നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഹംഗേറിയൻ എഴുത്തുകാരനാണ് ലാസ്ലോ ക്രാസ്നഹോർകായ്. സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം അദ്ദേഹത്തിനായിരുന്നു. ഹൈസ്കൂൾ പഠനകാലത്ത് പിയാനിസ്റ്റായി ചില മ്യൂസിക് ബാൻഡുകളിൽ പ്രവർത്തിച്ചിട്ടുള്ള ക്രാസ്നഹോർകായ് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷമാണ് സാഹിത്യരചനയിലേക്കു കടന്നത്.
1977ൽ അദ്ദേഹത്തിന്റെ ആദ്യ ചെറുകഥ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും 1985ൽ പുറത്തിറങ്ങിയ "സാത്താൻടാംഗോ' എന്ന നോവലാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. ഈ നോവലിനെ ആധാരമാക്കി അദ്ദേഹംതന്നെ തയാറാക്കിയ തിരക്കഥ "സാത്താൻടാംഗോ' എന്ന സിനിമയ്ക്കും ജന്മം നൽകി.
ക്രാസ്നഹോർകായ് ജനിച്ചുവളർന്നത് ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകാലഘട്ടത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് "സാത്താൻടാംഗോ'യിലെ കഥ ഇതൾവിടർത്തുന്നത്. കഥ നടക്കുന്നത് ഒരു കർഷകഗ്രാമത്തിലാണ്. എല്ലാ രീതിയിലും തകർന്നടിഞ്ഞ ഗ്രാമം. പട്ടിണിയാണ് മുഖമുദ്ര. പ്രതീക്ഷ നഷ്ടപ്പെട്ട് അർധമൃതരായി കഴിയുന്നവരാണ് ഗ്രാമവാസികൾ.
അങ്ങനെയിരിക്കെയാണ് മരിച്ചുപോയി എന്നു ജനം കരുതിയിരുന്ന ഇരീമിയാസ് എന്നൊരാൾ ആ ഗ്രാമത്തിലേക്കു മടങ്ങിയെത്തുന്നത്. അയാളെ കണ്ടപ്പോൾ അവർ പറഞ്ഞു: "അവൻ ജീവിച്ചിരിക്കുന്നു. നമ്മെ രക്ഷിക്കാനായി അവൻ വന്നിരിക്കുകയാണ്.'
പെട്ടെന്ന് ആ ഗ്രാമവാസികളിൽ പ്രതീക്ഷ മുളയെടുത്തു. അയാൾക്ക് പറയാനുള്ളത് എന്താണെന്ന് അവർ ശ്രദ്ധിച്ചു. ദുരിതങ്ങളിൽനിന്ന് മോചനംനൽകാനെത്തിയ രക്ഷകനായാണ് അവർ ഇരീമിയാസിനെ കണ്ടത്.
ഇരീമിയാസ് ജനത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: ""നമ്മൾ പുതിയൊരു സമൂഹം സൃഷ്ടിക്കാൻ പോവുകയാണ്. നിങ്ങൾ എന്റെകൂടെ വരൂ. നാം ഒരുമിച്ച് പട്ടിണി മാറ്റും. നമ്മുടെയിടൽ സമാധാനം പുനഃസ്ഥാപിക്കും. അധികാരികളുടെ ചൂഷണത്തിൽനിന്നു നിങ്ങളെ ഞാൻ മോചിപ്പിക്കും. നമ്മൾ പുതിയൊരു ജനമായി മാറും. നാം ഒരുമിച്ച് പുത്തൻ നേട്ടങ്ങൾക്ക് ഉടമകളായിമാറും.''
ഇരീമിയാസിന്റെ മധുരവാഗ്ദാനങ്ങൾ അങ്ങനെ നീണ്ടുപോയി. ജനം അയാളെ വിശ്വസിച്ചു. അങ്ങനെയാണ് തട്ടിപ്പിലൂടെ അവരുടെ ജീവിതസന്പാദ്യം മുഴുവൻ അയാളുടെ കൈകളിലെത്തിയത്. എന്നാൽ അയാൾ വാഗ്ദാനംചെയ്ത മോഹന പറുദീസ ഫലമണിഞ്ഞില്ല.
എങ്കിലും അയാൾ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതായി നോവലിൽ കാണുന്നില്ല. ഇരീമിയാസിന്റെ മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ചവരാകട്ടെ പ്രതീക്ഷ നശിച്ചവരെപ്പോലെ അലയുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
എവിടെയാണ് ഈ ജനത്തിനു തെറ്റുപറ്റിയത്? അവർ പ്രതീക്ഷയർപ്പിച്ചത് ഒരു വ്യാജ പ്രവാചകനിലായിരുന്നു. അയാളുടെ നുണകൾ അവർ സത്യമായി കരുതി. അയാളുടെ ഇരുണ്ട വഴികളിലൂടെ അവർ വെളിച്ചം കാണാതെ നടന്നു. വെളിച്ചത്തിനു പകരം അവർ ഇരുളിനെ പിന്തുടരുകയായിരുന്നു.
ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായ ജി.കെ. ചെസ്റ്റർട്ടൻ എഴുതി: ""വിശ്വാസമില്ലാത്തിടത്ത് വ്യാജ ദേവന്മാർ ആ സ്ഥാനം കരസ്ഥമാക്കും.'' അപ്പോൾ ആളുകൾ വിശ്വാസമർപ്പിക്കുക ദൈവത്തിലായിരിക്കുകയില്ല. പ്രത്യുത വ്യാജ ദേവന്മാരിലായിരിക്കും. അതുപോലെ, അവർ നൽകുന്ന വ്യാജ വാഗ്ദാനങ്ങളിലും.
ക്രാസ്നഹോർകായ് പറയുന്നത് ഹംഗറിയിലെ ഒരു ഗ്രാമത്തിന്റെ കഥ മാത്രമല്ല, അതു നമ്മുടെയും കഥയാണ്. കാരണം, നാം ഇടയ്ക്കിടെ മറ്റുള്ളവരുടെ മോഹനവാഗ്ദാനങ്ങളിൽ വീണു പോകാറില്ലേ? അവ വരുന്നത് രാഷ്ട്രീയക്കാരിൽനിന്നോ പുത്തൻ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കച്ചവടക്കാരിൽനിന്നോ ആവാം.
അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽനിന്നോ മറ്റു മേഖലകളിൽനിന്നോ ആകാം. എല്ലാവരും വാഗ്ദാനം നൽകുന്നതാകട്ടെ ജീവിതത്തിൽ അഭിവൃദ്ധിയും സമാധാനവും സന്തോഷവുമൊക്കെ നൽകുമെന്നു മോഹിപ്പിക്കുന്ന കാര്യങ്ങളും.
എന്നാൽ ഇവയ്ക്കൊന്നിനും ജീവിതത്തിൽ യഥാർഥ പ്രതീക്ഷയും സന്തോഷവും തരാൻ സാധിക്കില്ലെന്നതാണ് വസ്തുത. അതു ദൈവത്തിനു മാത്രമേ സാധിക്കൂ.
ദൈവവചനം പറയുന്നു: ""ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും. അവർ കഴുകനെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയുമില്ല'' (ഏശ 40:31). ഈ വസ്തുത മനസിലാക്കിയതുകൊണ്ടാണ് സങ്കീർത്തകനായ ദാവീദ് എഴുതിയത്: ""ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം. അവിടന്നാണ് എനിക്ക് പ്രത്യാശ നൽകുന്നത്'' (സങ്കീ 62:5-6).
ദൈവവിശ്വാസമില്ലാത്ത ഒരു ജനതയെയാണ് ക്രാസ്നഹോർകായ് തന്റെ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നുമാത്രമല്ല, ഈ നോവലിലെ ഗ്രാമവാസികൾ സാത്താനോടൊപ്പം സഞ്ചരിക്കുന്നതായിട്ടാണ് നോവലിന്റെ പേരു നൽകുന്ന സൂചന.
ടാംഗോ എന്നത് രണ്ടുപേർ ചേർന്നുള്ള ഒരു നൃത്തമാണ്. പത്തൊന്പതാം നൂറ്റാണ്ടിൽ അർജന്റീനയിലും യുറഗ്വേയിലുമായി രൂപംകൊണ്ട ഈ നൃത്തരീതി ദ്രുതചലനങ്ങളും നാടകീയ നീക്കങ്ങളും ആലിംഗനങ്ങളുംകൊണ്ടു വ്യത്യസ്തമായിത്തീർന്നതാണ്.
"സാത്താൻടാംഗോ' എന്ന പേരു സൂചിപ്പിക്കുന്നത് സാത്താനോടൊത്തു നൃത്തം ചെയ്യുന്നവരെക്കുറിച്ചാവണം. അതായത് പ്രകാശത്തിനു പകരം അന്ധകാരത്തിന്റെ വഴിയിലൂടെ നടക്കുന്നവരെക്കുറിച്ച്. അവരുടെ ജീവിതത്തിൽ എന്നും നിരാശയും അസമാധാനവും അസംതൃപ്തിയും മാത്രമേ ഉണ്ടാകൂ. കാരണം, അവരുടെ ജീവിതത്തിൽ ദൈവത്തിനു സ്ഥാനമില്ല എന്നതുതന്നെ.
എന്നാൽ ജീവിതത്തിൽ ദൈവത്തിന് ഉന്നതസ്ഥാനം നൽകുന്നവരുടെ കാര്യം ഏറെ വ്യത്യസ്തമായിരിക്കും. ദൈവവചനം പറയുന്നു: ""അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങയിൽ ആശ്രയിക്കുന്നു'' (ഏശ 26:3). നമുക്ക് എപ്പോഴും ദൈവത്തിൽ ആശ്രയിക്കാം. അപ്പോൾ നമ്മുടെ പ്രതീക്ഷകൾ പൂവണിയും. നാം സമാധാനത്തിന്റെ തികവിലായിരിക്കുകയും ചെയ്യും.
Tags : Jeevithavijayam