അതിദാരിദ്ര്യം കേരളത്തിൽ അവസാനിച്ചെന്ന് കൊട്ടിഘോഷിക്കാൻ, ഇംഗ്ലീഷ് പത്രങ്ങൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും മുഖപേജിൽ മുഴുവൻ സ്ഥലത്തും മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ട് നിൽക്കുന്ന പടം ഉൾപ്പെടെയുള്ള വാർത്ത കൊടുക്കാൻ ലക്ഷക്കണക്കിന് രൂപയാണ് തുലച്ചത്. ആർഭാടമായി പ്രഖ്യാപനം നടത്താൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ഒരുക്കുന്നതിനും ലക്ഷങ്ങൾ പൊടിപൊടിച്ചു.
പൊള്ളയായ ഈ പ്രഖ്യാപനത്തിന്റെ ഭാഗമാകാൻ ക്ഷണം കിട്ടിയ നടൻ മോഹൻലാലും കമൽഹാസനും ഒഴിവുകഴിവുകൾ പറഞ്ഞ് പരിപാടിയിൽനിന്നു വിട്ടുനിന്നതിനും ജനങ്ങൾ അവരെ അഭിനന്ദിച്ചു. അത്രയ്ക്കും മനഃസാക്ഷിയില്ലാത്തവരല്ല, തരംതാഴ്ന്നവരല്ല ഇവർ എന്ന് ജനം മനസിലാക്കി. മമ്മൂട്ടിക്കും അതിദാരിദ്ര്യം തുടച്ചുനീക്കാനായെന്ന് പറയാൻ മനഃസാക്ഷി അനുവദിച്ചില്ല. അദ്ദേഹം ദാരിദ്ര്യം മുഴുവനും നീക്കാനായില്ലെന്ന് വേദിയിൽ പറഞ്ഞത് സർക്കാരിന് ഇഷ്ടപ്പെട്ടുകാണില്ല.
വേദിയിൽ പിണറായി വരുന്പോൾ മുട്ടുകൾ കൂട്ടിയിടിക്കുന്ന മന്ത്രിമാരെ കാണുന്പോൾ മനസിലാക്കാം, അദ്ദേഹത്തിന് മന്ത്രിമാരിലുള്ള നിയന്ത്രണം എത്ര വലുതാണെന്ന്. തന്നെയുമല്ല മികവുറ്റ ഭരണാധികാരിയാണെന്ന് ഇതിൽനിന്നും മനസിലാക്കാം. അത് ജനങ്ങളെ സ്വാധീനിക്കണമെങ്കിൽ ധൂർത്തും സ്വജനപക്ഷപാതവും അവസാനിപ്പിക്കണം.
ലക്ഷങ്ങൾ ദിവസവാടക കൊടുത്ത് ആവശ്യമില്ലാതെ അദ്ദേഹത്തിനായി തിരുവനന്തപുരത്ത് ഇട്ടിരിക്കുന്ന ഹെലികോപ്റ്റർ ഉപേക്ഷിക്കണം. ഇത്തരം പ്രവർത്തനത്തിലൂടെ കിട്ടുന്ന ലാഭം ആശാ വർക്കർമാരെപ്പോലെ കഷ്ടതയനുഭവിക്കുന്നവർക്കു നൽകി നാട്ടിലെ ദാരിദ്ര്യത്തിന് അറുതിവരുത്തിക്കൂടേ?
-കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട
Tags :