ന്യൂഡൽഹി: കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെ ആസൂത്രിതമായി ചവിട്ടിമെതിക്കുകയും പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്ത വലിയ നാടകക്കാരനായ പ്രധാനമന്ത്രിയാണു പ്രതിപക്ഷത്തോടു നാടകം കളിക്കരുതെന്നു പറയുന്നതെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പറഞ്ഞതിനോടു പാർലമെന്റിൽ മറുപടി പറയുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച അനുവദിക്കാത്തതിലൂടെ ജനാധിപത്യത്തെ കൊല്ലുകയാണു സർക്കാർ ചെയ്യുന്നത്. എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ എല്ലാ എംപിമാരുടെയും ആവശ്യം അംഗീകരിക്കാതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനം മുഴുവൻ പാഴാക്കിയതു സർക്കാരാണ്.
അതേ സർക്കാർ ചർച്ച അനുവദിക്കുമോയെന്നുപോലും ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന് ഖാർഗെ, ഡെറിക് ഒബ്രിയൻ, ജോണ് ബ്രിട്ടാസ്, തിരുച്ചി ശിവ തുടങ്ങിയവർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി വീണ്ടും തന്റെ നാടകീയ അവതരണമാണ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയത്.
കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെയും സംവിധാനത്തെയും തുടർച്ചയായി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ റിക്കാർഡ് എല്ലാവർക്കും അറിയാമെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ കുറിച്ചു.
വോട്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. പാർലമെന്റിൽ ഇവ ഉയർത്തിക്കാട്ടുന്നത് തുടരും. ശ്രദ്ധ തിരിക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ ചർച്ചയ്ക്കു ബിജെപി തയാറാകണമെന്ന് എഐസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ തിടുക്കത്തിൽ പാസാക്കി. വെറും 15 മിനിറ്റിനുള്ളിലാണു ചിലത് അംഗീകരിച്ചത്. ജിഎസ്ടി, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, വിവാദമായ കർഷക വിരുദ്ധ കരിനിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമാണങ്ങൾ ഇത്തരത്തിൽ പാർലമെന്റിലൂടെ ബുൾഡോസ് ചെയ്യുകയായിരുന്നുവെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
ചർച്ച നിഷേധിക്കുകയല്ല, മറിച്ച് പ്രതിപക്ഷം പറയുന്ന ചർച്ചയെക്കുറിച്ചു പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്നാണു പറയുന്നതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവിന്റെ മറുപടി.

തെരഞ്ഞെടുപ്പു ക്രമക്കേടുകളെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും ചർച്ച ആവശ്യപ്പെടുന്നതിനു നാടകം എന്ന് ആക്ഷേപിക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എംപി.
പൊതുജനങ്ങൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചർച്ചകൾ അനുവദിക്കാത്തതാണു നാടകമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പു സാഹചര്യവും മലിനീകരണവും വലിയ വിഷയങ്ങളാണ്. അവ ചർച്ച ചെയ്യാം. പാർലമെന്റ് എന്തിനുവേണ്ടിയാണ്? ഇതു നാടകമല്ല. വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നതും ഉന്നയിക്കുന്നതും നാടകമല്ല പ്രിയങ്ക പറഞ്ഞു.

സംഘടിതമായി സഭാ നടപടികൾ തടസപ്പെടുത്തുന്നതു ജനാധിപത്യവിരുദ്ധമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. രാജ്യത്തിന്റെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള പരമോന്നത വേദിയെന്ന നിലയിൽ പാർലമെന്റിന്റെ അന്തസ് പാലിക്കുന്നതിനായി അംഗങ്ങൾ സജീവമായി പങ്കെടുക്കണമെന്ന് സ്പീക്കർ ഓർമിപ്പിച്ചു.
ഇതേസമയം, പ്രശ്നം ഉന്നയിക്കാൻ പ്രതിപക്ഷ നേതാവിനെപോലും അനുവദിക്കാതെ ഏകപക്ഷീയമായാണു സർക്കാർ ധാർഷ്ഠ്യം തുടരുന്നതെന്നു കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. രാജ്യത്തെയും ജനാധിപത്യത്തെയും ഏറ്റവുമധികം ബാധിക്കുന്ന എസ്ഐആറിനെക്കുറിച്ചു ചർച്ച അനുവദിക്കാത്തതിനു ന്യായമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഐആറിനെക്കുറിച്ചുള്ള ചർച്ചയില്ലാതെ സഭ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു സമാജ്വാദി പാർട്ടിയും വ്യക്തമാക്കി.
Tags : Kharge Modi dramatist Parliament tramples Priyanka gandhi Om birla