ന്യൂഡൽഹി: ജനവിധി മാനിക്കേണ്ടതുണ്ടെന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന കൂറുമാറ്റ നിരോധന നിയമം പരിഷ്കരിക്കണമെന്നും ജോണ് ബ്രിട്ടാസ് അടക്കമുള്ള പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു.
വോട്ടർപട്ടിക അടക്കം തെരഞ്ഞെടുപ്പുകൾ നീതിപൂർവവും സുതാര്യവുമാക്കേണ്ടതുണ്ടെന്ന് സിപിഐയിലെ പി.പി. സുനീർ പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാത്തത് അക്ഷരാർഥത്തിൽ വോട്ടറെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും യഥാർഥ വോട്ടുകൊള്ളയാണിതെന്നും, രാജ്യസഭയിലെ തെരഞ്ഞെടുപ്പു പരിഷ്കരണ ചർച്ചയിൽ പങ്കെടുത്ത് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിലടക്കം കൃത്രിമങ്ങൾ തടയുന്നതിനും പണത്തിന്റെ സ്വാധീനം നിയന്ത്രിക്കുന്നതിനും ഫലപ്രദമായ പുതുതലമുറ പരിഷ്കാരങ്ങൾ വേണമെന്ന് ആർജെഡിയിലെ സഞ്ജയ് യാദവ് ആവശ്യപ്പെട്ടു.
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമത്തിനു സാധ്യതയുണ്ടെന്നതിനാൽ കടലാസ് ബാലറ്റിലേക്ക് വോട്ടിംഗ് തിരിച്ചു കൊണ്ടുവരണമെന്ന് സമാജ്വാദി പാർട്ടി നേതാവ് പ്രഫ. രാംഗോപാൽ യാദവ് പറഞ്ഞു. എന്നാൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് തുടരണമെന്നാണു തന്റെ പാർട്ടിയുടെ നിലപാടെന്ന് ജെഡി-യുവിലെ സഞ്ജയ് ഝാ വ്യക്തമാക്കി.
മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷമാണു രാജ്യസഭയിൽ ഇന്നലെ എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച പുനരാരംഭിച്ചത്. രാത്രി വൈകിയാണ് ചർച്ച അവസാനിച്ചത്. ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണു ചർച്ചയ്ക്കു മറുപടി പറഞ്ഞത്.
കുതിരക്കച്ചവടവും കൂട്ട കൂറുമാറ്റങ്ങളും നടക്കുന്പോഴും റിസോർട്ടുകൾ പുണ്യസ്ഥലമായി മാറുന്പോഴും തെരഞ്ഞെടുപ്പുകളുടെ പരിശുദ്ധി ചോദ്യം ചെയ്യപ്പെടുകയാണെന്ന് സിപിഎം നേതാവ് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ചില്ലറ കൂറുമാറ്റം തടയുന്നതിനാണ് കൂറുമാറ്റ നിരോധന നിയമം നേരത്തേ കൊണ്ടുവന്നത്. എന്നാലിപ്പോൾ മൊത്തമായി വരെ കൂറുമാറ്റം നടക്കുന്നു. കൂറുമാറ്റ നിരോധന നിയമം ദുർബലമാണ്. കൂറുമാറ്റം നിരന്തരമായി പരിശോധിക്കുന്നതിനും തടയുന്നതിനുള്ള മാർഗം കണ്ടെത്തുന്നതിനുമായി പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്ന് ബ്രിട്ടാസ് നിർദേശിച്ചു.
രണ്ടു പ്രധാന ഭരണഘടനാഭേദഗതികൾ ഉണ്ടായിട്ടും ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൂറുമാറ്റമാണെന്ന് ബിആർഎസിലെ കെ.ആർ. സുരേഷ് റെഡ്ഢി പറഞ്ഞു. ജനവിധി മാനിക്കപ്പെടണമെങ്കിൽ എംപിമാരുടെയും എംഎൽഎമാരുടെയും കൂറുമാറ്റം പൂർണമായി തടയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു നടത്തിപ്പിൽ നീതിയും വ്യക്തതയും സുതാര്യതയും ഉണ്ടായിരിക്കണമെന്ന് വൈഎസ്ആർ കോണ്ഗ്രസിലെ വൈ.വി. സുബ്ബ റെഡ്ഢി ആവശ്യപ്പെട്ടു. ശുദ്ധവും കൃത്യവുമായ വോട്ടർപട്ടിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് അണ്ണാ ഡിഎംകെയുടെ ഡോ. എം. തന്പിദുരൈ പറഞ്ഞു. എസ്ഐആർ അനിവാര്യമായ പ്രക്രിയയാണെന്ന് ശിവസേനയിലെ മുരളി മിലിന്ദ് ദിയോറ പറഞ്ഞു. ജെഡി-എസ് നേതാവ് ദേവഗൗഡ, ബിജെഡിയിലെ ഡോ. സംസിത് പാത്ര തുടങ്ങി നിരവധി പേരും ചർച്ചകളിൽ പങ്കെടുത്തു.
Tags : Brittas Anti-defection law John britas Parliament