ന്യൂഡൽഹി: രാജ്യത്തു നിരോധിച്ച ഇ-സിഗരറ്റ് പാർലമെന്റിന്റെ പ്രധാന കവാടത്തിനു സമീപത്ത് നിന്നുകൊണ്ട് വലിച്ചുവെന്നാരോപിച്ച് തൃണമൂൽ എംപി സൗഗത റോയിക്കെതിരേ ലോക്സഭാ സ്പീക്കർക്കു പരാതി.
ബിജെപി എംപി അനുരാഗ് ഠാക്കൂറാണു എംപിക്കെതിരേ അന്വേഷണവും അച്ചടക്കനടപടിയും മാതൃകാപരമായ ശിക്ഷയും വേണമെന്നാവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകിയത്.
പുകയില, നിക്കോട്ടിൻ ഉത്പന്നങ്ങൾക്കെതിരേ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്പോൾ അത്തരം പെരുമാറ്റം സഭയുടെ അന്തസിനെ ദുർബലപ്പെടുത്തുകയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പരാതിയിൽ പറയുന്നു.
എംപിയുടെ പേര് പരാമർശിക്കാതെ അനുരാഗ് ഠാക്കൂർ വ്യാഴാഴ്ച വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള നിരോധിത പ്രവർത്തനങ്ങൾക്ക് ഒരു എംപിക്കും ഇളവോ ആനുകൂല്യമോ നൽകുന്നില്ലെന്നും രേഖാമൂലം പരാതി നൽകാനും സ്പീക്കർ നിർദേശിച്ചു.
ഇതേത്തുടർന്നാണ് രേഖാമൂലമുള്ള പരാതി ഇന്നലെ കൈമാറിയത്. എന്നാൽ തുറസായ സ്ഥലത്താണു താൻ പുകവലിച്ചതെന്നും പാർലമെന്റ് മന്ദിരത്തിനുള്ളിലല്ലെന്നും സൗഗത റോയ് പറഞ്ഞു.
Tags : Lok Sabha Parliament e-cigarette smoking Trinamool MP Saugata Roy anurag thakur