യം.
-കാവല്ലൂർ ഗംഗാധരൻ (റിട്ട. എൻജിനീയർ), ഇരിങ്ങാലക്കുട
Letters
തെരുവുനായ ശല്യം പരിഹാരം കൈയെത്താത്ത ദൂരത്തു തന്നെയാണ് ഇപ്പോഴും. ഓരോ സുപ്രീംകോടതിവിധി വരുന്പോഴും വിധിയെ പറ്റി, ഇത് മുൻപേ വരേണ്ടതായിരുന്നുവെന്ന് എല്ലാവരും പുകഴ്ത്തിപറയാറുണ്ട്. പക്ഷേ, ഒന്നും നടപ്പായിക്കണ്ടില്ല. പുതിയ വിധി ഇങ്ങിനെയാണ്.
‘സ്വകാര്യ- സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കായിക കേന്ദ്രങ്ങൾ/ബസ് സ്റ്റാൻഡുകളും ഡിപ്പോകളും റെയില്‍വേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങൾ തെരുവുനായകൾ കയറാത്ത രീതിയിൽ അതിർത്തി കെട്ടി സംരക്ഷിക്കണം’ നിർദേശം പാലിക്കാതിരുന്നാൽ പിഴ നടപടികളടക്കം കോടതിയലക്ഷ്യ നടപടിയും ഉണ്ടാകും.
ഇത് നടപ്പിലാക്കാൻ കഴിയുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആരാണ് ഉള്ളത്. ആളുകൾക്കുതന്നെ താമസിക്കാൻ സ്ഥലമില്ലാത്ത കേരളത്തിൽ ഷെൽട്ടർ ഒരുക്കാൻ കഴിയുമോ? ഗ്രാമപ്രദേശങ്ങളിൽ പോലും പട്ടികളെ വളർത്താൻ സ്ഥലം ആരും തരില്ല. നാട്ടുകാരും സമ്മതിക്കില്ല.
സ്ഥലം കിട്ടിയാൽതന്നെ അവറ്റകളുടെ ഭക്ഷണവും മറ്റ് കാര്യങ്ങളും ആരു നോക്കും. അതിന് പ്രത്യേക സംവിധാനംതന്നെ വേണ്ടെ?
കോടതിവിധി നടപ്പാലാക്കാൻ അത്ര എളുപ്പമല്ല. പേ വിഷം ചീറ്റുന്ന തെരുവുനായ്ക്കളെ കൊന്നുകളഞ്ഞാൽ എന്ത് നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. മനുഷ്യരോടില്ലാത്ത സ്നേഹം നായ്ക്കളോട് എന്തിനാണ്.
ലക്ഷം ആളുകൾക്ക് കടിയേറ്റു. നിരപരാധികളായ ഒട്ടേറെ പേർ മരിച്ചു. പലർക്കും പരിക്കുപറ്റി. ഇതിനെല്ലാം ശാശ്വത പരിഹാരമാകണമെങ്കിൽ 2001 വരെ തുടർന്നിരുന്ന നിയമം നടപ്പിലാക്കണം.
കാവല്ലൂർ ഗംഗാധരൻ, റിട്ട. എന്‍ജിനീയർ, ഇരിങ്ങാലക്കുട
Letters
‘ശുഭയാത്ര സുരക്ഷിതയാത്ര’ എന്നാണ് റെയില്‍വേയുടെ പരസ്യവാക്യമെങ്കിലും ആശങ്കയാത്ര അരക്ഷിതയാത്ര എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു. സുരക്ഷാസംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണം.
രാവിലെയും വൈകിട്ടും ഉള്ള ഓഫീസ് സമയത്തെ യാത്രകൾക്ക് നേരിടുന്ന രൂക്ഷമായ അസൗകര്യം കണക്കിലെടുത്ത് കേരളത്തില്‍ ട്രെയിനുകള്‍ കുറച്ചുകൂടി തെക്കോട്ടും വടക്കോട്ടും ദീര്‍ഘിപ്പിച്ചാല്‍ ഒരു പരിധിവരെ ആശ്വാസമാകും.
ജനപ്രതിനിധികള്‍ ഒന്നു ശ്രമിച്ചാല്‍ രാവിലെ ഓഫീസ് സമയത്ത് എറണാകുളത്ത് 10 മണിക്ക് എത്തിക്കാവുന്ന രീതിയില്‍ വേളാങ്കണ്ണി എക്സ്പ്രസ് 16362 സമയം പുനഃക്രമീകരിക്കാനാകും. ഒപ്പം തിരികെ ട്രെയിന്‍ 16361, 2.30ന് എറണാകുളത്തുനിന്ന് തുടങ്ങാന്‍ ഒരു പരിശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ഓഫീസ് സമയത്ത് തിരക്കിന് ഒരു പരിഹാരമായി. ഇതുപോലെ മറ്റ് ട്രെയിനുകള്‍ ക്രമീകരിച്ചാല്‍ നന്ന്.
-സുനില്‍ തോമസ്, റാന്നി
Letters
അനാഥമായ നമ്മുടെ നദികൾ പൂർണമായി മലിനപ്പെടുന്നതോടെ കേരളത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമവും ജലജന്യരോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കും.
കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളുമാണ് കേരളത്തിന്റെ ജീവൻ. വെള്ളം, വൈദ്യുതി, കൃഷി, വനം, പച്ചപ്പ്, ജനങ്ങളുടെ ആരോഗ്യം എല്ലാം ഈ നദികളുടെ ആയുസിനെ ആശ്രയിക്കുന്നു. ഹൈറേഞ്ചിൽനിന്നും ഇടനാട്ടിൽനിന്നും ധാതുലവണങ്ങൾ കായലിലേക്കും കടലിലേക്കും ഒഴുക്കിക്കൊണ്ടുവരുന്നത് നദികളാണ്.
മത്സ്യങ്ങളുടെ കലവറയാണ് നദികൾ. ഭൂഗർഭ ജലത്തിന്റെ പ്രധാന ഉറവിടം പുഴകളാണ്. കേരളീയ സംസ്കാരത്തിൽ നദികളുടെ പങ്ക് അവർണനീയമാണ്. ഉൾനാടൻ യാത്രകളിലും നദികൾക്ക് പങ്കുണ്ട്. നിമിഷ പ്രളയങ്ങളെ ഒഴുക്കിവിടുന്നതിലും വരൾച്ചയൊഴിവാക്കി പിടിച്ചു നിർത്തുന്നതിലും നമ്മുടെ പുഴകൾക്ക് വലിയ പങ്കുണ്ട്. എങ്കിലും, നദികൾ സംരക്ഷിക്കാൻ ഒരു സർക്കാരും ചെറുവിരൽ അനക്കിയിട്ടില്ല.
-ഡോ. സി.എം. ജോയി
Letters
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു ഹൃദ്രോഗി മരിക്കുന്നതിനു മുമ്പ് അദ്ദേഹം ഇട്ട വോയിസ് മെസേജ് ശ്രദ്ധിച്ചു. എന്തു ചോദിച്ചാലും ഒരു ഉത്തരവും ആശുപത്രി ജീവനക്കാരാരും തരുന്നില്ല, എന്തെങ്കിലും കൈക്കൂലി കൊടുത്താലേ ഇവർ വായ തുറക്കൂ എന്നാണോ എന്ന രീതിയിൽ. ഈ സംശയം പലർക്കും ഉണ്ടാകാറുണ്ട്.
പല മിടുക്കരായ ഡോക്ടർമാരും സംസാരിക്കുന്നതിൽ പിശുക്കു കാണിക്കുന്നവരാണ്. അല്ലെങ്കിൽ തർക്കുത്തരം / നിഷേധം രോഗികൾക്ക് നൽകുന്നതും കണ്ടിട്ടുണ്ട്. ആശ്വാസത്തിനുവേണ്ടി ഡോക്ടറുടെ മുന്നിൽ എത്തുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ചും അവരോട് പെരുമാറേണ്ട വിധവും മെഡിക്കൽ കോളജിൽ ഡോക്ടർമാർ അല്ലാത്ത വിദഗ്ധർ ക്ലാസ് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സീനിയർ ഡോക്ടർമാർക്ക് പലർക്കും ഇതറിയില്ല.
വിദേശങ്ങളിൽ രോഗികളെ ചികിത്സാരീതി പറഞ്ഞ് മനസിലാക്കിയശേഷം മാത്രമേ അവർ ചികിത്സ തുടങ്ങു. ചുണ്ടിനടിയിൽവച്ച് എന്തോ പിറുപിറുക്കുന്ന ഡോക്ടർമാരുടെ വാമൊഴിയെ പിടിച്ചെടുക്കാൻ എഐ വേണ്ടിവരുമല്ലോ എന്നു ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. മരുന്ന് കൊടുത്ത് ക്രിയാറ്റിൻ കുറച്ചിട്ട് മാത്രമേ ആൻജിയോഗ്രാം ചെയ്യാനാവൂ എന്ന് പറഞ്ഞ് മനസിലാക്കിയിരുന്നെങ്കിൽ അദ്ദേഹം പേടിച്ചു ബിപി കൂട്ടി തുടർച്ചയായ ഹൃദയാഘാതത്തിന് കീഴടങ്ങില്ലായിരുന്നു.
രോഗികളോട് നന്നായി സംസാരിക്കുന്ന ഡോക്ടർമാർക്ക് മരുന്ന് നൽകാതെതന്നെ ആശ്വാസമേകാനാകും എന്നത് ഒരു യാഥാർഥ്യം തന്നെയാണ്.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Letters
പൊതുസ്ഥലങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് ഉടനടി മാറ്റണമെന്ന സുപ്രീംകോടതിയുടെ വിധി കേരളത്തില്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതികരണം ഖേദകരമാണ്.
തെരുവുനായ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പേര് ഇരയാകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ വര്‍ഷം ആദ്യ നാലു മാസത്തിനിടെ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് കടിയേറ്റെന്ന വസ്തുത മന്ത്രി അറിഞ്ഞില്ലെന്നുണ്ടോ?
നായ്ക്കളുടെ കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികളും വയോജനങ്ങളും സ്ത്രീകളുമാണ്. കുട്ടികള്‍ക്ക് മിക്കവാറും പരിക്കേല്‍ക്കുന്നത് മുഖത്താണ്. പ്രതിരോധ വാക്സിന് എടുത്തിട്ടും കുട്ടികള്‍ മരിച്ച പല സംഭവങ്ങളുമുണ്ട്. വന്ധ്യംകരണത്തിലൂടെ നായ്ക്കളെ നിയന്ത്രിക്കാനുള്ള എബിസി പദ്ധതി സമ്പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞുകഴിഞ്ഞു.
ഒരു സര്‍ക്കാരിന്റെ പ്രഥമ കര്‍ത്തവ്യം ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. ഓരോരോ കാരണം പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാണ് ഭാവമെങ്കില്‍ ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ ജനം ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് മറക്കരുത്.
-സെബാസ്റ്റ്യന്‍ പാതാമ്പുഴ, തൊടുപുഴ
Letters
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ക്ഷേമപദ്ധതി പ്രഖ്യാപനം കേട്ടു. ക്ഷേമപെൻഷൻ മുതൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യങ്ങൾ വരെയുള്ള ക്ഷേമപദ്ധതികളെല്ലാം തെരഞ്ഞെടുപ്പുപ്രേരിതമാണെങ്കിലും നല്ലതുതന്നെ! പക്ഷേ, ഇതെല്ലാം നടപ്പാക്കാൻ 10,000 കോടി രൂപയോളമാണ് സർക്കാരിന് അധികച്ചെലവ് വരിക.
സാന്പത്തിക പ്രതിസന്ധിയുള്ളൊരു സർക്കാരാണല്ലോ നമ്മുടേത്. ആ നിലയ്ക്ക് ഇതിനുള്ള തുക എവിടെനിന്ന് സർക്കാർ കണ്ടെത്തും? മറ്റു വഴികളൊന്നും ഇല്ലെന്നിരിക്കെ ഒരു സംശയം. ഇനി സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യങ്ങൾ നാളെ മറ്റൊരു നികുതിബാധ്യതയായി ജനങ്ങൾതന്നെ ചുമക്കേണ്ടിവരുമോ? കണ്ടറിയാം.
-സുനിൽ കണ്ണോളി,തേലപ്പിള്ളി
Letters
അതിദാരിദ്ര്യം കേരളത്തിൽ അവസാനിച്ചെന്ന് കൊട്ടിഘോഷിക്കാൻ, ഇംഗ്ലീഷ് പത്രങ്ങൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും മുഖപേജിൽ മുഴുവൻ സ്ഥലത്തും മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ട് നിൽക്കുന്ന പടം ഉൾപ്പെടെയുള്ള വാർത്ത കൊടുക്കാൻ ലക്ഷക്കണക്കിന് രൂപയാണ് തുലച്ചത്. ആർഭാടമായി പ്രഖ്യാപനം നടത്താൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ഒരുക്കുന്നതിനും ലക്ഷങ്ങൾ പൊടിപൊടിച്ചു.
പൊള്ളയായ ഈ പ്രഖ്യാപനത്തിന്റെ ഭാഗമാകാൻ ക്ഷണം കിട്ടിയ നടൻ മോഹൻലാലും കമൽഹാസനും ഒഴിവുകഴിവുകൾ പറഞ്ഞ് പരിപാടിയിൽനിന്നു വിട്ടുനിന്നതിനും ജനങ്ങൾ അവരെ അഭിനന്ദിച്ചു. അത്രയ്ക്കും മനഃസാക്ഷിയില്ലാത്തവരല്ല, തരംതാഴ്ന്നവരല്ല ഇവർ എന്ന് ജനം മനസിലാക്കി. മമ്മൂട്ടിക്കും അതിദാരിദ്ര്യം തുടച്ചുനീക്കാനായെന്ന് പറയാൻ മനഃസാക്ഷി അനുവദിച്ചില്ല. അദ്ദേഹം ദാരിദ്ര്യം മുഴുവനും നീക്കാനായില്ലെന്ന് വേദിയിൽ പറഞ്ഞത് സർക്കാരിന് ഇഷ്ടപ്പെട്ടുകാണില്ല.
വേദിയിൽ പിണറായി വരുന്പോൾ മുട്ടുകൾ കൂട്ടിയിടിക്കുന്ന മന്ത്രിമാരെ കാണുന്പോൾ മനസിലാക്കാം, അദ്ദേഹത്തിന് മന്ത്രിമാരിലുള്ള നിയന്ത്രണം എത്ര വലുതാണെന്ന്. തന്നെയുമല്ല മികവുറ്റ ഭരണാധികാരിയാണെന്ന് ഇതിൽനിന്നും മനസിലാക്കാം. അത് ജനങ്ങളെ സ്വാധീനിക്കണമെങ്കിൽ ധൂർത്തും സ്വജനപക്ഷപാതവും അവസാനിപ്പിക്കണം.
ലക്ഷങ്ങൾ ദിവസവാടക കൊടുത്ത് ആവശ്യമില്ലാതെ അദ്ദേഹത്തിനായി തിരുവനന്തപുരത്ത് ഇട്ടിരിക്കുന്ന ഹെലികോപ്റ്റർ ഉപേക്ഷിക്കണം. ഇത്തരം പ്രവർത്തനത്തിലൂടെ കിട്ടുന്ന ലാഭം ആശാ വർക്കർമാരെപ്പോലെ കഷ്ടതയനുഭവിക്കുന്നവർക്കു നൽകി നാട്ടിലെ ദാരിദ്ര്യത്തിന് അറുതിവരുത്തിക്കൂടേ?
-കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട
Letters
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻക്കാരുടെയും ചികിത്സച്ചെലവിനുള്ള സഹായം ലക്ഷ്യമിട്ട് ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്, ഇപ്പോൾ ജീവനക്കാർക്ക് ആശ്വാസം നൽകാത്ത പദ്ധതിയായി മാറിയിരിക്കുകയാണ്. നിലവിൽ മെഡിസെപ് വഴി ലഭിക്കുന്ന തുക ചികിത്സച്ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്; ബാക്കിയുള്ള മുഴുവൻ തുകയും ജീവനക്കാർ സ്വന്തമായി വഹിക്കേണ്ടി വരുന്നു. ഹൃദ്രോഗം, വൃക്കരോഗം, കാൻസർ, അപകടങ്ങൾ, ശസ്ത്രക്രിയകൾ തുടങ്ങിയവയ്ക്ക് ലക്ഷക്കണക്കിന് രൂപ ചെലവാകുന്പോൾ മെഡിസെപ്പിൽനിന്നുള്ള സഹായം നാമമാത്രമാകുന്നു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രീമിയം നിർബന്ധമായി അടയ്ക്കുന്നവരാണ് ജീവനക്കാർ. അവരുടെ രോഗാവസ്ഥയിൽ മുഴുവൻ ചികിത്സച്ചെലവുകളും ഇൻഷ്വറൻസ് കന്പനികൾ വഹിക്കേണ്ടത് ജീവനക്കാരുടെ അവകാശമാണ്, ആനുകൂല്യമല്ല. അതിനാൽ, മെഡിസെപ് പദ്ധതിയിൽ അടിയന്തരമായ പരിഷ്കരണം അനിവാര്യമാണ്. സംസ്ഥാനത്തെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുള്ള സർക്കാർ, സ്വകാര്യ, സഹകരണ, മിഷൻ ആശുപത്രികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണം. കൂടാതെ, എല്ലാം രോഗങ്ങളുടെയും ചികിത്സച്ചെലവിന്റെ മുഴുവൻ ഭാഗവും മെഡിസെപ് വഴി നൽകുന്ന രീതിയിലേക്ക് പദ്ധതിയെ മാറ്റണം.
-സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ,കൽത്തൊട്ടി, ലബ്ബക്കട
Letters
ആരെയും വേർതിരിക്കാത്ത സമത്വത്തിന്റെ വേദിയായിരിക്കേണ്ട സ്കൂളുകളിൽ വസ്ത്രധാരണത്തെക്കുറിച്ചുള്ള തർക്കങ്ങൾ തുടരുന്നത് വേദനാജനകമാണ്. യൂണിഫോം എന്നതിന്റെ അർഥം വീണ്ടും ഓർക്കേണ്ട സമയമാണിത്.
യൂണിഫോം എന്ന ആശയം 1552ലാണ് ഉടലെടുത്തതെന്നു കരുതപ്പെടുന്നു. ‘എല്ലാവരും ഒരുപോലെ’ എന്ന ബോധം വളർത്തുകയായിരുന്നു ലക്ഷ്യം. ഇന്നും അതേ ലക്ഷ്യമാണ് സ്കൂൾ യൂണിഫോം മുന്നോട്ടു വയ്ക്കുന്നത്.
വ്യത്യസ്ത മത, സാമൂഹിക, സാന്പത്തിക, രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കുട്ടികൾ സ്കൂളുകളിൽ ഒന്നിക്കുന്നു. അതിനാൽ യൂണിഫോം വെറും വസ്ത്രമല്ല; അത് ഐക്യത്തിന്റെ ഭാഷയാണ്.
‘എന്റെ സ്കൂൾ, എന്റെ യൂണിഫോം, എന്റെ അഭിമാനം’ എന്ന വികാരത്തോടെ സ്കൂളിലെത്തുന്ന കുട്ടികളാണ് വിദ്യാഭ്യാസത്തിന്റെ യഥാർഥ പ്രതിനിധികൾ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിജ്ഞാനസന്പാദനത്തിനു പുറമേ സഹജീവനബോധം, കരുണ, ബഹുമാനം, ഉത്തരവാദിത്വം എന്നിവ നിറഞ്ഞ പുതുതലമുറയെ വളർത്തുകയുംകൂടിയാണ്.
-സെബാസ്റ്റ്യൻ കൊച്ചുപറന്പിൽ കൽത്തൊട്ടി, ലബ്ബക്കട
Letters
എൻഎച്ച് 544ൽ (പഴയ എൻഎച്ച് 47) തൃശൂർ മുതൽ എറണാകുളം വരെ ഫ്ലൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് പണികൾ നടക്കുന്നതിനാൽ മാസങ്ങളായി ദിവസവും മണിക്കൂറുകളോളം വാഹനഗതാഗതം റോഡിൽ തടസപ്പെടുകയാണ്. ഇതുമൂലം റോഡ് മാർഗം ഉപേക്ഷിച്ചു കൂടുതൽ പേരും ട്രെയിൻ യാത്രയാണ് സ്വീകരിക്കുന്നത്.
തൃശൂർ മുതൽ എറണാകുളം വരെ ജനറൽ കംപാർട്ട്മെന്റുകളിൽ സൂചി കുത്താൻപോലും ഇടമില്ലാത്തവിധം തിരക്കാണ്. താത്കാലിക പരിഹാരം എന്ന നിലയിൽ റോഡിലെ ഗതാഗത തടസം തീരുന്നതു വരെയെങ്കിലും തൃശൂർ മുതൽ എറണാകുളം വരെ കൂടുതൽ ജനറൽ കംപാർട്ട്മെന്റുകൾ അടിയന്തരമായി അനുവദിക്കണം.
-ജെയിംസ് മുട്ടിക്കൽ, അയ്യന്തോൾ, തൃശൂർ
Letters
രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ ഇറക്കിയത് കോണ്‍ക്രീറ്റ് ചെയ്ത സ്ഥലത്താണെങ്കിലും ചെളിക്കുണ്ടിൽ പുതഞ്ഞ പ്രതീതിയായിരുന്നു.
വീതി കുറഞ്ഞ പ്രതലമുള്ള ചക്രവും വലിയ ഭാരവുമുള്ള ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ഇട്ട് ഒരു ദിവസം പോലും ആകുന്നതിനു മുന്‍പ് ഹെലിപാഡിൽ ഇറക്കിയത്. ഹെലികോപ്റ്ററിന്റെ ചക്രം താഴ്ന്നു പോയി. കൂടുതൽ ആളെ കൂട്ടി തള്ളിനീക്കാനായത് ഭാഗ്യമായി.
പ്രധാനപ്പെട്ട ഇത്തരം കാര്യങ്ങൾക്ക് ഏഴു ദിവസമെങ്കിലും വെള്ളം ഒഴിച്ച് ക്യൂറിംഗ് നടത്തിയ ഹെവി ഡ്യൂട്ടി പ്രതലമാണു വേണ്ടതെന്ന് ആർക്കാണ് അറിയാത്തത്. കോണ്‍ക്രീറ്റ് ചെയ്തില്ലെങ്കിലും നിരപ്പായ സ്ഥലത്ത് ഇറക്കുന്നതായിരുന്നു ഇതിലും ഭേദം. വൻ അപകടം തന്നെയാണ് ഇവിടെ വഴിമാറിയത്.
-കാവല്ലൂർ ഗംഗാധരൻ, ഇരിങ്ങാലക്കുട
Letters
നമ്മുടെ സംസ്ഥാനത്ത് ശാരീരികാധ്വാനം വേണ്ടിവരുന്ന ഏതാണ്ട് എല്ലാ തൊഴിലുകളിലും ഇപ്പോൾ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണല്ലോ പണിയെടുക്കുന്നത്. ഇതിൽ അപകടസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്ന ചിലർ മരണമടയുന്ന വാർത്തകൾ കാണുന്നുണ്ട്. ഇവിടെ പരിമിതമായ സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടി, ദൂരനാട്ടിലെ കുടുംബം നോക്കുന്ന അവരുടെ മരണവാർത്ത കേൾക്കുന്പോഴും ആ മൃതശരീരം വീട്ടിലെത്തുന്പോഴും ഉണ്ടാകുന്ന വ്യഥ എത്രയോ തീവ്രമായിരിക്കും.
വൻതുക മുടക്കി വന്പൻ കെട്ടിടങ്ങളും മറ്റു നിർമാണങ്ങളും നടത്തുന്നവർ രണ്ടു ലക്ഷം രൂപയെങ്കിലും ആ സാധുകുടുംബങ്ങൾക്ക് സഹായമായി നൽകാൻ സന്നദ്ധരാകണം, അതുമല്ലെങ്കിൽ അതിനുള്ള ഇൻഷ്വറൻസ് ഏർപ്പാടു ചെയ്യണം. അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കണം. പ്രബുദ്ധകേരളമെന്നത് അന്വർഥമാകട്ടെ.
Letters
തെരുവുനായ്ക്കളെ വന്ധ്യംകരിക്കണമെന്നാണ് കേൾക്കുന്നത്. ഒന്നുരണ്ടു സംശയം: വന്ധ്യംകരണം നടത്തി പൊതുനിരത്തിലേക്കിറക്കിവിട്ടാൽ പട്ടി കടിക്കാതിരിക്കുമോ? വന്ധ്യംകരിച്ചാൽ പേയ് വിഷ ബാധ മാറുമോ?
വന്ധ്യംകരിക്കുകയാണെങ്കിൽകൂടി ഒരു പട്ടണത്തിൽ നിശ്ചിത എണ്ണം തെരുവുനായ്ക്കൾ ഉണ്ടായിരിക്കണമെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടോ?
ഒരു കാര്യം ഓർക്കുക. നായ്ക്കൾ വളർത്തുമൃഗങ്ങളായി രൂപാന്തരം വന്നവയാണ്. വളർത്താൻ താത്പര്യമുള്ളവർ ഓമനിച്ചു വളർത്തട്ടെ. തെരുവിൽ അലഞ്ഞുനടന്നു മനുഷ്യരെ കടിക്കുന്നവയെ കൊല്ലുകതന്നെ വേണം. കുറേക്കാലം മുന്‍പുവരെ ഇതാണു ചെയ്തിരുന്നത്.
-ജോ മുറികല്ലേൽ,പാലാ
Letters
തെരുവുനായ്ക്കളുടെ പ്രശ്നം വർഷങ്ങളായി കേരളം ചർച്ച ചെയ്തിട്ടും നാട്ടുകാർക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. നിയമങ്ങൾ ഇഴകീറി പരിശോധിക്കുന്ന ജഡ്ജിമാരും അധികാരികളും കാറിൽ സഞ്ചരിക്കുന്നത് കൊണ്ടാണോ ഈ പ്രശ്നം അവർ അഭിമുഖീകരിക്കാത്തത് എന്നറിയില്ല.
ആനപ്പുറത്ത് ഇരിക്കുന്നവരെ നായ കടിക്കില്ല എന്ന യാഥാർഥ്യം നമുക്ക് അറിയാമെങ്കിലും അങ്ങനെ ആ പ്രശ്നത്തെ ചെറുതാക്കി കാണാൻ ആവില്ലല്ലോ! എന്തുകൊണ്ടാണു മറ്റു സംസ്ഥാനങ്ങളിൽ തെരുവുനായ നിയമപ്രശ്നം ആകാത്തതും തെരുവുനായ്ക്കൾ അവിടെ പ്രശ്നമാകാത്തതും എന്ന് ആരെങ്കിലും ആലോചിക്കാറുണ്ടോ? പ്രബുദ്ധത കൂടിപ്പോയതും മറ്റുള്ളവർക്ക് ഏതുകാര്യത്തിനും ‘ഒരുപണി കൊടുക്കാം’ എന്ന ദുഷിച്ച ചിന്ത മനസിൽ ഒളിപ്പിച്ച വ്യവഹാരപ്രിയർ കൂടുതലുള്ള നാടായി കേരളം എന്നതുമാകാം കാരണം.
പൊതുജനത്തിന്റെ ന്യായമായ വികാരത്തിനെതിരേ നിൽക്കുന്നവരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ, ജാതി, മതഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന സംസ്ഥാനങ്ങളാണ് മറ്റുള്ളവ എന്നതാണു സത്യം. നായ്ക്കളെ ഇല്ലായ്മ ചെയ്യാൻ എടുക്കുന്ന ഏതു നടപടിയേയും പിന്തുണയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രമേയം പാസാക്കുമ്പോൾ എതിർക്കുന്നവർ തങ്ങളുടെ ചെലവിൽ തെരുവുനായ്ക്കളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കണം.
നായ ഇറച്ചി കഴിക്കുന്ന രാജ്യങ്ങളിലേക്ക് അതു കയറ്റി അയച്ച് വിദേശനാണ്യം സമ്പാദിക്കാനും നിയമമുണ്ടാക്കിക്കൂടെ?
<b>- ആർ. രാധാകൃഷ്ണൻ പാലക്കാട്</b>
Letters
വിദ്യാലയവർഷം ആരംഭിക്കുന്നതിനു മുന്‍പായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമരാമത്ത് വകുപ്പിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിക്കണം. എങ്കിൽ മാത്രമേ കുട്ടികളെ പ്രവേശിപ്പിച്ച് വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം ആരംഭിക്കാനാകൂ. അതുപോലെ ആളുകൾ താമസിക്കുന്നതും പൊതുജനങ്ങൾ ഒത്തുകൂടുന്നതുമായ സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള പൊതുസ്ഥാപനങ്ങളിലെ കെട്ടിടങ്ങൾക്ക് എല്ലാ സാന്പത്തിക വർഷാരംഭത്തിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിച്ചാൽ മാത്രമേ പ്രവർത്തനാനുമതി നൽകാവൂ.
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളുടെ പൂർണമായ വിവരങ്ങൾ സ്ഥാപനമേധാവികൾ വകുപ്പ് മേധാവികളെ അറിയിച്ച് പൊളിക്കാനുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം. കെട്ടിടം നിർമിക്കാനുള്ള അനുമതി വാങ്ങി പൊതുജന പങ്കാളിത്തത്തോടെ പൂർത്തിയാക്കി സുരക്ഷയുള്ള കെട്ടിടങ്ങളാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഇതിനാവശ്യമായ അവകാശവും അധികാരവും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും സ്ഥാപന മേധാവികൾക്കും ലഭ്യമാക്കണം.
മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലോടെ പ്രവർത്തിക്കാം.
-റോയി വർഗീസ്ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Letters
മലയാള ഭാഷയുടെ വ്യാപനത്തിനും പരിപോഷണത്തിനും വേണ്ടി 2015ൽ നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന്, നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ അനുമതി നിഷേധിച്ചുവെന്ന വാർത്ത വലിയ നിരാശയുളവാക്കുന്നതാണ്.
കേരളം വലിയ പ്രതീക്ഷ വച്ചു പുലർത്തിയതായിരുന്നു മലയാള ഭാഷാ ബിൽ. ബിൽ നടപ്പായിരുന്നുവെങ്കിൽ മലയാള ഭാഷയുടെ സർവവ്യാപനം സാധ്യമാകുമായിരുന്നു.
ഭരണഭാഷ മലയാളമാക്കുക, മത്സരപരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടിയാക്കുക, ജില്ലാ കോടതി വരെയുള്ള കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കുക, ബോർഡുകൾ മലയാളത്തിൽ കൂടിയാക്കുക തുടങ്ങി എല്ലാ രംഗത്തും മലയാളം ഉപയോഗിക്കുന്നതിനുള്ള ഒട്ടേറെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയതായിരുന്നു ബിൽ.
മലയാളത്തിന്റെ സർവവ്യാപനം നടപ്പാവുകതന്നെ വേണം. ബില്ലിന് അനുമതി നേടാനാകാതെ വന്ന സാഹചര്യത്തിൽ സാധ്യമായ മറ്റു മാർഗങ്ങൾ സർക്കാർ തേടണം.
മുരളീമോഹൻ മഞ്ചേരി, മലപ്പുറം
Letters
സർക്കാർ ഓഫീസ് പരിസരത്ത് അലഞ്ഞുനടക്കുന്ന നായ്ക്കളുടെ ആക്രമണം പലയിടത്തും ഉണ്ടാകുന്നുണ്ട്. ഏത് സർക്കാർ ഓഫീസിൽ പോയാലും നിരവധി നായ്ക്കൾ ഓഫീസുകളിലെ വരാന്തയിലും പരിസരത്തും ചുറ്റിത്തിരിഞ്ഞ് നടക്കുന്നത് കാണാം.
കോടതി വരാന്തകളിലും സർക്കാർ ആശുപത്രി വരാന്തകളും പരിസരങ്ങളും വിദ്യാഭ്യാസ ഓഫീസുകളുടെ പരിസരവുമെല്ലാം നായ്ക്കൾ താവളം ആക്കിയിരിക്കുകയാണ്. പലപ്പോഴും ജീവനക്കാരും കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ഭാഗ്യംകൊണ്ടാണ് നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. അടിയന്തരമായി സുരക്ഷാ ജീവനക്കാരെ സർക്കാർ ഓഫീസ് പരിസരത്ത് നിയോഗിക്കണം.
റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി