Jeevithavijayam
ഗ്രീക്ക് മിലിട്ടറി ലീഡറും തത്വചിന്തകനും ചരിത്രകാരനുമായിരുന്നു സെനോഫോണ്. ബിസി 431ൽ ജനിച്ച അദ്ദേഹം ബിസി 355നും 354നുമിടയിൽ മരണമടഞ്ഞുവെന്നു കരുതപ്പെടുന്നു. സെനോഫോണ് ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഹെർക്കുലീസിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥയുണ്ട്.
യുവാവായ ഹെർക്കുലീസ് ജീവിതത്തിലെ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. അപ്പോൾ അവന്റെ മുന്നിൽ രണ്ടു യുവസുന്ദരികൾ പ്രത്യക്ഷപ്പെടുന്നു. അവരിലൊരുവൾ സുഖസൗകര്യങ്ങളുടെ പ്രതീകമായ ആനന്ദമായിരുന്നു. മറ്റേ സുന്ദരിയാകട്ടെ ആത്മസംയമനവും ത്യാഗവും സേവനവും പ്രതിനിധീകരിക്കുന്ന ധർമവും.
ആനന്ദം ഹെർക്കുലീസിനോട് ഉടനടി സന്തോഷം നൽകുന്ന ആനന്ദകരമായ ഒരു ജീവിതം വാഗ്ദാനംചെയ്തു. ധർമമാകട്ടെ ആത്മത്യാഗത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ആദരവും ആത്മസംതൃപ്തിയും നൽകുന്ന വഴിയാണ് കാണിച്ചുകൊടുത്തത്. ഹെർക്കുലീസ് കുറേസമയം ആലോചിച്ചു. ഒടുവിൽ അവൻ ധർമത്തിന്റെ പാതയാണു തെരഞ്ഞെടുത്തത്. ആ ഒരു സുപ്രധാന തീരുമാനമാണ് ഹെർക്കുലീസിനെ കായികശക്തിയിൽ മാത്രമല്ല, സ്വഭാവഗുണത്തിലും അതിപ്രശസ്തനായ ഒരു വീരനാക്കി മാറ്റിയത്.
നമ്മെ സംബന്ധിച്ചിടത്തോളം ഈ കഥ ഏറെ അർഥവത്താണ്. ഹെർക്കുലീസിനെപ്പോലെ നാമും ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ എത്താറുണ്ട്. ആ വഴിത്തിരിവുകളിൽ ചിലത് എളുപ്പം വിജയംനൽകുന്ന ആകർഷകമായ കുറുക്കുവഴികളായിരിക്കും. എന്നാൽ മറ്റു ചിലതു കഠിനവും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായിരിക്കും.
എളുപ്പമുള്ളതും ആകർഷകവുമായ വഴികൾ തെരഞ്ഞെടുക്കാനാവും നാം പലപ്പോഴും ചിന്തിക്കുക. എന്നാൽ അവ ഒരിക്കലും നമുക്കു ശരിയായ ആത്മസന്തോഷം നൽകില്ല എന്നതാണു വാസ്തവം. അവ നമുക്കു താത്കാലികമായ ആനന്ദം നൽകുമെന്നതു ശരിയാണ്. തന്മൂലമാണല്ലോ സന്പത്തും പ്രശസ്തിയും പദവിയുമൊക്കെ നൽകുന്ന ആകർഷകമായ വഴികൾ പലരും തെരഞ്ഞെടുക്കുന്നത്.
ഇതിനിടയിൽ നാം ഓർമിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ആകർഷകമായ എല്ലാ വഴികളും നന്മയിലേക്കല്ല നയിക്കുന്നത് എന്ന യാഥാർഥ്യം. അതുകൊണ്ടല്ലേ ദൈവപുത്രനായ യേശു പറഞ്ഞത്, ""നാശത്തിലേക്കു നയിക്കുന്ന വഴി വിശാലമാണ്, ജീവനിലേക്കു നയിക്കുന്ന വഴി ഇടുങ്ങിയതും'' (മത്താ 7:13-14) എന്ന്. ദൈവവചനം പറയുന്നു: ""ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്കു നയിക്കുന്നതാകാം'' (സുഭാ 14: 12).
എളുപ്പമുള്ള വഴിയിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകും. എന്നാൽ ശരിയായ വഴിയിൽ അധികമാരെയും കണ്ടെന്നിരിക്കുകയില്ല. അവിടെ പലപ്പോഴും നമ്മൾ ഏകാന്തപഥികരായിരിക്കും. അതുമാത്രമല്ല നാം തെരഞ്ഞെടുത്തിരിക്കുന്ന ധാർമികതയുടെ പാതയായിരിക്കുന്നതുകൊണ്ട് അവിടെ ഏറെ ത്യാഗവും ക്ലേശവുമൊക്കെയുണ്ടാകും. എന്നാൽ അതേക്കുറിച്ച് നാം ഖിന്നരാകേണ്ടതില്ല. കാരണം ധാർമികതയുടെ പാതയാണ് നമ്മുടെ ജീവിതത്തിൽ യഥാർഥ ആനന്ദവും ആത്മസംതൃപ്തിയും നൽകുന്നത്.
യുദ്ധവും സമാധാനവും ഉൾപ്പെടെ നിരവധി പ്രശസ്ത കൃതികളുടെ കർത്താവാണ് റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് (1828-1910). സന്പന്നകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ലൗകികമായ രീതിയിൽ ഒന്നിന്റെയും കുറവില്ലായിരുന്നു. എന്നാൽ സന്പത്തും പ്രശസ്തിയും ലൗകികജീവിതസുഖങ്ങളുമൊന്നും അദ്ദേഹത്തിന് യഥാർഥസന്തോഷം നൽകിയില്ല. ജീവിതം ശൂന്യമായി അനുഭവപ്പെട്ടു.
തന്മൂലം അദ്ദേഹം ചെയ്തതെന്താണെന്നോ. അദ്ദേഹത്തിന് അവകാശപ്പെട്ട പിതൃസ്വത്തുക്കൾ അദ്ദേഹം വേണ്ടെന്നുവച്ചു. വിലയേറിയ വസ്തുക്കൾ ഉപേക്ഷിച്ച് അദ്ദേഹം സാധാരണക്കാരെപ്പോലെ വസ്ത്രംധരിച്ചു. മദ്യപാനവും പുകവലിയും പാടേ നിർത്തലാക്കി. തന്റെ സ്വത്തുക്കളിൽ നല്ലൊരു ഭാഗം പാവപ്പെട്ടവരുമായി പങ്കുവച്ചു.
ഇപ്രകാരം ചെയ്തതുവഴി അദ്ദേഹം തന്റെ ജീവിതത്തിൽ ശരിയായ ഒരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം ഒരിക്കൽ എഴുതി: ""ജീവിതത്തിന്റെ കൃത്യമായ ലക്ഷ്യം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഒരുകാര്യം ശരിയായ ദിശയിലേക്ക് അടുത്ത കാൽവയ്പ്പു വയ്ക്കുക എന്നതാണ്. ഇതു മാത്രമേ നിങ്ങളുടെ നിയന്ത്രണത്തിലുള്ളൂ.''
ടോൾസ്റ്റോയ് ചെയ്തത് ഇതാണ്. ലൗകികസുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള പ്രയാണം ഉപേക്ഷിച്ച് ജീവിതത്തിന് ആത്മസംതൃപ്തിയും സമാധാനവും സന്തോഷവും നൽകുന്ന വഴി അദ്ദേഹം തെരഞ്ഞെടുത്തു. എന്നാൽ അത് അത്ര എളുപ്പമുള്ള വഴിയായിരുന്നില്ല. ആ വഴിയിലൂടെയുള്ള യാത്ര ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും ആ വഴി ധാർമികതയുടെ ശരിയായ വഴിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ധന്യമായി.
അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് (1874-1963) തന്റെ ഒരു കവിതയിൽ ഇപ്രകാരം എഴുതി: ""വനത്തിനുള്ളിൽ രണ്ടു വഴികൾ ഞാൻ കണ്ടു. അവയിൽ കുറച്ച് ആളുകൾ മാത്രം പോയ വഴിയാണ് ഞാൻ തെരഞ്ഞെടുത്തത്. അതാണ് ജീവിതത്തിൽ ഏറെ മാറ്റം വരുത്തിയതും.''
കുറച്ച് ആളുകൾ മാത്രം പോകുന്ന വഴി. ആ വഴിയാണ് ഹെർക്കുലീസ് തെരഞ്ഞെടുത്തത്. ആ വഴിതന്നെയാണ് ടോൾസ്റ്റോയിയും തെരഞ്ഞെടുത്തത്. നമുക്കും ആ വഴിയേ പോകാം. ആ വഴി വിശ്വാസത്തിന്റെ വഴിയാണ്. സത്യസന്ധതയുടെ വഴിയാണ്. ധൈര്യത്തിന്റെ വഴിയാണ്. സ്നേഹത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും, ഇവയും ഇവയിലധികവും ഉൾക്കൊള്ളുന്ന ധാർമികതയുടെയും വഴിയാണ്.
Jeevithavijayam
ശാസ്ത്രജ്ഞൻ, പര്യവേക്ഷകൻ, നയതന്ത്രജ്ഞൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഫ്രിഡ്ജഫ് നാൻസൻ (1861-1930). നോർവേയിൽ ജനിച്ചുവളർന്ന അദ്ദേഹം സയൻസിൽ ഡോക്ടർ ബിരുദം നേടിയശേഷം ഏറെക്കാലം സമുദ്രവിജ്ഞാന മേഖലയിൽ പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത് 1921ലെ റഷ്യൻ ക്ഷാമകാലത്തായിരുന്നു.
മുപ്പതുലക്ഷത്തിലേറെ ആളുകളുടെ മരണത്തിനു വഴിതെളിച്ച 1921-22ലെ ഈ ക്ഷാമകാലഘട്ടത്തിൽ ലീഗ് ഓഫ് നേഷൻസിന്റെ അഭയാർഥി കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു നാൻസൻ. റഷ്യയിൽ സഹായമെത്തിക്കുന്നതിന് പല രാജ്യങ്ങളും മടിച്ചുനിന്നപ്പോൾ നാൻസനാണ് ലീഗ് ഓഫ് നേഷൻസിന്റെ ആഭിമുഖ്യത്തിൽ സഹായമെത്തിക്കുന്നതിന് നേതൃത്വംകൊടുത്തത്.
അദ്ദേഹത്തിന്റെ പരിശ്രമഫലമായി പ്രധാനമായും അമേരിക്കയുടെ സഹായമെത്തിക്കാൻ സാധിച്ചതുകൊണ്ട് അന്ന് എഴുപതുലക്ഷം ആളുകൾ മരണത്തിൽനിന്ന് രക്ഷപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈ സേവനത്തിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന് 1922ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയത്.
എന്നാൽ പ്രശസ്തിക്കും പ്രതിഫലത്തിനും വേണ്ടിയായിരുന്നില്ല നാൻസൻ പ്രവർത്തിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ഏതുവിധേനയും സഹായമെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും. ഇതു വ്യക്തമാക്കുന്ന ഒരു സംഭവം ചരിത്രത്താളുകളിൽനിന്ന് ഇവിടെ കുറിക്കട്ടെ. ഒരുദിവസം റഷ്യയിലെ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.
പട്ടിണിമൂലം തളർന്നവശനായ ഒരു ബാലൻ വഴിയരികിൽ കിടക്കുകയായിരുന്നു. അവനു സഹായമെത്തിക്കുന്നതിന് മറ്റുള്ളവരോടു നിർദേശിക്കുന്നതിനു പകരം അദ്ദേഹംതന്നെ ആ ബാലനെ തോളിലേറ്റി ഏറെദൂരം നടന്ന് ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിച്ചു ശുശ്രൂഷിക്കുകയാണ് ചെയ്തത്.
ഈ കാരുണ്യപ്രവൃത്തിയെക്കുറിച്ച് പിന്നീട് സംസാരിക്കേണ്ടിവന്നപ്പോൾ അദ്ദേഹം പറഞ്ഞു: ""ജീവിതത്തിന്റെ ഏക അർഥം മറ്റുള്ളവരുടെ ദുഃഖം കുറയ്ക്കുക എന്നതാണ്.'' ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വിജയം കൈവരിച്ചിട്ടുള്ള അദ്ദേഹം തന്റെ ജീവിതത്തിന്റെ അർഥം കണ്ടെത്തിയത് മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റുന്നതിലൂടെയായിരുന്നു.
യഥാർഥ സ്നേഹം എന്താണെന്നു ദൈവവചനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ""സ്നേഹം ക്ഷമയുള്ളതാണ്, കരുണയുള്ളതാണ്'' (1 കോറി 13: 4). കരുണ എന്നു പറയുന്നത് സ്നേഹം പ്രവൃത്തിയായി മാറുന്നതാണെന്നു സാരം. നാൻസന്റെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയായിരുന്നു. ദുഃഖദുരിതങ്ങൾ അനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് കാരുണ്യപ്രവൃത്തികളായി പുറത്തുവന്നത്.
ഇനി, പ്രസിദ്ധ ജർമൻ സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിഗ് ബീഥോവനെക്കുറിച്ചുള്ള ഒരു കഥ കുറിക്കട്ടെ. അദ്ദേഹം വിയന്നയിൽ താമസിക്കുന്പോൾ അയൽപക്കത്തുള്ള ദരിദ്രമായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടു. ആ കുടുംബത്തിലെ പെണ്കുട്ടിക്ക് സംഗീതം പഠിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതു മനസിലാക്കിയ അദ്ദേഹം ഒരുദിവസം ആ കുട്ടിയെ സംഗീതം പഠിപ്പിക്കാൻ അവിടെയെത്തി. അപ്പോഴാണ് അവൾക്കു കാഴ്ചയില്ലെന്ന് അദ്ദേഹം മനസിലാക്കിയത്.
ബീഥോവൻ അവിടെയുണ്ടായിരുന്ന പിയാനോയിൽ ആദ്യം ലളിതഗാനങ്ങൾ വായിച്ചു. പിന്നെ അവൾ ആവശ്യപ്പെട്ട ഗാനങ്ങളും അദ്ദേഹം വായിച്ചു. അന്ന് സന്ധ്യാസമയത്തു നടന്ന ആ പിയാനോ വായനയാണ് പിൽക്കാലത്ത് ബീഥോവൻ രചിച്ച "മൂണ്ലൈറ്റ് സൊണാറ്റ' എന്ന കൃതിയുടെ ഭാവത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതു യഥാർഥ സംഭവമല്ലെന്നു വാദിക്കുന്നവരുമുണ്ട്.
യാഥാർഥ്യം എന്തുതന്നെയായാലും മറ്റുള്ളവരോടു കരുണ കാണിക്കുന്നതിൽ ബീഥോവൻ ശ്രദ്ധിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന തരത്തിലാണ് ഈ കഥ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു കഥകൂടി ഇവിടെ കുറിക്കട്ടെ.
അത് ജോണ് 23-ാമൻ മാർപാപ്പയെക്കുറിച്ചാണ്. 1958ലെ ക്രിസ്മസിന്റെ പിറ്റേദിവസം മാർപാപ്പ റോമിലെ റെജീന ചേളി എന്ന ജയിൽ സന്ദർശിക്കാനെത്തി. അവിടെയുണ്ടായിരുന്ന തടവുകാരോട് അദ്ദേഹം പറഞ്ഞു: ""എന്നെ കാണാൻ വരാൻ നിങ്ങൾക്കു സാധിക്കില്ല. അതുകൊണ്ട് നിങ്ങളെ കാണാൻ ഞാൻ വന്നിരിക്കുകയാണ്.''
ഇതു കേൾക്കാനിടയായി ഒരു തടവുകാരൻ പിന്നീടു പറഞ്ഞു: ""ദൈവം ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോൾ എനിക്കു മനസിലായി.''
ജോണ് 23-ാമൻ മാർപാപ്പയുടെ ഈ കാരുണ്യപ്രവൃത്തി എത്രയോ തടവുകാരെ സ്പർശിച്ചിട്ടുണ്ടായിരിക്കണം. അദ്ദേഹത്തിന്റെ സാന്നിധ്യവും സ്നേഹം തുളുന്പുന്ന വാക്കുകളും ആ തടവുകാർക്കു നവജീവൻ നൽകിയിട്ടുണ്ടാകുമെന്നു തീർച്ച.
നമ്മുടെ കാരുണ്യപ്രവൃത്തികൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാകുമെന്നതിൽ സംശയംവേണ്ട. അതുകൊണ്ടല്ലേ, ""പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ'' എന്ന് ദൈവവചനം അനുസ്മരിപ്പിക്കുന്നത് (എഫേ 4:32).
ആംഗലേയകവിയായ വേഡ്സ്വർത്ത് എഴുതി: ""ഒരു നല്ല മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അയാളുടെ കാരുണ്യപ്രവൃത്തികളാണ്.'' ഈ കാരുണ്യപ്രവൃത്തികൾ ലോകം ശ്രദ്ധിക്കാതെ പോകുമായിരിക്കും.
എന്നാൽ ദൈവം ശ്രദ്ധിക്കുകതന്നെചെയ്യും. കാരണം, ""ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്'' (മത്താ 25:40) എന്നല്ലേ ദൈവംതന്നെയായ യേശു പറഞ്ഞിരിക്കുന്നത്!
Jeevithavijayam
1933 ജനുവരി 30നാണ് അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി നിയമിതനായത്. പിറ്റേവർഷം ഓഗസ്റ്റിൽ ജർമൻ പ്രസിഡന്റ് പോൾ ഹിൻഡൻബർഗ് നിര്യാതനായപ്പോൾ ഹിറ്റ്ലർ ആ സ്ഥാനംകൂടി ഏറ്റെടുത്തു ജർമനിയുടെ പരമാധികാരിയായി. അതോടുകൂടി യൂറോപ്പ് മുഴുവൻ കീഴടക്കാനുള്ള പദ്ധതിയുമായി നാസി പാർട്ടിയുടെ നേതാവായ ഹിറ്റ്ലർ മുന്നോട്ടുപോയി. അതിന്റെ ആദ്യപടിയായിട്ടാണ് 1938ൽ ഓസ്ട്രിയയെ പിടിച്ചെടുത്ത് ജർമനിയുടെ ഭാഗമായി മാറ്റിയത്.
ഓസ്ട്രിയ അക്കാലത്ത് ഏറെ സാന്പത്തികബുദ്ധിമുട്ടിലായിരുന്നു. ജർമനിയാകട്ടെ സാന്പത്തികമായി കുതിച്ചുയരുകയുമായിരുന്നു. തന്മൂലം പ്രധാനമായും സാന്പത്തിക ഉന്നതി ലക്ഷ്യംവച്ച് ഓസ്ട്രിയയിലെ ആളുകൾ ജർമനിയുടെ അധിനിവേശം സ്വാഗതംചെയ്തു. ഹിറ്റ്ലറുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് അന്നു പൊതുജനങ്ങളിൽ ഏറിയപങ്കും അജ്ഞരായിരുന്നു. എന്നാൽ, ഹിറ്റ്ലറുടെയും നാസികളുടെയും പോക്ക് തെറ്റായ വഴിയിലൂടെയാണെന്നു ബോധ്യമുള്ളവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരിൽ പലരും നിശബ്ദത പാലിച്ചുവെന്നുമാത്രം.
ഹിറ്റ്ലറുടെ ആശയങ്ങളെ എതിർക്കുകയും നാസികളുടെ തത്വസംഹിതയെ തള്ളിപ്പറയുകയും ചെയ്തവർ അന്നു വളരെ കുറവായിരുന്നു. അവരിലൊരാളാണ് ഇന്നു പ്രസിദ്ധനായിക്കൊണ്ടിരിക്കുന്ന ഫ്രാൻസ് ജാഗർസ്റ്റാറ്റർ (1907-1943). മൂന്നു പെണ്കുട്ടികളുടെ പിതാവായ ഒരു ഗ്രാമീണ കർഷകനായിരുന്നു അദ്ദേഹം. ഓസ്ട്രിയയിലെ ഒബർഗ്രില്ലിംഗ് എന്ന ഗ്രാമത്തിൽ ശാന്തമായ ഒരു ജീവിതമാണ് ജാഗർസ്റ്റാറ്റർ സ്വപ്നംകണ്ടത്. എന്നാൽ ജർമനി ഓസ്ട്രിയ കീഴടക്കിയതോടുകൂടി അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു. എല്ലാ പുരുഷന്മാരും സൈന്യത്തിൽ ചേർന്നു യുദ്ധത്തിനു സജ്ജരാകണമെന്നു ഹിറ്റ്ലർ ശഠിച്ചു.
ജാഗർസ്റ്റാറ്ററിനു സ്വീകാര്യമല്ലായിരുന്നു ഈ നിർദേശം. ഹിറ്റ്ലറുടെ വഴി അനീതിയും അക്രമവും നിറഞ്ഞതാണെന്നും തന്റെ മനസ്സാക്ഷിയനുസരിച്ച് തനിക്കതിനു കൂട്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ ഗ്രാമവാസികളിൽ ചിലർ പറഞ്ഞു: "ഹിറ്റ്ലർ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനു കുടുംബത്തിന്റെ ഭാവി നീ നശിപ്പിക്കുന്നു.' ഉടനെ ജാഗർസ്റ്റാറ്റർ പറഞ്ഞു: "തെറ്റാണെന്ന് എനിക്കു പൂർണബോധ്യമുള്ള കാര്യമാണിത്. എന്റെ ജീവനു ഭീഷണിയായാൽപ്പോലും ഞാൻ ഹിറ്റ്ലറെ അനുസരിക്കുകയില്ല.
സൈന്യസേവനത്തിനു വിസമ്മതിച്ചതിനെത്തുടർന്ന്, 1943 മാർച്ച് ഒന്നിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. തടവിൽ കഴിയുന്പോൾ അദ്ദേഹം ഭാര്യയ്ക്ക് എഴുതി: "അനീതി ചെയ്യുന്നതിനേക്കാൾ അതു സഹിക്കുന്നതാണ് ഏറെ ഉത്തമം.' മറ്റൊരവസരത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: "നാം ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും അന്ധകാരത്തിൽ ഓരോ ചെറിയ വിളക്കായി പ്രശോഭിക്കും.'
തന്റെ മനസ്സാക്ഷിയുടെ പ്രചോദനത്തിനു വിരുദ്ധമായി ഹിറ്റ്ലറുടെ സൈന്യത്തിൽ ചേർന്നു യഹൂദരെ കൂട്ടക്കൊല ചെയ്യുന്നതിന് ജാഗർസ്റ്റാറ്റർ തയാറായില്ല. തന്മൂലം 1943 ഓഗസ്റ്റ് ഒന്പതിന് നാസികൾ അദ്ദേഹത്തെ വധിച്ചു. അന്ന് അതു വലിയ വാർത്തയായില്ല. കുടുംബാംഗങ്ങൾ ഒഴികെ അധികമാരും കണ്ണീരൊഴുക്കാനുമുണ്ടായില്ല. എന്നാൽ ചരിത്രം അദ്ദേഹത്തെ മറന്നില്ല.
എന്നുമാത്രമല്ല, മനസ്സാക്ഷിയെപ്രതി രക്തസാക്ഷിയായ അദ്ദേഹത്തെ കത്തോലിക്കാ സഭ ആദരിച്ചു. ദീർഘനാൾ നീണ്ടുനിന്ന നാമകരണ നടപടികൾക്കുശേഷം 2007 ഒക്ടോബർ 26ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്പതിനാണ് അദ്ദേഹത്തിന്റെ തിരുനാൾദിനമായി ആഘോഷിക്കുന്നത്.
ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻറി എട്ടാമന്റെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ ഉപദേശകനും ചാൻസിലറുമായിരുന്നു തോമസ് മൂർ (1478- 1535). എന്നാൽ ആദ്യഭാര്യയെ ഉപേക്ഷിച്ച് ആനി ബോളിൻ എന്ന യുവതിയെ വിവാഹം കഴിക്കാൻവേണ്ടി ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയെ പിളർത്തി ആംഗ്ലിക്കൻ സഭ ഹെൻറി എട്ടാമൻ സ്ഥാപിച്ചപ്പോൾ അത് അംഗീകരിക്കാൻ തോമസ് മൂറിന് സാധിക്കുമായിരുന്നില്ല.
ദൈവത്തിന്റെ സ്വരം തന്റെ മനസ്സാക്ഷിയിൽ കേട്ട അദ്ദേഹം രാജാവിന്റെ ഇംഗിതത്തിനു വഴങ്ങിയില്ല. അത് അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേക്കു നയിച്ചു. തന്റെ മരണത്തിനു മുന്പായി അദ്ദേഹം പറഞ്ഞു: "ഞാൻ രാജാവിന്റെ വിശ്വസ്ത സേവകനാണ്. എന്നാൽ അതിനു മുന്പായി ദൈവത്തിന്റേതും.'
ജാഗർസ്റ്റാറ്ററുടെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. രാജ്യസേവനത്തിന് അദ്ദേഹം എതിരല്ലായിരുന്നു. എന്നാൽ സൈന്യത്തിൽ ചേർന്ന് നാസിപ്പട ചെയ്തിരുന്ന കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്ന കാര്യം അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധ്യമല്ലായിരുന്നു. കാരണം തന്റെ മനസ്സാക്ഷിയിലൂടെ ദൈവത്തിന്റെ സ്വരം അദ്ദേഹം കേട്ടു. ആ സ്വരമാകട്ടെ സത്യത്തിലും നന്മയിലും നീതിയിലും സ്നേഹത്തിലും കാരുണ്യത്തിലുമൊക്കെ അധിഷ്ഠിതമായ സ്വരമായിരുന്നു.
മനസ്സാക്ഷിയിൽ നാം കേൾക്കുന്ന സ്വരം എപ്പോഴും ശരിയായിരിക്കണമെന്നില്ല. കാരണം, വികാരങ്ങളും സ്വാർഥചിന്തകളും അമിതമോഹങ്ങളുമൊക്കെ നമ്മുടെ മനസ്സാക്ഷിയെ തെറ്റായരീതിയിൽ സ്വാധീനിക്കാനിടയുണ്ട്. അതുകൊണ്ട് നമ്മുടെ മനസ്സാക്ഷി രൂപപ്പെടുത്തേണ്ടത് സത്യത്തിലും നീതിയിലും സ്നേഹത്തിലുമൊക്കെയായിരിക്കണം. അതിനു നമ്മെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ദൈവത്തിന്റെ വചനമാണ്.
ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാനും ക്ഷമിക്കാനും നീതിക്കുവേണ്ടി പോരാടാനും സഹിക്കാനും സത്യസന്ധതയോടെ പ്രവർത്തിക്കാനും വിനയാന്വിതരായി ജീവിക്കാനുമൊക്കെയാണ്. മനസ്സാക്ഷിയിൽ നാം കേൾക്കുന്നതു ദൈവസ്വരമാണെങ്കിൽ ആ സ്വരത്തിൽ സ്വാർഥതയോ വഞ്ചനയോ കാപട്യമോ വിദ്വേഷമോ തിന്മയായിട്ടുള്ള ഏതെങ്കിലും കാര്യമോ ഉണ്ടാകില്ല. അതായത്, ശരിയായ മനസ്സാക്ഷിയുടെ സ്വരം ദൈവസ്വരംതന്നെ ആയിരിക്കുമെന്നു വ്യക്തം. മാത്രമല്ല, അങ്ങനെയുള്ള ഒരു മനസ്സാക്ഷി പ്രാർഥനയിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമായിരിക്കും.
വാഴ്ത്തപ്പെട്ടവനായ ജാഗർസ്റ്റാറ്ററിന്റെയും വിശുദ്ധ തോമസ് മൂറിന്റെയുമൊക്കെ മനസ്സാക്ഷി ഇത്തരത്തിലുള്ളതായിരുന്നു. നമ്മുടെ മനസ്സാക്ഷിയും ഇവരുടേതിനു തുല്യമാണെന്ന് ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ മനസ്സാക്ഷിയുടെ സ്വരം ദൈവത്തിന്റെ സ്വരംതന്നെയായിരിക്കുമെന്നതിൽ സംശയംവേണ്ട.
Jeevithavijayam
2026 എന്ന പുതിയ വർഷത്തിലേക്ക് നാം പ്രവേശിക്കാൻ പോവുകയാണ്. അതിനുമുമ്പ്, കഴിഞ്ഞ വർഷത്തിലെ അനുഗ്രങ്ങളെക്കുറിച്ച് ദൈവത്തിനു നന്ദിപറയാൻ മറന്നുപോകേണ്ട. കഴിഞ്ഞവർഷത്തെ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാനും നാം മറന്നുപോകരുത്.
ആ അനുഭവങ്ങളിൽ പലതും സന്തോഷകരവും മറ്റുള്ളവ ദുഃഖകരവുമാകാം. ദുഃഖകരമായവയിൽ ചിലത് നമ്മുടെ ബലഹീനതകൾമൂലം സംഭവിച്ചവയുമാകാം. അങ്ങനെയെങ്കിൽ നാം അവയെക്കുറിച്ച് ദൈവത്തോട് മാപ്പപേക്ഷിക്കുകയും വേണം. എങ്കിൽ മാത്രമേ ദൈവാനുഗ്രഹത്തോടെ സന്തോഷകരമായി പുതിയവർഷം നമുക്കു തുങ്ങാൻ സാധിക്കൂ.
ഓരോ പുതിയ വർഷവും നമ്മുടെ ജീവിതം പുതിയതായി തുടങ്ങാനുള്ള അവസരമാണ്. അതിനു വലിയ പ്ലാനും പദ്ധതിയും എപ്പോഴും ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ല. എന്നാൽ ജീവിതം എല്ലാ രീതിയിലും മെച്ചപ്പെടുത്താൻവേണ്ടി ഉറച്ച തീരുമാനങ്ങളും ധീരമായ ചുവടുവയ്പ്പുകളും ഉണ്ടാകണം. എങ്കിൽ മാത്രമേ പലപ്പോഴും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന ലോകത്തിൽ നമുക്കു വിജയംവരിക്കാനാകൂ.
അടുത്തകാലത്ത് അമേരിക്കൻ ടെലിവിഷനിലും പത്രങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട വാൾട്ടർ കാർ എന്ന ചെറുപ്പക്കാരന്റെ കഥ ഇവിടെ കുറിക്കട്ടെ. അലബാമ സംസ്ഥാനത്തെ ഹോംവുഡ് സ്വദേശിയാണു വാൾട്ടർ. കോളജ് വിദ്യാർഥിയായ ഈ യുവാവ് പാർട്ട് ടൈം ജോലിചെയ്താണ് തന്റെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒരു ജോലിക്ക് ഓഫർ ലഭിച്ചത് താമസസ്ഥലത്തുനിന്ന് മുപ്പത്തിരണ്ടു കിലോമീറ്റർ അകലെയുള്ള പെൽഹാം എന്ന സ്ഥലത്തായിരുന്നു.
പഴയൊരു കാറായിരുന്നു വാൾട്ടറിന്റേത്. ജോലിക്കു പോകേണ്ട തലേദിവസം രാത്രിയായപ്പോൾ അതു സ്റ്റാർട്ടാക്കാൻ സാധിക്കാതെവന്നു. കൈയിൽ പണമില്ലാത്തതുകൊണ്ട് കാർ നന്നാക്കിയെടുക്കാനോ ടാക്സി വിളിച്ച് ജോലിക്കു പോകാനോ പറ്റാത്ത സാഹചര്യമായിരുന്നു. തന്നെ ജോലിസ്ഥലത്തെത്തിക്കാൻ വാൾട്ടരിന് ആരുടെയും സഹായവും ലഭിച്ചില്ല.
ജോലിക്കു ഹാജരാകാതിരിക്കാൻ ഇതൊരു ന്യായീകരണമാക്കാമായിരുന്നു. പക്ഷേ വാൾട്ടറിന്റെ തീരുമാനം മറിച്ചായിരുന്നു. അയാൾ ജോലിക്കു ഹാജരാകാൻതന്നെ തീരുമാനിച്ചു. അതിന് ഒരുക്കമായി ഭക്ഷണംകഴിച്ചശേഷം നാലു മണിക്കൂർ ഉറങ്ങി. പിന്നീട് അവൻ ജോലിസ്ഥലത്തേക്കു നടന്നു.
നമ്മുടെ നാട്ടിലേതുപോലെ ബസ് സൗകര്യവും മറ്റുമുള്ള സ്ഥലമല്ല അലബാമയിലെ ഉൾപ്രദേശങ്ങൾ. യാത്രയ്ക്കിടയിൽ വാൾട്ടർ തളർന്നവശനായി വിശ്രമിക്കുന്പോൾ ഒരു പോലീസുകാരൻ അവന്റെ സഹായത്തിനെത്തി. വേറെ രണ്ടു പോലീസുകാരും ഒപ്പംചേർന്ന് അവനു ഭക്ഷണം വാങ്ങിക്കൊടുത്തു. അതു മാത്രമല്ല അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഒരു പോലീസുകാരൻ സഹായിക്കുകയും ചെയ്തു.
വാൾട്ടർ ജോലിക്കെത്തിയ സ്ഥലം ഒരു വീടായിരുന്നു. അവിടെനിന്ന് വീട്ടുപകരണങ്ങൾ മറ്റൊരു സ്ഥലത്തേക്കു മാറ്റുന്ന ജോലിയായിരുന്നു ബെൽഹോപ്സ് മൂവിംഗ് കന്പനിയുടെ പേരിൽ മറ്റു ജോലിക്കാരോടൊപ്പം അവൻ ചെയ്യേണ്ടിയിരുന്നത്. രാവിലെ എട്ടുമണിക്കാണ് ജോലി തുടങ്ങേണ്ടിയിരുന്നത്.
എന്നാൽ രാവിലെ ആറരയ്ക്ക് വാൾട്ടർ അവിടെ എത്തിയിരുന്നു. എട്ടുമണിവരെ ആ വീട്ടിലെ വിശ്രമമുറിയിൽ ഉറങ്ങി ക്ഷീണം തീർക്കാൻ വീട്ടുടമയായ ജനി ലാമി പറഞ്ഞിട്ടും അതിനു തയാറാകാതെ അവൻ ഉടനെത്തന്നെ തന്റെ ജോലി തുടങ്ങുകയാണ് ചെയ്തത്.
കിട്ടിയ ജോലി നഷ്ടപ്പെടുത്താതിരിക്കാൻ കാൽനടയായി യാത്രചെയ്ത വാൾട്ടറിന്റെ കഥ ജനി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. എന്നുമാത്രമല്ല കോളജ് പഠനത്തിന് വാൾട്ടറെ സഹായിക്കാനായി ജനി ഒരു ഫണ്ട് സമാഹരണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടയിൽ വാൾട്ടറിനെക്കുറിച്ച് കേൾക്കാനിടയായ മൂവിംഗ് കന്പനിയുടെ ചെയർമാൻ ലൂക്ക് മാർക്ക്ലിൻ അവനെ കാണാനെത്തി സ്വന്തം കാർ സമ്മാനമായി നൽകി. വാൾട്ടറിന്റെ കഥ കേട്ടവർ അവനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിൽ സഹായിച്ചു. അങ്ങനെ വാൾട്ടറിന് ഒരു ലക്ഷത്തോളം ഡോളർ ലഭിച്ചു.
എന്നാൽ ആ തുക മുഴുവനും വാൾട്ടർ എടുത്തില്ല. അതിൽനിന്ന് 25,000 ഡോളർ ബർമിംഗ് എഡ്യൂക്കേഷൻ ഫൗണ്ടേഷന് സംഭാവനചെയ്തു. ആ ഫൗണ്ടേഷനാകട്ടെ ആ തുക ഉപയോഗിച്ച് വാൾട്ടറിന്റെ പേരിൽ ഒരു സ്കോളർഷിപ് ആരംഭിച്ചു. വാൾട്ടർ ഇന്നു പലർക്കും ഒരു റോൾ മോഡലായി മാറിയിരിക്കുകയാണ്.
2005ലെ കത്രീന എന്ന കൊടുങ്കാറ്റിൽ വാൾട്ടറിന് വീടു നഷ്ടപ്പെട്ടിരുന്നു. അന്ന് അഞ്ചുവയസുകാരനായിരുന്ന വാൾട്ടർ പിതാവില്ലാതെ അമ്മയോടൊപ്പം കഷ്ടപ്പെട്ടാണ് വളർന്നത്. കറുത്ത വംശജനായ വാൾട്ടർ കോളജ് പഠനത്തിനുശേഷം സൈനികസേവനമാണ് ലക്ഷ്യംവയ്ക്കുന്നത്.
32 കിലോമീറ്റർ നടന്ന് ജോലിക്കുപോകാൻ തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ വാൾട്ടർ പറഞ്ഞു: ""എന്നെ തോല്പിക്കാൻ എനിക്കു മനസില്ലായിരുന്നു.''
പ്രതികൂലസാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മിൽ പലരും "എനിക്കു മടുത്തു, എനിക്കു മതിയായി' എന്നുപറഞ്ഞ് ജീവിതത്തിൽനിന്നു പിൻവാങ്ങുകയാണു പതിവ്. നമ്മിൽ ചിലരെങ്കിലും ചിലപ്പോൾ ഒരു പരാജയകാരണം കാണുവാൻ കാത്തിരുന്നുവെന്നും വരാം. അതു കിട്ടുന്പോൾ അവർക്കു സമാധാനമായി.
എന്നാൽ പ്രതികൂലസാഹചര്യങ്ങൾ വാൾട്ടറിനെ തളർത്തിയില്ല. അവൻ അവയെ സധൈര്യം നേരിടുകതന്നെചെയ്തു. അന്ധയും ബധിരയും മൂകയുമായിരുന്ന ലോകപ്രസിദ്ധ പ്രചോദനാത്മക ഗ്രന്ഥകാരി ഹെലൻ കെല്ലർ എഴുതി: ""സുഖത്തിലും നിശബ്ദതയിലും സ്വഭാവം മെച്ചപ്പെടുന്നില്ല. പരീക്ഷണങ്ങളും വേദനകളും വഴിയാണ് ഒരാളുടെ ആത്മാവ് ശക്തമാകുന്നത്.'' വാൾട്ടറിന്റെ ജീവിതം ഈ സത്യമാണ് തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ അവനെ തളർത്തിയില്ല. അവ അവനെ മെച്ചപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായി രൂപപ്പെടുത്തി.
പരാജയത്തിന് ഒരു നായീകരണം കണ്ടെത്താനല്ല വാൾട്ടർ ശ്രമിച്ചത്. അതിനുപകരം ഇരുട്ടിലൂടെ പ്രതീക്ഷ നഷ്ടപ്പെടാത്തവനായി നടക്കുകയാണു ചെയ്തത്.
ദൈവവചനം പറയുന്നു: ""നിന്റെ പ്രവൃത്തികൾ കർത്താവിനു സമർപ്പിക്കുക. അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും'' (സുഭാഷിതങ്ങൾ 16: 3). നമ്മുടെ പ്രവൃത്തികൾ നാം ദൈവത്തിനു സമർപ്പിക്കുന്പോൾ തടസങ്ങൾ വേഗം ഇല്ലാതാകണമെന്നില്ല.
എന്നാൽ ആ തടസങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള ശക്തി ദൈവം അപ്പോൾ നമുക്കു നൽകും. ആ ശക്തിയാണ് വാൾട്ടറിനെപ്പോലെ രാത്രിയിലും നടന്നു ലക്ഷ്യത്തിലെത്താൻ നമ്മെ സഹായിക്കുന്നത്.
പുതിയൊരു വർഷത്തിലേക്കു നാം കടക്കുമ്പോൾ പരാജയങ്ങൾക്കുള്ള ന്യായീകരണങ്ങൾ നമുക്കു മാറ്റിവയ്ക്കാം. അനുകൂലമായ അവസരങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ ഉത്തരവാദിത്തങ്ങളോട് വിശ്വസ്തതയുള്ളവരായി നമുക്കു മുന്നോട്ടുപോകാം.
അപ്പോൾ നമ്മുടെ യാത്ര ഇരുട്ടിലൂടെയാണെങ്കിലും ഓരോ ചുവടും വിജയത്തിലേക്കുള്ളതുതന്നെ എന്നതിൽ സംശയംവേണ്ട.
എല്ലാവർക്കും നവവത്സരാശംസകൾ!
Jeevithavijayam
വിശ്വസാഹിത്യത്തിലെ അജയ്യനായൊരു കൊടുമുടിയാണ് വില്യം ഷേക്സ്പിയർ (1564-1616). ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം 37 നാടകങ്ങൾ, 154 സോണറ്റുകൾ എന്നിവ കൂടാതെ ഒട്ടേറെ ദീർഘ കവിതകളും രചിച്ചിട്ടുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളെ അനാവരണംചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. സ്നേഹം, അസൂയ, അതിമോഹം, വഞ്ചന, പ്രത്യാശ, ക്ഷമ എന്നിവയൊക്കെ തന്റെ കൃതികളിൽ അതിമനോഹരമായി അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്.
ഷേക്സ്പിയറിന്റെ രചനകളിൽ ദൈവകാരുണ്യത്തെക്കുറിച്ചുള്ള അനശ്വരമായ ഒരു ദർശനം അവതരിപ്പിക്കുന്ന നാടകമാണ് "ദ മെർച്ചന്റ് ഓഫ് വെനീസ്'. പരസ്പര ബന്ധിതമായ രണ്ടു കഥാധാരകളാണ് ഈ നാടകത്തിലുള്ളത്. ആദ്യ കഥാധാര വെനീസിലെ വ്യാപാരിയായ അന്റോണിയോ, അയാളുടെ ആത്മമിത്രമായ ബസാനിയോ എന്നിവരെ സംബന്ധിക്കുന്നതാണ്. പണക്കാരന്റെ മകളും വിദ്യാസന്പന്നയുമായ പോർഷ്യയെ ചുറ്റിപ്പറ്റിയുള്ളതാണ് രണ്ടാമത്തേത്.
പോർഷ്യയെ വിവാഹം ചെയ്യാൻ ബസാനിയോ ആഗ്രഹിക്കുന്നു. എന്നാൽ, പണമില്ലാതെ ആ യുവതിയെ സ്വാധീനിക്കാനാവില്ല. ബസാനിയോയുടെ കൈയിൽ പണമില്ലതാനും. യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി അയാൾ അന്റോണിയോയോട് മൂവായിരം സ്വർണനാണയങ്ങൾ ചോദിക്കുന്നു. കപ്പലുടമയായ അന്റോണിയോ ധനവാനായിരുന്നെങ്കിലും മൂവായിരം സ്വർണനാണയം അപ്പോൾ അയാളുടെ കൈവശമുണ്ടായിരുന്നില്ല.
തന്മൂലമാണ് അയാൾ ഷൈലോക്ക് എന്ന പണക്കാരനിൽനിന്ന് ബസാനിയോയ്ക്കുവേണ്ടി അത്രയും തുക കടംവാങ്ങിയത്. തിരിച്ചടയ്ക്കാൻ കഴിയാതെവന്നാൽ തന്റെ മാംസത്തിൽനിന്ന് ഒരു പൗണ്ട് ഷൈലോക്കിനു നൽകാമെന്നായിരുന്നു അന്റോണിയോയുടെ വാഗ്ദാനം.
അന്റോണിയോ വഴി ലഭിച്ച പണവുമായി ബസാനിയോ പോർഷ്യയെ തേടിപ്പോയി. പോർഷ്യയുടെ പിതാവിന്റെ നിബന്ധനകൾ പാലിച്ച് അവളെ വിവാഹം കഴിക്കാൻ ബസാനിയോയ്ക്കു സാധിക്കുകയും ചെയ്തു.
അപ്പോഴേക്കും ദുരന്തവാർത്തയുമായി ബസാനിയോയ്ക്ക് ഒരു കത്തു ലഭിച്ചു. കപ്പൽനാശംമൂലം അന്റോണിയോയ്ക്ക് ഷൈലോക്കിന്റെ കടം വീട്ടാൻ സാധിക്കില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞ പോർഷ്യ വേഗം ബസാനിയോയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അതിനുശേഷം പോർഷ്യ വേഷപ്രച്ഛന്നയായി തന്റെ സുഹൃത്തായ നെറീസയോടൊപ്പം ബസാനിയോയെ പിൻതുടർന്നു.
അന്റോണിയോയ്ക്ക് പണം തിരിച്ചടയ്ക്കാൻ സാധിക്കാതെവന്നതുകൊണ്ട് ഷൈലോക്ക് കേസുമായി വെനീസിലെ ഭരണാധികാരിയായ ഡ്യൂക്കിന്റെ മുന്നിലെത്തി. പറഞ്ഞു സമ്മതിച്ചിരുന്ന മൂന്നുമാസത്തിനകം പണം തിരിച്ചുനൽകാതിരുന്നതുമൂലം തനിക്ക് അന്റോണിയോയുടെ ഒരു പൗണ്ട് മാംസം ലഭിക്കണമെന്നായിരുന്നു ഷൈലോക്കിന്റെ പിടിവാശി.
നീതി നടത്താൻ ആഗ്രഹിച്ച ഡ്യൂക്ക് ഷൈലോക്കിൽനിന്ന് കരുണ പ്രതീക്ഷിച്ചു. അയാൾ കരുണ കാണിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് പോർഷ്യ വേഷപ്രച്ഛന്നയായി അന്റോണിയോയുടെ വക്കീലായി രംഗപ്രവേശം ചെയ്യുന്നത്.
ഷൈലോക്കിന് അന്റോണിയോയുടെ ഒരു പൗണ്ട് മാംസത്തിന് അർഹതയുണ്ടെന്നു സമ്മതിച്ച പോർഷ്യ, ഷൈലോക്ക് അയാളോടു കരുണകാണിക്കണമെന്നു വാദിച്ചു. ഈ വാദത്തിന്റെ അവസാനഭാഗത്ത് പോർഷ്യ ഇപ്രകാരം പറഞ്ഞു:
""യഥാർഥ കാരുണ്യം ആരിൽനിന്നും നിർബന്ധിച്ചു നേടുന്ന ഒന്നല്ല. അതു സ്വർഗത്തിൽനിന്നു ഭൂമിയിൽ പതിക്കുന്ന മൃദുലമായ മഴപോലെയാണ്.''
രണ്ടായിരം വർഷം മുന്പ് സ്വർഗത്തിൽനിന്ന് അസാധാരണമായ ഒരു കാരുണ്യവർഷമുണ്ടായി. മൃദുലമായ ഒരു യഥാർഥ കാരുണ്യവർഷം. അതു സംഭവിച്ചത് ബെത്ലഹേമിലായിരുന്നു. ദൈവം സ്വന്തം മനസാലെ തന്റെ പുത്രനെ ലോകത്തിലേക്കയച്ച സംഭവം. അതിനു കാരണമാകട്ടെ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതും(യോഹ 3:16). ആ കാരുണ്യവർഷത്തിന്റെ ഓർമയാണ് നാം ഇപ്പോൾ ആഘോഷിക്കുന്ന ക്രിസ്മസ്.
പാപത്തിന്റെ അന്ധകാരത്തിലാണ്ടുപോയ മനുഷ്യവംശത്തിലേക്കാണ് ദൈവം കരുണ കാണിച്ചുകൊണ്ട് തന്റെ പുത്രനെ അയച്ചത്. അപ്പോൾ സംഭവിച്ചത് എന്താണെന്ന് ദൈവവചനം ഇപ്രകാരം പറയുന്നു: ""അന്ധകാരത്തിൽ കഴിയുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു'' (ഏശയ്യാ 9:2).
ആ പ്രകാശം പ്രസരിച്ചത് ബെത്ലഹേമിലെ പുൽത്തൊട്ടിയിൽ കിടന്ന ശിശുവിൽനിന്നായിരുന്നു. അപ്പോഴാണ് സ്വർഗീയ ദൂതന്മാർ ആകാശത്തു പ്രത്യക്ഷപ്പെട്ടുകൊണ്ട് പാടിയത്, ""അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം'' (ലൂക്കാ 2:14).
ആർക്കാണ് ഭൂമിയിൽ ദൈവകൃപ ലഭിക്കുന്നത്? അതു ലഭിക്കുന്നത് മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിനായി ഹൃദയംതുറക്കുന്നവർക്കാണ്. ആരൊക്കെ, എപ്പോഴൊക്കെ ഉണ്ണിയേശുവിനായി ഹൃദയംതുറക്കുന്നുവോ അപ്പോഴൊക്കെ അവരുടെമേൽ ദൈവകൃപയുടെ കാരുണ്യവർഷം ഉണ്ടാകും. ആ കാരുണ്യവർഷമാണ് നമുക്കു ഹൃദയസമാധാനം നൽകുന്നത്. അപ്പോൾ നമ്മുടെ ഹൃദയത്തിൽ ഉണ്ണിയേശു പിറന്നിട്ടുണ്ടാകുമെന്നു തീർച്ച.
പോർഷ്യ തന്റെ വാദത്തിൽ അനുസ്മരിച്ചതുപോലെ, കാരുണ്യം എന്നത് സ്വർഗത്തിൽനിന്ന് സ്വാഭാവികമായി പെയ്തിറങ്ങുന്ന മഴ പോലെയാണ്. അങ്ങനെയുള്ള കാരുണ്യമാണ് നമ്മുടെ ജീവിതത്തിലും നാം കാണിക്കേണ്ടത്. ക്രിസ്മസ് ആഘോഷം നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെയുള്ള കാരുണ്യം പ്രകടിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതുവഴിയായി നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ ശാന്തിയും സമാധാനവും ഉണ്ടാകുമെന്നതിൽ സംശയംവേണ്ട.
ബ്രിട്ടീഷ് ചിന്തകനായ സി.എസ്. ലൂവീസ് പറയുന്നു: ""ദൈവം മനുഷ്യനായത് നാം യഥാർഥ ദൈവപുത്രന്മാരാകാൻ വേണ്ടിയാണ്.'' അതു സാധിക്കുന്നതാകട്ടെ നാം കാരുണ്യമുള്ളവരായി മാറുന്പോഴും. അതുകൊണ്ടല്ലേ, ""നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (ലൂക്കാ 6:36) എന്ന് യേശു പഠിപ്പിച്ചത്?
അന്റോണിയോയോടു കരുണ കാണിക്കുവാൻ പോർഷ്യ ഷൈലോക്കിനോട് അഭ്യർഥിച്ചു. അതുണ്ടായില്ല. അപ്പോഴാണ് ഒരുതുള്ളി രക്തംപോലും ചിന്താതെവേണം മാംസം മുറിച്ചെടുക്കാൻ എന്ന് പോർഷ്യ ശഠിച്ചത്. അപ്പോഴേക്കും വാദി പ്രതിയായി മാറി. ഷൈലോക്ക് ശിക്ഷിതനാവുകയും ചെയ്തു. കരുണ കാണിക്കാത്തവർക്ക് ലഭിക്കുന്ന പ്രതിഫലമോ ഇത്? എല്ലാവർക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളാശംസകൾ!
Jeevithavijayam
ആരാണ് നമ്മുടെ ജീവിതകഥ എഴുതുന്നത്? നമ്മൾതന്നെയോ അതോ ദൈവമോ? ദൈവവചനം പറയുന്നു: ""നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും'' (ഏശയ്യാ 41:13). ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നതെങ്കിൽ നാം പോകുന്ന വഴി അവിടന്ന് തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നു വ്യക്തം. നാം അതിനു സഹകരിക്കണമെന്നു മാത്രം.
ഞാൻ എഴുതുന്ന ചിന്താവിഷയങ്ങളിൽ സാധാരണ എന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ നേരിട്ടു വിവരിക്കാറില്ല. എന്നാൽ ഇത്തവണ ഒരനുഭവം പങ്കുവയ്ക്കുകയാണ്. അതിന് ഒരു കാരണം ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഈ ഡിസംബർ 17ന് അന്പതു വർഷം പൂർത്തിയാകുന്നു എന്നതാണ്. അതുപോലെ, ദീപികയിൽ തുടർച്ചയായി ഞാൻ ചിന്താവിഷയം എഴുതാൻ തുടങ്ങിയിട്ട് ഈ മാസം 40 വർഷം തികയുന്നു എന്നതും.
ഞാൻ വൈദികനാകാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മിഷൻ പ്രവർത്തനം ചെയ്യാനായിരുന്നു. എന്നാൽ ദൈവം എന്നെ കൈപിടിച്ചു നടത്തിയത് പൗരോഹിത്യവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടിയും. അതിന്റെ സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. അന്നതു മനസിലായില്ലെങ്കിലും. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുന്പോൾ എത്ര അദ്ഭുതകരമായാണ് ദൈവം എന്റെ വഴികൾ പ്ലാൻ ചെയ്തത് എന്നു മനസിലാകുന്നു.
1965 മേയ് മാസത്തിൽ എസ്എസ്എൽസി പരീക്ഷാഫലം അറിഞ്ഞദിവസം. അന്നാണ് ഞാൻ വൈദികനായി മിഷണറിയാകുവാൻ തീരുമാനിച്ച വിവരം എന്റെ അമ്മയെ അറിയിച്ചത്. ഞാൻ വൈദികനാകുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അത് സിഎംഐ സമൂഹത്തിലായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനു കാരണം എന്നെ ദൂരദേശത്തേക്ക് അയയ്ക്കുന്നതിനുള്ള അമ്മയുടെ വൈമനസ്യവും വൈദികരോടുള്ള സഭാംഗങ്ങളോടുള്ള പരിചയവുമായിരുന്നു.
അമ്മയുടെ ആഗ്രഹം മാനിച്ച് സിഎംഐ സമൂഹത്തിൽതന്നെ ചേരാമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് പരീക്ഷാഫലം അറിഞ്ഞതിന്റെ പിറ്റേദിവസം എന്റെ പിതാവ് എന്നെയുംകൂട്ടി കുര്യനാട് സിഎംഐ ആശ്രമത്തിലെത്തിയത്. ആശ്രമാധിപനായിരുന്ന മണ്ണനാൽ ക്ലെയോഫാസച്ചന് എന്റെ പിതാവിനെ പരിചയമുണ്ടായിരുന്നു. തന്മൂലം കാര്യങ്ങൾക്ക് വേഗം തീരുമാനമായി. പ്രൊവിൻഷ്യലച്ചനെ കാണാനായി കോട്ടയത്തേക്കു പോകണമെന്നും അതിനായി പിറ്റേദിവസം രാവിലെ കൊവേന്തയിലെത്തണമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നു രാവിലെ കൊവേന്തയിലെത്തുന്പോൾ ദീപികയുടെ ബോർഡ് വച്ച ഒരു വെളുത്ത അംബാസഡർ കാർ ആശ്രമത്തിന്റെ പോർട്ടിക്കോയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കാറിലാണ് അക്കാലത്ത് കുര്യനാട് ആശ്രമത്തിലെ സെമിനാരി വിദ്യാർഥികളുടെ അസിസ്റ്റന്റ് റെക്ടറായിരുന്ന കുളത്തിനാൽ എയിഡനച്ചൻ എന്നെ പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോയത്. പള്ളിവാതുക്കൽ ജയിംസച്ചനായിരുന്നു അന്നു കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ. അദ്ദേഹം അന്നു സിഎംഐയിലെ വൈദിക വിദ്യാർഥിയായി എന്നെ സ്വീകരിച്ചു.
ദീപികയുടെ കാറിൽ സിഎംഐ സഭയിൽ ചേരാനെത്തിയത് ഒരു യാദൃച്ഛിക സംഭവമായിരുന്നോ? ഇന്നു പിന്തിരിഞ്ഞുനോക്കുന്പോൾ ദൈവം എന്നെക്കുറിച്ചെഴുതിയ കഥയുടെ ഒരു ഭാഗംതന്നെയായിരുന്നു ദീപികയുടെ കാറിലുള്ള ആ യാത്രയെന്ന് ഞാൻ മനസിലാക്കുന്നു. ആ കഥയുടെ ഭാഗമായിട്ടാണ് ഫിലോസഫി ബിരുദം പൂർത്തിയാക്കിയശേഷം പ്രായോഗിക പരിശീലനത്തിനായി ദീപികയുടെ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ദീപിക ബുക്ക് ഹൗസിൽ സേവനത്തിനെത്തിയതും പിന്നീട് വൈദികനായതിനുശേഷം ദീപികയിലെ സേവനത്തിന് ഒരുക്കമായി 1977ൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോയതും.
1981ൽ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദീപികയുടെ എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി മൂന്നുതവണ ചീഫ് എഡിറ്ററായി. മൂന്നാം തവണത്തെ നിയമനം മൂന്നുമാസമേ നീണ്ടുനിന്നുള്ളൂ. അതിനു കാരണം സിഎംഐ സഭയുടെ പ്രിയോർ ജനറാളായി 2008ൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്നാൽ ഇതു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. എന്റെ പൗരോഹിത്യജീവിതം ദീപികയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കഴിഞ്ഞ നാല്പതു വർഷമായി ആഴ്ചതോറും ദീപികയിൽ ഞാൻ ചിന്താവിഷയം എഴുതുന്നു എന്നതാണ്.
എക്സിക്യുട്ടീവ് എഡിറ്ററായി ദീപികയിൽ സേവനംചെയ്യുന്പോഴാണ് 1986ൽ ചിന്താവിഷയം എന്ന പംക്തി ഞാൻ ഏറ്റെടുക്കുന്നത്. ദീപികയിൽനിന്ന് എനിക്ക് മാറ്റങ്ങളുണ്ടായപ്പോഴും ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചപ്പോഴും ഗവേഷണ പഠനത്തിനായി വീണ്ടും അമേരിക്കയിൽ പോയപ്പോഴും സിഎംഐ സമൂഹത്തിന്റെ പ്രിയോർ ജനറാൾ ആയിരുന്നപ്പോഴും ഈ പംക്തി തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അജപാലന സേവനം ചെയ്യുന്പോഴും ഇതു തുടരുന്നു.
ചെറുപ്പകാലത്ത് ഞാൻ രചിക്കാൻ ആഗ്രഹിച്ച എന്റെ കഥയുടെ ഭാഗമാണോ ഇതൊക്കെ? അല്ലേയല്ല. പ്രത്യുത എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി ദൈവം രചിച്ച കഥയുടെ ഭാഗമാണ്. സിഎംഐ സമൂഹത്തിൽ ചേരാനായി ദീപികയുടെ കാറിൽ എന്നെ കോട്ടയത്ത് എത്തിച്ചത് എന്റെ ഭാവിയെ സൂചിപ്പിക്കാനായിരുന്നുവെന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
പ്രസിദ്ധ എഴുത്തുകാരനായ കാർഡിനൽ ന്യൂമൻ പറയുന്നു: ""ദൈവം ചെയ്യുന്നതെന്തെന്ന് അവിടന്ന് നന്നായി അറിയുന്നു.'' എന്നാൽ നമ്മൾ എപ്പോഴും അറിയുന്നില്ല. എങ്കിലും നാം എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ മാത്രമല്ല ദൈവം നമ്മോടൊപ്പമുള്ളത്, അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം. അതു നാം അവിടത്തെ കൈപിടിച്ചു നടക്കാൻവേണ്ടിയാണുതാനും. ഇതു നാം ഒരിക്കലും മറന്നുപോകരുത്.
പൗരോഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇഴകൾ ചേർത്ത് ദൈവം എനിക്കായി രചിച്ച ജീവിതകഥയെ ഓർത്ത് ജൂബിലിയുടെ അവസരത്തിൽ ഞാൻ അവിടത്തേക്കു നന്ദിപറയുന്നു. അതുപോലെ 1981 മുതൽ ദീപികയുടെ പ്രിയപ്പെട്ട വായനക്കാരുമായി ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിനെക്കുറിച്ചോർത്തും ദൈവത്തിനു നന്ദി.
ഇനി, ദീപികയുടെ കാർ 1965 മേയ് മാസത്തിൽ എനിക്കുവേണ്ടി കുര്യനാട് ആശ്രമത്തിൽ കാത്തുകിടക്കാൻ ഇടയായത് എങ്ങനെയെന്നുകൂടി കുറിക്കട്ടെ. അക്കാലത്ത് ദീപികയുടെ സ്വന്തം കാറുകളിലായിരുന്നു പല സ്ഥലങ്ങളിലും പത്രവിതരണം നടത്തിയിരുന്നത്.
ക്ലെയോഫാസച്ചൻ ദീപികയിലേക്കു വിളിച്ചുപറഞ്ഞതനുസരിച്ച് ആലുവ ഭാഗത്തേക്കു പോയിരുന്ന കാറാണ് മടക്കയാത്രയിൽ കുര്യനാട് ആശ്രമത്തിലെത്തി എനിക്കായി കാത്തുകിടന്നത്. അതാകട്ടെ ദൈവം നമ്മെ ഓരോരുത്തരെക്കുറിച്ചും എഴുതുന്നതുപോലെ, എന്നെക്കുറിച്ചെഴുതിയ കഥയുടെ ഭാഗമായിട്ടായിരുന്നു താനും.
Jeevithavijayam
ജപ്പാന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതും സമാധാനപൂർണവുമായ ഒരു കാലഘട്ടമായിരുന്നു 1603 മുതൽ 1868 വരെയുള്ള വർഷങ്ങൾ. അക്കാലത്തും ജപ്പാനിൽ ചക്രവർത്തി ഉണ്ടായിരുന്നെങ്കിലും യഥാർഥ ഭരണാധികാരികൾ ഷോഗണ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മിലിട്ടറി നേതാക്കളായിരുന്നു. പിൽക്കാലത്ത് ടോക്കിയോ ആയി മാറിയ ഇഡോ ആയിരുന്നു അവരുടെ ആസ്ഥാനം.
ടോക്കുഗാവ ലെയാസു എന്ന ഷോഗണ് ആയിരുന്നു ഈ കാലഘട്ടത്തിലെ ആദ്യത്തെ ഭരണാധികാരി. അദ്ദേഹത്തിന്റെ കാലത്ത് യുദ്ധങ്ങൾ അവസാനിക്കുകയും സമാധാനം സ്ഥാപിക്കപ്പെടുകയും ചെയ്തതുകൊണ്ട് വിവിധ രീതിയിൽ ജപ്പാനിൽ വളർച്ചയുണ്ടായി. ഈ വളർച്ചയുടെ ഭാഗമായി ജപ്പാനിൽ നിർമിക്കപ്പെട്ടതായിരുന്നു ആൻഡോണ് വിളക്കുകൾ. അതുവരെ രാത്രിയിൽ പ്രകാശം പകരാനായി ഉപയോഗിച്ചിരുന്നത് സാധാരണ വിളക്കുകളോ തീപ്പന്തങ്ങളോ ആയിരുന്നു.
മുള ഉപയോഗിച്ച് ചട്ടക്കൂടുണ്ടാക്കി അതു കട്ടിയുള്ള കടലാസുകൊണ്ട് നാലുവശവും മറച്ച് അതിൽ എണ്ണവിളക്കു സ്ഥാപിച്ചാണ് ആൻഡോണ് വിളക്കുകൾ നിർമിച്ചിരുന്നത്. ഈ വിളക്കുകളാണ് ആളുകളുടെ രാത്രികാല സഞ്ചാരങ്ങൾക്കു വെളിച്ചംപകർന്നത്. ഒരാൾ ഒറ്റയ്ക്ക് ഈ വിളക്കുമായി സഞ്ചരിക്കുമ്പോൾ വിളക്കിന്റെ പ്രകാശം സ്വാഭാവികമായും ചെറുതായിരിക്കും. എന്നാൽ ഉത്സവകാലത്ത് രാത്രിയിൽ ഗ്രാമങ്ങളിലെ എല്ലാവരും ഈ വിളക്കുകൾ തെളിയിക്കാറുണ്ട്. അപ്പോൾ ആ ഗ്രാമം മുഴുവൻ പുതിയൊരു പ്രഭാതംപോലെ തെളിഞ്ഞുനിൽക്കും.
ഈ വിളക്കുകൾ ജപ്പാൻകാരെ പഠിപ്പിച്ച ഒരു പാഠമുണ്ട്. എല്ലാവരും അവരവരുടെ വിളക്കുകൾ തെളിയിച്ചാൽ അന്ധകാരം അതിവേഗം അപ്രത്യക്ഷമാകുമെന്ന സത്യം. നാം ഓരോരുത്തരും ജീവിതത്തിൽ നന്മയുടേതായി ഓരോ വിളക്കു തെളിയിക്കാനിടയായാൽ അത് സമൂഹത്തെ മൊത്തത്തിൽ നന്മപൂരിതമാക്കുമെന്നു സാരം.
""നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്.. നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ'' (മത്താ 5:14- 16) എന്നാണ് യേശുനാഥൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ നന്മയുടേതായ ഒരു ചെറിയ വെളിച്ചമെങ്കിലും പ്രകാശിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതു തീർച്ചയായും നമ്മുടെ സമൂഹത്തെ കൂടുതൽ പ്രകാശപൂർണമാക്കുമെന്നു തീർച്ചയാണ്.
നമ്മുടെ സമൂഹത്തിൽ ഇരുട്ടിനു പലപ്പോഴും കനംകൂടിവരുന്നതായാണു കാണുന്നത്. അതിന്റെ കാരണമാകട്ടെ നന്മയുടെ വിളക്കുകൾ കൊളുത്തുന്നതിനു പകരം, ഉള്ള വിളക്കുകൾ പലരും കെടുത്തിക്കളയുന്നതാണ്. സാമൂഹ്യജീവിതത്തിലും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലുമൊക്കെ അത്തരത്തിലുള്ള പ്രവൃത്തികളാണല്ലോ നാം കാണുന്നത്.
ഈ പശ്ചാത്തലത്തിൽ ""ഇരുട്ടിനെ ശപിക്കുന്നതിനു പകരം ഒരു വിളക്കു കൊളുത്തുന്നതാണ് ഏറെ നല്ലത്'' എന്ന പഴമൊഴി ഏറെ പ്രസക്തമാണ്. എന്നാൽ നാം കൊളുത്തുന്ന വിളക്കുകൾ നന്മയുടെ പ്രകാശം പ്രസരിപ്പിക്കുന്നവ ആയിരിക്കണമെന്നു മാത്രം.
കത്തോലിക്കാ ആരാധനക്രമമനുസരിച്ച് ഇപ്പോൾ ആഗമനകാലമാണ്. ക്രിസ്മസ് ആഘോഷിക്കാൻ ആന്തരികമായി ഒരുങ്ങുന്ന കാലം. ആന്തരികമായ ഈ ഒരുക്കത്തെ സഹായിക്കാൻവേണ്ടി ലത്തീൻ സഭയിൽ ആഗമനകാല മെഴുകുതിരികൾ കത്തിക്കുന്ന ഒരു പാരന്പര്യമുണ്ട്.
ആ തിരികൾ സജ്ജീകരിക്കുന്നത് മനോഹരമായ ഒരു റീത്തിനു മുകളിലായിട്ടാണ്. ഈ റീത്തുകളുണ്ടാക്കാൻ സാധാരണ ഉപയോഗിക്കുന്നതാകട്ടെ പൈൻ വൃക്ഷത്തിന്റെയോ ഫിർ മരത്തിന്റെയോ ദേവദാരുവിന്റെയോ പച്ചകെടാത്ത ചെറിയ ശിഖരങ്ങളും.
ആഗമനകാലത്തെ നാലു ഞായറാഴ്ചകളിൽ ആദ്യത്തേതിൽ ഒരു തിരി മാത്രമാണ് കത്തിക്കുന്നത്. ആ തിരി പ്രത്യാശയുടെ പ്രതീകമാണ്. രണ്ടാമത്തെ ആഴ്ച ആദ്യത്തെ തിരിയോടുകൂടി രണ്ടാമത്തെ തിരിയും കത്തിക്കും. അതു സമാധാനത്തിന്റെ പ്രതീകമാണ്.
മൂന്നാമത്തെ ഞായറാഴ്ച ആദ്യത്തെ രണ്ടു തിരികൾക്കൊപ്പം മൂന്നാമത്തെ തിരിയും കത്തിക്കും. ആ തിരി പ്രതിനിധീകരിക്കുന്നത് സന്തോഷമാണ്. നാലാമത്തെ ഞായറാഴ്ച ആദ്യത്തെ മൂന്നു തിരികളോടൊപ്പം നാലാമത്തെ തിരിയും കത്തിക്കും. ഈ തിരി പ്രതിനിധാനം ചെയ്യുന്നത് സ്നേഹമാണ്.
ആഗമനകാലത്തെ പ്രഥമ ഞായറാഴ്ച തെളിയിക്കുന്ന പ്രത്യാശയുടെ തിരി നമ്മോടു പറയുന്നത് ഇരുട്ട് എത്ര കനത്താലും ഒരു ചെറിയ വെളിച്ചംമതി നമ്മെ ദിശകാണിക്കാൻ എന്നാണ്.
സമാധാനവും സന്തോഷവും സ്നേഹവും പ്രതിനിധീകരിക്കുന്ന മറ്റു തിരികൾ നമ്മോടു പറയുന്നത് അവയുടെ വിളക്കുകൾ ജീവിതത്തിൽ അനുദിനം തെളിയിക്കുവാനാണ്. നന്മയുടെ ഈ തിരികൾ ജീവിതത്തിൽ തെളിയിക്കാൻ കഴിഞ്ഞാൽ അതുവഴി നമ്മുടെ സമൂഹം നന്മയാൽ പ്രകാശപൂരിതമാകുമെന്നു തീർച്ച.
ചില സ്ഥലങ്ങളിൽ ആഡ്വെന്റ് റീത്തിന്റെ മധ്യത്തിലായി അഞ്ചാമതൊരു വെളുത്ത തിരികൂടി സ്ഥാപിക്കാറുണ്ട്. അതു പ്രതിനിധീകരിക്കുന്നത് ലോകത്തിന്റെ പ്രകാശമായിവന്ന യേശുനാഥനെയാണ്. യേശു പറഞ്ഞു: ""ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹ 8:12). യേശുനാഥൻ പഠിപ്പിക്കുന്നതുപോലെ ജീവിച്ചാൽ നാം നന്മയുടെ പ്രകാശംപരത്തുന്നവരായി മാറുമെന്നർഥം.
ഈ ആഗമനകാലത്ത് നാം പ്രത്യേകം അനുസ്മരിക്കേണ്ട കാര്യമാണിത്. ആഡ്വെന്റ് തിരികൾ കൊളുത്തുന്നത് ഒരാചാരമായി മാത്രം ചെയ്യുന്നതല്ല. അത് ജീവിതത്തിൽ നാം തെളിയിക്കേണ്ട വെളിച്ചങ്ങളെ ഓർമിപ്പിക്കാനാണ്. പ്രത്യേകിച്ചും പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും വിളക്കുകൾ തെളിക്കാനുള്ള ഓർമപ്പെടുത്തൽ.
നാം ക്രിസ്മസിന് ഒരുങ്ങുന്നത് ഈ നന്മകളുടെ തിരികളോടൊപ്പം എല്ലാ നന്മകളുടെയും വിളക്കുകൾ ജീവിതത്തിൽ തെളിയിച്ചുകൊണ്ടാകട്ടെ. അപ്പോൾ ആൻഡോണ് വിളക്കുകൾ ഉത്സവകാലത്ത് ഗ്രാമം മുഴുവൻ പ്രഭാപൂരിതമാക്കുന്നതുപോലെ നന്മയുടെ വിളക്കുകൾ സമൂഹത്തെ പ്രകാശപൂരിതമാക്കിമാറ്റും.
Jeevithavijayam
ഒരു പോസ്റ്റ് ഓഫീസാണ് രംഗം. ഒരുദിവസം രാവിലെ ഒരു സ്ത്രീ കോപാകുലയായി കൗണ്ടറിലെത്തി. ""എന്താണ് പ്രശ്നം?'' ജീവനക്കാരി ശാന്തയായി ചോദിച്ചു. ""ഞാൻ ഷോപ്പിംഗിനു പോയിരിക്കുകയായിരുന്നു.'' ആ സ്ത്രീ പറഞ്ഞുതുടങ്ങി. ""വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളുടെ വാതിലിനു മുന്നിൽ ഒരു കാർഡ് കണ്ടു. പോസ്റ്റ്മാൻ ഒരു പാഴ്സൽ എത്തിക്കാൻ വന്നിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നെന്നും അതിൽ എഴുതിയിരുന്നു.''
ഒരുനിമിഷം ശ്വാസം വലിച്ചുവിട്ട് ആ സ്ത്രീ തുടർന്നു: ""എന്നാൽ ഞാൻ പറയുന്നു, എന്റെ ഭർത്താവ് ഇന്നു മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. ആരും ബെൽ അടിച്ചതായി അദ്ദേഹം കേട്ടില്ല എന്നാണ് എന്നോടു പറഞ്ഞത്!'' ജീവനക്കാരി ഉടനെ ക്ഷമാപണംചെയ്ത് അകത്തുപോയി പാഴ്സൽ കൊണ്ടുവന്നു. അപ്പോൾ ആ സ്ത്രീയുടെ മുഖം തെളിഞ്ഞു. ""എത്ര നാളായി ഇതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.'' ആ സ്ത്രീ പറഞ്ഞു.
അപ്പോൾ കൗതുകപൂർവം ജീവനക്കാരി ചോദിച്ചു: ""എന്താണ് ഈ പാഴ്സലിൽ?'' ഉടനെ അഭിമാനപൂർവം ആ സ്ത്രീ പറഞ്ഞു: ""എന്റെ ഭർത്താവിന്റെ പുതിയ ഹിയറിംഗ് എയ്ഡ്.'' ഒരു നിമിഷത്തെ നിശബ്ദത. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജീവനക്കാരി പറഞ്ഞു: ""ഇനി ആരെങ്കിലും ബെല്ലടിച്ചാൽ അദ്ദേഹം കേൾക്കും!''
ഈ കഥ രസകരമാണ്. എന്നാൽ ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതായത്, നാം പറയുന്ന കാര്യങ്ങൾ എല്ലാവരും എപ്പോഴും കേൾക്കണമെന്നില്ല. പ്രത്യേകിച്ചും ചെവി കേൾക്കുന്നതിനാവശ്യമായ ഉപകരണം ആവശ്യമുള്ളവർ. വേറൊരുകാര്യം- ചെവിയുള്ളതുകൊണ്ട് മറ്റുള്ളവർ നമ്മെ എപ്പോഴും കേൾക്കണമെന്നില്ല.
കാരണം, ചില ആളുകൾക്ക് നമ്മെ കേൾക്കുവാൻ താല്പര്യം ഉണ്ടാവണമെന്നില്ല.
ദൈവത്തിന്റെ കാര്യവും ഇങ്ങനെയാണോ? നമ്മുടെ പ്രാർഥനയുടെ ഫലം ഉടനെ കാണാതെവരുന്പോൾ ചിലപ്പോൾ നാം സംശയിച്ചുപോയേക്കാം. എന്നാൽ സംശയിക്കേണ്ട. നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കുന്നവനാണ് ദൈവം. അതുമല്ല, നമ്മുടെ സ്നേഹമസൃണമായ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നവനുമാണ് അവിടുന്ന്.
എങ്ങനെയാണ് ദൈവത്തിന് എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കാൻ സാധിക്കുക? ദൈവത്തിന് ഒരു കാര്യത്തിലും പരിമിതികൾ ഇല്ല എന്നതുതന്നെ കാരണം. നമ്മെ കേൾക്കാൻ കഴിയാത്ത നിമിഷമോ ശ്രദ്ധ പതറിപ്പോകുന്ന സമയമോ നമ്മെ മറക്കുന്ന സമയമോ അവിടുത്തേക്കില്ല. ദൈവവചനം പറയുന്നു: ""അവരുടെ നിലവിളി കേൾക്കുന്നതിൽ അവിടത്തെ ചെവികൾ ശ്രദ്ധിക്കുന്നു'' (സങ്കീ 34:15)
അതുപോലെ ദൈവവചനം വീണ്ടും പറയുന്നു: ""പ്രാർഥിച്ചുതീരുംമുന്പേ ഞാൻ അതു കേൾക്കും'' (ഏശയ്യാ 65:24). ദൈവം നമ്മെ കേൾക്കുന്നത് നമ്മുടെ വാക്കുകളുടെ മഹത്വംകൊണ്ടല്ല. പ്രത്യുത, അവിടത്തെ സ്നേഹം മഹത്തായതുകൊണ്ടാണ്. ദൈവം നമ്മെ കേൾക്കുന്നത് നാം അതിന് അർഹരായതുകൊണ്ടല്ല. പ്രത്യുത, അവിടന്ന് നമ്മുടെ പിതാവായതുകൊണ്ടാണ്.
ദൈവം നമ്മെ കേൾക്കുന്നത് അവിടന്ന് സ്നേഹമായിരിക്കുന്നതുകൊണ്ടാണ്. കേൾക്കുക എന്നത് സ്നേഹത്തിന്റെ ഉന്നതമായ ഒരു പ്രവൃത്തിയാണ്. ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നാം അവിടത്തേക്ക് വിലപ്പെട്ടവർ ആയതാണ്. നമ്മുടെ ""തലയിലെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നു'' (മത്തായി 10:30). ദൈവം എത്ര കൂടുതലായി നമ്മുടെ കണ്ണീർ കാണുകയും പ്രാർഥനകൾ കേൾക്കുകയും ചെയ്യും!
ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നമ്മുടെ വിശ്വാസം അവിടത്തെ സന്തുഷ്ടനാക്കുന്നു എന്നതാണ്. അതുകൊണ്ടല്ലേ ""വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്'' എന്നു ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നത് (11:6).
എന്നാൽ വിശ്വാസത്തോടുകൂടെ നാം പ്രാർഥിക്കുമ്പോഴും ചിലപ്പോൾ നാം പ്രാർഥിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെപോകുന്നു. എന്തായിരിക്കാം അതിനു കാരണം? ഒരുപക്ഷേ നമ്മുടെ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. എന്നാൽ ദൈവം അതിന്റെ പൂർണചിത്രം വ്യക്തമായി കാണുന്നു. അതിനാൽ നമ്മുടെ ഭാവിജീവിതം മുഴുൻ കണ്മുന്നിൽ കണ്ടുകൊണ്ടാണ് അവിടന്ന് തീരുമാനങ്ങൾ എടുക്കുന്നത്.
പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുന്നത് ചിലപ്പോൾ വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്താനോ, നമ്മെ കൂടുതൽ ശക്തിയുള്ളവരും നന്ദിയുള്ളവരും വിശുദ്ധിയുള്ളവരുമൊക്കെയായി മാറ്റിയെടുക്കാനോ വേണ്ടിയായിരിക്കണം. അതുപോലെ ദൈവത്തിന്റെ മൗനത്തിൽപ്പോലും അർഥമുണ്ട് എന്നത് നാം മറക്കരുത്. ദൈവത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കുന്നു എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? (റോമാ 8:28).
അപ്പോൾപ്പിന്നെ പ്രാർഥിക്കാൻ നാം മടിക്കേണ്ട. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ'' (ഫിലിപ്പി 4:9). ദൈവപുത്രനായ യേശു നമ്മെ പഠിപ്പിക്കുന്നു: ""ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും'' (മത്തായി 7:7). ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ അവിടന്ന് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട് (ലൂക്കാ 18:1-8).
അതേ, എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കുന്നവനാണ് ദൈവം. നാം ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾതന്നെ ലഭിക്കുന്നില്ലെങ്കിലും പ്രാർഥനയിലൂടെ മനസ് ദൈവത്തിലേക്കുയർത്തുന്ന ഓരോ നിമിഷവും സമൃദ്ധമായി പരിശുദ്ധാത്മാവിനെ അവിടന്ന് നമുക്കു നൽകുമെന്നല്ലേ യേശു പഠിപ്പിച്ചിരിക്കുന്നത്? (ലൂക്കാ 11:13). നമ്മുടെ എല്ലാ പ്രാർഥനകളോടും ദൈവം പ്രതികരിക്കുകയും പരിശുദ്ധാത്മാവിനെ നൽകി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നു സാരം.
Jeevithavijayam
അമേരിക്കൻ കാർട്ടൂണിസ്റ്റ് ജിം ഡേവിസിന്റെ ഭാവന ജന്മംനൽകിയ അതിമനോഹരമായ കാർട്ടൂണ് പരന്പരയാണ് ഗാർഫീൽഡ്. ഈ പരന്പരയിലെ പ്രധാന കഥാപാത്രം ഗാർഫീൽഡ് എന്ന പൂച്ചയാണ്. മറ്റൊരു കഥാപാത്രം ഓഡി എന്ന ഒരു ചെറിയ നായയും. മൂന്നാമത്തെ കഥാപാത്രം ഇവ രണ്ടിന്റെയും ഉടമയായ ജോണ് അർബക്കിളും.
ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കുകൾ അനുസരിച്ച് ലോകവ്യാപകമായി പത്രങ്ങളും മാസികകളും ഉൾപ്പെടെ 2,580 പ്രസിദ്ധീകരണങ്ങളിലാണ് ഈ കോമിക് സ്ട്രിപ് പ്രത്യക്ഷപ്പെടുന്നത്. ഇതു ഗിന്നസ് വേൾഡ് റിക്കാർഡിൽ സ്ഥാനംപിടിച്ചിട്ടുമുണ്ട്. ഗാർഫീൽഡ് എന്ന കോമിക് സ്ട്രിപ്പിനോടു കിടപിടിക്കാൻ മറ്റൊരു കാർട്ടൂണ് പരന്പര ഇല്ല എന്നു സാരം.
ഈ കോമിക് സ്ട്രിപ്പിനെ ആധാരമാക്കി ഒന്നിലേറെ സിനിമകളും ഒട്ടേറെ ടെലിവിഷൻ പരന്പരകളും ഡസൻ കണക്കിനു വീഡിയോ ഗെയിമുകളും പുസ്തകങ്ങളും ധാരാളം കച്ചവട ഉത്പന്നങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 2020ലെ കണക്കനുസരിച്ച് ഗാർഫീൽഡ് ഉത്പന്നങ്ങളുടെ വിപണിമൂല്യം നൂറുകോടി ഡോളറിലേറെയാണ്. മനുഷ്യമനസുകളിൽ അത്രയേറെ സ്വാധീനം ഗാർഫീൽഡ് എന്ന കഥാപാത്രത്തിനുണ്ട് എന്നു വ്യക്തം.
പൂണ്ട മടിയനാണ് ഗാർഫീൽഡ് എന്ന കഥാപാത്രം. അതുപോലെ ഭക്ഷണക്കൊതിയനും. ഭക്ഷണം കഴിക്കാത്ത സമയം മുഴുവനുംതന്നെ അവൻ നീണ്ട ഉറക്കത്തിലാണ്. വ്യായാമം ചെയ്യുന്ന കാര്യത്തെക്കുറിച്ച് അവന് ചിന്തിക്കാൻപോലും സാധിക്കില്ല. സ്വാർഥനാണെന്നപോലെ കാര്യം നേടിയെടുക്കാൻ മിടുക്കനുമാണ് അവൻ. തന്നെ ചുറ്റിപ്പറ്റിയാണ് ലോകം തിരിയുന്നത് എന്നാണ് അവന്റെ ഭാവം. ഭാവവ്യത്യാസമില്ലാതെ തമാശപറയാനും അവനറിയാം.
ധാരാളം കുറവുകളുള്ള ഒരു ആന്റി-ഹീറോയാണ് ഗാർഫീൽഡ്. എന്നാൽ വല്ലപ്പോഴും സ്നേഹംകാണിക്കാനും നല്ലകാര്യങ്ങൾ ചെയ്യാനും അവന് അറിയാം. അതുകൊണ്ടുകൂടിയായിരിക്കണം, സുഖലോലുപനായ ഈ പൂച്ചയെ ധാരാളംപേർ ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ കാർട്ടൂണ് പരന്പര ഒരു പൂച്ചയെക്കുറിച്ചുള്ള കഥ മാത്രമല്ല. ഇത് മനുഷ്യരുടെ സ്വഭാവ പ്രത്യേകതകൾകൂടി അവതരിപ്പിക്കുന്ന ഒരു കഥാപരന്പരയാണ്.
ഈ പരന്പരയിലെ കഥാപാത്രമായ ഓഡി എന്ന കൊച്ചുനായ എപ്പോഴും സന്തോഷവാനാണ്. ബുദ്ധിശക്തിയിൽ പിന്നാക്കമാണെങ്കിലും എപ്പോഴും തന്റെ യജമാനനോട് വിശ്വസ്തനാണ് അവൻ. അതുപോലെ സ്നേഹം പ്രകടിപ്പിക്കാനും അവനു നന്നായി അറിയാം. എന്നാൽ പൂച്ചയെപ്പോലെ, ചിന്തിക്കുന്ന ഒരു കഥാപാത്രമായിട്ടല്ല ഓഡിയെ കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുന്നത്.
ഇനി ഈ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന ഒരു കോമിക് സ്ട്രിപ്പിലെ കഥ ഇവിടെ വിവരിക്കട്ടെ: കൊടും തണുപ്പുള്ള ഒരു ദിവസം. ഗാർഫീൽഡ് തന്റെ ഇഷ്ടപ്പെട്ട കസേരയിൽ കാലുംനീട്ടി കിടക്കുകയാണ്. അപ്പോൾ ഗ്ലാസ് ജാലകത്തിനപ്പുറം ഓഡിയെ കാണുന്നു. അവൻ തണുപ്പുകൊണ്ടു വിറയ്ക്കുകയാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും വീടിനകത്തു കയറാനുള്ള ശ്രമമാണ്. പക്ഷേ എല്ലാ വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുന്നു.
ഇതു കാണുന്ന ഗാർഫീൽഡ് മനസിൽ പറയുകയാണ്: ""പാവം ഓഡി. വീടിനുപുറത്തു കൊടുംതണുപ്പിലായിപ്പോയി. ഇതെനിക്ക് കണ്ടുനിൽക്കാൻ സാധിക്കുകയില്ല. ഞാൻ എന്തെങ്കിലും ചെയ്യണം.'' അതോടെ ഗാർഫീൽഡ് എഴുന്നേറ്റു നിൽക്കുന്നു. പിന്നീടു ചെന്ന് ആ ജനാലയുടെ വിരി വലിച്ച് ജനാല മറയ്ക്കുന്നു!
ഈ കോമിക് സ്ട്രിപ്പ് കാണുന്പോൾ നമുക്കു ചിരിക്കാനാണോ കരയാനാണോ തോന്നുക? ഗാർഫീൽഡിന്റെ പൊതുവേയുള്ള സ്വഭാവം വച്ചു നോക്കുന്പോൾ അവൻ ഇതും ഇതിലധികവും ചെയ്യും. എന്നാൽ ഈ ക്രൂരമായ തമാശയുടെ പിന്നിൽ കാർട്ടൂണിസ്റ്റ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മിൽ ആരെങ്കിലും ഇതുപോലെ പ്രവർത്തിക്കുന്നുണ്ടോ എന്നതാണ് ആ ചോദ്യം.
മറ്റുള്ളവരുടെ കഷ്ടതകൾ കാണുന്പോൾ അതു കാണാത്തവരെപ്പോലെ നടന്നകലുന്നവരാണോ നമ്മൾ? നമ്മോട് ഒരു സഹായം ചോദിക്കുന്പോൾ അതു കേട്ടില്ലെന്നു നടിക്കുന്നവരാണോ നമ്മൾ? നമ്മുടെ മുന്നിൽ നീതി നിഷേധിക്കപ്പെട്ടവരെ കാണുന്പോൾ അതേക്കുറിച്ച് മൗനം പാലിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാമും ഗാർഫീൽഡിൽനിന്ന് അല്പംപോലും വ്യത്യസ്തരല്ല.
ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഒരിക്കൽ പറഞ്ഞു: ""ലോകം ഒത്തിരി സഹിക്കുന്നുണ്ട്. അതു ദുഷ്ടരായവരുടെ അക്രമപ്രവർത്തനംകൊണ്ടല്ല, പ്രത്യുത നല്ലവരെന്നു കരുതപ്പെടുന്നവരുടെ മൗനം മൂലമാണ്.''
തീർച്ചയായും ദുഷ്ടരുടെ പ്രവൃത്തികൾമൂലം ലോകത്തിൽ ധാരാളം ദുഃഖങ്ങളുണ്ടാകുന്നുണ്ട്. അതിനാൽ നെപ്പോളിയന്റെ ഉദ്ധരണിയുടെ ആദ്യഭാഗത്തു പറയുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. എന്നാൽ രണ്ടാം ഭാഗത്തു പറയുന്നതു നാം സമ്മതിക്കുകതന്നെവേണം.
മൗനം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സംസാരത്തിലെ മൗനം മാത്രമല്ല. അതു പ്രവൃത്തിയുടെ അഭാവം കൂടിയാണ്. ഗാർഫീൽഡിന്റെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു. തണുപ്പിൽ വിറങ്ങലിച്ചു നിന്നിരുന്ന ഓഡിക്കു വാതിൽ തുറന്നുകൊടുക്കുകയായിരുന്നു ഗാർഫീൽഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം ആ കാഴ്ച കണ്ണിൽനിന്ന് മറയ്ക്കാനാണ് അവൻ ശ്രമിച്ചത്.
ഓഡിയെപ്പോലെയുള്ളവർക്ക് നാം വാതിൽ തുറന്നുകൊടുക്കുമോ? അതോ അതിനുപകരം അവരുടെ ദുഃഖം കാണാതിരിക്കാൻ നാം ജനാലയുടെ കർട്ടൻ വലിച്ച് ജനാല അടയ്ക്കുമോ? നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.
Jeevithavijayam
2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത്ത വംശജരും. 25 മില്യൺ ഡോളർ ചെലവിട്ടു പുറത്തിറക്കിയ ആ സിനിമ ഇരുനൂറു മില്യൺ ഡോളറിലേറെ ലാഭം കൊയ്തു. 2016ലെ ഏറ്റവും നല്ല പത്തു സിനിമകളിലൊന്നായി ഇത് എണ്ണപ്പെട്ടു. ഏറ്റവും നല്ല ചിത്രത്തിനുള്ള 2016ലെ അക്കാഡമി നോമിനേഷനും ലഭിച്ചു.
ചരിത്രവസ്തുതകളെ ആധാരമാക്കി മാർഗോ ലി ഷെട്ടർലി എഴുതിയ ഇതേ പേരിലുള്ള പുസ്തകമാണ് സിനിമയുടെ ആധാരം. പുസ്തകത്തിലെയും സിനിമയിലെയും കഥ ഏകദേശം ഒരുപോലെയാണ്. കഥ പറയാനുള്ള എളുപ്പത്തിന് സിനിമയിൽ ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം. തിയഡോർ മെൽഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മെൽഫിയും ആലിസൺ ഷ്റോഡറുംകൂടി തയാറാക്കിയതാണ്.
മനുഷ്യ കംപ്യൂട്ടർ
മൂന്നു കറുത്ത വനിതകളെക്കുറിച്ചാണ് സിനിമയെങ്കിലും അതിൽ ഏറെ പ്രാധാന്യമർഹിക്കുന്നത് കാത്റിൻ ജോൺസൺ എന്ന കണക്കു വിദഗ്ധയാണ്. അവരെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. 1957 ഒക്ടോബർ നാലിന് സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിൻ ആദ്യ ശൂന്യാകാശയാത്ര നടത്തിയപ്പോൾ അമേരിക്ക ഞെട്ടി. അതിനുള്ള മറുപടിയായിട്ടാണ് അമേരിക്കയുടെ സ്പേസ് പ്രോഗ്രാം വിപുലീകരിക്കപ്പെട്ടത്.
മനുഷ്യനെ ശൂന്യാകാശത്തിലയയ്ക്കണമെങ്കിൽ റോക്കറ്റ് മാത്രം മതിയാവില്ലല്ലോ. ആവശ്യമായ കണക്കുകൂട്ടൽ നടത്തേണ്ടേ? അന്നു കംപ്യൂട്ടറുകളില്ലാതിരുന്ന പശ്ചാത്തലത്തിൽ മനുഷ്യ കംപ്യൂട്ടറുകളെയാണ് കണക്കുകൂട്ടുന്ന ജോലി ഏല്പിച്ചിരുന്നത്. അങ്ങനെ നിയമിക്കപ്പെട്ട ഒരു മനുഷ്യ കംപ്യൂട്ടറായിരുന്നു കാത്റിൻ.
കാത്റിൻ നടത്തിയ കണക്കുകൂട്ടലുകളനുസരിച്ചായിരുന്നു അമേരിക്കയുടെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരിയായ അലൻ ഷെപ്പേർഡ് 1961 മേയ് അഞ്ചിന് വിജയകരമായ ശൂന്യാകാശ യാത്ര നടത്തിയതും തിരിച്ചു മടങ്ങിയതും. ഇതിനൊക്കെ ശേഷമായിരുന്നു ഐബിഎം കംപ്യൂട്ടറുകൾ കണക്കുകൂട്ടാൻ രംഗത്തെത്തിയത്. അപ്പോഴും കംപ്യൂട്ടറുകളുടെ കണക്കുകൂട്ടലുകളോടൊപ്പം കാത്റിന്റെ കണക്കുകളെയും നാസ ആശ്രയിച്ചിരുന്നു.
കാത്റിന്റെ കഥ ഇത്രയും പറഞ്ഞത് സിനിമയുടെ കേന്ദ്രബിന്ദു അവരായതുകൊണ്ടാണ്. എന്നാൽ, ഇവിടെ പറയാൻ ആഗ്രഹിക്കുന്നത് മറ്റൊരു കഥാപാത്രമായ മേരി ജാക്സനെക്കുറിച്ചാണ്. മേരിയും നാസയുടെ ഒരു മനുഷ്യ കംപ്യൂട്ടറായിരുന്നു. എന്നാൽ, നാസയിൽ എൻജിനിയറായി നിയമനത്തിനായി അവർ അപേക്ഷിച്ചപ്പോൾ അതിനുള്ള യോഗ്യതയായി വിർജീനിയ സംസ്ഥാനത്തെ ഹാംപ്റ്റൺ ഹൈസ്കൂൾ നൽകിയിരുന്ന ഒരു യൂണിവേഴ്സിറ്റി കോഴ്സ് പാസാകേണ്ടതുണ്ടായിരുന്നു. അതു വെളുത്ത വർഗക്കാർക്കുള്ളതായിരുന്നു.
വെളുത്തവരുടെ സ്കൂൾ
കറുത്തവർക്കു വെളുത്തവരുടെ സ്കൂളിൽ പ്രവേശനമില്ലാതിരുന്ന കാലമായിരുന്നു അത്. പ്രതിവിധി തേടി മേരി കോടതിയിലെത്തി. അപ്പോൾ, ജഡ്ജി പറഞ്ഞതു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു. ഉടനെ ജഡ്ജിയോട് തനിച്ചു സംസാരിക്കാൻ മേരി അനുവാദം ചോദിച്ചു. മനസില്ലാ മനസോടെ ജഡ്ജി അനുവദിച്ചപ്പോൾ മേരി ജഡ്ജിയോടു പറഞ്ഞത് ചുരുക്കത്തിൽ ഇപ്രകാരമായിരുന്നു:
""അങ്ങയുടെ കുടുംബത്തിൽനിന്ന് ആദ്യമായി നേവിയിൽ ചേർന്നതും യൂണിവേഴ്സിറ്റിയിൽ പഠിച്ചതും ജഡ്ജിയായി നിയമിതനായതും അങ്ങായിരുന്നു.'' ഇത്രയും പറഞ്ഞപ്പോൾ ജഡ്ജി ചോദിച്ചു: ""എന്താണ് നിങ്ങളുടെ പോയിന്റ്.'' മേരി പറഞ്ഞു:""അങ്ങയുടെ മാതൃക അനുസരിച്ച്, ഒന്നാമതാകാൻ ഞാൻ ആഗ്രഹിക്കുന്നു- വെളുത്തവരുടെ സ്കൂളിൽ പഠിച്ചു നാസയിലെ ആദ്യത്തെ കറുത്ത എൻജിനിയറാകാൻ.''
ഉടനെ ജഡ്ജി പറഞ്ഞു:"" അതിനു നിയമം അനുവദിക്കുന്നില്ലല്ലോ.''മേരിയുടെ മറുപടി:""അങ്ങ് എത്രയോ കേസുകൾക്കാണ് അങ്ങയുടെ സേവനകാലത്തു വിധി പറയാൻ പോകുന്നത്! നൂറു വർഷം കഴിഞ്ഞാൽ അവയിൽ ഏതെങ്കിലും ആരെങ്കിലും ഓർത്തിരിക്കുമോ? എന്നാൽ, എന്റെ കേസിൽ അനുകൂല വിധി പറഞ്ഞാൽ നൂറു വർഷം കഴിഞ്ഞാലും ആരെങ്കിലും അതു മറക്കുമോ? ഇപ്രകാരമുള്ള വിധിയുടെ കാര്യത്തിലും അങ്ങ് ഒന്നാമനാകില്ലേ?''
ജഡ്ജിയുടെ വിധി മേരിക്ക് അനുകൂലമായിരുന്നു. അങ്ങനെ മേരി വെളുത്തവരുടെ സ്കൂളിൽ പഠിക്കുകയും നാസയിലെ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുകയും ചെയ്തു. എല്ലാ കാര്യങ്ങളിലും ഒന്നാമതായി എത്താൻ ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടോ? പഠനം, പണസന്പാദനം, അധികാരം, പ്രശസ്തി എന്നിവയുടെയൊക്കെ കാര്യത്തിൽ ഒന്നാമതായി എത്താൻ ആഗ്രഹിക്കുന്നവരും അതിനായി പ്രവർത്തിക്കുന്നവരും ധാരാളമില്ലേ. ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ഒന്നാമതാകുന്നതു നല്ല കാര്യം തന്നെ.. എന്നാൽ, അതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയോ?
കോടതിയിൽ മേരി ജഡ്ജിയോട് ചോദിച്ച ആ ചോദ്യമില്ലേ? നൂറു വർഷം കഴിഞ്ഞാൽ ജഡ്ജിയുടെ ഏതെങ്കിലും വിധി ആരെങ്കിലും ഓർത്തിരിക്കുമോ എന്ന ചോദ്യം. ആ ചോദ്യം കേട്ടപ്പോഴാണ് തന്റെ വിധിയുടെ പ്രാധാന്യത്തെക്കുറിച്ച് ആ ജഡ്ജിക്ക് അവബോധമുണ്ടായത്. അതുവരെ, നിയമത്തിലെ വള്ളിയും പുള്ളിയും തെറ്റാതെയുള്ള വിധിയായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. വിധിയുടെ ആധാരമായ നിയമം ശരിയോ തെറ്റോ എന്ന് അദ്ദേഹം പരിഗണിച്ചിരുന്നില്ല. മേരിയുടെ ചോദ്യം അദ്ദേഹത്തിന് പുതിയൊരു തിരിച്ചറിവ് നൽകി. അതു നന്മയായി മാറുകയും ചെയ്തു.
നമ്മുടെ ജീവിതത്തിൽ നാം എന്തെല്ലാം ചെയ്യുന്നു. എത്രയോ നേട്ടങ്ങൾ നേടുന്നു. എന്നാൽ അവയെല്ലാം ആരെങ്കിലും ഓർത്തിരിക്കുമോ? പ്രത്യേകിച്ചും ദൈവം ഓർത്തിരിക്കുമോ? നാം നന്മകളും കാരുണ്യ പ്രവൃത്തികളും ചെയ്താൽ മറ്റുള്ളവർ അത് ഓർത്തിരിക്കുകയും ആദരിക്കുകയും ചെയ്യും.
എന്നാൽ, കുറെ കഴിയുന്പോൾ ലോകം അതു മറന്നുപോയേക്കാം. എന്നാൽ, ദൈവം ഒരിക്കലും മറക്കില്ല. മനുഷ്യൻ മറന്നുപോയാലും ദൈവം മറക്കാത്ത നല്ല പ്രവൃത്തികളാകട്ടെ നമ്മുടെ ജീവിതലക്ഷ്യം. അപ്പോൾ ഇഹലോകത്തിലും പരലോകത്തിലും നാം അനുഗ്രഹിക്കപ്പെടും.
Jeevithavijayam
ഒരുകാലത്ത് ഹോളിവുഡിന്റെ രോമാഞ്ചമായിരുന്ന അതുല്യനടനാണ് ഗ്രിഗറി പെക്ക് (1916- 2003). കാലിഫോർണിയയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അന്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് സിനിമയിലേക്കു കടന്നുവന്നത്. 1940കളിൽ സിനിമയിൽ തുടക്കമിട്ട പെക്ക് 1950-60 കാലഘട്ടങ്ങളിൽ ലോകപ്രശസ്തനായി മാറി.
1962ൽ "ടു കിൽ എ മോക്കിംഗ് ബേർഡ്' എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചു. അതിലെ ആറ്റിക്കസ് ഫിഞ്ച് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പെക്കിന് ആ വർഷത്തെ പ്രധാന നടനുള്ള ഓസ്കർ അവാർഡ് ലഭിച്ചു. ഹാർപ്പർ ലി എന്ന നോവലിസ്റ്റ് രചിച്ച ഈ സിനിമയിലെ കഥയനുസരിച്ച് സത്യസന്ധനായ, മൂല്യപ്രതിബദ്ധതയുള്ള വിനീതനായ ഒരു മനുഷ്യനാണ് ഫിഞ്ച്. ഈ കഥാപാത്രത്തെപ്പോലെ മഹാനടനായ പെക്കും മനോഹരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
സിനിമാലോകത്ത് അദ്ഭുതകരമായ നേട്ടങ്ങൾ കൊയ്തെടുത്ത അദ്ദേഹം ഒരിക്കൽ പറഞ്ഞു: ""ഞാൻ എന്റെ ജോലി ഇഷ്ടപ്പെടുന്നു. എന്റെ ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും ഞാൻ സ്നേഹിക്കുന്നു. ഞാൻ എപ്പോഴും സ്വയം പറയാറുണ്ട്- നീ ഒരു ഭാഗ്യവാനാണ് ഗ്രിഗറി പെക്ക്. ശരിക്കും ഒരു ഭാഗ്യവാൻ!''
പെക്ക് അങ്ങനെ പറയുക മാത്രമല്ല ചെയ്തത്. അദ്ദേഹം ജീവിച്ചത് അങ്ങനെതന്നെയായിരുന്നു. വിനയാന്വിതമായിരുന്നു പെക്കിന്റെ ജീവിതശൈലി. മറ്റു പ്രസിദ്ധ നടന്മാരെപ്പോലെ കൊട്ടാരസമാനമായ വീട്ടിലല്ല അദ്ദേഹം ജീവിച്ചത്. ഹോളിവുഡിലെ പാർട്ടികളിലും ആഘോഷങ്ങളിലുംനിന്ന് അദ്ദേഹം പൊതുവേ അകന്നുനിന്നു. ഒരു സാധാരണ പൗരനെപ്പോലെ ജീവിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഒരുദിവസം സുഹൃത്തിനോടൊപ്പം പെക്ക് ലോസ് ആഞ്ചലസിലെ തിരക്കേറിയ ഒരു റസ്റ്റോറന്റിൽ പോയി. തിരക്കുമൂലം അവർക്ക് സീറ്റു കിട്ടാൻ ഏറെസമയം കാത്തുനിൽക്കേണ്ടിവന്നു. അവിടത്തെ റിസപ്ഷനിസ്റ്റാവട്ടെ അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. അപ്പോൾ സുഹൃത്ത് അസഹിഷ്ണുതയോടെ പറഞ്ഞു: ""ഗ്രിഗറി, നീ പോയി ആരാണെന്ന് റിസപ്ഷനിസ്റ്റിനോടു പറയൂ. അപ്പോൾ നമുക്കു വേഗം സീറ്റ് കിട്ടും.'' ഉടനെ ശാന്തമായി അദ്ദേഹം പറഞ്ഞു: ""ഇല്ല, നീ ആരാണെന്നു പറയേണ്ടിവന്നാൽ നീ യഥാർഥത്തിൽ അതായിരിക്കുകയില്ല.''
എത്രയോ അർഥപൂർണമായ മറുപടിയാണിത്! എന്താണ് ഈ മറുപടിയുടെ അർഥം? സ്വയം പ്രഖ്യാപിക്കേണ്ടതല്ല യഥാർഥ മഹത്വം എന്നതല്ലേ? യഥാർഥ മഹത്വം ഒളിഞ്ഞിരിക്കുന്നത് വിനയത്തിലാണ്. യഥാർഥ മഹത്വമുള്ളവർക്ക് അത് സ്വയം പ്രഖ്യാപിക്കേണ്ട കാര്യമില്ല. അവരുടെ നന്മ നിശബ്ദമായി അവരുടെ ജീവിതത്തിൽ പ്രതിഫലിച്ചുകൊള്ളും.
പെക്കിന്റെ ജീവിതത്തിലെ നന്മ അദ്ദേഹം പ്രതിഫലിപ്പിച്ച ഒരു സംഭവം ഇവിടെ കുറിക്കട്ടെ. 1953ൽ പെക്ക് നായകനായി അഭിനയിക്കുന്ന "റോമൻ ഹോളിഡേ' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന അവസരം. അപ്പോഴാണ് തന്നോടൊപ്പം അഭിനയിക്കുന്ന ഓഡ്റി ഹെപ്ബേണ് എന്ന നടിയുടെ അഭിനയശേഷിയും മഹത്വവും അദ്ദേഹം മനസിലാക്കിയത്.
സിനിമയുടെ കരാർ അനുസരിച്ച് പരസ്യങ്ങളിൽ പെക്കിന്റെ പേരും ചിത്രവുമായിരുന്നു പ്രധാനമായും നൽകേണ്ടിയിരുന്നത്. എന്നാൽ ഓഡ്റിയുടെ അഭിനയം കണ്ടപ്പോൾ ആ നടിക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ അദ്ദേഹം തീരുമാനിച്ചു. പരസ്യങ്ങളിൽ തന്റെ ചിത്രത്തിന്റെയും പേരിന്റെയുമൊപ്പം അതേ വലിപ്പംതന്നെ ഓഡ്റിയുടെയും ചിത്രത്തിനും പേരിനും നൽകണമെന്നും അദ്ദേഹം ശഠിച്ചു.
എന്നാൽ ഇങ്ങനെ ചെയ്തത് തന്റെ മഹത്വമായി കാണാൻ അദ്ദേഹം തയാറായില്ല. അത് സ്റ്റുഡിയോയുടെ സല്പേരിന് ആവശ്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാരണം ഓഡ്റി ഓസ്കർ അവാർഡ് നേടുമെന്ന് അദ്ദേഹത്തിന് തീർച്ചയായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഓഡ്റിക്ക് മുൻകൂട്ടി പബ്ലിസിറ്റി കൊടുക്കാതിരുന്നാൽ അത് സ്റ്റുഡിയോയുടെ തെറ്റാകുമെന്ന് അദ്ദേഹം വിലയിരുത്തി. അദ്ദേഹത്തിന്റെ നിഗമനം ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തു.
ദൈവവചനം പറയുന്നു: ""ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്റേതല്ല അതു ചെയ്യേണ്ടത്'' (സുഭാഷിതങ്ങൾ 27:2). പെക്ക് എന്ന അസാധാരണ നടൻ ആത്മപ്രശംസയുടെ വഴിയേ പോയില്ല. വിനീതമായ ജീവിതം നയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
നാം ആരും പെക്കിനെപ്പോലെ കേമന്മാരോ പ്രസിദ്ധരോ അല്ല. എങ്കിൽപ്പോലും നാം അറിയാതെയാണെങ്കിലും ആത്മപ്രശംസയുടെ വഴി തെരഞ്ഞെടുക്കാറില്ലേ? സ്വന്തം സ്തുതിയും പുകഴ്ചയും നാം ആഗ്രഹിക്കുന്നുവെന്നു സാരം. എന്നാൽ ദൈവവചനം പറയുന്നു: ""തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും'' (മത്താ 23:12).
ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും നാം വിനയമുള്ളവരായിരിക്കണം. കാരണം പൗലോസ് അപ്പസ്തോലൻ അനുസ്മരിപ്പിക്കുന്നതുപോലെ നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1 കോറിന്തോസ് 15:10). നമ്മുടെ ജീവിതത്തിലെ സകല നന്മകളുടെയും അടിസ്ഥാനം ദൈവത്തിന്റെ കൃപയാണെന്നു സാരം. ഈ യാഥാർഥ്യം മനസിലാക്കിയാൽ നാം എന്നും വിനയമുള്ളവരായി ജീവിക്കും. അപ്പോൾ നമ്മുടെ നന്മ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും.
Jeevithavijayam
നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഹംഗേറിയൻ എഴുത്തുകാരനാണ് ലാസ്ലോ ക്രാസ്നഹോർകായ്. സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം അദ്ദേഹത്തിനായിരുന്നു. ഹൈസ്കൂൾ പഠനകാലത്ത് പിയാനിസ്റ്റായി ചില മ്യൂസിക് ബാൻഡുകളിൽ പ്രവർത്തിച്ചിട്ടുള്ള ക്രാസ്നഹോർകായ് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷമാണ് സാഹിത്യരചനയിലേക്കു കടന്നത്.
1977ൽ അദ്ദേഹത്തിന്റെ ആദ്യ ചെറുകഥ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും 1985ൽ പുറത്തിറങ്ങിയ "സാത്താൻടാംഗോ' എന്ന നോവലാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. ഈ നോവലിനെ ആധാരമാക്കി അദ്ദേഹംതന്നെ തയാറാക്കിയ തിരക്കഥ "സാത്താൻടാംഗോ' എന്ന സിനിമയ്ക്കും ജന്മം നൽകി.
ക്രാസ്നഹോർകായ് ജനിച്ചുവളർന്നത് ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകാലഘട്ടത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് "സാത്താൻടാംഗോ'യിലെ കഥ ഇതൾവിടർത്തുന്നത്. കഥ നടക്കുന്നത് ഒരു കർഷകഗ്രാമത്തിലാണ്. എല്ലാ രീതിയിലും തകർന്നടിഞ്ഞ ഗ്രാമം. പട്ടിണിയാണ് മുഖമുദ്ര. പ്രതീക്ഷ നഷ്ടപ്പെട്ട് അർധമൃതരായി കഴിയുന്നവരാണ് ഗ്രാമവാസികൾ.
അങ്ങനെയിരിക്കെയാണ് മരിച്ചുപോയി എന്നു ജനം കരുതിയിരുന്ന ഇരീമിയാസ് എന്നൊരാൾ ആ ഗ്രാമത്തിലേക്കു മടങ്ങിയെത്തുന്നത്. അയാളെ കണ്ടപ്പോൾ അവർ പറഞ്ഞു: "അവൻ ജീവിച്ചിരിക്കുന്നു. നമ്മെ രക്ഷിക്കാനായി അവൻ വന്നിരിക്കുകയാണ്.'
പെട്ടെന്ന് ആ ഗ്രാമവാസികളിൽ പ്രതീക്ഷ മുളയെടുത്തു. അയാൾക്ക് പറയാനുള്ളത് എന്താണെന്ന് അവർ ശ്രദ്ധിച്ചു. ദുരിതങ്ങളിൽനിന്ന് മോചനംനൽകാനെത്തിയ രക്ഷകനായാണ് അവർ ഇരീമിയാസിനെ കണ്ടത്.
ഇരീമിയാസ് ജനത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: ""നമ്മൾ പുതിയൊരു സമൂഹം സൃഷ്ടിക്കാൻ പോവുകയാണ്. നിങ്ങൾ എന്റെകൂടെ വരൂ. നാം ഒരുമിച്ച് പട്ടിണി മാറ്റും. നമ്മുടെയിടൽ സമാധാനം പുനഃസ്ഥാപിക്കും. അധികാരികളുടെ ചൂഷണത്തിൽനിന്നു നിങ്ങളെ ഞാൻ മോചിപ്പിക്കും. നമ്മൾ പുതിയൊരു ജനമായി മാറും. നാം ഒരുമിച്ച് പുത്തൻ നേട്ടങ്ങൾക്ക് ഉടമകളായിമാറും.''
ഇരീമിയാസിന്റെ മധുരവാഗ്ദാനങ്ങൾ അങ്ങനെ നീണ്ടുപോയി. ജനം അയാളെ വിശ്വസിച്ചു. അങ്ങനെയാണ് തട്ടിപ്പിലൂടെ അവരുടെ ജീവിതസന്പാദ്യം മുഴുവൻ അയാളുടെ കൈകളിലെത്തിയത്. എന്നാൽ അയാൾ വാഗ്ദാനംചെയ്ത മോഹന പറുദീസ ഫലമണിഞ്ഞില്ല.
എങ്കിലും അയാൾ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതായി നോവലിൽ കാണുന്നില്ല. ഇരീമിയാസിന്റെ മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ചവരാകട്ടെ പ്രതീക്ഷ നശിച്ചവരെപ്പോലെ അലയുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
എവിടെയാണ് ഈ ജനത്തിനു തെറ്റുപറ്റിയത്? അവർ പ്രതീക്ഷയർപ്പിച്ചത് ഒരു വ്യാജ പ്രവാചകനിലായിരുന്നു. അയാളുടെ നുണകൾ അവർ സത്യമായി കരുതി. അയാളുടെ ഇരുണ്ട വഴികളിലൂടെ അവർ വെളിച്ചം കാണാതെ നടന്നു. വെളിച്ചത്തിനു പകരം അവർ ഇരുളിനെ പിന്തുടരുകയായിരുന്നു.
ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായ ജി.കെ. ചെസ്റ്റർട്ടൻ എഴുതി: ""വിശ്വാസമില്ലാത്തിടത്ത് വ്യാജ ദേവന്മാർ ആ സ്ഥാനം കരസ്ഥമാക്കും.'' അപ്പോൾ ആളുകൾ വിശ്വാസമർപ്പിക്കുക ദൈവത്തിലായിരിക്കുകയില്ല. പ്രത്യുത വ്യാജ ദേവന്മാരിലായിരിക്കും. അതുപോലെ, അവർ നൽകുന്ന വ്യാജ വാഗ്ദാനങ്ങളിലും.
ക്രാസ്നഹോർകായ് പറയുന്നത് ഹംഗറിയിലെ ഒരു ഗ്രാമത്തിന്റെ കഥ മാത്രമല്ല, അതു നമ്മുടെയും കഥയാണ്. കാരണം, നാം ഇടയ്ക്കിടെ മറ്റുള്ളവരുടെ മോഹനവാഗ്ദാനങ്ങളിൽ വീണു പോകാറില്ലേ? അവ വരുന്നത് രാഷ്ട്രീയക്കാരിൽനിന്നോ പുത്തൻ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കച്ചവടക്കാരിൽനിന്നോ ആവാം.
അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽനിന്നോ മറ്റു മേഖലകളിൽനിന്നോ ആകാം. എല്ലാവരും വാഗ്ദാനം നൽകുന്നതാകട്ടെ ജീവിതത്തിൽ അഭിവൃദ്ധിയും സമാധാനവും സന്തോഷവുമൊക്കെ നൽകുമെന്നു മോഹിപ്പിക്കുന്ന കാര്യങ്ങളും.
എന്നാൽ ഇവയ്ക്കൊന്നിനും ജീവിതത്തിൽ യഥാർഥ പ്രതീക്ഷയും സന്തോഷവും തരാൻ സാധിക്കില്ലെന്നതാണ് വസ്തുത. അതു ദൈവത്തിനു മാത്രമേ സാധിക്കൂ.
ദൈവവചനം പറയുന്നു: ""ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും. അവർ കഴുകനെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയുമില്ല'' (ഏശ 40:31). ഈ വസ്തുത മനസിലാക്കിയതുകൊണ്ടാണ് സങ്കീർത്തകനായ ദാവീദ് എഴുതിയത്: ""ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം. അവിടന്നാണ് എനിക്ക് പ്രത്യാശ നൽകുന്നത്'' (സങ്കീ 62:5-6).
ദൈവവിശ്വാസമില്ലാത്ത ഒരു ജനതയെയാണ് ക്രാസ്നഹോർകായ് തന്റെ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നുമാത്രമല്ല, ഈ നോവലിലെ ഗ്രാമവാസികൾ സാത്താനോടൊപ്പം സഞ്ചരിക്കുന്നതായിട്ടാണ് നോവലിന്റെ പേരു നൽകുന്ന സൂചന.
ടാംഗോ എന്നത് രണ്ടുപേർ ചേർന്നുള്ള ഒരു നൃത്തമാണ്. പത്തൊന്പതാം നൂറ്റാണ്ടിൽ അർജന്റീനയിലും യുറഗ്വേയിലുമായി രൂപംകൊണ്ട ഈ നൃത്തരീതി ദ്രുതചലനങ്ങളും നാടകീയ നീക്കങ്ങളും ആലിംഗനങ്ങളുംകൊണ്ടു വ്യത്യസ്തമായിത്തീർന്നതാണ്.
"സാത്താൻടാംഗോ' എന്ന പേരു സൂചിപ്പിക്കുന്നത് സാത്താനോടൊത്തു നൃത്തം ചെയ്യുന്നവരെക്കുറിച്ചാവണം. അതായത് പ്രകാശത്തിനു പകരം അന്ധകാരത്തിന്റെ വഴിയിലൂടെ നടക്കുന്നവരെക്കുറിച്ച്. അവരുടെ ജീവിതത്തിൽ എന്നും നിരാശയും അസമാധാനവും അസംതൃപ്തിയും മാത്രമേ ഉണ്ടാകൂ. കാരണം, അവരുടെ ജീവിതത്തിൽ ദൈവത്തിനു സ്ഥാനമില്ല എന്നതുതന്നെ.
എന്നാൽ ജീവിതത്തിൽ ദൈവത്തിന് ഉന്നതസ്ഥാനം നൽകുന്നവരുടെ കാര്യം ഏറെ വ്യത്യസ്തമായിരിക്കും. ദൈവവചനം പറയുന്നു: ""അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങയിൽ ആശ്രയിക്കുന്നു'' (ഏശ 26:3). നമുക്ക് എപ്പോഴും ദൈവത്തിൽ ആശ്രയിക്കാം. അപ്പോൾ നമ്മുടെ പ്രതീക്ഷകൾ പൂവണിയും. നാം സമാധാനത്തിന്റെ തികവിലായിരിക്കുകയും ചെയ്യും.
Jeevithavijayam
ഇനീഗോ എന്ന് ആദ്യം അറിയപ്പെട്ടിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് ഓഫ് ലയോള (1491-1556) സ്പെയിനിലെ ബാസ്ക് പ്രദേശത്താണ് ജനിച്ചത്. പ്രഭുവംശജരായ മാതാപിതാക്കളുടെ പതിമൂന്നു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം.
ചെറുപ്പത്തിൽ വാൾപ്പയറ്റ് അഭ്യസിക്കുന്നതിലും ഡാൻസ് പഠിക്കുന്നതിലുമൊക്കെയായിരുന്നു ഇഗ്നേഷ്യസിന്റെ ശ്രദ്ധ. പതിനേഴു വസയുള്ളപ്പോൾ അദ്ദേഹം ആർമിയിൽ ചേർന്നു.
നജീറായിലെ പ്രഭുവായിരുന്ന അന്റോണിയ ലാറായുടെ കീഴിൽ പല പ്രാദേശിക യുദ്ധങ്ങളിലും ഇഗ്നേഷ്യസ് പങ്കെടുത്തു. അപ്പോഴൊന്നും അദ്ദേഹത്തിനു പരിക്കേൽക്കുകയുണ്ടായില്ല.
എന്നാൽ 1521 മേയ് മാസത്തിൽ നടന്ന യുദ്ധത്തിൽ അദ്ദേഹത്തിന്റെ കാലിനു സാരമായ പരിക്കേറ്റു. ആ പരിക്കിൽനിന്ന് മോചനംനേടാൻ ഒട്ടേറെ മാസങ്ങൾ അദ്ദേഹത്തിനു വേണ്ടിവന്നു. ഇഗ്നേഷ്യസ് ശാരീരികമായി വളരെയേറെ വേദന സഹിച്ച അവസരമായിരുന്നു അത്.
വേദനയിൽ ആശ്വാസം കണ്ടെത്താനും സമയം തള്ളിനീക്കാനുമായി അദ്ദേഹം പുസ്തകവായനയിലേക്കു തിരിഞ്ഞു. അദ്ദേഹത്തിനു വേണ്ടിയിരുന്നത് യുദ്ധവീരന്മാരുടെ സാഹസിക കഥകളും റൊമാന്റിക് കഥകളുമായിരുന്നു. എന്നാൽ അദ്ദേഹത്തിനു ലഭിച്ചതാകട്ടെ യേശുവിന്റെ ഒരു ജീവചരിത്രവും ചില വിശുദ്ധരുടെ ജീവചരിത്രങ്ങളുമായിരുന്നു.
ഈ വായനയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. യുദ്ധവീരനായി സ്ഥാനമാനങ്ങളും പ്രശസ്തിയും മോഹിച്ച അദ്ദേഹം അതിവേഗം ആത്മീയവഴിയിലേക്കു തിരിഞ്ഞു. അപ്പോൾ അദ്ദേഹത്തിനു മുപ്പതു വയസായിരുന്നു.
കാലിന്റെ പരിക്ക് സുഖപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം തപസും പ്രായശ്ചിത്തവും നിറഞ്ഞ ജീവിതരീതിയിലേക്കു തിരിഞ്ഞു. അതോടൊപ്പം വിശുദ്ധനാടുകളിലേക്ക് അദ്ദേഹം തീർഥയാത്രയും നടത്തി.
വൈദികനാകാൻ ആഗ്രഹിച്ച അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് പാരിസിൽ പഠനം തുടരുന്പോൾ അവിടെ കണ്ടുമുട്ടി സുഹൃത്തുക്കളായിമാറിയ ആറുപേർക്കൊപ്പം ഈശോ സഭ എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. ലോകമെന്പാടും ഈ സന്യാസ സമൂഹം ഇപ്പോൾ വ്യാപിച്ചുകിടക്കുന്നു.
ഒരു സന്യാസസഭാ സ്ഥാപകനെന്നപോലെ അദ്ദേഹത്തെ പ്രസിദ്ധനാക്കിയ മറ്റൊരു കാര്യം അദ്ദേഹം രചിച്ച സ്പിരിച്വൽ എക്സർസൈസസ് എന്ന ആധ്യാത്മിക ക്ലാസിക് ആയിരുന്നു. ആധ്യാത്മിക വളർച്ചയുടെ ഇഗ്നേഷ്യൻ മോഡൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രചന ആരംഭിക്കുന്നത് 1522-23 കാലത്താണ്.
മണ്റേസ എന്ന പ്രദേശത്തിനടുത്തുള്ള ഒരു ഗുഹയിൽ പ്രാർഥനയും തപസുമായി പതിനൊന്നുമാസം അദ്ദേഹം ചെലവഴിച്ചു. ഈ അവസരത്തിൽ അദ്ദേഹത്തിനുണ്ടായ ആധ്യാത്മിക അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ ഗ്രന്ഥത്തിനു തുടക്കംകുറിക്കുന്നത്.
എന്നാൽ ഈ പുസ്തകത്തിന് അവസാനരൂപം നൽകിയത് 1540-41 കാലത്തായിരുന്നു. എന്തിനാണെന്നോ ഈ പുസ്തകത്തിന്റെ കഥ ഇവിടെ വിവരിച്ചത്? അരൂപിയെ വിവേചിച്ചറിയാനുള്ള നിയമങ്ങൾ എന്നപേരിൽ ഈ പുസ്തകത്തിൽ ഒരു ഭാഗമുണ്ട്. ഇന്നു നമ്മുടെ ജീവിതത്തിലും പ്രസക്തമായ കാര്യങ്ങളാണ് അവയിൽ പ്രതിപാദിക്കപ്പെടുന്നത്.
ശബ്ദപൂർണമാണ് നമ്മുടെ ജീവിതം. എന്തെല്ലാം ശബ്ദങ്ങളാണ് നാം അനുദിനം കേൾക്കുന്നത്? അവയിൽ ദൈവസ്വരം ഉണ്ടാകാം. ദുഷ്ടാരൂപിയുടെ സ്വരം ഉണ്ടാകാം. നമ്മുടെയും സ്വരമുണ്ടാകാം. അവ ഏതൊക്കെയാണെന്ന് എങ്ങനെയാണ് മനസിലാക്കാൻ സാധിക്കുക?
അതിനു നമുക്കു വിവേചന ശക്തിവേണം. നമ്മുടെ ചിന്തകളെയും നാം അഭിമുഖീകരിക്കുന്ന കാര്യങ്ങളെയും ശരിയായി വിവേചിക്കുവാൻ സഹായിക്കുന്നവയാണ് ഇഗ്നേഷ്യസ് നൽകുന്ന ഈ നിയമങ്ങൾ.
നമ്മിലുണ്ടാകുന്ന ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെ ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കാൻ സഹായിക്കുന്നവയാണോ? എങ്കിൽ അവ വരുന്നതു ദൈവാരൂപിയിൽനിന്നാണെന്നു തീർച്ചയാണ്.
അതേസമയം നമ്മിലെ ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെ ദൈവത്തിൽനിന്ന് നമ്മെ അകറ്റുന്നവയാണോ? എങ്കിൽ സംശയിക്കേണ്ട, അവ വരുന്നത് ദുഷ്ടാരൂപിയിൽനിന്നുതന്നെ- വിശുദ്ധ ഇഗ്നേഷ്യസ് പഠിപ്പിക്കുന്നു.
ദൈവാരൂപിയിൽനിന്ന് വരുന്ന പ്രചോദനങ്ങളുടെയും ആഗ്രഹങ്ങളുടെയുമൊക്കെ പ്രത്യേകത അവ നമ്മിൽ ആശ്വാസവും ആനന്ദവും പ്രത്യാശയുമൊക്കെ ജനിപ്പിക്കും എന്നതാണ്.
എന്നാൽ ദുഷ്ടാരൂപിയിൽനിന്നു വരുന്ന നിയന്ത്രണങ്ങൾ നമ്മിൽ സൃഷ്ടിക്കുന്നത് വിരസതയും സംശയവും നിരാശയുമൊക്കെയായിരിക്കും. അവ നന്മയുടെ വഴിയിൽനിന്നു വ്യതിചലിച്ച് തിന്മയുടെ പാതയിലേക്കു തിരിയാൻ നമ്മെ പ്രേരിപ്പിക്കും.
സ്വന്തം അനുഭവത്തിൽനിന്നാണ വിശുദ്ധ ഇഗ്നേഷ്യസ് ഈ നിഗമനത്തിലെത്തിയത്. കാലിനേറ്റ പരിക്കിൽനിന്നു സുഖംപ്രാപിക്കുന്നതിനിടയിൽ തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം സ്വപ്നം കാണുമായിരുന്നു.
യുദ്ധത്തിൽ വിജയിച്ച് പേരെടുക്കുന്നതിനോടൊപ്പം താൻ രഹസ്യമായി പ്രണയിക്കുന്ന രാജകുമാരിയെ വിവാഹംചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം വിഭാവനംചെയ്തു. ആ ചിന്തകൾ ചുരുങ്ങിയ നിമിഷങ്ങളിലേക്കു സന്തോഷം പകർന്നെങ്കിലും അവ നിലനിന്നില്ല. എന്നുമാത്രമല്ല, ആ ചിന്തകളുടെ ഫലം നിരാശയും ശൂന്യതാബോധവുമൊക്കെയായിരുന്നു.
എന്നാൽ യേശുവിന്റെ ചരിത്രവും വിശുദ്ധരുടെ ചരിത്രവും വായിച്ച അവസരങ്ങളിലൊക്കെ അവ മനസിനു കുളിർമയും സന്തോഷവും നൽകി. മാത്രമല്ല, വിശുദ്ധരുടെ മാതൃക അനുകരിച്ച് യേശുനാഥനെ പിന്തുടരണമെന്ന ചിന്ത കടന്നുവന്നപ്പോൾ ഹൃദയവും മനസും സന്തോഷംകൊണ്ടു നിറഞ്ഞു. അതുപോലെ ആ സന്തോഷം നീണ്ടുനിൽക്കുകയും ചെയ്തു.
ഇങ്ങനെ അദ്ദേഹത്തിനുണ്ടായ അനുഭവത്തിൽനിന്നാണ് നല്ല അരൂപിയെയും ദുഷ്ടാരൂപിയെയും വിവേചിച്ചറിയാനുള്ള നിയമങ്ങൾക്ക് അദ്ദേഹം രൂപംകൊടുത്തത്. ഈ നിയമങ്ങളിൽ അഞ്ചാമത്തേത് വളരെ പ്രധാനപ്പെട്ടതാണ്.
നമ്മുടെ മനസ് ശാന്തമായും സമാധാനപൂർണമായും ഇരിക്കുന്പോൾമാത്രമേ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാവൂ. അതായത് നാം ദൈവത്തിനോടടുത്തുനിന്നുകൊണ്ടു വേണം തീരുമാനങ്ങൾ എടുക്കാൻ. അല്ലെങ്കിൽ അവ പാളിപ്പോകുമെന്നു തീർച്ച.
നാം കടന്നുപോകുന്നത് ആത്മാവിന്റെ കാളരാത്രിയിലൂടെയാണോ? എങ്കിൽ നാം മുമ്പെടുത്തിട്ടുള്ള നല്ല തീരുമാനങ്ങൾ ഒരുകാരണവശാലും മാറ്റരുത്. എങ്കിൽ മാത്രമേ ആ കാളരാത്രി പിന്നിട്ട് നല്ല തീരുമാനങ്ങളുമായി ജീവിതത്തിലേക്കും അതുവഴി ദൈവത്തിലേക്കും മടങ്ങിവരാനാകൂ. നാം എന്തു തീരുമാനങ്ങൾ എടുത്താലും അവയെല്ലാം ദൈവം നൽകുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നു സാരം.
Jeevithavijayam
കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ജോർഡാൻ പീറ്റേഴ്സണ് 2018ൽ പ്രസിദ്ധീകരിച്ച പ്രചോദനാത്മക ഗ്രന്ഥമാണ് "12 റൂൾസ് ഫോർ ലൈഫ്: ആൻ ആന്റിഡോട്ട് ടു കേഓസ്'. മനഃശാസ്ത്രം, മതം, തത്വചിന്ത, ധാർമികത, സാഹിത്യം, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ആധാരമാക്കി തയാറാക്കിയ മാർഗനിർദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ മാർഗനിർദേങ്ങളാകട്ടെ ജീവിതത്തിന്റെ അർഥം കണ്ടെത്താനും ഉത്തരവാദിത്തം ഏറ്റെടുക്കാനും വായനക്കാരനെ സഹായിക്കുന്നു.
പ്രസിദ്ധീകരിക്കപ്പെട്ടയുടനെ ബെസ്റ്റ് സെല്ലറായി മാറിയ ഈ പുസ്തകത്തിന്റെ അന്പതു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അന്പതിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുസ്തകത്തിന് ഏറെ പ്രചാരം ലഭിച്ചതിനെത്തുടർന്ന് ഇതിന്റെ രണ്ടാംഭാഗം എന്നപോലെ "ബിയോണ്ട് ഓർഡർ, 12 മോർ റൂൾസ് ഫോർ ലൈഫ്' എന്ന പേരിൽ മറ്റൊരു പുസ്തകവും പീറ്റേഴ്സണ് പ്രസിദ്ധീകരിച്ചു.
ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പങ്കുവയ്ക്കാനുമുള്ള ഒരു ഇന്റർനെറ്റ് പ്ലാറ്റ്ഫോം ആണ് ക്വോറ. ഈ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യമായിരുന്നു "എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും അമൂല്യമായ കാര്യങ്ങൾ ഏവ' എന്നത്. ക്വോറയിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരംനൽകുന്നത് പീറ്റേഴ്സന്റെ ഒരു ഹോബിയായിരുന്നു. അങ്ങനെയാണ് ഈ ചോദ്യത്തിന് ഉത്തരം നൽകാനും അതിനു പിന്നാലെ പുസ്തകം തയാറാക്കാനും അദ്ദേഹത്തിന് അവസരമുണ്ടായത്.
അലങ്കോലമായി അല്ലെങ്കിൽ താറുമാറായി കിടക്കുന്ന ജീവിതത്തിന് ഒരു മറുമരുന്ന് എന്നപോലെയാണ് പന്ത്രണ്ടു നിയമങ്ങൾ പന്ത്രണ്ട് അധ്യായങ്ങളിലായി പീറ്റേഴ്സണ് വിവരിച്ചിരിക്കുന്നത്. ആ നിയമങ്ങൾ താഴെപ്പറയുന്നവയാണ്:
1. നിവർന്ന് നെഞ്ചുവിരിച്ചുപിടിച്ചു നിൽക്കുക. 2. സഹായിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട് എന്നപോലെ നിങ്ങളോടുതന്നെ പെരുമാറുക. 3. നിങ്ങൾക്ക് ഏറ്റവും നല്ലത് ആഗ്രഹിക്കുന്നവരുമായി സുഹൃദ്ബന്ധം സ്ഥാപിക്കുക. 4. നിങ്ങൾ ഇന്നലെ എങ്ങനെയായിരുന്നു എന്നതുമായി ഇന്നു നിങ്ങളെ താരതമ്യം ചെയ്യുക. അല്ലാതെ, മറ്റുള്ളവർ ഇന്ന് എങ്ങനെ ആയിരിക്കുന്നു എന്നതിനെക്കുറിച്ചാവരുത്.
5. നിങ്ങൾ നിങ്ങളുടെ മക്കളെ ഇഷ്ടപ്പെടാതിരിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ മക്കളെ അനുവദിക്കരുത്. 6. ലോകത്തെ വിമർശിക്കുന്നതിനുമുന്പ് നിങ്ങളുടെ സ്വന്തം ഭവനം ശരിയായ രീതിയിലാക്കുക. 7. സൗകര്യപ്രദമായ കാര്യങ്ങൾക്കുപിന്നാലെ എന്നതിനുപകരം അർഥപൂർണമായ കാര്യങ്ങൾ പിന്തുടരുക. 8. സത്യം പറയുക. ചുരുങ്ങിയപക്ഷം കള്ളം പറയായിരിക്കുകയെങ്കിലും ചെയ്യുക.
9. നിങ്ങളോടു സംസാരിക്കുന്ന വ്യക്തിക്ക് നിങ്ങൾക്കറിയാത്ത എന്തെങ്കിലും അറിയാമെന്ന് അനുമാനിക്കുക. 10. നിങ്ങളുടെ സംസാരത്തിൽ വ്യക്തത ഉറപ്പാക്കുക. 11. സ്കെയ്റ്റ് ബോർഡിംഗ് ചെയ്യുന്ന കുട്ടികളെ ശല്യപ്പെടുത്താതിരിക്കുക. 12. വഴിയരികിൽ ഒരു പൂച്ചയെ കണ്ടാൽ അതിനെ ഓമനിക്കുക.
പീറ്റേഴ്സണ് നൽകുന്ന ഈ നിയമങ്ങളിൽ ഭൂരിഭാഗവും നമുക്ക് എളുപ്പത്തിൽ മനസിലാകുന്നവയാണ്. എന്നാൽ അവസാനം കൊടുത്തിരിക്കുന്ന നിയമങ്ങൾ മനസിലാക്കാൻ അല്പം വിശദീകരണം വേണ്ടിവരും. അതു നൽകുന്നതിനു മുന്പായി ഈ പുസ്തകത്തിലെ പ്രധാന ആശയം എന്താണെന്ന് ഓർമിപ്പിക്കട്ടെ. പീറ്റേഴ്സന്റെ അഭിപ്രായത്തിൽ ക്രമവും ക്രമരാഹിത്യവും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ്.
ജീവിതം ക്രമരഹിതമായി, അതായത് അലങ്കോലമായി മാറുന്പോൾ എല്ലാം അനിയന്ത്രിതമായിത്തീരും. അതുവഴിയുണ്ടാകുന്ന ദുരന്തങ്ങൾ പലപ്പോഴും പ്രവചനാതീതവുമായിരിക്കും. എന്നാൽ ക്രമമുള്ള ജീവിതത്തിൽ എല്ലാത്തിനും ഒരു ഘടനയുണ്ട്. ആ ജീവിതത്തിന് സുരക്ഷിതത്വവും അർഥവുമുണ്ട്. ക്രമരഹിതമായി ജീവിതം അലങ്കോലമാക്കാതെ, ക്രമവും ചിട്ടയും പാലിച്ച് ജീവിതത്തിൽ അർഥം കണ്ടെത്താനാണ് പീറ്റേഴ്സണ് പഠിപ്പിക്കുന്നത്.
അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് സഹനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. സഹനത്തിന്റെ മുന്നിൽ ഏറെപ്പേരും പകച്ചുനിൽക്കുന്നവരാണ്. അതിനുപകരം ജീവിതത്തിലെ സഹനങ്ങളെ തന്റേടത്തോടെ നേരിടണമെന്നാണ് പീറ്റേഴ്സണ് പഠിപ്പിക്കുന്നത്. നട്ടെല്ലുനിവർത്തി നെഞ്ചുവിരിച്ചുപിടച്ച് നിൽക്കുക എന്ന നിയമംകൊണ്ട് അദ്ദേഹം അർഥമാക്കുന്നത് ഇതാണ്.
ജീവിതത്തിലെ ദുരിതപൂർണമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നാം വൈമുഖ്യം കാണിക്കരുതെന്നു സാരം. """ഓരോരുത്തരും തന്റെ ഭാരങ്ങൾ ചുമക്കണം'' എന്നാണല്ലോ സെന്റ് പോൾ പഠിപ്പിക്കുന്നത് (ഗലാ 6:5). അതുപോലെ ""എന്നെ പിന്തുടരാൻ ആഗ്രഹിക്കുന്നവൻ തന്റെ കുരിശുമെടുത്തുകൊണ്ട് എന്റെ പിന്നാലെ വരട്ടെ'' (മത്താ 16:24) എന്ന് ദൈവപുത്രനായ യേശു പറഞ്ഞിരിക്കുന്നതും ഇവിടെ ഓർമിക്കേണ്ടതാണ്.
ബൈബിളിലെ ഈ ആശയങ്ങൾ പിന്തുടർന്നുകൊണ്ടാണ് ജീവിതം സഹനപൂർണമാണെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജീവിതത്തിന് അർഥം കാണാൻ പീറ്റേഴ്സണ് നമ്മെ ഉപദേശിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാം ആദ്യം അന്വേഷിക്കേണ്ടത് ജീവിതത്തിന്റെ അർഥമാണ്. അല്ലാതെ സന്തോഷമല്ല.
ഇനി പതിനൊന്നാമത്തെ നിയമം എന്താണെന്നു പറയാം. സ്കെയ്റ്റ് ബോർഡിംഗ് അപകടം വിളിച്ചുവരുത്താവുന്ന ഒരു വിനോദമാണ്. എങ്കിൽപ്പോലും കുട്ടികൾ അതു ചെയ്യട്ടെ എന്നുപറയുന്നതിന്റെ അർഥം ജീവിതത്തിൽ വെല്ലുവിളികൾ നേരിടാൻ അവരെ അനുവദിക്കുക എന്നതാണ്. എങ്കിൽമാത്രമേ അവർക്കു വളരാൻ സാധിക്കുകയുള്ളുവത്രേ.
ഒരു പൂച്ചയെ വഴിയിൽ കണ്ടാൽ അതിനെ ഓമനിക്കുക എന്നുപറയുന്ന പന്ത്രണ്ടാമത്തെ നിയമത്തിന്റെ അർഥം ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കുമിടയിലും ജീവിതത്തിലെ കൊച്ചുകൊച്ചു നന്മകൾ അനുസ്മരിക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നാണ്. അങ്ങനെയുള്ള നന്മകൾ ഏറെയുണ്ട് എല്ലാവരുടെയും ജീവിതത്തിൽ.
പീറ്റേഴ്സണ് അവതരിപ്പിച്ചിരിക്കുന്ന പന്ത്രണ്ടു നിയമങ്ങളും നമ്മുടെ ചിന്താവിഷയമായിരിക്കട്ടെ. ജീവിതത്തിന്റെ അർഥം കണ്ടെത്താൻ അവ നമ്മെ സഹായിക്കും.
Jeevithavijayam
വർഷംതോറും ഇരുപതു ലക്ഷത്തിലേറെ ആളുകൾ സന്ദർശിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ചാവുകടൽ. ഇസ്രയേലിനും വെസ്റ്റ് ബാങ്കിനും കിഴക്കായും ജോർദാനു പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ചാവുകടലിന് അന്പതു കിലോമീറ്റർ നീളവും പതിനഞ്ചു കിലോമീറ്റർ വീതിയുമാണുള്ളത്. സമുദ്രോപരിതലത്തിൽനിന്ന് 430 മീറ്റർ താഴെ സ്ഥിതിചെയ്യുന്ന ചാവുകടൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്.
ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ചാവുകടലിനെക്കുറിച്ച് പരാമർശമുണ്ട്. സോദോം-ഗൊമോറ എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്തിരുന്നത് ബൈബിളിൽ ഉപ്പുകടൽ എന്നു വിളിക്കപ്പെടുന്ന ചാവുകടലിന് അടുത്തായിരുന്നു (ഉത്പത്തി 14:3). ഉപ്പും ഇരുന്പും കാൽസ്യവും മഗ്നീഷ്യവുമൊക്കെ ധാരാളമായി ലഭിക്കുന്ന പ്രദേശമാണ് ചാവുകടൽ തീരങ്ങൾ. ഹേറോദോസ് മഹാരാജാവ് ചാവുകടൽ തീരത്തായി കൊട്ടാരങ്ങളും കോട്ടകളും പണിതുയർത്തിയിരുന്നു.
കാണാൻ മനോഹരമാണെങ്കിലും ജീവനില്ലാത്ത കടലാണിത്. ഈ കടലിൽ മത്സ്യങ്ങളില്ല. തീരത്തു സസ്യജാലങ്ങളുമില്ല. ചാവുകടൽ നിർജീവമാണെന്നു സാരം. എന്തുകൊണ്ടാവുമിത്? സാധാരണ സമുദ്രജലത്തിൽ മൂന്നര ശതമാനം ഉപ്പുള്ളപ്പോൾ ചാവുകടലിലെ വെള്ളത്തിൽ മുപ്പതു ശതമാനം ഉപ്പുണ്ട്. ഈ ജലത്തിൽ ജീവനു നിലനിൽക്കാൻ സാധിക്കില്ലത്രേ.
ചാവുകടലിലെ ജലത്തിലുള്ള ഉപ്പിന്റെ സാന്ദ്രത വളരെ കൂടിയിരിക്കുന്നതുകൊണ്ടാണ് അവിടെ സാധാരണഗതിയിൽ ആരും മുങ്ങിമരിക്കാറില്ലാത്തത്. നാം ചാവുകടലിൽ ഇറങ്ങിയാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയേയുള്ളൂ, താഴ്ന്നു പോകില്ല.
എന്താണ് ചാവുകടലിൽ ഉപ്പിന്റെ സാന്ദ്രത ഇത്ര കൂടാൻ കാരണം? ഒന്നാമതായി വളരെ ചൂടുള്ള പ്രദേശമാണ് ഇവിടം. തന്മൂലം ജലം നീരാവിയായി മാറുന്പോൾ ഉപ്പ് ചാവുകടലിൽ അടിഞ്ഞുകൂടുന്നു. രണ്ടാമതായി, നൂറ്റാണ്ടുകളായി ചാവുകടലിൽ ഒഴുകിയെത്തുന്ന ജലത്തിൽ ഉപ്പിന്റെയും കാൽസ്യത്തിന്റെയും മറ്റും അംശങ്ങൾ ധാരാളമുണ്ട്.
അവ അവിടെ അടിഞ്ഞുകൂടുന്നതല്ലാതെ പുറത്തേക്ക് ഒഴുകുന്നില്ല. ചാവുകടലിലെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നെങ്കിൽ തീർച്ചയായും ഉപ്പിന്റെ സാന്ദ്രത കുറയുമായിരുന്നു. അങ്ങനെയെങ്കിൽ മത്സ്യങ്ങൾക്കും സസ്യജാലങ്ങൾക്കും അവിടെ വളരാൻ സാധിക്കുമായിരുന്നു.
ചാവുകടലിന്റെ ഈ കഥ പറഞ്ഞത് വലിയൊരു ജീവിതയാഥാർഥ്യം ചൂണ്ടിക്കാട്ടാനാണ്. അതായത് നമ്മിലേക്ക് ഒഴുകിയെത്തുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരിലേക്ക് ഒഴുകാൻ നാം അനുവദിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതവും നിർജീവമായി മാറും എന്ന യാഥാർഥ്യം.
നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ ദൈവം ധാരാളം നന്മകളും അനുഗ്രഹങ്ങളും നൽകാറുണ്ട്. നമ്മുടെ സമയവും വിവിധങ്ങളായ കഴിവുകളും സന്പത്തുമെല്ലാം ദൈവം നൽകുന്ന അനുഗ്രഹങ്ങളാണ്. അവ നമ്മൾ നമുക്കായിമാത്രം വിനിയോഗിച്ചാൽ പോരാ. അവ മറ്റുള്ളവരുടെ നന്മയ്ക്കായും വിനിയോഗിക്കണം.
ദൈവവചനം പറയുന്നു: ""നിങ്ങൾക്കു സൗജന്യമായി കിട്ടി. സൗജന്യമായിത്തന്നെ നിങ്ങൾ കൊടുക്കുവിൻ'' (മത്താ 10:8). നന്മകളെല്ലാംതന്നെ നമുക്ക് സൗജന്യമായി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നാം മടിക്കരുത്. ദൈവവചനം വീണ്ടും പറയുന്നു: ""ദൈവം നിങ്ങളെ എല്ലാ കാര്യങ്ങളിലും സന്പന്നരാക്കുവാൻ കഴിയുന്നവനാണ്'' (2 കോറി 9:8). അവിടന്ന് നമ്മെ സന്പന്നരാക്കുന്നത് എന്തിനാണെന്നോ? ദൈവവചനം തുടർന്നു പറയുന്നതനുസരിച്ച് നാം എല്ലാ സൽപ്രവൃത്തികളിലും സന്പന്നരാകാൻ വേണ്ടിയാണ്.
എന്നാൽ ദൈവം നമുക്കു നൽകിയിരിക്കുന്ന നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്ക് പലപ്പോഴും മടിയാണ്. അതിന്റെ ഒരു കാരണം നമ്മുടെ ആവശ്യത്തിനുള്ളവ ഉണ്ടോ എന്ന ഭയമാകാം. അഹങ്കാരമാകാം മറ്റൊരു കാരണം. ഞാൻ അധ്വാനിച്ചു സന്പാദിച്ചത് എനിക്കുമാത്രം വേണ്ടിയുള്ളതാണെന്ന നിലപാട്. വേറെ പലർക്കും സഹായിക്കാൻ കഴിവുണ്ടല്ലോ. അവർ സഹായിക്കട്ടെ എന്ന മനോഭാവമാകാം മറ്റൊരു കാരണം.
കാരണങ്ങൾ എന്തുമാകട്ടെ, നമ്മിലേക്ക് ഒഴുകിയെത്തുന്ന നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതം ചാവുകടലിനു സമാനമായി മാറുമെന്നതിൽ സംശയംവേണ്ട. ജീവനില്ലാത്ത ഒരു ജീവിതമായിരിക്കും അതെന്നു തീർച്ച.
ഇസ്രയേലിൽ മറ്റൊരു കടലുണ്ട്- ഗലീലിയാ കടൽ. ചാവുകടലിന്റെ വടക്കുഭാഗത്തുള്ള ഈ കടലിലേക്ക് ഒഴുകിയെത്തുന്ന ജലം അവിടെ അടിഞ്ഞുകിടക്കാറില്ല. അത് താഴേക്കൊഴുകി ചാവുകടലിലാണ് എത്തുന്നത്. ഗലീലിയാ തടാകം എന്നും വിളിക്കപ്പെടുന്ന ഗലീലിയാ കടലിന് ജീവനുണ്ട്. അവിടെ മത്സ്യങ്ങളും സസ്യജാലങ്ങളുമൊക്കെ വളരുന്നു. അതിന്റെ കാരണമാകട്ടെ അവിടത്തെ ജലം പുറത്തേക്കൊഴുകുന്നു എന്നതാണ്.
നമ്മുടെ ജീവിതം ചാവുകടലിനു തുല്യമോ അതോ ഗലീലിയാ കടൽ പോലെയോ? നമുക്കു ചിന്തിച്ചുനോക്കാം.
Jeevithavijayam
ജീവിതം അടിസ്ഥാനപരമായി അധിഷ്ഠിതമായിരിക്കേണ്ടത് സത്യം, നീതി, ദയ, ആർജവം എന്നിങ്ങനെയുള്ള ധാർമിക മൂല്യങ്ങളിലാണ്. ഇവയിൽനിന്ന് വ്യതിചലിച്ച് നാം എന്തുനേടിയാലും അവയൊന്നും യഥാർഥ നേട്ടങ്ങളായിരിക്കുകയില്ല.
അമേരിക്കയിലെ കാലിഫോർണിയയിൽ ജനിച്ച മാർത്താ സലൈനാസ് അത്ര പ്രസിദ്ധയായ എഴുത്തുകാരിയൊന്നുമല്ല. യൂണിവേഴ്സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പഠിച്ച മാർത്താ അധികമൊന്നും എഴുതിക്കൂട്ടിയിട്ടുമില്ല.
എങ്കിലും അവർ എഴുതിയ "സ്കോളർഷിപ് ജാക്കറ്റ്' എന്ന കഥ ഒട്ടേറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മെക്സിക്കൻ വംശജയായ മാർത്താ സ്വന്തം കഥ പറയുന്നതുപോലെയാണ് ഈ കഥ എഴുതിയിരിക്കുന്നത്. എന്നുമാത്രമല്ല, കഥയിലെ പ്രധാന കഥാപാത്രത്തിന്റെ പേരും മാർത്താ എന്നുതന്നെ.
കഥാപാത്രമായ മാർത്താ പഠിക്കാൻ ബഹുമിടുക്കിയാണ്. അവൾ പഠിച്ച എല്ലാ ക്ലാസുകളിലും എന്നും ഒന്നാമതായിരുന്നു. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയർന്ന ഗ്രേഡ് അവൾ നേടി. എട്ടാം ക്ലാസിലെ പഠനം പൂർത്തിയാക്കുന്പോൾ "സ്കോളർഷിപ് ജാക്കറ്റ്' ലഭിക്കുക തനിക്കായിരിക്കും എന്ന് അവൾക്കു തീർച്ചയായിരുന്നു. ആ ബഹുമതി കരസ്ഥമാക്കുക അവളുടെ സ്വപ്നവുമായിരുന്നു. സഹോദരി റോസി തലേവർഷം ആ ബഹുമതി കരസ്ഥമാക്കിയിരുന്നു.
അമേരിക്കൻ സ്കൂളുകളിൽ വിദ്യാർഥികൾ എട്ടാം ക്ലാസും പന്ത്രണ്ടാം ക്ലാസുമൊക്കെ പാസാകുമ്പോൾ അവർക്ക് ഡിപ്ലോമകൾ നൽകുന്ന ബിരുദദാന ചടങ്ങ് നടക്കാറുണ്ട്. ആ ചടങ്ങുകളിൽ വിദ്യാർഥികളെ പ്രതിനിധീകരിച്ച് പ്രസംഗിക്കുന്നയാൾ ആ ക്ലാസിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർഥിയായിരിക്കും.
വലെഡിക്ടോറിയൻ എന്നാണ് ആ വിദ്യാർഥി അറിയപ്പെടുക. അങ്ങനെയുള്ള വലെഡിക്ടോറിയന് മാർത്തായുടെ സ്കൂളിൽ നൽകിയിരുന്ന സമ്മാനമായിരുന്നു "സ്കോളർഷിപ് ജാക്കറ്റ്'.
തനിക്കു സ്കോളർഷിപ് ജാക്കറ്റ് ലഭിക്കുന്നത് സ്വപ്നംകണ്ടു നടക്കുമ്പോഴാണ് രണ്ട് അധ്യാപകർതമ്മിലുള്ള ഒരു സംഭാഷണം മാർത്താ കേൾക്കാനിടയായത്.
ആ വർഷത്തെ സ്കോളർഷിപ് ജാക്കറ്റ് ആർക്കുനൽകണം എന്നതായിരുന്നു അവരുടെ ചർച്ചാവിഷയം. അതു മാർത്തായ്ക്കാണ് ന്യായമായും ലഭിക്കേണ്ടതെന്ന് ഒരാൾ വാദിച്ചപ്പോൾ മറ്റേയാൾ അതു ജോവാൻ എന്ന പെണ്കുട്ടിക്കു നൽകണമെന്ന നിലപാട് സ്വീകരിച്ചു.
സ്കൂൾ ബോർഡിലെ അംഗവും പണക്കാരനുമായിരുന്നു ജോവാന്റെ പിതാവ്. ജോവാൻ ഏറ്റവും സമർഥയായ വിദ്യാർഥിനിയല്ലെങ്കിലും സ്കോളർഷിപ് ജാക്കറ്റ് അവൾക്കു സമ്മാനിച്ചാൽ അത് സ്കൂളിനു വലിയ മെച്ചമുണ്ടാക്കുമെന്ന് ആ അധ്യാപകൻ വാദിച്ചു.
ഈ സംഭാഷണം കേൾക്കാനിടയായതിന്റെ പിറ്റേദിവസം മാർത്തായെ പ്രിൻസിപ്പൽ തന്റെ ഓഫീസിൽ വിളിപ്പിച്ചു പറഞ്ഞു: ""സ്കോളർഷിപ് ജാക്കറ്റ് സംബന്ധിച്ച നയം സ്കൂൾ ബോർഡ് മാറ്റി. വലെഡിക്ടോറിയനു സ്കോളർഷിപ് ജാക്കറ്റ് ലഭിക്കണമെങ്കിൽ അതിനു പതിനഞ്ചു ഡോളർ നൽകണമെന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. അതു നൽകാൻ തയാറല്ലെങ്കിൽ ആ സ്കോളർഷിപ് ജാക്കറ്റ് മറ്റൊരാൾക്കു നൽകും''.
ഇതു കേട്ടപ്പോൾ മാർത്താ പറഞ്ഞു: ""എന്റെ വല്യപ്പച്ചനോടു ചോദിച്ചിട്ടു പറയാം''. അന്ന് ഏറെ ദുഃഖിതയായിട്ടാണ് അവൾ വീട്ടിലേക്കു മടങ്ങിയത്. മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം അവൾ താമസിച്ചിരുന്നത് അപ്പച്ചന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു. വീട്ടിലെത്തിയ അവൾ വല്യപ്പച്ചനോടു കാര്യം പറഞ്ഞു. കൃഷിക്കാരനായിരുന്ന അദ്ദേഹത്തിന് പതിനഞ്ചു ഡോളർ അത്ര വലിയ തുകയൊന്നുമല്ലായിരുന്നു. പക്ഷേ ആ തുക നൽകാൻ അദ്ദേഹം തയാറായില്ല.
""സ്കോളർഷിപ് ജാക്കറ്റ് എന്നു പറയുന്നതിന്റെ അർഥം എന്താണ്''? അദ്ദേഹം മാർത്തായോടു ചോദിച്ചു. ""എട്ടു വർഷം തുടർച്ചയായി പരീക്ഷകൾക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് നേടുന്നവർക്കു നൽകുന്ന സമ്മാനമാണത്''- അവൾ പറഞ്ഞു.
""അങ്ങനെയെങ്കിൽ അതിനു പണം നൽകിയാൽ അതെങ്ങനെ സ്കോളർഷിപ് ജാക്കറ്റ് ആകും''? അദ്ദേഹം ചോദിച്ചു. ""പണം നൽകാൻ ഞാൻ തയാറല്ലെന്ന് നീ പോയി പ്രിൻസിപ്പലിനോടു പറയൂ''. വല്യപ്പച്ചൻ പറയുന്നത് ശരിയാണല്ലോ എന്ന് അവൾ ഓർമിച്ചു. എങ്കിലും സ്കോളർഷിപ് ജാക്കറ്റ് നഷ്ടപ്പെടുമെന്നോർത്തപ്പോൾ അവളുടെ ഹൃദയം നുറുങ്ങി.
പിറ്റേദിവസം അവൾ പ്രിൻസിപ്പലിനെ കണ്ട് തന്റെ വല്യപ്പച്ചൻ പണംനൽകാൻ തയാറല്ല എന്ന് അറിയിച്ചു. ""നിന്റെ വല്യപ്പച്ചനു പണമുണ്ടല്ലോ. പിന്നെ എന്താണ് പണം നൽകാൻ അദ്ദേഹം വിസമ്മതിക്കുന്നത്''? പ്രിൻസിപ്പൽ ചോദിച്ചു. ഉടനെ അവൾ പറഞ്ഞു: ""സ്കോളർഷിപ് ജാക്കറ്റിനു പണം നൽകിയാൽ അത് സ്കോളർഷിപ് ജാക്കറ്റ് ആകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്''.
ഇത്രയും പറഞ്ഞിട്ട് അവൾ പോകാൻ തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു: ""നിൽക്കൂ, പോകാൻ വരട്ടെ. സ്കോളർഷിപ് ജാക്കറ്റ് മാർത്തായ്ക്കുതന്നെ നൽകാൻ ഞാൻ ബോർഡിനോടു പറഞ്ഞുകൊള്ളാം''.
ഈ വിവരം മാർത്താ തന്റെ വല്യപ്പച്ചനോടു പറയുന്നതോടുകൂടി കഥ അവസാനിക്കുകയാണ്. എന്താണ് ഈ കഥ നൽകുന്ന സന്ദേശം? നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരുടെ ആദരവും ബഹുമതിയും ലഭിക്കുന്നതു നല്ലതുതന്നെ. എന്നാൽ അർഹിക്കുന്ന ആദരവും ബഹുമതിയും ലഭിക്കാതെവന്നാൽ അതിൽ നാം ഖിന്നരാകേണ്ട. അതിനുപകരം നട്ടെല്ലു വളയ്ക്കാതെ നിൽക്കുകയാണു വേണ്ടത്.
പണംകൊടുത്തു ബഹുമതി വാങ്ങിക്കൊള്ളൂ എന്നായിരുന്നു പ്രിൻസിപ്പൽ മാർത്തായോടു പറഞ്ഞത്. എന്നാൽ അങ്ങനെ വാങ്ങുന്ന ബഹുമതി, ബഹുമതിയാകുന്നില്ല എന്നായിരുന്നു അവളുടെ വല്യപ്പച്ചന്റെ നിലപാട്. ആ നിലപാട് അവൾ പൂർണമായി അംഗീകരിക്കുകയും ചെയ്തു. ഈ കഥ ബഹുമതി സ്വീകരിക്കുന്നതിനെക്കുറിച്ചു മാത്രമുള്ളതല്ല. ഇത് ജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട ആർജവത്തെക്കുറിച്ചുള്ള കഥകൂടിയാണ്.
നമുക്കു ലഭിക്കുന്ന അംഗീകാരവും ബഹുമതിയുമൊക്കെയായിരിക്കും നാം പലപ്പോഴും വലിയ കാര്യമായി കരുതുക. എന്നാൽ അതിലേറെ വലിയകാര്യം നമ്മുടെ ജീവിതം ശരിയായ രീതിയിൽ തത്വാധിഷ്ഠിതമാണോ എന്നുള്ളതാണ്. ജീവിതം അടിസ്ഥാനപരമായി അധിഷ്ഠിതമായിരിക്കേണ്ടത് സത്യം, നീതി, ദയ, ആർജവം എന്നിങ്ങനെയുള്ള ധാർമിക മൂല്യങ്ങളിലാണ്. ഇവയിൽനിന്ന് വ്യതിചലിച്ച് നാം എന്തുനേടിയാലും അവയൊന്നും യഥാർഥ നേട്ടങ്ങളായിരിക്കുകയില്ല.
പണംകൊടുത്തു വാങ്ങുന്ന ബഹുമതി ശരിയായ ബഹുമതിയല്ല എന്ന അവബോധം ആ വല്യപ്പച്ചനുണ്ടായിരുന്നു. അതുപോലെയുള്ള ഒരവബോധം ധാർമികമൂല്യങ്ങളെക്കുറിച്ച് നമുക്കുണ്ടായാൽ ജീവിതം എത്രയേറെ മെച്ചപ്പെടുമായിരുന്നു!.
Jeevithavijayam
2023ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സിനിമയാണ് "ദ മിറക്കിൾ ക്ലബ്'. അയർലൻഡിലും ബ്രിട്ടനിലുമായി നിർമിക്കപ്പെട്ട ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് തദേവൂസ് സള്ളിവനാണ്. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ബാലിഗർ എന്ന പ്രദേശത്തെ ചില സ്ത്രീകളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
അവരിലൊരാൾ ലിലി. രണ്ടാമത്തവൾ ഐലീൻ. മൂന്നാമത്തവൾ ഡോളി. "മിറക്കിൾസ്' എന്ന പേരിൽ അവർ ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു. ഇടവകപ്പള്ളിയിലെ ടാലന്റ് ഷോ മത്സരത്തിൽ അവർ വിജയികളായി. സമ്മാനമായി കിട്ടിയത് ലൂർദിലേക്കു തീർഥയാത്ര പോകാനുള്ള ടിക്കറ്റുകളായിരുന്നു. തീർഥയാത്ര നയിച്ചിരുന്നത് അവിടത്തെ പള്ളിവികാരിയായ ഫാ. ഡെർമോട്ടും.
ലിലിയുടെ ജീവിതാഭിലാഷമായിരുന്നു ലൂർദിലേക്കു തീർഥയാത്ര പോവുകയെന്നത്. ഐലീനെ സംബന്ധിച്ചിടത്തോളം തന്റെ കാൻസർ രോഗത്തിനു ശമനംതേടുക എന്നതായിരുന്നു യാത്രാലക്ഷ്യം. ഡോളിയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. ബാലനായ മകൻ ഡാനിയേലിനു സംസാരശേഷി ലഭിക്കാൻവേണ്ടിയായിരുന്നു അവളുടെ തീർഥയാത്ര.
ഈ മൂന്നുപേരും തീർഥയാത്രയ്ക്കൊരുങ്ങിയപ്പോൾ അവരുടെ ഭർത്താക്കന്മാർ നഖശിഖാന്തം എതിർത്തു. തീർഥയാത്ര പോയാൽ വീട്ടിലേക്കു മടങ്ങിവരേണ്ട എന്ന അന്ത്യശാസനം ഡോളിയുടെ ഭർത്താവ് അവൾക്കു നൽകിയിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ അവർ യാത്രതുടങ്ങി. അപ്പോഴാണ് ക്രിസി എന്ന നാലാമതൊരു സ്ത്രീ അവർക്കൊപ്പം ചേരുന്നത്.
വർഷങ്ങൾക്കുമുന്പ് അമേരിക്കയിലേക്കു കുടിയേറാൻ നിർബന്ധിതയായവളാണ് ക്രിസി. അതിനു കാരണം ലിലിയുടെ മകനായ ഡെക്ലാനുമായുള്ള അവളുടെ പ്രേമബന്ധമായിരുന്നു. വിവാഹത്തിനുമുന്പ് ഡെക്ലാനിൽനിന്നു ഗർഭവതിയായ അവളെ സമൂഹം ആട്ടിപ്പുറത്താക്കുകയായിരുന്നു. ക്രിസി നാടുവിട്ടു എന്നു കേട്ടപ്പോൾ ദുഃഖംമൂലം ഡെക്ലാൻ ആത്മഹത്യചെയ്തു. എന്നാൽ ഒരപകടത്തിൽ അയാൾ മുങ്ങിമരിച്ചു എന്നാണ് പരക്കേ അറിയപ്പെട്ടത്.
അമ്മ മൊറീന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ക്രിസി ഡബ്ലിനിൽ തിരിച്ചെത്തിയത്. അപ്പോൾ ലിലിയും ഐലീനും ശത്രുതാമനോഭാവത്തോടെയാണ് അവളോടു പെരുമാറിയത്. എങ്കിലും അമ്മയുടെ സംസ്കാരശുശ്രൂഷകൾ കഴിഞ്ഞപ്പോൾ ക്രിസിയും ആ തീർഥാടനസംഘത്തിൽ ചേരാൻ തീരുമാനിച്ചു.
ലൂർദിലെത്തിയ തീർഥാടകർ അവർ ആഗ്രഹിക്കുന്ന അദ്ഭുതങ്ങൾ അതിവേഗം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അവിടത്തെ ജലത്തിൽ കുളിച്ചിട്ടും പ്രത്യക്ഷത്തിലുള്ള അദ്ഭുതങ്ങളൊന്നും നടന്നില്ല. പ്രത്യേകിച്ചും ഐലീന്റെ കാര്യത്തിൽ. ആ സ്ത്രീ പ്രതീക്ഷിച്ചിരുന്നതുപോലെ തന്റെ മാറിലെ മുഴ അപ്രത്യക്ഷമായില്ല. തന്മൂലം ഐലീൻ പൊട്ടിത്തെറിച്ചു. ലൂർദിലെ പരിപാടികളെല്ലാം തട്ടിപ്പാണ് എന്നായിരുന്നു അവളുടെ നിലപാട്.
ഉൗമയായ തന്റെ മകൻ ലൂർദിലെത്തിയാൽ സംസാരിക്കുമെന്നായിരുന്നു ഡോളി വിചാരിച്ചിരുന്നത്. എന്നാൽ ആ അദ്ഭുതം നടക്കാതെവന്നപ്പോൾ അവൾ ആകെ തകർന്നു. ഡാനിയേലിനെ ഗർഭം ധരിച്ചിരുന്നപ്പോൾ അവനെ ഗർഭച്ഛിദ്രത്തിലൂടെ നശിപ്പിക്കാൻ ആലോചിച്ചതിന്റെ ശിക്ഷമൂലമാണ് അവൻ ഊമയായി ജനിച്ചതെന്ന് ഡോളി വിലപിച്ചു.
ക്രിസിയും തന്റെ കുറ്റം ഏറ്റുപറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ക്രിസി ഏറ്റുപറഞ്ഞ കുറ്റം തന്റെ ഗർഭച്ഛിദ്രമായിരുന്നു. ഇതിനിടയിൽ ക്രിസി ലിലിയുമായി രമ്യപ്പെട്ടുകഴിഞ്ഞിരുന്നു. ഐലീനും ഡോളിയുമൊക്കെ പ്രതീക്ഷിച്ച അദ്ഭുതം കാണാതെയാണ് ഡബ്ലിനിലേക്കു മടങ്ങിയത്.
എന്നാൽ അവരാരും ശ്രദ്ധിക്കാത്ത വലിയ അദ്ഭുതം ലൂർദിലെ സന്ദർശനത്തിനിടയിൽ അവരുടെ ജീവിതത്തിൽ നടന്നുകഴിഞ്ഞിരുന്നു. ലിലിയെയും ഐലീനെയും ക്രിസിയെയും സംബന്ധിച്ചിടത്തോളം പരസ്പരം ക്ഷമിക്കാനും അങ്ങനെ അവരുടെ ജീവിതം ഏറെ പ്രസന്നമാക്കാനും സാധിച്ചു. ഡോളിയെ സംബന്ധിച്ചിടത്തോളം തന്റെ കുറ്റം ഏറ്റുപറയുകവഴി വലിയ മനസമാധാനം ലഭിച്ചു.
ലിലിയും ഐലീനും ഡോളിയും തീർഥാടനംകഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഭർത്താക്കന്മാർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. അതും ഒരദ്ഭുതമായിരുന്നു. അതോടൊപ്പം ഡോളി പ്രതീക്ഷിച്ച അദ്ഭുതം നടക്കുന്നതും നാം കാണുന്നുണ്ട്. വീട്ടിൽ മടങ്ങിയെത്തിയ ഡാനിയേൽ വീട് എന്ന അർഥംവരുന്ന "ഹോം' എന്ന വാക്കുപറയുന്നതാണ് ആ അദ്ഭുതം.
എന്താണ് ഈ സിനിമ നൽകുന്ന സന്ദേശം? രോഗശാന്തി മാത്രമല്ല യഥാർഥ അദ്ഭുതം. തെറ്റുകൾ പരസ്പരം ഏറ്റുപറയാനും ക്ഷമിക്കാനും അങ്ങനെ ജീവിതത്തിലെ സങ്കടങ്ങൾ സന്തോഷത്തോടെ നേരിടാനും സാധിച്ചാൽ അതും യഥാർഥ അദ്ഭുതംതന്നെയാണ്.
ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നിലനിൽക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കൃപ മൂലമാണ്. അതും വലിയൊരു അദ്ഭുതംതന്നെയെന്നു സാരം.
പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന അദ്ഭുതം നടക്കാതെവരുമ്പോഴും നമ്മിൽ വിശ്വാസം നിലനിൽക്കുന്നുണ്ടോ? സ്നേഹം ഉണ്ടോ? ക്ഷമിക്കാനുള്ള സന്നദ്ധതയുണ്ടോ? സ്വന്തം കുരിശുകൾ വഹിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള മനഃശക്തിയുണ്ടോ? ഉണ്ടെങ്കിൽ അവയൊക്കെ ദൈവം നമ്മിൽ പ്രവർത്തിക്കുന്ന അദ്ഭുതങ്ങൾതന്നെയെന്നതാണ് വാസ്തവം. അതു നാം മറക്കരുത്.
ദൈവം നമ്മിൽ പ്രവർത്തിക്കുന്ന ഈ അദ്ഭുതങ്ങളെക്കുറിച്ച് എത്രമാത്രം അവബോധം നമുക്കുണ്ടാകുന്നുവോ അത്രയും നമ്മുടെ ജീവിതം കൃതജ്ഞതാപൂരിതവും സന്തോഷപ്രദവുമായിരിക്കും.
Jeevithavijayam
കന്നഡ സാഹിത്യത്തിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ബാനു മുഷ്താക്. പത്രപ്രവർത്തക, റേഡിയോ ജേർണലിസ്റ്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അവർ ആറു ചെറുകഥാ സമാഹാരങ്ങൾ, ഒരു നോവൽ, ഒരു ലേഖനസമാഹാരം, ഒരു കവിതാ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ ചില കൃതികൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ഉറുദു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.
1999ൽ കന്നഡ സാഹിത്യ അക്കാദമി അവാർഡ് നേടിയ ബാനുവിന്റെ ചില ചെറുകഥകൾ ഹാർട്ട് ലാന്പ് (ഹൃദയദീപം) എന്ന പേരിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ദീപാ ഭാസ്തി വിവർത്തനംചെയ്ത ഈ ചെറുകഥാസമാഹാരത്തിന് 2025ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ചു. കന്നഡയിൽനിന്നു വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറുകഥാസമാഹാരത്തിന് ആദ്യമായാണ് ബുക്കർ സമ്മാനം ലഭിക്കുന്നത്.
ഹൃദയദീപം എന്ന ചെറുകഥാ സമാഹാരത്തിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ചെറുകഥയാണ് ഹൃദയത്തിന്റെ തീരുമാനം എന്ന അർഥം വരുന്ന "എ ഡിസിഷൻ ഓഫ് ദ ഹാർട്ട്'. കുടുംബബന്ധങ്ങളുടെ സങ്കീർണതയും അവ ഉയർത്തുന്ന വെല്ലുവിളികളും അതിമനോഹരമായി അവതരിപ്പിക്കുന്ന ഒരു കഥയാണിത്.
ഈ കഥയിൽ മൂന്നു പ്രധാന കഥാപാത്രങ്ങളാണുള്ളത്. ആദ്യത്തേത് യൂസഫ് എന്ന സാധാരണക്കാരൻ. അയാളുടെ ഭവനാംഗങ്ങളായി രണ്ടുപേരുണ്ട്- അമ്മയും ഭാര്യയും. അമ്മയോട് ഏറെ ബഹുമാനവും ഭാര്യയോട് വലിയ സ്നേഹവും അയാൾക്കുണ്ട്. എന്നാൽ അയാളുടെ ഹൃദയം തേങ്ങുകയാണ്. കാരണം തന്റെ ഭാര്യയായ അഖില അമ്മയോട് അത്ര താത്പര്യത്തിലല്ല. നേരേമറിച്ച് വലിയ ശത്രുതയിലാണ്.
ഭർത്താവിന്റെ സ്നേഹം വിഭജിച്ചുപോകുന്നതിലാണ് അവൾക്കു ദുഃഖം. സന്തോഷകരമായ കുടുംബജീവിതത്തിന് ഭർത്താവിന്റെ അമ്മ തടസമായി നിൽക്കുന്നു എന്നതാണ് അവളുടെ നിരന്തര പരാതി. തന്നെ കൊത്തിവിഴുങ്ങാൻ നിൽക്കുന്ന ഒരു കഴുകനെപ്പോലെയാണ് അവൾ ആ അമ്മയെ കാണുന്നത്.
എന്നാൽ അവൾ വിചാരിക്കുന്നതുപോലുള്ള സ്ത്രീയല്ല യൂസഫിന്റെ അമ്മ. മരുമകളിൽനിന്ന് അവഗണനയും അധിക്ഷേപവും ഉണ്ടാകുന്പോൾ ആ സ്ത്രീ മകനോട് പരാതിപറയുന്നില്ല. സ്നേഹവും സേവനവും ത്യാഗവും നിറഞ്ഞ ഒരു ജീവിതമാണ് അവരുടേത്.
അത് യൂസഫിന് നന്നായി അറിയുകയും ചെയ്യാം. അതാണ് അയാളെ ഏറെ ദുഃഖിതനാക്കുന്നതും. ഭാര്യ തന്റെ അമ്മയുടെ നന്മ മനസിലാക്കി അവരെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന് യൂസഫ് ആഗ്രഹിക്കാത്ത ദിവസങ്ങളില്ല.
എന്നാൽ തന്റെ എതിരാളിയായി മാത്രമേ അഖിലയ്ക്ക് തന്റെ അമ്മായിയമ്മയെ കാണാൻ സാധിക്കുന്നുള്ളൂ. അവരെ സ്നേഹിക്കാനോ ശുശ്രൂഷിക്കാനോ അവൾ തയാറല്ല. അവർ മാറിപ്പോയിരുന്നെങ്കിലെന്ന് അവൾ ആശിച്ചു.
ഇവർ രണ്ടുപേരെക്കാളും ഏറെ വേദനിച്ചത് യൂസഫായിരുന്നു. തന്റെ ഭാര്യയുടെ പോരായ്മകൾ അറിഞ്ഞുകൊണ്ടുതന്നെ അയാൾ അവളെ സ്നേഹിച്ചു. അതേസമയം അമ്മയെ ആ തടവറയിൽനിന്നു രക്ഷിക്കണമെന്നും അയാൾ തീരുമാനിച്ചു.
അങ്ങനെയാണ് ആരും പ്രതീക്ഷിക്കാത്ത ഒരു തീരുമാനത്തിൽ അയാളെത്തിയത്. വിധവയായ തന്റെ അമ്മയെ സ്നേഹസന്പന്നനായ ഒരുവന് വിവാഹം കഴിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു ആ തീരുമാനം.
യാഥാസ്ഥിതികരായ ബന്ധുക്കളും സുഹൃത്തുക്കളും ആ തീരുമാനത്തെ എതിർത്തു. എന്നാൽ യൂസഫ് തന്റെ തീരുമാനം നടപ്പാക്കി. അങ്ങനെ സ്നേഹസന്പന്നനായ ഒരാളെ ആ വിധവയ്ക്ക് ഭർത്താവായി ലഭിച്ചു.
കാര്യങ്ങൾ ഇപ്രകാരം പുരോഗമിച്ചപ്പോൾ അഖിലയ്ക്കു കുറ്റബോധമുണ്ടായി. അവൾ ഭർതൃമാതാവിനോട് മാപ്പപേക്ഷിച്ചു. അങ്ങനെ യൂസഫിന്റെ ധീരമായ ഒരു തീരുമാനം ആ കുടുംബത്തിൽ സമാധാനം പുനഃസ്ഥാപിച്ചു.
എന്താണ് ഈ കഥ നൽകുന്ന സന്ദേശം? അമ്മായിയമ്മ വിധവയാണെങ്കിൽ അവരെ കെട്ടിച്ചയയ്ക്കാൻ മരുമകളും മകനും മുൻകൈയെടുക്കണമെന്നോ? ഒരിക്കലുമല്ല. അമ്മായിയമ്മ വിധവയും ചെറുപ്പവുമാണെങ്കിൽ അവർക്കു വീണ്ടും വിവാഹംകഴിക്കാൻ സാധിച്ചാൽ അതു നല്ലകാര്യംതന്നെ.
യൂസഫ് എടുത്ത ആ തീരുമാനം അയാളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു നല്ലകാര്യമായിരുന്നു. നിരന്തരമായ ഒരു കുടുംബകലഹം തീർക്കാൻ അതു സഹായിച്ചു. എന്നാൽ എല്ലാ കുടുംബങ്ങളുടെയും കാര്യത്തിൽ സ്വീകരിക്കാവുന്ന ഒരു നടപടിയല്ല ഇത്.
പ്രത്യേകിച്ചും ചില സാമൂഹിക പശ്ചാത്തലങ്ങളിൽ ഇത് അചിന്തനീയവുമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾ എന്താണു ചെയ്യേണ്ടതെന്ന ആഴമുള്ള പല സന്ദേശങ്ങളും ഈ കഥയിലുണ്ട്.
അതിൽ പ്രധാനപ്പെട്ടത് ഓരോരുത്തരുടെയും വ്യക്തിത്വത്തെ മാനിക്കാൻ പഠിക്കുക എന്നതാണ്. അമ്മായിയമ്മയുടെ വ്യക്തിത്വത്തെ മാനിക്കാൻ സാധിക്കാതെപോയതായിരുന്നു അഖിലയുടെ പരാജയം. അതു മനസിലാക്കാനും തിരുത്താനും അമ്മായിയമ്മയ്ക്ക് ഒരു വിവാഹം വേണ്ടിവന്നത് അഖിലയുടെ മറ്റൊരു പരാജയം.
കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്പോൾ പലരും ചെയ്യുക അവയെ നിശബ്ദമായി അവഗണിച്ചു മുന്നോട്ടുപോവുക എന്നതാണ്. പ്രശ്നപരിഹാരം എളുപ്പമല്ലെങ്കിൽ ഒന്നും ചെയ്യാതെ അവർ മുന്നോട്ടുപോകും.
എന്നാൽ യൂസഫ് തെരഞ്ഞെടുത്തത് അതല്ലായിരുന്നു. പ്രത്യുത അയാളുടെ കുടുംബത്തിൽ സ്നേഹവും സമാധാനവും സ്ഥാപിക്കാനുള്ള മാർഗമായിരുന്നു. അതിന് കുറേയേറെ ആത്മധൈര്യം വേണ്ടിവന്നു എന്നതു വേറേകാര്യം.
വിപ്ലവകരമായ നടപടിയായിരുന്നു യൂസഫിന്റേത്. എന്നാൽ ഈ നടപടിയെ പ്രതീകാത്മകമായിമാത്രം നാം മനസിലാക്കിയാൽ മതി. അതായത് കുടുംബകലഹങ്ങളും മറ്റു പ്രശ്നങ്ങളും തീർക്കാൻ ഭാവനാപൂർണമായ നടപടികൾ നാം സ്വീകരിക്കണമെന്നു സാരം.
ഈ കഥയിലെ മറ്റൊരു സന്ദേശം കുടുംബബന്ധങ്ങളിലെ മുറിവുകൾ ഉണക്കാൻ വിനയംകലർന്ന സ്നേഹം അനിവാര്യമാണെന്നതാണ്. അഖിലയുടെ കാര്യത്തിൽ അതു സംഭവിച്ചപ്പോഴാണ് ആ കുടുംബത്തിൽ യഥാർഥ സമാധാനമുണ്ടായത്.
ഹൃദയത്തിൽനിന്നെടുത്ത ഒരു തീരുമാനംവഴിയാണ് യൂസഫ് തന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും പുനഃസ്ഥാപിച്ചത്. നാം എടുക്കുന്ന തീരുമാനങ്ങൾ ഹൃദയംനിറഞ്ഞ സ്നേഹത്തിൽനിന്നെടുക്കുന്നവയാണെങ്കിൽ അവ എപ്പോഴും കുടുംബങ്ങളിൽ സമാധാനം സംസ്ഥാപിക്കുകതന്നെ ചെയ്യും.
Jeevithavijayam
ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം..
അനുദിനജീവിതത്തിലെ ആകുലതകളുടെയും ആശങ്കകളുടെയും അസ്വസ്ഥതകളുടെയുമൊക്കെ മധ്യേ ആഴമേറിയ പല സത്യങ്ങളും നാം മറന്നുപോകാനിടയുണ്ട്. എന്നാൽ അവയെ നമ്മെ ഓർമപ്പെടുത്താൻ പലപ്പോഴും ഒരു നിർമല മനസു മതിയാകും.
അങ്ങനെയുള്ള നിർമല മനസിന്റെ ഉടമയായ ഒരു ബാലനെയാണ് "ദി അണ്ബ്രേക്കബിൾ ബോയ്' എന്ന ഹോളിവുഡ് സിനിമയിൽ നാം കാണുക. ഓസ്റ്റിൻ ലെറെറ്റ് എന്ന ബാലന്റെ യഥാർഥ ജീവിതകഥയെ ആധാരമാക്കി നിർമിച്ച ഈ ചിത്രം കഴിഞ്ഞ ഫെബ്രുവരിയിലാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
എല്ലുകൾ എളുപ്പത്തിൽ ഒടിയുന്ന രോഗവുമായാണ് ഓസ്റ്റിൻ ജനിച്ചത്. അതോടൊപ്പം ഓട്ടിസം എന്ന അവസ്ഥാവിശേഷവും അവനുണ്ടായിരുന്നു. എല്ലുകൾ പെട്ടെന്ന് ഒടിയുന്നതുമൂലം അവന് ഇടയ്ക്കിടെ ആശുപത്രിവാസം വേണ്ടിവന്നു.
രോഗവും ഓട്ടിസവും അവന് വേദനകളും വെല്ലുവിളികളും സൃഷ്ടിച്ചു. എന്നാൽ അവയ്ക്കൊന്നും അവനെ തളർത്താൻ സാധിച്ചില്ലെന്നതാണ് വസ്തുത. നേരേമറിച്ച് അവന്റെ ലോകദർശനം അത്ഭുതകരമായ ലാളിത്യവും സന്തോഷവും നിറഞ്ഞതായിരുന്നു.
ഈ ദർശനം ഏറെ സ്വാധീനിച്ചത് അവന്റെ പിതാവായ സ്കോട്ടിനെയായിരുന്നു. ജീവിതപ്രശ്നങ്ങളോടു മല്ലടിച്ച് തളർന്ന മനുഷ്യനായിരുന്നു സ്കോട്ട്. ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയില്ലാതിരുന്ന അയാൾ തന്റെ പുത്രന്റെ ജീവിതവീക്ഷണവും പ്രവർത്തനരീതികളും കണ്ട് അത്ഭുതപ്പെടുകയും ജീവിതത്തെക്കുറിച്ച് പ്രത്യാശയുള്ളവനായി മാറുകയും ചെയ്തു. അങ്ങനെയാണ് ഓസ്റ്റിന്റെ കഥ പുസ്തകമായി പ്രസിദ്ധീകരിക്കാൻ സ്കോട്ട് തയാറായത്.
ഓസ്റ്റിന്റെ ജീവിതവീക്ഷണം വ്യക്തമാക്കുന്ന രീതിയിൽ സിനിമയിൽ അവൻ പറയുന്ന ഒരു വാചകം ഇപ്രകാരമാണ്: ""ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം''.
ഇതു പറയുന്നത് അനുദിനം വേദനയനുഭവിക്കുന്ന ഒരു ബാലനാണെന്നു നാം ഓർമിക്കണം. ഇതൊരു വിജ്ഞാനം പങ്കുവയ്ക്കലല്ല, വലിയൊരു ജീവിതസാക്ഷ്യമാണ്.
ജീവിതത്തിൽ സാധാരണയായി നമുക്കുണ്ടായിരിക്കേണ്ട ശുഭാപ്തിവിശ്വാസത്തെക്കുറിച്ചല്ല ഓസ്റ്റിൻ നമ്മെ അനുസ്മരിപ്പിക്കുന്നത്. പ്രത്യുത, സെന്റ് പോൾ പഠിപ്പിക്കുന്നതുപോലെ "ആന്തരിക നേത്രങ്ങൾ' (എഫേ 1:18) കൊണ്ട് ജീവിതത്തെ ദർശിക്കുവാനാണ്.
അങ്ങനെ ഹൃദയംതുറന്ന്, ആന്തരിക നേത്രങ്ങൾകൊണ്ട് കാര്യങ്ങൾ കാണാൻ സാധിച്ചാൽ ഓരോ ദിവസവും, ഓരോ നിമിഷവും ഏറെ അനുഗ്രഹങ്ങൾ നിറഞ്ഞതാണെന്നു നമുക്കു കാണാനാവും.
ജീവിതത്തിൽ എപ്പോഴും നമുക്കു കഷ്ടപ്പാടുകളുണ്ടായിരിക്കും. എന്നാൽ അവയൊന്നും നമ്മുടെ സന്തോഷം തല്ലിക്കെടുത്താൻ നാം അനുവദിക്കരുത്. കഷ്ടപ്പാട് നിറഞ്ഞതാണ് ഓസ്റ്റിന്റെ ജീവിതം.
എന്നാൽ ആ കഷ്ടപ്പാടുകൾക്കിടയിൽ ജീവിതത്തിലെ അനുഗ്രഹങ്ങളെ എണ്ണുവാനാണ് അവനു തിടുക്കം. ഇതുചെയ്യാൻ അവനെ പ്രാപ്തനാക്കുന്നത് അവന്റെ നവ്യമായ ജീവിതവീക്ഷണംതന്നെ.
ജനിച്ച് പത്തൊന്പതു മാസം കഴിഞ്ഞപ്പോൾ അന്ധയും ബധിരയുമായിത്തീർന്ന ദൗർഭാഗ്യവതിയായിരുന്നു ഹെലൻ കെല്ലർ (1880-1968). എങ്കിലും തന്റെ പോരായ്മകളോടു പോരാടി ലോകപ്രശസ്തയായ ഗ്രന്ഥകാരിയും വിദ്യാഭ്യാസപ്രവർത്തകയുമായി മാറാൻ ഹെലനു സാധിച്ചു.
അവർ ഒരിക്കൽ എഴുതി: ""കഷ്ടപ്പാടുകൾ നിറഞ്ഞതാണ് ഈ ലോകം. എന്നാൽ അവയെ അതിജീവിച്ച കഥകൾകൊണ്ടും ഈ ലോകം നിറഞ്ഞിരിക്കുന്നു''.
തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മറികടന്ന് ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതിനെക്കുറിച്ച് ഹെലന് ആദ്യം വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ തന്റെ അധ്യാപികയായിരുന്ന ആനി സള്ളിവന്റെ സഹായത്തോടെ പുതിയൊരു ജീവിതത്തിലേക്കു കടക്കാൻ ഹെലനു സാധിച്ചു.
അങ്ങനെയാണ് അന്ധയായിരുന്ന അവർക്ക് ആന്തരിക നേത്രങ്ങൾകൊണ്ട് ജീവിതത്തെ ദർശിക്കാൻ സാധിച്ചത്. മുന്പ് എന്നതിനേക്കാൾ ഏറെ തിരക്കേറിയതാണ് നമ്മിൽ പലരുടെയും ജീവിതം.
തിരക്കുകൾക്കും വ്യഗ്രതകൾക്കുമിടയിൽ അവയില്ലാത്ത നല്ല ഒരു ദിവസത്തെയാകും നമ്മിൽ പലരും സ്വപ്നം കാണുക. എന്നാൽ ആ നല്ലദിവസം ഒരിക്കൽ വരുമെന്നുകരുതി വെറുതെ കാത്തിരുന്നു സമയം കളയേണ്ടതുണ്ടോ? ഓസ്റ്റിൻ അനുസ്മരിപ്പിക്കുന്നതുപോലെ എല്ലാ ദിവസവും നല്ല ദിവസങ്ങളാക്കിമാറ്റി മുന്നോട്ടു പോകുവാൻ ശ്രമിക്കുന്നതല്ലേ നമുക്കു നല്ലത്?
അതിന് ആദ്യംചെയ്യേണ്ടത് നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നല്ല നിമിഷങ്ങളാക്കി മാറ്റുക എന്നതാണ്. അതു സാധിക്കണമെങ്കിൽ ഓരോ നിമിഷവും ദൈവം നമുക്കുനൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നല്ല അവബോധമുണ്ടാകണം.
ഉദാഹരണമായി, ബുദ്ധിമുട്ടുകൂടാതെ നമുക്കു ശ്വസിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് എത്രയോ വലിയ അനുഗ്രഹമാണ്! അതുപോലെ, നാം നോക്കുന്പോൾ ചുറ്റുമുള്ള ലോകത്തെ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അതും വലിയൊരു അനുഗ്രഹം തന്നെയല്ലേ?
ഇതുപോലെ എന്തെല്ലാം അനുഗ്രഹങ്ങളാണ് നമ്മുടെ ജീവിതത്തിലുള്ളത്! അവ ഓരോന്നായി എണ്ണുവാനും അവയെക്കുറിച്ച് അനുനിമിഷം അവബോധമുള്ളവരായി ജീവിക്കാനും സാധിച്ചാൽ നമ്മുടെ ഓരോ നിമിഷവും നല്ല നിമിഷങ്ങളായിരിക്കില്ലേ? ഓരോ ദിവസവും നല്ല ദിവസങ്ങളായിരിക്കില്ലേ? സങ്കീർത്തകനായ ദാവീദിന് തന്റെ അനുദിന ജീവിതത്തിലെ അനുഗ്രഹങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു.
തന്മൂമാണ് പരിശുദ്ധാത്മാവിനാൽ നിവേശിതനായി അദ്ദേഹം എഴുതിയത്- ""ഇതു കർത്താവ് നൽകിയ ദിവസമാണ്. നമുക്കിന്ന് സന്തോഷിച്ചാനന്ദിക്കാം'' (സങ്കീ 118:24)
എന്തു കാരണത്താലാണ് നാം സന്തോഷിച്ചാനന്ദിക്കേണ്ടത്? ദൈവം നമുക്കായി പുതിയൊരു ദിവസം തന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ. അതിന്റെ അർഥം അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്നതല്ലേ? തന്മൂലമാണ് ദൈവപുത്രനായ യേശു പറഞ്ഞത്- ""നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകേണ്ട'' (മത്താ 6:34) എന്ന്.
നമ്മുടെ ഓരോ നിമിഷവും ഓരോ ദിവസവും ഏറ്റവും നല്ലതാക്കി മാറ്റാൻ ദൈവം എപ്പോഴും നമ്മോടുകൂടിയുണ്ട്. എന്നാൽ നമ്മുടെ ഓരോ നിമിഷവും ഓരോ ദിവസവും നാം അവിടത്തോടുകൂടിയാണോ എന്നതാണ് പ്രസക്തമായ ചോദ്യം.
നാം എപ്പോഴും അവിടന്നോടൊപ്പമാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ ദിവസവും ഏറ്റവും മികച്ചതുതന്നെ ആയിരിക്കും. അതിൽ സംശയംവേണ്ട.
Jeevithavijayam
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാക്ക് ലണ്ടൻ (1876-1916). സയൻസ് ഫിക്ഷനിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. മനുഷ്യന്റെ സാഹസികജീവിതവും, പ്രകൃതിയുമായി അവൻ നടത്തുന്ന പോരാട്ടങ്ങളും ശക്തമായ ഭാഷയിൽ വരച്ചുകാട്ടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കഥയാണ് "ടു ബിൽഡ് എ ഫയർ'.
"ഒരു തീ കൊളുത്താൻ' എന്ന അർഥം വരുന്ന ഈ കഥയുടെ പശ്ചാത്തലം 1890കളിലെ ഗോൾഡ് റഷ് ആണ്. കാനഡയുടെ വടക്കുപറിഞ്ഞാറൻ ഭാഗത്തുള്ള യൂക്കോണ് നദിക്കു സമീപം സ്വർണം കണ്ടെത്തിയപ്പോൾ അതിൽ കുറേ കൈക്കലാക്കാൻ ഒരുലക്ഷത്തോളംപേർ പലപ്പോഴായി അവിടേക്കു സാഹസികയാത്ര നടത്തിയതായി കണക്കാക്കപ്പെടുന്നു. എന്നാൽ അവരിൽ പകുതിയോളംപേർ മാത്രമേ അതിപ്രതികൂലമായ കാലാവസ്ഥയെ മറികടന്ന് അവിടെ എത്തിയുള്ളുവത്രേ. അത്രമാത്രം ശക്തമായ തണുപ്പും പ്രതികൂല സാഹചര്യങ്ങളുമായിരുന്നു അവർ നേരിട്ടത്.
ഒരു തീ കൊളുത്താൻ എന്ന കഥയിലെ പേരില്ലാത്ത കഥാപാത്രം നദിക്കരികിലുള്ള ഒരു ക്യാന്പിലേക്ക് യാത്രതിരിച്ചയാളാണ്. മനുഷ്യരാരും കൂട്ടില്ലാതെ, ഒരു നായയോടൊപ്പമായിരുന്നു അയാളുടെ യാത്ര. മുന്പ് യൂക്കോണ് നദീതീരത്തേക്കു യാത്രചെയ്തിട്ടുള്ള ഒരാൾ ഈ യാത്ര ഏറെ നിരുത്സാഹപ്പെടുത്തിയിരുന്നു. അപകടകരമായ ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുകയാണെങ്കിൽ ഒരാളെങ്കിലും കൂട്ടിനുണ്ടാകണമെന്ന് അയാൾ മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അതെല്ലാം അവഗണിച്ച് കഥാനായകൻ യാത്രപുറപ്പെടുകയായിരുന്നു. അപ്പോൾ സീറോ ഡിഗ്രിക്ക് അന്പതുശതമാനം താഴെയായിരുന്നു താപനില.
യാത്രയുടെ തുടക്കത്തിൽ വലിയ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ മുന്നോട്ടുപോകുംതോറും പ്രശ്നങ്ങൾ കൂടിക്കൂടിവന്നു. അങ്ങനെയാണ് ഒരിടത്തുവച്ച് മഞ്ഞുകട്ടകൾക്കടിയിലുള്ള വെള്ളത്തിൽ അയാൾ വീഴാനിടയായത്. അതോടെ മുട്ടുവരെയുള്ള വസ്ത്രങ്ങൾ നനഞ്ഞു. ആ വസ്ത്രങ്ങൾ അതിവേഗം ഉണക്കിയെടുക്കുന്നില്ലെങ്കിൽ കൊടുംതണുപ്പുമൂലം അതു വലിയ അപകടംവരുത്തിവയ്ക്കും.
ഇതു മനസിലാക്കി അയാൾ തീകൂട്ടുവാൻ ശ്രമിച്ചു. അതു വിജയിച്ചെങ്കിലും മരച്ചില്ലകളിൽനിന്നു മഞ്ഞുകട്ടകൾ വീണ് ആ തീ പെട്ടെന്ന് അണഞ്ഞുപോയി. പിന്നീട് തീപിടിപ്പിക്കുവാൻ അയാൾക്കു സാധിച്ചില്ല. അയാളുടെ കൈവിരലുകൾ അനക്കാൻ പറ്റാത്തവിധം മരവിച്ചുപോയിരുന്നു.
അപ്പോൾ തന്റെ കൂടെയുള്ള നായയെ കൊന്ന് അതിന്റെ രക്തത്തിൽ കൈകൾ മുക്കി അവ ചൂടുപിടിപ്പിക്കാൻ അയാൾ ആലോചിച്ചു. അയാളുടെ മനോഗതി മനസിലാക്കിയ നായ അയാൾക്കു പിടികൊടുക്കാതെ അകന്നുനിന്നു. അധികം താമസിയാതെ കൊടുംതണുപ്പ് അയാളുടെ ജീവൻ കാർന്നുതിന്നു. നായയാകട്ടെ, മനുഷ്യവാസമുള്ള ദിക്കുതേടി അവിടെനിന്ന് ഓടിയകലുകയും ചെയ്തു. അതോടെ കഥ അവസാനിക്കുന്നു.
എന്താണ് ഈ കഥ നമ്മെ അനുസ്മരിപ്പിക്കുന്നുത്? പ്രകൃതി മനുഷ്യന് ഇനിയും കീഴടങ്ങിയിട്ടില്ലെന്നോ? തീർച്ചയായും അങ്ങനെയൊരു സന്ദേശം ഈ കഥയിലുണ്ട്. അതായത്, മനുഷ്യൻ എത്ര സാഹസികനായാലും ഒരു പരിധിക്കപ്പുറം പ്രകൃതിയെ കീഴടക്കാനാവില്ലെന്നു സാരം.
എന്നാൽ, ഇവിടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്ന കാര്യം മറ്റൊന്നാണ്. കടുത്ത ശൈത്യകാലത്ത് യൂക്കോണ് പ്രദേശത്തുകൂടി ഒറ്റയ്ക്കു യാത്രതിരിക്കുന്നത് അപകടകരമായിരിക്കുമെന്ന് പരിചയസന്പന്നനായ ഒരു വയോധികൻ മുന്നറിയിപ്പു നൽകിയിരുന്നതാണ്.
എന്നിട്ടും തന്റെ കഴിവിലും സാമർഥ്യത്തിലും അമിതമായി വിശ്വസിച്ചിരുന്ന കഥാനായകൻ ആ ഉപദേശം ചെവിക്കൊണ്ടില്ല. തണുപ്പ് എത്ര കൂടിയാലും തനിക്ക് തീ കൊളുത്തി രക്ഷപ്പെടാമെന്നായിരുന്നു അയാളുടെ ധാരണ. തെറ്റായ ആ ധാരണ അയാളുടെ മരണത്തിനു വഴിയൊരുക്കി.
ജീവിതത്തിലെ പല അപകടങ്ങളും പരാജയങ്ങളും നാം പലപ്പോഴും മുൻകൂട്ടി കാണുന്നില്ലെന്നതാണ് വാസ്തവം. അതിന്റെ കാരണം നമുക്കു മുന്പേ നടന്നുപോയവരുടെ അനുഭവങ്ങളിൽനിന്നു പാഠംപഠിക്കാൻ നാം വിസമ്മതിക്കുന്നു എന്നതാണ്.
അറിവും അനുഭവസമ്പത്തുമുള്ളവരുടെ വാക്കുകൾ അവഗണിക്കുന്നത് തയാറെടുപ്പില്ലാതെ ദുർഘടമായ ഒരു യാത്രപോകുന്നതിനു തുല്യമാണ്. സ്പെയിനിൽ ജനിച്ച അമേരിക്കൻ തത്വചിന്തകനും എഴുത്തുകാരനുമായ ജോർജ് സൻറ്റായന പറയുന്നു: ""ഭൂതകാലം വിസ്മരിക്കുന്നവർ ആ കാലത്തെ തെറ്റുകൾ ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു''.
നമുക്കു നല്ല വിദ്യാഭ്യാസവും അറിവും ഉണ്ടായേക്കാം. എന്നാൽ അനുഭവസന്പത്തുള്ളവരുടെ ഉപദേശം കേൾക്കാൻ നാം വിമുഖരാകരുത്. നമ്മുടെ ജീവിതയാത്രയിൽ അത് ഏറെ സഹായിക്കുകതന്നെചെയ്യും.
ദൈവവചനം പറയുന്നു: ""മാർഗദർശനമില്ലാഞ്ഞാൽ ജനത നിലംപതിക്കും. ഉപദേഷ്ടാക്കൾ ധാരാളമുണ്ടെങ്കിൽ സുരക്ഷിതത്വമുണ്ട്'' (സുഭാഷിതങ്ങൾ 11:14). തന്മൂലമാണ് ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായ സി.എസ്. ലൂവിസ് എഴുതിയത്- "സ്വയം ജ്ഞാനിയായിരിക്കുവാൻ മെച്ചപ്പെട്ട കാര്യം ജ്ഞാനികളായവരുടെകൂടെ ജീവിക്കുക എന്നതാണ്.”
ജ്ഞാനം എന്നുപറയുന്നത് വെറും അറിവല്ല. അത് അനുഭവത്തിന്റെ കണ്ണടവഴി ലഭിക്കുന്ന അറിവുകൂടിയാണ്. അറിവും ശരിയായ അനുഭവസന്പത്തുമുള്ളവരുടെ ഉപദേശത്തിന് നാം ചെവികൊടുക്കണം. അതൊരു പോരായ്മയായി കരുതരുത്. നേരേമറിച്ച് അത് വിവേകത്തിന്റെയും വിനയത്തിന്റെയും ലക്ഷണമായി നാം കാണണം.
മനുഷ്യരുടെ മാർഗനിർദേശം ജീവിതയാത്രയിൽ നമ്മെ സഹായിക്കുകതന്നെ ചെയ്യും. എന്നാൽ, അതിലേറെ നാം ആശ്രയിക്കേണ്ടതു ദൈവം നമുക്കുനൽകുന്ന മാർഗനിർദേശത്തിലാണ്. ദൈവവചനം പറയുന്നു: ""കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. നിന്റെ ബുദ്ധിയിൽ നീ ആശ്രയിക്കേണ്ട. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്നു നിനക്കു വഴിതെളിച്ചുതരും'' (സുഭാഷിതങ്ങൾ 3:5-6).
ദൈവം എപ്പോഴും വഴിതെളിച്ചുതരുമെന്ന ബോധ്യം സങ്കീർത്തകനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം എഴുതിയത്- ""അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്'' (സങ്കീർത്തനങ്ങൾ 118:105).
ദൈവം നൽകുന്ന മാർഗനിർദേശങ്ങൾ പാലിച്ചാൽ നമ്മുടെ തീരുമാനങ്ങൾ ഒരിക്കലും തെറ്റാനിടയാകില്ല. എന്നുമാത്രമല്ല, മാനുഷിക പോരായ്മമൂലം നമ്മുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും എന്തെങ്കിലും കുറവുകളുണ്ടായാൽപ്പോലും ദൈവം അവ പരിഹരിക്കുമെന്നും തീർച്ചയാണ്.
ഒരു തീ കൊളുത്താൻ എന്ന കഥയിലെ നായകന്റെ അനുഭവം നമുക്കൊരു പാഠമാകട്ടെ. നാം എത്ര മിടുക്കരാണെങ്കിലും നമുക്കു പോരായ്മകളുമുണ്ടെന്നു മറക്കാതിരിക്കാം. ജീവിതയാത്രയിൽ മറ്റുള്ളവരുടെയും അതിലുപരി ദൈവത്തിന്റെയും മാർഗനിർദേശങ്ങൾ നമുക്ക് ആവശ്യമാണ്. കാരണം, അതുകൂടാതെ ഈ ലോകത്തിലും പരലോകത്തിലും നമുക്കു വിജയം നേടാനാകില്ല.
Jeevithavijayam
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാനും മോശയെ സഹായിച്ചത്.
പുരാണ ഗ്രീക്ക് കഥകളിലെ പ്രസിദ്ധമായ ഒരു കഥാപാത്രമാണ് തീസ്യസ്. ആഥൻസിലെ രാജാവായിരുന്ന ഏജിയസിന്റെ പുത്രനായിരുന്ന ഈ ചെറുപ്പക്കാരനാണ് പാതി മനുഷ്യനും പാതി മൃഗവുമായിരുന്ന മിനോട്ടർ എന്ന ഭീകരജീവിയെ കൊലപ്പെടുത്തി ആഥൻസിലെ നിരവധിപേരുടെ ജീവൻ രക്ഷിച്ചത്.
മിനോട്ടർ ജീവിച്ചിരുന്നത് ക്രീറ്റ് എന്ന ദ്വീപിലായിരുന്നു. അവിടത്തെ ശക്തനായ രാജാവായിരുന്ന മിനോസ് ആണ് ഡേഡലസ് എന്ന ശില്പിയെക്കൊണ്ട് മിനോട്ടറെ തളച്ചിടാനായി ലാബിറിന്ത് നിർമിച്ചത്.
അകത്തു പ്രവേശിച്ചാൽ ആർക്കും ഒരിക്കലും പുറത്തുകടക്കാൻ പറ്റാത്തവിധം ചുറ്റുവഴികളുള്ള ഒരു ദുർഘട ഗുഹാസംവിധാനമായിരുന്നു ലാബിറിന്ത്.
മിനോട്ടർ പുറത്തുകടക്കാതിരിക്കുന്നതിനും മിനോട്ടറിനു ഭക്ഷണമായി നൽകപ്പെടുന്ന മനുഷ്യർ അവിടെനിന്നു രക്ഷപ്പെടാതിരിക്കുന്നതിനും വേണ്ടിയായിരുന്നു വളരെ സങ്കീർണമായ ഈ സംവിധാനം സൃഷ്ടിച്ചത്.
നരഭോജിയായിരുന്ന മിനോട്ടർ ദിവസവും മനുഷ്യമാംസം ഭക്ഷിച്ചിരുന്നുവെന്ന് ഗ്രീക്ക് പുരാണങ്ങളിൽ പറയുന്നില്ല. എന്നാൽ ഒന്പതുവർഷത്തിലൊരിക്കൽ ആഥൻസിലെ രാജാവ് ഏഴു യുവാക്കളെയും ഏഴു യുവതികളെയും മിനോട്ടറിനു ഭക്ഷണമായി എത്തിക്കണമെന്ന് ക്രീറ്റിലെ മിനോസ് രാജാവ് ഒരു നിബന്ധന വച്ചിരുന്നു.
യുദ്ധത്തിൽ ആഥൻസിനെ പരാജയപ്പെടുത്തിയപ്പോൾ ആഥൻസിനു സ്വാതന്ത്ര്യം നൽകുവാൻ മിനോസ് രാജാവ് മുന്നോട്ടുവച്ച ഒരു വ്യവസ്ഥയായിരുന്നു അത്. തീസ്യസിന് ഈ വ്യവസ്ഥ അംഗീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മിനോട്ടറിനു ഭക്ഷണമായി അയയ്ക്കപ്പെട്ട പതിനാലുപേരിൽ ഒരുവനായി തീസ്യസ് തന്നെയുംകൂടി ഉൾപ്പെടുത്തിയത്.
ഭീകരജീവിയായ മിനോട്ടറെ നേരിടാൻ തക്ക ശരീരബലവും കായികശക്തിയും തീസ്യസിന് ഉണ്ടായിരുന്നോ? ഒരിക്കലുമില്ല. എന്നാൽ, മിനോട്ടറെ വകവരുത്തി മനുഷ്യജീവൻ രക്ഷിക്കണമെന്ന ഒരു ദൗത്യബോധം ആ ചെറുപ്പക്കാരനുണ്ടായിരുന്നു. അതാണ് ഒരു പരിധിവരെ അയാൾക്ക് ആത്മവിശ്വാസം നൽകിയത്.
വിജയത്തെക്കുറിച്ച് തീസ്യസിനു തീർച്ചയില്ലായിരുന്നു. ഭയരഹിതനുമായിരുന്നില്ല അയാൾ. എന്നാൽ മുന്നോട്ടുപോകാൻ ദൗത്യബോധം അയാളെ പ്രേരിപ്പിച്ചു. അപ്പോൾ ദൈവാനുഗ്രഹവും കൂട്ടിനുവന്നു.
അതുവഴിയാണ് മിനോസ് രാജാവിന്റെ പുത്രിയായ അറിയാഡ്നെ തീസ്യസിനെ കണ്ടുമുട്ടാനും പ്രേമത്തിലാകാനും ഇടയായത്. അറിയാഡ്നെയാണ് ലാബിറിന്തിൽനിന്നു രക്ഷപ്പെടാനുള്ള വഴി തീസ്യസിന് ഉപദേശിച്ചുകൊടുത്തത്.
ഒരു നൂലുണ്ടയുടെ ഒരറ്റം ലാബിറിന്തിന്റെ പ്രവേശനകവാടത്തിൽ ബന്ധിച്ചുകൊണ്ട് മുന്നോട്ടുപോയാൽ, ആ ചരടിൽപിടിച്ച് പോയവഴിയേ പിന്നോട്ടു പോരാൻ സാധിക്കും എന്നതായിരുന്നു ആ സുന്ദരിയുടെ ഉപദേശം.
അതിനായി ഒരു നൂലുണ്ട അവൾ തീസ്യസിനെ ഏല്പിക്കുകയും ചെയ്തു. തീസ്യസ് ആ നൂലുണ്ടയുമായി അകത്തുകടന്ന് മിനോട്ടറെ വധിക്കുകയും സുരക്ഷിതനായി പുറത്തുകടക്കുകയും ചെയ്തു എന്നാണ് പുരാണം പറയുന്നത്.
പുറമേനിന്നു വീക്ഷിക്കുമ്പോൾ തീസ്യസ് വലിയ ധൈര്യശാലിയായിരുന്നെന്നു തോന്നാം. ഒരുപക്ഷേ അയാൾ അങ്ങനെതന്നെ ആയിരുന്നിരിക്കുകയും ചെയ്യാം. എങ്കിലും അയാളുടെ ആത്മവിശ്വാസത്തിന്റെ യഥാർഥ ഉറവിടം അയാളുടെ ദൗത്യബോധംതന്നെ ആയിരിക്കാനാണ് സാധ്യത. ആ ദൗത്യബോധം പ്രദാനംചെയ്യുന്നതാകട്ടെ സകല നന്മകളുടെയും ഉറവിടമായ ദൈവവും.
ബൈബിളിൽ നാം വായിക്കുന്ന മോശയുടെ കഥ ഈ യാഥാർഥ്യമാണ് വ്യക്തമാക്കുന്നത്. ഈജിപ്റ്റിൽ അടിമകളായിരുന്ന ഇസ്രായേൽകാരെ മോചിപ്പിക്കാൻ ദൈവം ചുമതലപ്പെടുത്തിയ നേതാവായിരുന്നു മോശ.
എന്നാൽ മോശയ്ക്ക് അല്പംപോലും ആത്മവിശ്വാസം ഇല്ലായിരുന്നു. തന്മൂലം മോശ ദൈവത്തോടു പറഞ്ഞു: ""ഫറവോയുടെ അടുക്കൽ പോകാനും ഇസ്രായേൽ മക്കളെ ഈജിപ്റ്റിൽനിന്നു പുറത്തുകൊണ്ടുവരാനും ഞാൻ ആരാണ്?'' ഉടനെ ദൈവം പറഞ്ഞു: ""ഞാൻ നിന്നോടു കൂടെ ഉണ്ടായിരിക്കും''(പുറപ്പാട് 3:11-12).
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാനും മോശയെ സഹായിച്ചത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു ഗ്രാമീണ പെണ്കൊടിയായിരുന്നു ജോവാൻ ഓഫ് ആർക്ക് (1412-1431). അവൾക്ക് പതിനേഴു വയസുള്ളപ്പോൾ ദൈവം അവളെ ഒരു പ്രത്യേക ദൗത്യത്തിനായി വിളിച്ചു. ഫ്രാൻസിനെ ഇംഗ്ലണ്ടിന്റെ ആധിപത്യത്തിൽനിന്നു മോചിപ്പിക്കുക എന്നതായിരുന്നു ആ ദൗത്യം.
ദൈവം തന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തെക്കുറിച്ച് അവൾ ഫ്രാൻസിലെ ചാൾസ് ഏഴാമനുമായി സംസാരിച്ചു. സ്ഥാനഭൃഷ്ടനായിരുന്ന ആ രാജാവിന് അവളുടെ വാക്കുകളിൽ വിശ്വാസംവന്നു. യുദ്ധമുഖത്തേക്കുപോയി ഇംഗ്ലണ്ടിനെതിരേ പോരാടാൻ അദ്ദേഹം അവളെ അനുവദിച്ചു.
പടയാളികളുടെ യൂണിഫോം അണിഞ്ഞ് ജോവാൻ ഓർലിയൻസിലെ യുദ്ധമേഖലയിലെത്തി അവിടെയുണ്ടായിരുന്ന പടയാളികൾക്ക് ആത്മവിശ്വാസവും വിജയപ്രതീക്ഷയും നൽകി അവരോടൊപ്പം പോരാടി.
ഒമ്പതു ദിവസംകൊണ്ട് അവർ ഇംഗ്ലീഷുകാരെ അവിടെനിന്നു തുരത്തി. പിന്നീടുണ്ടായ മറ്റുചില വിജയങ്ങൾക്കുശേഷം ചാൾസ് ഏഴാമൻ വീണ്ടും ഫ്രാൻസിന്റെ രാജാവായി വാഴിക്കപ്പെട്ടു. അപ്പോൾ ജോവാൻ രാജാവിനോടൊപ്പം ഉണ്ടായിരുന്നു.
ജോവാൻ പിന്നീട് യുദ്ധത്തിൽ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു എന്നത് ശരിയാണ്. അതു വേറൊരു കഥ. ആ കഥയിലേക്ക് ഇവിടെ കടക്കുന്നില്ല.
എന്തായിരുന്നു പതിനേഴുകാരിയായ ഒരു ഗ്രാമീണ പെണ്കുട്ടിയുടെ അവിശ്വസനീയമായ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം? അതു ദൈവം അവൾക്കു നൽകിയ ദൗത്യബോധവും, ദൈവം ശക്തിപകർന്നുകൊണ്ട് തന്നോടൊപ്പം ഉണ്ട് എന്ന ഉറച്ച വിശ്വാസവുമായിരുന്നു.
ജീവിതത്തിൽ വിജയംവരിക്കുവാൻ നമുക്കുവേണ്ടതും ഇതുതന്നെയാണ്. നാം പ്രാപിക്കേണ്ട ലക്ഷ്യത്തെക്കുറിച്ചുള്ള ആത്മബോധവും, ദൈവം നമുക്കു ശക്തിപകർന്നുകൊണ്ട് നമ്മോടൊപ്പം ഉണ്ട് എന്ന ഉറച്ച ബോധ്യവും നമുക്കുണ്ടെങ്കിൽ നാം തീർച്ചയായും നമ്മുടെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും. എന്നാൽ ആ ലക്ഷ്യം ദൈവത്തോടൊത്തുപോകുന്ന ലക്ഷ്യമായിരിക്കണമെന്നുമാത്രം.
Jeevithavijayam
സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക- അമേരിക്കയിലെ ന്യൂഹാമ്പ്ഷെർ എന്ന കൊച്ചു സംസ്ഥാനത്തിന്റെ ആദർശവാക്യമാണിത്. മാനവ സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഈ ആദർശവാക്യം- ലിവ് ഫ്രീ ഓർ ഡൈ ആ സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹനങ്ങളുടെയും ലൈസൻസ് പ്ലെയ്റ്റിൽ ആലേഖനം ചെയ്യാറുണ്ട്. എന്നാൽ, ആരാണ് ഈ ലൈസൻസ് പ്ലെയ്റ്റുകൾ നിർമിക്കുന്നതെന്നോ?
അതാണ് ഏറ്റവും വലിയ വിരോധാഭാസം. കാരണം, ഈ പ്ലെയ്റ്റുകൾ നിർമിക്കുന്നത് കോണ്കോർഡിലുള്ള ന്യൂ ഹാമ്പ്ഷെർ സ്റ്റേറ്റ് പ്രിസണിലെ തടവുകാരാണ്! തടവുകാർക്കു ജോലികൊടുക്കുന്നതിന്റെ ഭാഗമായി, ന്യൂ ഹാന്പ്ഷെറിലെ ലൈസൻസ് പ്ലെയ്റ്റുകൾ നിർമിക്കുന്നതിനുവേണ്ടി ഒരു ഫാക്ടറിതന്നെ ആ ജയിലിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാതന്ത്ര്യം നഷ്ടപ്പെട്ട തടവുകാരാണ് "സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആദർശവാക്യം അനുദിനം ലൈസൻസ് പ്ലെയ്റ്റുകളിൽ പ്രിന്റ് ചെയ്യുന്നത്!
മനോഹരമായ ഈ ആദർശവാക്യം പ്രിന്റ് ചെയ്യുന്ന തടവുകാർക്ക്, അവർ ആഗ്രഹിച്ചാൽപോലും തടവിന്റെ കാലാവധി പൂർത്തിയാകാതെ പുറത്തിറങ്ങി സ്വതന്ത്രമായി ജീവിക്കാൻ സാധിക്കില്ല. അതൊരു വിരോധാഭാസംതന്നെ. എന്നാൽ, അതിലും വലിയൊരു വിരോധാഭാസം നമ്മിൽ പലരുടെയും ജീവിതത്തിൽ കാണാനാവും. അതായത്, നാം ജയിലിനു പുറത്താണ് താമസിക്കുന്നതെങ്കിലും നമ്മളും പലപ്പോഴും തടവുകാർതന്നെ എന്ന യാഥാർഥ്യം.
നാം തടവ് അനുഭവിക്കുന്നത് ഇരുന്പഴികൾക്കുള്ളിലല്ല എന്നതു ശരിതന്നെ. എന്നാൽ ഭയം, ദേഷ്യം, വിദ്വേഷം, അസൂയ, അഹങ്കാരം, മദ്യത്തിനും മയക്കുമരുന്നിനും മറ്റുമുള്ള അഡിക്ഷൻ എന്നിങ്ങനെ എത്രയോ തിന്മകളുടെയും ദുർഗുണങ്ങളുടെയും അടിമകളാണ് നമ്മൾ! അതായത്, നാം അവയുടെ തടവുകാരാണെന്നു സാരം. ഒരുപക്ഷേ, നമ്മിൽ ഭൂരിപക്ഷംപേരും കഴിയുന്ന ഒരു തടവറ ഭയത്തിന്റെ തടവറയായിരിക്കും.
എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് നാം ഭയപ്പെടുന്നത്. അതു തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. എങ്കിലും, അവയിൽ ഭൂത-ഭാവി-വർത്തമാന കാലങ്ങളിലെ കാര്യങ്ങൾ ഉൾപ്പെടുമെന്നു തീർച്ചയാണ്. പഠനത്തിലും ജീവിതത്തിലും പരാജയപ്പെടുമോ എന്ന ഭീതി, ആരോഗ്യ- സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഭീതി, ജീവിതത്തിലെ വിവിധതരം പ്രതിസന്ധികളെ എങ്ങനെ നേരിടുമെന്ന ഭയം എന്നിങ്ങനെ അവയുടെ പട്ടിക നീണ്ടുപോകാം.
നമ്മിൽ പലരും കഴിയുന്ന മറ്റൊരു തടവറയാണ് അസൂയയുടെ തടവറ. അസൂയ നമ്മെ കാർന്നുതിന്നുമെന്നു മാത്രമല്ല, അതു പല ദുരന്തങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും എന്നതാണ് നിർഭാഗ്യകരമായ ഒരു കാര്യം. ബൈബിളിൽ പറയുന്നതനുസരിച്ച്, ആദ്യ കൊലപാതകം നടത്തിയതു കായേൻ ആയിരുന്നല്ലോ. സ്വന്തം സഹോദരനായ ആബേലിനെ അയാൾ കൊലപ്പെടുത്തിയതിനുപിന്നിൽ സഹോദരനോടുള്ള അസൂയയായിരുന്നു.
നാം പുറത്തുകടക്കാൻ പലപ്പോഴും ഏറെ വിസമ്മതിക്കുന്ന മറ്റൊരു തടവറ വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയുമാണ്. ആരെങ്കിലും ഏതെങ്കിലും രീതിയിൽ നമ്മെ ഉപദ്രവിച്ചാൽമതി, അപ്പോൾ അതു ക്ഷമിക്കാൻ തയാറാകാതെ വൈരാഗ്യത്തിന്റെ തടവറയിൽ നാം സ്വയം പ്രവേശിക്കും. പിന്നെ അതിൽനിന്നു പുറത്തുകടക്കുന്നതിനെക്കുറിച്ച് നാം ചിന്തിച്ചെന്നുപോലും വരില്ല. നമ്മുടെ പൊതുസമൂഹത്തിൽ നടക്കുന്ന പല ക്രൂരകൃത്യങ്ങളുടെയും മൂലകാരണം വൈരാഗ്യമാണല്ലോ. അതായത്, ക്ഷമിക്കുവാനും മറക്കുവാനുമുള്ള മനസില്ലായ്മ.
നാം കഴിയുന്ന തടവറകളുടെ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകാം. എന്നാൽ നാം, ചിന്തിക്കേണ്ട പ്രധാനപ്പെട്ട ഒരുകാര്യം നമുക്ക് എങ്ങനെ ഈ തടവറകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നതാണ്. നാം കഴിയുന്ന തടവറകളിൽനിന്നു മോചനം പ്രാപിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് നാം തടവറയിലാണെന്ന യാഥാർഥ്യം അംഗീകരിക്കുക എന്നതാണ്. പേർഷ്യൻ കവിയും സൂഫി മിസ്റ്റിക്കും ആയിരുന്ന റൂമി ചോദിക്കുന്നു: “തടവറകളുടെ വാതിലുകൾ തുറന്നുകിടക്കുന്പോൾ നീ എന്തിനു തടവറയിൽ കഴിയുന്നു?’’ ശരിയാണ്, തടവറയുടെ വാതിൽ ദൈവം തുറന്നിട്ടിരിക്കുകയാണ്.
എങ്കിലും, നാം സൃഷ്ടിച്ച ചങ്ങലകൾ നമ്മെ നമ്മുടെ തടവറകളിൽ തളച്ചിട്ടിരിക്കുന്നു. ആ ചങ്ങലകൾ പൊട്ടിക്കാൻ നമുക്കു തനിച്ചു സാധിക്കുകയില്ല. അതിനു ദൈവസഹായം വേണം. തന്മൂലം, ദൈവസഹായം തേടുക എന്നതാണ് നാം രണ്ടാമതു ചെയ്യേണ്ടകാര്യം. അപ്പോൾ നമുക്കു ചെയ്യാൻ പറ്റാത്ത കാര്യം ദൈവം ചെയ്തുതരും.
വിവിധതരം തടവറകളിൽ കഴിയുന്നവരെ മോചിപ്പിക്കാനാണ് ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് (ലൂക്കാ 4:18). ആ ദൈവപുത്രനായ യേശു പറയുന്നു: ""പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാവും'' (യോഹ 8:36). ദൈവം തന്റെ പുത്രനായ യേശുവിലൂടെ നമ്മെ സ്വതന്ത്രരാക്കുവാൻ എപ്പോഴും സന്നദ്ധനാണ്.
ആ സഹായം സ്വീകരിച്ചാൽ നമ്മെ തളച്ചിട്ടിരിക്കുന്ന ഏതു ചങ്ങലയും പൊട്ടിച്ച് സ്വാതന്ത്ര്യം പ്രാപിക്കുവാൻ നമുക്കു സാധിക്കും. ഇതു സ്വന്തം ജീവിതത്തിൽ ബോധ്യപ്പെട്ടതുകൊണ്ടാണ് പൗലോസ് അപ്പസ്തോലൻ എഴുതിയത്- ""എന്നെ ശക്തിപ്പെടുത്തുന്ന യേശുവിലൂടെ എനിക്കെല്ലാം സാധ്യമാണ് '' (ഫിലിപ്പി 4:14).
ദൈവശാസ്ത്രജ്ഞനായിരുന്ന സെന്റ് അഗസ്റ്റിൻ പറയുന്നു: ""നിന്നെക്കൂടാതെയാണ് ദൈവം നിന്നെ സൃഷ്ടിച്ചത്. എന്നാൽ നിന്നെക്കൂടാതെ ദൈവം നിന്നെ രക്ഷിക്കുകയില്ല''. അതിന്റെ അർഥം, എല്ലാ രീതിയിലും നാം മോചിതരാണമെങ്കിൽ നാം ദൈവത്തോട് സഹകരിക്കുകതന്നെ വേണം. അതല്ലാതെ വേറെ നമുക്കു പോംവഴിയില്ല.
ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: ""ഭയപ്പെടേണ്ട. ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ട. ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും'' (41:10). അതേ, നമ്മെ സഹായിക്കുവാനും ശക്തിപ്പെടുത്താനും ദൈവം നമ്മോടുകൂടെയുണ്ട്. അപ്പോൾപ്പിന്നെ നാം എന്തിനു തടവുകാരായി കഴിയണം? നമ്മുടെ തടവറകളിൽനിന്ന് അതിവേഗം നമുക്കു മോചനംനേടാം.
Jeevithavijayam
മെക്സിക്കോയിലെ ആസ്ടെക് സാമ്രാജ്യം കീഴടക്കി അവിടെ സ്പെയിനിന്റെ വെന്നിക്കൊടി പാറിച്ച യുദ്ധവീരനാണ് ഹെർണൻ കോർടെസ് (1485-1547). 1519 ഏപ്രിലിലാണ് പതിനൊന്നു കപ്പലുകളിലായി അഞ്ഞൂറ് പടയാളികളും പതിനാറു കുതിരകളുമായി അദ്ദേഹം മെക്സിക്കോ തീരത്ത് അടുത്തത്. കോർടെസ് അവിടെ എത്തിയ ഉടനെ ചെയ്ത ഒരു കാര്യം അവിശ്വസനീയമായി നമുക്കു തോന്നാം. അത് എന്താണെന്നോ?
പതിനൊന്നു കപ്പലുകളിൽ ഒരു കപ്പലൊഴികെ ബാക്കിയുള്ളവയെല്ലാം അദ്ദേഹം നശിപ്പിച്ചു. കപ്പൽ നശിപ്പിച്ചതിന്റെ ഒരു കാരണം, അവയുടെ വിവിധ ഭാഗങ്ങളെടുത്ത് അവർക്കു താമസസ്ഥലം ഒരുക്കുക എന്നതായിരുന്നു. എന്നാൽ, കപ്പലുകൾ നശിപ്പിച്ചതിന്റെ പ്രധാന കാരണമാകട്ടെ പടയാളികളുടെ മടങ്ങിപ്പോകൽ അസാധ്യമാക്കുക എന്നതും. തിരിച്ചുപോകാൻ മാർഗമില്ലെന്നു വന്നാൽ പടയാളികൾ കൈയും മെയ്യും മറന്നു ജയിക്കാനായി പോരാടുമെന്നതായിരുന്നു കോർടെസിന്റെ ചിന്താഗതി.
മുന്നിൽ ഒരേയൊരു വഴി
ഒരു കപ്പൽ നശിപ്പിക്കാതിരുന്നതിന്റെ കാരണം അതുവഴി സ്പെയിനിലേക്കു സന്ദേശം അയയ്ക്കുക എന്നതായിരുന്നു. കോർടെസിന്റെ തന്ത്രം ഫലിച്ചു. യുദ്ധത്തിൽ ജയിക്കുക എന്നതു മാത്രമായിരുന്നു പടയാളികൾക്കു മുന്നിൽ അതിജീവനത്തിനുള്ള മാർഗം. അവർ സർവം മറന്നു പോരാടി. ആസ്ടെക് സാമ്രാജ്യത്തിന്റെ ശത്രുക്കളായിരുന്ന വിവിധ ഗോത്രങ്ങളുടെ സഹായം കിട്ടിയതോടെ വിജയം എളുപ്പമായി.
അനിശ്ചിതത്വം നിറഞ്ഞ പുതിയ ഒരു ഭൂമിയിലായിരുന്നു പടയാളികൾ എത്തിയത്. പിന്നോട്ടു പോവുക അസാധ്യം. അതുവരെയുള്ള ജീവിതത്തിലെ പല സന്തോഷങ്ങളും സൗകര്യങ്ങളും നഷ്ടപ്പെട്ടെങ്കിലും അവരിലേറെപ്പേരും പുതിയ ജീവിത സാഹചര്യത്തെ പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടുപോയി.
ചിലപ്പോൾ, നമ്മുടെ ജീവിതത്തിലും ഇതുപോലെയുള്ള വലിയ അപ്രതീക്ഷിത മാറ്റം സംഭവിക്കാം. കാരണങ്ങൾ പലതാകാം. ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക തകർച്ചകൾ, സ്ഥലംമാറ്റങ്ങൾ, കുടുംബബന്ധങ്ങളിലെ അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. അതുവഴിയുണ്ടാകുന്ന അസ്വസ്ഥതയും ഭയവുമൊക്കെ നമ്മുടെ ജീവിതത്തെ ഏറെ ബാധിക്കുകയും ചെയ്യും.
ഈ മാറ്റങ്ങളിൽ ചിലത് ഒരു തിരിച്ചുപോക്കിനു സാഹചര്യം ഒരുക്കുന്നതാവാം. എന്നാൽ, പലതും അങ്ങനെ ആയിരിക്കണമെന്നില്ല. അതുകൊണ്ട്, ദൈവത്തിന്റെ പരിപാലനയിൽ ആശ്രയിച്ച് ആ മാറ്റങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിച്ചേ മതിയാകൂ. കാരണം, ഈ മാറ്റം നമ്മെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പരിപാലനയുടെ ഭാഗംതന്നെയായിരിക്കാം.
ഈ പശ്ചാത്തലത്തിൽ ബൈബിളിലെ റൂത്തിന്റെ കഥ അനുസ്മരിക്കുന്നതു നല്ലതാണ്. ഭർത്താവിനെ നഷ്ടപ്പെട്ട റൂത്ത്, സ്വന്തം ഭാവി ഭദ്രമാക്കാതെ അമ്മായിയമ്മയായ നവോമിയെ സഹായിക്കാൻ അവരോടൊപ്പം ബേത്ലെഹെമിലേക്കു യാത്രയായപ്പോൾ അവൾ നേരിട്ടത് അപരിചിതമായ സംസ്കാരവും അനിശ്ചിതമായ ഭാവിയുമായിരുന്നു.
എന്നാൽ, ദൈവപരിപാലനയിൽ ആശ്രയിച്ച് അവൾ മുന്നോട്ടുപോയി. അതുമൂലം, ദാവീദ് രാജാവിനും ദൈവപുത്രനായ യേശുവിനും ജന്മം നൽകുന്ന വംശപരന്പരയിൽ റൂത്തിന് ഇടം നേടാൻ സാധിച്ചു. അവളുടെ ജീവിതത്തിലെ ദുഃഖകരമായ ഒരു മാറ്റം പിന്നീടു ചരിത്രത്തിൽ വലിയ സന്തോഷകരമായ സംഭവമായി മാറി.
ദൈവവചനം പറയുന്നു: "ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും'(യോഹ 12:24). ജീവിതത്തിലെ ചില മാറ്റങ്ങൾ വഴി നമുക്കു പല നഷ്ടങ്ങളും സംഭവിച്ചേക്കാം. എന്നാൽ, അതോടൊപ്പം, അവ നമുക്കു നവമായ പല സാധ്യതകളും നൽകുന്നു എന്നതാണു യാഥാർഥ്യം.
മാറ്റങ്ങളെ പേടിക്കേണ്ടതില്ല
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികമാണ്. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ എന്നിവകളിൽ മാറ്റങ്ങളുണ്ടാകുന്പോൾ നാം സ്വാഭാവികമായും അസ്വസ്ഥരായേക്കാം.
എന്നാൽ, ദൈവപരിപാലനയിൽ വിശ്വസിക്കുന്നവരാണെങ്കിൽ ധൈര്യപൂർവം മുന്നോട്ടു പോവുകതന്നെ ചെയ്യും. കാരണം, ദൈവവചനം പറയുന്നു: "ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടിരിക്കുന്നവർക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ'(റോമാ 8:28).
ദൈവത്തെ സ്നേഹിക്കുന്നവരായ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നന്മയ്ക്കാണെന്ന് അറിയാമെങ്കിലും ആ മാറ്റങ്ങൾ സ്വീകരിക്കുന്നത് അത്ര എളുപ്പമാണെന്നു പറയാനോ നടിക്കാനോ സാധ്യമല്ല. എങ്കിലും, ആ മാറ്റങ്ങളിൽ ദൈവകരം കാണാൻ നമുക്കു സാധിക്കണം. പ്രവാചകനിലൂടെ ദൈവം പറയുന്നു: "ഇതാ, ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങൾ അറിയുന്നില്ലേ?'(ഏശ 43:18).
മാറ്റങ്ങളിൽ പലതും നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കില്ല. അതിന്റെ കാരണക്കാരും നമ്മളായിരിക്കില്ല. അവയുടെ ഫലം എന്തുതന്നെ ആയാലും അതിൽ ദൈവകരം ദർശിച്ചു മുന്നോട്ടു പോവുകയാണു വേണ്ടത്. കാരണം, അവ വഴിയാകാം കൂടുതൽ ദൈവാനുഗ്രഹം നമുക്കുണ്ടാവുക.
സാധാരണഗതിയിൽ, ഒരേയൊരു അധ്യായംകൊണ്ട് നമ്മുടെ ജീവിതകഥ തീരില്ല. ആ കഥയിൽ വിവിധ അധ്യായങ്ങളുണ്ടാകാം. ചില അധ്യായങ്ങളിൽ കണ്ണീരിന്റെ കഥകളാകാം വിവരിക്കുക. എന്നാൽ, ദൈവപരിപാലനയിലാശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ, ദൈവംതന്നെ നമ്മുടെ ജീവിതകഥ സുന്ദരമായി എഴുതും. അപ്പോൾ, ആ കഥയിൽ നിറഞ്ഞുനിൽക്കുന്നതു ദൈവതണലിൽ നാം നേടിയ അവിസ്മരണീയമായ വിജയമായിരിക്കും.
Jeevithavijayam
1296ൽ പണി ആരംഭിച്ച് 1436ൽ പൂർത്തിയാക്കപ്പെട്ട അതിമനോഹരമായ ഒരു പള്ളിയാണ് ഇറ്റലിയിലെ ഫ്ളോറൻസിലുള്ള സാന്തമരിയ കത്തീഡ്രൽ. ഈ കത്തീഡ്രലിന്റെ മുൻഭാഗത്തും മുകൾപ്പരപ്പിലുമായി പന്ത്രണ്ട് കൂറ്റൻ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. അവയെല്ലാം പഴയ നിയമത്തിലെ പ്രവാചകന്മാരെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഗണത്തിൽ ഉൾപ്പെടുത്താൻ വേണ്ടി ദാവീദ് രാജാവിന്റെ ഒരു പ്രതിമയുടെ പണി 1464ൽ ആരംഭിച്ചു.
പത്തൊന്പതടി നീളവും ഇരുപതു ടണ് ഭാരവുമുണ്ടായിരുന്ന അതിഭീമാകാരമായ ഒരു മാർബിൾ ബ്ലോക്ക് ആണ് ഈ പ്രതിമാനിർമാണത്തിനു വിനിയോഗിച്ചത്. അഗസ്തീനോ ഡി സൂച്ചിയോ എന്ന ശില്പിയായിരുന്നു ഈ നിർമാണം ഏറ്റെടുത്തത്. എന്നാൽ, പണി ബുദ്ധിമുട്ടാണെന്നു പറഞ്ഞ് അദ്ദേഹം ആ ജോലിയിൽനിന്നു പിന്മാറി.
രഹസ്യത്തിൽ സംഭവിച്ചത്
പത്തു വർഷം കഴിഞ്ഞപ്പോൾ അന്റോണിയോ റോസലീനോ എന്ന ശില്പി ദാവീദ് രാജാവിന്റെ പ്രതിമാനിർമാണം ഏറ്റെടുത്തു. പക്ഷേ, കുറേ കഴിഞ്ഞപ്പോൾ അദ്ദേഹവും ദൗത്യം ഉപേക്ഷിച്ചു. കൊത്തുപണി ചെയ്യാൻ പറ്റിയ മാർബിൾ അല്ല അതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. വർഷങ്ങൾ പലതു കഴിഞ്ഞുപോയി. അപ്പോഴും ആ വലിയ മാർബിൾ ബ്ലോക്ക് കത്തീഡ്രൽ വർക്ക്ഷോപ്പിന്റെ മുറ്റത്തുകിടന്നു. എങ്കിലും പ്രതിമാ നിർമാണ പദ്ധതി കത്തീഡ്രൽ കമ്മിറ്റി ഉപേക്ഷിച്ചിരുന്നില്ല.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പുതിയ ഒരു ശില്പിക്കായി കമ്മിറ്റി അന്വേഷണം ആരംഭിച്ചു. അക്കാലത്തെ അറിയപ്പെടുന്ന പല ശില്പികളും ആ സംരംഭം ഏറ്റെടുക്കാൻ മടിച്ചു. അവരുടെ അഭിപ്രായത്തിൽ, അസാധ്യമായിരുന്നു ആ കൂറ്റൻ പ്രതിമാനിർമാണം. ഈ സാഹചര്യത്തിലാണ്, ഇരുപത്താറുകാരനായ മൈക്കിളാഞ്ചലോ എന്ന ശില്പിയുടെ വരവ്. അസാധ്യമെന്നു തോന്നാമെങ്കിലും സാധ്യമായ ഒരു കാര്യമാണ് ആ പ്രതിമാ നിർമാണമെന്ന് അദ്ദേഹം കമ്മിറ്റി അംഗങ്ങളെ ബോധ്യപ്പെടുത്തി. അതേത്തുടർന്ന്, പ്രതിമാനിർമാണം അവർ മൈക്കിളാഞ്ചലോയെ ഏല്പിച്ചു.
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം തന്റെ ജോലി ആരംഭിച്ചത്. 1501 സെപ്റ്റംബർ 13നു തുടങ്ങിയ ആ ജോലി 1504 മേയിൽ അദ്ദേഹം പൂർത്തിയാക്കി. അദ്ദേഹം കൊത്തുപണി ചെയ്തു പൂർത്തിയാക്കിയ ദാവീദ് രാജാവിന്റെ പ്രതിമകണ്ട് ലോകം അദ്ഭുതംകൂറി! അസാധ്യമെന്നു കരുതിയ ഒരു കാര്യമാണ് മൈക്കിളാഞ്ചലോ കല്ലുളിയും കൊട്ടുവടിയുംകൊണ്ട് രൂപപ്പെടുത്തിയത്.
മൈക്കിളാഞ്ചലോ കൊത്തുപണി ചെയ്തെടുത്ത പ്രതിമയുടെ ഉയരം പതിനേഴടിയാണ്. ഭാരമാകട്ടെ ആറ് ടണ്ണും. പ്രതിമാനിർമാണം പൂർത്തിയായപ്പോൾ, ദാവീദിന്റെ പ്രതിമയ്ക്കു ജീവനുള്ളപോലെ മൈക്കിളാഞ്ചലോയ്ക്കു തോന്നി. അപ്പോൾ അദ്ദേഹം പ്രതിമയോടു പറഞ്ഞു: "സംസാരിക്കൂ'
സംസാരിക്കൂ എന്നു മൈക്കിളാഞ്ചലോ പ്രതിമയോടു പറഞ്ഞു എന്നതു ചരിത്രവസ്തുതയാണോയെന്നു തീർച്ചയില്ല. ജീവൻ തുടിക്കുന്ന പ്രതിമയായതുകൊണ്ട് അതൊരു കെട്ടുകഥയായി രൂപംകൊണ്ടു എന്നു കരുതുന്നതാവും ശരി.
വിദഗ്ധരായ നിരവധി ശില്പികൾ അസാധ്യമെന്നു പറഞ്ഞു പിൻവാങ്ങിയ ഒരു കാര്യമാണ് മൈക്കിളാഞ്ചലോ സാധ്യമാക്കിയത്. എന്നാൽ, എങ്ങനെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചതെന്ന് അന്വേഷിക്കുന്നതു നല്ലതാണ്.
മറ്റ് ശില്പികൾ ആ മാർബിൾ കണ്ടപ്പോൾ അവരുടെ ശ്രദ്ധ പോയതു ആ മാർബിളിന്റെ ന്യൂനതകളിലേക്കായിരുന്നു. എന്നാൽ, ആ മാർബിളിലെ സാധ്യതകൾ കാണാൻ മൈക്കിളാഞ്ചലോയുടെ അതിരുകളില്ലാത്ത ഭാവനയ്ക്കു സാധിച്ചു. ആ ഭാവനയാണ്, മാർബിളിന്റെ ന്യൂനതകൾ ഉൾക്കൊണ്ട് പണിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ആത്മവിശ്വാസം
ഈ പ്രതിമാനിർമാണം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച മറ്റൊരു ഘടകം ആത്മവിശ്വാസമാണ്. ദൈവം തന്നിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകൾ താൻ ശരിക്കു വികസിപ്പിച്ചെടുത്തു എന്ന ആത്മവിശ്വാസം. അത് ഒറ്റ ദിവസംകൊണ്ടു സംഭവിച്ചതല്ല, ദീർഘകാലത്തെ പരിശ്രമമാണ് അദ്ദേഹത്തെ വിദഗ്ധ ശില്പിയാക്കി മാറ്റിയത്.
പ്രതിമ നിർമിക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ച മറ്റൊരു ഘടകം സ്ഥിരോത്സാഹം ആയിരുന്നു. നിരന്തര പ്രയത്നത്തിന് അദ്ദേഹം തയാറായതുകൊണ്ടല്ലേ മൂന്നു വർഷംകൊണ്ട് കല്ലുളിയും കൊട്ടുവടിയുമുപയോഗിച്ച് അദ്ദേഹം ആ പ്രതിമ രൂപപ്പെടുത്തിയത്. എന്നാൽ, ഇവയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യം അദ്ദേഹം ദൈവാനുഗ്രഹത്തിൽ ആശ്രയിച്ചിരുന്നു എന്നതാണ്.
കൊത്തുപണി വിദഗ്ധനായിരുന്ന മൈക്കളാഞ്ചലോ വലിയ ചിത്രകാരനുമായിരുന്നു എന്ന കാര്യം ഏറെ പ്രസിദ്ധമാണ്. എന്നാൽ, അദ്ദേഹം ഒരു കവിയുമായിരുന്നു എന്നതു പലർക്കും അറിയില്ല. മുന്നൂറിലേറെ ചെറുകവിതകൾ അദ്ദേഹം എഴുതിയിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ഈ കവിതകളിൽ പലതിലും അദ്ദേഹം തനിക്കു ലഭിച്ചിട്ടുള്ള കഴിവുകളെക്കുറിച്ച് ദൈവത്തിനു നന്ദി പറയുന്നതായി കാണാനാവും. അതിന്റെ അർഥം അദ്ദേഹം ദൈവാനുഗ്രഹത്തിൽ ആശ്രയിച്ചിരുന്നു എന്നതല്ലേ?
ജീവിതത്തിൽ നേടിയെടുക്കേണ്ട പല കാര്യങ്ങളും അസാധ്യമായി നമുക്കു തോന്നാം. എന്നാൽ, മൈക്കിളാഞ്ചലോയെപ്പോലെ, അനന്തമായ ഭാവനയും ദൈവം നമുക്കു തന്നിരിക്കുന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതുവഴി ഉണ്ടാകുന്ന ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും സർവോപരി ദൈവത്തിലാശ്രയിച്ചു മുന്നോട്ടു പോകാനുള്ള സന്മനസും നമുക്കുണ്ടെങ്കിൽ അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും സാധ്യമാക്കാം.
ബ്രിട്ടീഷ് ഗ്രന്ഥകാരനായ സി.എസ്. ലൂവിസ് എഴുതി: "നാം പിന്നിട്ടു പോകുന്നവയേക്കാൾ ഏറെ വലിയ കാര്യങ്ങൾ നേടിയെടുക്കാൻ നമുക്കു മുന്നിലുണ്ട്.' ഈ നേട്ടങ്ങളിൽ പങ്കുകാരാകാൻ നമുക്കു കഴിയണം. എന്നാൽ, അതിന് അതിരുകളില്ലാത്ത ഭാവനയും ഉറച്ച ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും ദൈവാനുഗ്രഹവും അനിവാര്യമാണ്. അതു മറക്കാതിരിക്കാം. അതോടൊപ്പം സങ്കീർത്തകനോടുകൂടി നമുക്കു പ്രാർഥിക്കാം. "ദൈവമേ ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കേണമേ!' (സങ്കീ 90:17).
Jeevithavijayam
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പന്നമായ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
യൂണിവേഴ്സിറ്റിയിൽ നിയമപഠനം ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കിയില്ല. ഇതിനിടയിൽ അദ്ദേഹം നോവൽ രചന ആരംഭിച്ചു. ചൂതുകളിയിലൂടെ ധാരാളം പണവും കളഞ്ഞു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ആർമിയിൽ ചേർന്നത്.
ക്രിമിയൻ യുദ്ധ (1853-1856) കാലത്ത് ടോൾസ്റ്റോയ് ഒരു ആർട്ടിലറി ഓഫീസറായി സേവനമനുഷ്ഠിച്ചു. യുദ്ധം കഴിഞ്ഞ് ആർമി സേവനം അവസാനിപ്പിച്ച അദ്ദേഹം വീണ്ടും എഴുത്തിലേക്കു തിരിഞ്ഞു. അതോടൊപ്പം, രണ്ടു തവണ യൂറോപ്യൻ പര്യടനവും നടത്തി.
ടോൾസ്റ്റോയ്ക്ക് അമ്പതു വയസ് കഴിയുന്പോഴേക്കും അദ്ദേഹം തന്റെ നോവലുകളിലൂടെ ഏറെ പ്രശസ്തനായി മാറിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആത്മാവ് ഏറെ സംഘർഷപൂരിതമായിരുന്നു. അല്പംപോലും മനഃസമാധാനം ഇല്ലാത്ത അവസ്ഥ. അങ്ങനെയാണ്, അദ്ദേഹം വലിയ ഒരു ആത്മപരിശോധനയ്ക്കു തയാറായത്.
ആ ആത്മപരിശോധനയിൽ അദ്ദേഹം കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്റെ ആധ്യാത്മിക പാപ്പരത്തമായിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച "എ കണ്ഫെഷൻ' എന്ന ചെറിയ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരമെഴുതി: "എന്റെ ജീവിതത്തിന്റെ അടിത്തറ ആയിരുന്നത് എന്തോ അതു തകർന്നതായി എനിക്കു തോന്നി. തന്മൂലം, എന്റെ ജീവിതത്തിലെ ഒരു കാര്യത്തിനും അർഥം കൊടുക്കാൻ എനിക്കു സാധിച്ചില്ല.'
ആത്മപരിശോധന
ടോൾസ്റ്റോയ് ആരംഭിച്ച ആത്മപരിശോധന ജീവിതമൂല്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെയാണ്, യേശുവിന്റെ മലയിലെ പ്രസംഗത്തിൽ അദ്ദേഹം വലിയ പ്രലോഭനവും ആശ്വാസവും കണ്ടെത്തിയത്.
അതോടൊപ്പം, ജീവിതത്തിലെ കാതലായ മൂല്യങ്ങൾ സ്നേഹവും കരുണയുമൊക്കെയാണെന്ന് അദ്ദേഹം മനസിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൽക്കാല രചനകൾ ഇതു വ്യക്തമാക്കുന്നുമുണ്ട്.
"ആത്മപരിശോധന ചെയ്യപ്പെടാത്ത ജീവിതം ജീവിതയോഗ്യമല്ല' എന്നു പുരാതന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞത് എത്രയോ ശരിയാണ്! സോക്രട്ടീസ് തന്റെ പ്രസംഗത്തിലൂടെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഏഥൻസിലെ ജൂറി അദ്ദേഹത്തിനു വധശിക്ഷ വിധിച്ച അവസരത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ അന്നുമുതൽ ഇന്നുവരെ ഓരോ കാലഘട്ടത്തിലും മുഴങ്ങി കേട്ടിട്ടുണ്ട്. ഇനി ഭാവിയിലും അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും.
ടോൾസ്റ്റോയി തന്റെ ജീവിതത്തെ ശരിയായി സ്വയം വിശകലനം ചെയ്തപ്പോഴാണ് തന്റെ പോരായ്മകൾ എന്താണെന്നു മനസിലാക്കിയതും അതിനു പ്രതിവിധിയായി അനുദിനം ആധ്യാത്മിക ഊർജം സന്പാദിക്കാൻ ശ്രമിച്ചതും.
അദ്ദേഹം ആ ആധ്യാത്മിക ഊർജം സംഭരിച്ചതാകട്ടെ ആഴമേറിയ മൂല്യങ്ങളിൽ ജീവിതത്തെ ഉറപ്പിച്ചു നിർത്തിക്കൊണ്ടും.സാധാരണക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം ആത്മപരിശോധന ഒരു അപൂർവ സംഭവമായിരിക്കാം.
അതുകൊണ്ടല്ലേ ഓരോരോ കാര്യങ്ങൾ വെറുതെ ചെയ്തു മുന്നോട്ടുപോകുന്നത്? എന്നാൽ, അതുവഴിയായി ഏതു തരത്തിലുള്ള മനുഷ്യരായി നാം മാറുന്നു എന്ന് അന്വേഷിക്കാറുണ്ടോ?
ആത്മപരിശോധനയുടെ ഈ അഭാവം മൂലമല്ലേ ജീവിതത്തിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നമുക്ക് അല്പംപോലും അവബോധമില്ലാതെ പോകുന്നത്? ആത്മപരിശോധന എന്നു പറയുന്പോൾ അതു തെറ്റുകളെയും കുറ്റങ്ങളെയുംകുറിച്ചു മാത്രമുള്ള ഒരു അന്വേഷണമാണെന്നു കരുതരുത്. തീർച്ചയായും അത് എപ്പോഴും അന്വേഷണ പരിധിയിൽ ആദ്യംതന്നെ ഉണ്ടാകണം.
എന്നാൽ, അതോടൊപ്പം നമ്മുടെ അനുഭവങ്ങളെ വിലയിരുത്താനും അവയിൽനിന്നു പാഠം പഠിക്കാനും അങ്ങനെ ജീവിതത്തെ സമഗ്രമായി നവീകരിക്കാനും ആത്മപരിശോധന സഹായിക്കണം. ജീവിതം അസാധാരണമായ വേഗത്തിൽ മുന്നോട്ടുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
അതുകൊണ്ടുതന്നെ, ഇടയ്ക്കിടെ ജീവിതത്തിന്റെ പോക്കിനെക്കുറിച്ച് ആത്മപരിശോധന ചെയ്യുകയും ജീവിതത്തെ വിലയിരുത്തുകയും വേണം. എങ്കിൽ മാത്രമെ, ജീവിതത്തെ ആധ്യാത്മിക പാപ്പരത്തത്തിൽനിന്നു രക്ഷിക്കാൻ നമുക്കു സാധിക്കൂ.
നാം ചെയ്യേണ്ടത്
ദൈവവചനം പറയുന്നു: "നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കുകയും കർത്താവിങ്കലേക്കു തിരിയുകയും ചെയ്യാം'(വിലാപങ്ങൾ 3:40).നമ്മുടെ വഴികൾ പരിശോധിക്കുന്പോൾ കണ്ടെത്തുന്ന കാര്യം നാം പലപ്പോഴും ദൈവത്തിന്റെ വഴികളിൽനിന്ന് അകന്നു പോകുന്നു എന്നുള്ളതായിരിക്കും.
അങ്ങനെയുള്ള സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു മുകളിൽ കൊടുത്തിരിക്കുന്ന വചനം ഓർമിപ്പിക്കുന്നുണ്ട്. അതായത്, ദൈവം കാണിച്ചുതരുന്ന വഴിയിലേക്കു മടങ്ങണമെന്നു സാരം. രാജാവും പ്രവാചകനുമായിരുന്നു പഴയ നിയമത്തിലെ ദാവീദ്. പലപ്പോഴും ആത്മപരിശോധന ചെയ്യാൻ നിർബന്ധിക്കപ്പെട്ടവനായിരുന്നു അദ്ദേഹം.
അതിന്റെ ഫലമായിട്ടായിരുന്നു അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചത്: "ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസിലാക്കണമേ! വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ' (സങ്കീ139:23-24).
ദാവീദിന്റെ ഈ പ്രാർഥനയിൽ നമുക്കും പങ്കുചേരാം. ദൈവത്തിനു നമ്മുടെ ഹൃദയത്തെ അറിയാം. വിചാരങ്ങൾ ഏതു വഴിക്കു പോകുന്നുവെന്നും അറിയാം. എന്നാൽ, നമുക്കു നമ്മുടെ ഹൃദയത്തെ അറിയാമോ എന്നു സംശയിക്കണം.
അതുപോലെ, ചിന്തകൾ എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ചും. അതിനാൽ, അനുദിനം ആത്മപരിശോധനയ്ക്കു നാം തയാറാകണം. അതോടൊപ്പം ശാശ്വതമാർഗത്തിലൂടെ നയിക്കണമെന്നു പ്രാർഥിക്കണം. അപ്പോൾ ഒരിക്കലും ആധ്യാത്മിക പാപ്പരത്തം ഉണ്ടാകില്ല, തീർച്ച.