പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റും സന്തതസഹചാരിയുമായിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പുതുയുഗയാത്ര ഇന്നു പാലക്കാട്ടെത്തുമ്പോള് സുരേഷ് ജാഥയില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കെപിസിസി നേതാക്കള്‍ ചര്‍ച്ച നടത്തി. കെപിസിസി വക്താവ് സന്ദീപ് വാര്യരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ഇനി സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫാണെന്നും സുരേഷ് പറഞ്ഞു.
പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ കെപിസിസി നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎമ്മില്‍ കടുത്ത അപമാനമാണ് നേരിട്ടതെന്നു സുരേഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
പുറത്താക്കിയാല്‍ പുറത്താക്കിയതുതന്നെയാണ്. ഇനി നൂറുതവണ അപ്പീല്‍ തന്നിട്ടും കാര്യമില്ല. സുരേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യം പാര്‍ട്ടി പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് വിട്ടുപോകുന്നതു മലമ്പുഴയിലെ സിപിഎം വോട്ടുകളെ ബാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിനിടെ സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സ്വാഗതം ചെയ്തു.
ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വി.എസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് ഇന്നു വ്യക്തമായ തീരുമാനമുണ്ടാകും.
Tags : A. Suresh Election Malampuzha Udf