ന്യൂഡൽഹി: വന്ദേമാതരത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത് എന്തുകൊണ്ടാണെന്നു മനസിലാകാത്തവർ ആത്മപരിശോധന നടത്തണമെന്നും, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുമായി അതിനു ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വന്ദേമാതരം ചൊല്ലി കോണ്ഗ്രസുകാർ ജയിലിലേക്കു പോയപ്പോൾ ബ്രിട്ടീഷുകാർക്കുവേണ്ടി വിടുപണി ചെയ്ത ബിജെപിയുടെ മുൻഗാമികൾ ദേശഭക്തി പഠിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഓർമിപ്പിച്ചു.
ഷായും ഖാർഗെയും ആരോപണ-പ്രത്യാരോപണങ്ങളുമായി കൊന്പുകോർത്തതോടെ രാജ്യസഭയിൽ വന്ദേമാതരം ചർച്ചയ്ക്കു ചൂടേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ തിങ്കളാഴ്ച തുടങ്ങിയ ചർച്ചയ്ക്കു കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര നടത്തിയ തിരിച്ചടികളുടെ തുടർച്ചകൂടിയായി രാജ്യസഭയിലെ ഇന്നലത്തെ ചർച്ച. ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു വന്ദേമാതരം ചർച്ച നടത്തിയതെന്ന പ്രിയങ്കയുടെ ആരോപണത്തിനു മറുപടി പറയാൻ ഷാ മറന്നില്ല.
വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കാൻ ചർച്ച നടത്തുന്നതിനെ ചിലർ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ബംഗാൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു വന്ദേമാതരം ചർച്ച ചെയ്യുന്നതെന്ന് ചിലർ കരുതുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വന്ദേമാതരത്തിന്റെ മഹത്വം കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. വന്ദേമാതരത്തിന്റെ സ്രഷ്ടാവായ ബങ്കിം ചന്ദ്ര ബംഗാളിൽ ജനിച്ചുവെന്നതു ശരിയാണ്. പക്ഷേ വന്ദേമാതരം ബംഗാളിലോ ഇന്ത്യയിലോ മാത്രമായി ഒതുങ്ങിനിന്നില്ല. ദേശീയഗീതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമാണ്.
സ്വാതന്ത്ര്യസമര സേനാനികൾ ഒളിത്താവളങ്ങളിൽ ഒത്തുകൂടിയപ്പോൾ അവർ വന്ദേമാതരം പറഞ്ഞു. ലോകത്തിലെവിടെയും ഇന്നും അതു തുടരുന്നു. അതിർത്തികളിലെ സൈനികരും സുരക്ഷാചുമതലയുള്ളവരും ജീവൻ ബലിയർപ്പിക്കുന്പോൾ അവരുടെ ചുണ്ടിലെ വാക്കുകൾ വന്ദേമാതരം തന്നെയാണ്. 150 വർഷത്തിലേറെയായി ഈ ഗാനം നമ്മുടെ ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്- ഷാ പറഞ്ഞു.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വന്ദേമാതരം വിഭജിച്ച് 50-ാം വാർഷികത്തിൽ രണ്ടു ഖണ്ഡികകളിൽ ഒതുക്കിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രീണനം അവിടെയാണ് ആരംഭിച്ചത്. ആ പ്രീണനം വിഭജനത്തിലേക്കു നയിച്ചു. പ്രീണനനയം കാരണം വന്ദേമാതരം വിഭജിക്കപ്പെട്ടില്ലെങ്കിൽ വിഭജനം സംഭവിക്കില്ലായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു- മോദിക്കു പിന്നാലെയും ഷായും ആരോപണം ആവർത്തിച്ചു.
രൂപയുടെ വിലയിടിവ്, സുരക്ഷാവീഴ്ചകൾ, വിമാനസർവീസുകളിലെ തകർച്ച, രൂക്ഷമായ വായുമലിനീകരണം തുടങ്ങി ജനകീയ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് വന്ദേമാതരം ചർച്ചയെന്ന് ഖാർഗെ ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം.
ഒരു വിഷയത്തിലും ചർച്ചകളെ സർക്കാർ ഭയപ്പെടുന്നില്ലെന്ന് ഷാ പറഞ്ഞു. ഏതു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്ന് രാജ്യസഭയുടെ നേതാവുകൂടിയായ മന്ത്രി ജെ.പി. നഡ്ഡ പിന്നീട് പറഞ്ഞു. വന്ദേമാതരം ചർച്ചയുടെ വിഷയത്തിൽനിന്നു മാറി ഖാർഗെ നടത്തിയ പരാമർശങ്ങൾ നീക്കംചെയ്യണമെന്ന് നഡ്ഡ ആവശ്യപ്പെട്ടു.
Tags : Amit shah Vande Mataram Parliament BJP congress