ന്യൂഡൽഹി: ഇൻഷ്വറൻസ് മേഖലയിൽ നിലവിലുള്ള 74 ശതമാനത്തിൽനിന്നും 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന ഇൻഷ്വറൻസ് ഭേദഗതി ബില്ല് "സബ്കാ ബീമാ സബ്കി രക്ഷ’ലോക്സഭ പാസാക്കി. ധനമന്ത്രി നിർമല സീതാരാമനാണു ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ചർച്ചകൾക്കൊടുവിൽ രാത്രി വൈകിയാണു ബിൽ ശബ്ദവോട്ടോടെ പാസാക്കിയത്. പോളിസി ഉടമകളുടെ സംരക്ഷണം ശക്തിപ്പെടുത്തുക, ഇൻഷ്വറൻസ് വ്യാപനം വർധിപ്പിക്കുക, രാജ്യത്തെ ഇൻഷ്വറൻസ് മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണു കേന്ദ്രസർക്കാർ ബില്ല് അവതരിപ്പിക്കുന്നതെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.
1938 ലെ ഇൻഷ്വറൻസ് നിയമം, 1956 ലെ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ നിയമം, 1999 ലെ ഇൻഷ്വറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി നിയമം എന്നിവയിൽ പുതിയ ബില്ല് ഭേദഗതി വരുത്തുന്നുണ്ട്.
ഇൻഷ്വറൻസ് ഭേദഗതി ബിൽ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ താത്പര്യം പരിരക്ഷിക്കുന്നതല്ലെന്നും ഇൻഷ്വറൻസ് കന്പനികളുടെ കച്ചവടതാത്പര്യം കണക്കിലെടുത്തുള്ളതാണെന്നും ബില്ലിനെ എതിർത്തുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ പറഞ്ഞു.
നിയമത്തിന്റെ തലക്കെട്ട് നിയമത്തിലെ വ്യവസ്ഥകളും ഉദ്ദേശ ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നു വ്യക്തമായ നടപടിക്രമം ഉള്ളപ്പോൾ അതിനു വിരുദ്ധമായി യാതൊരു ബന്ധവുമില്ലാത്ത തലക്കെട്ടാണു നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇൻഷ്വറൻസ് ഏജന്റുമാരുടെ കമ്മീഷൻ നിശ്ചയിക്കുന്നതിനുള്ള അവകാശം ഇൻഷ്വറൻസ് കന്പനികൾക്കു നൽകുന്നത് നീതികരിക്കാവുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഷ്വറൻസ് മേഖലയിൽ നൂറു ശതമാനം വിദേശ നിക്ഷേപത്തെ ടിഎംസിയും എതിർത്തു.
Tags : Insurance Amendment Bill Parliament Lokha sabha Nirmala seetharaman