Kerala
തിരുവനന്തപുരം: സ്ഥാനാര്‍ഥി സംഗമം പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേദിയിൽ വച്ച് ലഭിച്ച നിവേദനം കീറിക്കളഞ്ഞെന്ന ആരോപണത്തിൽ വിശദീകരണവുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റംലത്ത്.
റംലത്ത് നൽകിയ കുറിപ്പാണ് വി.ഡി. സതീശന് വേദിയിൽ കീറിക്കളഞ്ഞത്. സംഭവത്തിൽ റംലത്ത് നൽകുന്ന വിശദീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് അനുകൂലികൾ പുറത്തുവിട്ടത്. നിവേദനം കീറിക്കളഞ്ഞെന്നത് വ്യാജ പ്രചാരണമാണെന്ന് റംലത്ത് വീഡിയോയിൽ പറയുന്നു.
സ്ഥാനാര്‍ഥി സംഗമം എന്ന പരിപാടിക്കിടെ തന്റെ സ്ഥലത്ത് നടക്കുന്ന ഒരു പ്രശ്നത്തെപ്പറ്റി ചെറിയൊരു നിർദേശം പ്രതിപക്ഷ നേതാവിനെ അറിയിക്കേണ്ടതുണ്ടായിരുന്നു. ഒരു ചെറിയ തുണ്ട് പേപ്പറിലെഴുതിയാണ് അത് താന്‍ വി.ഡി. സതീശന് നൽകിയതെന്ന് റംലത്ത് പറയുന്നു.
എന്നാൽ പ്രതിപക്ഷ നേതാവ് അത് വായിച്ചെന്നും ശേഷം അത് കൈവശം സൂക്ഷിക്കേണ്ടെന്ന് കരുതി
കീറി നശിപ്പിച്ചതാണെന്ന് റംലത്ത് വ്യക്തമാക്കി. സതീശന്റെ പരിപാടിയിലെ ജനപങ്കാളിത്തം കണ്ടാണ് എതിർ കക്ഷികൾ ഇത്തരത്തിൽ പ്രചാരണം നടത്തുന്നതെന്നും റംലത്ത് ആരോപിച്ചു.
തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു കാര്യവും പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും റംലത്ത് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ 50 സ്ഥാനാർഥികൾ. സിറ്റിംഗ് എംഎൽഎമാരുടെയും ജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളും അടക്കമുള്ള 50 മണ്ഡലങ്ങളിലാണ് ഒറ്റപ്പേരിലേക്ക് കോണ്‍ഗ്രസ് എത്തിയത്.
ഇതു വൈകാതെ ഹൈക്കമാൻഡിനു കൈമാറും. മത്സര രംഗത്തുള്ള തലയെടുപ്പുള്ള നേതാക്കളെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യഘട്ട പട്ടിക വൈകാതെ ഹൈക്കമാൻഡിന് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തുന്നുണ്ട്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായും മുതിർന്ന നേതാക്കൾ ചർച്ച നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് ഒൻപതാമത് ജില്ലയിലേക്ക് കടക്കുകയാണ്. യാത്രയ്ക്കു ലഭിക്കുന്ന വൻ സ്വീകരണം യുഡിഎഫിന് വലിയ വിജയത്തിന് വഴിയൊരുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ഇന്നലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകളും നടന്നു. മുസ്ലിം ലീഗുമായിട്ടായിരുന്നു പ്രധാന ചർച്ച.
എന്നാൽ സീറ്റു മാറ്റത്തിലടക്കം അന്തിമ ധാരണയിൽ എത്തിയിട്ടില്ലെന്നാണ് വിവരം. ഇന്ന് ആർഎസ്പി നേതൃത്വവുമായി സീറ്റ് മാറ്റ ചർച്ചകൾ ഇടുക്കിയിൽ നടക്കുന്നുണ്ട്.മട്ടന്നൂരിനും ആറ്റിങ്ങലിനും പകരമാണ് ആർഎസ്പി സീറ്റ് ചോദിച്ചിട്ടുള്ളത്. ചവറ, ഇരവിപുരം, കുന്നത്തൂർ എന്നിവയാണ് ആർഎസ്പി മത്സരിച്ച മറ്റു മണ്ഡലങ്ങൾ.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡിഎംകെയുമായി സീറ്റ് വിഭജന ചർച്ച നടത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിൽ രാത്രി 8.30ഓടെ ആയിരുന്നു ചർച്ച. ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകൾ പുരോഗമിക്കുകയാണ്.
സീറ്റ് വിഭജന ചർച്ചകൾക്കായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിൽ ഡിഎംകെ ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ തവണ 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 38 സീറ്റുകളും മൂന്ന് മന്ത്രി സ്ഥാനങ്ങളുമാണ് ഇത്തവണ ആവശ്യപ്പെട്ടത്.
25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 17 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുസ്ലിം ലീഗുമായും ഡിഎംകെ രൂപീകരിച്ച സമിതി ചര്‍ച്ച നടത്തി.
അഞ്ച് സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കള്‍ നീതി മയം, എംഡിഎംകെ, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിലുള്ള സമിതി നാളെ ചർച്ച നടത്തും. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിലേയ്ക്ക് വന്നതിനാല്‍ എല്ലാ പാര്‍ട്ടികളും സീറ്റുകള്‍ ത്യാഗം ചെയ്യാന്‍ തയാറാകണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ദിസ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് ഭുപൻ ബോറ. ബിജെപി അംഗത്വമെടുത്തതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസം പിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള ഭൂപൻ കുമാർ ബോറ ഞായറാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയെ ചലിപ്പിക്കാനുള്ള പണം കോൺഗ്രസിനില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 16 നാണ് ബോറ കോൺഗ്രസ് വിട്ടത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേർന്നത്. സുരക്ഷിത സീറ്റ് അദ്ദേഹത്തിന് ബിജെപി ഉറപ്പു നൽകിയതായും റിപ്പോർട്ടുണ്ട്.
National
ദിസ്പുർ: ആസാം മുൻ പിസിസി അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ദേബബ്രതാ സൈക്കിയ. ബോറ പോയതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹത്തിന് വലിയ സ്വാധീനമില്ലെന്നും ദേബബ്രത പറഞ്ഞു.
"ഭൂപൻ ബോറ ബിജെപിയിൽ ചേർന്നത് വലിയ സംഭവമല്ല. അദ്ദേഹം കഴിഞ്ഞ വർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മണ്ഡലത്തിലെ ഒരാളുപോലും അദ്ദേഹത്തിനൊപ്പം പോയിട്ടില്ല. അവരൊക്കെ നേരത്തെ തന്നെ കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കിയിരുന്നു.'-ദേബബ്രത പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നത്. സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയയിൽ നിന്നാണ് അംഗത്വമെടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയിൽ ചേർന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. മുൻ എംഎൽഎ കൂടിയായ ബോറ ഈ മാസം 16നാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിലൂടെയാണ് രാജിക്കാര്യം ബോറ അറിയിച്ചത്.
National
ദിസ്പുർ: ആസാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയയിൽ നിന്നാണ് അംഗത്വമെടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയിൽ ചേർന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശരമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. മുൻ എംഎൽഎ കൂടിയായ ബോറ ഈ മാസം 16നാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിലൂടെയാണ് രാജിക്കാര്യം ബോറ അറിയിച്ചത്.
ബോറയെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
എന്നാൽ ഗൗരവ് ഗോഗോയിയുമായുള്ള ചർച്ചയെ തുടർന്ന് ബോറ കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് ഹിമന്തയുമായി ചർച്ച നടത്തിയ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന തീരുമാനം അന്തിമമായി പ്രഖ്യാപിക്കുകയായിരുന്നു.
District News
പെരുവെമ്പ്: കല്ലഞ്ചിറ റോഡ് നവീകരണത്തിനു വേണ്ടി ജെസിബി ഉപയോഗിച്ച് പൊളിച്ചിട്ട റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ പൂർത്തീകരിച്ചില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് പെരുവെമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയോഗത്തിൽ മുന്നറിയിപ്പ്. കല്ലഞ്ചിറ മുതൽ പെരുവെമ്പ് വരെ മൂന്ന് കിലോമീറ്റർ റോഡ് തകർന്ന് വാഹന അപകടങ്ങൾ പലതവണ നടന്നിരുന്നു.
ഇതിനുശേഷമാണ് കോൺഗ്രസ് പ്രവർത്തകർ റോഡ് നവീകരണത്തിനായി റോഡുപരോധ സമരം നടത്തി പ്രതിഷേധിച്ചിരുന്നു.എന്നാൽ രണ്ട് ജെസിബി ഉപയോഗിച്ച് പൂർണമായും നിരപ്പാക്കി നവീകരണം തുടക്കം മാസങ്ങൾ മുന്‍പ് നടത്തിയിരുന്നു. ഇതിനുശേഷം ബന്ധപ്പെട്ട വകുപ്പ് അധികൃതർ തുടർനടപടികൾ നടത്തതിനാൽ റോഡിൽ കാൽ നടയാത്ര പോലും അപകടഭീഷണിയിലാണ്.ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിഞ്ഞ് നിരവധി അപകടങ്ങൾ നിത്യസംഭവമായിട്ടുണ്ട്.
വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പൊടിപടലം സമീപവീടുകളിലും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ദുരിതപൂർണമാണ്.
തത്തമംഗലം, മേട്ടുപ്പാളയം, വണ്ടിത്താവളം, പട്ടഞ്ചേരി ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നുമുള്ള വാഹനയാത്രക്കാർ പെരുവെമ്പ്, പാലക്കാട് ഭാഗത്തേക്ക് കല്ലഞ്ചിറ റോഡിലാണ് പതിവായി എത്തുന്നത്.ഇരുചക്ര വാഹനങ്ങളിൽ വിദ്യാർഥികളെ ഇതുവഴി സ്കൂളിൽ എത്തിക്കാനും കഴിയാത്ത വിധം മെറ്റൽ പരന്നു കിടപ്പാണ്. പെരുവെമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
District News
ചിറ്റൂർ: മൂലത്തറ സർവീസ് സഹകരണ ബാങ്ക് സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കെ.പി. കാളീശ്വരൻ- പ്രസിഡന്റ്, കെ. ചെന്താമര- വൈസ് പ്രസിഡന്റ്, കലിംഗരാജ് , കെ. കനകരാജ് , കെ.രമേശ്, പി.ശെന്തിൽ കുമാർ, എസ്. അരുണഗിരി, എസ്. മുരുകേഷ്, എസ്. അരുണാദേവി, യു. ഗീത എന്നിവർ ഭരണസമിതി അംഗങ്ങളായി ചുമതലയേറ്റു.2004 മുതൽ കോൺഗ്രസ് ഭരണ സമിതിയാണ് ഭരിച്ചുവരുന്നത്.
National
ന്യൂഡൽഹി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ പകരം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ താത്കാലികമായി നിർത്തിവയ്ക്കണമെന്നു കോണ്‍ഗ്രസ്.
ഇന്ത്യ-യുഎസ് കരാർ നമ്മുടെ കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന തരത്തിൽ അമേരിക്കയിലെ കാർഷികോത്പന്നങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകുന്നുണ്ടെന്നും കെണിയായ ഒരു കരാറിൽ വീഴാൻ തിടുക്കം കാണിക്കുന്നതിനു പകരം കരാറിന്റെ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യണമെന്നും കോൺഗ്രസ് ആസ്ഥാനത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കവെ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
യുഎസ് സുപ്രീംകോടതിയുടെ വിധി ഇന്ത്യയുമായുള്ള വ്യാപാരക്കരാറിൽ ഒരു മാറ്റവും വരുത്തില്ലെന്നു കഴിഞ്ഞദിവസം ട്രംപ് നടത്തിയ പ്രസ്താവനയിൽ വ്യക്തത തേടിയ ജയ്റാം രമേശ്, കരാറിലെ പല കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി.
ട്രംപിന്റെ പകരം തീരുവകൾ യുഎസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അധിക തീരുവകൾ പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള കാര്യം എല്ലാവർക്കും അറിയാമെന്നിരിക്ക, എന്തുകൊണ്ടാണ് കേന്ദ്രം കരാറിൽ തിടുക്കപ്പെട്ടു ധാരണയിലെത്തിയെന്നതിലും എന്തുകൊണ്ടാണ് ഒരു മാസം കൂടി കാത്തിരിക്കാത്തതെന്നതിലും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി സന്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യ-യുഎസ് ഇടക്കാല കരാറിനായുള്ള ചട്ടക്കൂടിൽ കരാർ പരിഷ്കരിക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ച് കർഷകരെ സംരക്ഷിക്കാൻ കരാർ പരിഷ്കരിക്കണം. യുഎസ് സുപ്രീംകോടതി വിധി ഇന്ത്യക്കുമേലുള്ള തീരുവ പത്തു ശതമാനമായി കുറയാൻ കാരണമായെങ്കിലും നേരത്തേ മൂന്നര ശതമാനമായിരുന്ന തീരുവ പലതവണ വർധിച്ച് ഇപ്പോൾ പത്തു ശതമാനമായതിൽ ആഘോഷിക്കാനൊന്നുമില്ലെന്നും ജയ്റാം വിമർശിച്ചു.
ടംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ പകരം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ തള്ളിക്കളയണമെന്ന് അഖിലേന്ത്യാ കിസാൻ സഭയും ആവശ്യപ്പെട്ടു.
Leader Page
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് നടക്കും എന്നാണു സൂചന. കേരളത്തിലെ മൂന്നു മുന്നണികളും തയാറെടുപ്പിലാണ്. ഭരണം പിടിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യമുന്നണി എല്ലാ കരുക്കളും നീക്കുന്നത്. പോരാട്ടം കടുത്തതാവും എന്നതൊഴിച്ചാൽ മൂന്നാമൂഴം തന്നെ എന്ന ഉറപ്പിലാണ് ഇടതുമുന്നണി. കേരളത്തിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാവും എന്ന പ്രതീക്ഷയിൽ ബിജെപി മുന്നണിയും. പല തിരിച്ചടികളും നീർച്ചുഴികളും രൂപംകൊണ്ടിരിക്കുന്നു എന്നത് മൂന്നു മുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
2021 ൽ ഇടതുമുന്നണിയിൽ 86 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരും. 67 പേർ ജയിച്ചു. സിപിഐ 25 സീറ്റിൽ മത്സരിച്ചു 17 സീറ്റിൽ വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കൊടുത്തു. 12 ഇടത്ത് മത്സരിച്ചു. അഞ്ചു സീറ്റ് നേടി. ജനതാദൾ നാല്, എൻസിപി മൂന്ന്, ആർജെഡി മൂന്ന് ഐഎൻഎൽ മൂന്ന്, ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആർഎസ്പി ലെനിനിസ്റ്റ് എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് 92 സീറ്റിലും ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് 10 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും കേരള കോണ്‍ഗ്രസ് ജേക്കബും എൻസിപി കാപ്പനും രണ്ടു സീറ്റിൽ വീതവും മത്സരിച്ചു. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും സീറ്റ് വിഭജനം വലിയ വിഷയമാകില്ല. യുഡിഎഫിൽ അത്ര സുഗമമല്ല ഇപ്പോൾ കാര്യങ്ങൾ.
ഭരണവിരുദ്ധ വികാരം
പിണറായി സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടു. അതിനൊപ്പമാണ് കോടതികളിൽ നിന്ന് അടുത്തകാലത്ത് സർക്കാരിനുണ്ടാകുന്ന തിരിച്ചടികൾ. തിരുവനന്തപുരം കോർപറേഷന് സവിശേഷമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടിയില്ല എന്നതും കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടു എന്നതും ബിജെപിയെ വെട്ടിലാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടാവും കോണ്‍ഗ്രസ് മുന്നണിയുടെ നീർച്ചുഴികളിൽ ഏറ്റവും ഭയപ്പെടേണ്ടത്.
വന്യജീവി ആക്രമണം പെരുകുന്നതും സർക്കാർ അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ടിവന്നതും ആരോഗ്യമേഖലയെക്കുറിച്ച് ഉയരുന്ന പരാതികളും സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്.സഖാക്കളുടെ ഭരണ വിരുദ്ധ വികാരംകൊണ്ടല്ല പിണറായിയുടെ മുസ്ലിം പ്രീണന സമീപനങ്ങൾകൊണ്ടാണ് ഈ തിരിച്ചടികൾ എന്നാണ് ഒരു വിലയിരുത്തൽ. അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്ന നിലപാട് ഇടതുമുന്നണി എടുക്കുന്നത്. പിണറായിയുടെ മുസ്ലിം പ്രീണന സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം മുതലാക്കി മുസ്ലിം വോട്ടുകളാകെ സമാഹരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ കർണാടകത്തിലെപ്പോലെ മുസ്ലിം താത്പര്യങ്ങൾക്കനുസരിച്ചാവും ഭരണമുണ്ടാകാൻ പോകുന്നത് എന്ന സംശയം മറ്റു സമുദായങ്ങളിൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇതെല്ലാം വലിയ നീർച്ചുഴികളായി രുപാന്തരപ്പെടുമോ എന്നാണ് അറിയേണ്ടത്.
കോടതികളിൽനിന്നു തിരിച്ചടികൾ
കോടതികളിൽനിന്ന് ശക്തമായ തിരിച്ചടികൾ ഏൽക്കേണ്ടിവന്നിട്ടും ഇടതുമുന്നണി പതറാതെ മുന്നോട്ടു പോവുകയാണ്. കോടതിയിൽ നിയമയുദ്ധം തുടരുന്നു. നവകേരള സർവേ റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസ് 2017ൽ നടന്ന കൊടിമര നിർമാണത്തിലെ തട്ടിപ്പുകളിലേക്ക് എത്തിച്ച് കോണ്‍ഗ്രസുകാരെയും സംശയനിഴലിലാക്കി. ശബരിമലയുടെ ഭരണത്തിൽ ഒരു കാര്യവും ഇല്ലാത്ത തന്ത്രിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇക്കാരണം പറഞ്ഞു കോടതി ജാമ്യം അനുവദിച്ചതും അന്വേഷണസംഘത്തിനു മാത്രമല്ല, സർക്കാരിനും വലിയ തിരിച്ചടിയായി. ശബരിമലയിൽ സ്ത്രീകൾ എത്തിയപ്പോൾ നട അടച്ചതിനുള്ള പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് എന്ന ആരോപണമുയർത്തി എൻഡിഎ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറുകയാണ്. ഇതുണ്ടാക്കാവുന്ന നീർച്ചുഴികൾ കൃത്യമായി വരുന്നതേയുള്ളൂ.
ജനാധിപത്യമുന്നണി
കോണ്‍ഗ്രസിന്റെ പുതുയുഗ ജാഥയിൽ വിസ്മയങ്ങൾ ഉണ്ടാകുന്നുണ്ട്. പതിവുപോലെ വേദിയിൽ ഇടം നേടാനും പ്രസംഗിക്കാൻ മൈക്കിനുമെല്ലാംവേണ്ടി നേതാക്കൾ തമ്മിലുള്ള സ്നേഹത്തള്ളൽ ഉണ്ടാകുന്നുണ്ടെങ്കിലും വേറെ നല്ലതു പലതും സംഭവിക്കുന്നുണ്ട്. മലന്പുഴയിൽ വി.എസിന്റെ മാനസപുത്രനായിരുന്ന വി.എ. സുരേഷ് ജാഥയിൽ ചേർന്നു. സഖാവ് അയിഷ പോറ്റി നേരത്തേ ചേർന്നു. സിനിമാ നടൻ പ്രേംകുമാർ സമ്മേളനത്തിലെത്തി. പാലക്കാട്ടെ പി.കെ. ശശി സിപിഎം വിട്ടു. പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണനും കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാനാണിട. ഇവരിൽ കുപ്രസിദ്ധനായ ശശി കോണ്‍ഗ്രസ് സ്ഥാനാർഥിയായി വന്നാൽ തലവേദനയാകും. മലന്പുഴയിൽ വി.എസിന്റെ സുരേഷും മകൻ വി.എ. അരുണ്‍കുമാറും തമ്മിൽ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ വേറെ വഴി തേടുകയാണ് സുരേഷ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള പകയുടെ ഇരയാണ് ഞാൻ- സുരേഷ് വിലപിക്കുന്നു. വി.എസിനുവേണ്ടി മലന്പുഴയിൽ വോട്ടു തേടിയ സുരേഷ് ഇനി തനിക്കുവേണ്ടി വോട്ടു ചോദിക്കുന്പോൾ പഴയ സഖാക്കൾ എന്തു ചെയ്യും?
കോണ്‍ഗ്രസിൽ സ്ഥാനാർഥികളാകാൻ വലിയ ഇടിയുണ്ട്. അതു കുറയ്ക്കാൻ ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പുതിയ സർക്കാർ വന്നാൽ പദവികളുണ്ടാവില്ല. മാറിനിന്നവരെ പരിഗണിക്കും.
ഇടതുമുന്നണി
സർക്കാർ സംവിധാനങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് തിളങ്ങുന്നു. ഹൈക്കോടതി നവകേരള സർവേ റദ്ദാക്കിയെങ്കിലും ജനുവരി ഒന്നിന് ആരംഭിച്ച സർവേ ഏതാണ്ട് പൂർത്തിയായി. വിഷൻ 2031 അന്താരാഷ്ട്ര ശില്പശാലയും കഴിഞ്ഞു. നവകേരള സർവേയ്ക്കുവേണ്ടി സർക്കാർ നേട്ടങ്ങളുടെ എട്ടുപേജ് ലഘുലേഖയുടെ 80 ലക്ഷം കോപ്പികൾ ഉണ്ടാക്കി വിതരണം ചെയ്തതായാണ് കണക്ക്. ഇതിന് 6.7 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ നേട്ടങ്ങളുടെ 627 ഹോർഡിംഗ് വച്ചു. ഇവയുടെ ജനുവരിയിലെ മാത്രം വാടക 3.7 കോടി രൂപയാണ്. കെഎസ്ആർടിസി പരസ്യത്തിന് ജനുവരി വാടക 1.7 കോടി വരും.
നവകേരളം പുതിയ വഴിയിലൂടെ എന്നു വാഗ്ദാനം ചെയ്തും, തുടരും ഈ മുന്നേറ്റം എന്ന് അവകാശപ്പെട്ടുമാണ് അവർ നടത്തുന്ന പ്രചാരണം. ബാറുകളുടെ സമയം വർധിപ്പിച്ചുകൊടുത്ത തീരുമാനം സർക്കാരിനു വരുമാനം കൂട്ടുന്നതുപോലെ ഭരണകക്ഷിക്കാർക്ക് തെരഞ്ഞെടുപ്പുഫണ്ടും ഉണ്ടാക്കും.
ഇതിന് പുറമെയാണ് കിഫ്ബിയുടെ പരസ്യങ്ങൾ. സർക്കാർ ഫണ്ട് ഉപയോഗിച്ചു പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു തെളിവാണ് കിഫ്ബി പരസ്യങ്ങൾ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 150 കോടി രൂപ പ്രചാരണത്തിന് ചെലവാക്കി. മസാല ബോണ്ട് വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ ദുർവിനിയോഗിക്കുന്നത്. ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാനും നിലനിർത്താനും മികച്ച രീതിയിൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് 2018 മുതൽ തീരുമാനമുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് അനുപാതികമായി പരസ്യം ചെയ്യുന്നു -കിഫ്ബി വിശദീകരിച്ചു. തുടർഭരണം കിട്ടിയില്ലെങ്കിൽ ഇടതു സർക്കാർ തുടങ്ങിയതെല്ലാം നിലയ്ക്കും എന്നും അവർ പറയുന്നുണ്ട്.
മണിശങ്കർ അയ്യരും കെ.വി. തോമസും
പിണറായി മൂന്നാമതും വരും എന്നു പറഞ്ഞ രണ്ടു മുൻ കോണ്‍ഗ്രസുകാർ മാധ്യമശ്രദ്ധയിൽ വന്നു. മണിശങ്കർ അയ്യരും കെ.വി. തോമസും. രണ്ടു പേരും മുൻ കേന്ദ്രമന്ത്രിമാരാണ്. ഇപ്പോൾ അനഭിമതർ. പിണറായിയുടെ സ്വന്തക്കാരാണ് രണ്ടുപേരുമിപ്പോൾ. പിണറായിക്കു മൂന്നാമൂഴം കിട്ടുമെന്ന് പറയുന്നത് അവരുടെ കടമ.
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ
ലോകത്ത് മുസ്ലിംകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൾ ഹക്കിം അസ്ഹരി ഈ മാസം 18ന് ദുബായിൽ പറഞ്ഞത് മുസ്ലിംകളിൽ വരുന്ന മനംമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 17ന് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം മതരാഷ്ട്രത്തെ എതിർക്കുന്ന മതനേതാവാണ് കാന്തപുരം. ഭാരതത്തിൽ മുസ്ലിം മതരാഷ്ട്രം ഉണ്ടാക്കാൻ വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ആപത്താണെന്ന് മുന്നറിയിപ്പു നൽകിയ മുസ്ലിം നേതാവും. മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാന്തപുരം ക്ഷണിച്ചു. മോദി അനുകൂല സമീപനം സ്വീകരിച്ചതായും വാർത്തയുണ്ട്. കേരളത്തിലെ സുന്നികൾ എല്ലാം ഒന്നിക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യമുന്നണിയേക്കാൾ ദേശീയ മുന്നണിയാണ് നല്ലതെന്ന് മുസ്ലിം ലീഗിന് തോന്നുന്നതിലേക്ക് ഈ അടുപ്പം എത്തും എന്നുവരെ പറയുന്നവരുണ്ട്.
വിവാഹപൂർവ ബന്ധം അപകടം
വിവാഹത്തിനു മുന്‍പ് ആരെയും വിശ്വസിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂ
National
ചെന്നൈ: തമിഴ്നാട്ടിൽ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി ഏഴംഗ സമിതി രൂപവത്കരിച്ച് ഡിഎംകെ. ടി.ആർ. ബാലു ആണ് സമിതി അധ്യക്ഷൻ. സഖ്യകക്ഷികളുമായുള്ള ചർച്ച നാളെ ആരംഭിക്കുമെന്നാണു റിപ്പോർട്ട്.
ഡിഎംകെ സഖ്യത്തിലെത്തിയ ഡിഎംഡികെയ്ക്ക് കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് നല്‍കിയേക്കും. 2021ൽ കോൺഗ്രസിന് 25 സീറ്റാണു നല്‍കിയത്. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിൻ അധികാരം നിലനിർത്തുമെന്നു പനീർശെൽവം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇതിനിടെ, തമിഴ്നാട്ടിൽ കൂട്ടുകക്ഷി സർക്കാരിനു യാതൊരു സാധ്യതയുമില്ലെന്നും വൻ ഭൂരിപക്ഷത്തോടെ ഡിഎംകെ അധികാരം നിലനിർത്തുമെന്നും എംഡിഎംകെ നേതാവ് വൈകോ പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വൈകുമെന്ന് സൂചന. പട്ടികയ്ക്ക് അന്തിമ രൂപം നല്കാന് ഞായറാഴ്ച നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.
അടുത്തയാഴ്ചയോടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പാലക്കാടും, തൃപ്പൂണിത്തുറയും ഒഴിച്ചുള്ള സിറ്റിംഗ് മണ്ഡലങ്ങള്‍, സംവരണ മണ്ഡലങ്ങള്‍, ധാരണയായ മറ്റ് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ പ്രഖ്യാപനം നടത്താനായിരുന്നു നീക്കം.
ഇത് മുന്നില്‍ കണ്ടാണ് ഹൈക്കമാന്‍ഡ് നേതാക്കളും കേരളത്തില്‍ നിന്നുള്ള നേതാക്കളും അടങ്ങുന്ന തെരഞ്ഞെടുപ്പ് സമിതി ഞായറാഴ്ച യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ച നടത്തും.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രമ്സി അംഗത്വം സ്വീകരിച്ചത്.
2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥിയായിരുന്നു. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായിരുന്നു. രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല.
രണ്ട് ഉപാധികൾ രശ്മി കോൺഗ്രസിന് മുന്നിൽ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.
എന്നാൽ അനുകൂലമായ മറുപടി കോൺഗ്രസ് നേതാക്കൾ നൽകിയില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ആർ. രശ്മി.
Kerala
കൊല്ലം: കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥിയായിരുന്നു.
ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം.
രണ്ട് ഉപാധികൾ രശ്മി കോൺഗ്രസിന് മുന്നിൽ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.
എന്നാൽ അനുകൂലമായ മറുപടി കോൺഗ്രസ് നേതാക്കൾ നൽകിയില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ആർ. രശ്മി.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് പോരിനിടയാക്കി. പ്രതിഷേധത്തെ ശക്തമായ രീതിയിൽ ബിജെപി അപലപിച്ചു. ഇന്ത്യയുടെ വളർച്ച കണ്ടുള്ള അസൂയ നിമിത്തമാണ് കോണ്‍ഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിൻ കോലി ആരോപിച്ചു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ ‘ആന്റി ഇന്ത്യ’ എന്നാണെന്നും, ഐഎൻസി എന്നതു യഥാർഥത്തിൽ എഎൻസി (ആന്റി നാഷണൽ കോണ്‍ഗ്രസ്) ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ വീടിനുപുറത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു.
അതേസമയം സമാധാനപരമായി പ്രതിഷേധിക്കുക എന്നതു ജനാധിപത്യ അവകാശമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. യുവാക്കളുടെ ശബ്ദം ഉയർത്തും. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരേയുള്ള ഏതൊരു കാര്യത്തെയും എതിർക്കുമെന്നും എഐ ഉച്ചകോടിക്കു തങ്ങൾ എതിരല്ലെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് പ്രസ്താവനയിൽ പറഞ്ഞു.
Kerala
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്.
നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തൃശൂർ: വയനാട് ദുരിത ബാധിതർക്കായി കോണ്‍ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് ഫെബ്രുവരി 26ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.
ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കുക. എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.
മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്‍പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതിക കാരണങ്ങളാൽ സർക്കാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.
മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവട സ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങൽ നൽകും. ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
തൃശൂർ: വയനാട് ദുരിതബാധിതർക്കായി കോണ്‍ഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന് ഉച്ചയ്ക്കു 2.30നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.
ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കും. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.
മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്‍പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതികകാരണങ്ങളാൽ സർക്കാർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.
മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവടസ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങിൽ നൽകും.
ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡിന്റെ പച്ചക്കൊടി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് മത്സരിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരം ചുമതലയുടെ ആവശ്യമില്ലെന്ന് എഐസിസി വിലയിരുത്തലുണ്ടായതോടെയാണ് സണ്ണി ജോസഫിന് മത്സര രംഗത്തിറങ്ങാൻ അനുമതി നേടാനായത്.
സണ്ണി ജോസഫ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് സംവിധാനങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഡൽഹിയിലേക്ക് സണ്ണി ജോസഫിനെ വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുമ്പോൾ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മറ്റൊരാൾ വരേണ്ടതില്ലെന്നാണ് എഐസിസി നിലപാട്. ഇതിനുപകരമായി വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ആരെയെങ്കിലും താത്കാലികമായി ചുമതലയേല്‍പ്പിക്കും.
വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഷാഫി പറമ്പിലിനാകും ചുമതല. തെരഞ്ഞെടുപ്പിന് ശേഷം മറ്റ് ക്രമീകരണങ്ങൾ ആവശ്യമെങ്കിൽ ആലോചിക്കാനാണ് ഹൈക്കമാൻഡ് നിലപാടെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പശ്ചാത്തലത്തിലാണ് വിമർശനം. ഇന്ത്യയിൽ മുസ്ലിംകൾ സുരക്ഷിതരെന്ന് കാന്തപുരം പറയുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് അത് അംഗീകരിക്കുന്നില്ലെന്നും ശോഭ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയെ മടിയിൽ ഇരുത്തിയാണ് പ്രതിപക്ഷ നേതാവിത് പറയുന്നത്. മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് നേതൃത്വം നൽകാനാണ് താത്പര്യമെന്നും, എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ആഗോള എ ഐ ഇംപാക്ട് ഉച്ചകോടി ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ നിർമ്മിതമെന്ന് പറഞ്ഞ് പ്രദർശിപ്പിക്കാനുള്ള ചന്തയാക്കി മാറ്റിയെന്ന് കോൺഗ്രസ്. ഇന്ത്യൻ സാങ്കേതിക വിദ്യയെ ലോകത്തിന് മുന്നിൽ പരിഹാസ്യമാക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
ഉച്ചകോടിയിലെ ഒരു സ്റ്റാളിൽ പ്രദർശിപ്പിച്ച 'ഓറിയോൺ' എന്ന റോബോട്ടിക് നായയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇത് ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നായിരുന്നു സംഘാടകർ അവകാശപ്പെട്ടത്. എന്നാൽ, ഇത് ചൈനീസ് കമ്പനിയായ 'യൂണിട്രീ'നിർമിച്ച റോബോട്ട് ആണെന്ന് പിന്നീട് തെളിഞ്ഞു. ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലായിരുന്നു ഈ പ്രദർശനം നടന്നത്.
ചൈനീസ് നിർമിത ഉത്പന്നങ്ങൾ 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന പേരിൽ അവതരിപ്പിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഉച്ചകോടി വെറും പി ആർ നാടകമായി മാറിയെന്നും, യഥാർത്ഥ ഇന്ത്യൻ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിവാദം കൊഴുത്തതോടെ, തെറ്റായ വിവരങ്ങൾ നൽകി ചൈനീസ് റോബോട്ടിനെ പ്രദർശിപ്പിച്ച സ്റ്റാൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഗാൽഗോട്ടിയ സർവകലാശാല സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി-നിസാംപുർ കോർപറേഷനിൽ കോൺഗ്രസിനു പിന്തുണയുമായി ഒന്‍പതു ബിജെപി കൗൺസിലർമാർ. 90 അംഗ കൗൺസിലിൽ ഇതോടെ കോൺഗ്രസിനു ഭൂരിപക്ഷമായി.
ഭീവണ്ടി സെക്കുലർ ഫ്രണ്ട് (ബിഎസ്എഫ്) എന്ന പേരിലാണ് ഒന്‍പതു ബിജെപി കൗൺസിലർമാർ പ്രത്യേക ഗ്രൂപ്പ് രൂപവത്കരിച്ചത്. 22 കൗൺസിലർമാരാണു ബിജെപിക്കുള്ളത്.
90 അംഗ കൗൺസിലിൽ കോൺഗ്രസിന് 30 അംഗങ്ങളുണ്ട്. ബിജെപി-11, ശിവസേന (ഷിൻഡെ)-12, എൻസിപി (എസ്പി)-12, സമാജ്വാദി പാർട്ടി-6, കൊണാർക് വികാസ് അഗാഡി (4), ഭീവണ്ടി വികാസ് അഗാഡി (3) എന്നിങ്ങനെയാണു മറ്റു പാർട്ടികളുടെ നില.
ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ശിവസേനയും(ഷിൻഡെ) ബിജെപിയും തമ്മിലുള്ള ഭിന്നതയ്ക്കിടെയാണ് ബിജെപിയിലെ ഒരു വിഭാഗം കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ശിവസേനയെ പിന്തുണയ്ക്കാൻ സമാജ്വാദി പാർട്ടി തീരുമാനിച്ചിരുന്നു.
Kerala
കല്യോട്ട് (കാസര്‍ഗോഡ്): മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിനോട് കൂറില്ലാത്തയാളാണെന്നും നിര്‍ണായകഘട്ടങ്ങളില്‍ പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്തുന്ന കട്ടപ്പയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
കല്യോട്ട് നടന്ന ഏഴാമത് ശരത്ലാല്-കൃപേഷ് രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് മണിശങ്കര്‍ അയ്യര്‍ വരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു.
എന്നാല്‍ അദ്ദേഹം വന്നുവെന്നു മാത്രമല്ല പിണറായി വിജയന് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് കൃപേഷും ശരത്ലാലും പോലുള്ള ചെറുപ്പക്കാര്‍ക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്.
ഈ സര്‍ക്കാരാണ് നികുതി പണം ഉപയോഗിച്ചുകൊണ്ട് ആ കേസില്‍നിന്ന് സിബിഐ അന്വേഷണത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക സമീപനങ്ങളെയോ വിഷയങ്ങളെയോ മനസിലാക്കാതെയാണ് മണിശങ്കര്‍ അയ്യരെ പോലുള്ള ആളുകള്‍ ഇവിടെവന്ന് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലായാലും 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിലായാലും ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പലപ്പോഴും ബിജെപിക്ക് ഗുണകരമായി മാറുകയാണ് ചെയ്തത്. ഇന്ന് കേരളത്തിൽ വന്ന് സിപിഎമ്മിന് അനുകൂലമായും രാജ്യത്ത് ബജെപിക്ക് അനുകൂലമായും പ്രസ്താവനകള്‍ നടത്തുന്ന ഒരു ഡബിള്‍ ഏജന്റ് ആയിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
പാര്‍ട്ടിക്കാരായ പ്രതികള്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഈ സര്‍ക്കാര്‍ വാരിക്കോരി പരോള്‍ നല്‍കുന്നത്. സിപിഎം രക്തസാക്ഷി ഫണ്ട് ഉപയോഗിക്കുന്നത് പരോളിലിറങ്ങിയ പ്രതികള്‍ക്ക് പോക്കറ്റ് മണി നല്‍കാനാണ്. അല്ലെങ്കില്‍ കൊലപാതകം ആരാണ് നിര്‍ദേശം നല്‍കിയതെന്ന കാര്യം വെളിപ്പെടുത്തുമോയെന്ന ഭയമാണ് സിപിഎം നേതൃത്വത്തെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എ. ഗോവിന്ദന് നായര്‍, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്, രാജന് പെരിയ, ബാലകൃഷ്ണന് പെരിയ, ധന്യ സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്, ബി.പി. പ്രദീപ്കുമാര്‍, എം.സി. പ്രഭാകരന്, ഗീത കൃഷ്ണന്, ഹരീഷ് പി. നായര്‍, ജോമോന് ജോസ്, പി.വി. സുരേഷ്, കെ. ഭക്തവത്സലന്, കാര്ത്തികേയന് പെരിയ, ശാന്തമ്മ ഫിലിപ്പ്, തോമസ് മാത്യു, ഷാലറ്റ് പിന്റോ, ടി.എം. ഷാഹിദ്, കെ.സത്യനാരായണന്, കൃഷ്ണന്, എം.കെ. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥികളായി 75 വയസ് കഴിഞ്ഞവർ മത്സരിക്കണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിൽ പ്രായപരിധി നിബന്ധന ഇത്തവണ ഏർപ്പെടുത്തുന്നു ണ്ടോയെന്നും 75 കഴിഞ്ഞവരെ സ്ഥാനാർഥി പ്പട്ടികയിൽ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു.75 വയസ് കഴിഞ്ഞ ജയസാധ്യതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കനഗോലു സംഘവും മണ്ഡലം പിടിച്ചെടുക്കാനോ നിലനിർത്താനോ ആവശ്യമുള്ളവരൊഴികെ 75 വയസ് കഴിഞ്ഞവരെ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ടു വച്ചിരുന്നു. കനഗോലു സംഘത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന നേതൃത്വം ഇക്കാര്യം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 വയസ് പ്രായപരിധി നിബന്ധന കർക്കശമാക്കിയിരുന്നു. അതിനുമുകളിൽ ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾക്കു മാത്രമാണ് ഇളവനുവദിച്ചത്. ഇത്തവണയും പ്രായപരിധിയിലെ ആശയക്കുഴപ്പം ഒഴിവാക്കണമെന്നാണ് ആവശ്യം.
ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരടങ്ങിയ ജയസാധ്യതയുള്ളവരുടെ സ്ഥാനാർഥിപ്പട്ടിക തയാറാക്കിയിരുന്നു. ജില്ലാ-മണ്ഡലം തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചകളുടെയും വിവിധ സർവേ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലായിരുന്നു പട്ടിക തയാറാക്കിയത്. ഇതിനെ വീണ്ടും ചുരുക്കി സമർപ്പിക്കാനുള്ള സർവേകളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഒരു മണ്ഡലത്തിലും പരമാവധി രണ്ടോ മൂന്നോ പേരുടെ പേരുകൾ മാത്രമാകും സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുക. ഇതിനായി കനഗോലു സംഘത്തിന്റെ അന്തിമസർവേയും നടന്നുവരുന്നു.
ഇതിനിടെയാണ് പ്രായപരിധി ടി മാനദണ്ഡമാക്കുന്നുണ്ടോയെന്ന ചോദ്യം ഉയർന്നത്. 75 വയസ് പ്രായപരിധി കർക്കശമാക്കിയാൽ പല മണ്ഡലങ്ങളിലും തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ കുറവു വരും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തുകളിലേക്കും കോർപറേഷൻ- മുൻസിപ്പാലിറ്റികളിലേക്കും യുവ സ്ഥാനാർഥികളെ പരീക്ഷിച്ചപ്പോൾ വലിയ വിജയമായിരുന്നു നേടിയത്. ഈ മാതൃകകൂടി പിന്തുടരുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലും വിജയസാധ്യത ഉയർത്തുമെന്ന അഭിപ്രായവുമുണ്ട്. അടുത്തയാഴ്ച ആദ്യം ഡൽഹിയിൽ സ്ഥാനാർഥിനിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
Kerala
കല്യോട്ട് (കാസര്‍ഗോഡ്): അക്രമത്തില്‍ അല്ല, കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ത്യാഗത്തിലാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. കല്യോട്ട് നടന്ന ഏഴാമത് ശരത്ലാല്-കൃപേഷ് രക്തസാക്ഷിദിനാചരണചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഹിംസാ മാര്‍ഗത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തത്. മഹാത്മഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി സ്വന്തം ജീവന് ത്യാഗം ചെയ്തവരാണ്. രൂപീകൃതകാലം മുതല്‍ സമാധാനത്തിനും സാമുദായിക സൗഹാര്‍ദത്തിനും സാമൂഹ്യനീതിക്കും വികസനത്തിനും വേണ്ടി നിലകൊണ്ട മറ്റൊരു പാര്‍ട്ടിയും ലോകത്തില്ല.
ദൗര്ഭാഗ്യവാല് അക്രമം നടമാടുന്ന കാലത്താണ് നാം ജീവിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആളുകളെ കൊല്ലുകയും നാടിന്റെ സമാധാനാന്തരീക്ഷം നശിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വികസനത്തിന് കോണ്‍ഗ്രസ് പഞ്ചവത്സരപദ്ധതികളിലൂടെ അടിത്തറയിട്ടപ്പോള്‍ ബിജെപി സര്‍ക്കാര്‍ ആസൂത്രണകമ്മീഷനെ തന്നെ പിരിച്ചുവിട്ടിരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് പോലും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കേരളം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. കഴിഞ്ഞതവണ തനിക്കും അശോക് ഗെഹ്ലോട്ടിനുമായിരുന്നു കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല.
യുഡിഎഫിന് ഭരണം കിട്ടില്ലെന്ന് അന്നെനിക്ക് ബോധ്യപ്പെട്ടിരുന്നു. കേരളത്തിലെ നേതാക്കളോട് ഇക്കാര്യം പങ്കുവച്ചപ്പോള്‍ അന്ന് അവര്‍ മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ അതു തന്നെ സംഭവിച്ചു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് പരമേശ്വര കൂട്ടിച്ചേര്‍ത്തു.
Kerala
കോട്ടയം: കെപിസിസി സംഘടിപ്പിച്ച സംസ്ഥാന സാഹിതി സമിതിയുടെ പരിപാടിയിൽ മുൻ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേം കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സിപിഎം നേതൃത്വവുമായി ഇടഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ച് പ്രേംകുമാർ വേദിയിലെത്തിയത്.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി പ്രേം കുമാറിനെ നിയമിച്ചിരുന്നു. പിന്നീട് രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് അക്കാദമി അധ്യക്ഷനായും അദ്ദേഹത്തെ സർക്കാർ നിയോഗിച്ചു. എന്നാൽ തനിക്ക് ഉചിതമായ ഒരു യാത്രയയപ്പ് പോലും നൽകാതെയാണ് തന്നെ പദവിയിൽ നിന്നും നീക്കം ചെയ്തതെന്നും ആശ സമരത്തെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരിലാണ് തനിക്കെതിരെ ഇത്തരത്തിലൊരു നടപടി പാർട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നുമാണ് പ്രേംകുമാർ ആരോപിച്ചത്.
സംസ്ഥാന സാഹിത്യ അക്കാദമി അധ്യക്ഷൻ എം. സച്ചിദാനന്ദന്റെ ഇടത് വിരുദ്ധ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. പ്രേംകുമാറിന്റെ പ്രതികരണത്തിൽ പ്രതിരോധത്തിലായ പാർട്ടി നടത്തിയ അനുനയ ശ്രമങ്ങളോടും മുഖം തിരിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയായി അദ്ദേഹം എത്തിയത്.
National
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയ മാണിക്കം ടാഗോര്‍ എംപിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സെല്‍വപെരുന്തഗൈ.
മാണിക്കം ടാഗോറിന്റെ നേതൃതത്തില്‍ തിരുപ്പരന്‍കുണ്ഡ്രത്ത് നടന്ന പാര്‍ട്ടിയുടെ മധുര സൗത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഇത് സംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് എഐസിസി ആവശ്യപ്പെട്ടിട്ടുള്ളതാണ്. കോണ്‍ഗ്രസില്‍ ഈ നേതാക്കളെക്കാള്‍ വലിയ ആരെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല.
സീറ്റ് വിഭജനം സംബന്ധിച്ച് ഡിഎംകെയുമായി ചര്‍ച്ച നടത്തുന്നതിനായി ഗിരീഷ് ചോദാൻകറുടെ കീഴില്‍ അഞ്ചംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആരും അവരുടെ അഭിപ്രായങ്ങള്‍ പറയരുത്. എഐസിസി നേതൃത്വം പറഞ്ഞത് ഇതാണ്.
എന്റെയും കാഴ്ചപ്പാട് ഇതാണ്- സെല്‍വപെരുന്തഗൈ പറഞ്ഞു. ടാഗോറിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിനു നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിപ്പിച്ചിട്ടുണ്ടെന്ന് സെല്‍വപെരുന്തഗൈ അറിയിച്ചു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
ആരു സ്ഥാനാർഥി ആയാലും പാർട്ടി ജയിപ്പിക്കാൻ ഇറങ്ങണം. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റുണ്ടാകില്ലെന്നും പാർട്ടി നടപടിയുണ്ടാകുമെന്നും പ്രചാരണ സമിതി യോഗത്തിൽ വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
സച്ചിൻ പൈലറ്റ് അടക്കമുള്ള നിരീക്ഷകർ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർഥി മോഹികൾക്ക് കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകിയത്. സീറ്റിന് വലിയ അവകാശവാദങ്ങൾ വേണ്ട. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും വേണുഗോപാൽ യോഗത്തിൽ വ്യക്തമാക്കി.
National
ദിസ്പുർ: കോൺഗ്രസ് വിട്ട പിസിസി മുൻ അധ്യക്ഷൻ ഭുപൻ ബോറ പാർട്ടിയിൽ തിരിച്ചെത്തി. സംസ്ഥാന അധ്യക്ഷൻ ഗോഗോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
മുൻ എംഎൽഎ കൂടിയായ ഭൂപെൻ ബോറ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇന്ന് ഉച്ചയോടയാണ് രാജിക്കത്ത് നൽകിയത്. തന്നെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
National
ദിസ്പുർ: ആസാമിൽ കോൺഗ്രസ് തകർന്നടിയുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്നും ഹിമന്ത പറഞ്ഞു. മുൻ പിസിസി അധ്യക്ഷനായ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്തയുടെ പ്രതികരണം.
കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിൽ മനംനൊന്താണ് ബോറ പാർട്ടി വിട്ടതെന്നും ബോറ പറഞ്ഞു. കോൺഗ്രസിൽ കുടുംബരാഷ്ട്രീയമാണെന്നും ഹിമന്ത കുറ്റപ്പെടുത്തി. എന്നാൽ ബോറ ബിജെപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹിമന്ത വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഭുപെൻ ബോറ കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.
2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും യുഡിഎഫ് അധികാരത്തിലെത്തുകയെന്നും സച്ചിൻ പറഞ്ഞു.
"കേരളത്തിൽ യുഡിഎഫിന് അനുകൂലമാണ് സാഹചര്യം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വരാനാണ് ജനം ആഗ്രഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തിൽ ജനങ്ങൽ തൃപ്തരാണ്.'-സച്ചിൻ അവകാശപ്പെട്ടു.
നിലവിൽ ഭരണത്തിലുള്ള എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ മടുത്തിരിക്കുകയാണ്. അവരെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണ്. അതിനാൽ തന്നെ എൽഡിഎഫ് തകർന്നടിയുമെന്ന കാര്യം ഉറപ്പാണ്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി കേരളത്തിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സച്ചിൻ. തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പൂർണമായി സജ്ജമായെന്നും സച്ചിൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ. സംസ്ഥാന സർക്കാരിനെ രാജീവിയൻ സർക്കാരെന്നാണ് അയ്യർ വിശേഷിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ ഭരണം നടത്തുന്നു. പഞ്ചായത്ത് രാജ് ആക്ട് കേരളം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.
കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്. നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. താൻ ധരിക്കുന്നത് വേഷ്ടിയാണ്. അതിന് കോൺഗ്രസിന്റെ നിറം ആണെന്നും, കോൺഗ്രസുകാരനെന്ന നിലയിൽ യുഡിഎഫ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നതായും മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു.
എന്നാൽ പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും. വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദേശിക്കില്ല. ധാരാളം മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ട്. താൻ ഒരു ഉറച്ച കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിനെ അഭിനവ സർദാർ വല്ലഭായ് പട്ടേൽ ആക്കാൻ ശ്രമിക്കുന്നവരുടെ തലച്ചോർ പരിശോധിക്കണം. രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്താനില്ല. പക്ഷേ കഴിവുള്ളവരെയും അർഹരെയും തിരിച്ചറിയണമെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആസാമിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചു.
കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.
2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. കോൺഗ്രസ് വിട്ടെത്തുന്ന ഭുപൻ ബോറയ്ക്ക് ബിജെപിയിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ പദവി ഏഴു വർഷമായി ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിച്ച് കോണ്‍ഗ്രസ്. പദവി ഒഴിഞ്ഞുകിടക്കുന്നത് നടപടിക്രമങ്ങളുടെ ചെറിയ വീഴ്ചയല്ലെന്നും പാർലമെന്ററി ജനാധിപത്യത്തിന്റെ ഹൃദയ ഭാഗത്തിനേറ്റ പ്രഹരമാണെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ കുറ്റപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 93 അനുസരിച്ച് സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഉറപ്പായും തെരഞ്ഞെടുക്കണമെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഇതു പാലിക്കപ്പെടുന്നില്ലെന്നും മാണിക്കം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങൾക്ക് സന്തുലനവും നിഷ്പക്ഷതയും ബഹുമാനവും നൽകാൻ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകുന്നതാണ് പാരന്പര്യമെന്നും പ്രതിപക്ഷത്തിന് അവരുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സ്ഥാപനത്തെത്തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.
ഇപ്പോൾ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം നൽകിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ പദവി മനഃപൂർവമായി ഒഴിഞ്ഞുകിടക്കുന്നത് കൂടുതൽ വ്യക്തമാക്കപ്പെട്ടുവെന്നും ഇത് ഭരണനിർവഹണമാണോ അതോ ഉത്തരവാദിത്വബോധത്തോടുള്ള ഭയമാണോയെന്നും മാണിക്കം ചോദിച്ചു. പ്രതിപക്ഷത്തെ അരികുവത്കരിക്കാൻ ഭരണഘടനാപദവികൾ ഒഴിവാക്കിയിടുന്നത് ശക്തിയല്ലെന്നും അത് അരക്ഷിതാവസ്ഥയാണെന്നും മാണിക്കം വിമർശിച്ചു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം.
"അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
സമ്മേളനം ബഹിഷ്കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സിവിൽ സര്‍വീസിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥൻ. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ദേശീയ രാഷ്ട്രീയം മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലൂടെയും പലതും ചെയ്യാനുണ്ടെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. നേരത്തെ, കണ്ണൻ ഗോപിനാഥൻ പാലക്കാട് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നിലവിൽ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലാണ് പാലക്കാട്ടെ എംഎൽഎ. പാലക്കാട് രാഹുൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു കണ്ണൻ ഗോപിനാഥൻ സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ചത്. പിന്നീട് കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. കഴിഞ്ഞ വർഷം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
National
ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നും കോൺഗ്രസ് ഇതിനു മറുപടി പറയണമെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍ ആരോപണം കപിൽ സിബലും കോൺഗ്രസും നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പേരുകൾ എപ്സറ്റീൻ ഫയലില്‍ ഉണ്ടെന്നുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയത്.
മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജെഫ്രി എപ്സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
എപ്സ്റ്റീനെ മൂന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മീഷന്റെ ഭാഗമായിരിക്കേയാണ് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ മുന്പിൽ പത്തു ചോദ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസ് രംഗത്ത്. ചോദ്യങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ പാർട്ടികളുടെ നിലപാടനുസരിച്ച് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാടെടുക്കാൻ സമുദായം സജ്ജമാണെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം വ്യക്തമാക്കി.
ചോദ്യങ്ങൾ
► 1. യുവജനങ്ങൾ നാട്ടിൽനിന്നു പലായനം ചെയ്യുന്നത് തടയാൻ എന്താണു പരിഹാരം ?
► 2. റബർ, നെല്ല് കർഷകർക്ക് കാർഷിക മേഖലയിൽ നിലനിൽക്കുവാൻ എന്താണു വിഭാവനം ചെയ്യുന്നത് ?
►3. വനം-വന്യജീവി നിയമ ഭേദഗതിക്ക് തയാറാകാത്തത് എന്തുകൊണ്ട്?
► 4. 80:20 സംവരണത്തിൽ ജനസംഖ്യാനുപാതികമായ വിതരണം നടത്തപ്പെടുന്നതിനും ഇഡബ്ല്യുഎസ് കേരളത്തിലെ സാഹചര്യമനുസരിച്ച് ക്രമീകരിച്ചു നടപ്പാക്കുന്നതിനും എന്താണു തടസം?
► 5. വർഗീയശക്തികളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ പീഡനങ്ങൾ നടക്കുമ്പോൾ രാഷ്ട്രീയപാർട്ടികൾ പക്ഷം പിടിക്കുന്നത് എന്തുകൊണ്ട് ?
► 6. മുനമ്പം പ്രശ്നത്തിൽ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന ഇരട്ടത്താപ്പും ജനവഞ്ചനയും നീതീകരിക്കാവുന്നതാണോ ?
► 7. ദളിത് ക്രൈസ്തവർക്ക് അർഹമായ സംവരണാനുകൂല്യങ്ങൾ നൽകുന്നതിന് എന്താണു തടസം?
► 8. ഭിന്നശേഷിസംവരണത്തിന്റെ മറവിൽ അധ്യാപക നിയമനം അട്ടിമറിക്കപ്പെടുന്നതിൽ എന്തു നിലപാടാണുള്ളത് ?
► 9. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുന്നതിൽ നിലപാട് എന്താണ് ?
► 10. നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായത്തിന് അർഹമായ സ്ഥാനാർഥിത്വം നൽകുന്നതിന് രാഷ്ട്രീയപാർട്ടികൾ എത്രമാത്രം സന്നദ്ധമാണ്?
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, കെ.പി. സാജു, ജോമി ഡൊമിനിക്, ജേക്കബ് നിക്കോളാസ്, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിക്കുന്ന വോട്ടിൽ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സിപിഎം വീണ്ടും ജയിച്ചാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നതായും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഈ സർക്കാരിന്റെ പോക്കുകണ്ടിട്ട് കമ്യൂണിസ്റ്റ് സഹയാത്രികർ ഇന്നു മാനസികസമ്മർദത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോടു താത്പര്യമുള്ളവർ അറിയാതെ പ്രതികരിച്ചുപോകും. അതിനാലാണ് ആശാസമരത്തിന്റെ പേരിൽ കെ. സച്ചിദാനന്ദനെയും പ്രേംകുമാറിനെയും പോലുള്ളവർ പ്രതികരിച്ചത്. പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണു സിപിഎം ശൈലി. ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായതിനാൽ അവർക്കു പെട്ടെന്നു സച്ചിദാനന്ദനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല.
പക്ഷേ പ്രേംകുമാറിനെ ഒഴിവാക്കി. മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശമാണ്. ലോക്സഭയിൽ പ്രതിപക്ഷനേതാവിനെപ്പോലും മോദി സംസാരിക്കാൻ അനുവദിക്കുന്നില്ല. അതേ രീതിയിലാണ് കേരളത്തിൽ പിണറായിയെ വിമർശിക്കുന്ന വർക്കെതിരേയുള്ള സൈബർ ആക്രമണമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആഗോള അയ്യപ്പസംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണ്. പുറത്തുവന്ന കണക്കുകൾ തെറ്റാണെന്ന ആക്ഷേപവുമായി സിപിഎമ്മും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രംഗത്തുവരുന്നത് അതിൽനിന്ന് തലയൂരാനുള്ള ഗിമ്മിക്കാണ്. ഭജൻസിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റി. എന്നിട്ട് അതിനെ ന്യായീകരിക്കാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണെ ന്നും അദ്ദേഹം പരി ഹസിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.
ബിജെപിയെ പൂട്ടിച്ചു
2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഉഗ്രപോരാട്ടം
കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കെപിസിസി ആസ്ഥാനത്തു ചേരും.
പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ ചെയർമാനാക്കി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ സമിതി പുനഃസംഘടിപ്പിച്ചിരുന്നു.
നാളെ എറണാകുളത്തു ചേരാനിരുന്ന കെപിസിസി നേതൃയോഗവും 16നു തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു. ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന യോഗത്തിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
National
ന്യൂഡൽഹി: വിവാദ അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചകളിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്. 2014-നും 2016-നും ഇടയിൽ സർക്കാർ പദവികളൊന്നും വഹിക്കാതിരുന്ന പുരി, ആരുടെ നിർദ്ദേശപ്രകാരമാണ് എപ്സ്റ്റീനെ കണ്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചു.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി സർക്കാരിൽ ഒരു പദവിയും വഹിച്ചിരുന്നില്ല. അക്കാലത്ത് എപ്സ്റ്റീനുമായി നടത്തിയ മൂന്നോ നാലോ കൂടിക്കാഴ്ചകൾ ഏത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലായിരുന്നു? രാജ്യത്ത് വിദേശകാര്യ മന്ത്രാലയവും മന്ത്രിയും ഉള്ളപ്പോൾ, ഇത്തരമൊരു കൂടിക്കാഴ്ച നടത്താൻ പുരിക്ക് ആരാണ് അനുമതി നൽകിയത്?
അന്ന് വെറുമൊരു മുൻ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന പുരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായാണോ എപ്സ്റ്റീനെ കണ്ടതെന്നും പവൻ ഖേര ചോദിച്ചു.
"ഇന്ത്യയുടെ വികസന മാതൃകയെക്കുറിച്ച് സംസാരിക്കാനാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് മന്ത്രി പറയുന്നത്. വിദേശകാര്യ മന്ത്രിയും എംബസിയും ചെയ്യേണ്ട കാര്യം ചെയ്യാൻ അന്ന് ഔദ്യോഗിക പദവി പോലുമില്ലാത്ത പുരിയെ ആരാണ് ചുമതലപ്പെടുത്തിയത്?" തുടങ്ങിയ ചോദ്യങ്ങളാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചത്.
എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിലും പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയും ലോക്സഭ മാർച്ച് ഒൻപതിലേക്ക് പിരിയുകയും ചെയ്തു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലും ഈ വിഷയം സജീവമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എപ്സ്റ്റീൻ വിവാദത്തിന് പുറമെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധ വ്യവസ്ഥകളും വരും ദിവസങ്ങളിൽ സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
പ്രചാരണ സമിതിയും പ്രകടനപത്രിക സമിതിയും കോൺഗ്രസ് ഇതിനൊടകം പ്രഖ്യാപിച്ചിരുന്നു. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനിംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നല്‍കും.
25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന്‍ പകരം പദവിയില്‍ ആരെന്നതിലും തീരുമാനം വരും.
Kerala
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്നും മത്സരിക്കുന്നതിനാല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ സംബന്ധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ബെന്നി ബെഹനാന്റെ പേരിനാണ് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള പാര്‍ട്ടിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് അധികാരമാറ്റം പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് വേളയില്‍ സംഘടനാശേഷിയും, പരിചയസമ്പന്നനുമായ നേതാവ് എന്ന നിലയിലാണ് ബെന്നി ബെഹനാന്റെ പേര് പരിഗണിക്കുന്നത്. ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണണ പോറ്റി വിവാദം വിനയായെന്നാണ് സൂചന.
Kerala
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്ററുകൾ പതിച്ചതിനെച്ചൊല്ലി വലിയ വിവാദം. സംഭവത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പരസ്യമായി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകുകയും ചെയ്തു.
എൽഡിഎഫ് നടത്തുന്ന ഒരു പ്രചാരണ ജാഥയുമായി ബന്ധപ്പെട്ട പോസ്റ്ററുകളാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപവും പള്ളിയുടെ മതിലിലും പതിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
ലക്ഷക്കണക്കിന് ആളുകൾ ആദരവോടെ കാണുന്ന ഉമ്മൻ ചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് അങ്ങേയറ്റം നീചമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പുതുപ്പള്ളിയിൽ ജനവികാരം വ്രണപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ എൽഡിഎഫ് ബോധപൂർവം ചെയ്യുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
എൽഡിഎഫ് ജാഥയുടെ ഭാഗമായുള്ള പോസ്റ്ററുകളായതിനാൽ, സഖ്യകക്ഷി നേതാവായ ജോസ് കെ. മാണി ഇതിന് മറുപടി പറയണമെന്നും മാപ്പ് പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. പള്ളി അധികൃതരുടെയും വിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തിയെന്നും അതിക്രമിച്ചു കയറി പോസ്റ്റർ പതിച്ചുവെന്നും കാണിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് അതേ സ്ഥാനത്ത് തുടരുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
വർഗീയതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയും തന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത പറഞ്ഞ മന്ത്രി യുഡിഎഫിലാണെങ്കിൽ 24 മണിക്കൂർ പോലും ആ സ്ഥാനത്തുണ്ടാവില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ മുതലക്കുളം മൈതാനത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സജി ചെറിയാന്റെ മലപ്പുറം പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പച്ചയ്ക്ക് വർഗീയത പറയുന്നവരെ പൊന്നാട അണിയിക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി തങ്ങൾ വർഗീയത പറയില്ലെന്നും തുടർ ഭരണം വേണ്ടെന്ന് സാംസ്കാരിക കേരളം പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരേ ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന് ഫയല്‍സില്‍ 2017 ജൂണ്‍ ആറിന് ജെഫ്രി എപ്സ്റ്റീനും ഹര്‍ദീപ് സിംഗ് പുരിയും നടത്തിയിട്ടുള്ള ആശയവിനിമയമടങ്ങുന്ന മെയില്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ദേശീയവക്താവ് പവന് ഖേര ചോദ്യങ്ങളുന്നയിച്ചിട്ടുള്ളത്.
2017 ജൂണ്‍ അഞ്ചിന് ഹര്‍ദീപ് സിംഗ് പുരി എപ്സ്റ്റീനോട് ഒരു യോഗത്തിനു സമയം ലഭ്യമാണോയെന്നു ചോദിക്കുന്നതും ഇതിനു ‘‘മിഡില്‍ ഈസ്റ്റ് ശരിയായി നടന്നില്ല. എനിക്കു ചില ശക്തമായ നിരീക്ഷണങ്ങളുണ്ട്”എന്ന് എപ്സ്റ്റീന് ജൂണ്‍ ആറിന് മറുപടി നല്‍കിയിരിക്കുന്നതുമായ മെയില്‍ പവന് ചൂണ്ടിക്കാട്ടി. പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈ സംഭാഷണത്തിന്റെ ആഴ്ചകള്‍ക്കുമുമ്പ് മാത്രം (2017 മേയ് 14 മുതല്‍ 17 വരെ) ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്ന് വ്യക്തമാക്കിയാണ് പവന് ചോദ്യങ്ങളുന്നയിച്ചിട്ടുള്ളത്.
എപ്സ്റ്റീന്റെ പശ്ചിമേഷ്യന്‍ പരാമര്‍ശം മഹ്മൂദ് അബ്ബാസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതാണോയെന്നു ചോദിച്ച കോണ്‍ഗ്രസ് നേതാവ് അതല്ലെങ്കില്‍ പിന്നെ എപ്സ്റ്റീന് എന്തിനെപ്പറ്റിയാണു പരാമര്‍ശിക്കുന്നതെന്നും ചോദിച്ചു. എന്തുകൊണ്ടാണ് ഒരു മുന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഒരു ലൈംഗിക കുറ്റവാളിയോട് ഇന്ത്യയെക്കുറിച്ച് മാത്രമല്ലാതെ പശ്ചിമേഷ്യയെക്കുറിച്ചും സംസാരിക്കുന്നതെന്ന് ആരാഞ്ഞ പവന് ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ, അതോ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നീണ്ട ചർച്ചയുടെ ഭാഗമാണോയെന്നും ചോദിച്ചു.
എപ്സ്റ്റീന് പങ്കുവച്ച പ്രസ്തുത മെയിലില്‍ ഹര്‍ദീപാണ് എപ്സ്റ്റീനുമായുള്ള സംഭാഷണങ്ങള്‍ക്കു തുടക്കമിടുന്നതെന്നും പവന് പറഞ്ഞു. എന്നിട്ടും താന്‍ എപ്സ്റ്റീന് ഒരു മെയില്‍ മാത്രമേ അയച്ചിട്ടുള്ളൂവെന്ന അവകാശവാദമുന്നയിക്കാന്‍ ഹര്‍ദീപ് സിംഗ് ധൈര്യപ്പെട്ടെന്നും പവന് ഖേര കുറ്റപ്പെടുത്തി.
Kerala
കൊച്ചി: ദേശീയ പണിമുടക്കിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടന്ന യുഡിഎഫ് ജാഥയെ വിമര്‍ശിച്ച് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. യുഡിഎഫ് ജാഥ തൊഴിലാളികളെ അവഹേളിക്കുന്നതാണെന്ന് എളമരം കരീം പറഞ്ഞു.
എല്‍എഡിഎഫിന്റെ മേഖല ജാഥ മാറ്റി വച്ചതു പോലെ യുഡിഎഫിന്റെ ജാഥയും മാറ്റിവയ്ക്കണമായിരുന്നുവെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് മാനിക്കാതെ യുഡിഎഫ് ഇന്ന് ജാഥ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഐഎന്‍ടിയുസി വിഭാഗത്തില്‍ പെട്ടവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്താകെ ലക്ഷക്കണിന് തൊഴിലാളികള്‍ ജീവന് മരണ സമരം നടത്തുമ്പോള്‍ അതിനോടുള്ള ബഹുമാന സൂചകമായെങ്കിലും ഇന്ന് യുഡിഎഫിന്റെ ജാഥ മാറ്റി വയ്ക്കേണ്ടതായിരുന്നുവെന്ന് എളമരം കരീം വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരത്തെ നിശ്ചയിച്ച ജാഥ ഇന്നും ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് അത് മാറ്റിവച്ചു. ഈ പണിമുടക്ക് ഒരു താക്കീതാണെന്നും സമരങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിൽ സ്റ്റേജിൽ വച്ചുണ്ടായ പിടിവലിയുടേതായി പുറത്തുവന്ന വിഡിയോകൾ എഐ നിർമിതമാണെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ.
ഷാഫി കഴുത്തിൽപ്പിടിക്കുന്നത് എഡിറ്റഡ് വിഡിയോയാണെന്നും അതാണ് ഇടതുകേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഷാഫിയെ പ്രസംഗിക്കാൻ വിളിച്ചപ്പോൾ ഇപ്പോൾ തന്നെ പരിപാടി വൈകിയതിനാൽ പ്രസംഗിക്കുന്നില്ല എന്ന് ഷാഫി അറിയിച്ചു. ഷാഫി പ്രസംഗിക്കാൻ വിസമ്മതിക്കുന്ന സാഹചര്യം മാത്രമാണുണ്ടായത്. സിപിഎം ഹാൻഡിലുകളൊക്കെ ഇതിനെതിരെ വ്യാപകമായ പ്രചരണം നടത്തുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. അങ്ങനെ യാതൊരു സംഭവവും ഉണ്ടായിട്ടില്ല എന്നും പ്രമോദ് കക്കട്ടിൽ പറഞ്ഞു.
National
ന്യൂഡൽഹി: പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സ്പീക്കര്‍ ഓം ബിർളക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതിന് പിന്നാലെ തിരിച്ചടിക്കൊരുങ്ങി ഭരണപക്ഷം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നല്കി.
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയിൽ നോട്ടീസ് നല്‍കിയത്.
ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിക്കെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം.
ബജറ്റ് ചര്‍ച്ചയില്‍ തെളിവുകളൊന്നുമില്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. മുന്‍കൂട്ടി അറിയിക്കാതെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ എപ്സ്റ്റീന് ഫയല്‍ ആരോപണം ഉയര്‍ത്തി, ജോര്‍ജ് സോറോസിനെ പോലെയുള്ള ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ദുരൂഹമായ യാത്രകള്‍ നടത്തുന്നു തുടങ്ങിയവയാണ് ആക്ഷേപം.
രാജ്യത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെ രാഹുലിന് ആരാണ് ധനസഹായം നൽകുന്നതെന്നും എവിടെനിന്നാണ് പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുലിനു ലഭിച്ചതെന്നും ചോദിച്ച നിഷികാന്ത് ദുബെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഭീഷണി വിലപ്പോവില്ലെന്നും, രാഹുല്‍ ഗാന്ധിക്കെതിരെ എത്രയോ കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
Kerala
കോതമംഗലം: കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകൾ ഗുണ്ടാപ്രവർത്തനമാണ് നടത്തുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ. സ്വന്തം പാർട്ടിയുടെ നേതാക്കളെ വരെ ആക്ഷേപിക്കുന്നവരാണ് കോൺഗ്രസിന്റെ സൈബർ സംഘമെന്നും ശൈലജ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയും ഓണം ബോണസും സംബന്ധിച്ച പരാമർശം ട്രോളാക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ശൈലജ. പത്തനംതിട്ടയിൽ കെ.കെ. ശൈലജ തൊഴിലുറപ്പ് തൊഴിലാളുകളുമായി സംവദിച്ചതാണ് ട്രോളുകൾക്ക് കാരണമായത്.
ഇടതുപക്ഷമാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ അന്നത്തെ യുപിഎ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ശൈലജ ആവർത്തിച്ചു. എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കിയത് ഇടതുപക്ഷത്തിന്റെ നിരന്തര ഇടപെടൽകൊണ്ടാണെന്നും കെ.കെ.ശൈലജ കൂട്ടിച്ചേർത്തു.
District News
കൊല്ലങ്കോട്: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയലോഷ് നയിക്കുന്ന യുവജന ജില്ലാ പദയാത്രയ്ക്കു സ്വീകരണം നൽകി. നെന്മാറ നിയോജകമണ്ഡലത്തിലെ മുതലമട കാമ്പ്രത്തുചള്ളയിൽനിന്ന് ആരംഭിച്ച പദയാത്ര കൊല്ലങ്കോട് സമാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
നെന്മാറ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മനു പല്ലാവൂർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജി എൽദോ, കെ.എം. ഫെബിൻ, യുഡിഫ് ചെയർമാൻ കെ. പത്മകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സി.വിഷ്ണു, ഒ.കെ. ഫാറൂക്ക്, ഷഫീക്ക് അത്തിക്കോട്, ജിതേഷ് നാരായണൻ, ജില്ലാ ഭാരവാഹികൾ പ്രസംഗിച്ചു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നുപോലും സംശയിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ബജറ്റിൽ പെരുമാറിയതെന്നും ഈ വിവേചനം അവസാനിപ്പിക്കണമെന്നും ബജറ്റിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് കെ.സി. വേണുഗോപാൽ പറഞ്ഞു.
12 വർഷം മുന്‍പ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തതാണ്. എന്നാൽ കേരളത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഏഴ് അതിവേഗ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടും അതിൽ കേരളമില്ല. കേരളത്തിലെ ജനങ്ങളെക്കുറിച്ച് ഓർമിച്ചില്ലെങ്കിലും ആമകളെക്കുറിച്ച് ഓർത്തതിൽ നന്ദിയുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തോടുള്ള ഈ വിവചനം അവസാനിപ്പിച്ച മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ’ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരന്പുകളിൽ’ എന്ന വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ചാണ് വേണുഗോപാൽ ബജറ്റിൽ കേരളം നേരിട്ട അവഗണന ചൂണ്ടിക്കാട്ടിയത്.
വ്യാപാരക്കരാറിൽ അമേരിക്കയ്ക്കു മുന്നിൽ ഇന്ത്യ കീഴടങ്ങി. സമാനമായ രീതിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനു മുന്നിൽ കീഴടങ്ങിയതായും വേണുഗോപാൽ പറഞ്ഞു.
രാജ്യത്തെ 34 ശതമാനത്തോളം പേരുടെയും ദിവസവരുമാനം 100 രൂപ മാത്രമാണ്. ഇതാണ് മോദി യുഗമെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തു തൊഴിലില്ലായ്മ വലിയതോതിൽ ഉയർന്നതായും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ചെറുപ്പക്കാര്‍ വരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും കുര്യൻ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിയോട് പറയുമെന്നും ഇനി പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും കുര്യന് പറഞ്ഞു.
പാര്‍ട്ടി തീരുമാനിക്കുന്നവരായിരിക്കും സ്ഥാനാര്‍ഥികള്‍. സ്വയം പ്രഖ്യാപിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ ആയെന്നും വരാം, ആയില്ലെന്നും വരാം. അത് വലിയ കാര്യമൊന്നുമില്ല. അതിപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് പറയാം. ഞാന്‍ മത്സരിക്കുന്നുവെന്ന് എനിക്ക് വേണമെങ്കില്‍ പറയാം.
ചെറുപ്പക്കാര്‍ മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മത്സരിക്കാന്‍ താല്പര്യമില്ല. മത്സരിക്കാന്‍ പാര്‍ട്ടി എന്നോട് പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും. കുര്യന് പറഞ്ഞു.
National
ന്യൂഡൽഹി: പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. അവിശ്വാസ പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ ഓം ബിർള സഭയിലെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ലോക്സഭയിൽ ഇന്നും ബജറ്റ് ചർച്ച തുടരും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ ചർച്ചയ്ക്ക് മറുപടി നൽകും. അതേസമയം ലോക്സഭ സ്പീക്കറെ നീക്കാനുള്ള അവിശ്വാസ നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും.നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും.
ഇതുസംബന്ധിച്ച് സെക്രട്ടറി ജനറൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് സ്പീക്കർ ഓം ബിർള നിർദേശിച്ചു. നോട്ടീസ് മാർച്ച് ഒൻപതിന് സഭയിൽ ചർച്ചയ്ക്കെടുക്കാനാണ് സാധ്യത.
National
ബംഗുളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായി തർക്കം തുടങ്ങുന്നുവെന്ന് സൂചന. നേതൃമാറ്റത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങളും വാക്കുതർക്കവും തുടരുന്നതിനിടെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിക്ക് പോയി.
മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ-ബജറ്റ് യോഗത്തിന് നിൽക്കാതെയാണ് ശിവകുമാർ ഡൽഹിക്ക് പോയത്. ശിവകുമാറിന്റെ ജലവിതരണ വകുപ്പിന്റെയും, ബംഗുളൂരു അർബൻ ഡെവലപ്മെന്റ് വകുപ്പിന്റെയും യോഗമാണ് സിദ്ധരാമയ്യ വിളിച്ചത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ശിവകുമാർ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു.
അതേസമയം, വകുപ്പുകളുടെ പ്രവർത്തനം നല്ലനിലയിലാണ് പോകുന്നതെന്നും തന്റെ സാന്നിധ്യം ആവശ്യമില്ല എന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. താൻ കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമാണെന്നും പറഞ്ഞ ശിവകുമാർ കോൺഗ്രസ് നേതാക്കളെയും എംപിമാരെയുമെല്ലാം കാണേണ്ടത് തന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു. പിന്നാലെ തന്റെ വേദനകളും പ്രശ്നങ്ങളും തുറന്നുപറയുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: ലോക്സഭ സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. ബജറ്റ് ചർച്ച ആരംഭിക്കുന്നതിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അവിശ്വാസ പ്രമേയത്തിൽ തീരുമാനം. എന്നാൽ സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പുവയ്ക്കാൻ തൃണമൂൽ കോൺഗ്രസ് തയാറായിട്ടില്ല. അവിശ്വാസ നോട്ടീസ് നൽകണോ എന്ന കാര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് തീരുമാനം എടുക്കുക.
ബജറ്റ് ചർച്ചയ്ക്ക് മുൻപ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. അംഗങ്ങളെ സസ്പെൻഡ് ചെയ്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.
സർക്കാരുമായി ചർച്ച ചെയ്ത ശേഷം എന്തു വേണമെന്ന് അറിയിക്കാം എന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സ്പീക്കറുടെ നിലപാട് വ്യക്തമായ ശേഷം പ്രതിപക്ഷം ഇന്ന് വീണ്ടും യോഗം ചേരും.
District News
പത്തനാപുരം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും സോളാർ കേസ് ചർച്ചയാവുകയാണ്. ഗണേഷ്കുമാറിന്റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ സുധീർ മലയിൽ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ മൊഴി രാഷ്ട്രീയ കേരളം ചർച്ച ചെയുകയാണ്.
ഈ വിഷയത്തിൽ കഴിഞ്ഞ ജനുവരി 20 ന് പത്തനാപുരത്തെ ഒരു പാർട്ടി പരിപാടിയിൽ ചാണ്ടി ഉമ്മൻ ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ചിരുന്നു. ഉമ്മൻചാണ്ടിയെ കുടുക്കിയതിനു പിന്നിൽ ഗണേഷ്കുമാർ ആണെന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. എന്നാൽ ഉമ്മൻചാണ്ടിയാണ് തന്റെ കുടുംബം തകർത്തതെന്നു ഗണേഷ്കുമാർ തിരിച്ചടിച്ചതോടെ സോളാർ വിഷയത്തിൽ നിന്നും ശ്രദ്ധ വഴിമാറി.
സുധീർ മലയിലിന്റെ സാക്ഷി മൊഴിയോടെ വീണ്ടും സോളാർ ഗൂഢാലോചന സജീവമാക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.
ഇതിനിടയിൽ സഹോദരി ഉഷാ മോഹൻദാസ് ഗണേഷ്കുമാറിനെതിരേ തിരിഞ്ഞതും ഗണേഷ് കുമാറിന് തിരിച്ചടിയായി. ഗണേഷ് കുമാർ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമെന്നും ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നുമാണ് സഹോദരി ഉഷ മോഹന്‍ദാസ് വെളിപ്പെടുത്തിയത്.
National
ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളില്‍നിന്ന് ഇന്ത്യയെ സംബന്ധിക്കുന്ന ചില രേഖകള്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറിനുശേഷം അപ്രത്യക്ഷമായെന്നു കോണ്‍ഗ്രസ്. ഇന്ത്യയുടെ പരാമര്‍ശങ്ങളുള്ള കുറഞ്ഞത് 60 ഫയലുകളെങ്കിലും കരാറിനുശേഷം അപ്രത്യക്ഷമായെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേര ആരോപിച്ചു.
യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റിലുള്ള എപ്സ്റ്റീന് ഫയലുകളില്‍ കഴിഞ്ഞ ആറിന് ‘ഇന്ത്യ’ എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ 484 പേജുകളുടെ ഫയലുകള്‍ ലഭിക്കുമായിരുന്നെന്നും ഓരോ പേജിലും പത്തു രേഖകള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും പവന് പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ഇതേ കാര്യം തെരയുകയാണെങ്കില്‍ 478 പേജുകളേ ലഭിക്കുകയുള്ളൂവെന്നും ഇതിനര്‍ഥം ഏകദേശം 60 ഫയലുകളടങ്ങുന്ന 6 പേജുകള്‍ അപ്രത്യക്ഷമായെന്നും ഇതിനിടയില്‍ നടന്ന ഒരു സംഭവവികാസം ഇന്ത്യ-യുഎസ് കരാറാണെന്നും പവന് വ്യക്തമാക്കി.
എപ്സ്റ്റീന് ഫയല്‍ സൂക്ഷ്മമായി വിശകലനം ചെയ്യുവാന്‍ കോണ്‍ഗ്രസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളതുകൊണ്ടാണ് ഇക്കാര്യമറിയുന്നതെന്നും പവന് അവകാശപ്പെട്ടു. വിവാദ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഇന്ത്യ-വിരുദ്ധ കരാറിനെ ഉപയോഗപ്പെടുത്തിയോയെന്ന് പവന് എക്സിലെ കുറിപ്പില്‍ ചോദിച്ചു.
അതിനിടെ ഒരു പേര് മറച്ചിട്ടുള്ള ഒരു വ്യക്തി 2018 മേയ് 14ന് ജെഫ്രി എപ്സ്റ്റീന് അയച്ച ഒരു മെയില്‍ എപ്സ്റ്റീന് ഫയലിലുണ്ടെന്ന് പവന് ചൂണ്ടിക്കാട്ടി. ‘ഈ വേനല്‍ക്കാലത്ത് റോമിനടുത്തുള്ള ഞങ്ങളുടെ കുടുംബത്തിന്റെ കൊട്ടാരത്തില്‍ ജയ്പുരിലെ മഹാരാജാവിന്റെ ജന്മദിന പാര്‍ട്ടി ഞാന്‍ സംഘടിപ്പിക്കുന്നുണ്ട്.’-എന്നാണ് എപ്സ്റ്റീന് അയച്ചിരിക്കുന്ന മെയിലില്‍ പറയുന്നത്.
ഫയലില്‍ പരാമര്‍ശിക്കുന്ന ‘ജയ്പുരിലെ മഹാരാജാവ്’രാജസ്ഥാനിലെ ബിജെപി ഉപമുഖ്യമന്ത്രിയായ ദിയ കുമാരിയുടെ മകന് സവായ് പദ്മനാഭ് സിംഗാണെന്ന് പവന് ഖേര ആരോപിച്ചു. 2018ല്‍ റോമില്‍ നടന്ന സവായിയുടെ ആര്‍ഭാടമായ ജന്മദിന ആഘോഷം പബ്ലിക് ഡൊമെയ്നില്‍ ഇതിനോടകം ലഭ്യമാണെന്നും പവന് പറഞ്ഞു.