ന്യൂഡൽഹി: വന്ദേമാതരം, തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചകളുടെ ആവേശം മൂന്നാംദിവസവും വിടാതെ രാജ്യസഭയിൽ ബിജെപി, കോണ്ഗ്രസ് ദേശീയ അധ്യക്ഷന്മാരായ ജെ.പി. നഡ്ഡയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ വാഗ്വാദം. ലോക്സഭയിൽ ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ മറ്റൊരു മുഖമായിരുന്നു ഇന്നലെ രാജ്യസഭയിൽ കണ്ടത്.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെച്ചൊല്ലിയായിരുന്നു രാജ്യസഭാനേതാവും കേന്ദ്രമന്ത്രിയുമായ നഡ്ഡയും പ്രതിപക്ഷനേതാവായ ഖാർഗെയും തമ്മിൽ ഉശിരൻ വാക്പോര് നടന്നത്. ഭരണഘടനാ നിർമാണവേളയിൽ ദേശീയഗാനമായി വന്ദേമാതരം ഒഴിവാക്കിയത് നെഹ്റുവാണെന്ന് നഡ്ഡ ആരോപിച്ചു.
തെറ്റും വികലവുമായ വീക്ഷണമാണ് നഡ്ഡ അവതരിപ്പിക്കുന്നതെന്നും വന്ദേമാതരത്തിൽനിന്ന് പണ്ഡിറ്റ് നെഹ്റുവിലേക്കു ചർച്ച മാറ്റിയോയെന്നു വ്യക്തമാക്കണമെന്നും ഖാർഗെ എഴുന്നേറ്റ് ചോദിച്ചു. ഇവിടെ പറയുന്നതൊന്നും സത്യമല്ല. വളച്ചൊടിച്ചതാണ്. വന്ദേമാതരം ചർച്ചയുടെ മറവിൽ നെഹ്റുവിനെ ആക്ഷേപിക്കാൻ ചരിത്രം വളച്ചൊടിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുന്പുതന്നെ ജനഗണമനയെ താത്കാലിക ദേശീയഗാനമായി കേന്ദ്രമന്ത്രിസഭ തെരഞ്ഞെടുത്തിരുന്നുവെന്ന് 1948ൽ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് എഴുതിയ കത്തിൽ നെഹ്റു വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞു. ഭരണഘടനാ അസംബ്ലിക്കു പുറത്ത് ദേശീയഗാനത്തെക്കുറിച്ച് ആദ്യ പ്രധാനമന്ത്രി സ്വയം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് ഇതു കാണിക്കുന്നുവെന്ന് നഡ്ഡ കുറ്റപ്പെടുത്തി.
എന്നാൽ, വന്ദേമാതരം ദേശീയ ഗീതമാക്കിക്കൊണ്ട് ജിന്നയ്ക്ക് നെഹ്റു ഉചിതമായ മറുപടി നൽകിയെന്ന് കോണ്ഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ ചൂണ്ടിക്കാട്ടി. ബിജെപി പ്രസിഡന്റ് പറഞ്ഞതിനു ചരിത്രസാക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംസ്കാരത്തോടും പാരന്പര്യങ്ങളോടും ധാർമികതയോടും കോണ്ഗ്രസ് എപ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞതോടെ ഖാർഗെയും കോണ്ഗ്രസ് എംപിമാരും തടസവുമായി എഴുന്നേറ്റു. സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ ഇടപെട്ടാണ് ഇരുനേതാക്കളും തമ്മിലുള്ള തർക്കം അവസാനിപ്പിച്ചത്. ദുർഗ, സരസ്വതി, ഭാരത്മാത, ശക്തി എന്നിവ ഈ രാജ്യത്തെ എല്ലാ ആളുകൾക്കും വേണ്ടിയുള്ളതാണെന്നും എല്ലാവർക്കും അവയിൽ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടു ചിന്താധാരകൾ ഏറ്റുമുട്ടി
കഴിഞ്ഞ ഒന്നിന് ആരംഭിച്ച പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലെ ആദ്യ രണ്ടു ദിവസത്തെ സ്തംഭനത്തിനു ശേഷം ഏഴു ദിവസം സജീവ ചർച്ചകളും നിയമനിർമാണങ്ങളും നടന്നു. 19ന് സമ്മേളനം സമാപിക്കും. വന്ദേമാതരം, എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ എന്നിവയിൽ നടന്ന ചർച്ചകൾ സന്പന്നവും രണ്ടു ചിന്താധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുമായി മാറി.
ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു പരസ്പരം നേതാക്കൾ കൊന്പുകോർത്തത്. ചർച്ചയിലുടനീളം പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെ ആക്രമിക്കാൻ ബിജെപി ശ്രമിച്ചപ്പോൾ, നെഹ്റുവിനെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് കോണ്ഗ്രസ് പറഞ്ഞത്.
മോദി പുസ്തകങ്ങൾ വായിക്കണമെന്ന് ജയ്റാം രമേശ്
ദേശീയ ഗാനമായ ജനഗണമനയുടെയും ദേശീയ ഗീതമായ വന്ദേമാതരത്തിന്റെയും യഥാർഥ ആത്മാവിനെക്കുറിച്ച് എഴുതിയ പ്രശസ്തമായ രണ്ടു പുസ്തകങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സംഘവും വായിച്ചിട്ടില്ലെന്ന് കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ്. മികച്ച ചരിത്രകാരന്മാരായ രുദ്രാംഗ്ഷു മുഖർജിയുടെ ’സോംഗ് ഓഫ് ഇന്ത്യ: എ സ്റ്റഡി ഓഫ് നാഷണൽ ആന്തം’, സബ്യസാചി ഭട്ടാചാര്യയുടെ ’വന്ദേമാതരം: ദി ബയോഗ്രഫി ഓഫ് എ സോംഗ്’ എന്നീ പുസ്തകങ്ങൾ മോദി വായിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നുവെന്ന് രാജ്യസഭയിലെ വന്ദേമാതരം ചർച്ചയിൽ പങ്കെടുത്ത് ജയ്റാം പരിഹസിച്ചു. ബിജെപി നേതാക്കളുടെ നുണകൾ പൊതുജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ജയ്റാം പറഞ്ഞു.
രണ്ടു മണിക്കൂർ മുന്പേ പാർലമെന്റ് പിരിഞ്ഞു
ഔദ്യോഗികമായി പ്രത്യേക കാരണങ്ങളില്ലാതെ ലോക്സഭയും രാജ്യസഭയും ഇന്നലെ രണ്ടു മണിക്കൂർ നേരത്തേ പിരിഞ്ഞതിൽ വിവാദം. രാജ്യസഭയിൽ അണ്ണാഡിഎംകെ നേതാവ് തന്പി ദുരൈയുടെ പ്രസംഗം പകുതിക്കു വച്ച് നിർത്തി ബാക്കി ഭാഗം തിങ്കളാഴ്ച പ്രസംഗിക്കാമെന്നു പറഞ്ഞാണ് വൈകുന്നേരം നാലിന് സഭ അവസാനിപ്പിച്ചത്.
ലോക്സഭയിൽ ബിജെപി എംപി നിഷികാന്ത് ദുബെ ഇടപെട്ടാണു വൈകുന്നേരം 4.05ന് സഭ പിരിയുന്നതായി പ്രഖ്യാപിപ്പിച്ചത്.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ച് ലോക്സഭയിൽ നടത്തിയ പ്രസംഗത്തിനിടയിൽ കേന്ദ്രമന്ത്രി അമിത് ഷാ മാനസിക സമ്മർദത്തിലായിരുന്നുവെന്നും പ്രസംഗത്തിലുടനീളം ഇതു പ്രകടമായിരുന്നുവെന്നും ആവർത്തിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രസംഗത്തിനിടയിൽ അദ്ദേഹം അസഭ്യം പറഞ്ഞു.
ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാനോ തെളിവുകൾ നൽകാനോ സാധിച്ചില്ല. തന്റെ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയം ചർച്ച ചെയ്യാൻ പരസ്യമായി അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാൽ അവർ തയാറാകുന്നില്ല-സഭാസമ്മേളനത്തിൽ പങ്കെടുക്കാൻ പാർലമെന്റിൽ എത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കവേ രാഹുൽ പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടയിൽ വാക്കൗട്ട് നടത്തിയശേഷവും രാഹുൽ സമാന പ്രസ്താവന നടത്തിയിരുന്നു.
Tags : Kharge-Nadda clash Vande Mataram election debates Parliament SIR jairam ramesh