തിരുവനന്തപുരം: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ തർക്കം മുറുകുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. സംസ്ഥാനത്തിന്റെ പേര് മാറ്റിയാൽ മലയാളികളെ ഇംഗ്ലീഷിൽ എന്ത് വിളിക്കുമെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
നിലവിൽ കേരളത്തിലുള്ളവരെ 'കേരളൈറ്റ്' എന്നാണ് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്നത്. എന്നാൽ പേര് 'കേരളം' എന്നാക്കി മാറ്റുമ്പോൾ ഇത് 'കേരളമൈറ്റ്' എന്നോ 'കേരളമിയൻ' എന്നോ മാറ്റേണ്ടി വരുമോ എന്ന് തരൂർ ചോദിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ ഭാഷാപരമായ സംശയം പങ്കുവെച്ചത്.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. മലയാള ഭാഷയിൽ 'കേരളം' എന്നാണ് പറയുന്നതെങ്കിലും മറ്റ് ഭാഷകളിൽ ഇത് ഇപ്പോഴും 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വ്യത്യാസം ഒഴിവാക്കി എല്ലാ ഭാഷകളിലും 'കേരളം' എന്നാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ, പേര് മാറ്റം കൊണ്ടുവരുമ്പോൾ ഇംഗ്ലീഷിലെ പ്രയോഗങ്ങളിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തരൂരിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. 'മലയാളി' എന്ന വാക്ക് തന്നെ ഇംഗ്ലീഷിലും ഉപയോഗിച്ചാൽ പോരേ എന്ന് ചിലർ ചോദിക്കുമ്പോൾ, പേര് മാറ്റം അനാവശ്യമാണെന്ന് വാദിക്കുന്നവരും കുറവല്ല.
കേരള എന്നുള്ള പ്രയോഗം കേരളം എന്നാക്കി എന്ന് കരുതി കേരള ഹൈക്കോടതിയുടേ പേര് ഇംഗ്ലീഷിൽ ഹൈക്കോർട്ട് ഓഫ് കേരള എന്നു തന്നെ തുടരുമെന്നാണ് നിയമവദഗ്ധർ നൽകുന്ന വിവരം. ഹൈക്കോടതിയുടെ പേര് മാറ്റണമെങ്കിൽ അതിന് പ്രത്യേകം നിയമം പാർലമെന്റിൽ പാസാക്കണമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ പേരുമാറ്റം അതിന്റെ ഐഡന്റിറ്റിയുടെ പ്രശ്നമാണ് അതൊരു സ്പെല്ലിംഗ് മത്സരം ആക്കേണ്ടതില്ലെന്നുമാണ് സിപിഎം രാജ്യസഭാംഗം ജോൺബ്രിട്ടാസ് പ്രതികരിച്ചത്.
Tags : Tharoor Brittas Name Change Keralam Kerala