സർക്കാർ ജീവനക്കാർക്കുള്ള ഡിഎ (ക്ഷാമബത്ത) അവകാശപ്പെട്ടതല്ല എന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പ്രതിഷേധാർഹമാണ്. ക്ഷാമബത്ത എന്നത് ജീവനക്കാരുടെ ജീവിതച്ചെലവ് ക്രമീകരിക്കുന്നതിനുള്ള ഒരു സുപ്രധാന അവകാശമായാണ് സുപ്രീം കോടതി കണക്കാക്കുന്നത്.
ഇത് സർക്കാരിന്റെ വെറുമൊരു ഔദാര്യമല്ല മറിച്ച്, ശമ്പളത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ ജീവനക്കാർക്കും അതുവഴി പെൻഷൻകാർക്കും ക്ഷാമബത്ത നിഷേധിക്കുന്നത് ഒരു ജനകീയ സർക്കാരിന് ഭൂഷണമല്ല.
എന്നാൽ, സർക്കാർ ശന്പളം നൽകുന്ന മേഖലകളിലെ ക്രീമിലെയർ രംഗത്തുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, ബഹു. കോടതി ജഡ്ജിമാർ തുടങ്ങിയവർക്ക് കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന അതേ നിരക്കിലും കുടിശികപോലും ഇല്ലാതെ രൊക്കം പണമായി ക്ഷാമബത്ത നൽകുന്നുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വിവേചനപരമായി കാണുന്നത് ഒരു തൊഴിലാളിവർഗ സർക്കാർ എന്നവകാശപ്പെടുന്ന ഈ സർക്കാരിൽനിന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരം ഒരു മാറ്റം കഴിഞ്ഞ പ്രകടനപത്രികയിൽപോലും പറഞ്ഞിരുന്നില്ലല്ലോ?
ജീവനക്കാരെയും പെൻഷൻകാരെയും വഞ്ചിച്ച ഈ സത്യവാങ്മൂലം ഇരുട്ടടി തന്നെയാണ്. ഏകദേശം ഇരുപത് ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കുന്ന, ലക്ഷക്കണക്കിന് രൂപ കുടിശിക ഇനത്തിൽ നഷ്ടം വരുത്തുന്ന, ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിഷേധമുള്ള സർക്കാരിന്റെ ഈ നയംമാറ്റം എത്രയും വേഗം തിരുത്തണമെന്നും പുതിയ സത്യവാങ്മൂലം കോടതിയിൽ നൽകണമെന്നും അപേക്ഷിക്കുന്നു. ഇനി ഞങ്ങൾ, പെൻഷൻകാരോടും പെൻഷൻ അവകാശമല്ല എന്ന് സർക്കാർ പറയുമോ ആവോ?
- എ.വി. ജോർജ്, തിരുവല്ല
Tags :