National
ന്യൂഡല്‍ഹി: എഐ ഉച്ചകോടിയോടനുബന്ധിച്ചു നിരവധി ലോകനേതാക്കളുമായും ഗൂഗിള്‍ സിഇഒയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സ്പെയിന് പ്രസിഡന്റ്, ക്രൊയേഷ്യന്‍ പ്രധാനമന്ത്രി, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി, സെര്‍ബിയന്‍ പ്രസിഡന്റ്, എസ്തോണിയൻ പ്രസിഡന്റ്, കസാഖ് പ്രധാനമന്ത്രി, ഭൂട്ടാന് പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും കണ്ടു.
സ്പെയിന് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ മോദി നടത്തിയ കൂടിക്കാഴ്ചയില്‍ 2026 സംസ്കാരത്തിന്റെയും ടൂറിസത്തിന്റെയും എഐയുടെയും ഇന്ത്യ-സ്പെയിന് വര്‍ഷമായി ആചരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒരു ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ നടത്തുന്ന ആദ്യസന്ദര്‍ശനത്തില്‍ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെങ്കോവിച്ചുമായി മോദി ചര്‍ച്ചകള്‍ നടത്തി.
ചര്‍ച്ചയില്‍ ബ്ലൂ ഇക്കോണമിയും ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക വാണിജ്യ ഇടനാഴിയായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും വിഷയമായിട്ടുണ്ടെന്ന് മോദി അറിയിച്ചു. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി എഐ, വ്യാപാരം, ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍, പ്രതിരോധം, ഉത്പാദനം, അടിസ്ഥാനസൗകര്യ വികസനം, വളം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീൽ പ്രസിഡന്റ് ലുല ഡ സില്‍വ, യുഎഇ ക്രൗണ്‍ പ്രിന്‍സ് ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹിയാന്‍ എന്നിവരടക്കം നിരവധി രാഷ്ട്ര നേതാക്കൾ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച മൂന്നു നിർമിതബുദ്ധി (എഐ) സൂപ്പർ പവറുകളിലൊന്നായി ഇന്ത്യ മാറണമെന്നു പ്രധാനമന്ത്രി മോദി. നിർമിതബുദ്ധിയെ പൊതുതാത്പര്യത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
രണ്ടു വർഷത്തിനുള്ളിൽ 20,000 കോടി ഡോളറിലധികം നിക്ഷേപമാണ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ 7000 കോടി ഡോളർ നിക്ഷേപമുണ്ടാകും. ഇതിനുപുറമെ 9000 കോടി ഡോളർ കൂടി പ്രതീക്ഷിക്കുന്നു. ഡാറ്റ സെന്ററുകൾ ഇന്ത്യയിൽ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന കന്പനികൾക്ക് കേന്ദ്രബജറ്റിൽ 21 വർഷത്തെ നികുതി അവധി പ്രഖ്യാപിച്ചത് വലിയ ഉത്തേജനമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വ്യാജ നിർമിതികളുടെ (ഡീപ് ഫേക്കുകൾ) അപകടം മനസിലാക്കി ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് അശ്വിനി ചൂണ്ടിക്കാട്ടി. നിർമിതബുദ്ധിയുടെ കാര്യത്തിൽ ഇന്ത്യ സ്വാശ്രയത്വം നേടേണ്ടതുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമാധികാര എഐയുടെ ഭാഗമാണിത്. ഈ വിശാലമായ കാഴ്ചപ്പാടിൽ മുഴുവൻ എഐ ആവാസവ്യവസ്ഥയിലും വലിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ രാജ്യം തയാറാണെന്ന് മന്ത്രി വ്യക്തമാക്കി. ലോകം സാക്ഷ്യംവഹിക്കുന്ന അഞ്ചാമത്തെ വ്യാവസായിക വിപ്ലവമാണു നിർമിതബുദ്ധിയെന്ന് മന്ത്രി വിശേഷിപ്പിച്ചു.
സാങ്കേതിക, എൻജിനിയറിംഗ് വിദഗ്ധരുടെ കൂട്ടായ്മയ്ക്കുള്ള അവസരമാണ് അഞ്ചു ദിവസത്തെ എഐ ഉച്ചകോടി. എഐ സൊല്യൂഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഫിസിക്കൽ ഹാർഡ്വേറും ആപ്ലിക്കേഷനുകൾ അന്തിമമായി ഉപയോഗിക്കുന്നതിനുള്ള സോഫ്റ്റ്വേറും ഉൾപ്പെടെ എഐ സ്റ്റാക്കിന്റെ അഞ്ചു ലെയറുകളിലുമുള്ള കഴിവുകളുടെ കാര്യത്തിൽ ഇന്ത്യ ശക്തമായ സ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലും തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും ഇന്ത്യയുടെ ശക്തി ഉപയോഗപ്പെടുത്തുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ആവശ്യങ്ങൾക്കായി അക്കാഡമിക് കോഴ്സുകൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘സർവജൻ ഹിതായ, സർവജൻ സുഖായ’ (എല്ലാവരുടെയും ക്ഷേമത്തിനായി, എല്ലാവരുടെയും സന്തോഷത്തിനായി) എന്നതാണു നിർമിതബുദ്ധിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. മനുഷ്യരാശിയെ പകരം വയ്ക്കാനല്ല, സേവിക്കാനാണു സാങ്കേതികവിദ്യയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ആരോഗ്യമേഖലയിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതിന്റെ പ്രധാന ഘടകം ധാർമികതയാണെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. നെറ്റ്ഫ്ലിക്സ്, മെറ്റ തുടങ്ങിയ പ്രധാന ബ്രാൻഡുകൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനു കീഴിൽ പ്രവർത്തിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
National
മുംബൈ: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും മുംബൈയിൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജം തുടങ്ങിയ മേഖലകളിൽ നിർണായകമായ തീരുമാനങ്ങൾ ഉച്ചകോടിയിലുണ്ടായി.
114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ സുപ്രധാന നീക്കത്തിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഹെലികോപ്റ്ററുകളുടെയും മിസൈലുകളുടെയും സംയുക്ത നിർമാണത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. എച്ച്125 ഹെലികോപ്റ്റർ അസംബ്ലി ലൈൻ ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം 2026' ഇരുനേതാക്കളും ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും പുതിയ അവസരങ്ങൾ ഇത് നൽകും.
ഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മാക്രോൺ ഇന്ത്യയിലെത്തിയത്. നിർമിത ബുദ്ധി മേഖലയിൽ ഇരുരാജ്യങ്ങളും കൈകോർക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.
Kerala
തിരുവനന്തപുരം: വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. എന്നാൽ മുസ്ലിംങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിന്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.
National
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം വിഷയം പെരുപ്പിച്ചു കാണിക്കാനുള്ള ശ്രമം മാത്രമാണെന്ന് ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍.
പ്രധാനമന്ത്രിയുടെ ബിരുദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഇതു ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റീസ് തേജസ് കരിയ തുടങ്ങിയവരുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
യാതൊരു കഴമ്പുമില്ലാത്ത വിഷയമാണു കോടതിക്കു മുന്നിലെത്തിയിരിക്കുന്നതെന്ന് സര്‍വകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ നവംബര്‍ 12ന് ആദ്യ വാദം കേള്‍ക്കവെ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടൊപ്പം ഹര്‍ജിയില്‍ ഡല്‍ഹി സര്‍വകലാശാലയുടെ പ്രതികരണവും തേടിയിരുന്നു. ഇതില്‍ കൂടുതല്‍ സാവകാശം വേണമെന്ന സര്‍വകലാശാലയുടെ ആവശ്യം അംഗീകരിച്ച ബെഞ്ച് മൂന്നാഴ്ചകൂടി സമയം അനുവദിച്ചു. ഏപ്രില്‍ 27ന് വിഷയം വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവിൻചന്ദ്ര രാംഗൂലവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം വാരണാസിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഇരുരാജ്യങ്ങളുടെയും സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ചർച്ചയിൽ തീരുമാനമായി. ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളിലൂടെ ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
അടുത്തയാഴ്ച ഇന്ത്യയിൽ നടക്കുന്ന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇംപാക്ട് സമ്മിറ്റിൽ'പങ്കെടുക്കാൻ ഡോ. നവിൻചന്ദ്ര രാംഗൂലം ഇന്ത്യയിലെത്തും. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്കായി ഇന്ത്യയും മൗറീഷ്യസും സംയുക്തമായി പ്രവർത്തിക്കുന്നത് തുടരും. വാരണാസിയിലെ സന്ദർശനത്തിന് ശേഷം വിവിധ മേഖലകളിൽ ഉണ്ടായ പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
International
ക്വാലാലംപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് മലേഷ്യയിലെത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള 'പങ്കാളിത്തം' കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
വ്യാപാരം, സാമ്പത്തികം, ഊർജം, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. 2023-24 വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 20 ബില്യൺ ഡോളറിലെത്തിയിരുന്നു.
ക്വാലാലംപുരിൽ നടക്കുന്ന വലിയ സ്വീകരണ പരിപാടിയിൽ പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും ഈ ചടങ്ങിൽ പങ്കുചേരും എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.
ഞായറാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സുപ്രധാനമായ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹങ്ങളിൽ ഒന്നുള്ള മലേഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ സന്ദർശനം നിർണായകമാണ്.
National
ന്യൂഡൽഹി: തീരുവയിൽ ആശ്വാസം നൽകുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ അവ്യക്തത. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലയിൽതട്ടി ഒരു വർഷത്തോളം സ്തംഭിച്ചു നിന്നിരുന്ന കരാർ പൊടുന്നനെ ധാരണയിലായതിനു പിന്നിൽ ചില നീക്കുപോക്കുകളുണ്ടോയെന്നാണു കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ സംശയിക്കുന്നത്.
വ്യാപാരക്കരാറിനു കീഴിൽ അമേരിക്ക ഇന്ത്യയിലേക്ക് കൂടുതൽ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നുള്ള അമേരിക്കൻ കാർഷികമേഖലയുടെ സെക്രട്ടറി ബ്രുക്ക് റോളിൻസിന്റെ എക്സിലെ പോസ്റ്റും കരാർ കാർഷികമേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നൽകുന്നുണ്ട്.
രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ ബാധിക്കുന്ന ഏതൊരു നയത്തിനെതിരേയും താൻ മതിൽപോലെ നിൽക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ തുടങ്ങിയ വിളകളും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനായി വിപണി തുറന്നുനൽകണമെന്നുള്ള അമേരിക്കയുടെ ആവശ്യത്തിന് ആഭ്യന്തര കാർഷിക-ക്ഷീര കർഷകരുടെ താത്പര്യങ്ങൾ മാനിച്ചായിരുന്നു ഇന്ത്യ മുഖം തിരിച്ചിരുന്നത്.
ഇന്ത്യയുടെ പ്രാദേശിക വിളകളുടെ ആവശ്യത്തിനും നിലനില്പിനും ഭീഷണിയാകുന്ന ജിഎം വിളകളുടെ കടന്നുവരവും ഇന്ത്യയിലെ പാലുത്പന്നങ്ങളിൽ 15 ശതമാനത്തോളം വിലക്കുറവിന് കാരണമാകുന്ന ക്ഷീര മേഖലയുടെ തുറന്നുനൽകലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതാണ്.
റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യ അതിശക്തമായി സംരക്ഷണം നൽകിയിരുന്ന കാർഷികമേഖല ഭാഗികമായി തുറന്നുനൽകി തെരഞ്ഞെടുത്ത ചില കാർഷികോത്പന്നങ്ങൾക്ക് തീരുവ കുറച്ചിട്ടുണ്ട്.
ഔദ്യോഗികരേഖകൾ അന്തിമമാകുന്നതേയുള്ളൂവെന്നും കാർഷിക-ക്ഷീര മേഖലകൾക്കു സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചെങ്കിലും ഇന്ത്യയുടെ ടെക്സ്റ്റൈൽ, ആഭരണ മേഖലകൾക്ക് വലിയ ഊർജമേകുന്ന കരാറിൽ ധാരണയിലെത്തുന്നതിന് രാജ്യത്തെ കാർഷികമേഖലയെ ബലിയാടാക്കിയോയെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.
Leader Page
പ്രതീക്ഷ, പ്രത്യാശ, അനിശ്ചിതത്വം, ആശങ്ക തുടങ്ങിയവയുടെ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച വ്യാപാരക്കരാർ ഉയർത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പതിവുപോലെ, ആദ്യം പ്രഖ്യാപിച്ച കരാറിന്റെ പേരിൽ പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഇന്നലെ നടത്തിയ വൻ പ്രതിഷേധം വരാനിരിക്കുന്ന രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമാകും. ട്രംപിനു മുന്നിൽ മോദി കീഴടങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം വിളിച്ച "സറണ്ടർ മോദി’ വിളികളുടെ അലയൊലി ഉടനെ അടങ്ങില്ല.
ഇന്ത്യ- യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും അണിനിരന്നപ്പോൾ, മോദി പൂർണമായും ട്രംപിനു കീഴടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. ആഗോള രാഷ്ട്രീയ, സാന്പത്തിക ക്രമം മാറ്റിയെഴുതുന്ന ട്രംപിന്റെ സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ ഗുരുതരമാണ്. ട്രംപിന്റെയും തുടർന്നു മോദിയുടെയും സമൂഹമാധ്യമ ട്വീറ്റുകളിലൂടെയാണ് രാജ്യത്തിന്റെ സുപ്രധാന അന്താരാഷ്ട്ര കരാർ രാജ്യവും ജനങ്ങളും അറിഞ്ഞതെന്നതും വിവാദമാണ്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണിതെന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സ്വയംഭരണത്തിനെന്തു പറ്റി?
വ്യാപാരക്കരാറിലെ വ്യവസ്ഥകൾ മുതൽ ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്നും വെനസ്വേലയിൽനിന്ന് വാങ്ങുമെന്നും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് തീരുമാനിക്കുകയും പറയുകയും ചെയ്തതിന്റെ അരുതായ്മയും നാണക്കേടും മറയ്ക്കാൻ കേന്ദ്രം പ്രയാസപ്പെടും.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്നു അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇന്ത്യയിലെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെ നോക്കുകുത്തിയാക്കിയാണ് ട്രംപ് ഇന്ത്യയുടെ പെട്രോളിയം വാങ്ങൽ തീരുമാനിച്ചതെന്ന് രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് ഇന്നലെ പരിഹസിച്ചതിനെ കുറ്റപ്പെടുത്താനാകില്ല.
അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതികൾക്കു പൂജ്യം തീരുവ. തിരിച്ച് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതികൾക്ക് 18 ശതമാനം തീരുവ. ഇതു സന്തുലിതവും ന്യായവുമല്ല. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിച്ചെന്ന ട്രംപിന്റെ പ്രസ്താവനയും ഇന്ത്യ നിഷേധിച്ചില്ല. യുഎസിൽനിന്നും വെനസ്വേലയിൽനിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുമെന്ന് ട്രംപ് പറഞ്ഞതിനോടും പ്രതികരിക്കാനായില്ല. ഇറാനിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തുമെന്നും ട്രംപ് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിന് എന്താണു സംഭവിച്ചതെന്ന ചോദ്യത്തിന് ന്യായമായ ഉത്തരം പറയാൻ കേന്ദ്രം പ്രയാസപ്പെടും. ഇന്ത്യയെ മോദി വിറ്റുവെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചത്.
സമ്മർദത്തിനു വഴങ്ങരുത്
വികസിതമായ 27 രാജ്യങ്ങളുടെ യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിനെക്കുറിച്ച് കാര്യമായ ആക്ഷേപം ഉയർന്നില്ല. പക്ഷേ അതല്ല ഇന്ത്യ- യുഎസ് വ്യാപാരക്കരാർ. അമേരിക്കയും ഇന്ത്യയും തമ്മിൽ സമയവ്യത്യാസം ഉണ്ടെങ്കിലും തിങ്കളാഴ്ച രാത്രിയിലാണ് ട്രംപിന്റെ "ഉടൻ പ്രാബല്യത്തോടെ' യുള്ള കരാർ പ്രഖ്യാപനം ഉണ്ടായത്. ഇത്തരത്തിലൊരു നടപടി ഇന്ത്യയുടെ ചരിത്രത്തിൽ മുന്‍പുണ്ടായിട്ടില്ല.
മറ്റൊരു രാജ്യത്തിന്റെ സമ്മർദത്തിനു വഴങ്ങിയില്ലെന്നു തെളിയിക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. പ്രധാനമന്ത്രി അനാവശ്യ സമ്മർദത്തിനു വഴങ്ങുന്നുവെന്നും വിട്ടുവീഴ്ച ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ കുറ്റപ്പെടുത്തുന്നു. ജമ്മു കാഷ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിന്റെ പ്രഖ്യാപനം ട്രംപ് ആദ്യം നടത്തിയതിന്റെ ക്ഷീണം മാറിയിട്ടില്ല. 2025 മേയ് 10ന് ട്രംപിനു മോദി കീഴടങ്ങിയതിന്റെ തുടർച്ചയാണു വ്യാപാര ക്കരാറിലും ഉണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയറാം രമേശും ആരോപിച്ചു.
ആശങ്കയിലായി കർഷകർ
അമേരിക്കയുമായി ഒപ്പുവച്ച വ്യാപാരക്കരാറിനെക്കുറിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന ഇന്നലെ പാർലമെന്റിലുണ്ടായില്ല. എന്നാൽ, ഇന്നലെ വൈകുന്നേരം മന്ത്രി ഗോയൽ വാർത്താസമ്മേളനം വിളിച്ച് കരാറിനെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. പാർലമെന്റിൽ മന്ത്രി ഇന്നു പ്രസ്താവന നടത്തിയേക്കും. കരാറിന്റെ എല്ലാ വിശദാംശങ്ങളും അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അമേരിക്ക, യൂറോപ്യൻ യൂണിയൻ കരാറുകളെക്കുറിച്ചു പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനും സർക്കാരിനു പ്രയാസമുണ്ട്.
അമേരിക്കയിൽനിന്നുള്ള കാർഷിക ഇറക്കുമതി ഉദാരവത്കരിച്ചിട്ടുണ്ടെന്ന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് പറഞ്ഞതിൽ രാജ്യത്തെ കർഷകർ വലിയ ആശങ്കയിലാണ്. ഇന്ത്യൻ കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും സംരക്ഷിച്ചുവെന്നും കേന്ദ്രസർക്കാർ ആവർത്തിച്ച് ഉറപ്പുപറയുന്നതിനിടെയാണ് അമേരിക്കയുടെ പ്രഖ്യാപനം. നമ്മുടെ നട്ടെല്ലായ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന കാർഷിക ഇറക്കുമതിയുടെ ഉദാരവത്കരണം അപകടകരമാണെന്ന് കേരള എംപിമാർ മുന്നറിയിപ്പു നൽകുന്നു.
വിസ്കിയും ആണവോർജവും
കർശന നിയന്ത്രണമുള്ള ആണവോർജ മേഖലയിലേക്കു പ്രവേശിക്കാൻ സ്വകാര്യ കന്പനികളെ അനുവദിക്കാൻ ഇന്ത്യയിൽ പ്രത്യേകം നിയമം പാസാക്കി. ദ് സസ്റ്റെയ്നബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ (ശാന്തി) നിയമം- 2025നു പിന്നിൽ അമേരിക്കയുടെ താത്പര്യവും ഉണ്ടെന്നതിൽ സംശയമില്ല.
മോദിയെ ഒപ്പമിരുത്തി "താരിഫ് രാജാവ്' എന്നു ട്രംപ് വിളിച്ചത് മറക്കാറായില്ല. ഹാർലി ഡേവിഡ്സണ് പോലുള്ള അമേരിക്കൻ കന്പനികൾ ഇന്ത്യയിൽ പരാജയപ്പെടുന്നതിനെക്കുറിച്ച് ട്രംപ് എടുത്തുപറഞ്ഞു. ഇതിനുശേഷം രണ്ടു ഡസനിലധികം ഇനങ്ങളുടെ തീരുവ ഇന്ത്യ ബജറ്റിൽ കുറച്ചു.
എൻജിൻ ശേഷി 1,600 സിസിയിൽ കൂടുതലുള്ള മോട്ടോർസൈക്കിളുകളുടെ തീരുവ 50ൽ നിന്ന് 30 ശതമാനമായി കുറച്ചത് ഇതിലുൾപ്പെടുന്നു. അമേരിക്കൻ ബർബോണ് വിസ്കിയുടെ തീരുവ 150ൽ നിന്ന് 50 ശതമാനമായി സർക്കാർ കുറച്ചു. ഇന്ത്യൻ വിസ്കി നിർമാതാക്കൾ പ്രതിഷേധിച്ചതോടെ തീരുവ 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാക്കി.
ജിഎം രഹിതത്തിലും കുരുക്ക്
ലോകമെന്പാടും നേരിടുന്ന തീരുവ ഇതര തടസങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അമേരിക്ക പുറത്തിറക്കിയിരുന്നു. സസ്യ എണ്ണകൾ, ആപ്പിൾ, ചോളം, മോട്ടോർ സൈക്കിളുകൾ, ഓട്ടോമൊബൈലുകൾ, പൂക്കൾ, പ്രകൃതിദത്ത റബർ, കാപ്പി, ഉണക്കമുന്തിരി, വാൽനട്ട്, ലഹരിപാനീയങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിനെ, വ്യാപാരതടസങ്ങളെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) റിപ്പോർട്ട് വിമർശിച്ചു.
ഇതിനു തൊട്ടുപിന്നാലെ, കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഇന്ത്യക്ക് 27 ശതമാനം പരസ്പര തീരുവ അമേരിക്ക പ്രഖ്യാപിച്ചു. പാൽ, പന്നിയിറച്ചി, മത്സ്യോത്പന്നങ്ങൾ എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ജിഎം രഹിത സർട്ടിഫിക്കറ്റുകൾ (ജനിതകമാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നത്) നിർബന്ധമാക്കി. യൂറോപ്യൻ യൂണിയന് 20 ശതമാനവും യുകെ 10 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനവുമാണ് അമേരിക്കൻ തീരുവ. ചൈനയ്ക്ക് 54 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും തായ്ലൻഡിന് 36 ശതമാനവും ഇന്തോനേഷ്യക്ക് 32 ശതമാനവും ആണെന്നതിൽ ആശ്വസിക്കാം.
International
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് പ്രസിഡന്റിന് നല്കിയ ആശംസകള്‍ ഇലോണ്‍ മസ്കിന്റെ 'ഗ്രോക്ക്' എഐ തെറ്റായി വിവര്‍ത്തനം ചെയ്തത് വിവാദമാകുന്നു. നയതന്ത്രപരമായ ഒരു സൗഹൃദ സന്ദേശത്തെ രാഷ്ട്രീയമായി അതീവ പ്രകോപനപരമായ രീതിയിലാണ് ഗ്രോക്ക് അവതരിപ്പിച്ചത്.
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മാലദ്വീപിന്റെ ഔദ്യോഗിക ഭാഷയായ ദിവെഹി'യില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. എന്നാല്‍ എക്സിലെ എഐ അസിസ്റ്റന്റായ ഗ്രോക്ക് ഇത് വിവര്‍ത്തനം ചെയ്തപ്പോള്‍ യഥാര്‍ത്ഥ പോസ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തെ 'സ്വാതന്ത്ര്യദിനം' എന്നാണ് ഗ്രോക്ക് വിവര്‍ത്തനം ചെയ്തത് ഇത് കൂടാതെ മാലദ്വീപ് സര്‍ക്കാര്‍ 'ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളില്‍' ഏര്‍പ്പെടുന്നുണ്ടെന്നും അധികൃതര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഗ്രോക്ക് തെറ്റായി രേഖപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ സന്ദേശത്തില്‍ ഇത്തരം കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സമാധാനപരമായ പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ഇന്ത്യ മാലദ്വീപ് ബന്ധത്തില്‍ വീണ്ടും ഉലച്ചിലുകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇതിന് വലിയ പ്രധാന്യം കല്‍പ്പിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
Kerala
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന യോഗത്തിൽ വേദിയിലുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി നഗരസഭാ കൗൺസിലർ ആർ. ശ്രീലേഖ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം.
‘പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പോലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെന്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ താൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് താൻ അവിടെ തന്നെ നിന്നത്. ആരും വെറുതെ തെറ്റിദ്ധരിക്കേണ്ട. താൻ എപ്പോഴും ബിജെപിക്കൊപ്പം', എന്ന് പറഞ്ഞാണ് ശ്രീലേഖ പ്രതികരണം അവസാനിപ്പിച്ചത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റമെന്റ് ഭരണമാണു നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
"എൽഡിഎഫും യുഡിഎഫും തമ്മിൽ പതാകയിലും ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ഇവർ രണ്ടു കൂട്ടരുടെയും അജൻഡ ഒന്നുതന്നെയാണ്. ഇടതു-വലതു മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. ഇരുകൂട്ടരും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. വികസിത കേരളത്തിനായി കൈകോർക്കാനുള്ള കൃത്യമായ സമയമാണിത്. ഇതിനായി ഉറച്ച തീരുമാനം ആവശ്യമാണ്. വികസിത കേരളത്തിനായി ബിജെപിക്കൊപ്പം ജനങ്ങൾ നില്‍ക്കണം''- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
"ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ലഭിച്ച ഓരോ അവസരവും നടപ്പാക്കിയതാണ് ഇടതു സർക്കാർ. ബിജെപി സർക്കാർ വന്നാൽ, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ആരോപണവിധേയരായവർ ജയിലിനുള്ളിലാകും. ഇതാണ് മോദിയുടെ ഗാരന്റി’’-പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടു. ഇത്തരക്കാർക്ക് കനത്ത ശിക്ഷയാണു നല്‍കേണ്ടത്. ബിജെപിക്ക് സംസ്ഥാന ഭരണത്തിന് അവസരം ലഭിച്ചാൽ സഹകരണ ബാങ്കിലെ പണം മോഷ്ടിച്ചവരിൽനിന്നുതന്നെ ഈടാക്കി നഷ്ടപ്പെട്ടവർക്കു തിരിച്ചു നല്‍കും. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം വിമുഖത കാട്ടുന്നതായും പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനാൽ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു ലഭിക്കേണ്ട സഹായം നഷ്ടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിനു വികസന പദ്ധതികളൊന്നുമില്ലെന്നും അവർ ഇപ്പോൾ മാവോ-മുസ്ലിം കോണ്‍ഗ്രസ് പാർട്ടിയായി മാറിയെന്നും വിഘടനവാദം വളർത്തുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആർ.വി. അർലേക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി റോഡ് ഷോ ആയാണു പൊതുസമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തെത്തിയത്.
പൊതുസമ്മേളനവേദിക്കു സമീപത്തായി തയാറാക്കിയ മറ്റൊരു വേദിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. തുടർന്നാണ് പ്രധാനമന്ത്രി വേദിയിലേക്കെത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, എൻഡിഎ നേതാക്കൾ ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തു വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടലും ഉദ്ഘാടനവും ഫ്ളാഗ് ഓഫും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
വഴിയോര കച്ചവടക്കാർക്കു ക്രെഡിറ്റ് കാർഡ് നൽകുന്ന പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് പദ്ധതി, സിഎസ്ഐആർ ഇന്നൊവേഷൻ ഹബ് എന്നിവയുടെ ഉദ്ഘാടനവും അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിർവഹിച്ചു.
കേരളത്തിന്റെ വികസനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്ക് പുതിയ വേഗം കൈവന്നതായി മോദി പറഞ്ഞു. കേരളത്തിലെ റെയിൽ കണക്ടിവിറ്റി കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെ പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രരുടെ ക്ഷേമത്തിനായുള്ള ഒരു പ്രധാന രാജ്യവ്യാപക സംരംഭത്തിന് പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് ലോഞ്ചിലൂടെ കേരളത്തിൽനിന്ന് ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും ഉൾപ്പെടെ നാലു പുതിയ ട്രെയിൻ സർവീസുകളാണ് ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തത്.
നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-ചാർളപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, തൃശൂരിനും ഗുരുവായൂരിനും ഇടയിലുള്ള പുതിയ പാസഞ്ചർ ട്രെയിൻ എന്നിവയാണിത്. തിരുവനന്തപുരത്ത് പൂജപ്പുരയിൽ പുതുതായി നിർമിച്ച ഹെഡ് പോസ്റ്റ് ഓഫീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ വി. സോമണ്ണ, ജോർജ് കുര്യൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചതിനു പിന്നാലെ ആദ്യമായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൻകിട പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് വൻകിട പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന.
അതിവേഗ റെയിൽ പദ്ധതികൾ ഉൾപ്പെടെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹവുമുണ്ടായിരുന്നു. പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തിൽ കോർപറേഷൻ മേയർ വി.വി. രാജേഷ് പ്രധാനമന്ത്രിയുടെ സന്ദർശനം കേരള ജനത ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നതെന്ന പരാമർശവും നടത്തിയിരുന്നു.
കോർപറേഷനിലെ 51 ബിജെപി കൗണ്‍സിലർമാർ മാത്രമല്ല, വിജയിച്ചു വന്ന 101 കൗണ്‍സിലർമാരും പ്രധാനമന്ത്രിയുടെ വരവിനെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും രാജേഷ് പറഞ്ഞു.
എന്നാൽ, മറുപടിപ്രസംഗത്തിൽ പ്രധാനമന്ത്രി പുതിയ പദ്ധതികളെക്കുറിച്ച് പരാമർശങ്ങളൊന്നും നടത്തിയില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിനു നല്കിയ തുകയും മത്സ്യത്തൊഴിലാളികളുടെ ഇൻഷ്വറൻസ് പദ്ധതികളെക്കുറിച്ചും പരാമർശിച്ചു.
കേരളത്തിലും ഇരട്ട എൻജിൻ സർക്കാർ വേണമെന്ന ആവശ്യവും മോദി മുന്നോട്ടുവച്ചു.തെരുവു കച്ചവടക്കാർക്കുള്ള ക്രെഡിറ്റ് കാർഡ് പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശം നടത്തി.
മാറാത്തതു മാറും: പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: മാറാത്തതു മാറും. മലയാളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാക്കുകൾ പറഞ്ഞപ്പോൾ സദസിൽ കരഘോഷം മുഴങ്ങി.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചപ്പോഴാണു പ്രധാനമന്ത്രി ഇത്തരത്തിൽ പരാമർശം നടത്തിയത്. തിരുവനന്തപുരത്തിന്റെ വികസനത്തെ ഇടത്-വലതു മുന്നണികൾ പതിറ്റാണ്ടുകളായി പിന്നോട്ടടിച്ചെന്നും എന്നാൽ ഇനി അതിനു മാറ്റമുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നല്‍കും. വികസിത തിരുവനന്തപുരം ആക്കാൻ ബിജെപി ശ്രമിക്കും. പത്മനാഭസ്വാമിയുടെ പാവനഭൂമിയിൽ വരാൻ കഴിഞ്ഞതിൽ സൗഭാഗ്യമെന്നു പറഞ്ഞു പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി അയ്യങ്കാളിയെയും ശ്രീനാരായണഗുരുവിനെയും മന്നത്തു പത്മനാഭനെയും അനുസ്മരിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം നേടിയതിനെ ഗുജറാത്തിലെ അബമ്മദാബാദ് കോർപറേഷനിലെ 1987 ലെ വിജയവുമായാണു പ്രധാനമന്ത്രി താരതമ്യം ചെയ്തത്. മേയർ വി.വി. രാജേഷിനെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി ആശ്ലേഷിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രധാനമന്ത്രിയുടെ കാൽതൊട്ട് വന്ദിച്ചു. മേയറും ഡെപ്യൂട്ടി മേയറും ചേർന്ന് പ്രധാനമന്ത്രിക്കു തിരുവനന്തപുരം നഗരത്തിന്റെ വികസനരേഖ സമർപ്പിച്ചു.
National
ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകുമെന്ന പൂർണമായ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷനായി നിതിൻ നബീനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മോദി.
അധ്യക്ഷസ്ഥാനമേറ്റെടുത്ത നിതിന്‍ ആശംസയറിയിച്ച പ്രധാനമന്ത്രി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലെയും കേരളത്തിലെയും ബിജെപിയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞു.
മഹാരാഷ്ട്രയിലെ 29 പ്രധാന നഗരങ്ങളിൽ 25 എണ്ണത്തിലെയും ജനങ്ങൾ ബിജെപിയെയും എൻഡിഎയുമാണ് തെരഞ്ഞെടുത്തത്. കേരളത്തിൽ നിലവിൽ ബിജെപിക്ക് നൂറിനടുത്ത് കൗണ്സിലർമാരുണ്ടെന്നും മോദി പറഞ്ഞു.
തിരുവനന്തപുരത്തെ മേയർ തെരഞ്ഞെടുപ്പിൽ 45 വർഷത്തിനുശേഷം ജനങ്ങൾ അധികാരം ഇടതിൽനിന്നെടുത്ത് ബിജെപിക്കു നൽകിയെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് ഒരവസരം നൽകുമെന്ന് വിശ്വസിക്കുന്നതായും മോദി പറഞ്ഞു.
താനൊരു പാർട്ടിപ്രവർത്തകനും പാർട്ടികാര്യങ്ങളിൽ നിതിൻ തന്റെ ബോസാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വലിയൊരു പരിവർത്തനം വീക്ഷിച്ച "മില്ലേനിയൽ’ പ്രായത്തിലുള്ളവനാണ് 45കാരനായ നിതിനെന്നും മോദി ചൂണ്ടിക്കാട്ടി. റേഡിയോയിൽനിന്നു വിവരങ്ങൾ ലഭിച്ച ചെറുപ്പവും ഇപ്പോൾ നിർമിതബുദ്ധിയുടെ നിരന്തര ഉപയോക്താക്കളുമായ തലമുറയിൽപ്പെട്ടയാളാണു നിതിനെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പാക് പഞ്ചാബ് പ്രവിശ്യയിൽ അമേരിക്കയും പാക്കിസ്ഥാനും തീവ്രവാദത്തിനെതിരേ സംയുക്ത സൈനിക പരിശീലനം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ്.
"ഇൻസ്പയേർഡ് ഗാംബിൾ’ എന്ന കോഡ് പേരിലുള്ള സംയുക്ത സൈനികപരിശീലനം പൂർത്തിയായെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവന പുറപ്പെടുവിച്ചത് സ്വയംപ്രഖ്യാപിത വിശ്വഗുരുവിന്റെ ആത്മപ്രശംസാ നയതന്ത്രത്തിനേറ്റ മറ്റൊരു തിരിച്ചടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
2025 ജൂണിൽ അന്നത്തെ യുഎസ് സെൻട്രൽ കമാൻഡിന്റെ മേധാവിയായിരുന്ന മൈക്കിൾ കുനില്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പാക്കിസ്ഥാനെ അസാമാന്യമായ പങ്കാളി എന്നു പ്രശംസിച്ചിരുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാൻ ആസൂത്രണം ചെയ്ത പഹൽഗാം ഭീകരാക്രമണത്തിന് തീവ്രവികാരമുണർത്തുകയും വർഗീയ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസ്താവനകളിലൂടെ പശ്ചാത്തലം നൽകുകയും ചെയ്ത പാക് ഫീൽഡ് മാർഷൽ അസിം മുനീറിനോടുള്ള ആഴത്തിലുള്ള ആരാധന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ നിർത്തുന്നതിനായി താൻ ഇടപെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവർത്തിച്ചെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: വൈവിധ്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ വ്യാപ്തി അസാധാരണവും വിജയകരവുമാണെന്നും ജനാധിപത്യത്തിന്റെ വൈവിധ്യത്തെ ഇന്ത്യ വിജയകരമായി പരിവർത്തനം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂതനാശയങ്ങളും നവീന സാങ്കേതികവിദ്യകളും ഗ്ലോബൽ സൗത്തിനും കോമണ്‍വെൽത്ത് രാജ്യങ്ങൾക്കും ഗുണകരമാക്കുന്നതിന് ഇന്ത്യ തുടർച്ചയായി ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്ലോബൽ സൗത്തിലെ പങ്കാളി രാജ്യങ്ങൾക്ക് ഇന്ത്യയിലേതുപോലെയുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകളും ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. പഴയ പാർലമെന്റിലെ (സംവിധാൻ സദൻ) സെൻട്രൽ ഹാളിൽ നടന്ന കോമണ്‍വെൽത്ത് സ്പീക്കർമാരുടെ സമ്മേളനം (സിഎസ്പിഒസി- കോണ്‍ഫറൻസ് ഓഫ് സ്പീക്കർ ആൻഡ് പ്രിസൈഡിംഗ് ഓഫീസേഴ്സ് ഓഫ് ദി കോമണ്‍വെൽത്ത്) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവൻഷ്, ഇന്റർ പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ഡോ. ടുലിയ ആക്സണ്‍, കോമണ്‍വെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്സണ്‍ ഡോ. ക്രിസ്റ്റഫർ കലില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോമണ്‍വെൽത്തിലെ 42 ദേശീയ പാർലമെന്റുകളിൽനിന്നുള്ള 61 സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും സമ്മേളനത്തിനെത്തി. ഇന്ത്യയുടെ ജനാധിപത്യയാത്രയുടെ മഹത്തായ സ്ഥലത്താണു യോഗം നടക്കുന്നതെന്നു മോദി പറഞ്ഞു. ഭരണഘടനാ അസംബ്ലിയുടെ യോഗം നടന്നതും ഇതേ സെൻട്രൽ ഹാളിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
പാർലമെന്റ് നിലവിലില്ലാത്ത പാക്കിസ്ഥാൻ, ബംഗ്ലാദേശ് പ്രതിനിധികളെത്തിയില്ല. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, എസ്. ജയശങ്കർ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും പാർലമെന്റിന്റെ വിദേശകാര്യ സമിതി ചെയർമാനുമായ ഡോ. ശശി തരൂർ എംപി ബുധനാഴ്ച നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പങ്കെടുത്തു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ഇത്രയും വലിയ വൈവിധ്യമുള്ള രാജ്യത്തു ജനാധിപത്യം നിലനിൽക്കുമോയെന്ന് ലോകം സംശയിച്ചു. ഈ ഭയം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ജനാധിപത്യം എങ്ങിനെയെങ്കിലും അതിജീവിച്ചാലും ഇന്ത്യക്കു വികസനം കൈവരിക്കാൻ കഴിയില്ലെന്നായിരുന്നു മറ്റൊരു ആശങ്ക. ഇതും ശരിയല്ലെന്നു രാജ്യം തെളിയിച്ചു.
ഗ്ലോബൽ സൗത്തിനു ഗുണം ചെയ്യുന്ന നൂതനാശയങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഏതൊരു നൂതനാശയവും മുഴുവൻ ഗ്ലോബൽ സൗത്തിനും കോമണ്‍വെൽത്ത് രാജ്യങ്ങൾക്കും പ്രയോജനകരമാണെന്ന് ഉറപ്പാക്കുകയെന്നതിനാണ് ഇന്ത്യയുടെ തുടർച്ചയായ ശ്രമം. ഗ്ലോബൽ സൗത്തിനെ ഉയർത്തിക്കൊണ്ടുവരാൻ എല്ലാ ആഗോളവേദികളിലും ഇന്ത്യ മുൻകൈയെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള അറിവു പ്രോത്സാഹിപ്പിക്കുന്നതിനു ഡൽഹി സമ്മേളനം സഹായകമാകുമെന്നു മോദി പറഞ്ഞു.
ജനക്ഷേമ നയങ്ങളിലൂടെ ജനാധിപത്യം ശക്തം: ബിർല
ഏഴു പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയുടെ പാർലമെന്ററി യാത്രയിൽ, ജനങ്ങളുടെ ക്ഷേമത്തിനായുള്ള നയങ്ങൾ രൂപപ്പെടുത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനാധിപത്യ സംഭാഷണം, സഹകരണം, പങ്കിട്ട മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോമണ്‍വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനം ഡൽഹിയിൽ ചേരുന്നത്. പാർലമെന്ററി ജനാധിപത്യ രീതികളും സംരംഭങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുമെന്നും ബിർല പറഞ്ഞു.
National
ന്യൂഡൽഹി: വിജയ് ചിത്രം ‘ജനനായകൻ’ തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം തമിഴ് സംസ്കാരത്തിനു മേലുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴരുടെ ശബ്ദത്തെ അടിച്ചമർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരിക്കലും സാധിക്കില്ലെന്നും തമിഴ്നാട് സന്ദർശിക്കവേ അദ്ദേഹം പറഞ്ഞു.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണു സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് രാഹുലിന്റെ ആരോപണം. പൊങ്കൽ റിലീസായി ഈ മാസം ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻസർ ബോർഡിന്റെ അനുമതി വൈകിയതിനാൽ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് സിനിമയ്ക്ക് അനുകൂലമായിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹർജി ഇനി 21ന് പരിഗണിക്കും. സുപ്രീം കോടതിയെ നിർമാതാക്കൾ സമീപിച്ചെങ്കിലും പൊങ്കലിന് റിലീസ് ചെയ്യാൻ സാധിച്ചില്ല.
National
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത സജീവമായി നിൽക്കെ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ(എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തില്‍ വലിയ പ്രതീക്ഷയിലാണ് തീരദേശജനതയും മത്സ്യത്തൊഴിലാളികളും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവർ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 ലക്ഷത്തില്‍പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ലക്ഷ്യമിടുന്നത്
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായ ആവശ്യങ്ങളില്‍ ഒന്നാണ് പുതിയ സംരംഭം. മത്സ്യഉത്പാദനം വര്‍ധിപ്പിക്കുക, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക, മത്സ്യമേഖലയില്‍ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം വഴി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍സിംഗാണ് തിരുവനന്തപുരത്ത് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
കൂടുതൽ പ്രയോജനം
എന്‍എഫ്ഡിബി കേന്ദ്രത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതു തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലെ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിഴിഞ്ഞം, വലിയതുറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളാണ് എന്‍എഫ്ഡിബി പ്രാദേശിക കേന്ദ്രത്തിനായി പരിഗണനയിലുള്ളത്.
International
ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചതിനു പിന്നാലെ നെഹന്യാഹു ഇന്ത്യയിലേക്ക് എത്തുമെന്ന സൂചനകളും ശക്തമായി.
ബുധനാഴ്ചയായിരുന്നു സംഭാഷണം. ന്യു ഇയറിനു ശേഷം ഇതു രണ്ടാം തവണയാണ് ഇരുവരും സംസാരിക്കുന്നത്. നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. വൈകാതെ മോദിയെ കാണാനാകുമെന്ന പ്രതീക്ഷ ഇസ്രയേൽ പ്രധാനമന്ത്രി പങ്കുവച്ചു. ഇതോടെ 2018നു ശേഷം നെതന്യാഹു ഇന്ത്യയിലേക്കു വീണ്ടുമെത്തുമെന്ന സൂചന ശക്തമായി.
ഭീകരവാദത്തിനെതിരേ ശബ്ദമുയർത്താൻ ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കുമെന്നു സംഭാഷണത്തിനു ശേഷം നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കും. ഗാസ സമാധാന പദ്ധതിയുടെ വിശദാംശങ്ങൾ നെതന്യാഹു മോദിയെ ധരിപ്പിച്ചു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തു. പലസ്തീനിൽ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇനി പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നതാണ് ഗാസ സമാധാന കരാർ.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരേയും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോഡിനെതിരേയുള്ള കേസിൽ ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി.
നേഹ സിംഗിനെതിരേ നിർബന്ധിത നടപടികൾ പാടില്ലെന്ന് ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. അതേസമയം സമാന കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഗായിക സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കക്ഷികൾക്ക് നോട്ടീസ് അയച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മോദി രാഷ്ട്രീയ പ്രചാരണത്തിന് ബിഹാറിലേയ്ക്ക് പോയതടക്കം വിമർശിച്ചുകൊണ്ടായിരുന്നു നേഹ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്.
പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തി ദേശീയതയുടെ പേരിൽ വോട്ടുകൾ സമാഹരിക്കാനാണ് മോദി ബിഹാറിലേക്ക് പോയതെന്നായിരുന്നു നേഹയുടെ പോസ്റ്റിന്റെ ഉള്ളടക്കം. തീവ്രവാദികളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും നേഹ ആരോപിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള പരാമർശമാണ് നേഹ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് പോലീസാണ് നേഹ്ക്കെതിരേ കേസെടുത്തത്. ബിജെപി സർക്കാരിനെ വിമർശിക്കുന്ന രാഷ്ട്രീയ പരാമർശങ്ങൾ നേഹ നേരത്തേയും നടത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: നരേന്ദ്ര മോദി തന്നെ സർ എന്നു സംബോധന ചെയ്തുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “മോദി എന്നെ കാണാൻ വന്നു. സാർ, ഞാനൊന്നു കണ്ടോട്ടെ ? എന്നു ചോദിച്ചു. മോദിയുമായി എനിക്ക് നല്ല ബന്ധമാണ്. തീരുവയെച്ചൊല്ലി അദ്ദേഹം ഒട്ടും സന്തുഷ്ടനല്ല.
റഷ്യൻ എണ്ണയുടെ പേരിൽ അവർ ഇപ്പോൾ ധാരാളം തീരുവ അടയ്ക്കേണ്ടി വരികയാണല്ലോ. പക്ഷേ, ഇപ്പോൾ അവർ അത് വളരെയധികം കുറച്ചിട്ടുമുണ്ട്’’- ട്രംപ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്നങ്ങളും പങ്കുവയ്ക്കാനാണ് മോദി തന്നെ നേരിട്ടു സന്ദർശിച്ചതെന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്റെ പരമാർശങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. 1971ലെ ഇന്തോ-പാക് യുദ്ധവേളയിൽ അമേരിക്ക കപ്പൽപ്പടയെ അയച്ചിട്ടും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കീഴടങ്ങിയില്ലെന്ന് രാഹുൽ പറഞ്ഞു. അതേസമയം, ഓപ്പറേഷൻ സിന്ദൂർ നടക്കവേ, ട്രംപിന്റെ ഒരു ഫോൺ കോൾ ലഭിച്ചതോടെ മോദി കീഴടങ്ങിയെന്നും, ഇതാണ് വ്യത്യാസമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് സെക്രട്ടറി ഇൻ ചാർജ് ജയ്റാം രമേശും മോദിയെ പരിഹസിച്ചു.
National
ന്യൂഡൽഹി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ പരാമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക തീരുവ ഉയർത്തിയതിനുശേഷം"മോദി എന്നെ സന്തോഷിപ്പിക്കണമെന്ന്’ ട്രംപ് അവകാശപ്പെട്ടത് ഒരു ഓഡിയോ ക്ലിപ്പിൽ കേട്ടുവെന്ന് ഖാർഗെ പറഞ്ഞു. എന്തുകൊണ്ടാണ് മോദി ട്രംപിനുമുന്നിൽ തല കുനിക്കുന്നതെന്നും ഇതു രാജ്യത്തിന് അപകടകരമാണെന്നും ഖാർഗെ പറഞ്ഞു.
നിങ്ങൾ രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്. ട്രംപ് പറയുന്നതിനെല്ലാം നിങ്ങൾ തലകുനിക്കുകയാണ്. രാജ്യം നിങ്ങളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് തല കുനിക്കാനല്ലെന്നും മോദിയോടായി ഖാർഗെ പറഞ്ഞു.
വെനസ്വേലയിലെ സംഭവവികാസങ്ങൾ ലോകത്തിനു നല്ലതല്ലെന്നും യുഎസ് പ്രസിഡന്റ് ലോകത്തിലെ ജനങ്ങളെ ഭയപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
സാമ്രാജ്യത്വവിപുലീകരണം നടത്താൻ ശ്രമിച്ചവർക്കൊന്നും അധികകാലം നിലനില്‍പുണ്ടായിട്ടില്ല. ഹിറ്റ്ലറിനെയും മുസോളിനിയെയും പോലുള്ളവർ ഇല്ലാതായെന്നും ഖാർഗെ പറഞ്ഞു. ദുഷ്ടചിന്തകൾ വച്ചുപുലർത്തുന്ന ആളുകൾ ആഗോളസമാധാനം തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധത്തിലാക്കി യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം.
ഇന്ത്യക്കുമേൽ ചുമത്തിയ തീരുവ കുറയ്ക്കാൻ ട്രംപിനോട് പറയാമോയെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസ ഡർ വിനയ് കത്ര തന്നോട് അഭ്യർഥിച്ചതായി ലിൻഡ്സെ വെളിപ്പെടുത്തി.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതു കുറച്ചെന്നും തീരുവ കുറയ്ക്കാൻ ട്രംപിനോട് പറയാമോയെന്ന് തന്നോട് കത്ര അഭ്യർഥിച്ചതായും ലിൻഡ്സെ പറഞ്ഞു.
ഒരു മാസം മുൻപ് താൻ ഇന്ത്യൻ അംബാസഡറുടെ വീട്ടിലുണ്ടായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചതിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിക്കാൻ താത്പര്യപ്പെട്ടത്.
തീരുവ ഒഴിവാക്കാൻ പ്രസിഡന്റിനോട് പറയുമോയെന്ന് ഇന്ത്യൻ പ്രതിനിധി അഭ്യർഥിച്ചതായും ലിൻഡ്സെ പറഞ്ഞു. യുഎസ് സെനറ്ററുടെ അവകാശവാദത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
National
ന്യൂഡൽഹി: അടുത്ത സാന്പത്തികവർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന്റെ ഒരുക്കങ്ങൾ തുടങ്ങി. ആഗോള അനിശ്ചിതത്വത്തിന്റെയും അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയ 50 ശതമാനം തീരുവയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യത്തിന്റെ സാന്പത്തികമേഖലയ്ക്കു നിർണായകമാണ്.
ഇറക്കുമതി ആശ്രയത്വം കുറച്ച് ചില പ്രധാന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവകൾ വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രമുഖ സാന്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി, നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്ണ്യം, നീതി ആയോഗ് അംഗങ്ങൾ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുക്കും.
നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ എട്ടാമത്തെ ബജറ്റ്, മൂന്നാം മോദിസർക്കാരിന്റെ രണ്ടാമത്തെ സന്പൂർണ ബജറ്റ് എന്നീ സവിശേഷതകൾ അടുത്ത സാന്പത്തികവർഷത്തെ ബജറ്റിനുണ്ട്.
കീഴ്വഴക്കം തെറ്റിയേക്കും
ബജറ്റ് എന്നാണ് അവതരിപ്പിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2017 മുതൽ എല്ലാ വർഷവും ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിലും ഇക്കുറി ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാൽ മറ്റൊരു ദിവസമായിരിക്കും അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്.പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയായിരിക്കും ഇതിൽ തീരുമാനമെടുക്കുക.
ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനം ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്വവഴക്കത്തിന് 2017ൽ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയാണ് മാറ്റം കൊണ്ടുവന്നത്. ഏപ്രിൽ ഒന്നുമുതലുള്ള പുതിയ സാന്പത്തികവർഷത്തിന്റെ സുഗമമായ തുടക്കം ലക്ഷ്യമിട്ടായിരുന്നു മാറ്റം.ഈ പതിവ് ഇപ്പോഴത്തെ ധനമന്ത്രിയായ നിർമല സീതാരാമൻ വരെ എത്തിനിൽക്കുന്നു.
ബജറ്റ് ശനിയാഴ്ചയോ ഞായറാഴ്ചയോ അവതരിപ്പിക്കുന്നതിന് സാങ്കേതികമായി തടസങ്ങളൊന്നുമില്ല.
കഴിഞ്ഞ സാന്പത്തികവർഷത്തെ ബജറ്റ് നിർമല ശനിയാഴ്ചയായിരുന്നു അവതരിപ്പിച്ചത്. 2001ലും 2004ലും 2015ലും 2016ലും ബജറ്റ് ശനിയാഴ്ച അവതരിപ്പിച്ചിട്ടുണ്ട്. 1999 ഫെബ്രുവരി 28ന് അന്നത്തെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിംഹ ഞായറാഴ്ച യാണ് ബജറ്റ് അവതരിപ്പിച്ചത്.
എന്നാൽ, അടുത്ത വർഷത്തെ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെന്നതിനു പുറമേ ഭക്തിപ്രസ്ഥാനത്തിലെ കവിയായിരുന്ന ഗുരു രവിദാസിന്റെ ജയന്തിയാണെന്നതും ഘടകമാണ്. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച് 2026ലെ 34 നിയന്ത്രിത അവധികളിൽ ഗുരു രവിദാസ് ജയന്തിയും ഉൾപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരം കേന്ദ്രം പാർലമെന്റിൽ പാസാക്കിയ വിബി-ജി റാം ജി ബില്ലിനെ വിമർശിച്ച് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
തൊഴിലുറപ്പ് നിയമത്തെ ‘ബുൾഡോസ്’ചെയ്തു സർക്കാർ കൊണ്ടുവന്ന പുതിയ ബില്ലിൽ മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുക മാത്രമല്ല തൊഴിലുറപ്പ് നിയമത്തിന്റെ രൂപവും ഘടനയും ഏകപക്ഷീയമായി മാറ്റിയെന്നും ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇതുമൂലം രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു കർഷകരുടെ താത്പര്യങ്ങളെയും തൊഴിലാളികളെയും ഗ്രാമീണമേഖലയിലെ ഭൂമിയില്ലാത്ത ദരിദ്രരെയും മോദി സർക്കാർ ആക്രമിക്കുകയാണെന്ന് സോണിയ പറഞ്ഞു.
20 വർഷം മുന്‍പ് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തൊഴിലുറപ്പ് നിയമം പാർലമെന്റിൽ സമവായത്തിലൂടെ പാസാക്കിയതെന്ന് സോണിയ അനുസ്മരിച്ചു. “വിപ്ലവകരമായ ഈ നടപടിയിലൂടെ മണ്ണും ഗ്രാമവും വീടും കുടുംബവും ഉപേക്ഷിച്ച് ഒരാൾ തൊഴിലിനായി പലായനം ചെയ്യുന്നത് നിലച്ചു.
തൊഴിലിനായി നിയമപരമായ അവകാശം നൽകപ്പെടുകയും അതിനോടൊപ്പം ഗ്രാമപഞ്ചായത്തുകൾ ശക്തീകരിക്കപ്പെടുകയും ചെയ്തു. തൊഴിലുറപ്പ് നിയമത്തിലൂടെ ഗ്രാമസ്വരാജ് എന്ന മഹാത്മാഗാന്ധിയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായുള്ള ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് നാം ഒരു വലിയ ചുവടെടുത്തു വച്ചു’’-സോണിയ പറഞ്ഞു.
എന്നാൽ, മോദി സർക്കാർ കഴിഞ്ഞ 11 വർഷമായി ഗ്രാമീണമേഖലകളിലെ തൊഴിലില്ലാത്തവരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും താത്പര്യങ്ങൾ അവഗണിച്ചു. തൊഴിലുറപ്പ് നിയമത്തെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
യാതൊരു ചർച്ചകളും കൂടിയാലോചനകളുമില്ലാതെയും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയുമാണ് പുതിയ ബിൽ പാസാക്കിയിട്ടുള്ളത്. ഇപ്പോൾ എത്രമാത്രം തൊഴിൽ, എവിടെ, ഏതു തരത്തിൽ എന്നെല്ലാം ഡൽഹിയിലിരിക്കുന്ന സർക്കാർ തീരുമാനിക്കും. അത് അടിസ്ഥാന യാഥാർഥ്യങ്ങളിൽനിന്ന് വളരെ അകലെയാണെന്നും സോണിയ കുറ്റപ്പെടുത്തി. ഈ കരിനിയമത്തിനെതിരേ പോരാടാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തങ്ങളെല്ലാം ഈ ആക്രമണത്തെ പ്രതിരോധിക്കാൻ തയാറാണെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയായെ ന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച് പദവി ഒഴിയേണ്ടതാണെന്നും തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
കേസിൽ നീതി നടപ്പിലായി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരേ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതൊരു പാഠമാകണം. ബിജെപി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കിയത് എങ്ങനെയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ (പിഎംഎൽഎ) എങ്ങനെ ദുരുപയോഗം ചെയ്തെന്നും ഈ കേസിലൂടെ വ്യക്തമാണ്.
ഇഡിയെ ഉപയോഗിച്ചു നിരവധി എംപിമാരെ ബിജെപിയിലേക്കു കൂറുമാറ്റാൻ പ്രേരിപ്പിച്ചു. ഇതുവഴി സംസ്ഥാനങ്ങളിലുടനീളം നിരവധി സർക്കാരുകൾ രൂപീകരിച്ചെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ഇന്നലെ അനുഭവിച്ചു.
മലിനീകരണം മൂലമുള്ള പുകമഞ്ഞ് രൂക്ഷമായ ഇന്നലെ രാജ്യത്തെ വ്യോമ, റെയിൽ ഗതാഗതം താറുമാറായപ്പോൾ മെസിയും മോദിയും സഞ്ചരിക്കേണ്ട വിമാനങ്ങളെയും അതു ബാധിക്കുകയായിരുന്നു.
മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ മാത്രം നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ഡൽഹിയിലേക്കെത്തുന്നതും പുറപ്പെടുന്നതുമായ നൂറിലധികം ട്രെയിനുകൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു.
ഇന്ത്യ ടൂർ 2025ന്റെ ഭാഗമായി ഇന്നലെ ഡൽഹിയിലേക്കു പറക്കാനൊരുങ്ങിയ ലയണൽ മെസിയുടെ ചാർട്ടേഡ് വിമാനം കനത്ത പുകമഞ്ഞിനെത്തുടർന്ന് വൈകിയതുമൂലം മെസി മണിക്കൂറുകളോളം മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി.
ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന മെസി, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വൈകുന്നേരം നാലരയായി. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ഇന്നലെ രാവിലെ എട്ടരയോടെ പുറപ്പെടേണ്ടതായിരുന്നെങ്കിലും മോശം ദൃശ്യപരത മൂലം 9.30നാണ് വിമാനം പുറപ്പെട്ടത്.
470 എന്ന "ഗുരുതര’വിഭാഗത്തിലായിരുന്നു ഇന്നലെ ഡൽഹിയിലെ ശരാശരി വായു നിലവാരസൂചിക (എക്യുഐ). അതിരൂക്ഷമായ മലിനീകരണത്തെ ചെറുക്കാൻ തലസ്ഥാനത്തെ സ്കൂളുകൾ ഓണ്‍ലൈനാക്കുകയും നിർമാണപ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.
മലിനീകരണം കണക്കിലെടുത്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ വീഡിയോ കോണ്‍ഫറൻസിലൂടെ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്തും കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
National
ന്യൂഡൽഹി: മുഖ്യ വിവരാവകാശ കമ്മീഷണറെയും (സിഐസി) കമ്മീഷണർമാരെയും നിയമിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ യോഗം ചേരും. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ സംബന്ധിക്കും.
പുതിയ സിഐസിക്കു പുറമേ കേന്ദ്ര വിവരാവകാശ കമ്മിഷനിൽ ഒഴിഞ്ഞുകിടക്കുന്ന എട്ട് വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിലും യോഗം തീരുമാനമെടുക്കും.
ഇന്ന് യോഗം ചേരുമെന്ന് കഴിഞ്ഞ ഡിസംബർ ആദ്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവിൽ 30,838 കേസുകളാണ് സിഐസി പരിഗണിക്കാനുള്ളതെന്നു വിവരാവകാശ കമ്മീഷൻ വെബ്സൈറ്റിൽ പറയുന്നു.
ആനന്ദി രാമലിംഗം, വിനോദ് കുമാർ തിവാരി എന്നീ കമ്മീഷണർ മാത്രമാണ് ഇപ്പോൾ ചുമതലയിലുള്ളത്.
National
ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തിലെ ചില ശ്ലോകങ്ങൾ മുഹമ്മദലി ജിന്നയുടെ താത്പര്യത്തിൽ നീക്കം ചെയ്തത് അംഗീകരിച്ചതുവഴി ജവഹർലാൽ നെഹ്റുവും കോണ്‍ഗ്രസും പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ 1937ൽ ഒഴിവാക്കിയെന്നും ഇതാണു വിഭജനത്തിന്റെ വിത്തുകൾ പാകിയതെന്നും മോദി ലോക്സഭയിൽ ആരോപിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റിൽ ഇന്നലെ നടന്ന ചർച്ചയ്ക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയിയും അക്കമിട്ടു നിരത്തിയ വാദങ്ങളിലൂടെ മോദിയുടെ ആരോപണങ്ങൾക്ക് തിരിച്ചടി നല്കി.
രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തവരെയും സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായവരെയും ഇകഴ്ത്തിക്കാട്ടാനാണ് ക്വിറ്റ് ഇന്ത്യ സമരത്തിൽ അടക്കം പങ്കെടുക്കാതിരുന്നവരുടെ പാഴ്ശ്രമമെന്നു കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ മുസ്ലിം ലീഗിന്റെ സമ്മർദത്തിനു വഴങ്ങിയ പ്രീണന രാഷ്ട്രീയമാണു കോണ്‍ഗ്രസിന്റേതെന്നു മോദി ആരോപിച്ചു. മുസ്ലിം പ്രീണന രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് എംഎംസി (മുസ്ലിം ലീഗ്- മാവോയിസ്റ്റ് കോണ്‍ഗ്രസ്) ആയി മാറിയെന്ന് മോദി പരിഹസിച്ചു.
വന്ദേമാതരത്തിന്റെ നൂറാം വാർഷികത്തിൽ രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങി. ഭരണഘടനയുടെ കഴുത്തു ഞെരിച്ചു. വന്ദേമാതരത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണിപ്പോഴെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ മഹത്തായ ഭൂതകാലം മുതൽ ജിന്നയ്ക്കും മുസ്ലിം ലീഗിനും കോണ്‍ഗ്രസ് കീഴടങ്ങിയെന്നുവരെയുള്ള പ്രസ്താവനകളോടെയാണു പ്രധാനമന്ത്രി മോദി ലോക്സഭയിലെ പത്തു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കു തുടക്കം കുറിച്ചത്. രാജ്യസഭയിൽ ഇന്നു നടക്കുന്ന വന്ദേമാതരം ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിക്കും.
വിവാദ എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു രണ്ടുദിവസം നീളുന്ന 10 മണിക്കൂർ ചർച്ച ഇന്നു ലോക്സഭയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നാണു സൂചന.
National
ന്യൂഡൽഹി: ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചാണ് വന്ദേമാതരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഈ ഗാനം നമ്മെ പ്രചോദിപ്പിക്കുകയും ഊർജസ്വലമാക്കുകയും വേണം.
2047 ആകുന്പോഴേക്കും രാഷ്ട്രത്തെ സ്വാശ്രയവും വികസിതവുമാക്കാനുള്ള ദൃഢനിശ്ചയം നാം ആവർത്തിക്കേണ്ടതുണ്ടെന്ന് ലോക്സഭയിൽ വന്ദേമാതരം ചർച്ചയ്ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൽ ദേശീയഗീതത്തെ ചില ശക്തികൾ ഒറ്റിക്കൊടുത്തു (വിശ്വാസ് ഘാട്ട്). ആരാണിതു ചെയ്തതെന്നു വരുംതലമുറകളോടു പറയേണ്ടതു നമ്മുടെ കടമയാണ്. 1937ൽ മുഹമ്മദ് അലി ജിന്ന അതിനെ എതിർത്തു. നെഹ്റുവിനു തന്റെ സിംഹാസനം ഇളകുന്നതായി തോന്നി.
മുസ്ലിം ലീഗിന്റെ മുദ്രാവാക്യങ്ങളെ അപലപിക്കുന്നതിനും വന്ദേമാതരത്തോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതിനും പകരം, ജിന്നയോട് യോജിച്ച് അദ്ദേഹം നേതാജി സുഭാഷ് ബോസിന് എഴുതി. ആനന്ദമഠത്തിന്റെ സന്ദർഭം മുസ് ലിംകളെ പ്രകോപിപ്പിക്കുമെന്ന് അദ്ദേഹം എഴുതി.
വന്ദേമാതരം പരിശോധിക്കാൻ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. രാജ്യമെന്പാടുമുള്ള ദേശീയവാദികൾ ഇതിനെതിരേ രംഗത്തെത്തി. പക്ഷേ, നിർഭാഗ്യവശാൽ, മുസ്ലിം ലീഗിന് മുന്നിൽ കോണ്‍ഗ്രസ് കീഴടങ്ങി. വന്ദേമാതരം വിഭജിച്ചു. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നിത്. ഈ മാനസികാവസ്ഥ വിഭജനത്തിലേക്ക് നയിച്ചുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു. രാജ്ഞിക്ക് ദീർഘായുസ് എന്ന ഗാനത്തിനുള്ള പ്രതികരണമായിരുന്നു അത്. വന്ദേമാതരം നിരോധിക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. കവിതയുടെ അച്ചടിയും പ്രചാരണവും തടയാൻ അവർ നിയമങ്ങൾ കൊണ്ടുവന്നു.
ബ്രിട്ടീഷുകാർ ബംഗാളിലൂടെ വിഭജനത്തിന്റെ വിത്തുകൾ വിതച്ചു. പക്ഷേ വന്ദേമാതരം ദേശീയ ഐക്യത്തിനുള്ള ഇഴയും ഗാനവുമായി മാറി. ഭൂമി അമ്മയാണെന്നും നമ്മൾ ഭൂമിയുടെ മകനാണെന്നുമാണു വന്ദേമാതരത്തിൽ പറയുന്നതെന്നും മോദി വിശദീകരിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കാര്യാലയം (പിഎംഒ) ഉൾക്കൊള്ളുന്ന പുതിയ സമുച്ചയത്തിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്കു കീഴിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ സമുച്ചയത്തിന്റെ പേര്"സേവാ തീർഥ്’ എന്നാണ്.
പിഎംഒ ഓഫീസിനോടൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സിൽ സെക്രട്ടേറിയറ്റ്, സന്ദർശനം നടത്തുന്ന വിദേശ പ്രതിനിധികളുമായി ഉന്നതതല ചർച്ചകൾ നടത്തുന്നതിനുള്ള വേദിയായ ഇന്ത്യാ ഹൗസ് എന്നിവ അടങ്ങുന്നതാണ് പുതിയ സമുച്ചയം.
National
ന്യൂഡൽഹി: കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെ ആസൂത്രിതമായി ചവിട്ടിമെതിക്കുകയും പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്ത വലിയ നാടകക്കാരനായ പ്രധാനമന്ത്രിയാണു പ്രതിപക്ഷത്തോടു നാടകം കളിക്കരുതെന്നു പറയുന്നതെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പറഞ്ഞതിനോടു പാർലമെന്റിൽ മറുപടി പറയുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച അനുവദിക്കാത്തതിലൂടെ ജനാധിപത്യത്തെ കൊല്ലുകയാണു സർക്കാർ ചെയ്യുന്നത്. എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ എല്ലാ എംപിമാരുടെയും ആവശ്യം അംഗീകരിക്കാതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനം മുഴുവൻ പാഴാക്കിയതു സർക്കാരാണ്.
അതേ സർക്കാർ ചർച്ച അനുവദിക്കുമോയെന്നുപോലും ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന് ഖാർഗെ, ഡെറിക് ഒബ്രിയൻ, ജോണ്‍ ബ്രിട്ടാസ്, തിരുച്ചി ശിവ തുടങ്ങിയവർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി വീണ്ടും തന്റെ നാടകീയ അവതരണമാണ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയത്.
കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെയും സംവിധാനത്തെയും തുടർച്ചയായി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ റിക്കാർഡ് എല്ലാവർക്കും അറിയാമെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ കുറിച്ചു.
വോട്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. പാർലമെന്റിൽ ഇവ ഉയർത്തിക്കാട്ടുന്നത് തുടരും. ശ്രദ്ധ തിരിക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ ചർച്ചയ്ക്കു ബിജെപി തയാറാകണമെന്ന് എഐസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ തിടുക്കത്തിൽ പാസാക്കി. വെറും 15 മിനിറ്റിനുള്ളിലാണു ചിലത് അംഗീകരിച്ചത്. ജിഎസ്ടി, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, വിവാദമായ കർഷക വിരുദ്ധ കരിനിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമാണങ്ങൾ ഇത്തരത്തിൽ പാർലമെന്റിലൂടെ ബുൾഡോസ് ചെയ്യുകയായിരുന്നുവെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
ചർച്ച നിഷേധിക്കുകയല്ല, മറിച്ച് പ്രതിപക്ഷം പറയുന്ന ചർച്ചയെക്കുറിച്ചു പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്നാണു പറയുന്നതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനം നേരിടുന്ന വായുമലിനീകരണ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക അറിയിച്ച ഒരുസംഘം അമ്മമാരുമായി സംവദിച്ചശേഷം അതിന്റെ വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ആവശ്യം ഉന്നയിച്ചത്. കുട്ടികൾ വിഷവായു ശ്വസിച്ചു വളരേണ്ടിവരുന്നതിൽ അമ്മമാർ അവരുടെ ആശങ്കയും രോഷവും പങ്കുവച്ചെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾ നമ്മുടെ കണ്മുന്നിൽ ശ്വാസം മുട്ടുന്പോൾ എങ്ങനെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു മൗനമായി ഇരിക്കാൻ കഴിയുന്നത്. സർക്കാർ എന്താണ് അടിയന്തര നടപടികൾ എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. വായു മലിനീകരണം നിയന്ത്രിക്കാൻ കർശനമായ കർമപദ്ധതി തയാറാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു
നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാരം അതിരൂക്ഷമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി വിവിധ രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതായാണു കണക്ക്.
ഇതേ സാഹചര്യം തുടർന്നാൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ശ്വാസനാളത്തിൽ വീക്കം ഉണ്ടാകാമെന്നും ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗങ്ങളും ഉള്ളവരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾക്കും ആസ്ത്മ രോഗികളും ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.
National
ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തും. ജോഹന്നാസ്ബർഗിൽ ഇന്നുമുതൽ 23 വരെയാണ് 20-ാമത് ജി20 ഉച്ചകോടി നടക്കുന്നത്.
മൂന്നു ദിവസം പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലുണ്ടായിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബഹിഷ്കരണം പ്രഖ്യാപിച്ച ഉച്ചകോടിയിൽ ചില ജി20 നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
‘എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാന്പത്തിക വളർച്ച’, ദുരന്തസാധ്യത ലഘൂകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘പ്രതിരോധശേഷിയുള്ള ലോകത്തിൽ ജി20യുടെ സംഭാവന’, നിർമിതബുദ്ധി, നിർണായക ധാതുക്കൾ എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി’ എന്നീ മൂന്ന് സമ്മേളനങ്ങളാണ് ഉച്ചകോടിയിൽ ഉണ്ടാകുക.
ഈ മൂന്ന് സമ്മേളനങ്ങളിലും മോദി പ്രസംഗിക്കുമെന്നാണു സൂചന.
National
ന്യൂഡൽഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ വാനോളം പുകഴ്ത്തി ശശി തരൂർ വീണ്ടും വിവാദത്തിൽ. മോദി മുഖ്യാതിഥിയായ ചടങ്ങിൽ ജലദോഷവും ചുമയും അവഗണിച്ചു പങ്കെടുത്ത തരൂർ, ഇതേ അസുഖത്തിന്റെ പേരിൽ എഐസിസി ആസ്ഥാനത്ത് ഇന്നലെ നടന്ന സുപ്രധാന എസ്ഐആർ അവലോകന യോഗത്തിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തു.
കോണ്‍ഗ്രസിലെ ഉന്നതരുടെ നയങ്ങളിൽ പാർട്ടിക്കുള്ളിൽ അഗാധമായ നിരാശയും കോപവും ഉണ്ടെന്ന് ബിഹാർ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ബിജെപി ഓഫീസിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. ഇതേസമയം, തരൂരിന്റെ പ്രകോപനങ്ങളെ തത്കാലം അവഗണിക്കാനാണു കോണ്‍ഗ്രസ് തീരുമാനം. തരൂർ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കാനായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
ദേശീയ പുരോഗതിയെക്കുറിച്ചും ഇന്ത്യയുടെ വികസനത്തെക്കുറിച്ചുമാണു പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലെ ഊന്നലെന്നായിരുന്നു തരൂരിന്റെ പുകഴ്ത്തൽ. എപ്പോഴും തെരഞ്ഞെടുപ്പു മോഡിലാണെന്നാണു മോദിയെക്കുറിച്ച് ആക്ഷേപമെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള വൈകാരിക മോഡിൽ ആയിരുന്നു യഥാർഥത്തിൽ മോദി എന്നുവരെ തരൂർ പുകഴ്ത്തി. കടുത്ത ജലദോഷവും ചുമയും മല്ലിട്ടിട്ടും സദസിൽ ഉണ്ടായിരുന്നതിൽ സന്തോഷമുണ്ടെന്ന ആമുഖത്തോടെ എക്സിലെ വിശദമായ കുറിപ്പുകളിലാണ് തരൂരിന്റെ മോദി പ്രശംസ. പ്രധാനമന്ത്രി മോദി നടത്തിയ രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ സദസിന്റെ മുൻനിരയിലായിരുന്നു തരൂർ.
അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്നു രാഷ്ട്രം സ്വയം മോചിതരാകണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥനയെ പ്രത്യേകം പരാമർശിക്കാനും തരൂർ മടിച്ചില്ല. 200 വർഷത്തെ ബ്രിട്ടീഷ് പാരന്പര്യമായ അടിമ മാനസികാവസ്ഥ ഇന്ത്യ ഉപേക്ഷിക്കണമെന്നും പുരോഗതിക്കായി രാജ്യം അസ്വസ്ഥരായിരിക്കണമെന്നും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തതിനെ തരൂർ പ്രശംസിച്ചു. ഇന്ത്യയുടെ പൈതൃകം, ഭാഷകൾ, വിജ്ഞാന സംവിധാനങ്ങൾ എന്നിവയിൽ അഭിമാനം പുനഃസ്ഥാപിക്കുന്നതിനുള്ള 10 വർഷത്തെ ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി മോദി അഭ്യർഥിച്ചുവെന്നു കോണ്‍ഗ്രസ് എംപി എഴുതി.
“ഇന്ത്യ ഇനിയൊരു ഉയർന്നുവരുന്ന വിപണി മാത്രമല്ല, ലോകത്തിനൊരു ഉയർന്നുവരുന്ന മാതൃക ആണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതിന്റെ സാന്പത്തിക പ്രതിരോധശേഷിയും അദ്ദേഹം ശ്രദ്ധിച്ചു. വികസനത്തോടുള്ള ഇന്ത്യയുടെ സൃഷ്ടിപരമായ അക്ഷമയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
കൊളോണിയൽ അനന്തര മനോഭാവത്തിനായി ശക്തമായി പ്രേരിപ്പിച്ചു. മൊത്തത്തിൽ, പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു സാന്പത്തിക വീക്ഷണമായും പ്രവർത്തനത്തിലേക്കുള്ള സാംസ്കാരിക ആഹ്വാനമായും വർത്തിച്ചു.’’ തരൂർ കുറിച്ചു.
National
പാറ്റ്ന: ബിഹാറിലെ ജനങ്ങൾ എല്ലാ റിക്കാർഡുകളും തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ വിജയം നേടിയതിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കൽ കൂടി എൻഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു.
വികസനം പുതിയ തലത്തിൽ എത്തിക്കുമെന്ന് ഞാൻ ബിഹാറില്‍ വന്ന് വാഗ്ദാനം നൽകിയതാണ്. മഹിളാ-യൂത്ത് ഫോര്‍മുലയാണ് ബിഹാറിൽ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മോദി പറഞ്ഞു.
നിങ്ങൾ തിരിച്ചുവരില്ല. ബിഹാർ ജനതയ്ക്ക് വികസനമാണ് വേണ്ടത്, കാട്ടുഭരണമല്ല. അവർക്ക് വേണ്ടത് പ്രണീനമല്ല, സന്തോഷവും സംതൃപ്തിയുമാണെന്ന് ആർജെഡിയോടും കോൺഗ്രസിനോടുമായി മോദി പറഞ്ഞു.
സമാധാനപരമായിട്ടാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിംഗ് വേണ്ടിവന്നില്ല എന്നത് നേട്ടമാണ്. എസ്ഐആറിനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവരും ഇത്തവണ പരാജയപ്പെട്ടു.
ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവര്‍ക്കൊപ്പവും ജനം നിന്നില്ല. ജനത്തിന് വേണ്ടത് വേഗത്തിലുള്ള വികസനം മാത്രമാണ്. ജംഗിള്‍ രാജിനെ ജനം ഒരിക്കൽ കൂടി തള്ളി. ഇതിന് കാരണം വനിതകളുടെ തീരുമാനമാണ്. അവരാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. കോണ്‍ഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കി. റെഡ് കോറിഡോര്‍ ഇപ്പോള്‍ ചരിത്രമായി. ബിഹാര്‍ വികസനത്തിൽ കുതിക്കുകയാണ്.
എൻഡിഎയിലെ ആളുകളായ ഞങ്ങൾ ജനങ്ങളുടെ സേവകരാണ്. കഠിനാധ്വാനത്തിലൂടെ ഞങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കുന്നത് തുടരും. ജംഗിൾ രാജിനെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ, ആർജെഡി അതിനെ എതിർത്തില്ല, പക്ഷേ കോൺഗ്രസ് അതിനെ എതിർത്തു. ഇന്ന് ഞാൻ വീണ്ടും പറയുന്നു കാട്ടുഭരണം തിരിച്ചു വരില്ല.
ബിഹാറിലെ ജനങ്ങൾ എല്ലാ റിക്കോർഡുകളും തകർത്തു. എൻഡിഎയ്ക്ക് വമ്പിച്ച വിജയം നൽകണമെന്ന് ഞാൻ ബിഹാറിലെ ജനങ്ങളോട് അഭ്യർഥിച്ചു, അവർ എന്റെ അഭ്യർഥന അംഗീകരിച്ചു.
കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുകയാണ്. വോട്ട് ചോരി പോലുള്ള അടിസ്ഥാനരഹിതമായ വിഷയങ്ങളെക്കുറിച്ച് നിസാരമായ പരാതികൾ നൽകുന്നു, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുന്നു. കോൺഗ്രസിന് രാജ്യത്തെക്കുറിച്ച് ഒരു പോസിറ്റീവ് കാഴ്ചപ്പാടുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവു മായി കോണ്‍ഗ്രസ്.
ദക്ഷിണാഫ്രിക്കയിലെ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിനാൽ "സ്വയംപ്രഖ്യാപിത വിശ്വഗുരു’ഉച്ചകോടിയിൽ നേരിട്ടു പങ്കെടുക്കുമെന്ന് ഉറപ്പിക്കാമെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പരിഹസിച്ചു. ട്രംപ് "മൂലയ്ക്കിരുത്തുന്നത്’’ഒഴിവാക്കുന്നതിനായാണ് കഴിഞ്ഞമാസം മലേഷ്യയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കാതിരുന്നതെന്ന് ജയ്റാം രമേശ് അന്ന് വിമർശിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കർഷകർ ദക്ഷിണാഫ്രിക്കൻ സർക്കാരിനു കീഴിൽ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോഹന്നാസ്ബർഗിൽ ഈ മാസം 22, 3 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഒരൊറ്റ അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥനും പങ്കെടുക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
National
ന്യൂഡൽഹി: വോട്ട് കൊള്ള ആയുധമാക്കി പ്രധാനമന്ത്രിക്കെതിരേ ശക്തമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മോദി പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പ് കൊള്ളയിലൂടെയാണെന്നും, ഇന്ത്യയിലെ ജെൻ സിയെയും യുവാക്കളെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ രാഹുൽ പറഞ്ഞു.
വോട്ടുകൊള്ളയിൽ താൻ അവസാനം നടത്തിയ വാർത്താസമ്മേളനത്തിലൂടെ ഹരിയാനയിലെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പേ അല്ലെന്നും വോട്ടുകൊള്ളയുടെ മൊത്തക്കച്ചവടം നടന്നെന്നും വ്യക്തമാക്കിയെന്ന് രാഹുൽ പറഞ്ഞു.
വ്യാജവോട്ടുകളെപ്പറ്റിയും വ്യാജ ഫോട്ടോകളെപ്പറ്റിയും താനുന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നുത് നിങ്ങൾ ശ്രദ്ധിക്കണം. ബിജെപിയാണ് കമ്മീഷനെ പ്രതിരോധിക്കുന്നത്. എന്നാൽ ആരോപണങ്ങളെ അവർ നിഷേധിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
25 ലക്ഷം വോട്ടർമാർ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും, ബ്രസീലിയൻ മോഡൽ ഇവിടെ വോട്ട് ചെയ്യുന്നതുപോലുള്ള ചെറിയ ഉദാഹരണങ്ങളാണ് മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതെന്ന് രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
""ഭരണഘടന പറയുന്നത് ഒരു വ്യക്തിക്ക് ഒരു വോട്ടെന്നാണ്. എന്നാൽ ഇതു ഹരിയാനയിലില്ലെന്നാണ് തെളിയുന്നത്. അവിടെ ഒരാൾക്ക് ഒന്നിലധികം വോട്ടുണ്ട്.
ബ്രസീലിയൻ സ്ത്രീയുടെ വോട്ടും ഒരു ബൂത്തിൽ ഒരു സ്ത്രീയുടെ 200 ഫോട്ടോകളുമായിരുന്നു. ഇതവർ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടത്തി. ഇപ്പോൾ ഹരിയാനയിലും സംഭവിച്ചു. ഗുജറാത്തിൽ ഇത് തുടർച്ചയായി സംഭവിച്ചു. ഇതേ കാര്യമാണ് ബിഹാറിലും അവർ ചെയ്യാൻ പോകുന്നത്''-രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: ദേശീയഗീതമായ "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷദിനത്തിൽ കോൺഗ്രസ്- ബിജെപി വാക്പോര്. ദേശീയഗീതത്തിൽനിന്ന് ചില വരികൾ 1937ൽ കോണ്‍ഗ്രസ് നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്പോരിനു തുടക്കമിട്ടത്.
കോണ്‍ഗ്രസിന്റെ 1937ലെ ഫൈസാബാദ് സമ്മേളനത്തിൽ ഗീതത്തിലെ "സുപ്രധാന വരികൾ’നീക്കം ചെയ്യാനുള്ള തീരുമാനം ഗീതത്തെ പല കഷണങ്ങളാക്കി മാറ്റിയെന്നു മാത്രമല്ല വിഭജനത്തിന്റെ വിത്തുകൾ വിതച്ചുവെന്നും "വന്ദേ മാതര’ത്തിന്റെ 150-ാം വാർഷികാഘോഷ ചടങ്ങിൽ മോദി പറഞ്ഞു.
ഗീതത്തിന്റെ സുപ്രധാന ഭാഗങ്ങൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്നു ചോദിച്ച മോദി ഇന്നത്തെ തലമുറ ഈ ചരിത്രം മനസിലാക്കണമെന്നും ഈ വിഭജന മനോഭാവം ഇന്നും രാജ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ദേശീയതയുടെ സ്വയംപ്രഖ്യാപിത സംരക്ഷകരെന്ന് അവകാശപ്പെടുന്ന ആർഎസ്എസും ബിജെപിയും വന്ദേമാതരമോ നമ്മുടെ ദേശീയഗാനമോ അവരുടെ ശാഖകളിലോ കാര്യാലയങ്ങളിലോ പാടിയിട്ടില്ലെന്നതു വിരോധാഭാസമാണെന്നായിരുന്നു മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി. ആർഎസ്എസും സംഘപരിവാറും ദേശീയപ്രസ്ഥാനത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 52 വർഷം ദേശീയപതാക ഉയർത്തിയില്ല. ഭരണഘടനയെ അവഹേളിച്ചു.
ഗാന്ധിജിയുടെയും അംബേദ്കറിന്റെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. സർദാർ പട്ടേലിന്റെ വാക്കുകളിൽ, ഗാന്ധിജിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. "വന്ദേ മാതര’ത്തിന്റെ അഭിമാനികളായ പതാകവാഹകരാണു കോണ്‍ഗ്രസെന്നും ഖാർഗെ പറഞ്ഞു.
1896ലെ കോണ്‍ഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിലാണ് രബീന്ദ്രനാഥ് ടാഗോർ"വന്ദേ മാതരം’ആദ്യമായി പാടിയത്. 1937ൽ കോണ്‍ഗ്രസിന്റെ പ്രവർത്തകസമിതി രാജ്യത്തിന്റെ ദേശീയ ഗീതമായി "വന്ദേ മാതര’ത്തെ സ്വീകരിച്ചു.
1896 മുതൽ ഇന്നു വരെ ചെറുതും വലുതുമായ എല്ലാ കോണ്‍ഗ്രസ് യോഗങ്ങളിലും "വന്ദേ മാതരം’ പാടിയിട്ടുണ്ട്. നേരേമറിച്ച് അവരുടെ സംഘടനകളെ പ്രകീർത്തിക്കുന്ന "നമസ്തേ സദാ വത്സലേ’ എന്ന ഗാനമാണ് ആർഎസ്എസും ബിജെപിയും ഇപ്പോഴും പാടുന്നത്- ഖാർഗെ ചൂണ്ടിക്കാട്ടി.
National
വാരാണസി: എറണാകുളം-ബംഗളൂരു വന്ദേഭാരത് ട്രെയിൻ സർവീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പച്ചക്കൊടി കാണിക്കും. രാവിലെ എട്ടിന് ബനാറസ് (മന്ദുഅഹിത്) സ്റ്റേഷനിലാണ് ഉദ്ഘാടനം. ബനാറസ്-ഖജുരാഹോ, ലക്നോ-സഹരൻപുർ, ഫിറോസ്പുർ-ഡൽഹി സർവീസുകൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
ദ്വിദിന സന്ദർശനത്തിനായി ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി നഗരത്തിലെത്തി. പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകുന്നേരത്തോടെ ലാൽ ബഹാദുർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മോദി ബെൽ ഗസ്റ്റ്ഹൗസിലാണ് രാത്രി തങ്ങിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
ബംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് (26651 /26652) 11ന് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. ബുധൻ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസ്. എട്ട് കോച്ചുകൾ ഉണ്ടാകും.ബംഗളൂരുവിൽ രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. തിരികെയുള്ള സർവീസ് എറണാകുളത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിൽ എത്തും.
National
കത്തിഹാർ (ബിഹാർ): ആർജെഡിയും കോൺഗ്രസും ചേർന്ന് സീമാഞ്ചൽ മേഖലയിൽ ജനസംഖ്യാ സന്തുലിതാവസ്ഥ തകർക്കാനുള്ള ഗൂഢാലോചന നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മുസ്ലിം ജനസംഖ്യ കൂടുതലുള്ള ബിഹാറിലെ കത്തിഹാറിൽ നടന്ന തെരഞ്ഞെടുപ്പുറാലിയിലാണ് പ്രതിപക്ഷത്തിനെതിരേ മോദി രൂക്ഷ വിമർശനമുന്നയിച്ചത്.
National
നളന്ദ: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദത്തെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ധൈര്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
നളന്ദയിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് യുഎസ് പ്രസിഡന്റ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്.
പക്ഷേ, പ്രധാനമന്ത്രിക്ക് അദ്ദേഹത്തെ നേരിടാൻ ധൈര്യമില്ല- രാഹുൽ ആരോപിച്ചു.
National
മുസാഫർപുർ: ബിഹാറിലെ പ്രതിപക്ഷമായ കോൺഗ്രസ്-ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചെന്നും പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മുസാഫർപുരിലും ചപ്രയിലും തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഛഠ് പൂജ വെറും നാടകമാണ്. വോട്ടിനുവേണ്ടി ഛഠ്പൂജയെ തള്ളിപ്പറയുന്നു. ഇതിന് ജനം മാപ്പുനല്‍കില്ലെന്നും മോദി പറഞ്ഞു. ഛഠ് പൂജയുടെ പേരില്‍ പേരില്‍ മോദി നാടകം കളിച്ചെന്നും വോട്ടിനായി ആവശ്യമെങ്കില്‍ നൃത്തം ചെയ്യാന്‍ വരെ പ്രധാനമന്ത്രി തയാറാവുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. വോട്ടിനായി ഈ ആളുകൾക്ക് എത്രത്തോളം താഴാൻ കഴിയുമെന്ന് നോക്കൂ.
നൂറ്റാണ്ടുകളായി ബിഹാർ മറക്കാത്ത ഛഠ് ഉത്സവത്തോടുള്ള അപമാനമാണിത്. ബിഹാറിലെ ജനങ്ങളോട് ഈ ആളുകൾക്കുള്ള അവജ്ഞ നോക്കൂ-മോദി പറഞ്ഞു. ആർജെഡി-കോൺഗ്രസിന് സംഖ്യം പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയമാണ് താൽപര്യം. അതിനായി അവർ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഛഠ് പൂജ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നോർത്തേണ്‍ ഡൽഹിയിലെ വസുദേവ് ഘട്ട് സന്ദർശിക്കാനിരിക്കെ മോദിക്കായി അധികൃതർ വ്യാജ യമുനാ ഘട്ട് നിർമിച്ചെന്ന് ആം ആദ്മി പാർട്ടി (എഎപി).
മറ്റുള്ള വിശ്വാസികൾ മലിനമായ നദിയിൽ നിൽക്കേണ്ടിവരുന്പോൾ പ്രധാനമന്ത്രിക്കായി മാത്രം ഫിൽറ്റേർഡ് (ശുദ്ധീകരിച്ച) വെള്ളമുപയോഗിച്ച് വ്യാജ യമുനാഘട്ട് നിർമിച്ചെന്നും എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആരോപിച്ചു.
ഡൽഹിയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് ജലശുദ്ധീകരണ പ്ലാന്റിലെ പൈപ്പ് ലൈനിൽനിന്നാണു ഘട്ടിലേക്കുള്ള വെള്ളം എടുത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദി ഇന്നു വരാനിരിക്കുന്ന ഘട്ടിനു സമീപത്തുനിന്നെടുത്ത വീഡിയോ സൗരഭ് എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. യമുനാ നദിയുടെ വെള്ളം കലരാത്തവണ്ണം നദിയുടെ സമീപം മതിൽക്കെട്ടു നിർമിച്ചാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന കുളമുണ്ടാക്കിയതെന്ന് വീഡിയോയിൽ കാണാം.
പൊതുജനങ്ങളെ കബളിപ്പിക്കാനും ബിഹാറിൽനിന്നും പൂർവാഞ്ചലിൽനിന്നും ഛഠ് പൂജയ്ക്കായി ഡൽഹിയിലെത്തിയ ഭക്തരെ കബളിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
എന്നാൽ എഎപിയുടെ ആരോപണങ്ങൾ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ തള്ളി. ഡൽഹിയിലെയും മുഴുവൻ രാജ്യത്തിലെയും ജനങ്ങൾ ആം ആദ്മി പാർട്ടി നേതൃത്വത്തിന്റെ ലജ്ജാകരമായ രാഷ്ട്രീയനിരാശ കണ്ടെന്നും ശുചിത്വം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ ഒരു പ്രതിപക്ഷ പാർട്ടി പ്രതിഷേധിക്കുന്നത് ഇതാദ്യമായാണെന്നും വീരേന്ദ്ര ആരോപിച്ചു.
Leader Page
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ചു. മാസങ്ങൾക്കു ശേഷമാണ് ‘മെെ ഫ്രണ്ട്’ ട്രംപിനെ മോദി വിളിച്ചത്. ‘ഗാസാ കരാറിന്റെ പേരിൽ അഭിനന്ദനം അറിയിക്കാൻ’ എന്നാണ് ഔദ്യോഗിക വിശദീകരണം.
കരാറിന്റെ പേരിൽ നേരത്തേ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപിനെ അഭിനന്ദിച്ചതിനു പിന്നാലെയുള്ള വിളിക്ക് അതിനപ്പുറം മാനങ്ങൾ ഉണ്ട്. ഇന്ത്യ-യുഎസ് വ്യാപാരകരാർ ചർച്ചയിലെ പുരോഗതിയും സംസാരിച്ചു എന്നാണ് മോദി പിന്നീട് എക്സിൽ കുറിച്ചത്. പക്ഷേ, അതല്ല ഏറ്റവും പ്രധാന കാര്യം. സെർജിയോ ഗോറിനെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറും അർധ ഇന്ത്യൻ ആയ പോൾ കപൂറിനെ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ട മധ്യ-ദക്ഷിണേഷ്യാ മേഖലയുടെ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ആയി സെനറ്റ് അംഗീകരിച്ച ശേഷമാണു ഫോൺ വിളി. അതാണു പ്രാധാന്യം. ആ നിയമനങ്ങൾ ചെറിയ കാര്യമല്ല.
അന്നു പ്രതികരിച്ചില്ല
ഓഗസ്റ്റ് മൂന്നാം വാരം ഗോറിനെ ഇന്ത്യയിലെ അംബാസഡറും മധ്യ-ദക്ഷിണേഷ്യ ചുമതലക്കാരനും ആയി ട്രംപ് നോമിനേറ്റ് ചെയ്തതാണ്. അത് ഇന്ത്യക്ക് രസിച്ചില്ല. അതേപ്പറ്റി ഇന്ത്യ ഒന്നര മാസത്തേക്ക് ഒന്നും പ്രതികരിച്ചില്ല. ഗോറിന്റെ നിയമനത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ അറിഞ്ഞു എന്നു മാത്രമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അന്നു പ്രതികരിച്ചത്. മാസങ്ങളായി ഒഴിഞ്ഞു കിടന്ന അംബാസഡർ പദവിയിൽ ആൾ വരുന്നതിന്റെ സന്തോഷം പോലും ജയശങ്കർ പ്രകടിപ്പിച്ചില്ല.
ഇന്ത്യക്കു പുറമേ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം 12 രാജ്യങ്ങൾ ഉള്ളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദക്ഷിണ-മധ്യ ഏഷ്യ ബ്യൂറോ. അവയുടെ ചുമതലക്കാരനെ ഇന്ത്യയിൽ അംബാസഡറും കൂടി ആക്കുമ്പോൾ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയാണ്. കഴിഞ്ഞ ആഴ്ചയാണു കപൂറിന്റെ നോമിനേഷൻ വന്നതും ഗോറിനെ ഇന്ത്യയിലെ സ്ഥാനപതി മാത്രമായി അംഗീകരിച്ചതും.
2009ൽ റിച്ചാർഡ് ഹോൾബ്രൂക്ക് എന്ന പരിചയസമ്പന്നനായ നയതന്ത്രജ്ഞനെ ദക്ഷിണേഷ്യയിൽ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ശ്രമിച്ചതാണ്. ഇന്ത്യ എതിർത്തതു മൂലം ഹോൾബ്രൂക്കിനെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും (അഫ്പാക് ) കാര്യങ്ങൾക്കു മാത്രമുളള പ്രത്യേക പ്രതിനിധിയാക്കി. ഇപ്പോൾ ട്രംപ് പ്രത്യേക പ്രതിനിധി പദവി ഒഴിവാക്കി. പകരം ദക്ഷിണ-മധ്യ ഏഷ്യയുടെ ബ്യൂറോയിൽ ദക്ഷിണേഷ്യാ വിദഗ്ധനായ കപൂറിനെ നിയമിച്ചു.
സുരക്ഷാവിദഗ്ധൻ
ഏതായാലും കപൂർ വന്നതോടെ ഇന്ത്യക്ക് ആശ്വാസമായി. വിദ്യാഭ്യാസകാലം മുതൽ അമേരിക്കയിൽ ആയിരുന്നെങ്കിലും അടുക്കലടുക്കൽ ഇന്ത്യയിൽ വന്നിരുന്നു. കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധമുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ആമേഴ്സ്റ്റ് കോളജിൽ ബിരുദ പഠനത്തിനു ദക്ഷിണേഷ്യ ആയിരുന്നു വിഷയം. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗാേയിൽനിന്നു പിഎച്ച്ഡി നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും മോൺടേറിയിലെ യുഎസ് നേവൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കൂളിലും അധ്യാപകനായിരുന്നു.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും പ്രതിരോധ വകുപ്പിലും കൺസൾട്ടന്റായിരുന്നു.
ദക്ഷിണേഷ്യയിലെ സംഘർഷവും അണ്വായുധവ്യാപനവും സംബന്ധിച്ച ഡേഞ്ചറസ് ഡിറ്ററന്റ് (അപായകാരിയായ പ്രതിബന്ധം), പാക്കിസ്ഥാൻ ഇസ്ലാമിക തീവ്രവാദികളെ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ജിഹാദ് ആസ് ഗ്രാൻഡ് സ്ട്രാറ്റജി, ദക്ഷിണേഷ്യയിലെ ആണവനില സംബന്ധിച്ച ഇന്ത്യ, പാക്കിസ്ഥാൻ ആൻഡ് ദ ബോംബ്, അമേരിക്കയുടെയും ഇന്ത്യയുടെയും കാഴ്ചപ്പാടുകൾ താരതമ്യപ്പെടുത്തുന്ന ദ ചലഞ്ചസ് ഓഫ് ന്യൂക്ലിയർ സെക്യൂരിറ്റി എന്നിവയാണ് കപൂറിന്റെ പ്രധാന ഗ്രന്ഥങ്ങൾ. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകൾ മുതൽ ഭീകരരെ ഉപയോഗിച്ചു പോന്നതാണ് പാക്കിസ്ഥാൻ എന്നു നല്ല ബോധ്യമുണ്ട് കപൂറിന്. അദ്ദേഹം നൽകുന്ന ഉപദേശമനുസരിച്ച് ട്രംപ് ഭരണകൂടം നീങ്ങിയാൽ ഇന്ത്യയുടെ കുറെയേറെ ആശങ്കകൾ മാറും. മാറ്റം എങ്ങനെയാകും എന്നതു കാത്തിരുന്നു കാണാം.
ചോളത്തിനു പകരം എഥനോൾ
വ്യാപാരകാര്യത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായി സൂചനയുണ്ട്. അമേരിക്കയിൽനിന്നു കൂടുതൽ പെട്രോളിയം ഉത്പന്നങ്ങളും പ്രകൃതിവാതകവും വാങ്ങാൻ ഇന്ത്യ തയാറാണ്. കുറഞ്ഞ വിലയ്ക്കു കിട്ടുമ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക തടസം നിൽക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. യുദ്ധവിമാനങ്ങളടക്കം പ്രതിരോധ വാങ്ങലുകളിൽ അമേരിക്കയെ കൂടുതൽ ആശ്രയിക്കാനും ഇന്ത്യ തയാറാണ്.
എന്നാൽ, കാർഷിക ഇറക്കുമതിയിൽ ചില പരിധികൾ വയ്ക്കും. ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യാൻ ഇന്ത്യ തയാറല്ല. പകരം അതിൽനിന്നുണ്ടാക്കുന്ന എഥനോൾ ധാരാളമായി വാങ്ങാൻ തയാറാണ്. പല കാർഷിക-ക്ഷീര ഉത്പന്നങ്ങളുടെയും സംസ്കരിച്ച രൂപങ്ങളും ഉപോത്പന്നങ്ങളും വാങ്ങാൻ ഇന്ത്യ തയാറാകും. ഇതു സംബന്ധിച്ച ചർച്ചകൾ പുതിയ അംബാസഡർ സ്ഥാനമേറ്റ ശേഷം വേഗത്തിലാകും എന്നാണു സൂചന.
മൊത്തത്തിൽ ഉഭയബന്ധം ഒരു മഞ്ഞുരുകലിന്റെ വക്കിലായി. രണ്ടു കൂട്ടരും നിലപാടുകളിൽ അയവു വരുത്തിയതാണു പ്രധാനകാരണം. പാക് ഭരണകൂടത്തെ വാഷിംഗ്ടണിൽ നിർബാധം മേയാൻ അനുവദിക്കുന്നതിലെ അപായം മനസിലാക്കി ഇന്ത്യ പ്രവർത്തിച്ചു എന്നും പറയാം. ഇന്ത്യക്കു വേണ്ടി ലോബിയിംഗ് നടത്താൻ മൂന്നു മാസം മുൻപു പുതിയ ഏജൻസിയെ നിയമിച്ചതിന്റെ നേട്ടവുമാകാം ഇത്.
പാക് വിമർശകൻ
ന്യൂഡൽഹിയിൽ ഇന്ത്യക്കാരന് അമേരിക്കൻ വനിതയിൽ ജനിച്ച കപൂർ അമേരിക്കയിലാണു വിദ്യാഭ്യാസം നടത്തിയത്. ഗ്രന്ഥകാരനും അധ്യാപകനുമായ ഈ അൻപത്താറുകാരൻ പാക്കിസ്ഥാന്റെ കടുത്ത വിമർശകനാണ്. ട്രംപ് ഭരണകൂടം പാക്കിസ്ഥാനോടും പാക് സേനാ മേധാവിയോടും കാണിക്കുന്ന അമിത അടുപ്പം മാറ്റാൻ കപൂറിന്റെ നിയമനം സഹായിക്കും എന്ന് ഇന്ത്യ കരുതുന്നു. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിച്ചത് എന്നതാണു വിലയിരുത്തൽ.
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ജനിച്ച്, അമേരിക്കയിൽ കുടിയേറിയ ആളാണു 38 വയസുള്ള സെർജിയോ ഗോർ. (പഴയ പേര് സെർജി ഗോറോഖോവ്സ്കി). നയതന്ത്രമേഖലയിൽ ഒരു പരിചയവുമില്ല. മൂന്നു തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപിന്റെ സഹായിയായിരുന്നു ഗോർ.
അനുവാദം ചോദിക്കാതെ പ്രസിഡന്റിന്റെ മുറിയിൽ കയറാൻ അനുവാദമുള്ള ആൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തു തന്റെ അജൻഡ നടപ്പാക്കാൻ ഏറ്റവും വിശ്വസ്തനും സമർഥനുമായ ആൾ എന്നു വിശേഷിപ്പിച്ചാണ് ഗോറിനെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായതുകൊണ്ട് ഗോർ ഇന്ത്യക്കു കാര്യങ്ങൾ എളുപ്പമാക്കും എന്നു കരുതുന്നവർ ഉണ്ട്.
National
മുംബൈ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്ന് ചർച്ചയിൽ തീരുമാനമായി.
ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ കാന്പസുകൾ സ്ഥാപിക്കുമെന്ന് കൂടിക്കാഴ്ചയിൽ സ്റ്റാമർ അറിയിച്ചു. ഗാസയിലെ ധാരണ മുന്നോട്ട് കൊണ്ടുപോകണമെന്നും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയവരെ എല്ലാം അഭിനന്ദിക്കുന്നുവെന്നും സ്റ്റാമർ കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ സൗഹൃദം ശക്തമായിയെന്നും വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാണെന്നും മോദി ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇരുരാഷ്ട്ര നേതാക്കളുടെയും പ്രതികരണം.
കാലാവസ്ഥ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സംയുക്ത നിധി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായി.
National
കോൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രവൃത്തികൾ ആക്ടിംഗ് പ്രധാനമന്ത്രിയുടേത് പോലെയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായിൽ അമിതമായി വിശ്വാസമർപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്നതായും മമത പറഞ്ഞു.
ഇതെല്ലാം അമിത് ഷായുടെ കളിയാണ്. മോദിക്ക് എല്ലാം അറിയാം. എന്നാൽ, അമിത് ഷായെ വിശ്വസിക്കരുത്. ഒരുനാൾ അയാൾ നിങ്ങളുടെ ഒറ്റുകാരനാകുമെന്ന് കോൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത പറഞ്ഞു.
15 ദിവസത്തിനകം വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ബിജെപിയുടെ നിർദേശപ്രകാരമാണിതെന്നും മമത ആരോപിച്ചു.
Leader Page
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടിയാൻജിൻ സന്ദർശനം ചൈനയിൽ ഏഴുവർഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യത്തേതായിരുന്നു. അവിടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമൊപ്പമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തെ അസ്വസ്ഥമാക്കാനുള്ള ബഹുമുഖ ഒത്തൊരുമയുടെ പ്രതീകമായി ഉയർത്തിക്കാട്ടി. എന്നാൽ, ഈ കാഴ്ചയ്ക്കു പിന്നിൽ തന്ത്രപരമായ ഒരു യാഥാർഥ്യമുണ്ട്. അതാകട്ടെ കൂടുതൽ സങ്കീർണമാണ്. ജാഗ്രതയോടും വ്യക്തതയോടുംകൂടിയാ ണ് ഇന്ത്യ കൈകാര്യം ചെയ്യേണ്ടത്.
മോദിയുടെ ചൈനാ യാത്രയ്ക്ക് നയതന്ത്ര പുനഃക്രമീകരണത്തിന്റെ തൊങ്ങലുകളുണ്ടായിരുന്നു. മോദിയും ഷിയുമായുള്ള ഊഷ്മളമായ ഒരു മണിക്കൂർ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കാൻ സമ്മതിച്ചു. ടിബറ്റിൽ സ്ഥിതിചെയ്യുന്ന ഹിന്ദു തീർഥാടനകേന്ദ്രമായ കൈലാസ്- മാനസസരോവറിലേക്കുള്ള പാത വീണ്ടും തുറക്കാനും മോദിയും ഷിയും തലകുലുക്കി. ഹസ്തദാനങ്ങൾക്കിടയിൽ കാമറ ഫ്ളാഷുകൾ മിന്നി. അതോടെ രണ്ട് ഏഷ്യൻ വൻശക്തികൾ തമ്മിലുള്ള സമാധാനപരമായ സഹകരണത്തിന്റെ പുതിയ ഘട്ടം തുടങ്ങുന്നതുപോലെ തോന്നി.
എന്നാൽ, സന്ദേഹിക്കാൻ വലിയ കാരണമുണ്ട്. 1950 മുതൽ ഇന്ത്യ നിരന്തരം ചൈനയുമായി അനുരഞ്ജനത്തിനു ശ്രമിച്ചതാണ്. നിരാശയായിരുന്നു ഫലം. വഞ്ചനപോലും നേരിടേണ്ടിവന്നു. ഹിമാലയൻ അതിർത്തിയിലൂടെ ചൈനീസ് സൈന്യം നടത്തിയ ആസൂത്രിത ആക്രമണത്തിലൂടെ തുടങ്ങിയ 1962ലെ യുദ്ധം സുഗമമായ ബന്ധത്തിന്റെ ആദ്യപ്രതീക്ഷകൾ തകർത്തു.
എൺപതുകളുടെ ഒടുക്കം, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇടപെടലിലൂടെ താരതമ്യേന ശാന്തമായ കാലഘട്ടത്തിനു തുടക്കമിട്ടു. എന്നാൽ, കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷിബന്ധം പിരിമുറുക്കമുള്ളതായി. 2013ൽ ഡെപ്സാംഗിലും 2014ൽ ചുമാറിലും 2017ൽ ഡോക്ലാമിലും അതിർത്തി സംഘർഷങ്ങളുണ്ടായി. പിന്നാലെ 2020ൽ ഗാൽവനിൽ ജീവഹാനിയുണ്ടായ ഏറ്റുമുട്ടലും.
ചൈന-ഇന്ത്യ അതിർത്തിയിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി)യെക്കുറിച്ചുള്ള തർക്കങ്ങൾ ഇന്നും തുടരുന്നു. നിയന്ത്രണരേഖയോടു ചേർന്ന് ചൈന അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതും തുടരുകയാണ്. അതേസമയം, പാക്കിസ്ഥാനുമായുള്ള ചൈനയുടെ ആഴത്തിലുള്ള ബന്ധം ഇന്ത്യയുടെ തന്ത്രപരമായ ദൗർബല്യങ്ങൾക്ക് അടിവരയിടുന്നു. ചൈന- പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയിലും പാക്കിസ്ഥാനുള്ള ചൈനയുടെ സൈനിക, നയതന്ത്ര പിന്തുണയിലും ഈ ബന്ധം വ്യക്തമാണ്. വളരെ ശ്രദ്ധാപൂർവം തിരശീലയിട്ടാൽ പോലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അങ്ങേയറ്റത്തെ ബുദ്ധിമുട്ട് മറയ്ക്കാനാകില്ല.
വലിയ സാന്പത്തിക അസന്തുലിതാവസ്ഥയും ഇന്ത്യ-ചൈന ബന്ധത്തിലുണ്ട്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഏകദേശം നൂറ് ബില്യൺ ഡോളറാണ്. ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽ നിർമാണസാമഗ്രികൾ മുതൽ അപൂർവ മൂലകങ്ങൾക്കുവരെ ചൈനയെ ആശ്രയിക്കുന്നതിന്റെ പരിണതഫലം. ഇന്ത്യൻ വിവരസാങ്കേതിക കന്പനികളും സേവനദാതാക്കളും ചൈനീസ് വിപണിയിൽ പ്രവേശിക്കാൻ പാടുപെടുന്പോഴും, ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യൻ വിതരണ ശൃംഖലകളിൽ ആധിപത്യം പുലർത്തുന്നു. ഇതുവരെ, സാന്പത്തിക സഹവർത്തിത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യ-ചൈന ബന്ധത്തെ ചൂഴുന്ന ഘടനാപരമായ പിഴവുകൾ അടയാളപ്പെടുത്താൻ ഒരു ഉച്ചകോടിക്കും കഴിയില്ല. എസ്സിഒ ഉച്ചകോടിയിൽ ഷി പറഞ്ഞത് വ്യാളിയും ആനയും ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ചാണ്. മോദിയാകട്ടെ, അതിർത്തിയിലെ സമാധാനത്തിനും മികച്ച വ്യാപാരബന്ധങ്ങൾക്കുംവേണ്ടി വീണ്ടും ആവശ്യപ്പെട്ടു. ചൈനയുടെ അന്തർദേശീയ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തോടുള്ള ഇന്ത്യയുടെ എതിർപ്പും തീവ്രവാദത്തെക്കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യ അവകാശപ്പെടുന്ന, പാക്കിസ്ഥാൻ പ്രദേശത്തുകൂടിയുള്ള ഹൈവേയാണ് റോഡ് സംരംഭത്തിലെ വലിയ പദ്ധതി.
ഉഭയകക്ഷി അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലും രണ്ടു രാജ്യങ്ങളും വ്യത്യസ്തരാണ്. ചൈന ഒരു ബദൽ ആഗോളക്രമം പ്രോത്സാഹിപ്പിക്കുന്നു. നിർമിത ബുദ്ധി, ധനകാര്യം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ മെച്ചപ്പെടുത്തൽ എസ്സിഒ ഉച്ചകോടിയിൽ ഷി ജിൻപിംഗ് ഉയർത്തിപ്പിടിച്ചു. പാശ്ചാത്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. ഉപരോധങ്ങളാൽ വലയുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് ഭൗമരാഷ്ട്രീയ ജീവരേഖയാണ്. എന്നാൽ, പ്രാദേശിക ഇടപെടലിനുള്ള സൗകര്യപ്രദമായ വേദിയായും തന്ത്രപരമായ സ്വയംഭരണാധികാരം ഉറപ്പിക്കുന്നതിനുള്ള വേദിയായും മാത്രമാണ് ഇന്ത്യ എസ്സിഒയെ കാണുന്നത്. അമേരിക്കയുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിക്കാൻ ഇന്ത്യക്ക് യാതൊരു താത്പര്യവുമില്ല.
ഇന്ത്യയുടെ വിദേശനയം ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യത ചിലപ്പോൾ അമിതമായി കാണുന്നതുപോലെ, അമേരിക്കയുമായുള്ള ബന്ധത്തിന്റെ പ്രതിരോധസാധ്യതയെ കുറച്ചുകാണുകയും ചെയ്യുന്നു. ചൈനയിൽനിന്നു വ്യത്യസ്തമായി, അമേരിക്ക ഇന്ത്യൻ പ്രദേശം കൈക്കലാക്കുകയോ യുദ്ധസമയത്ത് പാക്കിസ്ഥാനെ സഹായിക്കുകയോ ഏഷ്യയിൽ അതിർത്തികൾ മാറ്റിവരയ്ക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നേരേമറിച്ച്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രതിരോധകാര്യങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കുവയ്ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവ ഉൾക്കൊള്ളുന്ന തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയും അമേരിക്കയും വളരെ ശ്രമകരമായി രൂപപ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുമൊത്ത് ക്വാഡ് സഖ്യത്തിലെ ഇന്ത്യയുടെ പങ്കാളിത്തം ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇന്തോ-പസഫിക്കിൽ സ്ഥിരമായ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അടുത്ത ഉച്ചകോടിയുടേതുൾപ്പെടെ ക്വാഡിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഈ അനിവാര്യതയെ നിഷേധിക്കുന്നില്ല.
മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് അമേരിക്ക. കൂടാതെ അർധചാലകങ്ങൾ മുതൽ മലിനീകരണരഹിത ഊർജം വരെയുള്ള നിർണായകമേഖലയിലെ നിക്ഷേപകരും. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യവുമാണ് അമേരിക്ക. 40 ബില്യൺ ഡോളർ ഉഭയകക്ഷി വ്യാപാരമിച്ചം ഇതിനു തെളിവായുണ്ട്. ഇന്ത്യ-അമേരിക്ക ബന്ധം തീർച്ചയായും പിരിമുറുക്കത്തിലാണ്. മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ആഗോളവ്യാപാരത്തിൽ ഇന്ത്യയെയും ചൈനയ്ക്കും റഷ്യക്കുമൊപ്പം ‘മോശം അഭിനേതാക്കൾ’ എന്നാണു വിശേഷിപ്പിക്കുന്നത്. ട്രംപ് ഭരണകൂടമാകട്ടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവയും ചുമത്തി. എങ്കിലും ഉഭയകക്ഷി വ്യാപാരതർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകും. അത് നടന്നുകൊണ്ടിരിക്കുകയാണ്.
ആത്യന്തികമായി ഇടപാടിലല്ല, ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ യുക്തി. അത് ഘടനാപരമാണ്. നിലവിലൊരു മാന്ദ്യം ഉണ്ടെങ്കിലും ആഗോള വിതരണശൃംഖലകൾ സുരക്ഷിതമായി നിലനിർത്തുന്നതിലും ചൈനയുടെ ആധിപത്യമോഹം നിയന്ത്രിക്കുന്നതിലും ഇരുവർക്കും പൊതു താത്പര്യമുണ്ട്. നേരേമറിച്ച്, ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ മോദിയുടെ ചൈന സന്ദർശനം ആവശ്യമാണെങ്കിലും യഥാർഥ മഞ്ഞുരുക്കത്തിനുള്ള ശക്തമായ തടസം ഇപ്പോഴുമുണ്ട്. എത്ര രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിലും ഭൂമിശാസ്ത്രം, പ്രത്യയശാസ്ത്രം, അധികാര അസമത്വം എന്നിവ നയതന്ത്രത്തിന് എളുപ്പം വഴങ്ങില്ല.
രണ്ടു ധ്രുവങ്ങൾക്കിടയിലെ നെട്ടോട്ടമല്ല തന്ത്രപരമായ പരമാധികാരമെന്ന് ഈ ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർ ഓർക്കേണ്ടതുണ്ട്. മറ്റൊരു ശക്തിയുടെ അജൻഡയിൽ കുടുങ്ങാതെ ഇന്ത്യക്ക് അതിന്റെ താത്പര്യങ്ങൾ പിന്തുടരാൻ കഴിയുന്ന ഇടം രൂപപ്പെടുത്തലാണത്. ചൈനയുമായുള്ള സംഘർഷം കുറയ്ക്കുക എന്നതിനർഥം പങ്കാളിത്തത്തിന്റെ മിഥ്യാധാരണകൾക്ക് ഇരയാകുക എന്നതല്ല. അതുപോലെ അമേരിക്കയുമായി ഉറച്ച ചർച്ചകൾ നടത്തുക എന്നുവച്ചാൽ നിർണായകമേഖലയിലെ ഇടപെടലുകളെ തടസപ്പെടുത്താൻ വിയോജിപ്പുകളെ അനുവദിക്കുക എന്നതുമല്ല.
ഇന്ത്യയുടെ വിദേശനയം ഉച്ചകോടിയുടെ നാടകവേദിയിലൂടെയല്ല നയിക്കപ്പെടേണ്ടത്. മറിച്ച്, തന്ത്രപരമായ താത്പര്യത്തിന്റെ സത്തയിലൂടെയാണ്. വ്യാളി ഹസ്തദാനം ചെയ്തേക്കും. അപ്പോഴും അതിന്റെ നഖങ്ങൾ കാണാം. കഴുകന്റെ തൂവലുകൾ അലങ്കോലപ്പെട്ടിരിക്കാം. പക്ഷേ, അതിന്റെ ചിറകുകൾ ഇപ്പോഴും ഉയർത്താൻ പര്യാപ്തമാണ്. രണ്ടുമായും ഇടപെടാൻ ഞാണിൻമേൽക്കളി മാത്രമല്ല, ദീർഘവീക്ഷണവും ആവശ്യമാണ്.
Copyright: Project Syndicate, 2025.
www.project-syndicate.org
Leader Page
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗോള രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളെയാകെ ഇളക്കിമറിക്കുകയാണ്. എച്ച്-1 ബി വീസ ഫീസ് 88 ലക്ഷം രൂപയായി ഉയര്‍ത്തിയതു മുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ വരെയുള്ള തീരുമാനങ്ങളിലൂടെ ഇന്ത്യക്കെതിരായ നടപടികള്‍ ട്രംപ് വീണ്ടും കടുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയ സുഹൃത്താണെന്നു പറയുമ്പോഴും ഇന്ത്യാവിരുദ്ധ നടപടികള്‍ക്കു കുറവില്ല.
ബ്രാന്‍ഡഡ് ആയതും പേറ്റന്റ് ചെയ്തതുമായ മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവയാണു ട്രംപ് പുതുതായി ചുമത്തിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇരട്ടിത്തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പ്രഖ്യാപിച്ചു. അമേരിക്കയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാത്ത എല്ലാ മരുന്നുകമ്പനികള്‍ക്കും 100 ശതമാനം തീരുവ ചുമത്തും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം അധികതീരുവ കൊണ്ട് ഇന്ത്യയോടുള്ള ട്രംപിന്റെ കലിപ്പു തീരുന്നില്ലെന്നു പുതിയ പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു.
വീണ്ടും 100% തീരുവ
അമേരിക്കയുമായുള്ള വ്യാപാരത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല. പേറ്റന്റുള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകള്‍ ഇന്ത്യയില്‍നിന്നു വന്‍തോതില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളെ മാത്രമാണു അധികതീരുവയില്നിന്ന് ഒഴിവാക്കുക. അമേരിക്കയില്‍ ഫാക്ടറിയുടെ നിര്‍മാണം തുടങ്ങുകയെങ്കിലും ചെയ്തില്ലെങ്കില്‍ തീരുവ ചുമത്തും.
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയായ ജനറിക് മരുന്നുകള്‍ കടലാസില്‍ ഒഴിവാക്കപ്പെട്ടെങ്കിലും ഈ നീക്കം യുഎസ് ജനറിക് മരുന്നുകളുടെ ഏകദേശം 40 ശതമാനം വിതരണം ചെയ്യുന്ന 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെ കാര്യമായി ബാധിക്കും. അടുക്കള കാബിനറ്റുകളുടെയും ബാത്ത്റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും, അപ്ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവയും അമേരിക്ക ചുമത്തി.
ഇരട്ടത്താപ്പുകളുടെ രാജാവ്
ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളും നടപടികളും വായാടിത്തവും അവകാശവാദങ്ങളും രാഷ്ട്രത്തലവന്മാര്ക്കു പതിവില്ലാത്ത രീതികളിലാണ്. അമേരിക്കയുടെ ബിസിനസ് താത്പര്യത്തിനായി ഏതറ്റം വരെയും പോകുന്ന തീവ്രനിലപാടുകള്‍ ഇതര രാജ്യങ്ങള്‍ക്കു തലവേദനയാണ്. അന്താരാഷ്ട്ര നയതന്ത്ര മര്യാദകളൊന്നും ട്രംപിനു പ്രശ്നമല്ല. അതിലേറെ, യുദ്ധം മുതല്‍ വ്യാപാരം വരെ പലതിലും ട്രംപിന്റെ ഇരട്ടത്താപ്പുകളാണു കാണേണ്ടത്. ഇന്ത്യ-പാക്കിസ്ഥാന് അടക്കം ലോകത്താകെ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കില്ല.
ഐക്യരാഷ്ട്ര പൊതുസഭയില്‍ കഴിഞ്ഞ ദിവസവും ഈ അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു. ആണവശക്തികളായ ഇന്ത്യ- പാക് സംഘര്‍ഷവും മറ്റ് ആറെണ്ണവും താന്‍ അവസാനിപ്പിച്ചുവെന്നാണ് യുഎന്നിലെ ട്രംപിന്റെ പ്രസംഗം. ആയിരങ്ങളെ കൊന്നൊടുക്കിയിരുന്ന 36, 37 വര്‍ഷമായി തുടരുന്ന അവസാനിക്കാത്ത ഏഴു യുദ്ധങ്ങളാണു താന്‍ അവസാനിപ്പിച്ചതെന്നാണു ട്രംപ് അവകാശപ്പെട്ടത്.
ഇസ്രയേലിന്റെ കവചം ട്രംപ്
ഗാസയില്‍ പലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്രയേലിനു മറയില്ലാതെ പിന്തുണ നല്കുന്ന ട്രംപ് ആണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ശ്രമിക്കുന്നത്! സമാധാനത്തിന്റെ മാടപ്രാവ് യുദ്ധക്കൊതിയനു കുട പിടിക്കുന്നു. എന്തൊരു വിരോധാഭാസം! ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിലും ട്രംപിനു പലപ്പോഴും വ്യത്യസ്ത സമീപനമാണ്. യുക്രെയ്ന് യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നുവെന്ന പേരില്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് 50 ശതമാനം അധികതീരുവ ഏര്‍പ്പെടുത്തിയതിലെ ഇരട്ടത്താപ്പ് പ്രകടമാണ്.
റഷ്യയില്‍നിന്നു പ്രതിവര്‍ഷം രണ്ടു ബില്യണ്‍ ഡോളറിന്റെ വളങ്ങള്‍ (ഫെര്‍ട്ടിലൈസര്‍) ഇറക്കുമതി ചെയ്യുന്ന അമേരിക്കയാണു റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നതെന്നു ഡോ. ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യയില്‍നിന്ന് യുറേനിയം ഹെക്സാഫ്ലൂറൈഡും കാറ്റലറ്റിക് കണ്വെര്ട്ടറുകള്ക്ക് ആവശ്യമായ പല്ലേഡിയവും യുഎസ് ധാരാളം വാങ്ങുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ മാത്രം റഷ്യയില്‍നിന്നുള്ള യുഎസ് ഇറക്കുമതി 2.4 ബില്യണ്‍ ഡോളറാണെന്നു തരൂര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണിത്.
പ്രവചനാതീതമായ കാപട്യം
പിഴത്തീരുവ അടക്കം ഇന്ത്യക്കെതിരായ ട്രംപിന്റെ നടപടികള്‍ തികഞ്ഞ കാപട്യമാണെന്നു തുറന്നടിക്കാന്‍ തരൂര്‍ മടിച്ചില്ല. ഇന്ത്യയുടെ പണം യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ഇന്ധനം നല്‍കുന്നുവെന്ന് ട്രംപിന് എങ്ങനെ വാദിക്കാന്‍ കഴിയും? അദ്ദേഹത്തിന്റെ അമേരിക്കന്‍ ഡോളറുകള്‍ അങ്ങനെയല്ലേയെന്ന് തരൂര്‍ ചോദിക്കുന്നു. അതിനാല്‍ അമേരിക്കക്കാരുമായി നമ്മള് ഇരുന്നു സംസാരിക്കേണ്ടിവരുമെന്നാണു പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി തലവനായ തരൂര്‍ പറഞ്ഞത്.
പ്രവചനാതീതനും പ്രകോപിതനുമായ ചര്‍ച്ചക്കാരനാണ് ട്രംപ് എന്നുകൂടി തരൂര്‍ ഓര്‍മിപ്പിക്കുന്നു. ട്രംപിന്റെ ചില ഭാഷ വളരെ ഇകഴ്ത്തുന്നതായിരുന്നു. ആത്മാഭിമാനമുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണിതെന്ന് തരൂര്‍ പറഞ്ഞതാണു ശരി. 200 വര്‍ഷത്തെ കൊളോണിയലിസത്തിനുശേഷം ഇതുപോലെ ആജ്ഞാപിക്കാന്‍ ആരെയും ഇന്ത്യ അനുവദിക്കില്ലെന്നു തരൂര്‍ പറയുന്നു.
മോദി-ട്രംപ് കൂട്ടെവിടെ?
ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനായി ന്യൂയോര്‍ക്കിലെത്തിയ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും അമേരിക്കയുടെ ഇരട്ടത്താപ്പിനെ പരോക്ഷമായി വിമര്‍ശിച്ചു. റഷ്യന്‍ ഊര്‍ജം (എണ്ണ) വാങ്ങുന്നതില്‍ ഇരട്ട നിലപാടുകള്‍ പ്രകടമാണെന്നാണു ജയശങ്കര്‍ പറഞ്ഞത്. രാജ്യത്തിന്റെ ഊര്ജലഭ്യത മുതല്‍ ചെലവുകള്‍ വരെയുള്ളവയെ ദോഷകരമായി ബാധിക്കുന്നതാണ് ഇരട്ടത്താപ്പുകളെന്ന് അമേരിക്കയുടെ പേരെടുത്തു പറയാതെ വിദേശകാര്യമന്ത്രി പറഞ്ഞു.
ഇന്ത്യയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ ബന്ധത്തിനും മോദി- ട്രംപ് കൂട്ടിനും എന്തു സംഭവിച്ചുവെന്ന ചോദ്യം ബാക്കിയാണ്. ചൈനയുമായി യുഎസിന് ഉണ്ടാകുമെന്നു കരുതിയിരുന്ന ഭൗമരാഷ്ട്രീയ വൈരാഗ്യത്തിന് എന്തു സംഭവിച്ചുവെന്നതും ചോദ്യമാണ്. പഴയ ചില അനുമാനങ്ങള്‍ പുനര്‍വിചിന്തനം ചെയ്യേണ്ടിവരും.
കൂട്ടിയത് അമ്പതിരട്ടി ഫീസ്
എച്ച്-1 ബി വീസ ഫീസ് ഏകദേശം അമ്പതിരട്ടി കൂട്ടിയാണ് ഒരു ലക്ഷം ഡോളറാക്കിയത്. പുതിയ അപേക്ഷകള്‍ക്കു മാത്രമേ കൂടിയ ഫീസ് ബാധകമാകൂ എന്നും ഒറ്റത്തവണയേ ഉള്ളൂവെന്നും വിശദീകരണം വരുന്നതു വരെ സിലിക്കണ്‍ വാലി കമ്പനികളും ജീവനക്കാരും പരിഭ്രാന്തിയിലായിരുന്നു. എച്ച്-1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യ ആയതിനാല്‍ ഏറ്റവും ആശങ്കയിലായതും ഇന്ത്യയാണ്.
കഴിഞ്ഞ വര്‍ഷത്തെ എച്ച്- 1ബി അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യക്കാരുടേതാണ്. യുഎസ് ഗവണ്മെന്റ് ഡേറ്റ പ്രകാരം 11.7 ശതമാനമുള്ള ചൈന രണ്ടാം സ്ഥാനത്താണ്. മൂന്നു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ 2024ല്‍ യുഎസില്‍ എച്ച്- 1 ബി വീസകളില്‍ ജോലി ചെയ്യുന്നുണ്ട്. എച്ച്-1 ബി അപേക്ഷകളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് മുന്നില്‍. ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ എന്നിവയാണു തൊട്ടുപിന്നില്‍.
ഐടിക്കാരുടെ ഉച്ചിയിലടി
അമേരിക്കയില്‍നിന്നു വരുമാനത്തിന്റെ ഏകദേശം 57 ശതമാനവും നേടുന്ന ഇന്ത്യയുടെ 283 ബില്യണ്‍ ഡോളറിന്റെ ഐടി മേഖലയ്ക്കു പുതിയ നടപടി കനത്ത തിരിച്ചടിയാണ്. ഇന്ത്യന്‍ ഐടി സേവന കമ്പനികളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും യുഎസ് വിപണിയില്‍ നിന്നാണ്. ബിര്‍ളാസോഫ്റ്റ് (86.3%), ഇൻഫോസിസ് (83.5%), പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (79.8%), എല്‍ടിഐമൈന്‍ഡ്ട്രീ (74.4%) എന്നിവയാണ് യുഎസിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.
ആപ്പിള്‍, ജെപി മോര്ഗന് ചേസ്, വാള്‍മാര്‍ട്ട്, മൈക്രോസോഫ്റ്റ്, മെറ്റാ, ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ തുടങ്ങിയ ക്ലയന്റുകളുള്ള ഐടി സ്ഥാപനങ്ങള്‍ ഇനി ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരെ നിയമിക്കുന്നതു കുറയുമെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരിമൂല്യത്തില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയും തള്ളാനാകില്ല.
ഇന്ത്യന്‍ കുതിപ്പു തടയാനോ?
പ്രതിവര്‍ഷം 5,500 എച്ച്- 1ബി വീസകള്‍ വരെ കുറയുമെന്നാണ് ജെപി മോര്ഗന് സാമ്പത്തിക വിദഗ്ധരായ മൈക്കല്‍ ഫെറോളിയും അബിയല്‍ റെയ്ന്ഹാര്ട്ടും ആശങ്കപ്പെട്ടത്. അമേരിക്കയില്‍ പഠിക്കുന്നതില്‍നിന്നു വിദേശ വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയും ബിരുദാനന്തര ബിരുദ തൊഴിലവസരങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പു നല്കുന്നു.
ആല്‍ഫബെറ്റില്‍ സുന്ദര്‍ പിച്ചൈയും മൈക്രോസോഫ്റ്റില്‍ സത്യ നഡെല്ലയും ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ കോര്‍പറേറ്റ് നായകരെ സൃഷ്ടിച്ചത് എച്ച്- 1ബി പദ്ധതിയാണെന്നതു ട്രംപിന് അറിയാഞ്ഞിട്ടല്ല. ആഗോള ശക്തിയായി ഉയരുന്ന ഇന്ത്യയുടെ കുതിപ്പു തടയുകയാണോ ട്രംപിന്റെ ലക്ഷ്യമെന്നു സംശയിക്കുന്നവരുണ്ട്. പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ പുതിയ ചില ഇടപാടുകളും ചൈനയോടുള്ള മൃദുസമീപനവും സംശയം ജനിപ്പിക്കും.
തീരുവ കൂട്ടിയതടക്കം വഷളാകുന്ന ട്രംപ്-മോദി ബന്ധം കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് എച്ച്-1ബി വീസ ഫീസ് കൂട്ടിയ നടപടി. ഇന്ത്യയുടെ കയറ്റുമതി അധിഷ്ഠിത മേഖലകളെ ഉയര്‍ന്ന തീരുവകളും ബാധിച്ചു. ഐടി, തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ മുതല്‍ കേരളത്തിനു വലിയ തോതില്‍ നേട്ടമായിരുന്ന സമുദ്രോത്പന്ന കയറ്റുമതിവരെ കടുത്ത പ്രതിസന്ധിയിലാകും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗോള രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളെയാകെ ഇളക്കിമറിക്കുകയാണ്. എച്ച്-1 ബി വീസ ഫീസ് 88 ലക്ഷം രൂപയായി ഉയര്‍ത്തിയതു മുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ വരെയുള്ള തീരുമാനങ്ങളിലൂടെ ഇന്ത്യക്കെതിരായ നടപടികള്‍ ട്രംപ് വീണ്ടും കടുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയ സുഹൃത്താണെന്നു പറയുമ്പോഴും ഇന്ത്യാവിരുദ്ധ നടപടികള്‍ക്കു കുറവില്ല.
ബ്രാന്‍ഡഡ് ആയതും പേറ്റന്റ് ചെയ്തതുമായ മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവയാണു ട്രംപ് പുതുതായി ചുമത്തിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇരട്ടിത്തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പ്രഖ്യാപിച്ചു. അമേരിക്കയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാത്ത എല്ലാ മരുന്നുകമ്പനികള്‍ക്കും 100 ശതമാനം തീരുവ ചുമത്തും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം അധികതീരുവ കൊണ്ട് ഇന്ത്യയോടുള്ള ട്രംപിന്റെ കലിപ്പു തീരുന്നില്ലെന്നു പുതിയ പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു.
വീണ്ടും 100% തീരുവ
അമേരിക്കയുമായുള്ള വ്യാപാരത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല. പേറ്റന്റുള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകള്‍ ഇന്ത്യയില്‍നിന്നു വന്‍തോതില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളെ മാത്രമാണു അധികതീരുവയില്നിന്ന് ഒഴിവാക്കുക. അമേരിക്കയില്‍ ഫാക്ടറിയുടെ നിര്‍മാണം തുടങ്ങുകയെങ്കിലും ചെയ്തില്ലെങ്കില്‍ തീരുവ ചുമത്തും.
അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയായ ജനറിക് മരുന്നുകള്‍ കടലാസില്‍ ഒഴിവാക്കപ്പെട്ടെങ്കിലും ഈ നീക്കം യുഎസ് ജനറിക് മരുന്നുകളുടെ ഏകദേശം 40 ശതമാനം വിതരണം ചെയ്യുന്ന 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെ കാര്യമായി ബാധിക്കും. അടുക്കള കാബിനറ്റുകളുടെയും ബാത്ത്റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും, അപ്ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവയും അമേരിക്ക ചുമത്തി.
ഇരട്ടത്താപ്പുകളുടെ രാജാവ്
ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളും നടപടികളും വായാടിത്തവും അവകാശവാദങ്ങളും രാഷ്ട്രത്തലവന്മാര്ക്കു പതിവില്ലാത്ത രീതികളിലാണ്. അമേരിക്കയുടെ ബിസിനസ് താത്പര്യത്തിനായി ഏതറ്റം വരെയും പോകുന്ന തീവ്രനിലപാടുകള്‍ ഇതര രാജ്യങ്ങള്‍ക്കു തലവേദനയാണ്. അന്താരാഷ്ട്ര നയതന്ത്ര മര്യാദകളൊന്നും ട്രംപിനു പ്രശ്നമല്ല. അതിലേറെ, യുദ്ധം മുതല്‍ വ്യാപാരം വരെ പലതിലും ട്രംപിന്റെ ഇരട്ടത്താപ്പുകളാണു കാണേണ്ടത്. ഇന്ത്യ-പാക്കിസ്ഥാന് അടക്കം ലോകത്താകെ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കില്ല.
ഐക്യരാഷ്ട്ര പൊതുസഭയില്‍ കഴിഞ്ഞ ദിവസവും ഈ അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു. ആണവശക്തികളായ ഇന്ത്യ- പാക് സംഘര്‍ഷവും മറ്റ് ആറെണ്ണവും താന്‍ അവസാനിപ്പിച്ചുവെന്നാണ് യുഎന്നിലെ ട്രംപിന്റെ
National
പാറ്റ്ന: എൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ബിഹാറിലെ സ്ത്രീകളോടു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സഖ്യത്തിന് നിങ്ങളുടെ വോട്ടുകളിൽ മാത്രമാണ് താത്പര്യമെന്നും അവർ പറഞ്ഞു. പാറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ യഥാർഥ താത്പര്യം മനസിലാത്തണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പാഠംപഠിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ആളുകളെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. പെൺമക്കൾക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോഴാണ് അവരാ കഴിവ് പ്രയോഗിക്കുന്നത്. അതുപോലെ, മോദിയുടെയും ഷായുടെയും നിതീഷിന്റെയും യഥാർഥ ഉദ്ദേശ്യങ്ങൾ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ 10,000 രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എല്ലാ മാസവും ആനുകൂല്യം തുടരുമെന്ന് അവർ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Leader Page
രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച രാഷ്ട്രതന്ത്രജ്ഞനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് ഇന്ന്. 75-ാമത് ജന്മദിനമെന്ന നിലയില്‍ മോദിയുടെ ഈ ജന്മദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. 140 കോടി ഭാരതീയരുടെ പേരിൽ മോദിജിക്ക് ഹൃദ്യമായ ആശംസ നേരുന്നതിനൊപ്പം മഹത്വപൂര്‍ണ ഭാവിയിലേക്ക് രാജ്യത്തെ നയിക്കാന്‍ അദ്ദേഹത്തിന് ദീർഘായുസും ഊർജവും മികച്ച ആരോഗ്യവും ലഭിക്കാന്‍ ഞാന്‍ സർവശക്തനോട് പ്രാർഥിക്കുകയും ചെയ്യുന്നു.
ദൗത്യനിഷ്ഠയാര്‍ന്ന നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദശാബ്ദങ്ങളോളം പ്രവർത്തിച്ച എനിക്ക് മോദിയുടെ വ്യക്തിത്വം കേവലം രാഷ്ട്രീയ നേതാവിനപ്പുറം രാഷ്ട്രക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ദൗത്യനിഷ്ഠയാര്‍ന്ന ഒരു നേതാവിന്റേതാണെന്ന് ആഴത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഉയർച്ചയും പൗരന്മാരുടെ ക്ഷേമവും അദ്ദേഹത്തിന് കേവലം ആശയങ്ങളല്ല, മറിച്ച് മാർഗനിർദേശക തത്വങ്ങളാണ്.
സമഗ്ര ഭരണനിർവഹണ മാതൃക ഉറപ്പാക്കുന്നതിലെ നിരന്തര ശ്രദ്ധയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെ സവിശേഷമാക്കുന്നത്. വികസനയാത്രയിൽ ഒരു വ്യക്തിയോ സമൂഹമോ പോലും പിന്നിലാകുന്നില്ലെന്ന് അദ്ദേഹത്തിന്റെ നയനിര്വഹണങ്ങള് ഉറപ്പാക്കുന്നു. ഭരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അധികാരോപാധിയല്ല, മറിച്ച് സേവന മാധ്യമമാണ്. മോദിയുടെ നേതൃത്വത്തിൽ ദരിദ്രർക്കായി നിരവധി ക്ഷേമപദ്ധതികൾ ആരംഭിക്കുകയും അവ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
50 കോടിയിലധികം പേരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കിയ ജൻ ധൻ യോജന സാമ്പത്തിക ഉൾച്ചേർക്കലിന്റെ മഹത്തായ അധ്യായം രചിച്ചു; ദശലക്ഷക്കണക്കിന് കുടുംബങ്ങളെ അടുക്കളയിലെ പുകയിൽനിന്ന് മോചിപ്പിച്ച ഉജ്വല യോജന അവര്‍ക്ക് അന്തഃസാര്‍ന്ന ജീവിതം സമ്മാനിച്ചു; പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷയുടെ സുരക്ഷിതത്വം ആയുഷ്മാൻ ഭാരതിലൂടെ ഉറപ്പാക്കി; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രധാനമന്ത്രി ആവാസ് യോജന സഹായിച്ചു. ഓരോ ഗുണഭോക്താവിന്റെയും കണ്ണുകളില്‍ ഞാൻ കാണുന്ന സംതൃപ്തിയും വിശ്വാസവും പൊതുജനക്ഷേമം എന്ന കാഴ്ചപ്പാടിനെ മോദിയുടെ ഭരണം എങ്ങനെ യാഥാർഥ്യമാക്കിയെന്ന തിരിച്ചറിവ് പകരുന്നതാണ്.
ഒരു ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിക്കുകയും സമൂഹത്തിന്റെ നാനാവിഭാഗങ്ങളുമായി ഇടപഴകുകയും ചെയ്തു. ഭാരതത്തിന്റെ ആത്മാവിനെ അടുത്തറിയാൻ മാത്രമല്ല, അതിന്റെ ആന്തരികശക്തി അനുഭവിക്കാനും അദ്ദേഹത്തിനു സാധിച്ചു.
ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും കാണിക്കുന്ന സഹാനുഭൂതിയിലൂടെ അദ്ദേഹത്തിന്റെ ഭരണനിര്‍വഹണത്തിലും പിന്നീട് ഇതു പ്രതിഫലിച്ചു. ഒരു പ്രചാരകനായിരിക്കവെയാണ് സംഘടനാപരമായ കഴിവുകൾ മോദി സ്വായത്തമാക്കിയത്. തുടര്‍ന്ന് ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ പുനഃക്രമീകരണത്തിനിടെ പാർട്ടിയുടെ പ്രവർത്തനഗതിയെ പരിവർത്തനം ചെയ്ത നൂതന പരിഷ്കാരങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സംഘടനാപരമായ ഉൾക്കാഴ്ചകളും ദേശീയ തലത്തിൽ നടപ്പാക്കാൻ ബിജെപിയുടെ ദേശീയ അധ്യക്ഷനെന്ന നിലയിൽ അവസരം ലഭിച്ചത് ഞാന്‍ ഭാഗ്യമായി കരുതുന്നു.
അസാധാരണ ക്ഷമയും വ്യക്തമായ കാഴ്ചപ്പാടും
പ്രതിസന്ധിഘട്ടങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവാണ് ശക്തമായ നേതൃത്വത്തിന്റെ മുഖമുദ്ര. ഇക്കാര്യത്തില്‍ മോദിയുടെ നേതൃത്വം അതുല്യമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽപോലും അസാധാരണ ക്ഷമയും വ്യക്തമായ കാഴ്ചപ്പാടും എനിക്ക് അദ്ദേഹത്തില്‍ കാണാനായി. 2014 മുതൽ രാജ്യത്തിന് ധീരവും നിർണായകവുമായ നടപടികളാവശ്യമായ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നേതൃ തത്വങ്ങളില്‍ അടിയുറച്ച് രാജ്യതാത്പര്യങ്ങൾക്കനുസൃതമായി മോദി തീരുമാനങ്ങള്‍ കൈക്കൊണ്ടു. ചരിത്രപരമായ നോട്ടുനിരോധനവും ചരക്കുസേവന നികുതിയും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളിൽ പുത്തന്‍ അധ്യായം രചിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി രാഷ്ട്രീയ ധീരത മാത്രമല്ല, ദേശീയ ഐക്യത്തോടും അഖണ്ഡതയോടും മോദി സ്വീകരിച്ച അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കിയ തീരുമാനമായും എക്കാലവും ഓർമിക്കപ്പെടും. മുത്തലാഖ് എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കിയത് സ്ത്രീകളുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന ധീര നടപടിയായിരുന്നു. ഈ തീരുമാനങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ല. പലതും എതിർപ്പ് നേരിട്ടെങ്കിലും ഒരിക്കല്‍പോലും മോദി പിന്മാറിയില്ല. പ്രതിരോധങ്ങളോ വിമർശനങ്ങളോ പരിഗണിക്കാതെ രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കണമെന്ന വിശ്വാസത്തിൽ അദ്ദേഹം ഉറച്ചുനിന്നു.
കോവിഡ്-19 മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയ വേളയിൽ, മോദിജി പൊതുജനങ്ങളെ ആശ്വസിപ്പിക്കുക മാത്രമല്ല ചെയ്തത്; മറിച്ച്, രാജ്യത്തെ വ്യവസായങ്ങളെയും ശാസ്ത്രജ്ഞരെയും യുവാക്കളെയും സ്വയംപര്യാപ്തതയിലേക്കു നയിക്കുകയും ചെയ്തു. മഹാമാരിക്കാലത്തു ലോകം ആശങ്കയോടെ ഉറ്റുനോക്കിയത് ഇന്ത്യയെയായിരുന്നു. എന്നാൽ, ചാതുര്യമാർന്ന നമ്മുടെ നേതൃത്വത്തിന്റെ ഫലമായി റിക്കാർഡ് സമയത്തിനുള്ളിൽ രാജ്യത്തു പ്രതിരോധമരുന്നു നിർമിക്കാൻ കഴിഞ്ഞു. മാത്രമല്ല, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗജന്യ പ്രതിരോധകുത്തിവയ്പ്യജ്ഞത്തിലൂടെ, കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഏവർക്കും അനുകരിക്കാവുന്ന മാതൃക ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
ദേശീയസുരക്ഷയും ആത്മാഭിമാനവും
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ദേശീയ സുരക്ഷയും ആത്മാഭിമാനവും നമ്മുടെ ദേശീയ ജീവിതത്തിനു വളരെ പ്രധാനമാണെന്ന് ഇന്ത്യ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. ഉറി ആക്രമണത്തിനുശേഷമുള്ള സർജിക്കൽ സ്ട്രൈക്ക്, ഇന്ത്യ ഇനി ഭീകരതയുടെ കാര്യത്തിൽ നിശബ്ദമായി, കാഴ്ചക്കാരായി തുടരില്ലെന്നു ലോകത്തിനു കാട്ടിക്കൊടുത്തു. പുൽവാമ സംഭവത്തിനുശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണം ഈ ദൃഢനിശ്ചയത്തിനു കൂടുതൽ കരുത്തേകി. അടുത്തിടെ, പഹൽഗാം ആക്രമണത്തോടുള്ള പ്രതികരണമായി 2025 മേയ് ഏഴിനു നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’, രാജ്യത്തിന്റെ സ്വത്വവും പൗരന്മാരുടെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുമ്പോൾ, ഇന്ത്യ ധൈര്യത്തോടും ദൃഢനിശ്ചയത്തോടും പ്രതികരിക്കുമെന്ന നയം നിർണായകമായി ഉയർത്തിക്കാട്ടി.
ഈ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസവും അഭിമാനവും വളർത്തുക മാത്രമല്ല, പുതിയ ഇന്ത്യ അതിന്റെ ദേശീയ ക്ഷേമം സംരക്ഷിക്കാൻ ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന സന്ദേശം ലോകത്തിനു നൽകുകയും ചെയ്തു.
വിദേശനയ മേഖലയിലും മോദിജിയുടെ തന്ത്രം അതുല്യമാണ്. അദ്ദേഹമിന്ന് ഒരു അന്താരാഷ്ട്രവേദിയിൽ നിൽക്കുകയും ഇന്ത്യയുടെ നിലപാട് ആത്മവിശ്വാസത്തോടെ മുന്നോട്ടുവയ്ക്കുകയും ചെയ്യുമ്പോൾ, അഭിമാനത്തിന്റെ അലയൊലികൾ നാമേവരിലും പടരുകയാണ്. മുൻകാലങ്ങളിൽ വളർന്നുവരുന്ന രാഷ്ട്രമായാണ് ഇന്ത്യയെ പലപ്പോഴും കണ്ടിരുന്നത്. എന്നാലിപ്പോൾ, മോദിജിയുടെ നേതൃത്വത്തിൽ, ഇന്ത്യ ആഗോള നേതൃപദവി ഏറ്റെടുക്കുന്നതിലേക്കു കുതിക്കുകയാണ്. പാരിസ് കാലാവസ്ഥ ഉടമ്പടിയോ, ജി-20 സമ്മേളനമോ, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗമോ ഏതുമാകട്ടെ, അവയിലെല്ലാം, അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇന്ത്യയുടെ വളരുന്ന കരുത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി നിലകൊണ്ടു.
സവിശേഷമായ വ്യക്തിപ്രഭാവത്തിന്റെ ഉടമ
നരേന്ദ്ര മോദിജിയെ ഞാൻ മനസിലാക്കിയതിൽനിന്ന്, അദ്ദേഹത്തിന്റെ വ്യക്തിത്വം നയങ്ങളിലും പരിപാടികളിലും മാത്രം ഒതുങ്ങുന്നതല്ലെന്ന് എനിക്കു പറയാനാകും. അദ്ദേഹത്തിനു സവിശേഷമായ വ്യക്തിപ്രഭാവമുണ്ട്. അത് അദ്ദേഹത്തെ പൊതുജനങ്ങളുമായി നേരിട്ടു കൂട്ടിയിണക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്വാഭാവികതയും ലാളിത്യവുമുണ്ട്. അതദ്ദേഹത്തിനു പൊതുജനങ്ങളുടെ ഹൃദയങ്ങളിൽ ഇടമേകുന്നു. ‘മൻ കീ ബാത്’ പരിപാടിയിൽ അദ്ദേഹം സംസാരിക്കുമ്പോൾ കോടിക്കണക്കിനു ജനങ്ങൾക്കു പ്രധാനമന്ത്രി അവരുമായി നേരിട്ടു സംസാരിക്കുന്നതായി തോന്നുന്നു. ഗ്രാമീണ കർഷകനോ നഗരത്തിലെ വിദ്യാർഥിയോ വീട്ടമ്മയോ ആരുമാകട്ടെ, അവർക്കെല്ലാം അദ്ദേഹത്തോടു വളരെയേറെ അടുപ്പം തോന്നുന്നു. ഇത് ഏവർക്കും ലഭിക്കുന്ന ഗുണമല്ല.
തിരിഞ്ഞുനോക്കുമ്പോൾ മനസിലാകുന്നത്, നരേന്ദ്ര മോദിജി ഇന്ത്യക്കു സാമ്പത്തികമായും രാഷ്ട്രീയമായും മാത്രമല്ല, മാനസികമായും സാംസ്കാരികമായും കരുത്തുപകർന്നിട്ടുണ്ടെന്നാണ്. ഇന്ത്യയുടെ ആന്തരികശക്തിയെക്കുറിച്ചു കൃത്യമായ ധാരണയുള്ള മോദിജിക്ക്, 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം പൂർത്തിയാക്കുമ്പോൾ, നമ്മുടെ രാജ്യം ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) ആയി മാറണമെന്നും മഹത്തായ രാജ്യമെന്ന പദവി പുനഃസ്ഥാപിക്കണമെന്നുമുള്ള കാഴ്ചപ്പാടുണ്ട്. ഇതു നേടിയെടുക്കാൻ, ദീർഘവീക്ഷണമാർന്ന നയങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ ആ ദിശയിൽ അതിവേഗം മുന്നോട്ടു നയിക്കുകയാണ്. ഈ ലോകത്തു നാം ആരുടെയും പിന്നിലല്ല എന്ന വിശ്വാസം ഓരോ ഇന്ത്യക്കാരനിലും വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, രാജ്യം ആത്മാഭിമാനത്തിലും സ്വയംപര്യാപ്തതയിലും ആത്മവിശ്വാസത്തിലും പുതിയ ഉയരങ്ങൾ കീഴടക്കി. എന്റെ കാഴ്ചപ്പാടിൽ അതു ചരിത്രപരവും അതുല്യവുമാണ്.
വാസ്തവത്തിൽ, യഥാർഥ നേതൃത്വം എന്നത് ഓരോ നിമിഷവും രാഷ്ട്രത്തിനായി സമർപ്പിക്കുന്നതാണ്; വർത്തമാനകാലത്തിനതീതമായി ഭാവിയിലേക്കു നോക്കുന്നതാണ്. ഇന്ന്, ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയാണു നരേന്ദ്ര മോദിയുടെ ഈ വ്യക്തിത്വം.
Leader Page
ഏകദേശം 54.5 ലക്ഷം ഇന്ത്യൻ വംശജർ ഇപ്പോൾ അമേരിക്കയിൽ താമസക്കാരായിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അത് അമേരിക്കൻ ജനസംഖ്യയുടെ 1.6 ശതമാനം വരും. എന്നാൽ, 1945ൽ 2,405 ഇന്ത്യക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നാണ് കൊണ്ടപ്പി എന്ന ഗവേഷകൻ നല്കുന്ന കണക്ക്. അന്നുവരെ വെള്ളക്കാരുടെ കുത്തകയായിട്ടാണ് അമേരിക്കയെ നിലനിർത്തിയിരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്ത്യക്കാർ ചെറിയ തോതിൽ അമേരിക്കയിൽ കുടിയേറ്റം നടത്തിയിരുന്നതാണ്. എന്നാൽ, അമേരിക്കയിൽ പൗരത്വം നേടുന്നതിനോ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിനോ വെള്ളക്കാരെ വിവാഹം കഴിക്കുന്നതിനോ അനുവദിച്ചിരുന്നില്ല. ഇന്ത്യൻ കുടിയേറ്റക്കാരോട് ഒരു അവജ്ഞാ മനോഭവമാണ് വെള്ളക്കാർ പുലർത്തിയിരുന്നത്.
കുടിയേറ്റത്തിന്റെ വളർച്ചയും കുടിയേറ്റക്കാരുടെ ഉയർച്ചയും
രണ്ടാം ലോകയുദ്ധത്തോടെ സ്വതന്ത്രലോകത്തിന്റെ നേതൃപദവിയിലേക്കുയർന്ന അമേരിക്ക തങ്ങളുടെ ഏഷ്യയിലെ സുഹൃദ്രാജ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി വെള്ളക്കാരല്ലാത്തവർക്ക് പൗരത്വം നല്കാൻ തയാറായി. എന്നാൽ, വളരെക്കുറച്ചു പേർക്കു മാത്രമേ കുടിയേറാൻ അനുവാദം ലഭിച്ചിരുന്നുള്ളൂ. തുടർന്ന് 1965 ആയപ്പോഴേക്കും തങ്ങളുടെതന്നെ സന്പദ്വളർച്ചയ്ക്കു വെള്ളക്കാരല്ലാത്ത രാജ്യങ്ങളിലെ വിദ്യാഭ്യാസയോഗ്യതയുള്ളവരെ ക്കൂടി ഉപയോഗപ്പെടുത്തിയാൽ അതു ഗുണപ്രദമാകുമെന്ന ചിന്താഗതി വളർന്നുവന്നു. അതനുസരിച്ച് അമേരിക്കയിൽ നിക്ഷേപം നടത്തുന്നതിനു സന്നദ്ധതയുള്ളവരെയും സാങ്കേതിക വൈദഗ്ധ്യമുള്ളവരെയും അമേരിക്കയിലേക്ക് സ്വാഗതമരുളാൻ സന്നദ്ധമായി. ഈ അവസരമുപയോഗിച്ച് തങ്ങളുടെ രാജ്യത്തു വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാതിരുന്ന അഭ്യസ്തവിദ്യരായ ധാരാളം ഇന്ത്യക്കാർ അമേരിക്കയിലേക്കു കുടിയേറാൻ മുന്‍പോട്ടു വന്നു.
തുടർന്നു വളർന്നുവന്ന വിവരസാങ്കേതിക മേഖലയിൽ തൊഴിൽ ചെയ്യുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ സേവനം ആവിർഭവിച്ചതും ഇന്ത്യയിൽനിന്നുള്ള കുടിയേറ്റത്തിന് അനുഗ്രഹമായിത്തീർന്നു. ഈ അനുകൂല സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയിൽ ജനിച്ച കുടിയേറ്റക്കാരുടെ എണ്ണം 1960ൽ വെറും 12,300 ആയിരുന്നത് 1980ൽ 2,06,000, 1990ൽ 4,50,000, 2000ൽ 10,23,000, 2010ൽ 17,80,000, 2021ൽ 27,09,000 എന്നിങ്ങനെ ഉയർന്നു (ഇന്ത്യൻ വംശജർ എന്നതിൽ ഇന്ത്യയിൽ ജനിച്ചവരും അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജരുടെ കുട്ടികളും ഇതര രാജ്യങ്ങളിൽനിന്ന് അമേരിക്കയിൽ കുടിയേറിയ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു).
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യൻ വംശജർ താമസക്കാരായിട്ടുണ്ടെങ്കിലും കലിഫോർണിയ, ന്യൂ ജഴ്സി, ന്യൂയോർക്ക്, ഫ്ളോറിഡ, ടെക്സസ്, ഇല്ലിനിയോസ് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികമുള്ളത്. വിദ്യാഭ്യാസയോഗ്യതയിൽ ഇന്ത്യൻ വംശജർ പൊതുവേ മുൻപന്തിയിൽ നിൽക്കുന്നവരാണ്. 25 വയസിനു മുകളിലുള്ളവരിൽ 80 ശതമാനം പേർ കോളജ് തലത്തിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. തത്ഫലമായി മെച്ചപ്പെട്ട വേതനം ലഭിക്കുന്ന ജോലികളാണ് ഏറെ ഇന്ത്യക്കാർക്കും ലഭ്യമായിരിക്കുന്നത്. അധ്വാനശീലത്തിൽ അവർ മുൻപന്തിയിലുമാണ്. തത്ഫലമായി ഒരിന്ത്യൻ കുടുംബത്തിന്റെ ശരാശരി വരുമാനം പ്രതിവർഷം ഒന്നര ലക്ഷം ഡോളറുമാണ്. ഇതര കുടിയേറ്റക്കാരുടെ കാര്യത്തിൽ അത് ഒരു ലക്ഷം ഡോളർ മാത്രമേ വരുന്നുള്ളൂ. അതേയവസരത്തിൽ ഇന്ത്യൻ വംശജർക്ക് മൊത്തത്തിൽ ഇംഗ്ലീഷ് പരിജ്ഞാനവുമുണ്ട്. തദ്വാരാ അവർക്ക് സാധാരണ അമേരിക്കക്കാരുമായി ഇടപെടാനും സാധിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ അമേരിക്കയിൽ അവർക്കു നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
ഈ അനുകൂല സാഹചര്യങ്ങളുടെ പിൻബലത്തിൽ കുടിയേറ്റക്കാർക്ക് അമേരിക്കയിലെ വിവിധ സാമൂഹ്യമണ്ഡലങ്ങളിൽ ഉന്നതസ്ഥാനീയരാകുന്നതിനും ഇടയായിത്തീർന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് രാഷ്ട്രീയരംഗം. 2020ൽ ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായതോടെ അമേരിക്കയിൽ അവരുടെ സ്വാധീനം ശക്തമായി. 2024ൽ കമല ഹാരിസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഇന്ത്യൻ വംശജയാണെന്ന കാര്യവും ശ്രദ്ധേയമാണ്. കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നതിനു മുന്‍പ് പല ഇന്ത്യൻ വംശജരും സംസ്ഥാന ഗവർണർമാരും സെനറ്റർമാരും പ്രതിനിധി സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയത്തിൽ മാത്രമല്ല, ഇതര മേഖലകളിലും ഉന്നതശ്രേണിയിൽ നില്ക്കുന്ന പല ഇന്ത്യക്കാരുമുണ്ട്. നൊബേൽ സമ്മാനക്കാർ, ഉയർന്ന ശാസ്ത്രജ്ഞർ, വ്യവസായപ്രമുഖർ തുടങ്ങി പലരും ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്. സിലിക്കണ്‍വാലിയിലെ പല സിഇഒമാരും ഇന്ത്യക്കാർ തന്നെ. ചുരുക്കത്തിൽ, ഇതര രാജ്യങ്ങളിലെ ബുദ്ധിമാന്മാരെ തങ്ങളുടെ രാജ്യത്ത് ആകർഷിക്കുകയും അവരുടെ ജീവിതാഭിലാഷങ്ങൾ സഫലീകരിക്കുന്നതിനുള്ള അവസരം നല്‍കുകയും അമേരിക്ക ചെയ്തുവരുന്നുവെന്ന് ബൈഡൻ പറഞ്ഞത് ഇന്ത്യക്കാരുടെ കാര്യത്തിൽ എന്തുകൊണ്ടും അന്വർഥമായിത്തീർന്നിട്ടുണ്ട്.
ട്രംപ് സൃഷ്ടിച്ചിരിക്കുന്ന ആശങ്കകൾ
ഇന്ത്യൻ കുടിയേറ്റക്കാർ അസൂയാവഹമായ തോതിൽ അമേരിക്കൻ സമൂഹത്തിൽ മുന്നേറുന്ന അവസരത്തിലാണ് കുടിയേറ്റവിരുദ്ധനായ ട്രംപ് 2024ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ കുടിയേറിയിട്ടുള്ള പലരും അനധികൃതമായിട്ടാണ് കുടിയേറിയതെന്നും അവരിൽ പലരുടെയും ജീനുകൾ ദുഷിച്ചതാണെന്നും പലരും ക്രിമിനൽ സ്വഭാവമുള്ളവരാണെന്നുമുള്ള പ്രചരണത്തോടെയാണ്. ട്രംപ് തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയതുതന്നെ അവരെയെല്ലാം തെരഞ്ഞുപിടിച്ചു പുറത്താക്കുമെന്നും അമേരിക്കയുടെ അതിർത്തികൾ അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ്. അധികാരത്തിലേറിയ ഉടന്‍തന്നെ പല അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ച് ചങ്ങലയ്ക്കിട്ടു തിരിച്ചയയ്ക്കുകതന്നെ ചെയ്തു. 1870കളിൽ അനധികൃതമായി അമേരിക്കയിൽ കുടിയേറിയ ജർമൻകാരന്റെ ചെറുമകനായ ട്രംപ് ഇത്ര ക്രൂരമായി പെരുമാറിയത് വിരോധാഭാസമെന്ന് പറയേണ്ടിയിരിക്കുന്നു. കൂടുതൽ ആളുകളെ തെരഞ്ഞുപിടിച്ച് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ നടത്തിവരികയുമാണ്. അമേരിക്കയുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുംവേണ്ടിയാണ് ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നതെന്നാണ് ട്രംപിന്റെ വാദഗതി.
അതേയവസരത്തിൽ നിയമാനുസൃതം കുടിയേറിയ വിദേശികൾ ഭരണഘടന അനുശാസിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹരാണെന്ന് ട്രംപ് ഓർമപ്പെടുത്തുന്നുമുണ്ട്. എന്നിരുന്നാലും ഏതു സമയത്തും ഞങ്ങളുടെ രേഖകൾ പരിശോധിച്ചേക്കുമെന്നുമുള്ള ഭയത്തിലാണ് പല കുടിയേറ്റക്കാരും കഴിഞ്ഞുകൂടുന്നതുതന്നെ. പോരെങ്കിൽ 50 ലക്ഷത്തോളം ഗ്രീൻകാർഡ് ഉടമകളുടെ രേഖകൾ പുനഃപരിശോധിക്കുമെന്നുമുള്ള വാർത്തകൾ അടുത്തദിവസം പുറത്തുവന്നിട്ടുമുണ്ട്.
ഇന്ത്യൻ കുടിയേറ്റത്തിന്റെ ഭാവി
താരിഫിന്റെ കാര്യത്തിലും വിദേശനയത്തിന്റെ പേരിലും ഇന്ത്യയുമായി ശീതസമരം നടത്തുന്ന അമേരിക്കൻ ഭരണകൂടത്തിന് ഇന്ത്യൻ കുടിയേറ്റക്കാരോട് വലിയ മമതയൊന്നും ഉണ്ടാവുകയില്ലതന്നെ. ഇന്ത്യയിൽനിന്നുമുള്ള കുടിയേറ്റക്കാരിൽ പലരും അനധികൃതമായി കുടിയേറിയിട്ടുള്ളവരുമാണ്. അവരുടെ സംഖ്യ 6,75,000 വരുമെന്നാണ് ചില പഠനങ്ങൾ നല്കുന്ന കണക്ക്.
ഏതായാലും അങ്ങനെയുള്ളവരെ തിരിച്ചയയ്ക്കുകതന്നെ ചെയ്യും. തുടർന്നുള്ള കുടിയേറ്റവും മുൻകാലത്ത് നടന്നതുപോലെ അത്ര എളുപ്പമുള്ളതാവുമെന്നു തോന്നുന്നില്ല. രണ്ട്, മൂന്ന് വിഭാഗക്കാർക്ക് അത് കൂടുതൽ ദുഷ്കരംതന്നെയായിരിക്കും. അതിലൊന്നാണ് ഐടി മേഖല. ഈ മേഖലയിൽ ഇന്ത്യൻ ടെക്കികൾ ഒരുതരത്തിലുള്ള ആധിപത്യം പുലർത്തിവരുന്നുമുണ്ട്. എന്നാൽ, അവരെ ഒഴിവാക്കി തദ്ദേശീയ ടെക്കികളെ നിയോഗിക്കണമെന്നാണ് ട്രംപിന്റെ നിർദേശം അങ്ങനെ വരുന്പോൾ ഈ മേഖലയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം നിലച്ചുപോയി എന്നും വരാം.
അമേരിക്കയിലെ ഹോട്ടൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിപക്ഷം പേരും ഗുജറാത്തിൽനിന്നുള്ള കുടിയേറ്റക്കാരാണ്. പട്ടേൽ മോട്ടൽ എന്നറിയപ്പെടുന്ന ഈ സംരംഭങ്ങളിൽ തൊഴിൽ ചെയ്യുന്നവരിലധികവും ഗുജറാത്തികൾ തന്നെ. അവർക്ക് ശരിയായ രേഖകൾ ഉണ്ടോയെന്നത് സംശയാസ്പദമാണ്. അങ്ങനെ വരുന്പോൾ അവരിൽ പലരെയും തിരിച്ചയച്ചുവെന്നുവരാം. അത് ഗുജറാത്തികളുടെ ഹോട്ടൽ വ്യവസായത്തെ അധോഗതിയിലേക്ക് നയിക്കുന്നതാണ്.
ഇന്ത്യൻ കുടിയേറ്റക്കാരിൽ ഒരു നല്ല വിഭാഗം വിദ്യാർഥികളാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഇന്ന് അമേരിക്കയിൽ പഠനം നടത്തുന്നത്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിനും പഠനത്തിനുശേഷം ജോലി ലഭിക്കുന്നതിനുമുള്ള സാധ്യതകളാണ് ഇന്ത്യൻ വിദ്യാർഥികളെ അമേരിക്കയിലേക്ക് ആകർഷിച്ചിരിക്കുന്നത്. പഠനം കഴിഞ്ഞിട്ടു പലരും അവിടെ തുടരുന്നുമുണ്ട്. ട്രംപിന്റെ നയംമാറ്റത്തിന്റെ ഫലമായി വിദ്യാർഥികൾക്കുള്ള പല ആനുകൂല്യങ്ങളും നിർത്തലാക്കിയിരിക്കുകയാണ്. മാത്രമല്ല, അധ്യയനത്തിനു ശേഷമുള്ള തൊഴിൽസാധ്യതയും നിഷേധിക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. തത്ഫലമായി വിദ്യാർഥികളുടെ കുടിയേറ്റവും ഇന്നത്തെ രീതിയിൽ തുടർന്നുവെന്നു വരില്ല.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളുടെ ഫലം അമേരിക്കയിൽ മാത്രം ഒതുങ്ങിനില്‍ക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾതന്നെ യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലും കാനഡയിലും ഓസ്ട്രേലിയയിലുമൊക്കെ കുടിയേറ്റവിരുദ്ധ പ്രകടനങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ഈ രാജ്യങ്ങളെല്ലാം കറുത്ത വർഗക്കാരോട് അവജ്ഞയോടെയാണ് അടുത്തകാലം വരെ പ്രവർത്തിച്ചിരുന്നത്.
വെള്ളക്കാരുടെ മേധാവിത്വ മനോഭാവം പുനരവതരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെ വരുന്പോൾ വിദേശരാജ്യ കുടിയേറ്റം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ യുവജനതയ്ക്ക് മോഹഭംഗമാവും. മാത്രമല്ല, ഇന്ത്യക്കു പ്രവാസികളിൽനിന്നു ലഭിക്കുന്ന പണത്തിന്റെ അളവിലും ഇടിവു സംഭവിക്കാം. ചുരുക്കത്തിൽ, ട്രംപിന്റെ കുടിയേറ്റനയം ഇന്ത്യക്ക് പലതരത്തിലും ബുദ്ധിമുട്ടുണ്ടാക്കുക തന്നെ ചെയ്യും.
Leader Page
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി.പി. രാധാകൃഷ്ണൻ ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി. സിപിആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 68 വയസുള്ള രാധാകൃഷ്ണൻ ഭാവിയിൽ രാഷ്ട്രപതിസ്ഥാനത്തേക്കെത്തിയാലും അദ്ഭുതപ്പെടാനില്ല.
കേരളത്തിന്റെ പ്രിയമിത്രം
കേരളത്തിന്റെയും മലയാളികളുടെയും പ്രിയസുഹൃത്താണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ. എറണാകുളത്ത് കയർ ബോർഡിന്റെ ചെയർമാനായി നാലു വർഷം തിളങ്ങി. 2016 മുതൽ 2020 വരെ കൊച്ചിയും കോയന്പത്തൂരും ചെന്നൈയും ഡൽഹിയും കേന്ദ്രീകരിച്ചായിരുന്നു രാധാകൃഷ്ണന്റെ പ്രവർത്തനം. ഇന്ത്യയിൽനിന്നുള്ള കയർ കയറ്റുമതി അക്കാലത്തെ റിക്കാർഡായ 2,532 കോടി രൂപയിലെത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 2020 മുതൽ 2022 വരെ അദ്ദേഹം ബിജെപിയുടെ കേരളത്തിലെ അഖിലേന്ത്യാ ചുമതലക്കാരനുമായിരുന്നു. കോയന്പത്തൂരും തിരുപ്പൂരുമായുള്ള അടുപ്പത്തേക്കാളേറെയായിരുന്നു രാധാകൃഷ്ണന്റെ കേരള ബന്ധം.
എന്നും കളികളിലെ കേമൻ
മികച്ചൊരു കായികതാരംകൂടിയാണ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള രാധാകൃഷ്ണൻ. ക്രിക്കറ്റും വോളിബോളും ഇഷ്ടമുള്ള രാധാകൃഷ്ണൻ കോളജ് പഠനകാലത്ത് ടേബിൾ ടെന്നീസ് ചാന്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. ഏതായാലും കായികരംഗത്തെ മെയ്വഴക്കവും ദീർഘദൂര ഓട്ടത്തിലെ സ്റ്റാമിനയും ബിസിനസ് അഡ്മിനിസ്ട്രേഷനിലെ മികവും രാഷ്ട്രീയത്തിലും പ്രയോജനപ്പെട്ടു. കോയന്പത്തൂരിലെ ചിദംബരം കോളജിലായിരുന്നു ബിബിഎ പഠനം. നലംതികഞ്ഞ ആർഎസ്എസുകാരനും ബിജെപിയുടെ ദക്ഷിണേന്ത്യയിലെ പ്രബലനുമായതിനാൽ രാധാകൃഷ്ണനെ തെരഞ്ഞെടുക്കാൻ നേതൃത്വത്തിനു പ്രയാസമുണ്ടായില്ല.
രാഷ്ട്രീയ എതിരാളികളോടുപോലും സൗഹാർദപരമായി പെരുമാറുന്ന രാധാകൃഷ്ണൻ രണ്ടു തവണ എംപിയും രണ്ടു പ്രബല സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്നു. അപ്രതീക്ഷിത പദവികൾ എന്നും തേടിയെത്തിയിട്ടുള്ള അദ്ദേഹത്തിന്, ഇത്തവണ ഉപരാഷ്ട്രപതിസ്ഥാനം കൈവന്നതും തികച്ചും അപ്രതീക്ഷിതമായിത്തന്നെ.
മുൻഗാമികളുടെ ശോഭയിൽ
രാജ്യസഭാ ചെയർമാന്റെ അധികചുമതല കൂടിയുള്ള ഉപരാഷ്ട്രപതിക്കു രാജ്യസഭയിലെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാൻ കഴിയുകയെന്നതു പ്രധാനമാണ്. പ്രഗത്ഭരായ മുൻ ഉപരാഷ്ട്രപതിമാരെപ്പോലെ പ്രവർത്തിക്കാൻ രാധാകൃഷ്ണനു കഴിയുമെന്നു പ്രതീക്ഷിക്കാം. വെങ്കയ്യ നായിഡു, ഹമീദ് അൻസാരി, കെ.ആർ. നാരായണൻ, ശങ്കർദയാൽ ശർമ, ആർ. വെങ്കിട്ടരാമൻ, വി.വി. ഗിരി, സക്കീർ ഹുസൈൻ, എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള മുൻഗാമികളെപ്പോലെ പക്വതയോടെയും വിവേകത്തോടെയും മാന്യതയോടെയും ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് രാജ്യസഭ നിയന്ത്രിക്കുകയെന്നതാണു പ്രധാനം.
ഒന്നര വർഷത്തോളം ജാർഖണ്ഡിലും തുടർന്നു കഴിഞ്ഞവർഷം ജൂലൈ 31 മുതൽ മഹാരാഷ്ട്രയിലും ഗവർണറായിരുന്ന രാധാകൃഷ്ണൻ ആർഎസ്എസിനും ബിജെപിക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരുകൾക്കു കാര്യമായ തലവേദന സൃഷ്ടിച്ചതുമില്ല. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലുങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെയും അധികച്ചുമതലയുമുണ്ടായിരുന്നു. എംപി, ഗവർണർ തുടങ്ങിയ പദവികളിലെ പരിചയവും സിപിആറിന് കരുത്തേകും.
ജനാധിപത്യത്തിന്റെ വിജയം
‘സമർപ്പണം, വിനയം, ബുദ്ധിശക്തി’ എന്നിവയാൽ വ്യത്യസ്തനാണ് രാധാകൃഷ്ണൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഏതായാലും നിരവധി പ്രമുഖരെ പരിഗണിച്ച ശേഷമാണു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും ചേർന്നു രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. ബിജെപിക്കുള്ളിൽ അസാധാരണമായ ഉയർച്ചയാണെങ്കിലും സിപിആറിന് അർഹതപ്പെട്ട പദവി തേടിയെത്തുകയായിരുന്നു.
പരാജയം ഉറപ്പായിരുന്നെങ്കിലും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞുവെന്നതിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മുൻ സുപ്രീം കോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡിക്ക് അഭിമാനിക്കാം. മാന്യമായ മത്സരങ്ങളാണു ജനാധിപത്യത്തിന്റെ ശക്തി. സുദർശൻ റെഡ്ഡിയെപ്പോലെ രാജ്യമെങ്ങും സഞ്ചരിച്ചു വിപുലമായ പ്രചാരണം നടത്താൻ രാധാകൃഷ്ണനെ ബിജെപി നേതൃത്വം അനുവദിച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപം ബാക്കിയാകും.
രഥയാത്രയിലൂടെ തലപ്പത്ത്
1957 മേയ് നാലിനു തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ ആർഎസ്എസ് സ്വയംസേവകനായാണു തുടങ്ങിയത്. ആർഎസ്എസിന്റെ തിരുപ്പൂർ ടൗണ്‍ മേധാവിയും ജില്ലാ മേധാവിയുമായിരുന്നു. 1974ൽ ഭാരതീയ ജനസംഘത്തിന്റെ തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി. 1996ൽ തമിഴ്നാട്ടിലെ ബിജെപിയുടെ സെക്രട്ടറിയായി നിയമിച്ചതോടെ ബിജെപിക്കും രാധാകൃഷ്ണനും നല്ലകാലം തുടങ്ങി. 1998ൽ ലോക്സഭാംഗമായതോടെ ദേശീയ ശ്രദ്ധയിലെത്തി.
2004ൽ ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണനെ കേന്ദ്ര നേതൃത്വം നിയമിച്ചു. മൂന്നു വർഷം നീണ്ട ഈ കാലയളവിൽ സിപിആർ നടത്തിയ 93 ദിവസത്തെ 19,000 കിലോമീറ്റർ ‘രഥയാത്ര’ ബിജെപിക്ക് പുത്തനുണർവ് നൽകി. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുകയെന്നതു മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക വരെയായിരുന്നു രഥയാത്രയിലെ ആവശ്യങ്ങൾ. പിന്നീടു രണ്ടു പദയാത്രകൾകൂടി അദ്ദേഹം നടത്തിയിട്ടുണ്ട്.
കോയന്പത്തൂർ സ്ഫോടനം
അണ്ണാ ഡിഎംകെ സഖ്യത്തിൽ 1998ൽ കോയന്പത്തൂരിൽനിന്നാണ് ആദ്യമായി രാധാകൃഷ്ണൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. എൽ.കെ. അഡ്വാനിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോയന്പത്തൂരിലുണ്ടായ ബോംബ് സ്ഫോടന പരന്പര ഫലത്തിൽ സിപിആറിനു ഗുണകരമായി. 58 പേർ കൊല്ലപ്പെട്ട സ്ഫോടനങ്ങൾ കോയന്പത്തൂരിൽ ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിൽ കലാശിച്ചു. 1,44,676 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. ഇത് അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പുവിജയം മാത്രമല്ല, തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യത്തെ പ്രധാന മുന്നേറ്റവുമായിരുന്നു.
തോൽവിയിലും തളരാതെ
കേന്ദ്രത്തിലെ വാജ്പേയി മന്ത്രിസഭ രാജിവയ്ക്കേണ്ടിവന്നതോടെ 1999ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കോയന്പത്തൂരിൽനിന്നു രണ്ടാമതും ലോക്സഭാംഗമായി. എംപിയായിരിക്കെ ടെക്സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റിയിലും ധനകാര്യ കണ്‍സൾട്ടേറ്റീവ് കമ്മിറ്റിയിലും സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പ്രത്യേക പാർലമെന്ററി കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2004, 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സിപിആർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് 2004ൽ തമിഴ്നാട്ടിൽ ഒരു സീറ്റുപോലും നേടാനായില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 225 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ചപ്പോഴും ബിജെപി വട്ടപ്പൂജ്യമായതു സമീപകാല ചരിത്രം. തുടർതോൽവികളിലും പക്ഷേ സിപിആർ നിരാശനായില്ല.
ധൻകറുടെ വീഴ്ച അവസരമായി
കഴിഞ്ഞ ജൂലൈയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തു പോയതിന്റെ പൂർണരഹസ്യം ഇനിയും പുറത്തുവന്നിട്ടില്ല. സജീവമായി രാജ്യസഭയെ നിയന്ത്രിച്ചശേഷം രാത്രി ഒന്‍പതു മണിയോടെ രാജിവയ്ക്കാൻ നിർബന്ധിതനായ ധൻകറിന്റെ ഗതികേട്, ചരിത്രത്തിൽ മുന്‍പൊരു ഉപരാഷ്ട്രപതിക്കും ഉണ്ടായിട്ടില്ല. തികച്ചും ഏകപക്ഷീയമായി പ്രവർത്തിച്ച ധൻകറിനെതിരേ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതും അത്യപൂർവമായി.
ധൻകറുടെ രാജിക്കത്തിൽ പറയുന്ന ‘ആരോഗ്യകാരണങ്ങൾ’ ആകില്ല അദ്ദേഹത്തെ രാജിയിലേക്കു നയിച്ചതെന്നു വ്യക്തം. ഒഴിയുന്നതിനു മുന്‍പായി വിടവാങ്ങൽ പ്രസംഗം നടത്താനോ രാജിയുടെ കാരണം പാർലമെന്റിനോടും രാജ്യത്തോടും വിശദീകരിക്കാനോ ഉള്ള അവസരം പോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു.
ജസ്റ്റീസ് വർമയുടെ ദുരൂഹത
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായി രാജ്യസഭയിൽ പ്രതിപക്ഷം മാത്രം ഒപ്പിട്ടു നോട്ടീസ് നൽകിയ ഇംപീച്ച്മെന്റ് പ്രമേയം സർക്കാരിനോട് ആലോചിക്കാതെ സ്വീകരിച്ചതായി പ്രഖ്യാപിച്ചത് ധൻകറിന്റെ കസേര തെറിച്ചതിൽ ഒരു പ്രധാന കാരണം മാത്രമാകും. മോദിക്കും ഷായ്ക്കും രുചിക്കാത്ത മറ്റെന്തൊക്കെയോ കാരണങ്ങളും ധൻകറിനു വിനയായിരിക്കും. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 15 കോടിയോളം രൂപയുടെ കറൻസി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽനിന്നു കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര പോലീസ് ഇതേവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാതെ പാർലമെന്റ് പിരിഞ്ഞതുമൊക്കെ ഇതിന്റെ ബാക്കിപത്രമാണ്. ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റപ്പെട്ട വർമ ജോലി ചെയ്യാതെ ശന്പളം പറ്റുന്നതു തുടരുകയും ചെയ്യുന്നു.
പ്രതീക്ഷയാകുന്ന സ്വീകാര്യത
‘ഒരു വെടിക്കു പല പക്ഷികൾ’ എന്നതാണു സിപിആറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെയുള്ള ബിജെപി തന്ത്രം. അടുത്തവർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയാണ് ഒരു ലക്ഷ്യം.
കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം ജില്ലകൾ ഉൾപ്പെടുന്ന കൊങ്കു മേഖലകളിലെ പിന്തുണ ആർജിക്കുന്നതിന് സിപിആറിന്റെ ജാതിസ്വത്വവും രാഷ്ട്രീയ, സംഘ പശ്ചാത്തലവും പ്രയോജനപ്പെടുമെന്നു ബിജെപി കരുതുന്നു. കൊങ്കു വെള്ളാള ഗൗണ്ടർ സമുദായത്തിൽപെട്ടയാളാണ് സിപിആർ.
ആർഎസ്എസിലും ജനസംഘത്തിലും ബിജെപിയിലും സംഘടനാതലങ്ങളിൽ സജീവമായിരുന്നു സിപിആർ.
പാർലമെന്റ് അംഗം എന്ന നിലയിലുള്ള അനുഭവപരിജ്ഞാനവും കൂറും മുഖ്യഘടകമാണ്. ഉപരാഷ്ട്രപതിയെന്ന നിലയിലും രാജ്യസഭാ ചെയർമാന് എന്ന നിലയിലും മോദി- ഷാ നേതൃത്വത്തിനും ബിജെപിക്കും ആർഎസ്എസിനും തികച്ചും വിശ്വസ്തൻ.
തമിഴ്നാട് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും നാലു പതിറ്റാണ്ടിലേറെ പരിചയസന്പത്തുള്ള രാധാകൃഷ്ണൻ പൊതുവേ സ്വീകാര്യനും ആദരണീയനുമാണ്. ഇതുതന്നെയാണ് പുതിയ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള രാജ്യത്തിന്റെ വലിയ പ്രതീക്ഷ.
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം വല്ലാതെ ഉലഞ്ഞിരിക്കുന്നു. ഇന്ത്യ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുന്നു. അങ്ങനെ പടിഞ്ഞാറുവശത്തെ കോട്ടത്തിനു ബദൽ നേട്ടമുണ്ടാക്കാം എന്നു കരുതുന്നു. ഇന്ത്യ-അമേരിക്ക വ്യാപാരം കുത്തനേ ഇടിഞ്ഞു. ഇനിയും കുറയും. മറ്റു വിപണികൾ കണ്ടുപിടിച്ച് കോട്ടം പരിഹരിക്കുമെന്നു സർക്കാർ പറയുന്നു. നടക്കാൻ സാധ്യത കുറവാണെന്നു മാത്രം.
റഷ്യ വ്യാപാരം വർധിപ്പിക്കാൻ തയാറാണ്. ചൈനയും തയാർ. പക്ഷേ, അവ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം. കാരണം, ഇന്ത്യയുടെ വലിയ കയറ്റുമതി ഇനങ്ങൾ പലതും ആ രാജ്യങ്ങൾക്ക് ആവശ്യമില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, ഔഷധങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പെട്രോകെമിക്കലുകൾ, രത്നങ്ങൾ, രത്ന-സ്വർണ ആഭരണങ്ങൾ, ബസുമതി അരി തുടങ്ങിയവയിൽ രണ്ടു രാജ്യങ്ങൾക്കും വലിയ താത്പര്യമില്ല. റഷ്യക്ക് അതിനുതക്ക വ്യവസായങ്ങളോ ഉപഭോക്താക്കളോ ഇല്ല. ചൈനയ്ക്ക് ആഭരണങ്ങളും ബസുമതി അരിയും ഒഴികെ ഉള്ളവയുടെ ഉത്പാദനം വേണ്ടതിലേറെ ഉണ്ട്. അതേസമയം, ഇന്ത്യക്ക് ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ഒഴിവാക്കാനും പറ്റില്ല.
എണ്ണ, വളം, ആയുധം
കുറഞ്ഞ വിലയ്ക്കു കിട്ടുന്ന റഷ്യൻ ക്രൂഡ് ഓയിൽ ഇപ്പോൾ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നിലൊന്നിലേറെ നിറവേറ്റുന്നു. ദിവസം 54 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ വേണ്ടതിൽ 17.5 ലക്ഷം വീപ്പ റഷ്യയിൽനിന്നാണു വാങ്ങുന്നത്. രാസവളം ഇറക്കുമതിയുടെ 28 ശതമാനം റഷ്യയിൽനിന്നു വരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷമാണ് റഷ്യൻ എണ്ണയും വളവും ഇറക്കുമതിയിൽ മുന്തിയ സ്ഥാനം നേടിയത്.
പ്രതിരോധമേഖലയിൽ റഷ്യൻ പങ്ക് ഇന്നും വളരെ വലുതാണ്. 2010-14 കാലത്ത് ആയുധ ഇറക്കുമതിയുടെ 72 ശതമാനം റഷ്യയിൽനിന്നായിരുന്നു. 2015-19ൽ അത് 55 ശതമാനമായും 2020-24ൽ 36 ശതമാനമായും കുറഞ്ഞു. വർധിച്ചത് അമേരിക്കയിലും ഫ്രാൻസിലും ഇസ്രയേലിലും നിന്നുള്ള ഇറക്കുമതി.
ഇനിയും റഷ്യ പ്രതിരോധ ഇറക്കുമതിയിൽ മുന്നിൽ നിൽക്കാനാണ് സാധ്യത. യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ അമേരിക്കയുടെ എഫ് 35നെ തള്ളി റഷ്യയുടെ എസ്യു 57 വാങ്ങാനാണു സാധ്യത. എഫ് 35 ഒന്നിന് 11 കോടി ഡോളർ (970 കോടിയിലധികം രൂപ) വരുമ്പോൾ എസ്യു 57ന് നാലു കോടി ഡോളർ (350 കോടിയിലധികം രൂപ) മതി. വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ അമേരിക്കൻ പേട്രിയട്ടിനേക്കാൾ ഇന്ത്യക്കു പ്രിയം ഉപയോഗിച്ചു ശീലമായ റഷ്യൻ എസ് 400 ആണ്. പേട്രിയട്ടിന്റെ വില ഒരു യൂണിറ്റിന് 250 കോടി ഡോളർ. ആ സ്ഥാനത്ത് എസ് 400ന് 110 കോടി ഡോളർ മതി.
ചൈനീസ് ഇല്ലാതെ പറ്റില്ല
ചൈനയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യയിലെ നിരവധി വ്യവസായങ്ങൾക്ക് അനിവാര്യമാണ്. രാജ്യത്തെ മരുന്നുവ്യവസായം ചൈനയിൽനിന്നുള്ള ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് (എപിഐ-മരുന്നിന്റെ യഥാർഥ രാസസംയുക്തം) മുടങ്ങിയാൽ അടച്ചുപൂട്ടേണ്ടിവരും. സ്ട്രെപ്റ്റോമെെസിനും പാരാസെറ്റമോളും നിർമിക്കാനുള്ള എപിഐ 100 ശതമാനവും ചൈനയിൽനിന്നാണ്. ഇബൂപ്രോഫെൻ, പെനിസിലിൻ, വിറ്റാമിൻ ബി 12 എന്നിവയുടെ 95 ശതമാനത്തിലേറെ എപിഐയും ചെെന നൽകുന്നു. മറ്റ് ആന്റിബയോട്ടിക്കുകളുടെ 76 ശതമാനവും ചെെനയിൽനിന്നുതന്നെ. കീടനാശിനിയിൽ 89 ശതമാനവും ചൈനയെ ആശ്രയിക്കുന്നു.
ഇലക്ട്രോണിക്സിലും കാര്യം അങ്ങനെതന്നെ. കംപ്യൂട്ടർ ചിപ്പുകളുടെ 98.6 ശതമാനം ചൈനയിൽനിന്നാണ്. കളർ ടിവിക്കു വേണ്ട ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയിൽ 86 ശതമാനം ചൈനീസ് ആണ്. സോളർ സെല്ലിൽ 83 ശതമാനം, ലാപ്ടോപ്പിൽ 80.5 ശതമാനം, ലിഥിയം അയോൺ ബാറ്ററിയിൽ 75.2 ശതമാനം എന്നിങ്ങനെ പോകുന്നു ആശ്രിതത്വം. കുട, വാക്വം ഫ്ലാസ്ക്, ഇലക്ട്രിക്കൽ ഫ്രീസർ എന്നിവയുടെ 95 ശതമാനത്തിലേറെ അവിടെനിന്നാണ്. പെൻസിൽ, ക്രയോൺ എന്നിവയിൽ 67 ശതമാനം ചൈനീസ് ആണ്. തുണിയിൽ എംബ്രോയ്ഡറി ചെയ്യാനുള്ള മെഷീനിൽ 92 ശതമാനവും അവിടെനിന്നുതന്നെ.
ബദലല്ല ചൈനയും റഷ്യയും
ഈ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടാൽ ഇന്ത്യ ഇറക്കുമതി കൂട്ടുന്നതിനപ്പുറം കയറ്റുമതി കൂട്ടാനുള്ള അവസരം പരിമിതമാണ്. അതായത്, യുഎസുമായുള്ള കച്ചവടത്തിനു ബദലാവില്ല ഹിന്ദി-ചീനി ഭായി ഭായിയും ഹിന്ദി-റൂസി ഭായി ഭായിയും. പക്ഷേ, പഴയ കോൺഗ്രസ് കാല മുദ്രാവാക്യങ്ങളിലേക്കു മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർബന്ധിതനാക്കി. അതുകൊണ്ടാണ് അതിർത്തി കാര്യത്തിൽ ഒരു ധാരണയും ഉണ്ടാകാതിരുന്നിട്ടും ഷാങ്ഹായ് സഹകരണ സംഘടനയുടെ ടിയാൻജിൻ ഉച്ചകോടിയിൽ മോദി പങ്കെടുത്തത്. അവിടെ ചൈനയുടെ ഷി ചിൻപിംഗുമായും റഷ്യയുടെ വ്ലാദിമിർ പുടിനുമായും കാര്യമായ ചർച്ചകൾ നടത്തി. എല്ലാവരെയും കാണിക്കാൻ ഉദ്ദേശിച്ച് നിരവധി ചിത്രങ്ങളും (മോദി-ഷി, മോദി-പുടിൻ, ഷി- മോദി-പുടിൻ) എടുപ്പിച്ചു. ബന്ധങ്ങൾ വിളക്കിച്ചേർക്കുന്ന ആ ചിത്രങ്ങൾ കണ്ടു പലർക്കും ദേഷ്യം മൂത്തു.
നെഹ്റുവിന്റെ വഴിയേ
കഴിഞ്ഞ തവണകളിൽ ഒഴിവാക്കിയ ഉച്ചകോടിയിൽ പങ്കെടുത്തതു വഴി സൗഹൃദം പ്രഖ്യാപിച്ചതിനപ്പുറം കാര്യമായ ഒന്നും ഉണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടാകാം. പക്ഷേ, അമേരിക്ക തള്ളിപ്പറഞ്ഞാൽ വേറെ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പറ്റും എന്ന് ഇന്ത്യ കാണിച്ചു. അതിലുപരി, ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ചേരിചേരാനയത്തെ വിമർശിച്ചവർ ഇപ്പോൾ അതേ വഴിയിലേക്കു മാറി എന്ന ആഭ്യന്തര രാഷ്ട്രീയമാറ്റം ഇവിടെ കാണാം. അതു ചെറിയൊരു മാറ്റമല്ല.
അകാരണമായി ശണ്ഠ കൂടി ഇന്ത്യയെ ട്രംപ് മറുചേരിയുടെ കൂടെയാക്കി എന്നു പല അമേരിക്കൻ നിരീക്ഷകരും കുറ്റപ്പെടുത്തുന്നുണ്ട്. ജോർജ് ബുഷ് ജൂണിയർ മുതലുള്ള പ്രസിഡന്റുമാർ ഇന്ത്യയെ സഖ്യകക്ഷിയാക്കി ഏഷ്യ പസഫിക് മേഖലയിൽ ശാക്തിക സന്തുലനത്തിനു ശ്രമിച്ചതാണ്. അതെല്ലാം ട്രംപ് തകർത്തു. തീരുവ 50 ശതമാനം എന്ന അസഹ്യ നിലയിലാക്കാൻ പറയുന്ന റഷ്യൻ എണ്ണവാങ്ങൽ അല്ല കാരണം എന്ന് എല്ലാവർക്കുമറിയാം.
വേട്ടക്കാരനും ബലൂചിസ്ഥാനും
ട്രംപിന്റെ പുത്രൻ ഡോണൾഡ് ട്രംപ് ജൂണിയറിന്റെ സുഹൃത്ത് ജെൻട്രി ബീച്ച് തുർക്കി, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഇക്കൊല്ലം കുറേ സന്ദർശനങ്ങൾ നടത്തി. എല്ലായിടത്തും ഭരണത്തലവന്മാരെ കണ്ടു ചർച്ച നടത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ധന, വിദേശ മന്ത്രിമാരെയും കൂട്ടി ബീച്ചിനു വിരുന്നു നൽകി. പാക്കിസ്ഥാനിൽ 50 ലക്ഷം കോടി ഡോളറിന്റെ അപൂർവധാതുക്കൾ ഖനനം ചെയ്യാമെന്നും രാജ്യത്തെ പെട്രോളിയം നിക്ഷേപം വലുതാണെന്നും ട്രംപിനെ പഠിപ്പിച്ചതു ബീച്ചാണ്. അതുവച്ചാണ്, ഇന്ത്യ പാക്കിസ്ഥാന്റെ എണ്ണ വാങ്ങേണ്ടിവരുമെന്നു ട്രംപ് പറഞ്ഞത്. ധാതുക്കൾ ഉള്ളതു കലാപം നടക്കാറുള്ള ബലൂചിസ്ഥാനിലും മറ്റുമാണ്. അവിടെ ഖനനം എളുപ്പമാകാനിടയില്ല.
ടെക്സസിൽ ഹെഡ്ജ് ഫണ്ട് നടത്തുന്ന ബീച്ചും ജൂണിയർ ട്രംപും ഒന്നിച്ചു വേട്ടയ്ക്കു പോകാറുണ്ട്. ഒരു പാപ്പർ ഇടപാടിൽ തട്ടിപ്പിനു ശക്ഷിക്കപ്പെട്ടയാളാണു ബീച്ചിന്റെ പിതാവ് ഗാരി. ഇയാളാണ് പല രാജ്യങ്ങളിലും ട്രംപ് കുടുംബത്തിനു താത്പര്യമുള്ള ബിസിനസുകൾ തേടിപ്പിടിച്ചു കൊടുക്കുന്നത്. ചില സാമ്പത്തിക സ്വാർഥതാത്പര്യങ്ങളാണ് ഇപ്പോൾ ലോകത്തെ ഭരിക്കുന്നത് എന്നു പ്രധാനമന്ത്രി മോദി പറഞ്ഞത് ഇക്കാര്യങ്ങൾ മനസിൽ വച്ചാണ്.
വഴിപിരിയാതെ നോക്കാൻ
അമേരിക്കൻ ബന്ധത്തിലെ ഉലച്ചിൽ വഴിപിരിയലിൽ എത്തുകയില്ല എന്നാണ് പരക്കെ കരുതുന്നത്. ആപ്പിൾ മുതൽ നൂറുകണക്കിന് അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ 6,677 കോടി ഡോളർ (5.9 ലക്ഷം കോടി രൂപ) പ്രത്യക്ഷ മൂലധനനിക്ഷേപം യുഎസ് കമ്പനികൾ നടത്തിയിട്ടുണ്ട്. നികുതിലാഭ രാജ്യങ്ങളിൽ കൂടി നടത്തിയതു ചേർത്താൽ ഇത്രയും തന്നെ അമേരിക്കൻ മൂലധനം കൂടി ഇന്ത്യയിൽ വന്നിട്ടുണ്ടാകും. അതു മിത്രരാജ്യം എന്ന പരിഗണനയിലാണ്. രാജ്യം എതിർചേരിയിലായാൽ ആ നിക്ഷേപവും ഓഹരിവിപണിയിലെ നിക്ഷേപങ്ങളും മടങ്ങിപ്പോകാനാരംഭിക്കും. അതു വലിയ ധനകാര്യ വിപത്തായി മാറും. അങ്ങനെ വരാതിരിക്കാൻ വലിയ കമ്പനികളും നിക്ഷേപകരും പരിശ്രമിക്കും. ഇന്ത്യയിലെ കയറ്റുമതി വ്യവസായികൾക്കു മാത്രമല്ല, ഇന്ത്യ-യുഎസ് ബന്ധം ഭദ്രമായി നിൽക്കണം എന്ന ആഗ്രഹമെന്നർഥം. ആ നീക്കങ്ങൾ ഫലം കാണുമെന്നു വേണം കരുതാൻ.
470 ബോയിംഗ് വിമാനങ്ങൾക്കുള്ള എയർ ഇന്ത്യയുടെ ഓർഡർ മുതൽ ഇന്ത്യയിൽനിന്നു പ്രതീക്ഷിക്കുന്ന പ്രതിരോധ വാങ്ങലുകൾ വരെ ശതകോടിക്കണക്കിനു ഡോളറിന്റെ ഇറക്കുമതിയാണു വരുംകാലത്ത് അമേരിക്കയിൽനിന്ന് ഇന്ത്യ നടത്തുക. ഇതെല്ലാം നഷ്ടപ്പെടുത്താൻ കമ്പനികൾ താത്പര്യപ്പെടില്ല.
സഹവർത്തിത്വം തുറന്ന കണ്ണോടെ
പാക്കിസ്ഥാന് പൂർണ സംരക്ഷണം നൽകുന്ന ചൈനയുമായി സമാധാനപരമായ സഹവർത്തിത്വം എന്ന പഴയ പഞ്ചശീലതത്വം മാത്രമേ ഇന്ത്യക്കു മുന്നോട്ടു കൊണ്ടുപോകാനുള്ളൂ. അതാകട്ടെ, നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ ശ്രമിച്ചു നോക്കിയതും ചൈന പരാജയപ്പെടുത്തിയതുമാണ്. എങ്കിലും വീണ്ടും പരീക്ഷിക്കാം. സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുള്ള ഇടപാടുകളും വളർത്തുമ്പോൾ അതിർത്തിയിൽ ജാഗ്രത പാലിക്കുകയും എപ്പോഴും സന്നദ്ധരായിരിക്കുകയും വേണം എന്നു മാത്രം.
മോദി മടങ്ങിയതിന്റെ പിറ്റേന്ന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഷരീഫും സൈനികമേധാവിയും ബെയ്ജിംഗിൽ ചൈനീസ്, റഷ്യൻ നേതാക്കളോടു ചർച്ച നടത്തിയതും ഷരീഫ്-ഷി, ഷരീഫ്-പുടിൻ ഫോട്ടോകൾ വന്നതും ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ്.
നൊബേലും ട്രംപും
എന്താണു ട്രംപിനെ ഇതിലേക്കു നയിച്ചത്? രണ്ടു കാരണങ്ങളാണു പറയുന്നത്.
ഒന്ന്: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിൽ തന്റെ പങ്ക് ഇന്ത്യ നിഷേധിച്ചതിലെ വിരോധം. ആ നിഷേധം സമാധാന നൊബേലിനു ട്രംപിന്റെ പേര് ശിപാർശ ചെയ്യാൻ പറ്റില്ല എന്നു മോദി പറയുന്ന ടെലിഫോൺ സംഭാഷണം വരെ എത്തി എന്നാണു റിപ്പോർട്ടുകൾ. നൊബേൽ പുരസ്കാരം ട്രംപിനു വല്ലാത്ത മോഹം തോന്നിയ ഒന്നാണെന്ന കാര്യം ലോകത്തിനു മുഴുവൻ അറിയാം. താൻ ഒരു വലിയ സംഭവമാണെന്ന വല്ലാത്ത അബദ്ധവിശ്വാസത്തിന്റെ മറുവശമാണത്.
പാക്കിസ്ഥാനിലെ സ്വപ്നങ്ങൾ
രണ്ട്: പാക്കിസ്ഥാനിൽ ട്രംപ് കാണുന്ന വലിയ ബിസിനസ് അവസരങ്ങൾ. ഇന്ത്യ അങ്ങനെ അവസരം നൽകില്ല. ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) ജേക്ക് സള്ളിവനാണ് ഈ ആരോപണം ഉന്നയിച്ചത്. എതിർ പാർട്ടിക്കാരനായതിന്റെ പേരിൽ ആരോപണം അവിശ്വസിക്കേണ്ടതില്ല.
പശ്ചിമേഷ്യയിലും യൂറോപ്പിലും ട്രംപിന്റെ പ്രത്യേക ദൂതനായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സ്റ്റീവ് വിറ്റ് കോഫിന്റെ മകൻ സഖറി (സാക്) തുടങ്ങിയ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന സ്ഥാപനത്തിന് പാക്കിസ്ഥാനിൽ ഈയിടെ ചില നേട്ടങ്ങളുണ്ടായി. ക്രിപ്റ്റോ കറൻസി വ്യാപനത്തിനുള്ള അനുവാദവും രാജ്യത്ത് ധനകാര്യ ഇടപാടുകൾ ഡിജിറ്റൽ ആക്കാനുള്ള കരാറും അതിൽപ്പെടുന്നു.
ട്രംപ് കുടുംബത്തിന് ലിബർട്ടിയിൽ 60 ശതമാനം ഓഹരിയുണ്ട്. ഏപ്രിലിൽ ഈ കരാറുകൾ ഉണ്ടായ ശേഷമാണ് പാക് സേനാമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു വിളിച്ചു വിരുന്നു നൽകിയത്. ട്രംപിനെ നൊബേലിനു ശിപാർശ ചെയ്യാൻ മുനീർ മടിച്ചുമില്ല. ആ വിരുന്നിനു വരുന്നാേ എന്ന് ട്രംപ് മോദിയോടു ചോദിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Leader Page
വസ്ത്രമേഖലയില്‍ ആഭ്യന്തര വിപണി പ്രയോജനപ്പെടുത്തും
യുഎസിലേക്കുള്ള കയറ്റുമതിക്കു നിലവില്‍വന്ന അധിക തീരുവയെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ വസ്ത്രമേഖലയില്‍ ഉണ്ടാകണം. തീരുവ വര്‍ധന മൂലമുള്ള ഏതു വെല്ലുവിളിയെയും നേരിടാന്‍ സാധിക്കും. ഇന്ത്യന്‍ വിപണി ഫലപ്രദമായി ഉപയോഗിക്കുകയും വിപുലപ്പെടുത്തുകയുമാണു വേണ്ടത്. ഇതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും താല്പര്യങ്ങളും സംരക്ഷിക്കപ്പെടും.
ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്രവിപണി 2030 ആകുമ്പോഴേക്കും ഏകദേശം 1.46 ലക്ഷം കോടി രൂപയിലെത്തുമെന്നാണു കണക്കാക്കുന്നത്. യുഎസിലെ ജനന നിരക്കിന്റെ ആറ് ഇരട്ടിയാണ് ഇന്ത്യയിലെ ജനന നിരക്ക്. ഏകദേശം 24 ദശലക്ഷമാണ് ഇന്ത്യയിലെ ജനനനിരക്ക്. അതനുസരിച്ച് ഇന്ത്യയില്‍ നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ ആവശ്യകതയും വര്‍ധിക്കും.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്ര നിര്‍മാണ കമ്പനിയാണു കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്. ഞങ്ങളുടെ യുഎസ് ബ്രാന്‍ഡായ ‘ലിറ്റില്‍ സ്റ്റാര്‍’ ഇനി ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുകയാണ്. ഇതിലൂടെ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ അധിക വരുമാനമാണു കമ്പനി പ്രതീക്ഷിക്കുന്നത്.
സാബു ജേക്കബ് (മാനേജിംഗ് ഡയറക്ടര്‍, കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്)
തിളക്കം നഷ്ടമാകുന്ന വജ്രനഗരം
ലോകത്ത് ഉത്പാദിപ്പിക്കുന്ന 15 വജ്രങ്ങളിൽ 14 എണ്ണവും മുറിച്ചു മിനുക്കുന്നത് സൂററ്റിലാണ്. ഇന്ത്യയുടെ ‘വജ്രനഗരം’ എന്നറിയപ്പെടുന്ന സൂററ്റിൽ ഇരുപതിനായിരത്തോളം ചെറുകിട, ഇടത്തരം കച്ചവടക്കാരുണ്ട്. ഇവർക്ക് വജ്രം കയറ്റുമതി ചെയ്യാനുള്ള ഏറ്റവും വലിയ ഒറ്റപ്പെട്ട വിപണി അമേരിക്ക തന്നെ. വജ്രവ്യവസായത്തിന്റെ പരമോന്നത സമിതിയായ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) പറയുന്നതനുസരിച്ച്, 2024-25 സാമ്പത്തികവർഷത്തിൽ ഇന്ത്യ 4.8 ബില്യൺ ഡോളറിന്റെ, മുറിച്ചതും മിനുക്കിയതുമായ രത്നങ്ങളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഇതേ കാലയളവിലെ ഇന്ത്യയുടെ മൊത്തം വജ്ര കയറ്റുമതിയുടെ മൂന്നിലൊന്നിലധികം വരുമിത്.
കോൽക്കത്ത ആസ്ഥാനമായുള്ള വജ്ര കയറ്റുമതിക്കാരനായ ദേബാഷിഷ് റോയ് പറഞ്ഞത് ഓർഡറുകൾ റദ്ദാക്കിത്തുടങ്ങിയെന്നാണ്. “യുഎസിലെ വ്യാപാരികൾ ഉയർന്ന താരിഫ് കാരണം ഉത്പന്നങ്ങൾ എടുക്കാൻ തയാറാകുന്നില്ല. വജ്രവ്യാപാര രംഗത്തെ എന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമാണിത്,” അദ്ദേഹം പറഞ്ഞു.
വഴിയാധാരമാകുന്ന തൊഴിലാളികൾ
ഗുജറാത്തിലെ സൂററ്റ്, അഹമ്മദാബാദ്, രാജ്കോട്ട് നഗരങ്ങളിലെ വജ്രം മിനുക്കുന്ന, മുറിക്കുന്ന യൂണിറ്റുകളിൽ രണ്ട് ദശലക്ഷത്തിലധികം പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരിൽ പലർക്കും അടുത്ത കാലത്ത് ശമ്പളം കുറഞ്ഞു. ആദ്യം കോവിഡ്-19 മഹാമാരി. പിന്നീട് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എന്നിവയാണവരെ വലച്ചത്.
“മഹാമാരി ഹോങ്കോംഗ്, ചൈന തുടങ്ങിയ രാജ്യാന്തര വിപണികളിൽ സാമ്പത്തികമാന്ദ്യമുണ്ടാക്കി,” ഗുജറാത്തിലെ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് രമേഷ് സിലാറിയ പറഞ്ഞു. “റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം റഷ്യയിൽ നിന്നുള്ള അസംസ്കൃത വജ്ര ഇറക്കുമതിക്ക് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിരോധനവും, ജി7 ഏർപ്പെടുത്തിയ നിരോധനവും ഞങ്ങളുടെ വ്യാപാരത്തെ ബാധിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ ചരിത്രപരമായി അസംസ്കൃത വജ്രങ്ങളുടെ ഒരു പ്രധാന ഉറവിടമാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 80 വജ്രത്തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തതായി സിലാറിയ അവകാശപ്പെട്ടു.“അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം തൊഴിലാളികളുടെ വേതനം പ്രതിമാസം ഏകദേശം 15,000-17,000 രൂപയായി കുറച്ചു.” അദ്ദേഹം പറഞ്ഞു. ട്രംപിന്റെ താരിഫുകൾ പൂർണമായി പ്രാബല്യത്തിൽ വരുമ്പോൾ, ഗുജറാത്തിൽ രണ്ടു ലക്ഷം പേർക്ക് ഉപജീവനം നഷ്ടപ്പെട്ടേക്കാമെന്നും യൂണിയൻ കണക്കാക്കുന്നുണ്ട്. സൗരാഷ്ട്ര മേഖലയിൽ യുഎസ് താരിഫിനുശേഷം ഒരു ലക്ഷത്തോളം വജ്രത്തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് ഭാവേഷ് ടാങ്ക് പറഞ്ഞു.
ഏപ്രിലിൽ അമേരിക്ക 10% അടിസ്ഥാന ചുങ്കം ഏർപ്പെടുത്തിയപ്പോൾത്തന്നെ വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനും സൗരാഷ്ട്രമേഖലയിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. ഭാവ്നഗർ, അമ്രേലി, ജുനഗഡ് എന്നിവിടങ്ങളിലെ ചെറിയ യൂണിറ്റുകളേയാണ് ഇതേറ്റവും കൂടുതൽ ബാധിച്ചത്. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ ജോലി നഷ്ടപ്പെട്ടവരുടെ കുടുംബത്തിലെ ഓരോ കുട്ടിക്കും 13,500 രൂപ അലവൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
താരിഫിനു മുമ്പുതന്നെ ഈ മേഖലയിൽ പ്രതിസന്ധി തുടങ്ങിയിരുന്നു. ലാബിൽ നിർമിക്കുന്ന വജ്രങ്ങൾ പ്രകൃതിദത്ത വജ്രങ്ങളുടെ വിപണി പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വജ്രങ്ങൾ ഖനനം ചെയ്യുന്നവയല്ല, മറിച്ച് പ്രത്യേക ലബോറട്ടറികളിൽ നിർമിക്കുന്നവയാണ്. പ്രകൃതിദത്ത വജ്രങ്ങളുടെ വിലയുടെ 10 ശതമാനം മാത്രമാണ് ഇവയ്ക്ക് വില. പരിചയസമ്പന്നനായ ആഭരണ വ്യാപാരിക്കുപോലും വെറുംകണ്ണ്കൊണ്ട് ഇവ തിരിച്ചറിയാൻ പറ്റില്ല.
കയറ്റുമതിയിലെ കുറവ്
ജിജെഇപിസിയുടെ കണക്കനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 10.8 ബില്യൺ ഡോളറിന്റെ അസംസ്കൃത വജ്രമാണ് ഇറക്കുമതി ചെയ്തത്. ഇത് 2023-24-ൽ ഇറക്കുമതി ചെയ്ത 14 ബില്യൺ ഡോളറിൽ നിന്ന് 24.27 ശതമാനം കുറവാണ്. മുറിച്ചതും മിനുക്കിയതുമായ പ്രകൃതിദത്ത വജ്രങ്ങളുടെ കയറ്റുമതിയിലും 16.75 ശതമാനം കുറവുണ്ടായി. 2023-24-ൽ 16 ബില്യൺ ഡോളറുണ്ടായിരുന്ന കയറ്റുമതി 2024-25-ൽ 13.2 ബില്യൺ ഡോളറായി കുറഞ്ഞു.
താരിഫുകൾ യുഎസ് ആഭരണ വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ ചെയർമാൻ രാജേഷ് റോക്ഡ മുന്നറിയിപ്പ് നൽകി. ആഭരണങ്ങൾക്ക് വിലകൂടിയാൽ പ്രതിസന്ധി നേരിടുന്ന 70,000ത്തോളം ആഭരണ വ്യാപാരികൾ യുഎസിലുണ്ട്.
നാട്ടുവിപണിതന്നെ രക്ഷ
ആഭ്യന്തര വിപണിയിൽ വജ്രങ്ങൾക്ക് ആവശ്യം കൂട്ടുകയും പുതിയ വിപണികളിലേക്കു മാറുകയും ചെയ്യേണ്ടതാണ് ഇനി പരിഹാരമെന്ന് വ്യാപാരികൾ പറയുന്നു. ആഭ്യന്തര രത്ന, ആഭരണ വിപണി വളരുന്നുണ്ടെന്നാണ് സൂചന.
രണ്ടു വർഷത്തിനുള്ളിൽ വിൽപ്പന 85 ബില്യൺ ഡോളറിൽ നിന്ന് 130 ബില്യൺ ഡോളറിലേക്ക് എത്തുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പുതിയ വിപണിയും ലക്ഷ്യമിടുന്നുണ്ട്. സ്വർണം ശക്തമായ ആഭ്യന്തര വിപണിയുടെ ഉദാഹരണമാണ്. ഇത് സ്വർണക്കയറ്റുമതിയിലെ തിരിച്ചടികളുടെ ആഘാതം കുറയ്ക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയിലെ വജ്ര മേഖലയ്ക്ക് ഇപ്പോൾ അത്തരമൊരു കവചമില്ല.
ഇപ്പോൾ സഹായമില്ലെങ്കിൽ, വജ്രവ്യാപാരത്തിന് അതിന്റെ തിളക്കം എന്നെന്നേക്കുമായി നഷ്ടമാകും.
ദീപാവലിക്കു മുന്‍പേ വെളിച്ചം കെടുമോ?
“ദീപാവലിക്ക് ചില ഓർഡറുകളുണ്ട്. അത് ചെയ്തുകൊടുക്കണം. പിന്നെ...,” സൂററ്റിൽനിന്ന് ഫോണിൽ ഇതുപറയുന്പോൾ ഘനശ്യാം മേത്തയുടെ വാക്കുകളിലെ ആശങ്ക വ്യക്തമായിരുന്നു. ഉത്സവസീസണുകളിൽ പതിവുള്ള ഉത്സാഹം വജ്രനഗരത്തിലെങ്ങുമില്ലെന്ന് ഘനശ്യാം സാക്ഷ്യപ്പെടുത്തുന്നു.
സൂററ്റിൽ വജ്രം മുറിക്കുന്നതും മിനുക്കുന്നതുമായ ചെറിയ യൂണിറ്റ് നടത്തുകയാണ് ഘനശ്യാം. എട്ടുവർഷം പഴക്കമുള്ള സ്ഥാപനം ദീപാവലിയോടെ അടച്ചുപൂട്ടേണ്ടിവന്നേക്കുമെന്ന ദുരവസ്ഥയെ എങ്ങനെ മറികടക്കുമെന്ന ചിന്താഭാരത്തിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ. പരുക്കൻ വജ്രങ്ങളെ തിളക്കമുറ്റ രത്നങ്ങളാക്കുന്ന ജോലിയാണ് സ്ഥാപനത്തിൽ നടക്കുന്നത്. ഘനശ്യാമിന്റെ യൂണിറ്റ് 40 പേർക്ക് തൊഴിൽ നൽകുന്നു.
“ഇപ്പോൾത്തന്നെ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ പ്രകൃതിദത്ത വജ്ര വ്യവസായത്തിന്റെ അടിക്കല്ലിളക്കും.’’അദ്ദേഹം പറയുന്നു.
ദീപാവലിക്ക് സാധാരണയായി എല്ലാ ഉത്പന്നങ്ങളുടെയും ആഭ്യന്തര വിൽപ്പന വർധിക്കാറുണ്ട്. “പക്ഷേ, യുഎസിലെ ഉയർന്ന താരിഫ് കാരണം കയറ്റുമതിക്കാർ ഓർഡറുകൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ, ദീപാവലിക്ക് മുന്‍പുതന്നെ ഞങ്ങൾക്ക് സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നേക്കാം. ഓർഡറുകൾ കുറഞ്ഞതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകാനും മറ്റു ചെലവുകൾ നടത്താനും വളരെ ബുദ്ധിമുട്ടാണ്” മേത്ത വ്യക്തമാക്കി.
വസ്ത്രത്തിലും തീ പിടിപ്പിക്കുന്ന തീരുവ
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയും പ്രതിസന്ധിയിലായി. ആറ് മാസത്തിനുള്ളിൽ വസ്ത്ര കയറ്റുമതിയുടെ ഏകദേശം നാലിലൊന്ന് കുറയുമെന്നാണ് കണക്ക്. അമേരിക്കയാണ് ഇന്ത്യയുടെ വസ്ത്ര വ്യവസായത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി.
ഇറക്കുമതി ചെയ്യുന്ന പരുത്തിക്കുള്ള നികുതി ഒഴിവാക്കിയത് ഡിസംബർ 31 വരെ നീട്ടിയത് ആഭ്യന്തര തുണി വ്യവസായത്തിന് ആശ്വാസം നൽകും. കനത്ത ചുങ്കത്തിന്റെ ആഘാതം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നു വ്യവസായികൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി അമേരിക്കയ്ക്ക് പുറത്തുള്ള മറ്റ് വിപണികൾ കണ്ടെത്താനും കയറ്റുമതി തന്ത്രം പുനഃക്രമീകരിക്കാനും ഇത് വ്യവസായത്തെ സഹായിക്കും.
അടുത്ത ആറു മാസത്തേക്ക് 20-25 ശതമാനം നഷ്ടം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി സെക്രട്ടറി ജനറൽ ചന്ദ്രിമ ചാറ്റർജി പറഞ്ഞത്. പരുത്തിക്ക് ആനുകൂല്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ചന്ദ്രിമ ചാറ്റർജി പറഞ്ഞു. പരുത്തി ഇറക്കുമതി ചെയ്ത് കപ്പൽ മാർഗം എത്താൻ കുറഞ്ഞത് 45-50 ദിവസമെടുക്കും. ഈ നീട്ടിയ സമയം പുതിയ ഓർഡറുകൾക്ക് ഗുണം ചെയ്യും- അവർ വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തിൽ തുണി, വസ്ത്ര മേഖലയുടെ മൊത്തം മൂല്യം 179 ബില്യൺ ഡോളറാണ്. ഇതിൽ 142 ബില്യൺ ഡോളറിന്റെ ആഭ്യന്തര വിപണിയും 37 ബില്യൺ ഡോളറിന്റെ കയറ്റുമതിയും ഉൾപ്പെടുന്നു.
തിരുപ്പൂരിൽ മാന്ദ്യം
തിരുപ്പൂരിലെ വസ്ത്ര നിർമാതാക്കളും പ്രതിസന്ധിയിലാണ്. അമേരിക്കൻ ഉപഭോക്താക്കളിൽ നിന്നുള്ള പുതിയ ഓർഡറുകൾ നിലച്ച മട്ടാണ്. നിലവിലുള്ള കരാറുകൾ പുനരാലോചനയിലും. ഇത് ലാഭവിഹിതം കുറയ്ക്കുന്നു.
8-15 ശതമാനം മാത്രം ലാഭത്തിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അധികച്ചെലവ് താങ്ങാൻ കഴിയില്ല- അമേരിക്കയിൽ ഗണ്യമായ ബിസിനസുള്ള തിരുപ്പൂർ ആസ്ഥാനമായുള്ള എൻസി ജോൺ ഗാർമെന്റ്സ് ഡയറക്ടർ അലക്സാണ്ടർ നെറോത്ത് പറയുന്നു.
പരമാവധി അഞ്ചു ശതമാനം വരെ കിഴിവ് നൽകാൻ കമ്പനികൾക്ക് കഴിഞ്ഞേക്കുമെന്നാണ് പൊതുവായ ധാരണ. അത് വിപണിയിൽ എത്തുമ്പോഴുള്ള ചെലവിൽ ഏഴു ശതമാനം കുറവുണ്ടാക്കും. എന്നാൽ ചില കമ്പനികൾ യാതൊരു ലാഭവിഹിതവുമില്ലാതെയാണ് കിഴിവ് നൽകുന്നത്.
തിരിച്ചുവരവ് പ്രതീക്ഷിച്ചാണിത്. കുറഞ്ഞത് നിലവിലുള്ള ബിസിനസെങ്കിലും നിലനിർത്തുകയാണു ലക്ഷ്യം. 2024-25 സാമ്പത്തിക വർഷത്തിൽ തിരുപ്പൂരിൽ നിന്ന് അമേരിക്കയിലേക്ക് 15,000 കോടി രൂപയുടെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്തു. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയുടെ വലിയൊരു ഭാഗമാണ്. എസ്ബിഐ റിസർച്ചിന്റെ കണക്കനുസരിച്ച്, നിറ്റ്വെയർ വസ്ത്രങ്ങൾക്കുള്ള താരിഫ് 63.9ശതമാനം ആണ്. എന്നാൽ കണക്കാക്കുന്ന മൊത്തം ആഘാതം ഏകദേശം 67ശതമാനം വരും.
കയറ്റുമതിക്കാർ ഇപ്പോൾ മറ്റു വിപണികൾ തേടുകയാണ്. അടുത്തിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച യുകെ ഒരു സാധ്യതയാണ്. എങ്കിലും, അമേരിക്കൻ ഓർഡറുകളുടെ വ്യാപ്തി മറ്റൊരു വിപണിക്കും പൂർണമായി നികത്താൻ കഴിയില്ലെന്നു പല വ്യവസായ വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു. ഈ താരിഫ് നീണ്ടുനിന്നാൽ തിരുപ്പൂരിലെ ഏകദേശം ആറു ലക്ഷം തൊഴിലാളികളെയാണ് ബാധിക്കുക.
Leader Page
ഭാരതം വരുമാനസമത്വത്തിൽ ലോകത്തു നാലാം സ്ഥാനത്തെത്തിയതായി ലോക ബാങ്ക് ഈയിടെ പുറത്തുവിട്ട റിപ്പോർട്ട് രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിട്ടുള്ളത്. ഉപഭോഗം ആധാരമാക്കിയിട്ടുള്ള ‘ജിനി’ സൂചികയെ ഇതര രാജ്യങ്ങളുടെ വരുമാന അസമത്വവുമായി സർക്കാർ താരതമ്യം ചെയ്യുകയാണെന്നുള്ള വാദവുമായി പ്രതിപക്ഷകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയുടെ താത്പര്യമനുസരിച്ചുള്ള വ്യാപാര കരാറിന് വിസമ്മതിച്ചതിനാൽ ഇന്ത്യൻ സന്പദ്വ്യവസ്ഥയെ ‘മൃത സന്പദ്വ്യവസ്ഥ’യെന്ന് അമേരിക്കൻ പ്രസിഡന്റ് അധിക്ഷേപിച്ചതും പ്രധാനമന്ത്രി മോദിയും ധനമന്ത്രി നിർമല സീതാരാമനും ഒഴികെയുള്ള ഏവരും ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുമെന്നുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ അഭിപ്രായപ്രകടനവും സന്പദ്വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.
ജപ്പാനെയും ജർമനിയെയും മറികടന്ന് 2027ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സന്പദ്വ്യവസ്ഥ ആകുമെന്നുള്ള പ്രചാരണങ്ങൾ നടക്കുന്പോൾ വരുമാനത്തിലും സ്വത്തിലുമുള്ള അന്തരം ഇവിടെ നാൾക്കുനാൾ വർധിക്കുകയാണെന്നുള്ള യാഥാർഥ്യം ആർക്കും വിസ്മരിക്കാൻ കഴിയുകയില്ല.
വരുമാന അസമത്വം
ലോകബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, വരുമാന അസമത്വത്തിൽ ഇന്ത്യയുടെ സൂചിക 61 ആണ്. ഇതനുസരിച്ച് ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 176 ആണ്. 2009ൽ ഇത് 115 ആയിരുന്നു. അരിയും മറ്റു ഭക്ഷണാവശ്യങ്ങൾക്കുമുള്ള സാധനങ്ങളും വാങ്ങുന്നതിൽ സാധാരണക്കാർക്കും പണക്കാർക്കുമിടയിലുള്ള ഏറ്റക്കുറച്ചിൽ വലുതായിരിക്കില്ല.
എന്നാൽ ഉപഭോഗം കഴിഞ്ഞ് മിച്ചംവയ്ക്കാൻ സാധാരണക്കാർക്ക് കാര്യമായി ഒന്നും ഉണ്ടാകുകയില്ല. അതേസമയം, തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും നിക്ഷേപമാക്കി മാറ്റാൻ പണക്കാർക്കു കഴിയും. ഇതുകൊണ്ടാണ് വരുമാന അസമത്വം വർധിക്കുന്നത്. ആകെ വരുമാനത്തിൽ ഉപഭോഗ ആവശ്യങ്ങൾക്കു വരുമാനത്തിന്റെ മുഴുവൻ ഭാഗവും പാവപ്പെട്ടവർ ചെലവഴിക്കുന്പോൾ സന്പന്നർക്ക് അതിൽ ചെറിയൊരു ശതമാനം മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ‘സീമാന്തോ ഉപഭോഗ’ ചെലവും ‘സീമാന്തോ സന്പാദ്യ’ ശേഷിയുടെയും കാര്യത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ വളരെ വലിയ അന്തരമുണ്ട്.
സാധാരണക്കാർ ഉപയോഗിക്കുന്ന സാധനങ്ങളുടെ വില്പനയിൽ കാര്യമായ പുരോഗതിയില്ലെന്ന് ആ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നുണ്ട്. ഇരുചക്രവാഹനങ്ങളുടെ വില്പന ഇടിയുന്പോൾ ആഡംബര കാറുകളുടെ വില്പനയിൽ വർധനവുണ്ടാകുന്നതു സാധാരണക്കാരുടെ ക്രയശക്തിയിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്നുള്ളതിന് ഉദാഹരണമാണ്. വളർച്ചയുടെയും പുരോഗതിയുടെയും സദ്ഫലങ്ങൾ താഴെത്തട്ടിൽ എത്തുന്നില്ലെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്.
ദ്വിമുഖ സന്പദ്വ്യവസ്ഥ
അസമത്വത്തിന്റെ ആഴങ്ങൾ അഗാധഗർത്തങ്ങളുടെ തലത്തിലെത്തിക്കൊണ്ടിരിക്കുന്ന ഭാരതത്തെ ദ്വിമുഖ സന്പദ്വ്യവസ്ഥയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഒരു രാജ്യത്തുതന്നെ യാതൊരു സാമ്യവുമില്ലാത്ത രണ്ടു വ്യത്യസ്ത സാമൂഹ്യ-സാന്പത്തിക സമൂഹങ്ങൾ ഒരുമിച്ച് നിലനിൽക്കുന്നതിനെയാണ് ദ്വിമുഖ സന്പദ്വ്യവസ്ഥ അഥവാ ‘ഡ്യുവൽ ഇക്കോണമി’ എന്ന് വിളിക്കുന്നത്.
വളരെ വലിയതോതിൽ വളർന്നു കൊണ്ടിരിക്കുന്ന ചെറിയ ഒരു വിഭാഗം മാത്രമുള്ള വ്യവസായ സന്പദ്വ്യവസ്ഥയോടൊപ്പം മഹാഭൂരിപക്ഷം ആളുകൾ പണിയെടുക്കുന്ന വളർച്ച മുരടിച്ച ഒരു കാർഷിക മേഖലയാണ് ഈ സന്പദ്വ്യവസ്ഥയുടെ പ്രത്യേകത. സ്വീഡിഷ് ധനശാസ്ത്രജ്ഞനായ ഗുണ്ണാർ മിർദാൽ 1968ൽ രചിച്ച ‘ഏഷ്യൻ ഡ്രാമ’ എന്ന പുസ്തകത്തിൽ ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പണം ഇറക്കി പണം കുന്നുകൂട്ടുന്നവരുടെ ഇന്ത്യ ഒരു വശത്തും കാർഷിക പ്രവർത്തനങ്ങൾക്കും മറ്റും വായ്പയെടുത്ത് അത് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യയിൽ അഭയംപ്രാപിക്കുന്ന ദരിദ്രരായ കർഷകരുടെയും കർഷകതൊഴിലാളിയുടെയും ഇന്ത്യ മറുവശത്തും. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാർഷികമേഖലയിലെ ഒരു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയവും മൂലധനവും
ആധുനിക ശാസ്ത്രവും മൂലധനവും സ്റ്റേറ്റും ഉൾക്കൊള്ളുന്ന ആധുനിക നാഗരികതയുടെ ഹിംസയിൽ ഊന്നിയുള്ള ലോകവീക്ഷണത്തിനു ബദലായി അനേകം പുതിയ വീക്ഷണങ്ങൾ ശക്തിപ്പെടേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ അസമത്വത്തിന്റെ വർധിച്ചുകൊണ്ടിരിക്കുന്ന അന്തരത്തിൽനിന്നു ലോകത്തെ രക്ഷിക്കുവാൻ കഴിയുകയുള്ളൂ.
രാഷ്ട്രീയവും മൂലധനവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമായ രണ്ടു പ്രവണതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയം സാമൂഹിക മാറ്റത്തിന്റെ ഉപാധിയല്ലാതാവുകയും അതു കേവലം വരേണ്യവർഗത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന മാർഗമായി തരംതാഴുകയും ചെയ്തിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഇടം വിപണിയുടെ സാന്പത്തികയിടമായി പരിവർത്തനം ചെയ്തിരിക്കുന്നു.
ഉത്പാദന രീതി
ഉത്പാദന രീതിയിലുണ്ടാകുന്ന മാറ്റം ഒരു രാജ്യത്തിന്റെ സാന്പത്തിക പുരോഗതിയിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കാർഷിക-വ്യവസായ വിപ്ലവങ്ങൾക്കു ശേഷം 1970-80കളിൽ ആവിർഭവിച്ച വിവര സാങ്കതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം വ്യവസായ ബിസിനസ് സേവന മേഖലകളിൽ ഉണ്ടാക്കിയ വിപ്ലവം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
നിർമിത ബുദ്ധിയുടെയും ക്വാണ്ടം കംപ്യൂട്ടിംഗിന്റെയും അർധചാലകങ്ങളുടെയും ചാറ്റ് ജിപിടിയുടെയും കടന്നുവരവ് സമസ്ത ജീവിതവ്യാപാരങ്ങളിലും സ്ഫോടനാത്മകമായ മാറ്റത്തിനാണ് വഴി തെളിച്ചിട്ടുള്ളത്. അറിവുള്ളവർ പുതിയ സാങ്കേതിക ഉത്പാദന മേഖലകളിൽ നവീന കണ്ടുപിടിത്തങ്ങളുമായി ലോകത്തെ നിയന്ത്രിക്കുകയും സന്പത്തിന്റെ ഉടമകളായി മാറുകയും ചെയ്യുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്.
ഉത്പാദന മേഖലയിലുണ്ടായിട്ടുള്ള അതിശയിപ്പിക്കുന്നതും മിന്നൽവേഗത്തിലുമുള്ള മാറ്റങ്ങൾ ഉത്പാദന ഉപാധികളുടെ ഉടമസ്ഥതയിൽ സംഭവിച്ചിട്ടില്ലെന്നുള്ളതാണ് പെരുകുന്ന അസമത്വങ്ങളുടെ അടിസ്ഥാനകാരണം. സ്വകാര്യ സ്വത്തവകാശവും പിൻതുടർച്ചാവകാശവും യാതൊരു മാറ്റവും കൂടാതെ ലോകത്ത് ഇന്നും നിലനിൽക്കുന്നതാണ് സാന്പത്തിക അന്തരം വർധിക്കുന്നതിന് ഇടയാക്കുന്നത്. മൂലധനത്തിന്റെ കേന്ദ്രീകരണം സർവകാല റിക്കാർഡുകളും ഭേദിച്ച് മുന്നേറുന്പോൾ ദരിദ്രരുടെ ദുരിതാവസ്ഥ മാറ്റമില്ലാതെ തുടരുകയും ഗുരുതരമായിമാറിക്കൊണ്ടിരിക്കുകയുമാണ്.
“21-ാം നൂറ്റാണ്ടിലെ മൂലധനം” എന്ന കൃതിയുടെ രചയിതാവും ഫ്രഞ്ച് ധന ശാസ്ത്രജ്ഞനുമായ തോമസ് പിക്കറ്റി ആധുനിക മുതലാളിത്തത്തിന്റെ സവിശേഷതയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ലോകം പരന്പരാഗത മുതലാളിത്ത സങ്കൽപത്തിലേക്കുള്ള തിരിച്ചുപോക്കിലേക്കാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരു സന്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളിൽ ഉടമസ്ഥാവകാശം പിൻതുടർച്ച വഴി ലഭിക്കുന്പോൾ അത് നവീന മുതലാളിത്തത്തിന്റെ പുതിയൊരു പതിപ്പായി മാറുമെന്നും അസമത്വം വലിയതോതിൽ വർധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
സമത്വം സ്വപ്നം മാത്രം
പുരോഗതിയെക്കുറിച്ചും മാനവികതയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ ഗിരിപ്രഭാഷണങ്ങളുടെ ചിലന്പിച്ച ഒച്ചകൾക്കിടയിൽ പ്രതീക്ഷയറ്റ കോടിക്കണക്കിന് മനുഷ്യരുടെ നിസഹായമായ നിലവിളികൾ കേൾക്കപ്പെടാതെ പോകുന്നതും ചേർന്നാണ് നമ്മുടെ കാലത്തെ രാഷ്ട്രീയചിത്രം രൂപപ്പെടുന്നത്. മനുഷ്യബന്ധങ്ങളിൽ നീതിയും സമത്വവും ഉറപ്പാക്കുന്ന ഒരു രാഷ്ട്രീയക്രമം അസാധ്യമായ ഒരു സ്വപ്നം മാത്രമാണോ?
Leader Page
ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെ പത്തു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചകോടി നാളെയും തിങ്കളാഴ്ചയുമായി ചൈനയുടെ ആതിഥേയത്തില്‍ ടിയാന്‍ജിനില്‍ നടക്കുകയാണ്. അംഗങ്ങളും അതിഥികളുമായി ഇരുപതില്പരം രാജ്യങ്ങള്‍ ഉച്ചകോടിയുടെ ഭാഗമാകും. സംഘടനയുടെ 25-ാം ഉച്ചകോടിയുടെയുമാണിത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യാന്തര സുരക്ഷ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യവിഷയങ്ങള്‍.
നിര്‍ണായക തീരുമാനങ്ങള്‍
ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാങ്ഹായ് ഉച്ചകോടിയിലേയക്ക് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് നരേന്ദ്ര മോദി ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. 2024ല്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ നേട്ടമായിരുന്നു. ഉച്ചകോടിക്കു മുമ്പുതന്നെ ചൈനയ്ക്കും ഇന്ത്യക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനും യാത്രക്കാർക്കും ബിസിനസുകാർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വീസ എളുപ്പത്തില്‍ ലഭ്യമാക്കാനും ധാരണയായത് നേട്ടമാണ്. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി നയതന്ത്ര, സൈനിക ചാനലുകള്‍ ശക്തിപ്പെടുത്താനും നടപടിയുണ്ടായി. ഈ അനുകൂല സാഹചര്യങ്ങള്‍ താത്കാലിക ക്രമീകരണങ്ങള്‍ മാത്രമാണ്.
അമേരിക്കയുടെ അടവുകള്‍
ഇന്ത്യയെ വെല്ലുവിളിക്കാനും വിരട്ടാനും അമേരിക്ക ബോധപൂര്‍വം പാക്കിസ്ഥാനുമായി സൗഹൃദം അടുത്ത നാളുകളില്‍ ഉയര്‍ത്തിക്കാട്ടുന്നു. പഹല്‍ഗാം ഭീകരാക്രമത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ യുദ്ധം ഒഴിവാക്കി സമാധാനം സ്ഥാപിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും വീണ്ടും പലവേദികളിലും ആവര്‍ത്തിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായ രാജ്യാന്തര കൂട്ടായ്മകള്‍ വളരെ കുറവാണ്. സാര്‍ക്കില്‍ പാക്കിസ്ഥാനും ഇന്ത്യയും അംഗങ്ങളാണെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുമൂലം സാര്ക്കിപ്പോള് നിര്‍ജീവമാണ്. സാര്‍ക്കിന് ബദലൊരുക്കാന്‍ ചൈന മുന്നോട്ടു വന്നിരിക്കുന്നുവെന്നതും പ്രത്യേകമായി കാണണം.
ആഗോളതലത്തില്‍ അനുദിനം ശക്തിപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെ അമേരിക്ക ഇപ്പോൾ ഭയപ്പെടുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ പത്തംഗ കൂട്ടായ്മയായി ബ്രിക്സ് വളരുകയും 40ല്‍പരം രാജ്യങ്ങള്‍ ബ്രിക്സില്‍ പങ്കാളിത്തത്തിനു ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് അമേരിക്കയുടെ ആഗോള കച്ചവടത്തിനാണ്. അമേരിക്കയുടെ വ്യാപാരതീരുവയുദ്ധം തുടരുമ്പോള്‍ ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യ-ചൈന-റഷ്യ പങ്കാളികളായ ഷാങ്ഹായ് ഉച്ചകോടി ഡോളറിനെ പുറന്തള്ളാന്‍ തീരുമാനിച്ചാല്‍ തിരിച്ചടി കൂടുതൽ നേരിടുന്നത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാണ്.
ഇന്ത്യ-റഷ്യ ബന്ധം
ഇന്ത്യ-റഷ്യ-ചൈന സഹകരണത്തിന്റെ അനന്തസാധ്യതകളിലേക്ക് ഷാങ്ഹായ് ഉച്ചകോടി വിരല്‍ചൂണ്ടും. ഈ സഖ്യം നിലനിന്നാല്‍ അമേരിക്കന്‍ അപ്രമാദിത്വത്തിനും ജി7 അംഗരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ആഗോള സാമ്പത്തിക വ്യാപാരകൂട്ടായ്മയായി മാറും.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ട്രംപ് ഒരു സുപ്രഭാതത്തില്‍ ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ അഞ്ചു ശതമാനം വിലക്കിഴിവ് നല്കി റഷ്യ തിരിച്ചടിച്ചതോടെ ട്രംപിന്റെ ആവേശം കുറഞ്ഞു. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലേക്ക് ഇന്ത്യ മറിച്ചുവില്‍ക്കുന്നുവെന്ന അമേരിക്കന്‍ ആരോപണത്തെ ഇന്ത്യയും റഷ്യയും മുഖവിലയ്ക്കെടുത്തില്ല. മറിച്ച് ഇന്ത്യ-റഷ്യ ഊര്‍ജസഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ നയതന്ത്രം കൂടുതല്‍ ആഴത്തിലാണിന്ന്. ഇതിന് തെളിവാണ് ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന് റഷ്യ നല്കിയ ഊഷ്മള വരവേല്‍പ്പും തുടര്‍ന്ന് നടന്ന മോദി-പുടിന് ടെലിഫോണ്‍ ചര്‍ച്ചകളും.
പ്രതീക്ഷകള്‍ വേണ്ട
ഇന്ത്യയെ എക്കാലവും ശത്രുപക്ഷത്തു നിന്ന് എതിര്‍ത്ത ചൈനയും നിരന്തര ഭീകരാക്രമണം അഴിച്ചുവിടുന്ന പാക്കിസ്ഥാനും ചൈനയുടെ ഔദാര്യം സ്വീകരിച്ചു കഴിയുന്ന ചെറുരാജ്യങ്ങളുമുള്ക്കൊള്ളുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷകള്‍ വേണ്ട. അതേസമയം, അമേരിക്കയുടെ വ്യാപരതീരുവയുദ്ധത്തിനും ലോകപോലീസായി സകലരെയും അടക്കിവാഴാമെന്ന അധികാര അഹങ്കാരത്തിനും മറുപടി അനിവാര്യമാണുതാനും.
ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ടുകള്‍ കരുത്താര്‍ജിച്ചാല്‍ അമേരിക്കയ്ക്ക് ശക്തമായ താക്കീതാകുമെങ്കിലും ഷാങ്ഹായ് കൂട്ടായ്മയുടെ ഭാവിയിലും ആശങ്കകളേറെയുണ്ട്. അമേരിക്കന്‍ അധിനിവേശത്തെ മറികടക്കാനുള്ള താത്കാലിക മറുമരുന്ന് എന്നതിലുപരി ഷാങ്ഹായ് ഉച്ചകോടിയെ ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നതും അപകടമാണ്. അതേസമയം, അയല്‍രാജ്യങ്ങളെ പിണക്കാതെ കൂടെനിര്‍ത്തി നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
ചൈനയെ വിശ്വസിക്കാമോ?
ചൈനയെ ഇന്ത്യക്കു വിശ്വസിക്കാമോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്നുയരുന്നത് നിസാരവത്കരിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യയിലെ അയല്‍രാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ചെറുതൊന്നുമല്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് ചൈന ലക്ഷ്യമിട്ടത് ഇന്ത്യയെയാണെങ്കിലും ആ രാജ്യത്തെ കടക്കെണിയിലാഴ്ത്തി വരുതിയിലാക്കി കൈവിടാനും ചൈന മടിച്ചില്ല.
ഇന്ത്യയുമായി 2009ല്‍ സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ട ആസിയാന്‍ രാജ്യങ്ങള്‍ പലതും ചൈനയുടെ ബിനാമികളാണ്. ഇന്ത്യയും ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തരവിപണിയുടെ 24 ശതമാനവും ചൈനീസ് ഉത്പന്നങ്ങളിന്ന് കൈയടക്കിയിരിക്കുന്നു. ഇതെങ്ങനെയെന്ന ചോദ്യത്തിന് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനന്തരഫലമെന്നാണ് ഉത്തരം.
ഇന്ത്യയോടുള്ള സ്നേഹമല്ല, അമേരിക്കയോടുള്ള ചൈനയുടെ എതിര്‍പ്പാണ് ഇപ്പോഴുള്ള അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്നാമ്പുറം. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ ഇരയായി എന്ന കാരണംകൊണ്ട് മറ്റു വാണിജ്യ പങ്കാളികളെ കണ്ടെത്തേണ്ടതും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ഇന്ത്യയുടെയും ആവശ്യമാണ്. പക്ഷേ ഇതു മനസിലാക്കി ചൈന മുതലെടുക്കാന്‍ ശ്രമിച്ചാല്‍ തടയിടാന്‍ ഇന്ത്യക്ക് സാധിക്കണം.
ഓപ്പറേഷന് സിന്ദൂറില്‍ ചൈനയില്‍നിന്നുള്ള പിന്തുണ പാക്കിസ്ഥാന് ലഭിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം. തകര്‍ന്ന സമ്പദ്വ്യവസ്ഥയില് നിലനില്പിനായി ആരെയും കൂട്ടുപിടക്കുന്ന ഗതികേടിലാണ് പട്ടാളവും മതവും നിയന്ത്രിക്കുന്ന പാക്കിസ്ഥാന് ഭരണകൂടമിന്ന്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഷാങ്ഹായ് ഉച്ചകോടി പുറംമോടിക്കപ്പുറം ലക്ഷ്യം കാണുമോയെന്നതും സംശയമാണ്.
ഉച്ചകോടിക്ക് മുന്നൊരുക്കമായി 2025 ജൂണില്‍ നടന്ന ഷാങ്ഹായ് അംഗരാജ്യ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബലൂചിസ്താന്‍ വിഷയത്തോടൊപ്പം പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ പിന്മാറിയിരുന്നു. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ദ റസിസ്റ്റന്റ്സ് ഫ്രണ്ടിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയപ്പോള്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താനവയിറക്കാന് ചൈന നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ വ്യാപാരവിഷയങ്ങള്‍ പ്രാദേശിക സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയോടൊപ്പം ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന നിലപാട് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും.
Leader Page
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദേശമായിരിക്കും പരിഗണിക്കുക. ജിഎസ്ടിക്കു നിലവിൽ നാലു നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ജിഎസ്ടിയെ രണ്ടു സ്ലാബുകളിൽ മാത്രമായി നിലനിര്‍ത്താനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അതായത് അഞ്ച്, 18 എന്നിങ്ങനെ നികുതിനിരക്കുകൾ മതിയെന്നതാണു നിലപാട്. ഇതിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം തേടാനായാണ് ഇപ്പോൾ യോഗം വിളിച്ചിട്ടുള്ളത്.
ജിഎസ്ടിയുടെ നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിലിൽ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ടതാണു സമിതി. 2017-18ൽ 28 ശതമാനം നികുതിനിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉത്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്കു താഴ്ത്തി. ഈ നികുതിമാറ്റത്തിലൂടെ സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയർത്തിയായിരുന്നു അന്നത്തെ നികുതി കുറയ്ക്കൽ തീരുമാനം നടപ്പാക്കിയത്. നേർവിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്നു കണ്ടെത്തി. പകരം ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണു നേട്ടമുണ്ടായത്.
2018-19ൽ കേരളത്തിനു ലഭിച്ച ജിഎസ്ടി നഷ്ടപരിഹാരം 3,532 കോടി രൂപയായിരുന്നു. 2019-20ൽ നഷ്ടപരിഹാരം 8,111 കോടി രൂപയായി ഉയർന്നു. 2017-18ൽ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വർഷങ്ങളിൽ നഷ്ടപരിഹാരം ഉയർത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്ടി കൗൺസിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശിപാർശകൾക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും ജിഎസ്ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തിൽ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നികുതിവരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു പഠനവും ഇല്ലാതെയാണു പുതിയ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്കു താഴ്ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാനനഷ്ടമുണ്ടാകും. കേരളത്തിലെ വിൽപ്പന നടത്തുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം 18-28 നികുതിനിരക്കിൽ ഉൾപ്പെടുന്നതാണ്. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി വലിയതോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്കു വലിയ വരുമാനനഷ്ടം വരുത്തും.
ഇൻഷ്വറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടി രൂപയ്ക്കടുത്തു വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണു ചെലവഴിക്കുന്നത്. ഇൻഷ്വറൻസ് പ്രീമിയത്തിൽനിന്നുള്ള നികുതി വരുമാനനഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയാസമാകും.
കേരള ലോട്ടറിയെയും പുതിയ നികുതി നിർദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്താനാണു നീക്കം. ഇത് കേരള ലോട്ടറിയെ തകർക്കും. ഏജന്റുമാരും വിൽപ്പനക്കാരുമടക്കം രണ്ടു ലക്ഷത്തിൽപരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.
ജിഎസ്ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകൾപോലും അനുകൂലിക്കുന്നില്ലെന്നതാണു യാഥാർഥ്യം. പുതിയ പരിഷ്കാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലു ലക്ഷം കോടിയിൽപരം രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണു പൊതുവിലയിരുത്തൽ.
ഇതിന്റെ യാഥാർഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്രസർക്കാരിനു മറ്റ് വരുമാനമാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വർഷം 3.25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽനിന്ന് 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻ തുക പിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളിൽനിന്നാണു ലഭിക്കുന്നത്. 2016-17 മുതൽ 2022-23 വരെ പിരിച്ച സെസിന്റെ കണക്കുകൾ പരിശോധിച്ചാൽ 15.34 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വലിയ തുകകളിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇഷ്ടംപോലെ ചെലവഴിക്കുകയായിരുന്നു.
ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവർക്കും മധ്യവരുമാനക്കാർക്കും നേട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതിഭാരം കുറയ്ക്കൽ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യൻ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതിനിരക്കാണ് ഈ മരവിപ്പിനു കാരണമെന്നും അതു കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേൽപ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലേക്കു യഥേഷ്ടം എത്തിച്ച് വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാർഥ്യമാക്കുകയാണ്. ഇത് ട്രംപിനുവേണ്ടിയുള്ള മോദിയുടെ പാതതെളിക്കലാണ്.
മോദിക്ക് രാജ്യതാത്പര്യം മത്രമല്ല, വ്യക്തിതാത്പര്യവും ഇക്കാര്യത്തിലുണ്ട്. 2025 സാമ്പത്തികവർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. അതേസമയം, യുഎസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതിൽ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ഒപ്പം ട്രംപിന് വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ താത്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്. ഇത്തരം ദേശീയവും വ്യക്തിപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. തങ്ങളുടെ ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മറികടന്ന് വ്യാപാരമിച്ചത്തിലേക്കു കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ ജിഎസ്ടി നികുതിഘടനയിൽ പൊളിച്ചെഴുത്തു വേണം. നികുതിനിരക്കുകൾ വൻതോതിൽ കുറയ്ക്കണം. അതിനുള്ള വഴിയൊരുക്കലിനായാണു തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ ആയുധമാക്കി സമ്മർദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുവ യുദ്ധവും പ്രഖ്യാപിച്ചത്.
ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണവും ഫലത്തിൽ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023-24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6,410 കോടി രൂപയുടേതാണ്. 17.34 ശതമാനം. ചൈന കഴിഞ്ഞാൽ കേരളത്തിൽനിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം കേരളമാണു സംഭാവന ചെയ്യുന്നത്. 2023-24ൽ 7,232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കൻ അധികച്ചുങ്ക നയം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. മാറ്റ്സ്, ബ്രഷ്, കൊക്കോ പിറ്റ് ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാണ് നിലവിൽ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. അതു നിലയ്ക്കും. ചെറുകിട, സഹകരണ കയർ സ്ഥാപനങ്ങളുടെയും കയർ തൊഴിലാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉത്പാദന വളർച്ചയെ തളർത്തും.
നമ്മുടെ നികുതി വരുമാനനഷ്ടം സർക്കാരുകളുടെ ചെലവുകൾ ചുരുക്കാൻ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യു നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. ഒപ്പം, ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടു വിഷയത്തിലും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കണ്ടതുണ്ട്.
Editorial
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. ട്രംപിന്റെ അധികതീരുവ അമേരിക്കക്കാർക്കും അധിക ബാധ്യതയായി.
ഇതരരാജ്യങ്ങളെ പാഠം പഠിപ്പിക്കാൻ ട്രംപ് ഇറക്കിയ അധികതീരുവ, അധികബാധ്യതയായത് മുഖ്യമായും അമേരിക്കക്കാർക്കാണെന്നാണ് സൂചന. വിലക്കയറ്റവും തൊഴിൽനഷ്ടവും ഉയരുകയാണ്. പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിക്കുകയും ചെയ്തു.
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. മിക്ക സുഹൃദ്രാജ്യങ്ങളെയും ട്രംപ് പിണക്കി. പ്രശ്നപരിഹാരത്തിന് അദ്ദേഹത്തിനു പദ്ധതികളുണ്ടാവാം. പക്ഷേ, ആഗോള-ആഭ്യന്തര വിപണിയിലെ അരാജകത്വവും അതിനെ ചെറുക്കാൻ രൂപംകൊള്ളുന്ന പുതിയ അന്തർദേശീയ കൂട്ടുകെട്ടുകളും അമേരിക്കയെ തുണയ്ക്കുമോയെന്നു കാത്തിരുന്നു കാണണം.
നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, യുഎസ് കോൺഗ്രസിനാണെന്നും ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നുമാണ് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് വിധിച്ചത്. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കേണ്ട അധികാരം ദുരുപയോഗിച്ച് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാരലംഘനവുമാണെന്ന് കോടതി പറഞ്ഞു.
കീഴ്ക്കോടതി വിധിക്കെതിരേയുള്ള അപ്പീലിലാണ് തിരിച്ചടി. അധികതീരുവ കോടതി റദ്ദാക്കിയില്ല എന്നതാണ് ട്രംപിന്റെ ആശ്വാസം. സുപ്രീംകോടതിയെ സമീപിക്കുമെന്നും അവസാനം അമേരിക്ക വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുന്ന പ്രതിപക്ഷവും വിലക്കയറ്റത്തിന്റെയും തൊഴിൽനഷ്ടത്തിന്റെയും കെടുതി അനുഭവിക്കുന്ന ജനവും കോടതിയുമൊക്കെ അമേരിക്കതന്നെയാണെന്ന യാഥാർഥ്യം അദ്ദേഹം മറച്ചുവയ്ക്കുകയാണ്. ഭരണാധികാരിയുടെ തെറ്റായ തീരുമാനങ്ങളെ രാജ്യസ്നേഹത്തിന്റെ പരിചകൊണ്ടു തടയാൻ ശ്രമിക്കുന്ന രാഷ്ട്രീയ കുതന്ത്രം!
അധികതീരുവയെ തുടർന്ന് ഇറക്കുമതി കുറഞ്ഞതോടെ അമേരിക്കയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില 2.6 ശതമാനം വർധിച്ചത് വർഷാവസാനത്തോടെ 3.4 ശതമാനമാകുമെന്നും ഇതു കഴിഞ്ഞ 20 വർഷത്തെ ശരാശരിയായ 2.9 ശതമാനം കവിയുമെന്നുമാണ് വിദഗ്ധാഭിപ്രായം.
വൈദ്യുതി, തുണി, ചെരിപ്പ്, മുട്ട തുടങ്ങി പലതിനും ചെലവേറി. സാധാരണക്കാർക്ക് പ്രതിമാസ അധികച്ചെലവ് 2,400 ഡോളറായി. ട്രംപിന്റെ തീരുവനയത്തിന്റെ പ്രത്യാഘാതം നേരിട്ടുതുടങ്ങിയെന്ന് വൻകിട കന്പനികൾ പറഞ്ഞു. ത്രൈമാസ വരുമാനത്തിൽ 9,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജനറൽ മോട്ടോഴ്സ് വെളിപ്പെടുത്തി. ട്രംപ് ഭരണത്തിലെ എട്ടു മാസത്തിനിടെ ജോലി നഷ്ടമായവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. കോവിഡിനുശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടമാണിത്.
അന്തർദേശീയ തലത്തിലും ട്രംപിന്റെ എടുത്തുചാട്ടം പ്രത്യാഘാതങ്ങളുണ്ടാക്കി. എഴുപതിലധികം രാജ്യങ്ങൾക്ക് 10 മുതൽ 50 ശതമാനംവരെ തീരുവയാണ് ട്രംപ് ചുമത്തിയത്. ഉയർന്ന ഇറക്കുമതിതീരുവ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി എന്നിവ ആരോപിച്ച് ഏറ്റവും വലിയ നിരക്കാണ് ഇന്ത്യക്ക് ഏർപ്പെടുത്തിയത്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യ ആഭ്യന്തരമായും അന്തർദേശീയമായും ചടുലനീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
അമേരിക്കയുടെയും ഇന്ത്യയുടെയും ശത്രുരാജ്യമായി കണക്കാക്കിയിരുന്ന ചൈനയുമായി പുതിയ ബന്ധങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടു. ഏഴു വർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി മോദി ചൈന സന്ദർശിച്ചു. റഷ്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അധികച്ചുങ്കം ഏർപ്പെടുത്താൻ ട്രംപ് യൂറോപ്യൻ യൂണിയനിലും സമ്മർദം ചെലുത്തുകയാണ്.
ട്രംപ് ഫ്രണ്ടല്ലെന്ന തിരിച്ചറിവിൽ, പ്രതിസന്ധിയെ അവസരമാക്കാനുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശ്രമം വിജയിച്ചാൽ അമേരിക്കയ്ക്കു മേൽക്കൈ ഉണ്ടായിരുന്ന ലോകക്രമത്തിൽ മാറ്റമുണ്ടാകും. അത്, അമേരിക്കയുടെ സാന്പത്തിക- സൈനിക ആജ്ഞാശക്തിയെ ദുർബലമാക്കും.
തെരഞ്ഞെടുപ്പുകൾക്കു മധ്യേയുള്ള കാലം പ്രതിപക്ഷം വിശ്രമത്തിന്റേതാക്കുന്ന അമേരിക്കൻ രാഷ്ട്രീയമാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ദുർബല പ്രതികരണത്തിൽ തെളിയുന്നത്. ആഗോളവത്കരണത്തിന്റെ വക്താവായിരുന്ന അമേരിക്കയെ തനിച്ചു വളരാമെന്നു കരുതുന്ന മൗഢ്യത്തിലേക്കാണ് ട്രംപ് നയിക്കുന്നത്. കയറ്റുമതിയെ മാത്രം ആശ്രയിച്ച് നിലനിൽക്കാനാവില്ലെന്നാണ് അവിടത്തെ പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ ട്രംപിനെ ഉപദേശിക്കുന്നത്.
മറ്റു രാജ്യങ്ങളുടെയും സ്വന്തം പൗരന്മാരുടെയും പാർട്ടിയുടെയും കോടതികളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് ട്രംപ് മുന്നോട്ട് നീങ്ങുന്നത്ര രാജ്യം പിന്നോട്ടു പോകുന്നതിന്റെ ലക്ഷണം ദൃശ്യമാണ്. ആഗോള ജനാധിപത്യ കെട്ടുറപ്പിൽ ട്രംപ് സൃഷ്ടിച്ച വിള്ളൽ നികത്താൻ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളെത്തുന്നതും സമാന്തര കാഴ്ചയാണ്. ട്രംപ് തിരുത്തിയില്ലെങ്കിൽ പ്രശ്നം സാന്പത്തികം മാത്രമായിരിക്കില്ല.