National
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ പദവിയില്‍നിന്നു നീക്കാനുള്ള പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷനീക്കം. ഭരണഘടനയുടെ 94 (സി) അനുച്ഛേദ പ്രകാരം സ്പീക്കര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കാനാണു ശ്രമം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ രണ്ടാം ഘട്ടത്തില്‍ പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് നല്‍കിയേക്കും. ഇതിനായുള്ള ഒപ്പുശേഖരണം ആരംഭിച്ചതായാണു സൂചന. ഡെപ്യൂട്ടി സ്പീക്കറില്ലാത്ത സാഹചര്യത്തില്‍ പ്രമേയാവതരണത്തിനുള്ള നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിനായിരിക്കും കൈമാറുക.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ ബജറ്റ് സമ്മേളന കാലാവധി മുഴുവനും സസ്പെൻഡ് ചെയ്തു, പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ച വനിതാ എംപിമാര്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന തെറ്റായ പ്രചാരണം സഭയില്‍ നടത്തി തുടങ്ങിയ ആരോപങ്ങളാണു സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതോടൊപ്പം സഭാനടപടികള്‍ ലംഘിച്ച ബിജെപി അംഗം നിഷികാന്ത് ദുബെയ്ക്കെതിരേ നടപടിയെടുക്കാത്തതും സ്പീക്കറുടെ ഏകപക്ഷീയ നിലപാടായി പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന പ്രതിപക്ഷാംഗങ്ങളുടെ യോഗത്തിലാണ് സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇന്ത്യാ മുന്നണിയിലെ എംപിമാർക്കുപുറമെ മുന്നണിയുടെ ഭാഗമല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ലോക്സഭയില്‍ പ്രതിപക്ഷം ആദ്യമായാണു സ്പീക്കർക്കെതിരേ ഇത്തരമൊരു നീക്കം നടത്തുന്നത്. മുന്‍ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം കൈമാറിയിരുന്നു.
എന്നാല്‍, പ്രമേയ അവതരണത്തിന് 14 ദിവസം മുമ്പല്ല പ്രതിപക്ഷം നോട്ടീസ് നല്‍കിയതെന്നു ചൂണ്ടിക്കാട്ടി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ഭൂരിപക്ഷ അംഗബലം ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കറെ ലക്ഷ്യം വയ്ക്കുന്ന അവിശ്വാസപ്രമേയം പാസാകില്ല. സ്പീക്കറുടെ ഏകപക്ഷീയ നടപടിക്കെതിരേ പ്രതിഷേധം അറിയിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം.
National
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം തുടര്‍ച്ചയായ അഞ്ചാം ദിനവും പ്രതിപക്ഷ ബഹളത്തത്തുടര്ന്ന് ലോക്സഭ നിര്‍ത്തിവച്ചു. രാവിലെ 11ന് സഭ സമ്മേളനം ആരംഭിച്ചെങ്കിലും വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി ബഹളം കടുപ്പിച്ചതോടെ 12 മണിവരെ സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും സമാന സ്ഥിതി തുടരുകയായിരുന്നു.
12 മണിക്ക് ചേര്‍ന്നപ്പോള്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി സഭാ നടപടികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് അധ്യക്ഷസ്ഥാനം വഹിച്ച സ്പീക്കര്‍ പാനലിലുള്ള കൃഷ്ണപ്രസാദ് ടെന്നറ്റി സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. തിങ്കളാഴ്ചയാണ് ഇനി സമ്മേളനം നടക്കുക.
ജനുവരി 28ന് ബജറ്റ് സമ്മേളനം ആരംഭിച്ചെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും സാമ്പത്തിക സര്‍വെ റിപ്പോർട്ട് ലോക്സഭയില്‍ വയ്ക്കുന്നതും ബജറ്റ് അവതരണവും ഒഴികെയുള്ള ബാക്കി നടപടികള്‍ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ ഈ നിലപാട് മൂലം ശേഷം 19 മണിക്കൂറും 13 മിനിറ്റും നഷ്ടപ്പെട്ടതായി ഇന്നലെ രാവിലെ സമ്മേളനം ആരംഭിച്ചപ്പോള്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ബജറ്റിനു മേലുള്ള ചര്‍ച്ചയുടെ രണ്ടാംദിനമായിരുന്നു ഇന്നലെ. എന്നാല്‍, ബജറ്റ് ചര്‍ച്ച ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
മുന്‍ കരസേനാ മേധാവി എം.എം. നരവനയുടെ ഓർമക്കുറിപ്പിലെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
തുടർന്ന് പ്രതിപക്ഷം ലോക്സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തമാക്കിയതോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയില്ല. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയെങ്കിലും രാജ്യസഭയിലാണ് അദ്ദേഹം മറുപടി നല്‍കിയത്.
National
ന്യൂഡൽഹി: നന്ദി പ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താത്തതിൽ വിശദീകരണവുമായി സ്പീക്കർ ഓംബിർള. പ്രധാനമന്ത്രി എത്തിയാൽ അദ്ദേഹത്തെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു.
ഇത് അറിഞ്ഞ് താനാണ് മാറി നില്ക്കാൻ മോദിയോട് നിർദ്ദേശിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തേക്ക് വനിതാ എംപിമാർ നീങ്ങിയത് കണ്ടപ്പോൾ താനറിഞ്ഞത് സത്യമാണെന്ന് മനസിലായെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
എന്നാൽ സ്പീക്കറുടെ പരാമർശത്തിൽ വസ്തുതയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അതേസമയം നന്ദിപ്രമേയം മറുപടിയില്ലാതെ ഇന്ന് പാസാക്കി.
നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് നന്ദിപ്രമേയം മറുപടിയില്ലാതെ പാസാക്കേണ്ടി വന്നത്. മോദി സ്പീക്കർക്ക് പിന്നിൽ ഒളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രണ്ടു സ്ത്രീകൾ മുന്നിൽ വന്ന് നിന്നതു കൊണ്ട് പ്രധാനമന്ത്രി ഭയന്ന് മാറി നില്‍ക്കുമോയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറായില്ല. ഇന്ദിര ഗാന്ധിയേയും സോണിയ ഗാന്ധിയേയും അപമാനിച്ച നിഷികാന്ത് ദുബെക്കെതിരെയാണ് എംപിമാർ പ്രതിഷേധിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രതിപക്ഷ ബഹളം തുടരുന്ന സാഹര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് മറുപടി പ്രസംഗം ഇല്ലാതെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി.
പ്രതിപക്ഷ ബഹളം തുടർന്ന സാഹചര്യത്തിൽ സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് രണ്ട് മണി വരെ സഭ നടപടികൾ നിർത്തി വച്ചു. സാധാരണയിൽ നിന്നും വ്യത്യസ്തമായാണ് ഇത്തരമൊരു നടപടി. സാധാരണ ചർച്ച നടന്ന ശേഷം പ്രധാനമന്ത്രി അവസാനം മറുപടി നൽകുകയാണ് പതിവ്.
എന്നാൽ ലോക്സഭ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ ലോക്സഭയിൽ പ്രധാനമന്ത്രി പ്രസംഗിക്കാതെ നന്ദി പ്രമേയം പാസാക്കി. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തിയേക്കും.
പ്രതിപക്ഷം സഹകരിച്ചാൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ ബജറ്റ് ചർച്ച ആരംഭിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പ്രസംഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സഭയിലെ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ വരെ പ്രതിപക്ഷ പ്രതിഷേധം എത്തിയതോടെ പ്രസംഗത്തിനായി അദ്ദേഹം സഭയിലെത്തിയില്ല.
പ്രതിപക്ഷത്തിന്റെ ഈ നടപടിക്കെതിരെ ഇന്ന് രാവിലെ സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ ഓം ബിർള രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പാർലമെന്റിന്റെ അന്തസിന് യോജിച്ച നടപടിയല്ലെന്നും സ്ഥാപിതമായ മര്യാദയുടെ ലംഘനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
2020ൽ അതിർത്തിയിൽ ചൈന നടത്തിയ സൈനിക നടപടിയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതും അദ്ദേഹത്തിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാത്തതുമാണ് പ്രതിപക്ഷ ബഹളത്തിന് കാരണം.
National
ന്യൂഡൽഹി: പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധത്തിനിടെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിയും മുൻ കോണ്‍ഗ്രസ് നേതാവുമായിരുന്ന രവനീത് ബിട്ടുവും തമ്മിൽ വാക്കുതർക്കം.
ബിട്ടുവിനെ ചതിയനായ സുഹൃത്ത് എന്നുവിളിച്ച് രാഹുൽ കൈകൊടുത്തപ്പോൾ രാജ്യദ്രോഹിയെന്ന് ബിട്ടു തിരിച്ചുവിളിച്ചു.
ചൊവ്വാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ സഭാ കവാടത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ധർണയെ അഭിസംബോധന ചെയ്യുന്നതിന് സമ്മേളനം ആരംഭിക്കുന്നതിനുമുന്പ് എത്തിയതായിരുന്നു രാഹുൽ.
പാലമെന്റിലേക്കെത്തിയ ബിട്ടു എംപിമാരെ നോക്കി "യുദ്ധം ജയിച്ചവരെപ്പോലെ ഇരിക്കുന്നു’ എന്നു പറഞ്ഞതോടെ "ഇതാ ചതിയൻ നടക്കുന്നു, അയാളുടെ നടത്തത്തിന്റെ വേഗത നോക്കൂ’എന്നു പറഞ്ഞുകൊണ്ട് രാഹുൽ കൈകൊടുക്കാൻ ശ്രമിച്ചു.
എന്നാൽ"കോണ്‍ഗ്രസ് രാജ്യത്തെ വിറ്റു’വെന്നു പരിഹസിച്ചുകൊണ്ട് രാഹുലിന് കൈകൊടുക്കാതെ ബിട്ടു പാർലമെന്റിനുള്ളിലേക്കു കയറിപ്പോയി. കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ബിയാന്ത് സിംഗിന്റെ ചെറുമകനാണ് രവനീത് ബിട്ടു.
നേരത്തേ ലുധിയാന, അനന്ത്പുർ സാഹിബ് മണ്ഡലങ്ങളിൽനിന്നു കോണ്‍ഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2021ൽ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായിരുന്ന ബിട്ടു 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
National
ന്യൂഡൽഹി: പാർലമെന്റിനു പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടിൽ നിന്ന് ശശി തരൂർ തെന്നിവീണത്.
ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു.
തരൂരിന് കാര്യമായ പരിക്കുകൾ ഇല്ല. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ശശി തരൂർ പാർലമെന്റിലെത്തിയത്.
National
ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര കരാർ വിഷയത്തിൽ, മോദി ട്രംപിനു കീഴടങ്ങി എന്ന വാദം പാർലമെന്റിൽ ശക്തമാക്കി പ്രതിപക്ഷം. "സറണ്ടർ മോദി' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം ഇരുസഭകളിലും നടുത്തളത്തിൽ ഇറങ്ങി.
ലോക്സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്, യുഎസ് വ്യാപാര കരാറുകള്‍ ഇരുസഭകളുടെയും മേശപ്പുറത്ത് വയ്ക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ശിവസേന (യുബിടി), തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപാര കരാറിന്റെ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാൻ ആരാണ് ഡോണൾഡ് ട്രംപിന് പുറം കരാർ നല്‍കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭാ നടപടികൾ സ്പീക്കർ ഓം ബിർള നിർത്തിവച്ചു.
കരാറിൽ ഒന്നും മൂടിവയ്ക്കാനില്ലെന്നും പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറെന്നും സർക്കാർ അറിയിച്ചു. മറ്റു വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടാണ്ട് കോൺഗ്രസ് വ്യാപാര കരാറിനെതിരെ പ്രതിഷേധിക്കുന്നതെന്നും സർക്കാർ തിരിച്ചടിച്ചു.
അതേസമയം ഇന്ത്യ - യുഎസ് വ്യാപാര കരാറിനായുള്ള ധാരണയിൽ എത്തിയതിൽ പ്രധാനമന്ത്രിയെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം അഭിനന്ദിച്ചു. മുദ്രാവാക്യം വിളിയോടെ എൻഡിഎ അംഗങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു.
കരാർ ഇന്ത്യയ്ക്ക് നിർണായകമെന്നും വളർച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അറിയിച്ചു. ലോകക്രമം മാറുന്നു എന്നും ഉത്പാദന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
National
ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവാനെയുടെ ഇനിയും പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകളെച്ചൊല്ലി ലോക്സഭയിൽ ബഹളം. വിഷയം പരാമർശിക്കാനൊരുങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും അടക്കമുള്ളവർ എഴുന്നേറ്റതോടെ ലോക്സഭ സ്തംഭിച്ചു.
രാഹുൽ പ്രസംഗിക്കാൻ എഴുന്നേറ്റതുമുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപിക്കാർ തുടങ്ങിയ ബഹളത്തിൽ മൂന്നുതവണ നിർത്തിവച്ചശേഷം ലോക്സഭ ഇന്നലെ ഉച്ചകഴിഞ്ഞ് പൂർണമായി സ്തംഭിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണു നാടകീയരംഗങ്ങളും അഭൂതപൂർവമായ ബഹളങ്ങളുമുണ്ടായത്.
കോണ്‍ഗ്രസിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തു ബിജെപി എംപി തേജസ്വി സൂര്യ നടത്തിയ ആരോപണത്തിന് മറുപടി പറയാൻ തനിക്ക് അവകാശമുണ്ടെന്നു പറഞ്ഞായിരുന്നു ‘ദ് കാരവൻ’ മാസികയിൽ വന്ന നരവാനെയുടെ പുസ്തകത്തിലെ വിവാദഭാഗങ്ങൾ വായിക്കാൻ രാഹുൽ ആവർത്തിച്ചു ശ്രമിച്ചത്.
ഇന്ത്യൻ അതിർത്തിയിലേക്ക് 2020ൽ ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ള കേന്ദ്രസർക്കാരിലെ ഉന്നതരിൽനിന്നു അനുമതിയോ വ്യക്തമായ തീരുമാനമോ ഉണ്ടായില്ലെന്ന മുൻ കരസേനാധിപന്റെ വെളിപ്പെടുത്തലിനെ ചൊല്ലിയായിരുന്നു പാർലമെന്റിലെ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥും ഷായും ചേർന്നു തുടർച്ചയായി രാഹുലിന്റെ പരാമർശങ്ങളെ എതിർത്തത്.
മുൻ കരസേനാധിപൻ നരവാനെ ഒരു മാസികയിൽ എഴുതിയ കാര്യങ്ങൾ താൻ പാർലമെന്റിൽ പറയുന്നത് നൂറു ശതമാനം ഉത്തരാവാദിത്വത്തോടെയാണെന്ന് രാഹുൽ ആവർത്തിച്ചുപറയുന്നുണ്ടായിരുന്നു. മാസികയിൽ വന്നത് പൂർണമായും ശരിയാണെന്നും കാരവൻ മാസികയുടെ വിവാദ ലക്കത്തിന്റെ പ്രിന്റൗട്ട് ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രിയെയും നരവാനെ പരാമർശിച്ചിട്ടുണ്ടെന്ന് ഇരുവരെയും പ്രതിപക്ഷനേതാവ് ഓർമിപ്പിച്ചു.
പുറത്തിറങ്ങാത്ത പുസ്തകത്തെക്കുറിച്ച് ഒരു മാസികയിൽ വന്ന കാര്യം ഉദ്ധരിക്കാൻ അനുവദിക്കരുതെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. തുടർന്ന് ചട്ടം 349 (i) അനുസരിച്ച് മാസികയിൽനിന്ന് ഉദ്ധരിക്കരുതെന്ന് സ്പീക്കർ ഓം ബിർള റൂളിംഗ് നൽകി.
എന്നാൽ, പത്രമാസികകളിൽനിന്നും പുസ്തകങ്ങളിൽനിന്നും എംപിമാർ പലതവണ ഉദ്ധരിക്കുന്നതാണ് കീഴ്വഴക്കമെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കറും മന്ത്രിമാരും വഴങ്ങിയില്ല. രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച ഗൗരവമായ കാര്യം ഉന്നയിക്കാൻ പ്രതിപക്ഷനേതാവിനെ അനുവദിക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഇതേസമയം, രാജ്യത്തിന്റെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജനറൽ നരവാനെ വെളിപ്പെടുത്തിയ പ്രശ്നം ഇന്നും ലോക്സഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ പിന്നീട് പറഞ്ഞു. പ്രതിപക്ഷ നേതാവും ലോക്സഭയുടെ ഉപനേതാവും അഞ്ച് തവണ എംപിയുമായ രാഹുലിനെ പാർലമെന്റിൽ പ്രസംഗിക്കാൻ പോലും അനുവദിക്കാത്ത സമീപനം ലജ്ജാകരവും അപകടകരവുമാണെന്ന് കോണ്‍ഗ്രസ് എംപിമാർ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയുണ്ടായി എന്നാരോപിച്ച് പാർലമെന്റിനുമുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പായിരുന്നു പ്രതിഷേധം.
സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ നിലപാട് കേരള വിരുദ്ധമാണെന്ന് എംപിമാർ കുറ്റപ്പെടുത്തി.
സംസ്ഥാനം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ്, അതിവേഗ റെയിൽവേ പാത തുടങ്ങിയ നിർണായക പദ്ധതികൾക്ക് ബജറ്റിൽ അനുമതി നൽകിയില്ല.
കൃത്യമായി നികുതിയടയ്ക്കുന്ന കേരളത്തിലെ ജനതയെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും കേരളം എന്ന സംസ്ഥാനം ഈ രാജ്യത്തു നിലനിൽക്കുന്നുണ്ടെന്നുപോലും ഓർക്കാത്ത രീതിയിലാണു ബജറ്റ് പ്രഖ്യാപനമെന്നും എംപിമാർ ആരോപിച്ചു. കേരളത്തോടുള്ള അവഗണനയ്ക്കെതിരേ വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് എംപിമാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ നിർണായകമായ ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. രാവിലെ 11 മണിക്ക് ലോക്സഭയിൽ ബജറ്റ് അവതരണം ആരംഭിക്കും. രാവിലെ ഔദ്യോഗിക വസതിയിൽ നിന്ന് ധനകാര്യമന്ത്രാലയത്തിലെത്തിയ മന്ത്രി, ഉദ്യോഗസ്ഥരിൽ നിന്നും ബജറ്റ് രേഖകൾ ഏറ്റുവാങ്ങി.
തുടർന്ന് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെകണ്ട് ബജറ്റ് അവതരണത്തിന് ഔദ്യോഗിക അനുമതി തേടിയതിന് ശേഷമാണ് ധനമന്ത്രി പാർലമെന്റിലേക്ക് എത്തിയത്. രാവിലെ 10.15-ന് പാർലമെന്റിൽ ആരംഭിച്ച കേന്ദ്രമന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നൽകും. ഇതിന് ശേഷമായിരിക്കും സഭയിലേക്ക് മന്ത്രി പ്രവേശിക്കുക.
National
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ നികുതി ഇളവുകളും പ്രത്യേക പാക്കേജും ഉറ്റുനോക്കി കേരളം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക പാക്കേജും ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ്, ശബരി റെയില്‍ തുടങ്ങിയ പദ്ധതികളും ഇത്തവണ അംഗീകരിക്കപ്പെടുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍.
കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും മൂലം ഉണ്ടായ 21,000 കോടിയുടെ വരുമാന കമ്മി നികത്താന്‍ പ്രത്യേക 'ഫിസ്കല്‍ കറക്ഷന് പാക്കേജ്' കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കിനാലൂരില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍, ഇത്തവണ ബജറ്റില്‍ എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സംസ്ഥാനം.
റബറിന്റെ താങ്ങുവില 250 ആയി ഉയര്‍ത്തണമെന്നും റബര്‍ ബോര്‍ഡിന് കൂടുതല്‍ വിഹിതം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് പ്രത്യേക ഫണ്ടും ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബിനുള്ള ആനുകൂല്യങ്ങളും കേരളം പ്രതീക്ഷിക്കുന്നു.
അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിക്ക് മതിയായ തുക വകയിരുത്തണമെന്നത് സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക കേന്ദ്ര പദ്ധതിയും സംസ്ഥാനം ഉറ്റുനോക്കുന്നു.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വലിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയുടെ വിജയകരമായ നടപ്പാക്കലിന് കേന്ദ്ര വിഹിതത്തിലും വായ്പാ പരിധിയിലും ഇളവ് അനിവാര്യമാണ്. 16ാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.
റെയില്‍വേ വികസനം, സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി, കോസ്റ്റ് ഗാര്‍ഡ് അക്കാദമി തുടങ്ങിയ വിഷയങ്ങളിലും കേന്ദ്ര നിലപാട് ഇന്നറിയാം. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നതോടെ കേരളത്തിന്റെ ഈ ആവശ്യങ്ങളില്‍ എത്രത്തോളം പരിഗണന ലഭിക്കുമെന്ന് ഇന്ന് വ്യക്തമാകും.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരണം ലോക്സഭയിൽ ഇന്നു രാവിലെ 11ന് ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കാനും ധനക്കമ്മി കുറയ്ക്കാനും ബജറ്റ് ലക്ഷ്യമിടും. ശന്പളക്കാർ അടക്കമുള്ള മധ്യവർഗത്തെ സന്തോഷിപ്പിക്കാനും ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമത്തിനുള്ള പദ്ധതികൾക്കും നിർമല ശ്രമിച്ചേക്കും.
ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിന് മൂലധനച്ചെലവിനു മുൻഗണന നൽകുന്നതാകും ഇത്തവണത്തെ പൊതുബജറ്റ് എന്നാണു പ്രതീക്ഷ. നിർമിതബുദ്ധി (എഐ) പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചേക്കും.
കേരളം, തമിഴ്നാട്, പഞ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു കരുതുന്നത്. എയിംസ്, അതിവേഗ റെയിൽപാത അടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണു കേരളം. റബർ, നെല്ല്, മത്സ്യകർഷകർക്കായുള്ള പ്രത്യേക പ്രോത്സാഹന, സഹായ പദ്ധതികളും ടൂറിസം വികസനം അടക്കമുള്ള കേരളത്തിന്റെ മേഖലകൾക്ക് കൂടുതൽ വിഹിതവും ലഭിക്കേണ്ടതുണ്ട്. കേരളത്തിലെ റെയിൽവേ വികസനത്തിനും ഇതര കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുള്ള വിഹിതം വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.
യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറിന്റെ നേട്ടങ്ങൾ ഉറപ്പാക്കാനുള്ള ചില പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയെ നേരിടാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
ആഗോള സംഘർഷങ്ങളുടെയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉയർത്തുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ പ്രതിരോധച്ചെലവുകൾ വീണ്ടും കൂട്ടിയേക്കും.
National
ന്യൂഡൽഹി: വിദ്യകൊണ്ടു പ്രബുദ്ധരാകുക, സംഘടിച്ചു ശക്തരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ വചനം യുവാക്കൾ ഓർമിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതു യുവാക്കളാണെന്നു മുർമു ചൂണ്ടിക്കാട്ടി. സ്വാശ്രയത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കാൻ രബീന്ദ്രനാഥ ടാഗോറിനെയും രാഷ്ട്രപതി ഉദ്ധരിച്ചു.
ശ്രീനാരായണ ഗുരുവിനും ടാഗോറിനും പുറമെ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും രാഷ്ട്രപതി അനുസ്മരിച്ചതു ശ്രദ്ധേയമായി.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണു മുർമുവിന്റെ പരാമർശം. ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ എല്ലാ എംപിമാരും ഏകീകൃത നിലപാടു സ്വീകരിക്കണമെന്ന് അഭ്യർഥിക്കാനാണ് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബാബാ സാഹേബ് അംബേദ്കർ, സർദാർ വല്ലഭ്ഭായ് പട്ടേൽ, ജയപ്രകാശ് നാരായണ്‍, റാം മനോഹർ ലോഹ്യ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്പേയി എന്നിവരെ മുർമു പരാമർശിച്ചത്. വ്യത്യസ്ത അഭിപ്രായങ്ങൾക്കും വീക്ഷണകോണുകൾക്കുമിടയിൽ, രാഷ്ട്രത്തേക്കാൾ വലുതായി ഒന്നുമില്ലെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു.
ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ, ചില വിഷയങ്ങൾ വ്യത്യാസങ്ങൾക്ക് അതീതമാണെന്ന് ഗാന്ധിജിയും നെഹ്റുവും മുതൽ വാജ്പേയി വരെയുള്ള രാഷ്ട്രനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയം, ഇന്ത്യയുടെ സുരക്ഷ, ആത്മനിർഭരത, സ്വദേശി പ്രചാരണം, ദേശീയ ഐക്യത്തിനായുള്ള ശ്രമങ്ങൾ, സ്വച്ഛത തുടങ്ങി രാജ്യത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പാർലമെന്റംഗങ്ങൾ ഐക്യത്തോടെ നിൽക്കണമെന്നു രാഷ്ട്രപതി പറഞ്ഞു. രാജ്യവികസനത്തിൽ പങ്കാളികളാകാനും പുരോഗതിയിൽ ഊർജം പകരാനും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭരണഘടനയുടെ ആത്മാവ് അതാണെന്നും മുർമു ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനംതന്നെ പ്രതിപക്ഷ പ്രതിഷേധം. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ യുപിഎ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിക്കു പകരം ബിജെപി സർക്കാർ കൊടുവന്ന വിബി ജി -റാം ജി നിയമത്തെക്കുറിച്ച് പരാമർശിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.
കേന്ദ്രസർക്കാരിന്റെ പുതിയ നിയമം പിൻവലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി തിരികെ കൊണ്ടുവരണമെന്നും പ്രതിപക്ഷ അംഗങ്ങൾ മുദ്യാവാക്യം മുഴക്കി ആവശ്യപ്പെട്ടു. തുടർന്ന് രാഷ്ട്രപതിയുടെ പ്രസംഗം കുറച്ചുസമയത്തേക്കു നിർത്തി. പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചതോടെയാണ് പ്രസംഗം തുടർന്നത്.
ഗ്രാമീണ മേഖലയിലെ തൊഴിൽ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ നിയമം ഗ്രാമീണ വികസനത്തിന് പുതിയ പ്രചോദനം നൽകുമെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പരാമർശം. എന്നാൽ, വിബി ജി -റാം ജി നിയമത്തിനെതിരേ കടുത്ത പ്രതിഷേധം ഉയർത്തുമെന്ന് ബജറ്റ് സമ്മേളനത്തിനുമുന്പു ചേർന്ന സർവകക്ഷി യോഗത്തിലുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു. നിയമത്തിനെതിരെ സമ്മേളനത്തിൽ ഉടനീളം പ്രതിപക്ഷം പ്രതിഷേധമുയർത്തും.
National
ന്യൂഡൽഹി: രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർഥ്യമാക്കിയ കേന്ദ്രസർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. കഴിഞ്ഞദിവസം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു.
രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാർക്ക് ഇപ്പോൾ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും മുർമു പറഞ്ഞു. "തന്റെ സർക്കാർ യഥാർഥ സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്," കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും അവർ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ മൂന്നാം ടേമിൽ, ദരിദ്രരെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അഴിമതിയും കുംഭകോണങ്ങളും തടയുന്നതിലും പൊതു ഫണ്ടുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്.
National
ന്യൂഡല്‍ഹി: ലോക്സഭാ നടപടികളില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ നിശ്ചിത സീറ്റുകളില്‍ ഇരുന്നുകൊണ്ട് മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ നടന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് സ്പീക്കര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
മുന്‍പ് സഭയ്ക്ക് പുറത്തുള്ള ലോബിയിലെ രജിസ്റ്ററില്‍ ഒപ്പിട്ടോ മറ്റ് കൗണ്ടറുകളിലോ ഹാജര്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം സഭയ്ക്കുള്ളിലെ ഓരോ അംഗത്തിന്റെയും സീറ്റിലുള്ള മള്‍ട്ടിമീഡിയ കണ്‍സോളിലൂടെ മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കൂ. എംപിമാരുടെ വിരലടയാളം ഉപയോഗിച്ചായിരിക്കും ഹാജര്‍ രേഖപ്പെടുത്തുക. ഇത് ഹാജര്‍ നിലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കും.സഭ നിര്‍ത്തിവെച്ചിരിക്കുന്ന സമയത്തോ ബഹളം മൂലം തടസ്സപ്പെട്ടിരിക്കുന്ന സമയത്തോ ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയില്ല.
സഭ കൃത്യമായി നടക്കുമ്പോള്‍ മാത്രമേ ഈ ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.സഭയ്ക്ക് പുറത്ത് ഒപ്പിട്ട ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ പോകുന്ന രീതി ഒഴിവാക്കാനും സഭയ്ക്കുള്ളില്‍ എംപിമാരുടെ സാന്നിധ്യം പരമാവധി ഉറപ്പാക്കാനുമാണ് ഈ നീക്കം.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സഭയില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ അവര്‍ക്ക് ഈ പുതിയ നിയമം ബാധകമായിരിക്കില്ല.
ജനുവരി 28-ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം മുതലാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഹാജര്‍ രേഖപ്പെടുത്താത്ത ദിവസങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന ദൈനംദിന അലവന്‍സുകള്‍ ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഭയെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം. ഇതിനായി ലോക്സഭയിലെ ഓരോ സീറ്റിലും ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
National
ന്യൂഡൽഹി: ലോക്സഭയിൽ എംപിമാർക്ക് മലയാളമടക്കം 22 ഭാഷകളിൽ സംസാരിക്കാനും തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പായെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.
ലോക്സഭാനടപടികൾ അതത് ദിവസം അര മണിക്കൂറിനകം എംപിമാർക്ക് അവരുടെ വാട്സാപ്പിൽ ലഭ്യമാക്കും. നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ ഫലപ്രദമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 22 ഭാഷകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വിവർത്തന സംവിധാനം ആരംഭിച്ചത് ഇന്ത്യൻ പാർലമെന്റിനെ ലോകത്തുതന്നെ സവിശേഷമാക്കുന്നുവെന്ന് സ്പീക്കർ പറഞ്ഞു.
എംപിമാർ അവരുടെ മാതൃഭാഷയിൽ സംസാരിക്കുന്പോൾ ജനങ്ങളുടെ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകും. ഇതുവഴി ജനാധിപത്യം കൂടുതൽ ശക്തമാകും. വൈവിധ്യമാർന്ന ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാർലമെന്റ് ലോകത്തിനുതന്നെ മാതൃകയാകും-സ്പീക്കർ പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഇത്തവണത്തെ കേന്ദ്രബജറ്റ് ഞായറാഴ്ചയായ ഫെബ്രുവരി ഒന്നിന് ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. ജനപ്രതിനിധിസഭ എന്ന നിലയിൽ അവധിദിവസമെന്നതു നോക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സഭ തയാറാണെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നാളെ ആരംഭിക്കുന്ന കോമണ്‍വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനത്തിനു മുന്നോടിയായാണ് സ്പീക്കർ പത്രസമ്മേളനം നടത്തിയത്.
ആശയങ്ങളിലെ യോജിപ്പും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ യഥാർഥ ശക്തി. അതിനാൽ പാർലമെന്റിൽ ഫലവത്തായ ചർച്ചകൾക്ക് എല്ലാ പാർട്ടികളും എംപിമാരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പാർലമെന്റിന്റെ അന്തസും മാന്യതയും തകർക്കാൻ ആരെയും അനുവദിക്കില്ല. സഭയ്ക്കുള്ളിൽ ഇ-സിഗരറ്റ് വലിച്ചവർക്കെതിരേ കർശന നടപടിയുണ്ടായേക്കുമെന്നും സ്പീക്കർ സൂചിപ്പിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചെങ്കിൽ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടയിൽ തൃണമൂൽ കോണ്‍ഗ്രസ് അംഗം ഇ- സിഗരറ്റ് ഉപയോഗിച്ചെന്ന പരാതിയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സഭയുടെ പവിത്രത തകർക്കാൻ ആർക്കും അവകാശമില്ല. ഇ-സിഗരറ്റ് വലിച്ചുവെന്ന പരാതി സംബന്ധിച്ച വിഷയം അന്വേഷണത്തിലാണ്. തുടർനടപടികൾക്കായി സഭ പിന്നീട് ഉചിതമായ കമ്മിറ്റിക്കു റഫർ ചെയ്യും. കമ്മിറ്റിയുടെ ശിപാർശപ്രകാരം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ബിജെപി അംഗം അനുരാഗ് സിംഗ് ഠാക്കൂറാണ് ഇ-സിഗരറ്റ് സംബന്ധിച്ച പരാതിയുമായി സ്പീക്കറെ സമീപിച്ചത്. ഇതോടൊപ്പം ജസ്റ്റീസ് യശ്വന്ത് വർമയെ നീക്കം ചെയ്യന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചതായും ബിർല പറഞ്ഞു.
ജസ്റ്റീസ് വർമയെ നീക്കം ചെയ്യുന്നതിനു നിയോഗിച്ച കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
National
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, ആസാം നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടു മുന്‍പായി അവസാനിക്കുന്ന ബജറ്റ് സമ്മേളനം രാഷ്ട്രീയകാരണങ്ങളാലും വിവാദ ബില്ലുകളാലും പ്രക്ഷുബ്ധമാകും. തുടക്കത്തിലെ ബഹളത്തിനു ശേഷം തടസമില്ലാതെ പ്രവർത്തിച്ച ശൈത്യകാല സമ്മേളനത്തിൽനിന്നു വ്യത്യസ്തമാകും അടുത്ത സമ്മേളനം.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലാകും സമ്മേളനത്തെ ശ്രദ്ധേയമാക്കുക. 39 എംപിമാരുടെ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയിലുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാന ആഴ്ചയിൽ പാർലമെന്റിൽ കൊണ്ടുവരാനാണു കേന്ദ്രനീക്കം. ബില്ലിനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമായി എതിർക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ റെഗുലേറ്ററി ഏജൻസികളെ സംയോജിപ്പിക്കാനെന്ന പേരിലുള്ള വികസിത് ഭാരത് ശിക്ഷാ അധിഷ്സ്താൻ ബിൽ 2025, ഓഹരി വിപണികളെ നിയന്ത്രിക്കുന്ന മൂന്നു നിയമങ്ങൾക്കു പകരമായുള്ള സെക്യൂരിറ്റീസ് മാർക്കറ്റ്സ് കോഡ് ബിൽ 2025, കേർപറേറ്റ് കന്പനികൾക്കായുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) ഭേദഗതി ബിൽ 2025 തുടങ്ങിയ സുപ്രധാന ബില്ലുകൾ ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനു ജാമ്യം നൽകിയതിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
സാമൂഹ്യപ്രവർത്തകരായ മുംതാസ് പട്ടേൽ, യോഗിത ഭയാന, ഋതിക ഇഷ, കെസിയ ഖാലിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിൽഭവനോട് ചേർന്നുള്ള പാർലമെന്റ് കവാടത്തിനു മുന്നിലെ പ്രതിഷേധം.
ഇന്നലെ വൈകിട്ട് നാലോടെ പാർലമെന്റിനു മുന്നിലെ അടച്ചിട്ട കവാടത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കാൻ തുടങ്ങിയ ഇവരോട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കാൻ അവകാശമില്ലെന്നും പിരിഞ്ഞുപോകണമെന്നും പോലീസ് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് പോലീസ് ബലം പ്രയോഗിച്ചു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു നീക്കിയത്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ് ആരംഭിച്ചത്.
സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.
19 ദിവസങ്ങൾ നീണ്ട ശീതകാല സമ്മേളനത്തിനിടയിൽ നിരവധി ബില്ലുകൾ പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞു. വളരെ ബന്ധപ്പെട്ട ബില്ലായ വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന വിബി – ജി റാം ജി പദ്ധതി വ്യാഴാഴ്ച ലോക്സഭയിൽ പാസാക്കിയിരുന്നു. കൂടാതെ, ആണവോർജത്തിന്റെ സുസ്ഥിര ഉപയോഗവും വികസനവും സംബന്ധിച്ച ബില്ലും ലോക്സഭയിൽ പാസാക്കി.
National
ന്യൂഡൽഹി: ദേശീയതലസ്ഥാന പ്രദേശത്ത് (എൻസിആർ) വായുനിലവാരം ദിനംപ്രതി രൂക്ഷമാകുന്നതിനിടെ ഈ വിഷയം ചർച്ച ചെയ്യാതെ ലോക്സഭ.
റൂൾ 193 അനുസരിച്ച് അടിയന്തരപ്രാധാന്യമുള്ള വിഷയമായി വായുമലിനീകരണം ഇന്നലെ ചർച്ച ചെയ്യാനായി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും വിബി-ജി റാംജി ബില്ലിന്റെ പാസാക്കലും അതിനോടനുബന്ധിച്ചുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടയിൽ ഉച്ചയോടെ സഭ പിരിഞ്ഞതാണു മലിനീകരണം ചർച്ചാവിഷയമാകാതെ പോയതിന്റെ കാരണം.
കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി, ഡിഎംകെ എംപി കനിമൊഴി, ബിജെപി എംപി ബാൻസുരി സ്വരാജ് എന്നിവരെയായിരുന്നു വിഷയത്തിൽ സംസാരിക്കാനായി ലിസ്റ്റ് ചെയ്തിരുന്നത്.
വൈകുന്നേരത്തോടെ പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് സഭയിൽ എംപിമാരുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും നിർദേശങ്ങൾക്കും മറുപടി നൽകുമെന്നും പ്രതീക്ഷിച്ചിരുന്നു.
National
ന്യൂഡൽഹി: ആണവോർജ ബില്ല് പാസാക്കിയതിനുപിന്നാലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം നടപ്പിൽ വരുത്തുന്ന വിബി-ജി റാം ജി ബില്ലിൽ രാജ്യസഭ ചർച്ച തുടങ്ങി.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യസഭയിലും ബില്ല് പാസാക്കും.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.
മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് ഗ്രാമ വികസന മന്ത്രി ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി.
പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
National
ന്യൂഡൽഹി: ഇൻഷ്വറൻസ് മേഖലയിൽ നിലവിലുള്ള 74 ശതമാനത്തിൽനിന്നും 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന ഇൻഷ്വറൻസ് ഭേദഗതി ബില്ല് "സബ്കാ ബീമാ സബ്കി രക്ഷ’ലോക്സഭ പാസാക്കി. ധനമന്ത്രി നിർമല സീതാരാമനാണു ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ചർച്ചകൾക്കൊടുവിൽ രാത്രി വൈകിയാണു ബിൽ ശബ്ദവോട്ടോടെ പാസാക്കിയത്. പോളിസി ഉടമകളുടെ സംരക്ഷണം ശക്തിപ്പെടുത്തുക, ഇൻഷ്വറൻസ് വ്യാപനം വർധിപ്പിക്കുക, രാജ്യത്തെ ഇൻഷ്വറൻസ് മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണു കേന്ദ്രസർക്കാർ ബില്ല് അവതരിപ്പിക്കുന്നതെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.
1938 ലെ ഇൻഷ്വറൻസ് നിയമം, 1956 ലെ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ നിയമം, 1999 ലെ ഇൻഷ്വറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി നിയമം എന്നിവയിൽ പുതിയ ബില്ല് ഭേദഗതി വരുത്തുന്നുണ്ട്.
ഇൻഷ്വറൻസ് ഭേദഗതി ബിൽ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ താത്പര്യം പരിരക്ഷിക്കുന്നതല്ലെന്നും ഇൻഷ്വറൻസ് കന്പനികളുടെ കച്ചവടതാത്പര്യം കണക്കിലെടുത്തുള്ളതാണെന്നും ബില്ലിനെ എതിർത്തുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ പറഞ്ഞു.
നിയമത്തിന്റെ തലക്കെട്ട് നിയമത്തിലെ വ്യവസ്ഥകളും ഉദ്ദേശ ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നു വ്യക്തമായ നടപടിക്രമം ഉള്ളപ്പോൾ അതിനു വിരുദ്ധമായി യാതൊരു ബന്ധവുമില്ലാത്ത തലക്കെട്ടാണു നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇൻഷ്വറൻസ് ഏജന്റുമാരുടെ കമ്മീഷൻ നിശ്ചയിക്കുന്നതിനുള്ള അവകാശം ഇൻഷ്വറൻസ് കന്പനികൾക്കു നൽകുന്നത് നീതികരിക്കാവുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഷ്വറൻസ് മേഖലയിൽ നൂറു ശതമാനം വിദേശ നിക്ഷേപത്തെ ടിഎംസിയും എതിർത്തു.
National
ന്യൂഡൽഹി: നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിക്സിത് ഭാരത് - റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ - 2025 (വിബി–ജി റാം ജി) ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
സഭാ നടപടികൾക്കുള്ള അജണ്ടയിൽ ബിൽ അവതരണം പട്ടികപ്പെടുത്തിയിട്ടുണ്ട്. ശൂന്യവേളയ്ക്ക് ശേഷം കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിൽ സഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും അവതരിപ്പിച്ചിരുന്നില്ല.
അതേസമയം, പുതിയ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയെ ക്രമേണ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ഇടത് എംപിമാർ ആരോപിച്ചു.
പുതിയ ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം സംസ്ഥാന സർക്കാരുകൾ വഹിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്ര സർക്കാരായിരുന്നു വേതനത്തിന്റെ നൂറു ശതമാനവും നൽകിയിരുന്നത്.
National
ന്യൂഡൽഹി: ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം സാധ്യമാക്കുന്നതിന് വഴിയൊരുക്കുന്ന സുപ്രധാന ബില്ല് കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു.
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗാണ് സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ ((ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിന് ആണവോർജത്തിന്റെ പുരോഗതിയും സുസ്ഥിര ഉപയോഗവും ) എന്ന ബില്ല് അവതരിപ്പിച്ചത്. ആണവമേഖലയിൽ നാഴികക്കല്ലാകുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.
1962ലെ ആണവോർജ നിയമവും 2010ലെ ആണവ നാശനഷ്ടത്തിന്റെ പൗരത്വ ബാധ്യതാനിയമവും പുനഃസ്ഥാപിക്കുന്നതാണ് രാജ്യത്തെ ആണവോർജ നയത്തിൽ സുപ്രധാന വഴിത്തിരിവ് സാധ്യമാക്കുന്ന ബിൽ. പൊതുജനക്ഷേമത്തിനും വികസനത്തിനുമായി ആണവശാസ്ത്രത്തെ പ്രയോജനപ്പെടുത്താനും സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ആണവോർജ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു.
രാജ്യത്തിന്റെ ആണവോർജം സ്വകാര്യമേഖലയ്ക്ക് തുറന്നുനൽകരുതെന്ന നയമാണ് ഇതുവരെ കേന്ദ്രസർക്കാരുകൾ സ്വീകരിച്ചുവന്നിരുന്നതെങ്കിലും ആണവോർജ മേഖലയിൽ വിദേശ കന്പനികളുടെയടക്കം കടന്നുവരവിന് വഴിയൊരുക്കുന്നതാണ് ബില്ല്.
ആണവോർജ ഉത്പാദനത്തിലടക്കം ദീർഘകാലമായി നിലനിന്നിരുന്ന സർക്കാർ കുത്തക അവസാനിപ്പിക്കുന്ന ബിൽ 2047ഓടെ 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനും ലക്ഷ്യമിടുന്നു.
ബില്ല് നിയമമായാൽ ആണവ ഇന്ധന സൈക്കിൾ പ്രവർത്തനങ്ങൾ, ആണവോർജത്തിനുള്ള ഉപകരണ ഉത്പാദനം, ആണവോർജ ഉത്പാദനം, ആണവോർജ പ്ലാന്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സ്വകാര്യ കന്പനികൾക്ക് ഏർപ്പെടാം. ചില ആണവോർജ പ്രവർത്തനങ്ങളിൽ 49 ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) സാധ്യമാക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
വികസിത ഭാരതത്തിനുവേണ്ടി ആണവോർജ മിഷന്റെ രൂപീകരണം കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതാണ്.
2047ഓടെ നൂറ് ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങൾ ദേദഗതി ചെയ്യേണ്ടതും ആണവമേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യവും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, ആണവോർജത്തിന്റെ ലൈസൻസിംഗിലും സുരക്ഷയിലുമെല്ലാം നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്ന ബില്ല് ആണവമേഖലയിലെ സുരക്ഷയെയും അപകടങ്ങളെയുംകുറിച്ചുള്ള സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നു.
ബില്ലിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം നൽകുന്ന "ആശ്രയത്തിനുള്ള അവകാശത്തിന്' സർക്കാർ വ്യവസ്ഥ വച്ചിട്ടില്ല. അസാധാരണ സ്വഭാവമുള്ള ഗുരുതരമായ പ്രകൃതിദുരന്തം, സായുധ സംഘട്ടനം, ശത്രുത, ആഭ്യന്തരയുദ്ധം, ഭീകരവാദം എന്നീ കാരണങ്ങൾ ഒഴികെയുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഓപ്പറേറ്ററായിരിക്കും ഉത്തരവാദിയെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
National
ന്യൂഡൽഹി: ജനവിധി മാനിക്കേണ്ടതുണ്ടെന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന കൂറുമാറ്റ നിരോധന നിയമം പരിഷ്കരിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു.
വോട്ടർപട്ടിക അടക്കം തെരഞ്ഞെടുപ്പുകൾ നീതിപൂർവവും സുതാര്യവുമാക്കേണ്ടതുണ്ടെന്ന് സിപിഐയിലെ പി.പി. സുനീർ പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാത്തത് അക്ഷരാർഥത്തിൽ വോട്ടറെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും യഥാർഥ വോട്ടുകൊള്ളയാണിതെന്നും, രാജ്യസഭയിലെ തെരഞ്ഞെടുപ്പു പരിഷ്കരണ ചർച്ചയിൽ പങ്കെടുത്ത് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിലടക്കം കൃത്രിമങ്ങൾ തടയുന്നതിനും പണത്തിന്റെ സ്വാധീനം നിയന്ത്രിക്കുന്നതിനും ഫലപ്രദമായ പുതുതലമുറ പരിഷ്കാരങ്ങൾ വേണമെന്ന് ആർജെഡിയിലെ സഞ്ജയ് യാദവ് ആവശ്യപ്പെട്ടു.
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമത്തിനു സാധ്യതയുണ്ടെന്നതിനാൽ കടലാസ് ബാലറ്റിലേക്ക് വോട്ടിംഗ് തിരിച്ചു കൊണ്ടുവരണമെന്ന് സമാജ്വാദി പാർട്ടി നേതാവ് പ്രഫ. രാംഗോപാൽ യാദവ് പറഞ്ഞു. എന്നാൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് തുടരണമെന്നാണു തന്റെ പാർട്ടിയുടെ നിലപാടെന്ന് ജെഡി-യുവിലെ സഞ്ജയ് ഝാ വ്യക്തമാക്കി.
മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷമാണു രാജ്യസഭയിൽ ഇന്നലെ എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച പുനരാരംഭിച്ചത്. രാത്രി വൈകിയാണ് ചർച്ച അവസാനിച്ചത്. ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണു ചർച്ചയ്ക്കു മറുപടി പറഞ്ഞത്.
കുതിരക്കച്ചവടവും കൂട്ട കൂറുമാറ്റങ്ങളും നടക്കുന്പോഴും റിസോർട്ടുകൾ പുണ്യസ്ഥലമായി മാറുന്പോഴും തെരഞ്ഞെടുപ്പുകളുടെ പരിശുദ്ധി ചോദ്യം ചെയ്യപ്പെടുകയാണെന്ന് സിപിഎം നേതാവ് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ചില്ലറ കൂറുമാറ്റം തടയുന്നതിനാണ് കൂറുമാറ്റ നിരോധന നിയമം നേരത്തേ കൊണ്ടുവന്നത്. എന്നാലിപ്പോൾ മൊത്തമായി വരെ കൂറുമാറ്റം നടക്കുന്നു. കൂറുമാറ്റ നിരോധന നിയമം ദുർബലമാണ്. കൂറുമാറ്റം നിരന്തരമായി പരിശോധിക്കുന്നതിനും തടയുന്നതിനുള്ള മാർഗം കണ്ടെത്തുന്നതിനുമായി പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്ന് ബ്രിട്ടാസ് നിർദേശിച്ചു.
രണ്ടു പ്രധാന ഭരണഘടനാഭേദഗതികൾ ഉണ്ടായിട്ടും ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൂറുമാറ്റമാണെന്ന് ബിആർഎസിലെ കെ.ആർ. സുരേഷ് റെഡ്ഢി പറഞ്ഞു. ജനവിധി മാനിക്കപ്പെടണമെങ്കിൽ എംപിമാരുടെയും എംഎൽഎമാരുടെയും കൂറുമാറ്റം പൂർണമായി തടയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു നടത്തിപ്പിൽ നീതിയും വ്യക്തതയും സുതാര്യതയും ഉണ്ടായിരിക്കണമെന്ന് വൈഎസ്ആർ കോണ്‍ഗ്രസിലെ വൈ.വി. സുബ്ബ റെഡ്ഢി ആവശ്യപ്പെട്ടു. ശുദ്ധവും കൃത്യവുമായ വോട്ടർപട്ടിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് അണ്ണാ ഡിഎംകെയുടെ ഡോ. എം. തന്പിദുരൈ പറഞ്ഞു. എസ്ഐആർ അനിവാര്യമായ പ്രക്രിയയാണെന്ന് ശിവസേനയിലെ മുരളി മിലിന്ദ് ദിയോറ പറഞ്ഞു. ജെഡി-എസ് നേതാവ് ദേവഗൗഡ, ബിജെഡിയിലെ ഡോ. സംസിത് പാത്ര തുടങ്ങി നിരവധി പേരും ചർച്ചകളിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: രണ്ടു പതിറ്റാണ്ട് പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരമായി വിക്സിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) ബിൽ 2025 (വി.ബിജി റാം ജി) അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ബില്ല് ലോക്സഭയിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ശക്തമായി പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചതോടെ ഇന്നലെ അവതരിപ്പിച്ചില്ല.
ബിൽപ്രകാരം 60:40 എന്ന രീതിയിൽ പദ്ധതിവിഹിതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതിക്കും. നേരത്തേ പദ്ധതിവിഹിതത്തിന്റെ നൂറു ശതമാനവും കേന്ദ്രസർക്കാരായിരുന്നു നൽകിയിരുന്നത്.
എന്നാൽ ബില്ല് പ്രാബല്യത്തിൽ വന്നാൽ പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കണം. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു കാഷ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പദ്ധതിവിഹിതം 90:10 എന്ന അനുപാതത്തിൽ വീതിക്കും. പദ്ധതിവിഹിതത്തിൽ മാറ്റം വരുത്തിയെങ്കിലും വേതനനിരക്ക് പഴയപടി തുടരും. വർഷത്തിൽ 100 തൊഴിൽദിനം എന്നത് 125 തൊഴിൽദിനമാക്കി ഉയർത്താനും ബില്ലിൽ നിർദേശിക്കുന്നു.
പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാരിനു കീഴിൽ കേന്ദ്ര ഗ്രാമീണ്‍ റോസ്ഗാർ ഗാരന്റി കൗണ്‍സിലും സംസ്ഥാനസർക്കാരുകൾക്കു കീഴിൽ സംസ്ഥാന ഗ്രാമീണ്‍ റോസ്ഗാർ ഗാരന്റി കൗണ്‍സിലുകളും രൂപീകരിക്കുന്നതിന് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന തലത്തിലെ സംയോജനത്തിനായി ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും പുതിയ നിയമത്തിനുള്ളിൽ രൂപീകരിക്കും. നേരത്തേ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു പദ്ധതി നിയന്ത്രിച്ചിരുന്നത്.
ജലസുരക്ഷ ഉറപ്പുവരുത്തുന്ന ജോലികൾ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന നടപടികൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന ജോലികൾ, തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ എന്നീ നാല് മുൻഗണനകളുടെ അടിസ്ഥാനത്തിലാണ് തൊഴിലുകൾ തരംതിരിച്ചിരിക്കുന്നത്. ഇവയ്ക്കു കീഴിൽ വരുന്ന തൊഴിലുകൾക്കായിരിക്കും പുതിയ ബില്ലനുസരിച്ച് അംഗീകാരം ലഭിക്കുക. തൊഴിലവസരങ്ങളും സുസ്ഥിരമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പു വരുത്തുകയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
60 ദിവസത്തെ ജോലിരഹിത സമയം പുതിയ ബില്ലിൽ നിർബന്ധമാണ്. കാർഷിക വിളവെടുപ്പിന്റെ സമയത്തു തൊഴിൽ ക്ഷാമം ലഘൂകരിക്കുന്നതിനാണിത്. വർഷത്തിൽ ബാക്കിയുള്ള ദിവസങ്ങളിൽ 125 ദിവസത്തെ തൊഴിൽ ഗാരന്റി ബില്ല് ഉറപ്പുനൽകുന്നു.
അതേസമയം സംസ്ഥാനസർക്കാരുകൾക്കുമേൽ കൂടുതൽ ബാധ്യത സൃഷ്ടിക്കുകയാണ് പുതിയ ബില്ലുകൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളത്തിനു മാത്രം 2500 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയുടെ പേര് കേൾക്കുന്നത് ബിജെപിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നതിനു തെളിവാണ് പേരുമാറ്റമെന്ന് കെ.സി. വേണുഗോപാൽ എംപി കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: സംസ്ഥാനത്തെ രാസവളക്ഷാമം ലോക്സഭയിലുയർത്തി കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി.
രാജ്യത്തുടനീളം പ്രത്യേകിച്ചു കേരളത്തിലെ കർഷകർ യൂറിയ, പൊട്ടാഷ് ക്ഷാമം നേരിടുകയാണെന്നും നെല്ലറ എന്നറിയപ്പെടുന്ന തന്റെ മണ്ഡലത്തിലെ കുട്ടനാടും ക്ഷാമം നേരിടുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലെ ശൂന്യവേളയിൽ പറഞ്ഞു.
വിഷയം സഭ അടിയന്തരമായി പരിഗണിക്കണമെന്നും രാസവസ്തു-രാസവളം മന്ത്രിയായ ജെപി. നഡ്ഡ സഭയിൽ പ്രസ്താവന നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 25 ലക്ഷം ഹെക്ടർ കൃഷിഭൂമിയാണെന്നും നെല്ല്, ഗോതന്പ്, കമുക്, തെങ്ങ്, റബർ, ഏലം, കൈതച്ചക്ക എന്നീ കൃഷി നടത്തുന്നവർക്ക് വളം ലഭ്യമല്ലാത്തതുമൂലം സമയബന്ധിതമായി കാർഷിക ഉത്പന്നങ്ങൾക്ക് പോഷകം ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും എംപി സഭയിൽ പറഞ്ഞു.
പൊട്ടാഷ്, യൂറിയ ലഭ്യതക്കുറവുമൂലം കർഷകർ വിലകൂടിയ വളങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണെന്നും ഇത്തരം വളങ്ങൾ പാരിസ്ഥിതിക ആഘാതത്തിനും പോഷക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
ആവശ്യമായ വളം നൽകണമെന്ന കേരള സർക്കാരിന്റെ ആവശ്യം നിരന്തരമായി അവഗണിക്കപ്പെടുകയാണ്. ഇതു കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. യൂറിയയിൽനിന്നാണ് പോഷകങ്ങൾ പ്രധാനമായും വിളകളിലേക്കെത്തുന്നത്.
ഏതെങ്കിലും തരത്തിലുള്ള തടസം വിളയുടെ വളർച്ചയ്ക്കും സാന്പത്തികസ്ഥിരതയ്ക്കും നേരിട്ടുള്ളതും പെട്ടെന്നുള്ളതുമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് സഭയെ അറിയിച്ചു.
National
ന്യൂഡൽഹി: വ്യോമയാന മേഖലയിലുണ്ടാകുന്ന ഡിമാൻഡുകളുടെ ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി വർഷം മുഴുവൻ നിരക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ അറിയിച്ചു.
ഉയർന്ന വിമാനനിരക്കിനെതിരേ ലോക്സഭയിൽ ഷാഫി പറന്പിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിൽ നടന്ന ചർച്ചയിലെ മറുപടിപ്രസംഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വർഷം മുഴുവൻ നിരക്കുപരിധി നിശ്ചയിക്കാൻ സർക്കാരിനു സാധിക്കില്ല.
ഉത്സവസീസണുൾപ്പെടെ ഡിമാൻഡ് കൂടുന്ന സമയത്തു നിരക്ക് വർധിക്കാറുണ്ട്. തിരക്കേറിയ സമയത്ത് കൂടുതൽ സർവീസുകൾ വിമാനക്കന്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാറുണ്ട്. കുറഞ്ഞ നിരക്ക് നിശ്ചയിക്കുന്നതിനു പകരം വിമാനങ്ങളുടെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയാണു വേണ്ടത്.
മൂന്നു വിമാനക്കന്പനികൾക്ക് സർവീസിന് എൻഒസി നൽകിയിട്ടുണ്ട്. രണ്ടു കന്പനികൾ കൂടി അപേക്ഷിച്ചിട്ടുണ്ട്. ആഭ്യന്തരമായി വിമാനങ്ങൾ നിർമിക്കാൻ ഇന്ത്യ തയാറെടുക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് പ്രമേയം പിൻവലിക്കാൻ ഷാഫിയോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്ത് ഷാഫി പ്രമേയം പിൻവലിച്ചു.
National
ന്യൂഡൽഹി: രാജ്യത്തു നിരോധിച്ച ഇ-സിഗരറ്റ് പാർലമെന്റിന്റെ പ്രധാന കവാടത്തിനു സമീപത്ത് നിന്നുകൊണ്ട് വലിച്ചുവെന്നാരോപിച്ച് തൃണമൂൽ എംപി സൗഗത റോയിക്കെതിരേ ലോക്സഭാ സ്പീക്കർക്കു പരാതി.
ബിജെപി എംപി അനുരാഗ് ഠാക്കൂറാണു എംപിക്കെതിരേ അന്വേഷണവും അച്ചടക്കനടപടിയും മാതൃകാപരമായ ശിക്ഷയും വേണമെന്നാവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകിയത്.
പുകയില, നിക്കോട്ടിൻ ഉത്പന്നങ്ങൾക്കെതിരേ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്പോൾ അത്തരം പെരുമാറ്റം സഭയുടെ അന്തസിനെ ദുർബലപ്പെടുത്തുകയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പരാതിയിൽ പറയുന്നു.
എംപിയുടെ പേര് പരാമർശിക്കാതെ അനുരാഗ് ഠാക്കൂർ വ്യാഴാഴ്ച വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള നിരോധിത പ്രവർത്തനങ്ങൾക്ക് ഒരു എംപിക്കും ഇളവോ ആനുകൂല്യമോ നൽകുന്നില്ലെന്നും രേഖാമൂലം പരാതി നൽകാനും സ്പീക്കർ നിർദേശിച്ചു.
ഇതേത്തുടർന്നാണ് രേഖാമൂലമുള്ള പരാതി ഇന്നലെ കൈമാറിയത്. എന്നാൽ തുറസായ സ്ഥലത്താണു താൻ പുകവലിച്ചതെന്നും പാർലമെന്റ് മന്ദിരത്തിനുള്ളിലല്ലെന്നും സൗഗത റോയ് പറഞ്ഞു.
Leader Page
വന്ദേമാതരം..., ജനഗണമന... - രണ്ടും ദേശീയ ഗാനങ്ങളാണ്. സൗകര്യത്തിനായി ജനഗണമനയെ ദേശീയഗാനമെന്നും വന്ദേമാതരത്തെ ദേശീയ ഗീതമെന്നും പറയാറുണ്ട്. ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയതും 1880കളുടെ തുടക്കത്തില്‍ ആനന്ദമഠം എന്ന നോവലിലൂടെ പ്രസിദ്ധീകരിച്ചതുമാണു വന്ദേമാതരം. ഈ ഗാനത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിശദമായ ചര്‍ച്ച നടന്നു. ഇതോടെ, കാര്യമായ വിവാദങ്ങളില്ലാതെ 150 വര്‍ഷമായി ദേശീയതയെയും രാജ്യസ്നേഹത്തെയും ഉണര്‍ത്തിയ മഹത്തായ വന്ദേമാതരം ഭരണ-പ്രതിപക്ഷ വാഗ്വാദത്തിനുള്ള വേദിയായി.
ലോക്സഭയിലും രാജ്യസഭയിലും പത്തു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കു ശേഷം രാജ്യവും ശരാശരി ഇന്ത്യക്കാരനും എന്തു നേടിയെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ചരിത്രത്തിലെ പഴയ മുറിവുകള്‍ വീണ്ടും തുറക്കാനാണോ ‘വന്ദേമാതരം ചര്‍ച്ച’ വഴിതെളിച്ചതെന്ന ചോദ്യം ബാക്കിയാണ്. പ്രതിപക്ഷ സമ്മര്‍ദത്തിനു വഴങ്ങി എസ്ഐആര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു നടത്തിയ 10 മണിക്കൂര്‍ ചര്‍ച്ചയുടെയും നേട്ടമോ തെറ്റുതിരുത്തലോ എന്തെന്ന സംശയവും ബാക്കി.
വഴിതെറ്റിക്കുന്ന ചര്‍ച്ചകള്‍
വന്ദേമാതരം, തെരഞ്ഞെടുപ്പു പരിഷ്കാര ചര്‍ച്ചകള്‍ ഫലത്തില്‍ ഭരണ-പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ കസര്‍ത്തിനുള്ള അവസരമായി. ജോലിയില്‍ ജീവന് നഷ്ടപ്പെടുന്ന ബിഎല്‍ഒമാരുടെ കാര്യംപോലും സര്‍ക്കാരിനു വലിയ പ്രശ്നമായില്ല. ഇന്‍ഡിഗോ സൃഷ്ടിച്ച പ്രതിസന്ധിയുടെ മറവില്‍ വിമാനയാത്രക്കാര്‍ അനുഭവിച്ച കൊടിയ ദുരിതവും കൊള്ളനിരക്കുകളും ചര്‍ച്ച ചെയ്തില്ല. അതിവേഗം വളരുന്ന വ്യോമയാന മേഖലയില്‍ സര്‍ക്കാരിനു നിയന്ത്രണം ഇല്ലാതായാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളുടെ സൂചനയാണ് ഇന്‍ഡിഗോ ദുരന്തം. വിഷപ്പുകയില്‍ വലയുന്ന ദേശീയ തലസ്ഥാനത്തെ ജനങ്ങളുടെ കഷ്ടതകളും പിന്നീടു ചര്‍ച്ച ചെയ്യാമെന്നാണു സര്‍ക്കാര്‍ പറഞ്ഞത്.
പഹല്‍ഗാമിലും അതീവസുരക്ഷാ മേഖലയായ ഡല്‍ഹി ചെങ്കോട്ടയിലും ഉണ്ടായ ഭീകരാക്രമണമോ സുരക്ഷാ വീഴ്ചകളോ ചര്‍ച്ച ചെയ്തില്ല. ഡല്‍ഹി സ്ഫോടനത്തിനു പിന്നിലെ ഡോക്ടര്‍മാരുടെ വെള്ളക്കോളര്‍ ഭീകരഗ്രൂപ്പുകളുടെ സാന്നിധ്യവും അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ഇവരുടെ ബന്ധവും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന രൂപയുടെ വിലയിടിവിന്റെ ആഘാതം എംപിമാര്‍ക്കും സര്‍ക്കാരിനും പ്രധാനമല്ലേ? യുഎസ് ഡോളറിനെതിരേ 90 രൂപയിലും താഴേക്കു തകര്‍ന്നതു നേട്ടമാണെന്നു പ്രധാനമന്ത്രി മോദി പറയില്ല.
പരിഹാരമില്ലാതെ പ്രശ്നങ്ങള്‍
പുതിയ തൊഴില്‍ കോഡുകളുടെ പ്രശ്നങ്ങളും തൊഴിലാളികളുടെ ആശങ്കകളും പാര്‍ലമെന്റില്‍ ചര്‍ച്ചയായില്ല. ചര്‍ച്ചയില്ലാതെയും ചോദ്യം ചെയ്യപ്പെടാതെയും സുപ്രധാന ബില്ലുകള്‍ പാസാക്കുന്ന രീതിക്കും അന്ത്യമില്ല. രൂക്ഷമായ തൊഴിലില്ലായ്മയുടെ കാര്യം കട്ടപ്പൊക. ജുഡീഷറി നേരിടുന്ന വെല്ലുവിളികളും ജനങ്ങളുടെ വിശ്വാസം ചോര്‍ത്തുന്ന ചില ജഡ്ജിമാരുടെ നടപടികളും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളും ചര്‍ച്ച ചെയ്യാനും താത്പര്യമില്ല. സൈബര്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിലും ഫലപ്രദമായ ഇടപെടലില്ല. കര്‍ഷകരുടെ തീരാദുരിതങ്ങള്‍ തുടര്‍ക്കഥയാണ്. കര്‍ഷകരും ഇടത്തരം ചെറുകിട ബിസിനസുകാരും പരമ്പരാഗത, ചെറുകിട വ്യവസായികളും നേരിടുന്ന കഷ്ടതകള്‍ക്കും പരിഹാരമില്ല.
അഴിമതിയുടെ വേരുകള്‍ പടരുമ്പോഴും തടയാന്‍ നടപടികളില്ല. ഭരണക്കാരും ഉദ്യോഗസ്ഥരും വ്യവസായികളും കൊഴുക്കുകയാണ്. സമ്പന്നരും പാവങ്ങളും തമ്മില്‍ ഭീകരമാംവിധം വര്‍ധിക്കുന്ന അന്തരം ഉയര്‍ത്തുന്ന വെല്ലുവിളികളും കോര്‍പറേറ്റ് ഭീമന്മാരുടെയും അതിസമ്പന്നരുടെയും തേര്‍വാഴ്ചകളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് തയാറാകുമോ? വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും പരിഹാരമില്ല. മാനഭംഗം അടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യേണ്ടതല്ലേ? ഉത്തരേന്ത്യയിലെ പട്ടിണി, ശിശു മരണങ്ങളും ആരെയും ലജ്ജിപ്പിക്കുന്നില്ല. എഴുതിയാല്‍ തീരാത്തത്ര പ്രശ്നങ്ങളുണ്ട്.
മറയ്ക്കപ്പെടുന്ന ദുരിതങ്ങള്‍
ദേശീയതയുടെ മറവില്‍ രാഷ്ട്രീയ, മത താത്പര്യങ്ങള്‍ക്കുള്ള പോരാണു നടന്നതെന്നു വിശ്വസിക്കാം. അടിയന്തര ദേശീയശ്രദ്ധ വേണ്ട ജനകീയ കാര്യങ്ങളിലല്ല നീണ്ട ചര്‍ച്ചകളും ഏറ്റുമുട്ടലുകളും വാക്കൗട്ടുകളും എന്നതൊരു പ്രശ്നമാണ്. പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയാണു വന്ദേമാതരം ചര്‍ച്ചയെന്നു കോണ്‍ഗ്രസും അല്ലെന്നു ബിജെപിയും പറയുമ്പോള്‍ കാര്യം വ്യക്തം. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും തുടങ്ങിയ ചര്‍ച്ചയില്‍ പങ്കെടുത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജെ.പി. നഡ്ഡയും പ്രിയങ്ക ഗാന്ധി വദ്രയും ജയ്റാം രമേശും അടക്കമുള്ളവര്‍ പക്ഷേ പരസ്പരം കൊമ്പുകോര്‍ത്തു.
രണ്ടു വ്യത്യസ്ത ചിന്താധാരകള്‍ തമ്മിലുള്ള ശക്തമായ മാറ്റുരയ്ക്കലായിരുന്നു പാര്‍ലമെന്റിലെ ചര്‍ച്ച. ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെയും. ആ അര്‍ഥത്തില്‍ സ്വാഗതാര്‍ഹവും ഗൗരവതരവുമായ ചര്‍ച്ചയാണു ഇരുസഭകളിലും നടന്നത്. എന്നാല്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കമുണ്ടായെന്നതു കാണാതെപോകരുത്. ഭൂതകാലത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിക്കൊണ്ട് വര്‍ത്തമാനകാല പ്രശ്നങ്ങളെ മറയ്ക്കാന്‍ കഴിയുമെന്ന തോന്നലും സര്‍ക്കാരിന് ഉണ്ടായിരിക്കണം.
എന്തിനും പഴി നെഹ്റുവിന്
ബങ്കിം ചന്ദ്രയ്ക്കും പരസ്യവേദിയില്‍ ആദ്യമായി വന്ദേമാതരം പാടിയ മഹാനായ രവീന്ദ്രനാഥ ടാഗോറിനും ചര്‍ച്ചയില്‍ കാര്യമായ പങ്കോ പ്രശംസയോ ഉണ്ടായില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1896ലെ കോൽക്കത്ത സമ്മേളനത്തിലായിരുന്നു ടാഗോറിന്റെ വന്ദേമാതരം ആലാപനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പ്രചോദനമായ ദേശഭക്തി ഗാനം. ബങ്കിം ചന്ദ്രയെക്കാള് കൂടുതല്‍ നെഹ്റുവിനെയാണു മോദിയും ഷായും നഡ്ഡയും ചര്‍ച്ചയിലേക്കു വലിച്ചിഴച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയേക്കാള്‍ ആര്‍എസ്എസിനെ ഇന്നും അലോസരപ്പെടുത്താന്‍ നെഹ്റുവിനു കഴിയുന്നുവെന്നതും ശ്രദ്ധേയമാണ്.
പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ മോദിയും ഷായും നഡ്ഡയും നെഹ്റുവിനെതിരേ ആക്ഷേപം കടുപ്പിച്ചപ്പോള്‍ പ്രിയങ്കയുടെയും ഖാര്‍ഗെയുടെയും തിരിച്ചടികളും കുറിക്കു കൊള്ളുന്നതായി. വന്ദേമാതരത്തിന്റെ ചരിത്രവും അഭിമാനവും നിറഞ്ഞ വാക്കുകളുടെ പേരില്‍ ചരിത്രവും അഭിമാനവും കശക്കിയെറിയുന്നതും കാണാനായി. ചരിത്രവസ്തുതകളെ സൗകര്യംപോലെ അവതരിപ്പിക്കാന്‍ ഇരുപക്ഷവും മടിച്ചില്ല. രാജ്യത്തിന്റെ മഹത്തായ സംസ്കാരവും പാരമ്പര്യവും തന്നിഷ്ടം പോലെ വക്രീകരിക്കാനും വികൃതമാക്കാനും നേതാക്കള്‍ മത്സരിച്ചു.
മതവൈരമല്ല വന്ദേമാതരം
ഇന്ത്യയുടെ ഐക്യത്തിനായുള്ള ദേശീയഗാനങ്ങളെ വിഭാഗീയമായി ഭിന്നിപ്പിക്കാനുള്ള ഉപകരണം ആക്കിയെന്നതാണു ദുരന്തം. വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡങ്ങള്‍ മാത്രം ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം വിഭജനത്തിനു വിത്തുപാകിയെന്നാണു മോദിയും ഷായും നഡ്ഡയും സമര്‍ഥിക്കാന്‍ ശ്രമിച്ചത്.
രാജ്യത്തെ ജനങ്ങളെ മതപരമായ വിഭജിക്കാനല്ല; മറിച്ച്, ഒന്നിപ്പിക്കാനാകണം സര്‍ക്കാരിന്റെ ദൗത്യവും ശ്രമങ്ങളും. രാജ്യത്തെ മതസൗഹാര്‍ദവും മതനിരപേക്ഷതയും ഐക്യവും അഖണ്ഡതയും സമാധാനവും തകര്‍ക്കുകയോ അതിന് ക്ഷതമേല്പിക്കുകയോ ചെയ്യുന്നതൊന്നും ഗുണകരമല്ല.
മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും അടക്കമുള്ള നേതാക്കള്‍ സംയുക്തമായി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങളുടെ പേരില്‍ രാഷ്ട്രശില്പിയായ നെഹ്റുവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ആക്ഷേപിക്കാനും രാജ്യത്തെ പ്രധാനമന്ത്രിയും ഉന്നത മന്ത്രിമാരും ശ്രമിച്ചതിനെ രാജ്യത്തെ വലിയൊരു വിഭാഗം ജനം അംഗീകരിക്കാനിടയില്ല. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്നു സ്വാതന്ത്ര്യം നേടുന്നതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാനാണു വന്ദേഭാരതത്തെ സ്വാതന്ത്ര്യസമര നേതാക്കള്‍ ഉപയോഗപ്പെടുത്തിയത്. മതവൈരം ഉണ്ടാകരുതെന്ന ആശയത്തോടെയായിരുന്നു തീരുമാനങ്ങളെന്നു ചരിത്രം പറയുന്നു.
ഉത്തരമില്ലാതെ ചോദ്യങ്ങള്‍
ഏതെങ്കിലും വിശ്വാസം അടിച്ചേല്‍പ്പിക്കുന്നതിനു പകരം പൊതുവായ അടിത്തറ കണ്ടെത്തുന്നതാണു ബുദ്ധിയെന്നു സ്വാതന്ത്ര്യസമര നേതാക്കള്‍ കരുതിയെന്നതില് സംശയിക്കേണ്ട. ഇന്ത്യയുടെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ദേശീയ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കു ലക്ഷ്യമായിരുന്നില്ല.
വന്ദേമാതരം ചര്‍ച്ചപോലെ പ്രധാനമായിരുന്നു തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചുള്ള പാര്‍ലമെന്റിലെ ചര്‍ച്ച. ക്രമക്കേടുകളും വോട്ടുകൊള്ളയുമില്ലാതെ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളാണു ജനാധിപത്യത്തിന്റെ കാതലും നന്മയും. എന്നാല്‍ ഇതിനു ചുമതലപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷനെത്തന്നെ ദുരുപയോഗിച്ചുകൊണ്ടു തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതും ജനവിധിയില്‍ മാറ്റം വരുത്തുന്നതുമായ നടപടികൾ ഉണ്ടാകുന്നുവെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ വസ്തുതകൾ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു വെല്ലുവിളിയാണ്.
രാഹുലിന്റെ ചോദ്യം വ്യക്തം
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് എന്തിനെന്ന രാഹുലിന്റെ ചോദ്യത്തിനു സര്‍ക്കാര്‍ വ്യക്തതയുള്ള ഉത്തരം നല്‍കിയില്ല. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നടപടികള്‍ രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്ന പ്രത്യേക നിയമ പരിരക്ഷ നല്‍കിയതില്‍ ദുഷ്ടലാക്കുണ്ടെന്ന രാഹുലിന്റെ ആരോപണവും നിഷേധിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള പോളിംഗ് ബൂത്തുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ചട്ടം ഭേദഗതി ചെയ്തതിനുള്ള അമിത് ഷായുടെ വിശദീകരണവും ബിജെപി അനുകൂലികള്‍ക്കു മാത്രമേ ദഹിക്കൂ. ജനാധിപത്യത്തിന്റെ കാതലായ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സംശയങ്ങള്‍പോലും ദൂരീകരിക്കാന്‍ കമ്മീഷനും കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് തെളിവുസഹിതം ചൂണ്ടിക്കാട്ടിയ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്ക് ഇനിയും കൃത്യവും വ്യക്തവുമായ ഉത്തരമില്ലെന്നതു ഗുരുതരമാണ്.
ഭാരതമാതാവിന് വന്ദനം
ജാതി, മത, പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ജനങ്ങളെയാകെ ഒന്നിപ്പിച്ച് മതേതര ജനാധിപത്യ രാഷ്്ട്രമായി ഇന്ത്യയെ ശക്തിപ്പെടുത്തുക പ്രധാനമാണ്. എല്ലാ പൗരന്മാരെയും കൂട്ടിയിണക്കി സുരക്ഷയും സമാധാനവുമുള്ള വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയെന്നതുമാണു ഭാരതമാതാവിനുള്ള ഏറ്റവും വലിയ വന്ദനം.
National
ന്യൂഡൽഹി: രാജ്യത്തെ മലിനീകരണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മലിനീകരണത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് രാഹുലിന്റെ നിർദേശം.
മലിനീകരണമെന്നത് പ്രത്യയശാസ്ത്രപ്രശ്നമല്ലെന്നും സർക്കാരിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പൂർണ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നും രാഹുൽ ലോക്സഭയുടെ ശൂന്യവേളയിൽ പറഞ്ഞു.
രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ആവരണത്തിനടിയിലാണെന്നും ലക്ഷക്കണക്കിന് കുട്ടികൾക്ക് ശ്വാസകോശ രോഗങ്ങൾ പിടിപെട്ടെന്നും ഭാവി നശിപ്പിക്കപ്പെട്ടെന്നും ആളുകൾക്ക് അർബുദം പിടിപ്പെടുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
നമ്മുടെ നഗരങ്ങളിൽനിന്ന് മലിനീകരണത്തെ നീക്കം ചെയ്യാൻ സർക്കാർ ഒരു പദ്ധതി തയാറാക്കേണ്ടത് അനിവാര്യമാണെന്നും അത്തരമൊരു പദ്ധതി വികസിപ്പിക്കാനായി സർക്കാരിനോട് സഹകരിക്കാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സർക്കാരിനും മുഴുവൻ പ്രതിപക്ഷത്തിനും ധാരണയിലെത്താൻ കഴിയുന്ന അധികം വിഷയങ്ങളില്ലെന്നും പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് രാജ്യത്തെ കാണിക്കാൻ കഴിയുന്ന വിഷയമാണ് മലിനീകരണമെന്നും രാഹുൽ പറഞ്ഞു.
വിഷയത്തിൽ സർക്കാർ പാർലമെന്റിൽ ചർച്ച നടത്തണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരാതെയുള്ള ഒരു ചർച്ചയാക്കി മാറ്റാൻ ശ്രമിക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇതിനു ശേഷം പ്രധാനമന്ത്രി ഓരോ നഗരങ്ങൾക്കും ഒരു പദ്ധതി മുന്നോട്ടുവെക്കണമെന്നും ഇതിലൂടെ മലിനീകരണം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: വന്ദേമാതരം, തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചകളുടെ ആവേശം മൂന്നാംദിവസവും വിടാതെ രാജ്യസഭയിൽ ബിജെപി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്മാരായ ജെ.പി. നഡ്ഡയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ വാഗ്വാദം. ലോക്സഭയിൽ ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ മറ്റൊരു മുഖമായിരുന്നു ഇന്നലെ രാജ്യസഭയിൽ കണ്ടത്.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെച്ചൊല്ലിയായിരുന്നു രാജ്യസഭാനേതാവും കേന്ദ്രമന്ത്രിയുമായ നഡ്ഡയും പ്രതിപക്ഷനേതാവായ ഖാർഗെയും തമ്മിൽ ഉശിരൻ വാക്പോര് നടന്നത്. ഭരണഘടനാ നിർമാണവേളയിൽ ദേശീയഗാനമായി വന്ദേമാതരം ഒഴിവാക്കിയത് നെഹ്റുവാണെന്ന് നഡ്ഡ ആരോപിച്ചു.
തെറ്റും വികലവുമായ വീക്ഷണമാണ് നഡ്ഡ അവതരിപ്പിക്കുന്നതെന്നും വന്ദേമാതരത്തിൽനിന്ന് പണ്ഡിറ്റ് നെഹ്റുവിലേക്കു ചർച്ച മാറ്റിയോയെന്നു വ്യക്തമാക്കണമെന്നും ഖാർഗെ എഴുന്നേറ്റ് ചോദിച്ചു. ഇവിടെ പറയുന്നതൊന്നും സത്യമല്ല. വളച്ചൊടിച്ചതാണ്. വന്ദേമാതരം ചർച്ചയുടെ മറവിൽ നെഹ്റുവിനെ ആക്ഷേപിക്കാൻ ചരിത്രം വളച്ചൊടിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുന്‍പുതന്നെ ജനഗണമനയെ താത്കാലിക ദേശീയഗാനമായി കേന്ദ്രമന്ത്രിസഭ തെരഞ്ഞെടുത്തിരുന്നുവെന്ന് 1948ൽ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് എഴുതിയ കത്തിൽ നെഹ്റു വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞു. ഭരണഘടനാ അസംബ്ലിക്കു പുറത്ത് ദേശീയഗാനത്തെക്കുറിച്ച് ആദ്യ പ്രധാനമന്ത്രി സ്വയം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് ഇതു കാണിക്കുന്നുവെന്ന് നഡ്ഡ കുറ്റപ്പെടുത്തി.
എന്നാൽ, വന്ദേമാതരം ദേശീയ ഗീതമാക്കിക്കൊണ്ട് ജിന്നയ്ക്ക് നെഹ്റു ഉചിതമായ മറുപടി നൽകിയെന്ന് കോണ്‍ഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ ചൂണ്ടിക്കാട്ടി. ബിജെപി പ്രസിഡന്റ് പറഞ്ഞതിനു ചരിത്രസാക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംസ്കാരത്തോടും പാരന്പര്യങ്ങളോടും ധാർമികതയോടും കോണ്‍ഗ്രസ് എപ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞതോടെ ഖാർഗെയും കോണ്‍ഗ്രസ് എംപിമാരും തടസവുമായി എഴുന്നേറ്റു. സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ ഇടപെട്ടാണ് ഇരുനേതാക്കളും തമ്മിലുള്ള തർക്കം അവസാനിപ്പിച്ചത്. ദുർഗ, സരസ്വതി, ഭാരത്മാത, ശക്തി എന്നിവ ഈ രാജ്യത്തെ എല്ലാ ആളുകൾക്കും വേണ്ടിയുള്ളതാണെന്നും എല്ലാവർക്കും അവയിൽ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടു ചിന്താധാരകൾ ഏറ്റുമുട്ടി
കഴിഞ്ഞ ഒന്നിന് ആരംഭിച്ച പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലെ ആദ്യ രണ്ടു ദിവസത്തെ സ്തംഭനത്തിനു ശേഷം ഏഴു ദിവസം സജീവ ചർച്ചകളും നിയമനിർമാണങ്ങളും നടന്നു. 19ന് സമ്മേളനം സമാപിക്കും. വന്ദേമാതരം, എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ എന്നിവയിൽ നടന്ന ചർച്ചകൾ സന്പന്നവും രണ്ടു ചിന്താധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുമായി മാറി.
ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു പരസ്പരം നേതാക്കൾ കൊന്പുകോർത്തത്. ചർച്ചയിലുടനീളം പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെ ആക്രമിക്കാൻ ബിജെപി ശ്രമിച്ചപ്പോൾ, നെഹ്റുവിനെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.
മോദി പുസ്തകങ്ങൾ വായിക്കണമെന്ന് ജയ്റാം രമേശ്
ദേശീയ ഗാനമായ ജനഗണമനയുടെയും ദേശീയ ഗീതമായ വന്ദേമാതരത്തിന്റെയും യഥാർഥ ആത്മാവിനെക്കുറിച്ച് എഴുതിയ പ്രശസ്തമായ രണ്ടു പുസ്തകങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സംഘവും വായിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മികച്ച ചരിത്രകാരന്മാരായ രുദ്രാംഗ്ഷു മുഖർജിയുടെ ’സോംഗ് ഓഫ് ഇന്ത്യ: എ സ്റ്റഡി ഓഫ് നാഷണൽ ആന്തം’, സബ്യസാചി ഭട്ടാചാര്യയുടെ ’വന്ദേമാതരം: ദി ബയോഗ്രഫി ഓഫ് എ സോംഗ്’ എന്നീ പുസ്തകങ്ങൾ മോദി വായിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നുവെന്ന് രാജ്യസഭയിലെ വന്ദേമാതരം ചർച്ചയിൽ പങ്കെടുത്ത് ജയ്റാം പരിഹസിച്ചു. ബിജെപി നേതാക്കളുടെ നുണകൾ പൊതുജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ജയ്റാം പറഞ്ഞു.
രണ്ടു മണിക്കൂർ മുന്‍പേ പാർലമെന്റ് പിരിഞ്ഞു
ഔദ്യോഗികമായി പ്രത്യേക കാരണങ്ങളില്ലാതെ ലോക്സഭയും രാജ്യസഭയും ഇന്നലെ രണ്ടു മണിക്കൂർ നേരത്തേ പിരിഞ്ഞതിൽ വിവാദം. രാജ്യസഭയിൽ അണ്ണാഡിഎംകെ നേതാവ് തന്പി ദുരൈയുടെ പ്രസംഗം പകുതിക്കു വച്ച് നിർത്തി ബാക്കി ഭാഗം തിങ്കളാഴ്ച പ്രസംഗിക്കാമെന്നു പറഞ്ഞാണ് വൈകുന്നേരം നാലിന് സഭ അവസാനിപ്പിച്ചത്.
ലോക്സഭയിൽ ബിജെപി എംപി നിഷികാന്ത് ദുബെ ഇടപെട്ടാണു വൈകുന്നേരം 4.05ന് സഭ പിരിയുന്നതായി പ്രഖ്യാപിപ്പിച്ചത്.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള ലോക്സഭയിൽ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും ഹൈബി ഈഡനും.
സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘത്തെ സംസ്ഥാന സർക്കാർ നിയന്ത്രിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചപ്പോൾ ശബരിമല വിഷയത്തിൽ ബിജെപി മൗനം പാലിക്കുകയാണെന്നും സിപിഎം-ബിജെപി കൂട്ടുകച്ചവടത്തിന്റെ സൂചനയാണിതെന്നും ഹൈബി ആരോപിച്ചു. ശൂന്യവേളയിലാണ് ഇരുവരും ലോക്സഭയിൽ വിഷയം ഉന്നയിച്ചത്.
കേസിൽ കൂടുതൽ പ്രതികൾ ഇനിയും പുറത്തുവരാനുണ്ട്. ഹൈക്കോടതിയുടെ ഇടപെടൽമൂലമാണ് അന്വേഷണം ഇതുവരെയെത്തിയത്. എന്നാൽ കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘത്തെ പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു.
ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസിതന്നെ കേസ് അന്വേഷിച്ച് യഥാർഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
കേസിൽ സിപിഎം എംഎൽഎയായിരുന്ന പത്മകുമാറും സിപിഎം നേതാവായ വാസുവും അറസ്റ്റ് ചെയ്യപ്പെട്ടതായും കൂടുതൽ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും ഹൈബി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്നു നിലനിൽക്കുന്നതെല്ലാം വോട്ടിൽനിന്നാണ് ഉണ്ടായതെന്നും അതു പിടിച്ചെടുക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വോട്ട് ചോരിയാണ് ഏറ്റവും വലിയ ദേശവിരുദ്ധത. തെരഞ്ഞെടുപ്പു കമ്മീഷനെ കൂട്ടുപിടിച്ച് അധികാരത്തിലിരിക്കുന്ന ബിജെപി വോട്ട് മോഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ആസൂത്രിതമായി പിടിച്ചെടുക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു.
സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ആർഎസ്എസിന്റെ പദ്ധതി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതായിരുന്നുവെന്നും രാഹുൽ ആരോപിച്ചു. എസ്ഐആർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് ലോക്സഭയിൽ ഇന്നലെ ആരംഭിച്ച ചർച്ചയിലാണ് ബിജെപിയെയും ആർഎസ്എസിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചത്.
സാധാരണ വെള്ള ടിഷർട്ടും പാന്റും ധരിച്ച് സഭാ നടപടികൾക്ക് എത്തിയിരുന്നു രാഹുൽ ഇന്നലെ വെള്ള പൈജാമ ധരിച്ചുകൊണ്ടാണ് ചർച്ചയിൽ പങ്കെടുത്തത്. ബിജെപിക്കും ആർഎസ്എസിനും എതിരേ ആരോപണങ്ങൾ ഉന്നയിക്കുന്പോൾ ഭരണപക്ഷം പ്രതിഷേധം മുഴക്കിയെങ്കിലും രാഹുൽ പ്രസംഗം തുടർന്നു. വോട്ട് ചോരി വിഷയം പാർലമെന്റിൽ രാഹുൽ ഉന്നയിച്ചപ്പോൾ ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉയർത്തി കോണ്‍ഗ്രസ് എംപിമാർ ബിജെപിയെ പരിഹസിച്ചു. ഹരിയാനയിൽ 22 തവണ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്ന ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ മുൻ വാർത്താസമ്മേളനത്തിൽ രാഹുൽ പ്രസിദ്ധീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷണറുടെ സെലക്ഷൻ പാനലിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കംചെയ്തത് എന്തുകൊണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്തു ചെയ്താലും നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നതിന് 2023 ഡിസംബറിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ഭേദഗതി എന്തിനായിരുന്നു, പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ 45 ദിവസത്തിനുള്ളിൽ നശിപ്പിക്കുന്നതിന്റെ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങൾ രാഹുൽ കേന്ദ്രസർക്കാരിനു മുന്നിൽ ഉന്നയിച്ചു.
വോട്ടുകൊള്ളയെ സാധൂകരിക്കുന്നതിനായി താൻ നിരവധി തെളിവുകൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ രാഹുൽ തന്റെ ചോദ്യങ്ങൾക്ക് ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ബിഹാറിൽ എസ്ഐആർ നടപടികൾ കൃത്യമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് 1.2 ലക്ഷം ഇരട്ടവോട്ടുകൾ സംഭവിച്ചതെന്നും രാഹുൽ ചോദിച്ചു.
തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് എല്ലാ പാർട്ടികൾക്കും മെഷീൻ റീഡബിൾ വോട്ടർപട്ടിക ലഭ്യമാക്കുക, പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ അനുവദിക്കുന്ന നിയമം പിൻവലിക്കുക, ഇവിഎമ്മുകളുടെ ഘടന പുറത്തുവിടുക, തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് അധികസംരക്ഷണം നൽകുന്ന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
എന്നാൽ കോണ്‍ഗ്രസിന്റെ മുൻകാല ചരിത്രത്തെ ആക്രമിച്ചുകൊണ്ടു മറുപടി പറഞ്ഞ ബിജെപി എംപി നിഷികാന്ത് ദുബെ, വോട്ട് ചോരിയിലൂടെയാണ് മുൻ പ്രധാനമന്ത്രി ഇന്ദിാഗാന്ധി റായ്ബറേലിയിൽ വിജയിച്ചതെന്ന് ആരോപിച്ചു. തെരഞ്ഞെടുപ്പ് പരിഷ്കരണം സംബന്ധിച്ച രണ്ടു ദിവസത്തെ ചർച്ചയ്ക്കാണ് ലോക്സഭയിൽ ഇന്നലെ തുടക്കം കുറിച്ചത്. ചർച്ച ഇന്നും തുടരും.
National
ന്യൂഡൽഹി: വന്ദേമാതരത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത് എന്തുകൊണ്ടാണെന്നു മനസിലാകാത്തവർ ആത്മപരിശോധന നടത്തണമെന്നും, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുമായി അതിനു ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വന്ദേമാതരം ചൊല്ലി കോണ്‍ഗ്രസുകാർ ജയിലിലേക്കു പോയപ്പോൾ ബ്രിട്ടീഷുകാർക്കുവേണ്ടി വിടുപണി ചെയ്ത ബിജെപിയുടെ മുൻഗാമികൾ ദേശഭക്തി പഠിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഓർമിപ്പിച്ചു.
ഷായും ഖാർഗെയും ആരോപണ-പ്രത്യാരോപണങ്ങളുമായി കൊന്പുകോർത്തതോടെ രാജ്യസഭയിൽ വന്ദേമാതരം ചർച്ചയ്ക്കു ചൂടേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ തിങ്കളാഴ്ച തുടങ്ങിയ ചർച്ചയ്ക്കു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര നടത്തിയ തിരിച്ചടികളുടെ തുടർച്ചകൂടിയായി രാജ്യസഭയിലെ ഇന്നലത്തെ ചർച്ച. ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു വന്ദേമാതരം ചർച്ച നടത്തിയതെന്ന പ്രിയങ്കയുടെ ആരോപണത്തിനു മറുപടി പറയാൻ ഷാ മറന്നില്ല.
വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കാൻ ചർച്ച നടത്തുന്നതിനെ ചിലർ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ബംഗാൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു വന്ദേമാതരം ചർച്ച ചെയ്യുന്നതെന്ന് ചിലർ കരുതുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വന്ദേമാതരത്തിന്റെ മഹത്വം കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. വന്ദേമാതരത്തിന്റെ സ്രഷ്ടാവായ ബങ്കിം ചന്ദ്ര ബംഗാളിൽ ജനിച്ചുവെന്നതു ശരിയാണ്. പക്ഷേ വന്ദേമാതരം ബംഗാളിലോ ഇന്ത്യയിലോ മാത്രമായി ഒതുങ്ങിനിന്നില്ല. ദേശീയഗീതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമാണ്.
സ്വാതന്ത്ര്യസമര സേനാനികൾ ഒളിത്താവളങ്ങളിൽ ഒത്തുകൂടിയപ്പോൾ അവർ വന്ദേമാതരം പറഞ്ഞു. ലോകത്തിലെവിടെയും ഇന്നും അതു തുടരുന്നു. അതിർത്തികളിലെ സൈനികരും സുരക്ഷാചുമതലയുള്ളവരും ജീവൻ ബലിയർപ്പിക്കുന്പോൾ അവരുടെ ചുണ്ടിലെ വാക്കുകൾ വന്ദേമാതരം തന്നെയാണ്. 150 വർഷത്തിലേറെയായി ഈ ഗാനം നമ്മുടെ ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്- ഷാ പറഞ്ഞു.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വന്ദേമാതരം വിഭജിച്ച് 50-ാം വാർഷികത്തിൽ രണ്ടു ഖണ്ഡികകളിൽ ഒതുക്കിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രീണനം അവിടെയാണ് ആരംഭിച്ചത്. ആ പ്രീണനം വിഭജനത്തിലേക്കു നയിച്ചു. പ്രീണനനയം കാരണം വന്ദേമാതരം വിഭജിക്കപ്പെട്ടില്ലെങ്കിൽ വിഭജനം സംഭവിക്കില്ലായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു- മോദിക്കു പിന്നാലെയും ഷായും ആരോപണം ആവർത്തിച്ചു.
രൂപയുടെ വിലയിടിവ്, സുരക്ഷാവീഴ്ചകൾ, വിമാനസർവീസുകളിലെ തകർച്ച, രൂക്ഷമായ വായുമലിനീകരണം തുടങ്ങി ജനകീയ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് വന്ദേമാതരം ചർച്ചയെന്ന് ഖാർഗെ ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം.
ഒരു വിഷയത്തിലും ചർച്ചകളെ സർക്കാർ ഭയപ്പെടുന്നില്ലെന്ന് ഷാ പറഞ്ഞു. ഏതു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്ന് രാജ്യസഭയുടെ നേതാവുകൂടിയായ മന്ത്രി ജെ.പി. നഡ്ഡ പിന്നീട് പറഞ്ഞു. വന്ദേമാതരം ചർച്ചയുടെ വിഷയത്തിൽനിന്നു മാറി ഖാർഗെ നടത്തിയ പരാമർശങ്ങൾ നീക്കംചെയ്യണമെന്ന് നഡ്ഡ ആവശ്യപ്പെട്ടു.
International
വിൽനിയസ്: ബെലാറൂസിൽനിന്നുള്ള ബലൂണുകൾ വ്യോമഗതാഗതം തടസപ്പെടുത്തിയതിനു പിന്നാലെ ലിത്വാനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാലാവസ്ഥാ നിരീക്ഷണമെന്ന പേരിൽ ബലൂണുകൾ ഉപയോഗിച്ച് സിഗരറ്റ് കള്ളക്കടത്തു നടന്നത് ബെലാറൂസിന്റെ ഹൈബ്രിഡ് ആക്രമണം ആണെന്ന് ലിത്വാനിയ ആരോപിക്കുന്നു.
ദേശീയ താത്പര്യം പരിഗണിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ലിത്വാനിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബലൂൺ പറപ്പിക്കുന്നതു തടയാനായി സൈന്യത്തിനു കൂടുതൽ അധികാരങ്ങൾ നല്‍കുന്നതിനെക്കുറിച്ച് ലിത്വാനിയൻ പാർലമെന്റിൽ ആലോചന ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: വന്ദേമാതരം ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ വസ്തുതകളും ചരിത്രപരമായ വിശദാംശങ്ങളും ഇല്ലെന്ന് പ്രിയങ്ക ഗാന്ധി. ലോക്സഭയിൽ ഇന്നലെ നടന്ന വന്ദേമാതരം ചർച്ചയിലാണ് പ്രിയങ്കയുടെ ആരോപണം.
പ്രധാനമന്ത്രിയുടെ പ്രസംഗപാടവം അംഗീകരിക്കുന്പോൾ തന്നെ അദ്ദേഹം വസ്തുതകളിൽ ദുർബലനാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. 1893ൽ രബീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ചത് കോണ്‍ഗ്രസ് കണ്‍വൻഷനിലായിരുന്നു എന്ന് പറയാൻ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മടി കാണിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
ബിജെപി തെരഞ്ഞെടുപ്പിനു വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടിയും. എത്ര തെരഞ്ഞെടുപ്പുകളിൽ തോറ്റാലും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുമെന്നും പ്രിയങ്ക വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരേ (ലേബർ കോഡുകൾ) സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾക്കുനേരേയുള്ള കടന്നാക്രമണത്തെ ചെറുക്കുമെന്ന് പ്രതിപക്ഷനേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കി.
പാർലമെന്റിലെ എംപിമാർക്കുള്ള കവാടമായ മകരദ്വാരത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂൽ കോണ്‍ഗ്രസ്, സമാജ്വാദി, ഇടതുപാർട്ടികൾ എന്നിവയുടെ എംപിമാർ പങ്കെടുത്തു. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര, ഡിഎംകെയുടെ കെ. കനിമൊഴി, എ. രാജ, സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ, ടിഎംസിയുടെ ഡോള സെൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
“കോർപറേറ്റുകളുടെ കാട്ടുവാഴ്ച വേണ്ട, തൊഴിൽനീതി വേണം’’ (നോ ടു കോർപറേറ്റ് ജംഗിൾ രാജ്- യെസ് ടു ലേബർ ജസ്റ്റീസ്) എന്ന വലിയ ബാനറിന്റെ പിന്നിലായിരുന്നു എംപിമാരുടെ ധർണ. തൊഴിൽ കോഡുകളിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരള എംപിമാരിൽ ബഹുഭൂരിപക്ഷവും കേരളത്തിലായിരുന്നതിനാൽ ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാനായില്ല. പുതിയ തൊഴിൽ ബില്ലും തൊഴിൽ കോഡുകളും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് എംപിമാർ പറഞ്ഞു.
എസ്ഐആറിന് എതിരേയെന്നപോലെ തൊഴിലാളി അവകാശങ്ങൾക്കുവേണ്ടിയും പോരാടാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചിരുന്നു. ദേശസുരക്ഷയിലെ വീഴ്ചകൾക്കും അതിരൂക്ഷമായ മലിനീകരണത്തിനും എതിരേ പ്രതിഷേധിക്കാൻ പ്രതിപക്ഷപാർട്ടികൾ തയാറെടുക്കുകയാണ്.
National
ന്യൂഡൽഹി: പാർലമെന്റിൽ നാടകം കളിക്കരുതെന്നും നിഷേധാത്മകതയ്ക്കു പരിധി വേണമെന്നും പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാടകം കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അതു ചെയ്യാം. നാടകമല്ല, ക്രിയ്താമക അവതരണമാണു പാർലമെന്റിൽ വേണ്ടത്. മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്- പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.
പൊതു പ്രതിനിധികളെന്ന നിലയിൽ, ഭാവിയെക്കുറിച്ച ചിന്തിക്കുന്പോൾ തന്നെ, രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്വവും പ്രതീക്ഷകളും നാം പരമാവധി സമതുലിതാവസ്ഥയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കുന്നു. ബിഹാറിലെ തോൽവിയുടെ പരിഭ്രാന്തി വേണ്ടെന്നും ക്രമേണ അതുമായി പെരുത്തപ്പെടുമെന്നും മോദി പരിഹസിച്ചു.
രാജ്യത്തെക്കുറിച്ച് ഈ പാർലമെന്റ് എന്താണു ചിന്തിക്കുന്നത്. രാജ്യത്തിനായി അതെന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിലാണ് ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രതിപക്ഷവും അതിന്റെ ഉത്തരവാദിത്വം നിറവേറ്റണം. അത്തരം വിഷയങ്ങൾ, ശക്തമായ വിഷയങ്ങൾ അവർ ഉന്നയിക്കണം. പരാജയത്തിന്റെ നിരാശ അവർ മറികടക്കണം.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ തോൽവിയെക്കുറിച്ചു നേരിട്ടു പരാമർശിക്കാതെ മോദി പരിഹസിച്ചു. രാഷ്ട്രീയത്തിൽ നിഷേധാത്മകത (നെഗറ്റിവിറ്റി) ഉപയോഗപ്രദമായേക്കാം. എന്നാൽ ആത്യന്തികമായി, രാഷ്ട്രനിർമാണത്തിനു ചില പോസിറ്റീവ് ചിന്തകൾ ഉണ്ടായിരിക്കണം.
നിങ്ങൾ (പ്രതിപക്ഷം) നെഗറ്റിവിറ്റി പരിധിക്കുള്ളിൽ നിലനിർത്തുകയും രാഷ്ട്രനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ശൈത്യകാല സമ്മേളനം വെറുമൊരു ആചാരമല്ല. ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതൽ ശക്തമായി വളരുന്ന തരത്തിൽ ജനാധിപത്യത്തിന്റെ തീക്ഷ്ണതയും ആവേശവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
ഉപരിസഭയ്ക്കു പുതിയ ചെയർമാൻ മാർഗനിർദേശം നൽകുമെന്നതിനാലും ശൈത്യകാല സമ്മേളനം പ്രധാനണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യവാസികൾക്കിടയിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഈ സമ്മേളനത്തിലും ആ ദിശയിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെ ആസൂത്രിതമായി ചവിട്ടിമെതിക്കുകയും പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്ത വലിയ നാടകക്കാരനായ പ്രധാനമന്ത്രിയാണു പ്രതിപക്ഷത്തോടു നാടകം കളിക്കരുതെന്നു പറയുന്നതെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പറഞ്ഞതിനോടു പാർലമെന്റിൽ മറുപടി പറയുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച അനുവദിക്കാത്തതിലൂടെ ജനാധിപത്യത്തെ കൊല്ലുകയാണു സർക്കാർ ചെയ്യുന്നത്. എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ എല്ലാ എംപിമാരുടെയും ആവശ്യം അംഗീകരിക്കാതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനം മുഴുവൻ പാഴാക്കിയതു സർക്കാരാണ്.
അതേ സർക്കാർ ചർച്ച അനുവദിക്കുമോയെന്നുപോലും ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന് ഖാർഗെ, ഡെറിക് ഒബ്രിയൻ, ജോണ്‍ ബ്രിട്ടാസ്, തിരുച്ചി ശിവ തുടങ്ങിയവർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി വീണ്ടും തന്റെ നാടകീയ അവതരണമാണ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയത്.
കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെയും സംവിധാനത്തെയും തുടർച്ചയായി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ റിക്കാർഡ് എല്ലാവർക്കും അറിയാമെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ കുറിച്ചു.
വോട്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. പാർലമെന്റിൽ ഇവ ഉയർത്തിക്കാട്ടുന്നത് തുടരും. ശ്രദ്ധ തിരിക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ ചർച്ചയ്ക്കു ബിജെപി തയാറാകണമെന്ന് എഐസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ തിടുക്കത്തിൽ പാസാക്കി. വെറും 15 മിനിറ്റിനുള്ളിലാണു ചിലത് അംഗീകരിച്ചത്. ജിഎസ്ടി, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, വിവാദമായ കർഷക വിരുദ്ധ കരിനിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമാണങ്ങൾ ഇത്തരത്തിൽ പാർലമെന്റിലൂടെ ബുൾഡോസ് ചെയ്യുകയായിരുന്നുവെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
ചർച്ച നിഷേധിക്കുകയല്ല, മറിച്ച് പ്രതിപക്ഷം പറയുന്ന ചർച്ചയെക്കുറിച്ചു പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്നാണു പറയുന്നതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ചയാവശ്യപ്പെട്ടു നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെ, മണിപ്പുർ ചരക്കുസേവന നികുതി (രണ്ടാം ഭേദഗതി), സെൻട്രൽ എക്സൈസ് ഭേദഗതി, ദേശീയ ആരോഗ്യ സുരക്ഷാ സെസ് (ദ ഹെൽത്ത് സെക്യൂരിറ്റി സെ നാഷണൽ സെക്യൂരിറ്റി സെസ് ബിൽ) എന്നീ ബില്ലുകൾ ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു.
പുകയിലയ്ക്കുള്ള ജിഎസ്ടി സെസിനു പകരം എക്സൈസ് തീരുവ ഏർപ്പെടുത്താനുള്ളതാണ് എക്സൈസ് ഭേദഗതി ബിൽ. പാൻ മസാലകളിന്മേൽ നിലവിലുള്ള സെസിനു പകരമുള്ളതാണു മൂന്നാമത്തെ ബിൽ.
പ്രതിപക്ഷ ബഹളത്തിനും എൻ.കെ. പ്രേമചന്ദ്രന്റെ സാങ്കേതിക എതിർപ്പിനുമിടെ ബില്ലുകളുടെ അവതരണത്തിനു സഭ ശബ്ദവോട്ടോടെ അനുമതി നൽകി. രാജ്യസഭയിൽ ധനമന്ത്രി ഉപധനാഭ്യർഥനകൾ അവതരിപ്പിച്ചു. 2025-26 വർഷത്തെ ഗ്രാന്റുകൾക്കുള്ളതാണിത്.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽനിന്ന് കേരളത്തിനു പിൻവാങ്ങാൻ കഴിയുമോയെന്ന ലോക്സഭാ എംപിയുടെ ചോദ്യത്തിന്, എന്താണ് പിഎം ശ്രീയെന്ന് മറുചോദ്യ മുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
കേരളത്തിലെ എൽഡിഎഫ് സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എംപി ഉന്നയിച്ച ചോദ്യങ്ങളോടാണ് എവിടെയും തൊടാത്ത മറുപടികൾ കേന്ദ്രം നൽകിയത്.
പിഎം ശ്രീ പദ്ധതിക്കു കീഴിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടോ, അനുവദിച്ചിട്ടുണ്ടെങ്കിൽ ഫണ്ടിന്റെ വിശദാംശങ്ങൾ, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രത്തിൽനിന്ന് സംസ്ഥാന സർക്കാരുകൾക്ക് പിൻവാങ്ങാൻ അവകാശമുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ മാർഗരേഖകളും സമയപരിധിയുമടക്കമുള്ള വിശദാംശങ്ങൾ എന്നിവയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മറുപടിക്കായി എം.കെ. രാഘവൻ ഉന്നയിച്ച ചോദ്യങ്ങൾ.
നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിനു സഭയിൽ ഉത്തരം നൽകാൻ കേന്ദ്രം ബാധ്യസ്ഥമായിരുന്നെങ്കിലും പ്രതിഷേധം മൂലം സഭ സമ്മേളിക്കാത്തതിനാൽ രേഖാമൂലം മാത്രമാണ് കേന്ദ്രം ഉത്തരം നൽകിയത്.
എം.കെ. രാഘവന്റെ ചോദ്യങ്ങളോടുള്ള മറുപടിയായി, എന്താണ് പിഎം ശ്രീ പദ്ധതിയെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) സംരംഭങ്ങളെല്ലാം പ്രദർശിപ്പിക്കുന്ന സ്കൂളുകളാണ് പിഎം ശ്രീ സ്കൂളുകളെന്നും കേന്ദ്രം ഉത്തരം നൽകി.
എം.കെ. രാഘവന്റെ ഒരു ചോദ്യത്തോടും പ്രത്യക്ഷ മറുപടി നൽകാത്ത കേന്ദ്രം സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനു ശേഷമുള്ള പിഎം ശ്രീ സ്കൂളുകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയും വിശദീകരിക്കുന്നു.
ഒക്ടോബർ 23നാണ് കേരളം ധാരണാപത്രത്തിൽ ഒപ്പുവച്ചതെന്ന് പരാമർശിക്കുന്നുണ്ടെങ്കിലും എംപിയുടെ ചോദ്യത്തിനു മറുപടിയില്ലാതെ, പദ്ധതിയിൽ ചേർക്കേണ്ട സ്കൂളുകളുടെ വിവരങ്ങൾ പിഎം ശ്രീ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മാത്രമായി രുന്നു കേന്ദ്രത്തിന്റെ മറുപടി.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടീസ് നൽകിയത്. ബിഎൽഒമാരുടെ മരണത്തിൽ കോൺഗ്രസ് എംപി രേണുക ചൗധരിയും പ്രത്യേകം നോട്ടീസ് നൽകി.
എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയും അബ്ദുൾ വഹാബ് എംപിയും നോട്ടീസ് നൽകി. പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്.
ആണവോർജബിൽ, ഉന്നതവിദ്യാഭ്യാസ കമ്മീഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. മോദി അധികാരത്തിലേറിയതിനുശേഷം നടക്കാൻ പോകുന്ന ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് ഇത്തവണ ചേരുക.
National
ന്യൂഡൽഹി: പാർലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള സമ്മേളനമായിരിക്കും.
13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. ഡൽഹി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടും.
സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കെ വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണവും (എസ്ഐആർ) രാജ്യതലസ്ഥാനത്തെ പുകപ്പുരയാക്കി മാറ്റിയ വായുമലിനീകരണവും സുരക്ഷാ വീഴ്ചകളും ചർച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം.
ബിഹാർ തെരഞ്ഞെടുപ്പിനു ശേഷമുള്ള എസ്ഐആറിന്റെ രണ്ടാം ഘട്ടം വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കവെ വിവിധ ബൂത്ത് ലെവൽ ഓഫീസർമാരുടെ ആത്മഹത്യകളും വോട്ടർപട്ടികയിലെ വെട്ടിനിരത്തലുകളും സഭയിൽ ചർച്ചയാക്കാൻ പ്രതിപക്ഷം ആവശ്യപ്പെടും.
എസ്ഐആറിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം കഴിഞ്ഞ സമ്മേളനത്തിലും നിരസിച്ചതിനാൽ വോട്ടർപട്ടിക പരിഷ്കരണമെന്നത് പതിവുനടപടിയാണെന്നും ഭരണഘടനാപരമായി നിർബന്ധിത പ്രക്രിയയാണെന്നും അതിനാൽ പാർലമെന്റിന്റെ പരിശോധനയ്ക്കു വിധേയമല്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം ഇത്തവണയും ആവശ്യം നിരാകരിക്കാനാണു സാധ്യത. എന്നാൽ "വോട്ട് കൊള്ള’യുടെ ഭാഗമെന്നു പ്രതിപക്ഷം ആരോപിക്കുന്ന എസ്ഐആറിനെതിരേ പാർലമെന്റിനു പുറത്തെങ്കിലും ഇന്ത്യാ സഖ്യം പ്രതിഷേധിക്കും. നാളെയും തിങ്കളാഴ്ചയും നടക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗങ്ങളിലായിരിക്കും പ്രതിഷേധത്തിന്റെ രൂപങ്ങളിൽ ചർച്ചയുണ്ടാകുക.
ചെങ്കോട്ട സ്ഫോടനത്തിനുശേഷം നടക്കുന്ന ആദ്യ പാർലമെന്റ് സമ്മേളനത്തിൽ ആഭ്യന്തരമന്ത്രാലയത്തിനു സംഭവിച്ച സുരക്ഷാവീഴ്ചകളും ഭരണപക്ഷത്തെ കടന്നാക്രമിക്കാൻ പ്രതിപക്ഷം ആയുധമാക്കും. ചെങ്കോട്ട സ്ഫോടനത്തെ പ്രധാനമായും അമിത് ഷാ കൈകാര്യം ചെയ്യുന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്ചയായി വ്യാഖ്യാനിക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം മാസങ്ങൾക്കകം രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുണ്ടായ ആക്രമണത്തിൽ വ്യക്തത വരുത്താനും പ്രതിപക്ഷം കേന്ദ്രത്തോട് ആവശ്യപ്പെടും.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചുവെന്ന് 60 തവണയിലേറെയായി അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഉപയോഗിച്ചും പ്രതിപക്ഷം കേന്ദ്രത്തെ കടന്നാക്രമിച്ചേക്കാം.
ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ 50 ശതമാനം പിഴത്തീരുവയിൽ തീരുമാനമാകാത്തതും പ്രതിപക്ഷം പാർലമെന്റിൽ പ്രയോഗിക്കാൻ കൈയിൽ കരുതിയിരിക്കുന്ന കാർഡുകളാണ്. ഇതിനോടൊപ്പം കേന്ദ്രം കഴിഞ്ഞദിവസം പ്രാബല്യത്തിൽ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകളും ഗ്യാസ് ചേംബറായി മാറിയ രാജ്യതലസ്ഥാനത്തിന്റെ വിഷമയമായ അന്തരീക്ഷവും രാജ്യത്തെ തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും പാർലമെന്റിൽ ചർച്ചാവിഷയങ്ങളാകും.
അതിനിടെ, ദേശീയഗീതമായ "വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ചർച്ച നടത്താൻ കേന്ദ്രം തയാറെടുക്കുന്നുണ്ട്. ഗീതത്തിന്റെ ചില ഭാഗങ്ങൾ നീക്കിയത് ഇപ്പോൾത്തന്നെ രാഷ്ട്രീയവിവാദമായി നിലനിൽക്കെ സഭയിൽ ഗീതം വീണ്ടും ചർച്ചയാക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്.
National
മുംബൈ: ശിവസേനയുടെ എംപിമാർ പാർലമെന്റിൽ വന്ദേമാതരം ഉറക്കെ ആലപിക്കുമെന്നും തടയാൻ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും പാർട്ടി തലവൻ ഉദ്ധവ് താക്കറെ.
വന്ദേമാതരവും ജയ്ഹിന്ദും പോലെയുള്ള മുദ്രാവാക്യങ്ങൾ സഭയ്ക്ക് അകത്തും പുറത്തും മുഴക്കുന്നത് പാർലമെന്ററി മര്യാദകൾക്ക് എതിരാണെന്ന് ഈ മാസം 24ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഓർമിപ്പിച്ചിരുന്നു.
രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരം പാടണമെന്ന് മുൻപ് ബിജെപി എല്ലാവരോടും ആവശ്യപ്പെട്ടിരുന്നതും താക്കറെ വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.
മെക്കാളെയുടെ മക്കളാണോ ബിജെപിയിലുള്ളതെന്നും ഇപ്പോഴത്തെ നിർദേശം നൽകിയ വ്യക്തിയെ ബിജെപി പാക്കിസ്ഥാനിലേക്ക് അയയ്ക്കുമോയെന്നും താക്കറെ ചോദിച്ചു.
National
ന്യൂഡൽഹി: പാര്‍ലമെന്റിൽ സുരക്ഷാവീഴ്ച. മതിൽ ചാടിക്കടന്ന് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം.
യുവാവ് മരത്തിൽ കയറിയശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം.
റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്.
ഗുജറാത്തിലെ ഒരു കടയിൽ ജോലിക്കാരനാണ്. ഇയാളുടെ കൈവശം ആയുധങ്ങളോ മറ്റു സംശയാസ്പദമായ വസ്തുക്കളോ ഇല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി മാനസ്സിക പ്രശ്നമുള്ളയാളാണെന്ന് സംശയമുള്ളതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
National
ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താൽ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.
കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരണം. രാവിലെ മുതൽ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ ബിൽ അവതരിപ്പിക്കാനായില്ല. സഭ പലകുറി പിരിയുകയും ചേരുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണ് ബിൽ അവതരിപ്പിക്കാനായത്. ബിൽ കൊണ്ടുവന്നത് ചട്ടപ്രകാരമാണെന്നും ജെപിസിക്ക് വിടാമെന്നും അമിത് ഷാ അറിയിച്ചു.
ബിൽ അവതരണത്തിനിടെ നാടകീയ സംഭവങ്ങൾക്കും സഭ സാക്ഷിയായി. പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയതോടെ കൈയാങ്കളിയുമുണ്ടായി. തൃണമൂൽ അംഗങ്ങൾ ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. അമിത് ഷായ്ക്കെതിരേയും കടലാസ് വലിച്ചെറിഞ്ഞു. ബഹളത്തെ തുടർന്ന് സഭ മൂന്നുവരെ നിർത്തിവച്ചു.
രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു.
വോട്ടർപട്ടിക ക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. അതേസമയം, ബഹളത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിംഗ് ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു. ബഹളം തുടരുന്ന പ്രതിപക്ഷത്തിന് നേരെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുയര്‍ത്തി.
അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും.
തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിൽ മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേ സമയം ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു.
മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാർക്കെതിരേ വ്യാജ പരാതിപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചതിനെതിരേ കേരള എംപിമാർ ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളിലും പുറത്തും പ്രതിഷേധിച്ചു. സഭാനടപടികൾ നിർത്തിവച്ച് പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു രാജ്യസഭയിൽ ജോസ് കെ. മാണി, ഹാരീസ് ബീരാൻ തുടങ്ങിയവരും ലോക്സഭയിൽ ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്ണൻ തുടങ്ങിയവരും ഇന്നലെയും നോട്ടീസുകൾ നൽകി.
യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഇതേ പ്രശ്നത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നോട്ടീസ് നൽകുകയും സഭയിലുന്നയിക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ തുടർച്ചയായ നാലാം ദിവസവും പാർലമെന്റ് മന്ദിരത്തിനുപുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എംപിമാര്‍. എന്‍.കെ.പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന് എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്.
ഇവർക്കു പിന്നാലെ റോജി എം. ജോൺ എംഎൽഎയും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലും സ്ഥലത്തെത്തി.
ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയില്‍ സൂപ്രണ്ട് പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയിരുന്നത്. പിന്നീട് ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിച്ചു. തുടർന്ന് ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെ എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്ക് അനുമതി നല്‍കുകയായിരുന്നു.
തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. കന്യാസ്ത്രീകളെ ആക്രമിക്കാനുള്ള ആത്മധൈര്യം ഇവര്‍ക്ക് എവിടുന്ന് കിട്ടി? അവരുടെ കൈവശം രേഖകള്‍ ഉണ്ട്. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധവുമായി ഇടത് എംപിമാർ.
രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എ.എ. റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ലോക്സഭയിൽ ഉയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. സംഭവം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എംപിമാരും രാഷ്ട്രീയനേതാക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡ് പോലീസിന്റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾ കുട്ടികളുമായി യാത്രതിരിച്ചത്. കൂടാതെ പെണ്‍കുട്ടികൾ പ്രായപൂർത്തിയായവരുമാണ്. ഈ സാഹചര്യത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കന്യാസ്ത്രീകൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തിയതായാണ് വിവരം.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്ക്കും കത്തെഴുതി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.
രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി തുടങ്ങിയവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതപരമായ പ്രവർത്തനങ്ങളെ വർഗീയ കണ്ണിലൂടെ നോക്കുന്ന സമീപനമാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്ചയെയും ഇന്ത്യയുടെ മതനിരപേക്ഷ സങ്കൽപ്പത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാർ എംപി, ആനി രാജ തുടങ്ങിയവർ റായ്പുർ ആർച്ച്ബിഷപ് വിക്ടർ ഹെൻറി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.
ഒരു ആദിവാസി പെണ്‍കുട്ടി ഉൾപ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവർത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.