തൃശൂർ: തെരഞ്ഞെടുപ്പു പ്രക്രിയയെ സുരേഷ് ഗോപി കുട്ടിക്കളിയാക്കി മാറ്റിയെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വോട്ടർ പട്ടികയനുസരിച്ച് അദ്ദേഹത്തിനു ഗുരുവായൂരിലെ ബൂത്ത് നന്പർ 137ൽ ആണ് വോട്ട്. കാർ വാങ്ങുന്പോൾ പോണ്ടിച്ചേരിക്കാരനും ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മുക്കാട്ടുകരക്കാരനും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുകാരനുമായും സുരേഷ് ഗോപി മാറി.
ജനാധിപത്യത്തിന്റെ അന്തസ് കെടുത്തുന്ന നടപടി പുതുതലമുറയ്ക്കു തെറ്റായ സന്ദേശം നൽകും. ലോകസ്ഭാ തെരഞ്ഞെടുപ്പുകാലത്തും സുരേഷ് ഗോപിക്കു ഗുരുവായൂരിൽ ഫ്ലാറ്റ് ഉണ്ടായിരുന്നു. അന്നവിടെ വോട്ടു ചേർക്കാതെ തൃശൂർ മണ്ഡലം കേന്ദ്രീകരിച്ചു ചേർത്തു. വഹിക്കുന്ന പദിവിയുടെ അന്തസ് തിരിച്ചറിയാതെ എന്തും വിളിച്ചു പറയുന്നു.
ഗുരുവായൂർ ദേവസ്വം ചെയർമാനായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നാണ് ഇപ്പോൾ പറയുന്നത്. സുരേഷ് ഗോപി തിരുത്താനോ കേന്ദ്രമന്ത്രിയെ തിരുത്തിക്കാനോ ബിജെപി തയാറാകണം. സുരേഷ് ഗോപിയുടെ ഗുരുവായൂരിലെ വോട്ടുമായി ബന്ധപ്പെട്ട് ബിജെപിയുടെ ദേശീയ സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
Tags : suresh Gopi election Congress