ചൈനയിലെ പ്രധാനപ്പെട്ട നാലു നദികളാണ് യാംഗ്സി, യെല്ലോ, പേൾ, ഹെയ്ലോംഗ് എന്നിവ. ഇവയുടെ ഉദ്ഭവത്തെക്കുറിച്ച് ചൈനീസ് പുരാണങ്ങളിൽ മനോഹരമായ ഒരു കഥയുണ്ട്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നാലു വ്യാളികളാണ്. തീതുപ്പുന്ന ഈ വ്യാളികൾ ആദ്യം ആകാശലോകത്താണ് ജീവിച്ചിരുന്നത്. എന്നാൽ ഇവ ആകാശത്തിന്റെയും ഭൂമിയുടെയും പരമാധികാരിയായിരുന്ന ജയ്ഡ് ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്നു.
പ്രകൃതിയുടെ പ്രവാഹവും മനുഷ്യരുടെ വിധിയും നിയന്ത്രിക്കുന്നതു ജയ്ഡ് ചക്രവർത്തിയാണെന്നായിരുന്നു ചൈനക്കാരുടെ വിശ്വാസം. ഒരുവർഷം ഭൂമിയിൽ കടുത്ത വരൾച്ച വന്നു. പൊട്ടിപ്പൊളിഞ്ഞ ഭൂമി വേദനകൊണ്ടു നിലവിളിച്ചു. ജനങ്ങൾ കുടിവെള്ളത്തിനായി പരക്കംപാഞ്ഞു. സഹായത്തിനായി പ്രാർഥനകൾ സ്വർഗത്തിലേക്ക് ഉയർന്നു. ഈ ദുരിതംകണ്ട് വ്യാളികൾ നാലും ചക്രവർത്തിയുടെ അരമനയിലേക്കു പറന്നു. എത്രയുംവേഗം ഭൂമിയിലേക്ക് മഴ അയയ്ക്കണമെന്ന് അവർ കേണപേക്ഷിച്ചു. ഉടനെതന്നെ മഴ അയയ്ക്കാമെന്ന് ചക്രവർത്തി വാഗ്ദാനംചെയ്തു.
എന്നാൽ ദിവസങ്ങൾ പലതുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. സൂര്യൻ കത്തിക്കൊണ്ടിരുന്നു. ഭൂമി വെന്തുരുകാൻ തുടങ്ങി. മനുഷ്യരുടെ ദുഃഖം വർധിച്ചു. ഇതുകണ്ട് കരുണതോന്നിയ വ്യാളികൾ കടലിലേക്കു പറന്നു. അവർ വൻതോതിൽ കടൽജലം ശേഖരിച്ച് ഭൂമിയിലേക്ക് മഴയായി വർഷിച്ചു. അപ്പോൾ മേഘങ്ങൾ കൂട്ടിനെത്തി. അവ മഴ വർഷിച്ചു. ഭൂമി ഉടനടി പുതുജീവൻ നേടി. ഉണങ്ങിയ വയലുകൾ വേഗം പച്ചപിടിച്ചു. ജനങ്ങൾ ആഹ്ലാദഭരിതരായി സ്വർഗത്തിലേക്കുനോക്കി നന്ദിപറഞ്ഞു.
ഭൂമിയിൽ മഴ ലഭിച്ചകാര്യം ജയ്ഡ് ചക്രവർത്തി അറിഞ്ഞു. അദ്ദേഹം കോപിഷ്ഠനായി. തന്റെ അനുമതികൂടാതെ പ്രവർത്തിച്ചതിന് കടുത്ത ശിക്ഷയായി നാലു വ്യാളികളെയും വലിയ പർവതങ്ങൾക്കിടയിൽ തടവിലാക്കി. എന്നാൽ വ്യാളികൾ തങ്ങളുടെ ദുർവിധിയോർത്ത് വിലപിക്കുകയല്ല ചെയ്തത്. പകരം ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നാണ് അവ ആലോചിച്ചത്.
അതേത്തുടർന്ന് ആ നാലു വ്യാളികളും തങ്ങളെത്തന്നെ നാലു മഹാനദികളാക്കി മാറ്റി. അങ്ങനെയാണത്രേ യാംഗ്സി നദി, മഞ്ഞ നദി, പേൾ നദി, ഹെയ്ലോംഗ് നദി എന്നിവ ഉദ്ഭവിച്ചത്! ഈ മഹാനദികൾ ചൈനയിലെ ജനങ്ങൾക്ക് ഇന്നും വേണ്ടുവോളം ജലം നൽകുന്നു.
ഇതു വെറുമൊരു പുരാണ കഥയാണ്. എന്നാൽ ഈ കഥ നമ്മെ പഠിപ്പിക്കുന്ന വലിയ സത്യമുണ്ട്. ജീവിതം ഒഴുകുന്നത് ത്യാഗത്തിൽനിന്നാണ്. മറ്റുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ ജീവിതത്തിലെ പല ദാനങ്ങളും നന്മകളും. അതുപോലെ നമ്മുടെ ത്യാഗത്തിന്റെയും സേവനത്തിന്റെയും ഫലമായല്ലേ മറ്റുള്ളവരുടെ ജീവിതം പലപ്പോഴും ധന്യമാകുന്നത്?
മക്കളുടെ നന്മയ്ക്കായി മാതാപിതാക്കൾ സഹിക്കുന്ന ത്യാഗങ്ങൾ എത്രയോ വലുതാണ്! അവർ ഉറക്കവും വിശ്രമവുമൊക്കെ ഉപേക്ഷിച്ചല്ലേ മക്കളുടെ നന്മ ഉറപ്പുവരുത്തുന്നത്? രാജ്യസുരക്ഷയ്ക്കായി കൊടുംതണുപ്പത്തും കാവലിരിക്കുന്ന സൈനികരുടെ ത്യാഗം നമുക്ക് വിസ്മരിക്കാനാവുമോ? വിവിധ സേവനരംഗങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയോ അധികമാണ് നമ്മുടെയിടയിൽ? ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, സാമൂഹ്യസേവകർ, അഗതിശുശ്രൂഷകർ എന്നിവരൊക്കെ ഈ ഗണത്തിൽ ഉൾപ്പെടുന്നു. ഇവരുടെയൊക്കെ ത്യാഗപൂർണമായ സേവനമല്ലേ നമ്മുടെ സമൂഹത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നത്?
ചൈനീസ് പുരാണത്തിലെ നാലു വ്യാളികളും സ്വന്തം മഹത്വമല്ല അന്വേഷിച്ചത്. അവയുടെ ലക്ഷ്യം മനുഷ്യരുടെ നന്മയായിരുന്നു. തന്മൂലമാണ് ശിക്ഷിക്കപ്പെട്ടിട്ടും സ്വന്തം ത്യാഗത്തിലൂടെ അവ ജനങ്ങൾക്ക് ജലം ഉറപ്പുവരുത്തിയത്. എന്നാൽ ഇന്നത്തെ ലോകത്തു നാം കാണുന്നത് ഇങ്ങനെയല്ലല്ലോ. നമ്മിൽ ഏറെപ്പേരും അന്വേഷിക്കുന്നതു സ്വന്തം സുഖവും മഹത്വവുമൊക്കെയല്ലേ? മറ്റുള്ളവരുടെ നന്മയെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ആർക്കാണ് സമയം? എന്നാൽ, ഇതാണോ ശരിയായ വഴിയെന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.
ലോകം കണ്ടിട്ടുള്ള ബുദ്ധിരാക്ഷസന്മാരിൽ അഗ്രഗണ്യനായ ആൽബർട്ട് ഐൻസ്റ്റൈൻ പറയുന്നു: ""മറ്റുള്ളവർക്കായി ജീവിക്കുന്ന ജീവിതം മാത്രമാണ് യഥാർഥത്തിൽ വിലപ്പെട്ടതായിട്ടുള്ളത്.'' അതുപോലെ അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായിരുന്ന റാൾഫ് എമേഴ്സണ് പറയുന്നതു ശ്രദ്ധിക്കുക: ""ജീവിതത്തിന്റെ ലക്ഷ്യം സ്വന്തം സുഖം കണ്ടെത്തുക എന്നുള്ളതല്ല, പ്രത്യുത മറ്റുള്ളവർക്ക് ഉപകാരപ്രദവും ആദരണീയവും കരുണാസന്പന്നവുമായിരിക്കുക എന്നതാണ്.''
ഇന്നത്തെ ലോകം "എനിക്ക് എന്തുകിട്ടു'മെന്നു ചോദിക്കുന്പോൾ, "എനിക്ക് എന്തു കൊടുക്കാൻ സാധിക്കും' എന്നു ചോദിക്കാൻ നമുക്കു സാധിക്കുമോ? എന്നാൽ നമ്മുടെ ജീവിതം മറ്റുള്ളവർക്കായി ജീവിക്കുന്ന ജീവിതമായി മാറും. അതിലൂടെ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായി മാറുമെന്നു മാത്രമല്ല, അത് ഏറെ ആദരണീയവും കരുണാമയവുമാകും.
""സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്കരം'' എന്നു ദൈവവചനം പറയുന്നു (അപ്പസ്തോല പ്രവർത്തനങ്ങൾ 20:35). നമുക്കും കൊടുക്കാം. നാം കൊടുക്കുന്പോൾ അതിൽ ത്യാഗമുണ്ടാകും. ചെറുതും വലുതുമായ ആ ത്യാഗങ്ങൾവഴി അനേകരുടെ ജീവിതത്തിന് നവജീവൻ നൽകാൻ നമുക്കു സാധിക്കും.
നാലു വ്യാളികളുടെ കഥ ഇന്നത്തെ തലമുറയെയും പോഷിപ്പിക്കുന്ന നദികളിലാണ് അവസാനിക്കുന്നത്. അതുപോലെ നമ്മുടെ കഥയും മറ്റുള്ളവരെ പോഷിപ്പിക്കാനായി നമ്മുടെ ത്യാഗത്തിൽനിന്നൊഴുകുന്ന ജീവിതനദികളായി മാറട്ടെ.
Tags : Jeevithavijayam Fr. Jose Panthaplamthottiyil