വിശുദ്ധ തോമസ് മൂർ, വാഴ്ത്തപ്പെട്ട ഫ്രാൻസ് ജാഗർസ്റ്റാറ്റർ
1933 ജനുവരി 30നാണ് അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി നിയമിതനായത്. പിറ്റേവർഷം ഓഗസ്റ്റിൽ ജർമൻ പ്രസിഡന്റ് പോൾ ഹിൻഡൻബർഗ് നിര്യാതനായപ്പോൾ ഹിറ്റ്ലർ ആ സ്ഥാനംകൂടി ഏറ്റെടുത്തു ജർമനിയുടെ പരമാധികാരിയായി. അതോടുകൂടി യൂറോപ്പ് മുഴുവൻ കീഴടക്കാനുള്ള പദ്ധതിയുമായി നാസി പാർട്ടിയുടെ നേതാവായ ഹിറ്റ്ലർ മുന്നോട്ടുപോയി. അതിന്റെ ആദ്യപടിയായിട്ടാണ് 1938ൽ ഓസ്ട്രിയയെ പിടിച്ചെടുത്ത് ജർമനിയുടെ ഭാഗമായി മാറ്റിയത്.
ഓസ്ട്രിയ അക്കാലത്ത് ഏറെ സാന്പത്തികബുദ്ധിമുട്ടിലായിരുന്നു. ജർമനിയാകട്ടെ സാന്പത്തികമായി കുതിച്ചുയരുകയുമായിരുന്നു. തന്മൂലം പ്രധാനമായും സാന്പത്തിക ഉന്നതി ലക്ഷ്യംവച്ച് ഓസ്ട്രിയയിലെ ആളുകൾ ജർമനിയുടെ അധിനിവേശം സ്വാഗതംചെയ്തു. ഹിറ്റ്ലറുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് അന്നു പൊതുജനങ്ങളിൽ ഏറിയപങ്കും അജ്ഞരായിരുന്നു. എന്നാൽ, ഹിറ്റ്ലറുടെയും നാസികളുടെയും പോക്ക് തെറ്റായ വഴിയിലൂടെയാണെന്നു ബോധ്യമുള്ളവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരിൽ പലരും നിശബ്ദത പാലിച്ചുവെന്നുമാത്രം.
ഹിറ്റ്ലറുടെ ആശയങ്ങളെ എതിർക്കുകയും നാസികളുടെ തത്വസംഹിതയെ തള്ളിപ്പറയുകയും ചെയ്തവർ അന്നു വളരെ കുറവായിരുന്നു. അവരിലൊരാളാണ് ഇന്നു പ്രസിദ്ധനായിക്കൊണ്ടിരിക്കുന്ന ഫ്രാൻസ് ജാഗർസ്റ്റാറ്റർ (1907-1943). മൂന്നു പെണ്കുട്ടികളുടെ പിതാവായ ഒരു ഗ്രാമീണ കർഷകനായിരുന്നു അദ്ദേഹം. ഓസ്ട്രിയയിലെ ഒബർഗ്രില്ലിംഗ് എന്ന ഗ്രാമത്തിൽ ശാന്തമായ ഒരു ജീവിതമാണ് ജാഗർസ്റ്റാറ്റർ സ്വപ്നംകണ്ടത്. എന്നാൽ ജർമനി ഓസ്ട്രിയ കീഴടക്കിയതോടുകൂടി അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു. എല്ലാ പുരുഷന്മാരും സൈന്യത്തിൽ ചേർന്നു യുദ്ധത്തിനു സജ്ജരാകണമെന്നു ഹിറ്റ്ലർ ശഠിച്ചു.
ജാഗർസ്റ്റാറ്ററിനു സ്വീകാര്യമല്ലായിരുന്നു ഈ നിർദേശം. ഹിറ്റ്ലറുടെ വഴി അനീതിയും അക്രമവും നിറഞ്ഞതാണെന്നും തന്റെ മനസ്സാക്ഷിയനുസരിച്ച് തനിക്കതിനു കൂട്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ ഗ്രാമവാസികളിൽ ചിലർ പറഞ്ഞു: "ഹിറ്റ്ലർ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനു കുടുംബത്തിന്റെ ഭാവി നീ നശിപ്പിക്കുന്നു.' ഉടനെ ജാഗർസ്റ്റാറ്റർ പറഞ്ഞു: "തെറ്റാണെന്ന് എനിക്കു പൂർണബോധ്യമുള്ള കാര്യമാണിത്. എന്റെ ജീവനു ഭീഷണിയായാൽപ്പോലും ഞാൻ ഹിറ്റ്ലറെ അനുസരിക്കുകയില്ല.
സൈന്യസേവനത്തിനു വിസമ്മതിച്ചതിനെത്തുടർന്ന്, 1943 മാർച്ച് ഒന്നിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. തടവിൽ കഴിയുന്പോൾ അദ്ദേഹം ഭാര്യയ്ക്ക് എഴുതി: "അനീതി ചെയ്യുന്നതിനേക്കാൾ അതു സഹിക്കുന്നതാണ് ഏറെ ഉത്തമം.' മറ്റൊരവസരത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: "നാം ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും അന്ധകാരത്തിൽ ഓരോ ചെറിയ വിളക്കായി പ്രശോഭിക്കും.'
തന്റെ മനസ്സാക്ഷിയുടെ പ്രചോദനത്തിനു വിരുദ്ധമായി ഹിറ്റ്ലറുടെ സൈന്യത്തിൽ ചേർന്നു യഹൂദരെ കൂട്ടക്കൊല ചെയ്യുന്നതിന് ജാഗർസ്റ്റാറ്റർ തയാറായില്ല. തന്മൂലം 1943 ഓഗസ്റ്റ് ഒന്പതിന് നാസികൾ അദ്ദേഹത്തെ വധിച്ചു. അന്ന് അതു വലിയ വാർത്തയായില്ല. കുടുംബാംഗങ്ങൾ ഒഴികെ അധികമാരും കണ്ണീരൊഴുക്കാനുമുണ്ടായില്ല. എന്നാൽ ചരിത്രം അദ്ദേഹത്തെ മറന്നില്ല.
എന്നുമാത്രമല്ല, മനസ്സാക്ഷിയെപ്രതി രക്തസാക്ഷിയായ അദ്ദേഹത്തെ കത്തോലിക്കാ സഭ ആദരിച്ചു. ദീർഘനാൾ നീണ്ടുനിന്ന നാമകരണ നടപടികൾക്കുശേഷം 2007 ഒക്ടോബർ 26ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്പതിനാണ് അദ്ദേഹത്തിന്റെ തിരുനാൾദിനമായി ആഘോഷിക്കുന്നത്.
ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻറി എട്ടാമന്റെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ ഉപദേശകനും ചാൻസിലറുമായിരുന്നു തോമസ് മൂർ (1478- 1535). എന്നാൽ ആദ്യഭാര്യയെ ഉപേക്ഷിച്ച് ആനി ബോളിൻ എന്ന യുവതിയെ വിവാഹം കഴിക്കാൻവേണ്ടി ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയെ പിളർത്തി ആംഗ്ലിക്കൻ സഭ ഹെൻറി എട്ടാമൻ സ്ഥാപിച്ചപ്പോൾ അത് അംഗീകരിക്കാൻ തോമസ് മൂറിന് സാധിക്കുമായിരുന്നില്ല.
ദൈവത്തിന്റെ സ്വരം തന്റെ മനസ്സാക്ഷിയിൽ കേട്ട അദ്ദേഹം രാജാവിന്റെ ഇംഗിതത്തിനു വഴങ്ങിയില്ല. അത് അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേക്കു നയിച്ചു. തന്റെ മരണത്തിനു മുന്പായി അദ്ദേഹം പറഞ്ഞു: "ഞാൻ രാജാവിന്റെ വിശ്വസ്ത സേവകനാണ്. എന്നാൽ അതിനു മുന്പായി ദൈവത്തിന്റേതും.'
ജാഗർസ്റ്റാറ്ററുടെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. രാജ്യസേവനത്തിന് അദ്ദേഹം എതിരല്ലായിരുന്നു. എന്നാൽ സൈന്യത്തിൽ ചേർന്ന് നാസിപ്പട ചെയ്തിരുന്ന കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്ന കാര്യം അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധ്യമല്ലായിരുന്നു. കാരണം തന്റെ മനസ്സാക്ഷിയിലൂടെ ദൈവത്തിന്റെ സ്വരം അദ്ദേഹം കേട്ടു. ആ സ്വരമാകട്ടെ സത്യത്തിലും നന്മയിലും നീതിയിലും സ്നേഹത്തിലും കാരുണ്യത്തിലുമൊക്കെ അധിഷ്ഠിതമായ സ്വരമായിരുന്നു.
മനസ്സാക്ഷിയിൽ നാം കേൾക്കുന്ന സ്വരം എപ്പോഴും ശരിയായിരിക്കണമെന്നില്ല. കാരണം, വികാരങ്ങളും സ്വാർഥചിന്തകളും അമിതമോഹങ്ങളുമൊക്കെ നമ്മുടെ മനസ്സാക്ഷിയെ തെറ്റായരീതിയിൽ സ്വാധീനിക്കാനിടയുണ്ട്. അതുകൊണ്ട് നമ്മുടെ മനസ്സാക്ഷി രൂപപ്പെടുത്തേണ്ടത് സത്യത്തിലും നീതിയിലും സ്നേഹത്തിലുമൊക്കെയായിരിക്കണം. അതിനു നമ്മെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ദൈവത്തിന്റെ വചനമാണ്.
ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാനും ക്ഷമിക്കാനും നീതിക്കുവേണ്ടി പോരാടാനും സഹിക്കാനും സത്യസന്ധതയോടെ പ്രവർത്തിക്കാനും വിനയാന്വിതരായി ജീവിക്കാനുമൊക്കെയാണ്. മനസ്സാക്ഷിയിൽ നാം കേൾക്കുന്നതു ദൈവസ്വരമാണെങ്കിൽ ആ സ്വരത്തിൽ സ്വാർഥതയോ വഞ്ചനയോ കാപട്യമോ വിദ്വേഷമോ തിന്മയായിട്ടുള്ള ഏതെങ്കിലും കാര്യമോ ഉണ്ടാകില്ല. അതായത്, ശരിയായ മനസ്സാക്ഷിയുടെ സ്വരം ദൈവസ്വരംതന്നെ ആയിരിക്കുമെന്നു വ്യക്തം. മാത്രമല്ല, അങ്ങനെയുള്ള ഒരു മനസ്സാക്ഷി പ്രാർഥനയിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമായിരിക്കും.
വാഴ്ത്തപ്പെട്ടവനായ ജാഗർസ്റ്റാറ്ററിന്റെയും വിശുദ്ധ തോമസ് മൂറിന്റെയുമൊക്കെ മനസ്സാക്ഷി ഇത്തരത്തിലുള്ളതായിരുന്നു. നമ്മുടെ മനസ്സാക്ഷിയും ഇവരുടേതിനു തുല്യമാണെന്ന് ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ മനസ്സാക്ഷിയുടെ സ്വരം ദൈവത്തിന്റെ സ്വരംതന്നെയായിരിക്കുമെന്നതിൽ സംശയംവേണ്ട.
Tags : Jeevithavijayam Fr. Jose Panthaplamthottiyil