ജിൽ നൈമാർക്ക്
ബാലസാഹിത്യം, നോവൽ, കവിത എന്നിവയിലൂടെ സാഹിത്യപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയ അമേരിക്കൻ എഴുത്തുകാരിയാണ് ജിൽ നൈമാർക്ക്. അവർ പ്രസിദ്ധീകരിച്ച "ബ്ലഡ് സോംഗ്' എന്ന നോവൽ ജർമൻ, ഇറ്റാലിയൻ, ഹീബ്രൂ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജിൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ് "ദ ഹഗിംഗ് ട്രീ'. ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥ ചുരുക്കമായി ഇവിടെ കുറിക്കട്ടെ:
കടൽത്തീരത്തുള്ള കിഴുക്കാംതൂക്കായ ഒരു പാറ. ആ പാറയുടെ ഒരറ്റത്തു വളരുന്ന ഒരു ചെറിയ മരം. മണ്ണ് അധികമില്ലാത്ത സ്ഥലമായിരുന്നു അത്. താൻ എങ്ങനെ അവിടെ മുളച്ചുവളരാൻ തുടങ്ങിയെന്ന് ആ മരത്തിന് അറിയില്ലായിരുന്നു. എങ്കിലും അവിടെയാണ് പ്രകൃതി തനിക്കായി ഒരുക്കിവച്ച സ്ഥലമെന്ന് ആ മരം കരുതി. അങ്ങനെയാണ് വളരെ ബദ്ധപ്പെട്ടിട്ടാണെങ്കിലും മരം തന്റെ വേരുകൾ പാറയ്ക്കുള്ളിലെ വിടവുകളിലൂടെ ആഴത്തിലേക്കു താഴ്ത്താൻ തീരുമാനിച്ചത്.
മണ്ണും വളവും അവിടെ കുറവായിരുന്നു. എങ്കിലും ക്ഷമയോടെ ആ മരം വളർന്നു. കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴും തളരാതെ പിടിച്ചുനിന്നു. അത് മരത്തിന് വലിയ ആത്മസന്തോഷം നൽകി. അങ്ങനെയിരിക്കേ ഒരു വേനൽക്കാലത്ത് രണ്ട് ഇണപ്പക്ഷികൾ ആ മരത്തിൽ കൂടുകെട്ടി. അധികം വൈകാതെ കൂട്ടിൽ മുട്ടകൾ പ്രത്യക്ഷപ്പെട്ടു. അവ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി. മരം അവരെ ചൂടിൽനിന്നും കാറ്റിൽനിന്നും സന്തോഷത്തോടെ സംരക്ഷിച്ചു. ആ പക്ഷികൾ മരത്തിന്റെ ആനന്ദമായിരുന്നു.
എന്നാൽ ശൈത്യകാലമെത്തിയമപ്പോൾ ആ പക്ഷികൾ ചൂടുള്ള പ്രദേശങ്ങളിലേക്ക് പറന്നുപോയി. മരം ഒറ്റപ്പെട്ടു. അതിനിടയിൽ ശക്തമായ കൊടുങ്കാറ്റുകൾ ആഞ്ഞുവീശി. മരം ഇടത്തോട്ടും വലത്തോട്ടും കുലുങ്ങി. ചിലപ്പോഴെങ്കിലും താൻ ഒടിഞ്ഞുപോകുമെന്ന് മരം ഭയപ്പെട്ടു. എങ്കിലും അതു കീഴടങ്ങിയില്ല. തന്റെ വേരുകൾ മണ്ണിൽ ശക്തിയായി ഉറപ്പിച്ച് അതു നിലകൊണ്ടു.
നമ്മുടെ ജീവിതവും ഏതാണ്ട് ഈ മരത്തിന്റേതുപോലെയല്ലേ? നാം എവിടെയാണ് ജനിക്കുന്നതെന്നും വളരുന്നതെന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. മനുഷ്യരായ നമുക്ക് പ്രായം വർധിക്കുന്പോൾ പുതിയ ജീവിതസൗകര്യങ്ങൾ തേടി പോകാൻ സാധിക്കുമെന്നതു ശരിയാണ്. എങ്കിലും നമ്മുടെ ജീവിതത്തിലും എല്ലാ കാലങ്ങളും സന്തോഷപ്രദമായെന്നുവരില്ല. ചില കാലങ്ങൾ സന്തോഷകരമാണെങ്കിൽ മറ്റുചില കാലങ്ങൾ വേദനയുടെയും ഏകാന്തതയുടേതുമായിരിക്കും. നമ്മെ സന്തോഷിപ്പിക്കുന്ന സാഹചര്യങ്ങൾ മാറിപ്പോകാം. അതുപോലെ നാം ഏറെ സ്നേഹിക്കുന്നവരെ നമുക്ക് നഷ്ടമായി എന്നും തോന്നാം.
അപ്പോൾ നാം എന്താണു ചെയ്യേണ്ടത്? "ദൈവമേ, എന്തിനെന്നെ കഷ്ടപ്പെടുത്തുന്നു' എന്നു നാം വിലപിക്കണോ? അതോ മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മരം കൊടുങ്കാറ്റിൽ ഉറച്ചുനിന്നതുപോലെ നമ്മളും നിൽക്കണോ? നാം തീർച്ചയായും ഉറച്ചുനിൽക്കുകയാണു വേണ്ടത്. എന്നാൽ അതിനുള്ള ശക്തി നമുക്ക് എവിടെനിന്നാണ് ലഭിക്കുക?
ദൈവവചനം പറയുന്നു: ""കർത്താവിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. അവന്റെ പ്രത്യാശ കർത്താവ് തന്നെ. അവൻ ആറ്റുതീരത്തുനട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതു വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചകെടാതെ നിൽക്കും. വരൾച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല. അതു ഫലം നൽകിക്കൊണ്ടേയിരിക്കും'' (ജറ 17:7-8).
ജീവിതത്തിൽ കൊടുങ്കാറ്റുകൾ ഉണ്ടാകും. അപ്പോൾ നാം ദൈവത്തിൽ ഉറച്ചുതന്നെ നിൽക്കണം. അപ്പോഴാണ് നമ്മുടെ ജീവിതം പച്ചകെടാതെ ഫലംചൂടി നിൽക്കുന്നത്.
ഇനി ആ മരത്തിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. ഒരുദിവസം ഒരു ബാലൻ ആ മരത്തെ ശ്രദ്ധിക്കാനിടയായി. അതിനടുത്തെങ്ങും മറ്റു മരങ്ങളോ ചെടികളോ കാണാതെവന്നതുകൊണ്ട് ആ മരം തീർച്ചയായും ഏകാന്തത അനുഭവിക്കുന്നതായി അവനു തോന്നി. അവൻ വേഗംചെന്ന് മരത്തെ കെട്ടിപ്പിടിച്ചു. അപ്പോൾ കുളിരുകോരിയിടുന്ന അനുഭവമാണ് ആ മരത്തിനുണ്ടായത്. മരം തന്റെ ചില്ലകൾ ചായ്ച്ച് അവനെ ആലിംഗനംചെയ്തു.
അന്നുമുതൽ എല്ലാ ദിവസവും അവൻ മരത്തെ സന്ദർശിക്കാൻതുടങ്ങി. മാത്രമല്ല അതിനു സമീപത്തായി ചില പൂച്ചെടികൾ അവൻ നട്ടുപിടിപ്പിച്ചു. മരത്തിന് ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു അത്. ക്രമേണ മറ്റ് ആളുകളും ആ സ്ഥലത്തേക്കു വരാൻതുടങ്ങി. അവർ ആ മരത്തിന്റെ തണലിൽ വിശ്രമിച്ചു.
മരം അങ്ങനെ പലർക്കും ആശ്വാസമായി. അപ്പോൾ ആ മരം ഒരു കാര്യം മനസിലാക്കി. താൻ പൊട്ടിമുളച്ചു വളർന്നത് തെറ്റായ സ്ഥലത്തല്ല എന്ന കാര്യം. തന്റെ സാന്നിധ്യം എത്രയോ പേർക്ക് ആശ്വാസം നൽകുന്നു എന്ന ചിന്ത മരത്തെ ആനന്ദഭരിതമാക്കി.
ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുള്ള പല സാഹചര്യങ്ങളിലും നാം ചെന്നുപെടാറുണ്ട്. പലപ്പോഴും നാം പ്രതീക്ഷിക്കാത്ത ക്ലേശങ്ങളും വെല്ലുവിളികളുമായിരിക്കും അവ. എന്നാൽ നാം ദൈവത്തിൽ ആശ്രയിക്കുന്നപക്ഷം അവയെല്ലാം നമ്മുടെ നന്മയ്ക്ക് വഴിയൊരുക്കുമെന്നു തീർച്ചയാണ്. തന്മൂലമല്ലേ പൗലോസ് അപ്പസ്തോലൻ എഴുതിയത്- ""ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി ഭവിക്കുന്നു'' (റോമാ 8:28) എന്ന്.
""ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ'' (യോഹ 16:33) എന്ന യേശുനാഥന്റെ വചനം നമുക്കു മറക്കാതിരിക്കാം. ദൈവത്തെ സ്നേഹിച്ചുകൊണ്ട് ധൈര്യമായി നമുക്കു മുന്നോട്ടുപോകാം. അപ്പോൾ പച്ചകെടാതെ ഫലംചൂടി നിൽക്കുന്ന വൃക്ഷംപോലെയാകും നമ്മൾ.
Tags : Jeevithavijayam Fr. Jose Panthaplamthottiyil