ന്യൂഡൽഹി: രണ്ടു പതിറ്റാണ്ട് പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരമായി വിക്സിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) ബിൽ 2025 (വി.ബിജി റാം ജി) അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ബില്ല് ലോക്സഭയിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ശക്തമായി പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചതോടെ ഇന്നലെ അവതരിപ്പിച്ചില്ല.
ബിൽപ്രകാരം 60:40 എന്ന രീതിയിൽ പദ്ധതിവിഹിതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതിക്കും. നേരത്തേ പദ്ധതിവിഹിതത്തിന്റെ നൂറു ശതമാനവും കേന്ദ്രസർക്കാരായിരുന്നു നൽകിയിരുന്നത്.
എന്നാൽ ബില്ല് പ്രാബല്യത്തിൽ വന്നാൽ പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കണം. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു കാഷ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പദ്ധതിവിഹിതം 90:10 എന്ന അനുപാതത്തിൽ വീതിക്കും. പദ്ധതിവിഹിതത്തിൽ മാറ്റം വരുത്തിയെങ്കിലും വേതനനിരക്ക് പഴയപടി തുടരും. വർഷത്തിൽ 100 തൊഴിൽദിനം എന്നത് 125 തൊഴിൽദിനമാക്കി ഉയർത്താനും ബില്ലിൽ നിർദേശിക്കുന്നു.
പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാരിനു കീഴിൽ കേന്ദ്ര ഗ്രാമീണ്‍ റോസ്ഗാർ ഗാരന്റി കൗണ്‍സിലും സംസ്ഥാനസർക്കാരുകൾക്കു കീഴിൽ സംസ്ഥാന ഗ്രാമീണ്‍ റോസ്ഗാർ ഗാരന്റി കൗണ്‍സിലുകളും രൂപീകരിക്കുന്നതിന് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന തലത്തിലെ സംയോജനത്തിനായി ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും പുതിയ നിയമത്തിനുള്ളിൽ രൂപീകരിക്കും. നേരത്തേ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു പദ്ധതി നിയന്ത്രിച്ചിരുന്നത്.
ജലസുരക്ഷ ഉറപ്പുവരുത്തുന്ന ജോലികൾ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന നടപടികൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന ജോലികൾ, തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ എന്നീ നാല് മുൻഗണനകളുടെ അടിസ്ഥാനത്തിലാണ് തൊഴിലുകൾ തരംതിരിച്ചിരിക്കുന്നത്. ഇവയ്ക്കു കീഴിൽ വരുന്ന തൊഴിലുകൾക്കായിരിക്കും പുതിയ ബില്ലനുസരിച്ച് അംഗീകാരം ലഭിക്കുക. തൊഴിലവസരങ്ങളും സുസ്ഥിരമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പു വരുത്തുകയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
60 ദിവസത്തെ ജോലിരഹിത സമയം പുതിയ ബില്ലിൽ നിർബന്ധമാണ്. കാർഷിക വിളവെടുപ്പിന്റെ സമയത്തു തൊഴിൽ ക്ഷാമം ലഘൂകരിക്കുന്നതിനാണിത്. വർഷത്തിൽ ബാക്കിയുള്ള ദിവസങ്ങളിൽ 125 ദിവസത്തെ തൊഴിൽ ഗാരന്റി ബില്ല് ഉറപ്പുനൽകുന്നു.
അതേസമയം സംസ്ഥാനസർക്കാരുകൾക്കുമേൽ കൂടുതൽ ബാധ്യത സൃഷ്ടിക്കുകയാണ് പുതിയ ബില്ലുകൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളത്തിനു മാത്രം 2500 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയുടെ പേര് കേൾക്കുന്നത് ബിജെപിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നതിനു തെളിവാണ് പേരുമാറ്റമെന്ന് കെ.സി. വേണുഗോപാൽ എംപി കുറ്റപ്പെടുത്തി.
Tags : remove Father of the Nation parliament Rural Employment Guarantee Scheme Mahatma Gandhi Vikasit Bharat Rozgar and Ajeevika Mission