Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്.
കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം വോട്ടർമാർ കൂടിയിട്ടുണ്ട്. എന്നാൽ 53, 229 പേരെ അതിൽ നിന്നൊഴിവായി. ലോക്സഭയിലെ വോട്ടർ പട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. എന്നാൽ നിയമസഭാ വോട്ടർ പട്ടികയേക്കാൾ എണ്ണം കൂടിയിട്ടുണ്ട്.
പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനു ശേഷമാണ് (എസ്ഐആർ) അന്തിമ വോട്ടർ പട്ടിക വരുന്നതെങ്കിലും വിവിധ രാഷ്ട്രിയ പാർട്ടികൾ വ്യത്യസ്ത അഭിപ്രായവുമായി വന്നുകഴിഞ്ഞു. കള്ള വോട്ടുകൾ വീണ്ടും കടന്നുകൂടിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആക്ഷേപിച്ചു.
ബൂത്തുകൾ വൻതോതിൽ പുനർനിർണയിക്കപ്പെട്ടതിനാൽ വോട്ടർമാർക്ക് നാലഞ്ചു കിലോമീറ്റർ വരെ കൂടുതൽ പോകേണ്ടി വരുന്നെന്നും അതിനാൽ ബൂത്തുകൾ പുനക്രമീകരിക്കണമെന്നും കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
എസ്ഐആർ വഴി പൗരൻമാരെ പുറത്തുകളയുമെന്ന് വർഗീയ തലത്തിൽ വരെ വ്യാഖ്യാനിച്ചവർ ലജ്ജിച്ച് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ പറഞ്ഞു.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാരുകൾ പൊതുജനങ്ങൾക്കു സൗജന്യങ്ങളും സബ്സിഡികളും പ്രഖ്യാപിക്കുന്നതിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത്തരം നടപടികളുടെ ആത്യന്തിക ഭാരം നികുതിദായകരായ സാധാരണക്കാർ തന്നെ ചുമക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
സാന്പത്തിക വേർതിരിവില്ലാതെ സൗജന്യങ്ങൾ നൽകുന്നത് പ്രീണനമല്ലാതെ മറ്റൊന്നുമല്ലെന്നും രാജ്യത്തിന്റെ സാന്പത്തിക വികസനത്തിനു വെല്ലുവിളിയാണെന്നും കോടതി പറഞ്ഞു. വർധിച്ചുവരുന്ന വരുമാന കമ്മിക്കിടയിലും സർക്കാരുകളുടെ ഇത്തരം നടപടികൾ വർധിച്ചുവരുന്നതായും ബെഞ്ച് നിരീക്ഷിച്ചു.
2024ലെ വൈദ്യുതി ചട്ട ഭേദഗതിക്കെതിരേ തമിഴ്നാട് വൈദ്യുതിവിതരണ കന്പനി നൽകിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ജി, വിപുൽ പഞ്ചോലി എന്നിവരുടെ ബെഞ്ച് വിമർശനമുന്നയിച്ചത്. ഇത്തരത്തിൽ എത്രകാലം സൗജന്യ വാഗ്ദാനങ്ങൾ തുടരാൻ സാധിക്കുമെന്നും ഇത്തരം നടപടികൾ രാജ്യത്തിന്റെ ദീർഘകാല സാന്പത്തികവികസനത്തെ തടസപ്പെടുത്തുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരെ പിന്തുണയ്ക്കാൻ സർക്കാരിനു കടമയുണ്ട്. എന്നാൽ പൊതുവായി നൽകുന്ന സൗജന്യ ആനുകൂല്യങ്ങൾ ശരിയായ ലക്ഷ്യമാണോ നേടുന്നതെന്നും കോടതി ചോദിച്ചു.
തമിഴ്നാടുമായി ബന്ധപ്പെട്ട വിഷയമാണു കോടതി പരിഗണിച്ചെതെങ്കിലും തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്താകെ സൗജന്യങ്ങൾ നൽകുന്ന വിവിധ സംസ്ഥാനങ്ങൾക്കെതിരേയും രൂക്ഷഭാഷയിൽ കോടതി വിമർശനമുന്നയിച്ചു. രാജ്യത്താകെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഇതു പലപ്പോഴും തങ്ങളെ അസ്വസ്ഥരാക്കുന്നതായും കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ റോ ഗ്രൂപ്പില്ല തന്റെ ജീവിതകാലത്തിൽ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണി പാലായിൽ മത്സരിക്കണമെന്നതു തന്റെ വ്യക്തിപരമായ ആഗ്രഹമാണ്.
പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങൾ തെറ്റ് തിരുത്താൻ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നിൽക്കുകയാണ്. അദ്ദേഹവുമായി ഒരു തർക്കവുമില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ ആരും പറഞ്ഞിട്ടില്ല. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് പാർട്ടി ചെയർമാൻതന്നെ പറഞ്ഞിരുന്നു.
പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്നും പാർട്ടി തീരുമാനിക്കുമെന്നാണ് താൻ പറഞ്ഞത്. കെ.എം. മാണിയേക്കാൾ കൂടുതൽ അപ്ഗ്രേഡായ നേതാവാണ് ജോസ്. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്റെ അവകാശം കടലിന്റെ മക്കൾക്കെന്ന് അദ്ദേഹം പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.
ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയിൽ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കൾ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെയെന്നും റോഷി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Kerala
കൊച്ചി: കളമശേരി മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർഥിയായി വീണ്ടും അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനും മുന്നേ കളമശേരി മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് അബ്ദുൾ ഗഫൂർ. പ്രതിപ ക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്രയ്ക്ക് മുന്നേ അബ്ദുൾ ഗഫൂർ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചുകഴിഞ്ഞു.
യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കളമശേരിയിൽ കഴിഞ്ഞ തവണ പി. രാജീവ് വിജയച്ചത് 10,850 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. വീണ്ടും ഭരണം പിടിക്കാൻ നിയമമന്ത്രിയായ പി. രാജീവ് വികസന മുന്നേറ്റ ജാഥ നടത്തി മണ്ഡലത്തിൽ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നു.
എൽഎഡിഎഫിന്റെ മധ്യമേഖല ജാഥയ്ക്ക് മുന്നേ രാജീവ് പ്രചാരണം ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ പലയിടത്തും പി. രാജീവ് ‘ഒപ്പം’ പദ്ധതികളിലൂടെ അടക്കം നടപ്പാക്കിയ വികസനങ്ങളുടെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാജീവ് മത്സരിക്കുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല.
District News
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവി പാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയിൽ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു.
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ വോട്ടർമാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികൾ പര്യടനം നടത്തും.
കളക്ടറേറ്റിൽ നിന്നും പര്യടനം ആരംഭിച്ച വോട്ടുവണ്ടി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്തു.
പൊതു ജനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ വോട്ട് വണ്ടികളുടെ സേവനം ഉപയോഗിക്കാം. കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, എൽഎ ഡെപ്യൂട്ടി കളക്ടർ എം.കെ. ഇന്ദു, ഇലക്ഷൻ അസിസ്റ്റന്റ് ബിനു, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Kerala
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റും സന്തതസഹചാരിയുമായിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പുതുയുഗയാത്ര ഇന്നു പാലക്കാട്ടെത്തുമ്പോള് സുരേഷ് ജാഥയില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കെപിസിസി നേതാക്കള്‍ ചര്‍ച്ച നടത്തി. കെപിസിസി വക്താവ് സന്ദീപ് വാര്യരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ഇനി സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫാണെന്നും സുരേഷ് പറഞ്ഞു.
പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ കെപിസിസി നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎമ്മില്‍ കടുത്ത അപമാനമാണ് നേരിട്ടതെന്നു സുരേഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
പുറത്താക്കിയാല്‍ പുറത്താക്കിയതുതന്നെയാണ്. ഇനി നൂറുതവണ അപ്പീല്‍ തന്നിട്ടും കാര്യമില്ല. സുരേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യം പാര്‍ട്ടി പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് വിട്ടുപോകുന്നതു മലമ്പുഴയിലെ സിപിഎം വോട്ടുകളെ ബാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിനിടെ സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സ്വാഗതം ചെയ്തു.
ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വി.എസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് ഇന്നു വ്യക്തമായ തീരുമാനമുണ്ടാകും.
Kerala
തിരുവന്തപുരം: കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവിരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.
അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കടകംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം.
Kerala
കോഴിക്കോട്: അനിവാര്യമായ ഒന്നാണ് സുന്നി ഐക്യമെന്നും ഐക്യം യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം മുന്നിലുണ്ടാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുകൂലമായി പ്രതികരിച്ചതിൽ സന്തോഷമുണ്ട്. പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഇക്കാര്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുന്നി ഐക്യം സന്തോഷമുള്ള കാര്യമാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല ഐക്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബവും താനും ഐക്യ ചർച്ചയുടെ ഭാഗമായിട്ടുണ്ട്. മാറി നിൽക്കുകയുമില്ല, മാറി നിൽക്കാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം പ്രതിപക്ഷ നേതാവ് വി. ഡി. സതീശനൊപ്പം ഇരിക്കുമെന്നും നീക്കുപോക്കുകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വച്ചുമാറുന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും. യുവാക്കളുടെ കാലമാണിത്. വിജയ സാധ്യത നോക്കി അവരെ സ്ഥാനാർഥികളാക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.
ബിജെപിയെ പൂട്ടിച്ചു
2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഉഗ്രപോരാട്ടം
കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.
International
ന്യൂഡൽഹി: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കും താരിഖ് റഹ്മാനും ആശംകളറിയിച്ച് പ്രധാനമന്ത്രി മോദി.
അയൽരാജ്യത്ത് ജനാധിപത്യ ഭരണക്രമത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നു മോദി ഉറപ്പുനൽകി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്.
"പുരോഗമനപരവും ജനാധിപത്യപരവുമായ ബംഗ്ലാദേശിനൊപ്പം ഇന്ത്യ നിലകൊള്ളും. ഇരുരാജ്യങ്ങളുടെയും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും താരിഖ് റഹ്മാനോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു' -മോദി കുറിച്ചു.
ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ബന്ധം പൂർവസ്ഥിതിയിലാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായാണ് മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം പരിഗണിച്ച്, പുതിയ ബിഎൻപി സർക്കാരിന്റെ നിലപാടുകളെ അതീവ ജാഗ്രതയോടെയാണ് നയതന്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നത്.
International
ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്.
ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്.
2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.
യുഎസിന്റെ അഭിനന്ദനം
ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അമേരിക്ക അഭിനന്ദിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ബിഎൻപിക്കും ആശംസകൾ നേരുന്നതായും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കുമായി പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നതായും യുഎസ് സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പറഞ്ഞു.
ഇന്ത്യയോടുള്ള സൗഹൃദം
പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരിഖിന്റെ മറുപടി. ഇന്ത്യയുമായുള്ള സൗഹൃദം വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ചെറുപ്പക്കാര്‍ വരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും കുര്യൻ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിയോട് പറയുമെന്നും ഇനി പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും കുര്യന് പറഞ്ഞു.
പാര്‍ട്ടി തീരുമാനിക്കുന്നവരായിരിക്കും സ്ഥാനാര്‍ഥികള്‍. സ്വയം പ്രഖ്യാപിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ ആയെന്നും വരാം, ആയില്ലെന്നും വരാം. അത് വലിയ കാര്യമൊന്നുമില്ല. അതിപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് പറയാം. ഞാന്‍ മത്സരിക്കുന്നുവെന്ന് എനിക്ക് വേണമെങ്കില്‍ പറയാം.
ചെറുപ്പക്കാര്‍ മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മത്സരിക്കാന്‍ താല്പര്യമില്ല. മത്സരിക്കാന്‍ പാര്‍ട്ടി എന്നോട് പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും. കുര്യന് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്കിയ മുഴുവന്‍ പേരുടെയും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.
അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിയറിംഗ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നില്‍.
ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിംഗ് പൂര്‍ത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ ഒൻപത് മണ്ഡലങ്ങളിലും നടപടികള്‍ പൂര്‍ത്തിയായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 23-ന് ആരംഭിച്ച ഹിയറിംഗ് ഈ മാസം 14നാണ് പൂര്‍ത്തിയാകുക.
സംസ്ഥാനത്തെ വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.
Kerala
കോതമംഗലം: പാലായിലെ സ്ഥാനാർഥിത്വത്തെ പൂർണമായി തള്ളാതെ ജോസ് കെ. മാണി. സ്ഥാനാർഥിത്വത്തെക്കുറിച്ചു റോഷി അഗസ്റ്റിൻ പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്നയാളാണ് റേഷി. ആ ചോരത്തിളപ്പ് റോഷിക്കുണ്ട്. വ്യാഖ്യാനങ്ങൾ പലതുമുണ്ടാകും. റോഷിയുമായി സഹോദരതുല്യ ബന്ധമാണുള്ളത്. മത്സരിക്കുന്ന കാര്യം ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ. മാണി കോതമംഗലത്ത് പറഞ്ഞു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചന പുറത്തുവന്നതോടെ പ്രചാരണം ശക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് പറഞ്ഞാണ് കാപ്പൻ പ്രചാരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയ മണ്ഡലമാണ് പാല. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് കാപ്പൻ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ജോസ് കെ.മാണിയും കൂട്ടരും എൽഡിഎഫിൽ എത്തിയതോടെ കാപ്പൻ മറുകണ്ഡം ചാടുകയായിരുന്നു.
2021ലെ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിന് പ്രാഥമിക ചര്‍ച്ചയില്‍ ബാലുശേരി, മാനന്തവാടി സീറ്റുകള്‍ ചോദിച്ചെങ്കിലും യുഡിഎഫ് നേതൃത്വം നിഷേധിച്ചതില്‍ അസോസിയേറ്റ് പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍(ജെആര്‍പി) പ്രതിഷേധം.
സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ മാനന്തവാടി, ബത്തേരി പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ ജെആര്‍പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വയനാട് ജില്ലാ സെക്രട്ടറി കൃഷ്ണന് തവിഞ്ഞാല്‍, വൈസ് പ്രസിഡന്റ് എ. ചന്തുണ്ണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബീന നടവയല്‍, കെ.എ. അരുണ്‍, കെ.ബി. രാമചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സി.കെ. ജാനു ഉള്‍പ്പെടെ പാര്‍ട്ടി സംസ്ഥാന നേതാക്കളുടെ അനുവാദത്തോടെയാണ് വാര്‍ത്താസമ്മേളനമെന്ന് അവര്‍ വ്യക്തമാക്കി. ജെആര്‍പിക്ക് യുഡിഎഫ് സീറ്റ് അനുവദിക്കാത്തപക്ഷം മാനന്തവാടിയില്‍ പാര്‍ട്ടി സംസ്ഥാന നേതാവ് സി.കെ. ജാനു ജനവിധി തേടും. ബത്തേരിയിലെ സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കും.
പട്ടികവര്‍ഗത്തിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ബെട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങളെ ഇടത്, വലത് മുന്നണികള്‍ അവഗണിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പട്ടികവര്‍ഗത്തിലെ കുറുമ, കുറിച്യ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് പരിഗണന ലഭിക്കുന്നത്. മറ്റ് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ജില്ലയിലെ സംവരണ മണ്ഡലങ്ങളില്‍നിന്ന് നിയമസഭയിലെത്തുന്നവര്‍ പട്ടികവര്‍ഗ ജനതയുടെ പ്രശ്നപരിഹാരത്തിന് ശക്തമായ ഇടപെടല്‍ നടത്തുന്നില്ല. പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടതടക്കം നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ഭൂ-ഭവന രഹിതരായി തുടരുകയാണ്. ആദിവാസികള്‍ക്ക് പതിച്ചുനല്കാന് സുപ്രീം കോടതി ഉത്തരവായ ഭൂമിയുടെ വിതരണം പോലും നടത്തുന്നില്ലെന്നും ജെആര്‍പി നേതാക്കള്‍ പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
Kerala
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു. ഭൂരിഭാഗം അംഗങ്ങളും സിപിഎം അനുഭാവികളായതിനാൽ വീണ്ടും ഒരു സിപിഎം ഭരണസമിതിയെ അധികാരത്തിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു വരുത്തിതീർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
കരുവന്നൂര്‍ തട്ടിപ്പ് കണ്ടെത്തിയ 2021 മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക് ഉള്ളത്. ഈ മാസം 22 ന് മാടായിക്കോണം ചാത്തന് മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ്. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടവകാശം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
Kerala
തലശേരി: പതിറ്റാണ്ടുകളായി എം പിയും എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്നവർ പോലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി അങ്കം വെട്ടുമ്പോൾ മത്സരത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ രണ്ടാമൻ. കെപിസിസി ട്രഷററും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സന്തത സഹചാരിയുമായ വി.എ. നാരായണനാണ് മത്സരരംഗത്തില്ലെന്നു നവ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കെ പിസിസിയിൽ പ്രസിഡന്റ് കഴിഞ്ഞാൽ പിന്നെ ഒരാൾ മാത്രമുള്ള പദവി ട്രഷറർ പദവിയാണ്. ഈ പദവിയിരിക്കുന്നയാളാണ് മത്സരരംഗത്തേക്കു
വി.എ. നാരായണൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായിരിക്കുമ്പോൾ സെക്രട്ടറിയായിരുന്നയാളാണ് കെ.സി. വേണുഗോപാൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മത്സരിക്കാൻ സാധ്യതയുള്ളപ്പോഴാണ് കെ.സി. വേണുഗോപാൽ വഴി
ഹൈക്കമാൻഡിൽ നല്ല സ്വാധീനമുള്ള നാരായണൻ മൽസ രംഗത്തേക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലത്തിലും തന്റെ പേര് പരിഗണിക്കുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ, ഒരു മണ്ഡലത്തിലും താൻ മൽസരിക്കുന്നില്ലെന്നുമാണ് നാരായണൻ പറയുന്നത്.
കെഎസ്യു താലൂക്ക് സെക്രട്ടറിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം കെപിസിസി ട്രഷറർ എന്ന വലിയ പദവിയിൽ എത്തി നിൽക്കുകയാണ്. പ്രസ്ഥാനം അർഹിക്കുന്നതിലും വലിയ പരിഗണന ഓരോ ഘട്ടത്തിലും നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കു പുറമെ പല സുഹൃത്തുക്കളും നിയമ സഭയിലേക്ക് മൽസരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരോടും സ്നേഹത്തോടെ പറയുന്നു ഒരു മണ്ഡലത്തിലും മൽസരിക്കുന്നില്ല. പ്രസ്ഥാനത്തിനായി മൽസരിക്കുന്നവരെ വിജയിപ്പിക്കാൻ താൻ ഉണ്ടാകുമെന്നും നാരായണൻ പറയുന്നു.
Kerala
തിരുവനന്തപുരം: 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന വാദം ആവർത്തിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടന്ന സാഹിത്യോത്സവത്തിലാണ് സുരേന്ദ്രൻ അവകാശവാദം ഉന്നയിച്ചത്. നാലു സീറ്റ് കൊണ്ട് ഞങ്ങൾ മറ്റത്തൂർ ഭരിക്കുന്നില്ലേ.
അതു പോലെ കേരളവും ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും സുരേന്ദ്രൻ സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റിൽപോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ ഓപ്പറേഷൻ താമര നീക്കം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
നാലു ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവെച്ച കോണ്‍ഗ്രസുകാരും വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായി. തുടർന്ന് പാർട്ടിയുമായി നടത്തിയ അനുനയ ചർച്ചയെ തുടർന്ന് കൂറുമാറിയ എല്ലാവരും തിരിച്ചെത്തിയിരുന്നു.
Kerala
ഇടുക്കി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സിപിഎം വിട്ട് ബിജെപിയിലെത്തിയ എസ്. രാജേന്ദ്രൻ. പാർട്ടി ആവശ്യപ്പെട്ടാലും മത്സരരംഗത്ത് ഇറങ്ങില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
"തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ദേവികുളത്ത് നിന്നല്ല എവിടെ നിന്നും ജനവിധി തേടില്ല. ഈക്കാര്യ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപര്യം.'- രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിൽ സഹകരണ ബാങ്ക് തുടങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയല്ല. സാധരണകാരുടെ നന്മക്ക് വേണ്ടിയാണ്. തോട്ടം തൊഴിലാളികൾക്കായി സൗജന്യമായി വീട് നിർമിക്കുമെന്നും മൂന്നാറിൽ അടുത്ത മാസം വമ്പൻ പ്രഖ്യാപനങ്ങൾ രാജീവ് ചന്ദ്രശേഖർ നടത്തുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
മുന്നൂറോളം പേർ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു രാജേന്ദ്രന് സിപിഎം വിട്ട് ബിജെപിയിൽ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്‍ന്നതെന്ന് രാജേന്ദ്രന് പറഞ്ഞിരുന്നു.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പാർട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില്‍ വളരെയധികം മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും രാജേന്ദ്രന് പറഞ്ഞിരുന്നു.
Kerala
കോതമംഗലം: കേരള കോൺഗ്രസിന്റെ സീറ്റുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. സീറ്റ് വച്ചുമാറുന്നതോ വിട്ടുനൽകുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചർച്ചയ്ക്ക് നിലവിൽ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി കോൺഗ്രസുമായി ചർച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡമെന്നും ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജോസഫിന്റെ പ്രതികരണം. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള പോര് തുടരുന്നു. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ഡീലിന്റെ അന്തസത്തയെന്നും ശിവൻകുട്ടി ആരോപിച്ചു.
വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷ നേതാവിനെ വി.ശിവൻകുട്ടി നേരത്തെ നേമത്ത് മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, ശിവൻകുട്ടി തന്നേക്കാൾ വളരെയധികം സംസ്കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഈ നാല് മണ്ഡലങ്ങളിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയസാധ്യത ഇല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഈ നിലപാടിലേക്ക് എത്തിയത്. കോൺഗ്രസ് നേരിട്ട് മത്സരിച്ചാൽ ഈ സീറ്റുകൾ ഉറപ്പായും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടി വിലയിരുത്തൽ.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്
കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും.
പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്.
എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.
Kerala
മലപ്പുറം: കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂരിന് ഒരു സ്പെഷൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കും. പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസറാണ്.
കേരളം കണ്ടിട്ടില്ലാത്ത വർഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായിൽ നിന്നും വരുന്നതെന്നും അൻവർ വിമർശിച്ചു.
കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച് ആർജെഡി നേതൃത്വം. കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ച തങ്ങളുടെ സ്ഥാനാർഥികൾ തോൽക്കാൻ കാരണം സിപിഎം നേതാക്കളാണ്.
തങ്ങളുടെ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ഒരു വിഭാഗം സിപിഎം നേതാക്കൾ പ്രവർത്തിച്ചെന്നും ആർജെഡി നേതൃത്വം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് ഉൾപ്പെടുത്തി ആർജെഡി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
ആർജെഡി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനം വരെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഇല്ലെങ്കിൽ പ്രവർത്തകർ സ്വന്തം നിലയിൽ തീരുമാനം എടുക്കുമെന്നും ആർജെഡി വ്യക്തമാക്കി.
അതേസമയം ആർജെഡിയുടെ ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളി. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായിട്ടാണ് നേരിട്ടതെന്നും അവർ പറഞ്ഞു.
Kerala
ന്യൂഡൽഹി: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി നിർദേശം നൽകി. ന്യൂഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് രാഹുൽ നിർദേശം നൽകിയത്.
ജോസ് കെ. മാണി യുഡിഎഫിൽ എത്തുന്നതിലൂടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. അദ്ദേഹത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
യുഡിഎഫിലേക്കില്ലെന്നും ഇടത് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ യുഡിഎഫിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയർന്നിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പ്രചാരണത്തിന്റെഭാഗമായി ചെങ്കൽപ്പേട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി നടത്തും. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി.ടി.വി. ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
പൊതുയോഗത്തിന് ശേഷം വൈകുന്നേരം അഞ്ചിന് മോദി ഡൽഹിക്ക് മടങ്ങും. അതേസമയം പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ള ഇന്നു തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
Kerala
കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും. വർഷങ്ങളായി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നതിനാല്‍ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. ഇത് പാർട്ടിയെ ദുര്‍ബലമാക്കി.
അതിനാൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഗ്രഹമെന്നും റിപ്പോര്‍ട്ടുണ്ട്. ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മറ്റ് സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സഖ്യത്തില്‍ പാര്‍ട്ടിക്ക് വളരാന്‍ കഴിയില്ലെന്നും ദീര്‍ഘകാലമായി മത്സരിക്കാത്ത മേഖലകളില്‍ കോണ്‍ഗ്രസ് തകരുമെന്നും ബംഗാളിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കണമെന്നാണ് നേതാക്കളുടെ പക്ഷം.
National
ന്യൂഡൽഹി: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് ചിഹ്നമായി. വിസിൽ ആണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിലാകും ടിവികെ സ്ഥാനാർഥികൾ മത്സരിക്കുക. ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 11-നാണ് ടിവികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും പരിഗണനയ്ക്കായി പാർട്ടി സമർപ്പിച്ചിരുന്നു.
കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനും (എംഎൻഎം) തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോർച്ചാണ് എംഎൻഎമ്മിന്റെ ചിഹ്നം.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജനുവരി 26-ന് മൂവാറ്റുപുഴ നിർമ്മല എച്ച് .എസ്.എസിൽ നടക്കും.
ജനറൽ ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറിമാർ (ആൺകുട്ടിയും, പെൺകുട്ടിയും), ജോയിന്റ് സെക്രട്ടറിമാർ, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, എന്നീ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്.
പ്രവിശ്യാതല ഭാരവാഹികളിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സംസ്ഥാന ഭാരവാഹികളായി മത്സരിക്കാൻ യോഗ്യതയുള്ളത്.
തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞചൊല്ലി സ്ഥാനമേൽക്കും.
National
പൂന: പൂന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യത്തിൽ മത്സരിക്കാൻ എൻസിപിയിലെ ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തീരുമാനിച്ചു.
പൂന, പിംപ്രി-ചിഞ്ച്വാഡ് നഗരസഭകളിലും ഇരു വിഭാഗവും സഖ്യത്തിൽ മത്സരിച്ചിരുന്നു. 24 സീറ്റുകളാണ് ജില്ലാ പരിഷത്തിലുള്ളത്.
Kerala
തൃശൂർ: അഴിമതി, തട്ടിപ്പ് ആരോപണങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പു വിജ്ഞാപനമിറങ്ങി. ഫെബ്രുവരി 22ന് മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഗവ. യുപി സ്കൂളിലാണു തെരഞ്ഞെടുപ്പു നടക്കുക. കരുവന്നൂർ അഴിമതി കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. ഫെബ്രുവരി ആറിനു രാവിലെ 11മുതൽ ഉച്ചയ്ക്കു ശേഷം രണ്ടുവരെ ബാങ്ക് ഒാഫീസിൽ നാമനിർദേശപത്രിക നേരിട്ടു സമർപ്പിക്കാം.
പിറ്റേന്നു രാവിലെ 11മുതൽ ബാങ്ക് ഒാഫീസിൽ നാമനിർദേശ പത്രികകൾ സുക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കും. ഒന്പതിനു വൈകീട്ട് അഞ്ചുവരെയാണു പത്രികകൾ പിൻവലിക്കാനുള്ള അവസാനതീയതി.
ബാങ്ക് നടത്തിപ്പിനായി 13 അംഗ ഭരണസമിതിയാണു തെരഞ്ഞെടുക്കുക. ഇതിൽ സഹകരണനിയമപ്രകാരം ഏഴു ജനറൽ, രണ്ടു വനിത, എസ്്സി- എസ്ടി ഒന്ന്, 25,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളിൽനിന്ന് ഒന്ന്, 40 വയസിൽ താഴെയുള്ള പൊതുവിഭാഗങ്ങളിൽനിന്ന് ഒന്ന്, 40 വയസിൽ താഴെയുള്ള വനിതാവിഭാഗങ്ങളിൽനിന്ന് ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.
തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടർപട്ടിക ബാങ്ക് ഒാഫീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ തടസവാദങ്ങളുണ്ടെങ്കിൽ 27ന് അഞ്ചിനുള്ളിൽ സമർപ്പിക്കണം. ലഭിച്ച തടസവാദങ്ങളിൽ. പിറ്റേന്നു രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ ബാങ്കിൽവച്ച് പരിശോധന നടത്തും. തുടർന്ന് 30നു രാവിലെ 11ന് ബാങ്ക് ഹെഡ് ഒാഫീസിലെ നോട്ടീസ് ബോർഡിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
Kerala
മലപ്പുറം: പി.വി.അൻവർ ബേപ്പൂരിൽ മത്സരിക്കുകയാണെങ്കിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.ജി.ഉണ്ണി. പാർട്ടി നേതൃത്വവുമായി അൻവർ കൂടിയാലോചനകൾ നടത്തുന്നില്ല.
ദേശീയ നേതൃത്വവുമായി ആലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി.ജി.ഉണ്ണി പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് അൻവറിന്റെ നീക്കം.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് അൻവർ ബേപ്പൂരിൽ സജീവമായിക്കഴിഞ്ഞു. മുസ്ലിം ലീഗിന്റെയും കോഴിക്കോട് ഡിസിസിയുടെയും പൂർണ പിന്തുണയും അൻവറിനുണ്ട്.
Kerala
തിരുവനന്തപുരം: എല്ലാ സംഘടനകളെയും ബഹുമാനിക്കുന്നുവെന്നും ഇവരെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ ഒരു സമൂഹമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയ്ക്കെതിരായ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരിനെതിരായ വിഷയങ്ങളെ മാറ്റിമറിക്കാന്‍ തയാറാവില്ല. ആരുടെയെങ്കിലും പ്രസ്താവനകള്‍ക്ക് മറുപടി പറയാനില്ല.
കോണ്‍ഗ്രസിന് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം രണ്ട് മാസങ്ങള്‍ക്ക് അകലെ കാത്തുനില്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്. കേരളത്തെ പത്ത് വര്‍ഷം കൊണ്ട് തകര്‍ത്ത സര്‍ക്കാരിനെ എടുത്ത് ദൂരെ കളയുക എന്നതാണ് ദൗത്യം.
ആ ദൗത്യത്തിലെ സെമി ഫൈനല്‍ തങ്ങള്‍ ജയിച്ച് കഴിഞ്ഞു. ഇനി ഫൈനലാണ്. ഈ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഹൈക്കോടതി പോലും വിലയിരുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് അതിനെ മാറ്റിമറിക്കാന്‍ ആരുടെ പ്രസ്താവനയ്ക്കും സാധിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സോഷ്യല്‍ എഞ്ചിനീയറിംഗ് കൃത്യമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. തങ്ങളുടെ ലക്ഷ്യത്തിനായി വളരെ വേഗത്തില്‍ മുന്നോട്ട് പോവുകയാണ്. അതില്‍ നിന്ന് തങ്ങളെ വ്യതിചലിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് - എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു.
സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന 'കങ്കാണിപണിക്കാരെ 'പൊതുജനം തിരിച്ചറിയണമെന്നും വിദ്യാസാഗർ പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.
Kerala
ആലപ്പുഴ: എൻഎസ്എസുമായുള്ള ഐക്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നാളെ എസ്എൻഡിപി നേതൃയോഗം ചേരും. ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നീക്കം സജീവമാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളിയും സുകുമാരൻനായരും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ കടുപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനങ്ങൾ യോഗത്തിനു ശേഷം ഉണ്ടാകുമോയെന്ന ആകാംക്ഷ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.
എൻഎസ്എസ് രാഷ്ട്രീയകാര്യത്തിൽ സമദൂരമെന്നാണ് പ്രഖ്യാപിതനയമെങ്കിലും പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്റായ ബിഡിജെഎസ് ആണെങ്കിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം വേണമെന്നു പറയുന്ന എസ്എൻഡിപിയോഗം എസ്എസ്എസുമായി ഐക്യത്തിനു തയാറെടുക്കുകയാണെങ്കിലും സംവരണം, ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ ഇരുസംഘടനകൾക്കും വ്യത്യസ്തമായ നിലപാടാണുള്ളത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താത്കാലിക സൗഹൃദമാണോയെന്ന ചർച്ചയും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. നാളത്തെ എസ്എൻഡിപിയോഗത്തിന്റെ പ്രഖ്യാപനത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
District News
മുക്കം: അഡ്മിനിസ്ട്രേറ്റ് ഭരണം നിലനിൽക്കുന്ന കാരശേരി സർവീസ് സഹകരണ ബാങ്കിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ബാങ്ക് ജീവനക്കാരല്ലാത്തവർ യുഡിഎഫ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
ബാങ്കിൽ ഫെബ്രുവരി 22 ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ കരട് പട്ടിക ആവശ്യപ്പെട്ട് യുഡിഎഫ് അപേക്ഷ നൽകിയെങ്കിലും ഉദ്യോഗസ്ഥർ നൽകിയിരുന്നില്ല. തുടർന്ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ഫോട്ടോ എടുക്കാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചപ്പോൾ ബാങ്ക് ജീവനക്കാരല്ലാത്ത പുറത്ത് നിന്നെത്തിയവർ തടയുകയും പട്ടിക വലിച്ചു കീറിക്കളയുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസിൽ മാത്രമല്ല ചില ബ്രാഞ്ചുകളിലും ഇതാണ് അവസ്ഥയെന്നും ഇവർ പറയുന്നു.
കരട് പട്ടിക സംബന്ധിച്ച് പരാതി നൽകാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ ബാങ്ക് ഭരണം സിപിഎമ്മിന്റെ കൈകളിലെത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും യുഡിഎഫ് പ്രവർത്തകർ പറയുന്നു. കരട് പട്ടിക ലഭിച്ചില്ലെങ്കിൽ നിയമപരമായി നേരിടാൻ പോലും യുഡിഎഫിന് പ്രയാസമാകും. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ മുക്കം പോലീസും സ്ഥലത്ത് എത്തിയിരുന്നു.
National
ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു എരിയ (ജിബിഎ) പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി. 88.91 ലക്ഷം വോട്ടർമാർ ഉൾപ്പെടുന്ന വാർഡ് തിരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജിബിഎ നിയമപ്രകാരം ബാലറ്റ് പേപ്പറോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളോ കോടതി നിർദേശങ്ങളോ ഇല്ലാത്തതിനാൽ, ഞങ്ങൾ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകും- അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പുമായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം.
പുതുതായി രൂപീകരിച്ച അഞ്ച് നഗര കോർപറേഷനുകളിലെ (ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്) 369 വാർഡുകൾ ഉൾപ്പെടുത്തിയതാണ് കരട് വോട്ടർപട്ടിക. കരട് വോട്ടർപട്ടികയിൽ 45,69,193 പുരുഷന്മാരും 43,20,583 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 1,635 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി 2026 ജനുവരി 20 മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയുള്ള പരിശോധന നടത്തുമെന്നും ഈ കാലയളവിൽ വോട്ടർമാർക്കു പരാതികൾ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
49,530 വോട്ടർമാരുള്ള ബംഗളൂരു വെസ്റ്റ് നഗര കോർപറേഷനിലെ 23 വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 10,926 പേരുള്ള ബംഗളൂരു ഈസ്റ്റ് നഗര കോർപറേഷനിലെ 16 വാർഡിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 369 വാർഡുകളിലായി മൊത്തം 8,044 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും.
വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷവും മറ്റു കേന്ദ്രങ്ങളും ശക്തമായി ഉയർത്തി ബാലറ്റിലേക്കു തിരികെ പോകണമെന്ന് ആവശ്യപ്പെടുന്നതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പുതിയ നീക്കം കൗതുകമുണർത്തുകയാണ്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പെ ബേപ്പൂർ മണ്ഡലത്തിൽ സജീവമായി പി.വി.അൻവർ. എൽഡിഎഫിന് മുൻ തൂക്കമുള്ള മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്നാണ് അൻവർ ക്യാമ്പ് അവകാശപ്പെടുന്നത്.
താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും അൻവർ പറഞ്ഞു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്.
മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു. അതേസമയം അൻവറിനായി പ്രവർത്തനം ആരംഭിച്ചെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി സമാപിക്കാനിരിക്കെ രണ്ടുതവണ തുടർച്ചയായി എംഎൽഎ ആയവർക്ക് ഇളവു നൽകണോ എന്നതിൽ അന്തിമ ഇന്ന് തീരുമാനമാകും. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങളാണ് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്.
സംസ്ഥാനങ്ങളിൽ സ്ഥാനാർഥി നിർണയത്തിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തിൽ അന്തിമമാക്കിയേക്കും. രണ്ട് തവണ തുടർച്ചയായി എംഎൽഎ ആയവരെ മത്സരിപ്പിക്കാൻ ഇളവു നൽകണമോ കാര്യത്തിൽ കേന്ദ്ര കമ്മിറ്റി മാർഗരേഖ തയാറാക്കാനും സാധ്യതയുണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാകുമെന്നാണ് സൂചന. കേന്ദ്ര സർക്കാരിനെതിരായ തുടർ സമരപരിപാടികളും ആലോചനയിലാണ്.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എംഎൽഎമാരായി നിരവധി വനിതകൾ വിജയിക്കുമെന്ന് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി. യുഡിഎഫിന്റെ മുഖ്യമന്ത്രിക്കായി വനിതകൾ തന്നെ കൈ ഉയർത്താനുണ്ടാകുമെന്നും ജെബി പറഞ്ഞു.
"കോൺഗ്രസിൽ വനിതകൾക്ക് വലിയ വിശ്വാസമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് പരിഗണനയുണ്ടാവുമെന്നാണ് വിശ്വാസം. ജയസാധ്യതയുള്ള സീറ്റുകൾ തന്നെ ലഭിക്കും.'-ജെബി മേത്തർ പറഞ്ഞു.
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകും. എവിടെ, ആര് മത്സരിക്കണമെന്ന കാര്യം കൃത്യമായി അറിയിക്കും. വനിതകളുടെ ലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തോടെ കൈമാറുമെന്നും ജെബി മേത്തർ എംപി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നു മുതൽ ചേരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾക്കും പുതിയ തൊഴിൽ കോഡിനുമെതിരെ ദേശീയ തലത്തിൽ ആവിഷ്കരിക്കേണ്ട സമരപരിപാടികളും ചർച്ച ചെയ്യും.
കേരളം, തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പു വരാനിരിക്കുന്നത്. ഇതിൽ പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണമെന്ന ടേം വ്യവസ്ഥ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടപ്പാക്കിയതു സിസിയുടെ അംഗീകാരത്തോടെയാണ്.
ടേം വ്യവസ്ഥയിൽ ഇളവുണ്ടാകണമെങ്കിലും സിസിയുടെ അംഗീകാരം വാങ്ങണം. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിലും കേന്ദ്രകമ്മിറ്റിയിൽ തീരുമാനമുണ്ടാകും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ "സർപ്രൈസ്' സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള ശ്രമം ഊർജിതമായി. നടി ഭാവനയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ പാർട്ടി ഉന്നതതലത്തിൽ ആലോചനകൾ സജീവമാണെന്നാണ് വിവരം. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും ഭാവനയ്ക്കുള്ള വലിയ ജനപ്രീതി വോട്ടായി മാറ്റാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
രാഷ്ട്രീയത്തിനതീതമായ വലിയൊരു സൗഹൃദവലയവും പിന്തുണയും ഭാവനയ്ക്കുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നു പാർട്ടി വിലയിരുത്തുന്നു. മുതിർന്ന നേതാവ് അയിഷക് പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതു സിപിഎമ്മിനു ക്ഷീണമായിരുന്നു. ഇതിനു മറുപടിയായി ഒരു "ബിഗ് സർപ്രൈസ്' സ്ഥാനാർഥിയെ അവതരിപ്പിക്കാനാണു സിപിഎം ശ്രമം. സർക്കാരിന്റെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഭാവനയ്ക്ക് ഇടതുപക്ഷ നിലപാടുകളോട് അനുഭാവമുണ്ട്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന പങ്കെടുത്തത് നേരത്തെ വലിയ വാർത്തയായിരുന്നു.
നിലവിലെ എംഎൽഎമാരായ താരങ്ങളെ മാറ്റി നിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭാവനയുടെ പേര് ചർച്ചയാകുന്നത്. ഭാവനയുടെ നിലപാട് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നടി സമ്മതം അറിയിച്ചാൽ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ താരത്തിനായി നൽകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്-എം. അവരുടെ വിശ്വാസിയതയെ ചോദ്യം ചെയ്യുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എൽഡിഎഫിലുള്ള കക്ഷികളും എൻഡിഎയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യുഡിഎഫിന്റെ പ്ലാറ്റ്ഫോമിലേക്കു വരും.
അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ, പാർട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്. മുന്നണിമാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Kerala
തിരുവനന്തപുരം:സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളിലെ വോട്ടെുപ്പ് അവസാനിച്ചു. വൈകുന്നേരം അഞ്ച് വരെ 67.2 % പോളിംഗാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാര്‍ഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് വോടെടുപ്പ് നടന്നത്. വൈകുന്നേരം ആറിനാണ് വോട്ടെടുപ്പ് പൂർത്തിയായത്.
ഒമ്പതുപേര്‍ മത്സരിക്കുന്ന വിഴിഞ്ഞത്ത് 13307 വോട്ടര്‍മാരാണുള്ളത്. പായിംപാടത്ത് 991 ഉം ഓണക്കൂറിൽ 1183 ഉം വോട്ടര്‍മാരുണ്ട്. രണ്ടിടത്തും നാലു വീതം സ്ഥാനാര്‍ഥികളാണുള്ളത്. ചൊവ്വാഴ്ച രാവിലെ പത്തിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.
NRI
ഫ്ലോറിഡ: മാത്യു കുര്യൻ എന്ന ഔദ്യോഗിക നാമധേയത്തിൽ അറിയപ്പെടുന്ന ബാബു തണ്ടശേരി 2026 - 2028 കാലയളവിലേക്കുള്ള ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് "ടീം എംപവര്‍' ലീല മാരേട്ട് പാനലിന്റെ ഭാഗമായി മത്സരിക്കുന്നു.
ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ബാബു തണ്ടശേരി സജീവ സാമൂഹ്യ പ്രവർത്തകനാണ്. മലയാളി അസോസിയേഷൻ ഓഫ് ടാമ്പ രൂപീകരണ കാലം മുതൽ സജീവ അംഗമായിരുന്ന അദ്ദേഹം, സംഘടനയുടെ സ്ഥാപക അംഗം, എക്സിക്യൂട്ടീവ് കമ്മിറ്റി, സീനിയർ ഫോറം, ട്രസ്റ്റി ബോർഡ് എന്നിവയിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇതിനൊപ്പം, ക്നാനായ കമ്യൂണിറ്റി നാഷണൽ കൗൺസിൽ അംഗം എന്ന നിലയിലും അദ്ദേഹം വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ഫൊക്കാനയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്നതാണ്.
കഴിഞ്ഞ 20 വർഷങ്ങളായി ഫൊക്കാന കൺവൻഷനുകളിൽ ഡെലിഗേറ്റായി തുടർച്ചയായി പങ്കെടുത്തുകൊണ്ട് സംഘടനയുടെ ദർശനത്തോടും പ്രവർത്തനങ്ങളോടും അടുപ്പം പുലർത്തിയിട്ടുണ്ട്.
ദീർഘകാല സംഘടനാ പരിചയവും സമൂഹ സേവനത്തിലെ സ്ഥിരതയും കൈവശമുള്ള ബാബു തണ്ടശേരി, ടീം എംപവറിന്റെ ദർശനത്തോടൊപ്പം ഫൊക്കാനയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിവുള്ള സ്ഥാനാർഥിയാണ്.
Kerala
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎല്‍എയും മുന്‍മന്ത്രിയുമായ എം.എം. മണിയെ ഉടുമ്പന്‍ചോലയിൽ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം. എം.എം. മണി മത്സര രംഗത്ത് ഇറങ്ങിയാൽ ജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് ഇടുക്കി ജില്ലാ നേതൃത്വം.
ഉടുമ്പൻചോലയിൽ എം.എം. മണിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുൻ എംപി ജോയ്സ് ജോർജിനെ പരിഗണിച്ചിരുന്നു. എന്നാൽ മണിയാശാൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
2016 ൽ വെറും 1109 വോട്ടുകൾക്കായിരുന്നു മണിയുടെ ജയം. എന്നാൽ, 2021ൽ 38,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എം. മണി ഉടുമ്പൻചോല മണ്ഡലം നിലനിർത്തിയത്.
കോട്ടയം കിടങ്ങൂരില്‍ ജനിച്ച എം.എം. മണി 1955ലാണ് ഇടുക്കിയിലെ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. 1958 ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്.
NRI
സിൻസിനാറ്റി, ഒഹായോ: അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റിക്കാർഡ് തുക സമാഹരിച്ചു.
2025ന്റെ രണ്ടാം പകുതിയിൽ മാത്രം 9.88 ദശലക്ഷം ഡോളർ (ഏകദേശം 82 കോടിയിലധികം രൂപ) ആണ് അദ്ദേഹം സമാഹരിച്ചത്. 2025ൽ ആകെ 19.57 ദശലക്ഷം ഡോളർ വിവേക് സമാഹരിച്ചു.
ഇത് ഒഹായോ ഗവർണർ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. 2017ൽ മൈക്ക് ഡിവിൻ സ്ഥാപിച്ച 8.4 ദശലക്ഷം ഡോളറിന്റെ റെക്കോർഡാണ് വിവേക് മറികടന്നത്.
സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ള പണമല്ല ഇതെന്നും, 40,000ത്തിലധികം വ്യക്തിഗത ദാതാക്കളിൽ നിന്നാണ് ഈ തുക ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം അറിയിച്ചു.
പ്രചാരണത്തിന്റെ ആദ്യ ദിനം തന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവേക് രാമസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇത്രയും വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.
ഈ വൻ തുക സമാഹരണത്തിലൂടെ വിവേക് രാമസ്വാമിയുടെ പ്രചാരണം വലിയ തരംഗമാണ് ഒഹായോയിൽ സൃഷ്ടിച്ചിരിക്കുന്നത്. 2026ലാണ് ഒഹായോ ഗവർണർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
ആലപ്പുഴ: നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വോട്ടെടുപ്പിൽ എസ്ഡിപിഐ ഇടതുമുന്നണിയെ പിന്തുണച്ചു.
ചെയർപേഴ്സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വിട്ടുനിന്ന എസ്ഡിപിഐ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വോട്ടെടുപ്പിൽ എൽഡിഎഫിനൊപ്പം നിലയുറപ്പിച്ചു. സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടു കൂടിയാണ് യുഡിഎഫ് ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ അധികാരത്തിൽ എത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭയിലേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിനു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനു കൃത്യമായ ഉത്തരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്കു ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല.
ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവഹിക്കും.- ചെറിയാൻ ഫിലിപ്പ് ദീപികയോടു പറഞ്ഞു.
District News
വിഴിഞ്ഞം: ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരത്തിന്റെ ഭരണം ബിജെപി പിടിച്ചെടുത്തതോടെ ദേശീയ ശ്രദ്ധ നേടിയ നഗരസഭ വിഴിഞ്ഞം വാർഡിന്റെ വിധിയെഴുത്തിന് ഇനി അഞ്ചു നാൾ.
കൊട്ടിക്കലാശത്തിനു മൂന്നുനാൾ മാത്രം ബാക്കി. മത്സരം അവസാന ലാപ്പിലേക്കു നീങ്ങിയതോടെ രണ്ടും കല് പിച്ചുള്ള പോരാട്ടത്തിനു തയാറെടുത്തു മുന്നണികൾ. മൈക്ക് അനൗൺസ്മെന്റും കവലപ്രസംഗങ്ങളും റോഡ് ഷോയും കുടുംബ സംഗമങ്ങളും സാംസ്കാരിക സമ്മേളനങ്ങളും നടത്തി വോട്ടർമാരെ പാട്ടിലാക്കാനുള്ള ശ്രമങ്ങൾക്കു മൂർച്ച കൂട്ടിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
ഇനിയുള്ള മൂന്നു ദിവസത്തിനുള്ളിൽ പരമാവധി നേതാക്കളെ കളത്തിലിറക്കി കാടിളക്കിയുള്ള പ്രചാരണമാണു മുന്നണികൾ ലക്ഷ്യമിടുന്നത്.
ഇന്നു നടക്കുന്ന നഗരസഭ സ്റ്റാൻ ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാ മുന്നണികളുടെയും നേതാക്കൾ വിഴിഞ്ഞം വാർഡിലേക്കിറങ്ങും. എന്നാൽ ഇന്നലെ പ്രവർത്തകർക്ക് ഊർജം പകരാൻ എത്തുമെന്നറിയിച്ചിരുന്ന നേതാക്കൾക്കു വരാനായില്ലെങ്കിലും പ്രവർത്തകരുടെ സജീവസാന്നിധ്യത്തിനു കുറവുണ്ടായില്ല.
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ടു കോൺഗ്രസ് സ്ഥാനാർഥി സുധീർ ഖാനുവേണ്ടി റോഡ് ഷോ നടത്താൻ തീരുമാനിച്ച കുഞ്ഞാലിക്കുട്ടിയും കുടുംബസംഗമം നടത്താനിരുന്ന ചാണ്ടി ഉമ്മനും എത്തിയില്ല. പകരം അണികളെ അണിനിരത്തിയുള്ള ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോ ഇന്നു വൈകുന്നേരം വിഴിഞ്ഞത്ത് അരങ്ങേറും.
ഇടതുപക്ഷ സ്ഥാനാർഥി നൗഷാദിനായി മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ ഇന്നലെ നടത്താനിരുന്ന സംസ്കാരിക സംഗമം നടന്നില്ല. എന്നാൽ കെ.ടി ജലീലിന്റെ റോഡ്ഷോ അരങ്ങേറി. ഇന്നലെ വിഴിഞ്ഞം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജലീലിന്റെ റോഡ്ഷോ ടൗൺഷിപ്പിൽ സമാപിച്ചു.
തുടർന്ന് ടൗൺഷിപ്പിൽ ചേർന്ന പൊതുയോഗം മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂടാതെ കാക്കാരിശി കലാകാരൻ മജു മൈനാകപ്പള്ളിയുടെ കാക്കാൻ വേഷത്തിലുള്ള വോട്ടു പിടിത്തവും വോട്ടർമാർക്കു വേറിട്ട അനുഭവം നൽകി. പ്രധാന ജംഗ്ഷനുകളിലെത്തി വോട്ടർമാരോട് കുശലാന്വേഷണം നടത്തിയാണ് കാക്കാൻ മടങ്ങിയത്.
ബിജെപിക്കും ഉന്നത നേതാക്കൾ കളത്തിലിറങ്ങാത്ത ദിവസമായിരുന്നു ഇന്നലെ. പകരം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നാളെ വാർഡിൽ എത്തുമെന്നു പ്രവർത്തകർ പറയുന്നു.
Kerala
കോട്ടയം: പാലായിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട കേരള കോൺഗ്രസ്-എം പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ വീണ്ടും മത്സരിക്കാൻ സാധ്യത. പാലാ വിട്ടുപോയാൽ രാഷ്ട്രീയ ഒളിച്ചോട്ടമെന്ന വിമർശനം നേരിടേണ്ടി വരുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ജോസ് കെ. മാണി തന്നെ വീണ്ടും മത്സരിക്കാൻ ധാരണയായത്.
പാലാ അല്ലെങ്കിൽ കടുത്തുരുത്തിയിൽ ജോസ് കെ. മാണി ഇറങ്ങണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ മത്സരിച്ച സ്റ്റീഫൻ ജോർജ് ഇത്തവണ മത്സരിക്കാൻ സാധ്യതയില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയേയും കടുത്തുരുത്തിയിൽ പരിഗണിക്കുന്നുണ്ട്.
കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കും. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പ് എൻ. ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ എന്നീ അഞ്ച് എംഎൽഎമാരും രണ്ടില ചിഹ്നത്തിൽ വീണ്ടും ഇറങ്ങുമെന്ന് ഏകദേശം ഉറപ്പായി.
കഴിഞ്ഞ തവണ 13 സീറ്റാണ് കേരള കോൺഗ്രസ് എമ്മിന് കൊടുത്തത്. എന്നാൽ കുറ്റ്യാടി സീറ്റ് കൊടുത്തതിനെതിരെ സിപിഎം തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ 12 ഇടത്ത് മാത്രമാണ് കേരള കോൺഗ്രസ് എമ്മിന് മത്സരിക്കാൻ കഴിഞ്ഞത്. ഇത്തവണ കുറ്റ്യാടി ഇല്ലെങ്കിൽ മറ്റൊരു സീറ്റ് വേണമെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
കോഴിക്കോട് ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് രംഗത്തെത്തിയിരുന്നു. കോട്ടയത്ത് ചേരുന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ സീറ്റുകൾ സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തു മത്സരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ. പത്തനാപുരത്തല്ലാതെ എവിടെ പോകാനാണ്. ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും.
പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരത്തുകാരെ തനിക്ക് നല്ല വിശ്വാസമാണ്. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കാണ്.
ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്. അവരാണ് മന്ത്രിയും എംഎൽഎയുമാക്കിയത്. അതിനാൽ പത്തനാപുരത്തു നിന്ന് മാറില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയെ പരാജയപ്പെടുത്തിയാണ് ഗണേഷ്കുമാർ നിയമസഭയിലെത്തിയത്.
പത്തനാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതികുമാർ ചാമക്കാല തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിയാകും രമേഷ് പിഷാരടിയെന്ന് സുഹൃത്തും നടനുമായ ധര്മജന് ബോള്‍ഗാട്ടി. രമേശ് പിഷാരടി സ്ഥാനാര്‍ഥി ആയേക്കും എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും ഇത്തവണ കുറെ അനുകൂല ഘടകങ്ങളുണ്ടെന്നും ധര്മജന് ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.
പിഷാരടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് ഞാനും അറിഞ്ഞത്. മത്സരിക്കുകയാണെങ്കില്‍ നല്ലൊരു സ്ഥാനാര്‍ഥി ആയിരിക്കും. അദ്ദേഹത്തിന് നല്ല ജയ സാധ്യതയുണ്ടെന്നും ധര്മജന് പറഞ്ഞു.
അതേസമയം, രമേഷ് പിഷാരടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, പിഷാരടി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉണ്ണി മുകുന്ദന്, ആസിഫ് അലി എന്നീ താരങ്ങളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന പ്രചരണം നടക്കുന്നുണ്ട്.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. മത്സരിക്കാന്‍ ആവശ്യപ്പെട്ടുതന്നെ ഇതുവരെ കോൺഗ്രസ് പാര്‍ട്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടി സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, കാരണം മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ലെന്ന് ധര്മജന് ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.
അങ്ങനെയൊരു ആവശ്യം ഉന്നയിച്ച് പാര്‍ട്ടി എന്നെ സമീപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ താല്പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്റടുത്ത് ഇല്ല. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പിന്‍വലിഞ്ഞു നില്‍ക്കാനാണ് സാധ്യത - ധര്മജന് പറഞ്ഞു.
അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്മജന് ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെ സച്ചിന് ദേവ് ആണ് ബാലുശേരിയില്‍ ജയിച്ചത്. ധര്‍മജന്റെ പരാജയത്തിനു പിന്നാലെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കവും കോണ്‍ഗ്രസില്‍ നടന്നിരുന്നു.
ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നു നടന് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിരുന്നു. ഈ പണം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആയിരുന്നു ധര്‍മജന്റെ പരാതി.
Kerala
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു വീണ്ടും ജനവിധി തേടാൻ എം. മുകേഷ് എംഎൽഎക്കു താത്പര്യമില്ല. സിനിമയിൽ സജീവമാകാനാണ് ഇഷ്ടമെന്ന് അദ്ദേഹം ദീപിക ഒാൺലൈനിനോടു പറഞ്ഞു. സിനിമയിൽനിന്നുള്ള അവസരം കുറയുന്നതും തെരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽപോലും മത്സരിച്ചതു പാർട്ടിയുടെ താൽപര്യം കൊണ്ടുമാത്രമാണെന്നു അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാലും മത്സരിക്കാനുള്ള സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇക്കുറി പാർട്ടിനിലപാടും മുകേഷിന് അനുകൂലമാകാൻ സാധ്യതയില്ല. മുകേഷ് മത്സരരംഗത്തേക്കു വന്നില്ലെങ്കിൽ സിപിഎം ആക്ടിംഗ് സെക്രട്ടറി ജയമോഹൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം തുടങ്ങിയവരുടെ പേരുകൾ സജീവമാണ്.
സിപിഎം അനുഭാവിയായിരുന്ന എം. മുകേഷിനെ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പി.കെ. ഗുരുദാസനു പകരം കൊല്ലം മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 2016ലെ ഇടതുതരംഗത്തിൽ കൊല്ലത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ സൂരജ് രവിയെ പരാജയപ്പെടുത്തി ആദ്യമായി സിപിഎം ടിക്കറ്റിൽ നിയമസഭാംഗമായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും സിറ്റിംഗ് സീറ്റീൽനിന്നു മത്സരിച്ച മുകേഷ് കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി രണ്ടാം തവണയും നിയമസഭയിലെത്തി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽനിന്നു സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പി നേതാവും സിറ്റിംഗ് എംപിയുമായ എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെ മകനായ മുകേഷ് കൊല്ലം ജില്ലയിലെ പട്ടത്താനം സ്വദേശിയാണ്. 1982ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു സജീവമായി. 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയ താരമാക്കിയത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ശാസ്തമംഗലം കൗണ്‍സിലര്‍ ആര്.ശ്രീലേഖ. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും പറഞ്ഞു
"പത്തു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചത് നിന്നു. താനാണ് കോര്പ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്. എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി.'-ശ്രീലേഖ പറഞ്ഞു.
"രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടാണെന്നാണ് തന്റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു.'-ശ്രീലേഖ വ്യക്തമാക്കി.
തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര് ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചതെന്നും ആര്. ശ്രീലേഖ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലം മാണി സി. കാപ്പനും ജോസ് കെ. മാണിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള പോരാട്ടത്തിനു വേദിയായേക്കും. സിറ്റിംഗ് എംഎല്‍എ മാണി സി. കാപ്പന് താന്‍ വീണ്ടും മത്സരിക്കുമെന്നും പ്രചാരണം തുടങ്ങിയെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫിലേക്ക് ആരു വന്നാലും കുഴപ്പമില്ലെന്നും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും കാപ്പന് പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് പാലാ മുനിസിപ്പാലിറ്റിയിലടക്കം ഭരണം യുഡിഎഫിനു ലഭിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങളിലും മാണി സി. കാപ്പന് സജീവമായിരുന്നു.
കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണിയും പാലായില്‍ മത്സരിക്കുമെന്നുള്ള സൂചന നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ് എം 13 സീറ്റില്‍ മത്സരിക്കുമെന്നും സീറ്റു വച്ചുമാറ്റവും മറ്റും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ജോസ് കെ.മാണിയുടെ സൂചന.
മത്സരിക്കുമെന്നുള്ള സൂചനയില്‍ പാലായില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ ജോസ് കെ.മാണി മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പള്ളികളില്‍ നടന്ന തിരുനാളിലും ളാലത്തുത്സവത്തിലും മറ്റും സജീവമായിരുന്നു ജോസ് കെ. മാണി. കൂടാതെ പാലായിലെ കേരള കോണ്‍ഗ്രസ് എം, സിപിഎം, സിപിഐ നേതൃത്വവുമായും ജോസ് കെ.മാണി ആശയവിനിമയം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാലായില്‍ ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ജോസ് കെ. മാണിയുടെ വീട്ടിലെത്തുകയും ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പാലായില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സൗഹൃദ സന്ദര്‍ശനത്തില്‍ മുഖ്യമായും ചര്‍ച്ച.
കഴിഞ്ഞ തവണ പാലായില്‍ പരാജയപ്പെട്ടതിനാല്‍ ഇത്തവണ കടുത്തുരുത്തിയിലേക്ക് ജോസ് കെ മാണി മാറുമെന്ന് വലിയ രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പാലായില്‍ തന്നെ മത്സരിക്കാനുള്ള തീരുമാനത്തില്‍ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസും എത്തിയതായാണ് സൂചന.
ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും പാലായില്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഏറ്റവും അടുത്ത അനുയായിയുമായ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന ഷോണിനു ബിജെപി നേതൃത്വം നല്കി.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളില്‍ ഒരിടത്തു മത്സരിക്കാനാണ് ഷോണിനോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോള്‍ ഡിവിഷന് ഉള്‍പ്പെട്ടിരുന്ന മേലുകാവ്, തലനാട്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലുണ്ടായിരുന്ന ഭരണങ്ങാനം, കടനാട് പഞ്ചായയത്തുകളും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണ് ഇത് ഷോണിനു അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഷോണ്‍ ജോര്‍ജ് ഇതിനോടകം പാലാ മണ്ഡലത്തില്‍ സജീവമാണ്. മാണി സി. കാപ്പനും ജോസ് കെ.മാണിയും ഷോണ്‍ ജോര്‍ജും മത്സരരംഗത്ത് എത്തിയാല്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മത്സരമായി പാലാ മാറും. ഒപ്പം ശക്തമായ ത്രികോണ മത്സരത്തിനാകും പാലാ സാക്ഷ്യം വഹിക്കുക. രാഷ്ട്രീയ ധ്രുവീകരണവും സമുദായ വോട്ടുകളും ഒക്കെ എങ്ങനെ പ്രതിഫലിക്കുമെന്നു പോലും പറയാന്‍ വയ്യാത്ത രീതിയിലായിരിക്കും മത്സരം.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്.
സുധീരന് മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് നിലപാട് വ്യക്തമാക്കി സുധീരന്റ ഫേസ്ബുക്ക് പോസ്റ്റ്.
"പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തു നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഞാന്‍ വിടപറഞ്ഞതാണ്. പിന്നീട് പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായത്. ആ നിലപാടിന് യാതൊരു മാറ്റവുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.' -സുധീരന് കുറിച്ചു.