തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു ഹൃദ്രോഗി മരിക്കുന്നതിനു മുമ്പ് അദ്ദേഹം ഇട്ട വോയിസ് മെസേജ് ശ്രദ്ധിച്ചു. എന്തു ചോദിച്ചാലും ഒരു ഉത്തരവും ആശുപത്രി ജീവനക്കാരാരും തരുന്നില്ല, എന്തെങ്കിലും കൈക്കൂലി കൊടുത്താലേ ഇവർ വായ തുറക്കൂ എന്നാണോ എന്ന രീതിയിൽ. ഈ സംശയം പലർക്കും ഉണ്ടാകാറുണ്ട്.
പല മിടുക്കരായ ഡോക്ടർമാരും സംസാരിക്കുന്നതിൽ പിശുക്കു കാണിക്കുന്നവരാണ്. അല്ലെങ്കിൽ തർക്കുത്തരം / നിഷേധം രോഗികൾക്ക് നൽകുന്നതും കണ്ടിട്ടുണ്ട്. ആശ്വാസത്തിനുവേണ്ടി ഡോക്ടറുടെ മുന്നിൽ എത്തുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ചും അവരോട് പെരുമാറേണ്ട വിധവും മെഡിക്കൽ കോളജിൽ ഡോക്ടർമാർ അല്ലാത്ത വിദഗ്ധർ ക്ലാസ് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സീനിയർ ഡോക്ടർമാർക്ക് പലർക്കും ഇതറിയില്ല.
വിദേശങ്ങളിൽ രോഗികളെ ചികിത്സാരീതി പറഞ്ഞ് മനസിലാക്കിയശേഷം മാത്രമേ അവർ ചികിത്സ തുടങ്ങു. ചുണ്ടിനടിയിൽവച്ച് എന്തോ പിറുപിറുക്കുന്ന ഡോക്ടർമാരുടെ വാമൊഴിയെ പിടിച്ചെടുക്കാൻ എഐ വേണ്ടിവരുമല്ലോ എന്നു ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. മരുന്ന് കൊടുത്ത് ക്രിയാറ്റിൻ കുറച്ചിട്ട് മാത്രമേ ആൻജിയോഗ്രാം ചെയ്യാനാവൂ എന്ന് പറഞ്ഞ് മനസിലാക്കിയിരുന്നെങ്കിൽ അദ്ദേഹം പേടിച്ചു ബിപി കൂട്ടി തുടർച്ചയായ ഹൃദയാഘാതത്തിന് കീഴടങ്ങില്ലായിരുന്നു.
രോഗികളോട് നന്നായി സംസാരിക്കുന്ന ഡോക്ടർമാർക്ക് മരുന്ന് നൽകാതെതന്നെ ആശ്വാസമേകാനാകും എന്നത് ഒരു യാഥാർഥ്യം തന്നെയാണ്.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Tags :