കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ്, 2020 നവംബർ അഞ്ചിനാണ് സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെപ്പറ്റി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ചത്. 2023 മേയ് 17 ന് കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അന്നു മുതൽ റിപ്പോർട്ട് പുറത്തു വിടണമെന്നും ശിപാർശകൾ നടപ്പാക്കണമെന്നും ക്രൈസ്തവസമൂഹം ആവശ്യപ്പെട്ടുവരികയായിരുന്നു.
കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഉടൻ നടപ്പാക്കുമെന്ന് ന്യൂനപക്ഷ മന്ത്രി വി. അബ്ദു റഹ്മാൻ 2023 ഡിസംബർ 27ന് പ്രഖ്യാപിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് നിർദേശങ്ങൾ മന്ത്രിസഭയ്ക്കു സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി 2024 മാർച്ചിൽ അറിയിച്ചു. പിന്നീടുള്ള കാര്യങ്ങളെപ്പറ്റി പൊതുസമൂഹത്തിന് ഒരു വിവരവുമില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ, കമ്മീഷൻ റിപ്പോർട്ടിലെ 284 ശിപാർശകൾ സർക്കാർ പരിഗണിച്ചെന്നും ഇതിൽ 220 ശിപാർശകൾ നടപ്പാക്കിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു! റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടാതെ, 220 ശിപാർശകൾ നടപ്പാക്കിക്കഴിഞ്ഞെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ക്രൈസ്തവ സമൂഹത്തെ ഇരുട്ടത്തു നിർത്തുന്നതാണ്. നടപ്പാക്കിയ ശിപാർശകൾ ഇതുവരെ ആർക്കും അനുഭവവേദ്യമായിട്ടുമില്ല. വിവരാവകാശ നിയമത്തിന്റെ ഇക്കാലത്ത് സർക്കാർ ക്രൈസ്തവരുടെ മുറിവിൽ ഉപ്പ് പുരട്ടുകയാണു ചെയ്യുന്നത്.
അവശേഷിക്കുന്ന ശിപാർശകൾ നടപ്പാക്കാൻ നിയമങ്ങളിലും ചട്ടങ്ങളിലും കോടതിവിധികളിലും മാറ്റം വരുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. നടപ്പാക്കിയവയും നടപ്പാക്കാനുള്ളവയും ഏതെന്ന് അറിയാനുള്ള പ്രാഥമിക അവകാശം പോലും ക്രൈസ്തവർക്കില്ലേ?
കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ബന്ധപ്പെട്ട സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ്. ആർക്കും അനുഭവവേദ്യമാകാത്ത 220 ശിപാർശകൾ നടപ്പാക്കിക്കഴിഞ്ഞിട്ടാണോ മുഖ്യമന്ത്രി യോഗം വിളിക്കുന്നത്? എന്തുകൊണ്ട് നേരത്തേ വിളിച്ചില്ല?
സർക്കാരിന്റെ നടപടികളിൽ വിശ്വാസ്യത ഉണ്ടാകണമെങ്കിൽ ഇനിയെങ്കിലും കമ്മീഷൻ റിപ്പോർട്ടും നടപ്പാക്കിയ ശിപാർശകളും പുറത്തുവിടാൻ തയാറാകണം. ക്രൈസ്തവരെ എക്കാലവും ഇരുട്ടിൽ നിർത്താമെന്ന് ആരും കരുതരുത്.
- സെബാസ്റ്റ്യൻ പാതാമ്പുഴ, തൊടുപുഴ
Tags :