ആരാണ് നമ്മുടെ ജീവിതകഥ എഴുതുന്നത്? നമ്മൾതന്നെയോ അതോ ദൈവമോ? ദൈവവചനം പറയുന്നു: ""നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും'' (ഏശയ്യാ 41:13). ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നതെങ്കിൽ നാം പോകുന്ന വഴി അവിടന്ന് തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നു വ്യക്തം. നാം അതിനു സഹകരിക്കണമെന്നു മാത്രം.
ഞാൻ എഴുതുന്ന ചിന്താവിഷയങ്ങളിൽ സാധാരണ എന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ നേരിട്ടു വിവരിക്കാറില്ല. എന്നാൽ ഇത്തവണ ഒരനുഭവം പങ്കുവയ്ക്കുകയാണ്. അതിന് ഒരു കാരണം ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഈ ഡിസംബർ 17ന് അന്പതു വർഷം പൂർത്തിയാകുന്നു എന്നതാണ്. അതുപോലെ, ദീപികയിൽ തുടർച്ചയായി ഞാൻ ചിന്താവിഷയം എഴുതാൻ തുടങ്ങിയിട്ട് ഈ മാസം 40 വർഷം തികയുന്നു എന്നതും.
ഞാൻ വൈദികനാകാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മിഷൻ പ്രവർത്തനം ചെയ്യാനായിരുന്നു. എന്നാൽ ദൈവം എന്നെ കൈപിടിച്ചു നടത്തിയത് പൗരോഹിത്യവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടിയും. അതിന്റെ സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. അന്നതു മനസിലായില്ലെങ്കിലും. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുന്പോൾ എത്ര അദ്ഭുതകരമായാണ് ദൈവം എന്റെ വഴികൾ പ്ലാൻ ചെയ്തത് എന്നു മനസിലാകുന്നു.
1965 മേയ് മാസത്തിൽ എസ്എസ്എൽസി പരീക്ഷാഫലം അറിഞ്ഞദിവസം. അന്നാണ് ഞാൻ വൈദികനായി മിഷണറിയാകുവാൻ തീരുമാനിച്ച വിവരം എന്റെ അമ്മയെ അറിയിച്ചത്. ഞാൻ വൈദികനാകുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അത് സിഎംഐ സമൂഹത്തിലായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനു കാരണം എന്നെ ദൂരദേശത്തേക്ക് അയയ്ക്കുന്നതിനുള്ള അമ്മയുടെ വൈമനസ്യവും വൈദികരോടുള്ള സഭാംഗങ്ങളോടുള്ള പരിചയവുമായിരുന്നു.
അമ്മയുടെ ആഗ്രഹം മാനിച്ച് സിഎംഐ സമൂഹത്തിൽതന്നെ ചേരാമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് പരീക്ഷാഫലം അറിഞ്ഞതിന്റെ പിറ്റേദിവസം എന്റെ പിതാവ് എന്നെയുംകൂട്ടി കുര്യനാട് സിഎംഐ ആശ്രമത്തിലെത്തിയത്. ആശ്രമാധിപനായിരുന്ന മണ്ണനാൽ ക്ലെയോഫാസച്ചന് എന്റെ പിതാവിനെ പരിചയമുണ്ടായിരുന്നു. തന്മൂലം കാര്യങ്ങൾക്ക് വേഗം തീരുമാനമായി. പ്രൊവിൻഷ്യലച്ചനെ കാണാനായി കോട്ടയത്തേക്കു പോകണമെന്നും അതിനായി പിറ്റേദിവസം രാവിലെ കൊവേന്തയിലെത്തണമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നു രാവിലെ കൊവേന്തയിലെത്തുന്പോൾ ദീപികയുടെ ബോർഡ് വച്ച ഒരു വെളുത്ത അംബാസഡർ കാർ ആശ്രമത്തിന്റെ പോർട്ടിക്കോയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കാറിലാണ് അക്കാലത്ത് കുര്യനാട് ആശ്രമത്തിലെ സെമിനാരി വിദ്യാർഥികളുടെ അസിസ്റ്റന്റ് റെക്ടറായിരുന്ന കുളത്തിനാൽ എയിഡനച്ചൻ എന്നെ പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോയത്. പള്ളിവാതുക്കൽ ജയിംസച്ചനായിരുന്നു അന്നു കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ. അദ്ദേഹം അന്നു സിഎംഐയിലെ വൈദിക വിദ്യാർഥിയായി എന്നെ സ്വീകരിച്ചു.
ദീപികയുടെ കാറിൽ സിഎംഐ സഭയിൽ ചേരാനെത്തിയത് ഒരു യാദൃച്ഛിക സംഭവമായിരുന്നോ? ഇന്നു പിന്തിരിഞ്ഞുനോക്കുന്പോൾ ദൈവം എന്നെക്കുറിച്ചെഴുതിയ കഥയുടെ ഒരു ഭാഗംതന്നെയായിരുന്നു ദീപികയുടെ കാറിലുള്ള ആ യാത്രയെന്ന് ഞാൻ മനസിലാക്കുന്നു. ആ കഥയുടെ ഭാഗമായിട്ടാണ് ഫിലോസഫി ബിരുദം പൂർത്തിയാക്കിയശേഷം പ്രായോഗിക പരിശീലനത്തിനായി ദീപികയുടെ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ദീപിക ബുക്ക് ഹൗസിൽ സേവനത്തിനെത്തിയതും പിന്നീട് വൈദികനായതിനുശേഷം ദീപികയിലെ സേവനത്തിന് ഒരുക്കമായി 1977ൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോയതും.
1981ൽ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദീപികയുടെ എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി മൂന്നുതവണ ചീഫ് എഡിറ്ററായി. മൂന്നാം തവണത്തെ നിയമനം മൂന്നുമാസമേ നീണ്ടുനിന്നുള്ളൂ. അതിനു കാരണം സിഎംഐ സഭയുടെ പ്രിയോർ ജനറാളായി 2008ൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്നാൽ ഇതു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. എന്റെ പൗരോഹിത്യജീവിതം ദീപികയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കഴിഞ്ഞ നാല്പതു വർഷമായി ആഴ്ചതോറും ദീപികയിൽ ഞാൻ ചിന്താവിഷയം എഴുതുന്നു എന്നതാണ്.
എക്സിക്യുട്ടീവ് എഡിറ്ററായി ദീപികയിൽ സേവനംചെയ്യുന്പോഴാണ് 1986ൽ ചിന്താവിഷയം എന്ന പംക്തി ഞാൻ ഏറ്റെടുക്കുന്നത്. ദീപികയിൽനിന്ന് എനിക്ക് മാറ്റങ്ങളുണ്ടായപ്പോഴും ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചപ്പോഴും ഗവേഷണ പഠനത്തിനായി വീണ്ടും അമേരിക്കയിൽ പോയപ്പോഴും സിഎംഐ സമൂഹത്തിന്റെ പ്രിയോർ ജനറാൾ ആയിരുന്നപ്പോഴും ഈ പംക്തി തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അജപാലന സേവനം ചെയ്യുന്പോഴും ഇതു തുടരുന്നു.
ചെറുപ്പകാലത്ത് ഞാൻ രചിക്കാൻ ആഗ്രഹിച്ച എന്റെ കഥയുടെ ഭാഗമാണോ ഇതൊക്കെ? അല്ലേയല്ല. പ്രത്യുത എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി ദൈവം രചിച്ച കഥയുടെ ഭാഗമാണ്. സിഎംഐ സമൂഹത്തിൽ ചേരാനായി ദീപികയുടെ കാറിൽ എന്നെ കോട്ടയത്ത് എത്തിച്ചത് എന്റെ ഭാവിയെ സൂചിപ്പിക്കാനായിരുന്നുവെന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
പ്രസിദ്ധ എഴുത്തുകാരനായ കാർഡിനൽ ന്യൂമൻ പറയുന്നു: ""ദൈവം ചെയ്യുന്നതെന്തെന്ന് അവിടന്ന് നന്നായി അറിയുന്നു.'' എന്നാൽ നമ്മൾ എപ്പോഴും അറിയുന്നില്ല. എങ്കിലും നാം എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ മാത്രമല്ല ദൈവം നമ്മോടൊപ്പമുള്ളത്, അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം. അതു നാം അവിടത്തെ കൈപിടിച്ചു നടക്കാൻവേണ്ടിയാണുതാനും. ഇതു നാം ഒരിക്കലും മറന്നുപോകരുത്.
പൗരോഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇഴകൾ ചേർത്ത് ദൈവം എനിക്കായി രചിച്ച ജീവിതകഥയെ ഓർത്ത് ജൂബിലിയുടെ അവസരത്തിൽ ഞാൻ അവിടത്തേക്കു നന്ദിപറയുന്നു. അതുപോലെ 1981 മുതൽ ദീപികയുടെ പ്രിയപ്പെട്ട വായനക്കാരുമായി ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിനെക്കുറിച്ചോർത്തും ദൈവത്തിനു നന്ദി.
ഇനി, ദീപികയുടെ കാർ 1965 മേയ് മാസത്തിൽ എനിക്കുവേണ്ടി കുര്യനാട് ആശ്രമത്തിൽ കാത്തുകിടക്കാൻ ഇടയായത് എങ്ങനെയെന്നുകൂടി കുറിക്കട്ടെ. അക്കാലത്ത് ദീപികയുടെ സ്വന്തം കാറുകളിലായിരുന്നു പല സ്ഥലങ്ങളിലും പത്രവിതരണം നടത്തിയിരുന്നത്.
ക്ലെയോഫാസച്ചൻ ദീപികയിലേക്കു വിളിച്ചുപറഞ്ഞതനുസരിച്ച് ആലുവ ഭാഗത്തേക്കു പോയിരുന്ന കാറാണ് മടക്കയാത്രയിൽ കുര്യനാട് ആശ്രമത്തിലെത്തി എനിക്കായി കാത്തുകിടന്നത്. അതാകട്ടെ ദൈവം നമ്മെ ഓരോരുത്തരെക്കുറിച്ചും എഴുതുന്നതുപോലെ, എന്നെക്കുറിച്ചെഴുതിയ കഥയുടെ ഭാഗമായിട്ടായിരുന്നു താനും.
Tags : Jeevithavijayam Fr. Jose Panthaplamthottiyil