പാറ്റ്ന: ബിഹാറിലെ ജനങ്ങൾ എല്ലാ റിക്കാർഡുകളും തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ വിജയം നേടിയതിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കൽ കൂടി എൻഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു.
വികസനം പുതിയ തലത്തിൽ എത്തിക്കുമെന്ന് ഞാൻ ബിഹാറില്‍ വന്ന് വാഗ്ദാനം നൽകിയതാണ്. മഹിളാ-യൂത്ത് ഫോര്‍മുലയാണ് ബിഹാറിൽ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മോദി പറഞ്ഞു.
നിങ്ങൾ തിരിച്ചുവരില്ല. ബിഹാർ ജനതയ്ക്ക് വികസനമാണ് വേണ്ടത്, കാട്ടുഭരണമല്ല. അവർക്ക് വേണ്ടത് പ്രണീനമല്ല, സന്തോഷവും സംതൃപ്തിയുമാണെന്ന് ആർജെഡിയോടും കോൺഗ്രസിനോടുമായി മോദി പറഞ്ഞു.
സമാധാനപരമായിട്ടാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിംഗ് വേണ്ടിവന്നില്ല എന്നത് നേട്ടമാണ്. എസ്ഐആറിനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവരും ഇത്തവണ പരാജയപ്പെട്ടു.
ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവര്‍ക്കൊപ്പവും ജനം നിന്നില്ല. ജനത്തിന് വേണ്ടത് വേഗത്തിലുള്ള വികസനം മാത്രമാണ്. ജംഗിള്‍ രാജിനെ ജനം ഒരിക്കൽ കൂടി തള്ളി. ഇതിന് കാരണം വനിതകളുടെ തീരുമാനമാണ്. അവരാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. കോണ്‍ഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കി. റെഡ് കോറിഡോര്‍ ഇപ്പോള്‍ ചരിത്രമായി. ബിഹാര്‍ വികസനത്തിൽ കുതിക്കുകയാണ്.
എൻഡിഎയിലെ ആളുകളായ ഞങ്ങൾ ജനങ്ങളുടെ സേവകരാണ്. കഠിനാധ്വാനത്തിലൂടെ ഞങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കുന്നത് തുടരും. ജംഗിൾ രാജിനെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ, ആർജെഡി അതിനെ എതിർത്തില്ല, പക്ഷേ കോൺഗ്രസ് അതിനെ എതിർത്തു. ഇന്ന് ഞാൻ വീണ്ടും പറയുന്നു കാട്ടുഭരണം തിരിച്ചു വരില്ല.
ബിഹാറിലെ ജനങ്ങൾ എല്ലാ റിക്കോർഡുകളും തകർത്തു. എൻഡിഎയ്ക്ക് വമ്പിച്ച വിജയം നൽകണമെന്ന് ഞാൻ ബിഹാറിലെ ജനങ്ങളോട് അഭ്യർഥിച്ചു, അവർ എന്റെ അഭ്യർഥന അംഗീകരിച്ചു.
കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുകയാണ്. വോട്ട് ചോരി പോലുള്ള അടിസ്ഥാനരഹിതമായ വിഷയങ്ങളെക്കുറിച്ച് നിസാരമായ പരാതികൾ നൽകുന്നു, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുന്നു. കോൺഗ്രസിന് രാജ്യത്തെക്കുറിച്ച് ഒരു പോസിറ്റീവ് കാഴ്ചപ്പാടുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Tags : PM Modi Bihar Win nda election