ന്യൂഡൽഹി: ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം സാധ്യമാക്കുന്നതിന് വഴിയൊരുക്കുന്ന സുപ്രധാന ബില്ല് കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു.
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗാണ് സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ ((ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിന് ആണവോർജത്തിന്റെ പുരോഗതിയും സുസ്ഥിര ഉപയോഗവും ) എന്ന ബില്ല് അവതരിപ്പിച്ചത്. ആണവമേഖലയിൽ നാഴികക്കല്ലാകുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.
1962ലെ ആണവോർജ നിയമവും 2010ലെ ആണവ നാശനഷ്ടത്തിന്റെ പൗരത്വ ബാധ്യതാനിയമവും പുനഃസ്ഥാപിക്കുന്നതാണ് രാജ്യത്തെ ആണവോർജ നയത്തിൽ സുപ്രധാന വഴിത്തിരിവ് സാധ്യമാക്കുന്ന ബിൽ. പൊതുജനക്ഷേമത്തിനും വികസനത്തിനുമായി ആണവശാസ്ത്രത്തെ പ്രയോജനപ്പെടുത്താനും സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ആണവോർജ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു.
രാജ്യത്തിന്റെ ആണവോർജം സ്വകാര്യമേഖലയ്ക്ക് തുറന്നുനൽകരുതെന്ന നയമാണ് ഇതുവരെ കേന്ദ്രസർക്കാരുകൾ സ്വീകരിച്ചുവന്നിരുന്നതെങ്കിലും ആണവോർജ മേഖലയിൽ വിദേശ കന്പനികളുടെയടക്കം കടന്നുവരവിന് വഴിയൊരുക്കുന്നതാണ് ബില്ല്.
ആണവോർജ ഉത്പാദനത്തിലടക്കം ദീർഘകാലമായി നിലനിന്നിരുന്ന സർക്കാർ കുത്തക അവസാനിപ്പിക്കുന്ന ബിൽ 2047ഓടെ 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനും ലക്ഷ്യമിടുന്നു.
ബില്ല് നിയമമായാൽ ആണവ ഇന്ധന സൈക്കിൾ പ്രവർത്തനങ്ങൾ, ആണവോർജത്തിനുള്ള ഉപകരണ ഉത്പാദനം, ആണവോർജ ഉത്പാദനം, ആണവോർജ പ്ലാന്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സ്വകാര്യ കന്പനികൾക്ക് ഏർപ്പെടാം. ചില ആണവോർജ പ്രവർത്തനങ്ങളിൽ 49 ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) സാധ്യമാക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
വികസിത ഭാരതത്തിനുവേണ്ടി ആണവോർജ മിഷന്റെ രൂപീകരണം കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതാണ്.
2047ഓടെ നൂറ് ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങൾ ദേദഗതി ചെയ്യേണ്ടതും ആണവമേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യവും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, ആണവോർജത്തിന്റെ ലൈസൻസിംഗിലും സുരക്ഷയിലുമെല്ലാം നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്ന ബില്ല് ആണവമേഖലയിലെ സുരക്ഷയെയും അപകടങ്ങളെയുംകുറിച്ചുള്ള സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നു.
ബില്ലിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം നൽകുന്ന "ആശ്രയത്തിനുള്ള അവകാശത്തിന്' സർക്കാർ വ്യവസ്ഥ വച്ചിട്ടില്ല. അസാധാരണ സ്വഭാവമുള്ള ഗുരുതരമായ പ്രകൃതിദുരന്തം, സായുധ സംഘട്ടനം, ശത്രുത, ആഭ്യന്തരയുദ്ധം, ഭീകരവാദം എന്നീ കാരണങ്ങൾ ഒഴികെയുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഓപ്പറേറ്ററായിരിക്കും ഉത്തരവാദിയെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
Tags : Parliament Private participation nuclear sector Bill introduced Union Minister Jitendra Singh