Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടികാ പരിഷ്കരണ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചവരുടെ എണ്ണം ഇത്തവണ വൻതോതിൽ ഉയർന്നു.
ഇതിനായി ഫോം ഏഴിൽ അപേക്ഷിച്ചവരുടെ എണ്ണം 26 ലക്ഷത്തോളം വരും. ഒന്നിലേറെ സ്ഥലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ, മരണമടഞ്ഞവർ തുടങ്ങിയവർ പട്ടികയിലുണ്ട്.
ഫോം ഏഴിൽ അപേക്ഷിച്ചവരുടെ എണ്ണത്തിലെ വർധനയെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് എംഎൽഎ ആവശ്യപ്പെട്ടു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുന്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി സിപിഎം പ്രതിനിധി എം.വി. ജയരാജൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്ഐആറിനു ശേഷം അന്തിമവോട്ടർപട്ടിക പുറത്തുവരുന്പോൾ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ നാലിരട്ടി വർധന.
ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 64,394 വോട്ടർമാരാണുണ്ടായിരുന്നതെങ്കിൽ, എസ്ഐആറിനു ശേഷം ഇന്നു പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഇവരുടെ എണ്ണം 2,23,558 ആയി.
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്കർ എല്ലാ ആഴ്ചയും വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പ്രധാന പരാതികളിലൊന്ന് പ്രവാസികൾക്കു വോട്ടു ചേർക്കാൻ കഴിയുന്നില്ലെന്നായിരുന്നു. വിദേശത്ത് ജനിച്ച പ്രവാസികളുടെ മക്കൾക്കു ജനനസ്ഥലം രേഖപ്പെടുത്തുന്നതിലെ സാങ്കേതികതടസമായിരുന്നു പ്രതിസന്ധി.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ഇക്കാര്യം നേതാക്കൾ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. ദീപിക ഇക്കാര്യം പലപ്പോഴായി റിപ്പോർട്ട് ചെയ്തിരുന്നു. വൈകിയെങ്കിലും ഇതു പരിഹരിച്ചതോടെയാണ് ഇത്രപേർക്ക് വോട്ടു ചേർക്കാനായത്.
Kerala
തിരുവനന്തപുരം: വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. എന്നാൽ മുസ്ലിംങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിന്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) ത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ മൗലികാവകാശത്തിനു ഭീഷണിയാണെന്നും വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നതാണെന്നും ബേബി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പ് തിരക്കിട്ടു നടത്തുന്ന എസ്ഐആർ നടപടി തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യംചെയ്യുന്നു. ഇതോടൊപ്പം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന സമ്മർദവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) 35-ാം സംസ്ഥാന സമ്മേളനത്തിനു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തുടക്കമായി. ഇന്നലെ രാവിലെ നടന്ന സമ്മേളനം സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ ഡോ. പരകാല പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് അനാവശ്യമായി അടിച്ചേല്‍പ്പിക്കുന്ന എസ്ഐആര്‍ രക്തരഹിത രാഷ്ട്രീയ വംശഹത്യയാണെന്ന് അദ്ദേഹം പറഞ്ഞു. എസ്ഐആര്‍ കേവലമായ വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണമല്ല; മറിച്ച്, പൗരത്വ രജിസ്റ്ററിലേക്കുള്ള രഹസ്യനീക്കമാണ്. ഇവിടെ പൗരന് കൊല്ലപ്പെടുന്നില്ല എന്നാല്‍ പൗരത്വം വധിക്കപ്പെടുന്നു. രാജ്യത്തെ 16.5 കോടി ജനങ്ങള്‍ പരിശോധനയുടെ ഭാഗമായി വോട്ടര്‍പട്ടികയില്‍നിന്നു പുറന്തള്ളപ്പെടുന്നുവെന്നും പരകാല പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ടി.ആര്. രഘുനാഥന്, എസ്ടിഎഫ്ഐ ജനറല്‍ സെക്രട്ടറി രവി ചാവ, എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എം.വി. ശശിധരന്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ജനറല്‍ സെക്രട്ടറി ജി.ആര്. പ്രമോദ്, ജനറല്‍ സെക്രട്ടറി ടി.കെ.എ ഷാഫി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു. വൈകുന്നേരം സാമ്പത്തിക രംഗത്തെക്കുറിച്ചു മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഭാഷണം നടത്തി.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10നു സാംസ്കാരിക സമ്മേളനവും അധ്യാപക ലോകം അവാര്‍ഡ് ദാനവും നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ട്രേഡ് യൂണിയന് സൗഹൃദ സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ സമാപന ദിനമായ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അധ്യാപക പ്രകടനം നടക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിംഗിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിംഗ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിംഗ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഹിയറിംഗിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽനിന്ന് പുറത്തായത്. ഇതിൽ 33,450 പേര് താമസം മാറിയവരും 1,630 പേര് വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര് എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. ഈ മാസം 21നാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
District News
ആലപ്പുഴ: എസ്ഐആർ സംബന്ധിച്ച എല്ലാ നടപടികളും വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന നേട്ടം സ്വന്തമാക്കി ആലപ്പുഴ.
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ 16,16,561 വോട്ടർമാർ ഉൾപ്പെട്ടിരുന്നു. 2002 ലെ എസ്ഐആർ പട്ടികയുമായി 14,71,150 വോട്ടർമാരെ ബന്ധപ്പെടുത്തുവാൻ കഴിഞ്ഞു.
2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ കഴിയാതിരുന്ന 1,45,411 വോട്ടർമാരുടെയും, വോട്ടർ പട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 1,10,683 വോട്ടർമാരുടേയും ഹിയറിംഗ് നടത്തി രേഖകൾ പരിശോധിച്ച് അപ് ലോഡ് ചെയ്താണ് ജില്ലയിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
പരിശോധന പൂർത്തിയാക്കിയപ്പോൾ അന്തിമ വോട്ടർ പട്ടികയിലേക്ക് 16,12,110 പേർ യോഗ്യത നേടി. മരണപ്പെട്ടതും താമസം മാറിയതും മറ്റും മൂലം 4438 വോട്ടർമാർ അയോഗ്യരാക്കപ്പെട്ടു. നിലവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്ന പുതിയ വോട്ടർമാരെയും ഉൾപ്പെടുത്തി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ബിഎൽഒമാർ, ബിഎൽഒ സൂപ്പർവൈസർമാരായ വില്ലേജ് ഓഫീസർമാർ, അഡീ. എഇആർഒമാരായ ഡെപ്യൂട്ടി തഹസിൽദാർമാർ, എഇആർഒമാരായ തഹസിൽദാർമാർ, ഇആർഒമാരായ ഡെപ്യൂട്ടി കളക്ടർമാർ എന്നിവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയും ദിവസേന പുരോഗതി വിലയിരുത്തിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി എല്ലാ ആഴ്ചയും ജില്ലാ തലത്തിലും നിയോജക മണ്ഡല തലത്തിലും യോഗങ്ങൾ സംഘടിപ്പിച്ചുമാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.
എസ്ഐആർ നടപടികൾക്കായി കൂടുതൽ പ്രയത്നിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർ അലക്സ് വർഗീസ് അഭിനന്ദിച്ചു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി (എസ്ഐആർ) നടക്കുന്ന ഹിയറിംഗിൽ 25,000 പേർ വോട്ടർ പട്ടികയ്ക്കു പുറത്തായി.
കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ, സ്ഥലംമാറിപ്പോയവർ, മരണമടഞ്ഞവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ അടക്കമുള്ളവരാണ് ഹിയിറിംഗിൽ വോട്ടർപട്ടികയിൽ നിന്നു പുറത്തായത്.
ഹിയിറിംഗിന് നോട്ടീസ് ലഭിച്ച ശേഷം വോട്ടർ പട്ടികയിൽനിന്നു പുറത്തായവരിൽ ഭൂരിഭാഗവും സ്ഥലംമാറിപ്പോയവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പറയുന്നത്.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഹിയറിംഗ് നടപടികൾ പൂർത്തിയാകുന്നു.
നാലു നിയോജക മണ്ഡലങ്ങളിൽ ഹിയറിംഗ് നടപടി പൂർത്തിയായി. ഹിയറിംഗ് നടപടി പൂർത്തിയായ സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി കുട്ടനാട് മാറി. ഇവിടെ 14,233 പേർക്ക് നോട്ടീസ് നൽകി ഹിയറിംഗ് നടത്തിയാണ് മണ്ഡലം 100 ശതമാനം നേട്ടത്തിലേക്ക് എത്തിയത്.
പിന്നാലെ നോട്ടീസ് നൽകിയ 23,427 പേരുടെ ഹിയറിംഗ് പൂർത്തിയാക്കി അരുവിക്കരയും വൈക്കവും (19,518), കുന്നത്തുനാടും (20,688) ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കിയ മണ്ഡലങ്ങളായി. മറ്റു മണ്ഡലങ്ങളിലും ഹിയറിംഗ് പ്രക്രിയ പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: പാർലമെന്റിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽഹാസൻ. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
വോട്ടർ പട്ടിക പുതുക്കൽ നടപടിയെ ഒരു മാരക രോഗത്തോടാണ് കമൽഹാസൻ ഉപമിച്ചത്. തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നത് ജീവിക്കുന്ന മൃതദേഹങ്ങളെ സൃഷ്ടിക്കുന്ന ഒരു രോഗമാണ്. ബീഹാറിൽ നാം അത് കണ്ടു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ വെട്ടിമാറ്റുന്നതിലൂടെ രേഖകളിൽ അവരെ മരിച്ചവരായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ രോഗം രാജ്യം മുഴുവൻ പടരാൻ അനുവദിക്കരുത്," കമൽഹാസൻ പറഞ്ഞു.
തമിഴ്നാട്ടിൽ മാത്രം ഏകദേശം ഒരു കോടിയോളം വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം എന്ന ഗൗരവകരമായ ആശങ്ക അദ്ദേഹം സഭയിൽ ഉന്നയിച്ചു. വോട്ടവകാശം എന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
National
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ ഈ അസാധാരണ നീക്കം.
ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ കോടതിയില്‍ നേരിട്ട് ഹാജരായി വാദിക്കുന്നത് അപൂര്‍വമായ സംഭവമാണ്. ഇതിനായി മമത ബാനര്‍ജിക്ക് സുപ്രീംകോടതി പ്രത്യേക സുരക്ഷാ പാസ് അനുവദിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പുതുക്കുന്ന നിലവിലെ രീതി അശാസ്ത്രീയമാണെന്നും, ഇതുമൂലം ലക്ഷക്കണക്കിന് ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുണ്ടെന്നും മമത ആരോപിക്കുന്നു. വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലം സംസ്ഥാനത്ത് ഏകദേശം 140 പേര് മരിച്ചതായി മുഖ്യമന്ത്രി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മതിയായ പരിശീലനം ലഭിക്കാത്ത 8,100 മൈക്രോ ഒബ്സര്‍വര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ചോദ്യം ചെയ്യുന്നു. 'ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നിലവിലെ പരിഷ്കരണം നടക്കുന്നത്. ഇത് വോട്ടര്‍മാരെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ച് മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ജനുവരി 28-നാണ് മമത ബാനര്‍ജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെയും കക്ഷിചേര്‍ത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്കിയ ഹര്‍ജികള്‍ക്കൊപ്പം ഈ കേസും കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.
District News
പത്തനംതിട്ട: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ച വോട്ടര്‍പട്ടിക തീവ്ര പരിശോധന (എസ്ഐആർ) യിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എക്സ് എംഎല്‍എ മാര്‍ച്ചും ധര്‍ണയും ധര്‍ണയും ഉദ്ഘാടനം ചെയ്തു. ജില്ലാ എല്‍ഡിഎഫ് കണ്‍വീനര്‍ അലക്സ് കണ്ണമല അധ്യക്ഷത വഹിച്ചു.
കെ. പി. ഉദയഭാനു, ആർ. ഉണ്ണികൃഷ്ണപിള്ള എക്സ് എംഎല്‍എ, സുമേഷ് ഐശ്വര്യ, നിസാര്‍ നൂര്‍മഹൽ, എം.വി. സഞ്ചു, പി.കെ. ജേക്കബ്,ഫ്രാന്‍സിസ് ആന്റണി ബിന്ദു ചന്ദ്രകുമാര്‍, ഹര്‍ഷകുമാര്‍, അജയകുമാര്‍, സോമന് പാമ്പായിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) മൂലം ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്കൊപ്പം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കണ്ടു. പ്രതിഷേധസൂചകമായി കറുപ്പ് ഷാൾ അണിഞ്ഞായിരുന്ന് മമത എത്തിയത്.
തെരഞ്ഞെടുപ്പു കണക്കിലെടുത്ത് എസ്ഐആർ നടപ്പാക്കുന്നതു നിർത്തണമെന്ന് മമത നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കൂടിക്കാഴ്ച നടത്താമെന്ന് ഗ്യാനേഷ് കുമാർ നിർദേശിച്ചിരുന്നു.
ഡൽഹിയിലെത്തിയ മമതയ്ക്കൊപ്പം തൃണമൂൽ കോൺഗ്രസ് എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ഉണ്ടായിരുന്നു.
NRI
മനാമ: എസ്ഐആർ വിഷയത്തിൽ പ്രവാസി വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ബഹറിൻ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് നിവേദനം നൽകി.
പ്രവാസികളുടെ വോട്ടവകാശം സാങ്കേതിക നടപടിക്രമങ്ങളിലെ വീഴ്ചകളിലൂടെ നഷ്ടപ്പെടാതിരിക്കാൻ പാർലമെന്റിലെ അടിയന്തര ഇടപെടലാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
ചുരുങ്ങിയ കാലയളവ് മാത്രം നൽകിയ എസ്.ഐ.ആർ പ്രക്രിയയിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും മറ്റു രാജ്യങ്ങളിലുളള എൻആർഐ വോട്ടർമാർക്കും പേരുകൾ വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി.
ഇതിലൂടെ വർഷങ്ങളായി ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുത്തുവരുന്ന നിരവധി പ്രവാസികൾക്കും വോട്ടവകാശം നഷ്ടപ്പെടുമെന്ന ഭയമാണ് ഉയർന്നിരിക്കുന്നത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യവും പ്രവാസി സൗഹൃദപരവുമായ രീതിയിൽ ഒരുക്കണമെന്ന പ്രധാന ആവശ്യവും നിവേദനത്തിൽ ഉയർത്തി.
ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും സംസ്ഥാന പ്രവാസി വകുപ്പും ഈ പ്രക്രിയയിൽ ഔദ്യോഗികമായി പങ്കാളികളാവുന്ന രീതിയിലുള്ള മാർഗരേഖകളും രൂപീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
പ്രവാസികളുടെ വോട്ടവകാശ സംരക്ഷണം നിയമപരമായ ഉത്തരവാദിത്വം മാത്രമല്ല, അവരുടെ സാമ്പത്തിക–സാമൂഹിക സംഭാവനകൾക്ക് രാഷ്ട്രം നൽകുന്ന കൃതജ്ഞതയുടെയും ബഹുമാനത്തിന്റെയും ഭാഗമാകണമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.
എസ്.ഐ.ആർ നടപടിക്രമങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചത് വളരെ വൈകി മാത്രമാണെന്ന കാര്യം സംഘം എംപിയുടെ ശ്രദ്ധയിൽ പെടുത്തി.
പുതിയ പാസ്പോർട്ടുകളിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതും വിദേശങ്ങളിൽ ജനിച്ച ഇന്ത്യക്കാരുടെ പേരുകൾ ഉൾക്കൊള്ളിക്കുവാൻ ഉള്ള നടപടിക്രമങ്ങൾ സ്വീകരിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ്. അവസാനത്തെ രണ്ട് ദിവസം സൈറ്റ് പൂർണമായി പ്രവർത്തനക്ഷമം അല്ലാതിരുന്നതിനാൽ ധാരാളം പ്രവാസികൾക്ക് പേര് ചേർക്കുന്നതിന് തടസമായ കാര്യം സംഘം അദ്ദേഹത്തോട് ബോധിപ്പിച്ചു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പാർലമെന്റിനകത്തും പുറത്തും ശക്തമായ ഇടപെടലുകൾ തുടരുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രവാസി വെൽഫെയർ സംഘത്തിന് ഉറപ്പ് നൽകി.
പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ, പ്രവാസി വെൽഫെയർ എസ്ഐആർ ഹെൽപ്പ് ഡെസ്ക് കോഓർഡിനേറ്റർ അജ്മൽ ഹുസൈൻ, അനസ് കാഞ്ഞിരപ്പള്ളി, ബദറുദ്ദീൻ പൂവാർ എന്നിവർ പ്രേമചന്ദ്രൻ എംപിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ജനുവരി 22 വരെ ആയിരുന്നു നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സമയപരിധി.
സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സമയം ഇന്ന് വരെ നീട്ടിയത്. 11 ലക്ഷത്തിലധികം പേരാണ് പേര് ചേര്‍ക്കാൻ അപേക്ഷിച്ചത്. 37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. അതേസമയം, ഹിയറിംഗും പരിശോധനയും ഫെബ്രുവരി 14വരെ തുടരും.
2002ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവരും, പട്ടികയിൽ ഉൾപ്പെട്ടിട്ടും പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങളുള്ളവരുമാണ് രേഖകൾ നൽകേണ്ടത്. ഹിയറിംഗിനും പരിശോധനയ്ക്കും ശേഷം വ്യാഴാഴ്ച വരെ 9,868 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ഈ വിഷയത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടർമാരെ ഒഴിവാക്കാൻ ഇത് കാരണമാകുമെന്നും ആരോപിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും സംഘടനകളും കോടതിയെ സമീപിച്ചത്.
ഹർജികളിൽ വിശദമായ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വിധി പറയാനായി മാറ്റിയത്. വിദേശികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനും പട്ടികയുടെ കൃത്യത ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. ആർട്ടിക്കിൾ 324 പ്രകാരം ഇതിനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ ഈ നടപടി അശാസ്ത്രീയമാണെന്നും അർഹരായ പല വോട്ടർമാരും പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാൻ ഇത് കാരണമാകുമെന്നും ഹർജിക്കാർ ആരോപിച്ചു. കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ നടപടി മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു.
കേരളം, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹർജികളാണ് കോടതി പരിഗണിച്ചത്. കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരും ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ യുപിഎ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയതും എസ്ഐആർ വിഷയവും ശക്തമായി ഉന്നയിക്കാൻ ഇന്ത്യ മുന്നണി യോഗത്തിൽ തീരുമാനം.
സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് ധാരണ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, ഡിഎംകെയുടെ ടി.ആർ. ബാലു, ശിവസേനയുടെ (യുബിടി) അരവിന്ദ് സാവന്ത്, സമാജ്വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, ആർജെഡിയുടെ പ്രേംചന്ദ് ഗുപ്ത, സിപിഎമ്മിൽനിന്ന് ജോണ്‍ ബ്രിട്ടാസ്, ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നതാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അംഗീകരിച്ചില്ല.
National
ന്യൂഡൽഹി: ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയില്‍ ആയിരക്കണക്കിന് മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം.
ജമാല്പുര് നിയോജകമണ്ഡലത്തില്‍ മാത്രം മുസ്ലിംകളെ നീക്കം ചെയ്യുന്നതിനായി 20,000 ഫോം നൽകിയതായി അഹമ്മദാബാദ് ആസ്ഥാനമായുള്ള ന്യൂനപക്ഷ ഏകോപന സമിതി (എംസിസി) ആരോപിച്ചു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ഹിയറിംഗിന് ഹാജരായി. കവടിയാർ വില്ലേജ് ഓഫീസിൽ ഇആർഒ കെ. അർഷദിനു മുൻപാകെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധിയായ സിഇഒ രത്തൻ കേൽക്കർ ഹാജരായത്.
ഇന്ന്10.15ന് എത്തിയ രത്തൻ കേൽക്കർ, അദ്ദേഹത്തിനും ഭാര്യ ഡോ. ദീപാ സമ്പത്തിനും വിദേശത്തു പഠിക്കുന്ന മകൻ ദൈവികിനും വേണ്ടി ഹാജരായി രേഖകൾ സമർപ്പിച്ചു. പാസ്പോർട്ടിന്റെയും ആധാറിന്റെയും രേഖകളാണ് ഹാജരാക്കിയത്. ഏതാണ്ട് 15 മിനിറ്റോളം അദ്ദേഹം അവിടെ ചെലവഴിച്ചു.
വോട്ടർ എന്ന രീതിയിൽ വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കാനും ഇതിനുശേഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകാനും അദ്ദേഹം സമയം കണ്ടെത്തി. ഇവിടെ ഹിയറിംഗിനായി എത്തിയ 50 ഓളം പേരിൽ ആ സമയം എത്തിയവരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. എത്തിയവരിൽ മിക്കവർക്കും എസ്ഐആറുമായി ബന്ധപ്പെട്ട് പരാതികൾ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകിയപ്പോൾ, 2002 ൽ രത്തൻ കേൽക്കറിന്റെ പേര് കേരളത്തിലെ വോട്ടർ പട്ടികയിൽ ഇല്ലായിരുന്നു. അന്ന് കർണാടകയിലെ വോട്ടർ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നത്. രക്ഷിതാക്കളുടെ പേരും കേരളത്തിലെ വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിനാൽ മാച്ച് ആക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഇആർഒ ഹിയറിംഗിന് വിളിച്ചത്.
Kerala
തിരുവനന്തപുരം: ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടര്‍മാരെ ഹിയിറിംഗിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്.
2002ലെ പട്ടികയിൽ പേരില്ലാത്തവരിൽ രേഖകള്‍ നൽകിയവരെ ഹിയിറിംഗിന് വിളിക്കരുത്. ബൂത്ത് വിഭജനത്തിലെ അശാസത്രീയത പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, എം. വിൻസെന്റ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ കണ്ടത്.
ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും പല തരത്തിലാണ് പ്രക്രിയ. 18 ലക്ഷം പേരെയാണ് ക്ലറിക്കൽ പിഴവ് മൂലം ഹിയറിംഗിന് വിളിച്ചത്. ഇവർക്ക് ഹിയറിംഗ് ഒഴിവാക്കണം. രേഖകൾ ഹാജരാക്കുന്നവരെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കണമെന്നും നേതാക്കൾ പറഞ്ഞു.
NRI
മനാമ: രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്ഐആർ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഗൗരവമായ ആശങ്കയുള്ളവാക്കുന്നതാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥയിൽ ജനാധിപത്യത്തിന്റെ ആത്മാവാണ് പൗരന്റെ വോട്ടവകാശം. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ഒരു രാജ്യം യഥാർഥ അർഥത്തിൽ ജനാധിപത്യമായിത്തീരുന്നത്. ഈ അടിസ്ഥാന തത്വത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോൾ എസ്ഐആർ നടപടികൾ നടപ്പാക്കപ്പെടുന്നതായി കാണുന്നത്.
എസ്ഐആർ നടപടികൾ വഴി ലക്ഷക്കണക്കിന് സാധാരണ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലർക്കും യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ, യുക്തിസഹമായ വിശദീകരണമില്ലാതെ അവരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തിന്റെ തുറന്ന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ദരിദ്രർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ ഏറ്റവും ദുർബല വിഭാഗങ്ങളാണ് എസ്ഐആർ പ്രക്രിയയിൽ ഏറ്റവും കൂടുതൽ ദോഷം അനുഭവിക്കുന്നത് എന്ന് തുടർന്ന് സംസാരിച്ച പ്രവാസി ക്ഷേമ വകുപ്പ് സെക്രട്ടറിയും പ്രവാസി വെൽഫെയർ എസ്ഐആർ ഹെൽപ്പ് ഡസ്ക് കൺവീനറുമായ അജ്മൽ ഹുസൈൻ പറഞ്ഞു.
രേഖകൾ എളുപ്പത്തിൽ ലഭിക്കാത്തവർ, താമസം ഇടയ്ക്കിടെ മാറുന്നവർ, ഡിജിറ്റൽ സംവിധാനങ്ങളിൽ പ്രവേശനം ഇല്ലാത്തവർ എന്നിവരെല്ലാം വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലൂടെ സാമൂഹിക അസമത്വം കൂടുതൽ രൂപപ്പെടുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടിക പരിഷ്കരണം സുതാര്യവും രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് സ്വതന്ത്രവുമായ പ്രക്രിയയായിരിക്കണം എന്ന അടിസ്ഥാന സിദ്ധാന്തത്തെയാണ് നിലവിലെ എസ്ഐആർ നടപടികൾ തകർക്കുന്നത് എന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ഇത് പല സ്ഥലങ്ങളിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണമായി മാറിയെന്ന പരാതികൾ ഗൗരവമായി കാണണം. പ്രതിപക്ഷ പിന്തുണ കൂടുതലായുള്ള മേഖലകളിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന അപകടകരമായ നീക്കമായതിനാൽ എസ്ഐആർ നടപടിയെ ജനാധിപത്യപരമെന്ന് വിളിക്കാൻ കഴിയില്ല.
പ്രവാസി സെന്റർ വഴി നടത്തുന്ന എസ്ഐആർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ അജ്മൽ ഹുസൈൻ വിശദീകരിച്ചു. ഇനിയും എസ്ഐആർ പ്രക്രിയ പൂർത്തീകരിക്കാത്തവർക്ക് പ്രവാസി സെന്ററിൽ എല്ലാ ദിവസവും രാത്രി ഏഴ് മുതൽ ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ചു. ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദിർ, അഡ്വ. ഷഫ്ന തയ്യിബ്, ഷിജിന ആഷിക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തി.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. നിലവിൽ പട്ടികയിൽനിന്നും പുറത്തായവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകണമെന്നും കോടതി നിർദേശിച്ചു.
അതേസമയം അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.
National
കോൽക്കത്ത: പശ്ചിമബംഹാളിൽ നടപ്പാക്കിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. മതിയായ രേഖകളുള്ള 54 ലക്ഷം വോട്ടർമാരെയാണ് കരടുപട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോപിച്ച മമത പരാതിപറയാൻ വോട്ടർമാർക്ക് അവസരം നൽകിയില്ലെന്നും കുറ്റപ്പെടുത്തി.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരം ദുരുപയോഗം ചെയ്ത് ഏകപക്ഷീയമായാണു തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തത്. പേര് നീക്കുന്ന കാര്യംപോലും അറിയാത്തതിനാൽ പലർക്കും പരാതി നൽകാനായിട്ടില്ല.
ഡൽഹിയിലിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർമിത ബുദ്ധി ഉപയോഗിച്ചാണ് പേരുമാറ്റുന്നത്. വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തവരെ വരെ നീക്കംചെയ്തുവെന്നും അവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിദേശത്തു ജനിച്ച മലയാളികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സംവിധാനമൊരുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഫോം 6 എയിലും ഓണ്‍ലൈൻ പോർട്ടലിലും വിദേശത്തു ജനിച്ചവർക്ക് പേരു ചേർക്കാൻ അവസരം ഒരുക്കണമെന്ന നിരന്തര ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചെവിക്കൊള്ളാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച പ്രവാസി സംഘടനകളുടെ യോഗത്തിലെ പ്രധാന ആവശ്യമായിരുന്നു വിദേശത്തു ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയുന്നില്ലെന്ന പ്രശ്നം. ലക്ഷത്തിലേറെ പേർ ഇത്തരത്തിൽ പല വിദേശരാജ്യങ്ങളിലായുണ്ട്.
1955ലെ പൗരത്വ നിയമത്തിന്റെ സെക്ഷൻ നാല് പ്രകാരം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ വിദേശത്തു ജനിച്ച കുട്ടികൾ പിന്തുടർച്ചാവകാശം വഴി ഇന്ത്യൻ പൗരനാകും. എന്നാൽ, പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഫോം 6 എയിലെ എഫ് കോളത്തിൽ ഇന്ത്യൻ സ്ഥലങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശത്തെ ജനിച്ച സ്ഥലം രേഖപ്പെടുത്താൻ കോളത്തിൽ മാറ്റം വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നിരന്തര ആവശ്യം ഉയർന്നിരുന്നു.
ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് യോഗത്തിൽ പലതവണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ ഉറപ്പു കൊടുത്തെങ്കിലും ഇതു പാലിക്കപ്പെട്ടിട്ടില്ല. കരട് വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്താനുള്ള സമയപരിധി കഴിയാൻ ആഴ്ചകൾ മാത്രം അവശേഷിച്ചിട്ടും ഓണ്‍ലൈൻ ഫോമിൽ അടക്കം തെരഞ്ഞെടുപ്പു കമ്മീഷൻ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വിളിച്ച യോഗത്തിലും ഇതുസംബന്ധിച്ച പരാതികൾക്ക് സിഇഒ ഉറപ്പ് ആവർത്തിക്കുകമാത്രമായിരുന്നു.
പ്രവാസികൾക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ നൽകിയത്. എന്നാൽ, വിദേശത്ത് ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഓണ്‍ലൈൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നായിരുന്നു പ്രവാസി സംഘടനകളുടെ പ്രധാന ആവശ്യം.
NRI
തിരുവനന്തപുരം: പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ഇറോനെറ്റ് ആപ്പിൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്കർ അറിയിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസി സംഘടനകളുടെ ഓൺലൈൻ യോഗത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം അറിയിച്ചത്. നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പ്രവാസി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകി. സമയപരിമിതി കാരണം ഉന്നയിക്കാനാവാത്ത ചോദ്യങ്ങൾ ഇമെയിൽ വഴി ലോക കേരളസഭയ്ക്ക് സമർപ്പിച്ചാൽ ലോക കേരളസഭ ഡയറക്ടർ അത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുന്നതാണെന്നും അത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോം 6എ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കും. ആവശ്യമെങ്കിൽ വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ഇറോനെറ്റിൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്ക൪ പ്രവാസി സംഘടനാ നേതാക്കളെ അറിയിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസി സംഘടനകളുടെ ഓൺലൈൻ യോഗത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം അറിയിച്ചത്. നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പ്രവാസി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകി. സമയപരിമിതി കാരണം ഉന്നയിക്കാനാവാത്ത ചോദ്യങ്ങൾ ഇമെയിൽ വഴി ലോക കേരളസഭയ്ക്ക് സമർപ്പിച്ചാൽ ലോക കേരളസഭ ഡയറക്ടർ അത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുന്നതാണെന്നും അത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോം 6എ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കും. ആവശ്യമെങ്കിൽ വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Sports
കോൽക്കത്ത: തീവ്ര വോട്ടർ പട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഹാജരാകാൻ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കു നിർദേശം. ഈ മാസം ഒമ്പതിനും 11നും ഇടയിൽ അദ്ദേഹത്തിന്റെ ഹിയറിംഗ് നടക്കും.
National
ലക്നോ: എസ്ഐആറിന്റെ ഭാഗമായുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ യുപിയിൽ 2.89 കോടി വോട്ടർമാർ പുറത്ത്. ഒഴിവാക്കപ്പെട്ടവരിൽ 2.17 കോടി പേർ താമസം മാറിയവരാണ്.
46.23 ലക്ഷം വോട്ടർമാർ മരിച്ചവരും 25.47 ലക്ഷം പേർ ഒന്നിലധികം പട്ടികയിലുള്ളവരുമാണെന്ന് കണ്ടെത്തി. നിലവിലെ പട്ടികയിൽനിന്ന് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തലസ്ഥാനമായ ലക്നോവിലാണ്. ഇവിടെ 39.9 ലക്ഷം വോട്ടർമാരാണ് ഉണ്ടായിരുന്നത്.
എന്നാൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 27.9 ലക്ഷമായി. ഏകദേശം 30 ശതമാനം വോട്ടർമാർ കുറഞ്ഞു. 9.5 ലക്ഷം വോട്ടർമാരുണ്ടായിരുന്ന ലളിത്പുരിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 8.6 ലക്ഷം വോട്ടർമാരായി കുറഞ്ഞു.
എന്യൂമറേഷൻ നടപടികൾ മൂന്നുതവണ നീട്ടിനൽകിയ ശേഷമാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ എസ്ഐആർ പ്രഖ്യാപിച്ചവേളയിൽ 15.44 കോടി വോട്ടർമാരാണ് ഉത്തർപ്രദേശിലുണ്ടായിരുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളും ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വോട്ടർപട്ടികയിൽ ചെറിയ തെറ്റ് വരുത്തിയവരെ ഹിയറിംഗിന് വിളിക്കില്ല. പേരിലെ അക്ഷരത്തെറ്റ്, വയസ് രേഖപ്പെടുത്തിയതിലെ പിശക് തുടങ്ങിയ പിഴവുകൾ വരുത്തിയവർക്ക് നോട്ടീസും ഹിയറിംഗും ഉണ്ടാകില്ല. വോട്ടർപട്ടികയിലെ ഇത്തരം വ്യാപക പിശകുകൾ ബിഎൽഒയുടെ ഉത്തരവാദിത്വത്തിൽ തിരുത്താൻ നിർദേശം നൽകി.
2002ലെ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേർച്ചയില്ലാത്ത (നോ മാപ്പിംഗ്) 19.32 ലക്ഷം വോട്ടർമാരിൽ 17.71 ലക്ഷത്തിന് നോട്ടീസ് തയാറാക്കുന്നു. എന്നാൽ 18,915 പേർക്കു മാത്രമേ ഇതുവരെ നോട്ടീസ് വിതരണം ചെയ്തിട്ടുള്ളൂ. ഇവർക്കുള്ള ഹിയറിംഗ് ഏഴിനു തുടങ്ങും.
ബിഎൽഒമാർ രണ്ടുദിവസത്തിനകം വീടുകളിലെത്തി നോട്ടീസ് നൽകും. നോട്ടീസ് നൽകിക്കഴിഞ്ഞാൽ ഏഴുദിവസത്തിനു ശേഷമാണ് ഹിയറിംഗ്. തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ നൽകുന്ന വോട്ടർമാരെ ഹിയറിംഗിൽനിന്ന് ഒഴിവാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
നോ മാപ്പിംഗ് വിഭാഗത്തിലെ 5.12 ലക്ഷം പേർ ഇതിനകം രേഖകൾ നൽകി. ഇവരെ ഹിയറിംഗിൽനിന്ന് ഒഴിവാക്കിയേക്കും. നോ മാപ്പിംഗ് വിഭാഗത്തിലെ എല്ലാവർക്കും നോട്ടീസ് നൽകണമെന്നാണ് നിയമമെങ്കിലും ആരെയൊക്കെ ഹിയറിംഗിൽനിന്ന് ഒഴിവാക്കണമെന്ന് ഇആർഒമാർക്ക് തീരുമാനിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
കിടപ്പുരോഗികൾ, നടക്കാൻ പ്രയാസമുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ വിളിച്ചുവരുത്താതെ പകരക്കാരെ ഹിയറിംഗിന് നിയോഗിക്കാൻ അനുമതി നൽകുന്നതും ഇആർഒയുടെ വിവേചനാധികാരമാണ്.
Kerala
തിരുവനന്തപുരം: എസ്ഐആർ പദ്ധതിയുടെ ഭാഗമായി വോട്ടർമാർ പുറത്താകാതിരിക്കാൻ എടുത്തിരിക്കുന്ന മുൻകരുതലും നടപടികളും ദീപിക ഒാൺലൈനിനോടു വ്യക്തമാക്കി രാഷ്ട്രീയ പാർട്ടികൾ.
അർഹരെ പുറത്താക്കരുത്: കോൺഗ്രസ്
എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് അർഹരായ വോട്ടർമാർ പുറത്താകാതിരിക്കാനുള്ള നടപടികളുമായാണ് കെപിസിസി മുന്നോട്ടു പോകുന്നതെന്നു കെപിസിസി സെക്രട്ടറി എം.കെ. റഹ്മാൻ. ബൂത്ത് തലത്തിൽ ബിഎൽഎമാരുടെ പ്രവർത്തനം സജീവമല്ലാത്ത സ്ഥലങ്ങളിൽ പുതിയ ബൂത്ത് ലെവൽ ഏജന്റുമാരെ കണ്ടെത്തി ചുമതലയേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി ചെയ്യുന്നത്. പുതിയ ബൂത്ത് പ്രസിഡന്റുമാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും സജീവമാണ്. പരമാവധി വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കാനുള്ള പ്രവർത്തനങ്ങളുമായാണ് പാർട്ടി നേതാക്കളും ബിഎൽഎ മാരും നടത്തുന്നത്.
കരട് പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ക്യാന്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പട്ടികയിൽ ഇടംപിടിക്കാത്തവരെ ക്യാന്പുകളിലെത്തിച്ച് അവരെ ഉൾപ്പെടുത്താനുള്ള സത്വര നടപടി എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
കരട് വോട്ടർപട്ടികയിൽ കണ്ടുപിടിക്കാൻ സാധിച്ചില്ലെന്നു ബിഎൽഒ മാർ റിപ്പോർട്ട് ചെയ്തവരെയും തെറ്റായ പേരുള്ളവർ, ഇവരിൽ 35 ശതമാനം പേരെയെങ്കിലും ഓരോ ബൂത്തുകളിൽനിന്നു കണ്ടെത്താനും അവരെ പുതുതായി വോട്ടർപട്ടികയിൽ ചേർക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും റഹ്മാൻ പറഞ്ഞു. ഓരോ നിയോജക മണ്ഡലങ്ങളിലും 1500ന് മുകളിൽ പുതിയ വോട്ടർമാരെ ചേർക്കാൻ സാധിക്കും. ഇതിൽ മുൻപ് പട്ടികയിൽ പേരുണ്ടായിട്ട് കരട് പട്ടികയിൽ വരാത്തവരും കന്നി വോട്ടർമാരും ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
25 ലക്ഷം പേരെ കണ്ടെത്തും: എം.വി. ജയരാജൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ട 25 ലക്ഷത്തിൽപരം വരുന്ന വോട്ടർമാരിൽ അർഹരായവരെ തിരികെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായാണ് സിപിഎം മുന്നോട്ടു പോകുന്നതെന്നു സിപിഎം നേതാവ് എം.വി. ജയരാജൻ. വർഷങ്ങളായി വോട്ട് ചെയ്യുന്നവരും ജീവിച്ചിരിക്കുന്നവർ പോലും പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്. ഇത്തരം നടപടി ദുരൂഹമാണ്. ബിഹാർ, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ഉൾപ്പെടെ അർഹരായ വോട്ടർമാർ പുറത്താകുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ അർഹരായവർ പട്ടികയ്ക്കു പുറത്തു പോകരുതെന്നും യഥാർഥ വസ്തുതകളും ചീഫ് ഇലക്ടറൽ ഓഫീസറെ അറിയിച്ചിട്ടുണ്ട്.
കരിവള്ളൂർ പോസ്റ്റ് ഓഫീസിൽ സേവനമനുഷ്ഠിക്കുന്ന വോട്ടറായ ശ്രീഷ്മ തൃക്കരിപ്പൂരിലാണ് താമസിക്കുന്നത്. രാവിലെ ജോലിക്ക് പോയ ശേഷം വൈകുന്നേരം മടങ്ങി വീട്ടിലെത്തും. ശ്രീഷ്മയും പട്ടികയിൽനിന്നു പുറത്തായി. നല്ലളം ഗ്രാമപഞ്ചായത്തിലെ എണ്‍പത് വയസുള്ള തന്പായിയും വർഷങ്ങളായി വോട്ട് ചെയ്യുന്നയാളാണ്. ജീവിച്ചിരിക്കുന്ന അദ്ദേഹം മരണപ്പെട്ടുപോയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.
പാർട്ടി വിശദമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി പട്ടികയിൽനിന്നു പുറത്തായ ധാരാളം പേരെ പട്ടികയിൽ ഇടംപിടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ബിഎൽഒമാർക്കു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു റിപ്പോർട്ട് ചെയ്ത വോട്ടർമാരെ പാർട്ടി ചുമതലപ്പെടുത്തിയ ബിഎൽഎമാർ കണ്ടെത്തുകയും ബിഎൽഒമാർക്ക് രേഖകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എസ്ഐറിലെ പാകപ്പിഴകൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ബൂത്ത് ലെവൽ ഏജന്റുമാരായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ച് ചേർത്ത മീറ്റിംഗിൽ മുന്നോട്ടുവച്ചത് സിപിഎമ്മാണ്. ഇക്കാര്യം ചീഫ് ഇലക്ടറൽ ഓഫീസർ അംഗീകരിക്കുകയായിരുന്നു. അർഹരായ എല്ലാ വോട്ടർമാരുടെയും വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് പാർട്ടി കൈക്കൊള്ളുന്നതെന്നും ജയരാജൻ വിശദീകരിച്ചു.
അനർഹർ കടന്നുകയറരുത്: ബിജെപി
എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഫലമായി അർഹരായ ആരുടെയും വോട്ട് നഷ്ടപ്പെടരുതെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ജെ.ആർ. പത്മകുമാർ. എന്നാൽ, അനർഹരായവർ വോട്ടർപട്ടികയിൽ കടന്നുവരാനും പാടില്ല. ബിഎൽഒമാർ ഓരോ ഭവനങ്ങളിലും സന്ദർശനം നടത്തി വോട്ടർമാരെ കണ്ടെത്തി ഫോം പൂരിപ്പിച്ചു വാങ്ങുന്ന പ്രക്രിയയാണ് ആദ്യ പടിയായി നടന്നത്. കണ്ടെത്താനാകാത്ത വോട്ടർമാരുടെ പേര് വിവരങ്ങൾ ബൂത്ത്തലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താമസം മാറിപ്പോയവർ, പട്ടികയിൽ പേരുണ്ടായിട്ടും കണ്ടെത്താൻ സാധിക്കാത്തവർ ഇവരെ കണ്ടെത്താൻ പാർട്ടിയുടെ ഭാഗത്തുനിന്നു ബിഎൽഒമാർക്കു നല്ല പിന്തുണ നൽകിയിട്ടുണ്ട്.
വോട്ടർമാരെ കണ്ടെത്താൻ സാധിച്ചില്ലെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ബൂത്തുകളിൽ പാർട്ടിയുടെ കുടുതൽ പ്രവർത്തകരെ രംഗത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി പരമാവധി പേരെ കണ്ടെത്താനും രേഖകൾ ബിഎൽഒ മാർക്ക് സമർപ്പിക്കാനും സാധിച്ചിട്ടുണ്ട്. കൂടുതൽ പേരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയിൽനിന്നു പുറത്തായവർക്കും പുതിയ വോട്ടർമാർക്കും ഫോം 6 പൂരിപ്പിച്ച് നൽകി പട്ടികയിൽ ഉൾപ്പെടുത്തും. അനർഹരായവർ പട്ടികയിൽ കടന്നുകൂടിയാൽ ഫോം ഏഴ് പൂരിപ്പിച്ച് നൽകി അവരെ പട്ടികയിൽനിന്നു ഡിലീറ്റ് ചെയ്യിക്കാനുമുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും ജെ.ആർ. പത്മകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ സമ്പൂർണ വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയയായ എസ്ഐആറിൽ കുരുങ്ങി വോട്ട് നഷ്ടമാകാതിരിക്കാനുള്ള തീവ്രശ്രമത്തിൽ രാഷ്ട്രീയ പാർട്ടികൾ. അനുകൂലമായി നിൽക്കുന്ന വോട്ടർമാരെയും അനുകൂലമാകാൻ സാധ്യതയുള്ളവരെയും വോട്ടർ പട്ടികയിൽ നിലനിർത്താനും ഉൾപ്പെടുത്താനും കൊണ്ടുപിടിച്ച ശ്രമമാണ് രാഷ്ട്രീയ പാർട്ടികൾ നടത്തിവരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടികൾ എസ്ഐആർ പ്രശ്നങ്ങളിലേക്ക് സജീവശ്രദ്ധ തിരിച്ചിരിക്കുകയാണ്. പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർ സജീവമായി രംഗത്തിറങ്ങിയത് ബിഎൽഒമാർക്കും ആശ്വാസമായിട്ടുണ്ട്. കണ്ടുമുട്ടാനാകാത്തവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പ്രശ്നങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ ഇടപെടുന്നുണ്ട്.
സംസ്ഥാനത്ത് നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ 24,437 പോളിംഗ് ബൂത്തുകളുണ്ട്. എല്ലാ ബൂത്തുകളിലും വിവിധ രാഷട്രീയ പാർട്ടികളുടെ പ്രതിനിധികളായി ബൂത്ത് ലെവൽ ഏജന്റുമാരെ ആവശ്യമുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഎമാരുടെ സേവനംകൂടി ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടി നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പട്ടിക അനുസരിച്ച് ഓരോ പാർട്ടികളുടെയും ബിഎൽഎമാർക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്.
സംസ്ഥാനതലത്തിൽ ബിഎൽഎമാരായി സിപിഎം- 21,346, സിപിഐ-5,120, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്- 20,278, മുസ്ലിംലീഗ്- 4,286, ബിജെപി- 7,249 എന്ന കണക്കിനാണ് ബിഎൽഎമാർക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയിരിക്കുന്നത്.
Leader Page
ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുന്നതും പ്രാദേശിക പാര്‍ട്ടികള്‍ക്കു നിര്‍ണായകവുമാണ് 2026ലെ തെരഞ്ഞെടുപ്പുകള്‍. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞടുപ്പുകളിലെ ജനവിധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമാകും. ബിജെപിയേക്കാളേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു ജീവന്മരണ പോരാട്ടമാണ് അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകള്‍. ചില സംസ്ഥാനങ്ങളിലെങ്കിലും അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയിക്കാനില്ല.
മുംബൈ, നവി മുംബൈ, പൂന, നാഗ്പുര്‍, താനെ അടക്കമുള്ള മഹാരാഷ്ട്രയിലെയും കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും കോര്പറേഷന് തെരഞ്ഞെടുപ്പുകളും ഈ വര്‍ഷമാണ്. ഒരുപക്ഷേ ദേശീയ രാഷ്ട്രീയവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പതിവു സമവാക്യങ്ങളും പൊളിച്ചെഴുതിയേക്കാവുന്ന രാഷ്ട്രീയ വൈതരണി ആരു കടക്കുമെന്നതാണു ചോദ്യം.
സെന്‍സസ്, ഒറ്റ തെരഞ്ഞെടുപ്പ്
കോവിഡ് മഹാമാരി മുതല്‍ നീണ്ടുപോയ ദേശീയ കാനേഷുമാരിയെന്ന പുതിയ സെന്‍സസിനു തുടക്കം കുറിക്കുന്നതും ഈ വര്‍ഷം ഏപ്രിലിലാണ്. ജനസംഖ്യാ കണക്കെടുപ്പ് 2027ല്‍ പൂര്‍ത്തിയായ ശേഷമാകും മണ്ഡല പുനര്‍നിര്‍ണയം. വനിതാ സംവരണം പിന്നെയും നീളും. 16 വര്‍ഷത്തിനു ശേഷമാണു ദേശീയ സെന്‍സസ്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന നീക്കത്തിന്മേല് ഇക്കൊല്ലം തീരുമാനമുണ്ടായേക്കാം. ക്രിമിനല്‍ കേസുകളില്‍ ചുരുങ്ങിയത് 30 ദിവസം അറസ്റ്റിലാകുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ നീക്കം ചെയ്യാനുള്ള വിവാദ ബില്ലും നരേന്ദ്ര മോദി സര്‍ക്കാര്‍ 2026ല്‍ പാസാക്കിയേക്കും. കേരളം ഒഴികെയുള്ള 22 സംസ്ഥാനങ്ങളിലെ 72 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൂടി ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ, ബിജെപിക്കും എന്‍ഡിഎയ്ക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും സമ്പൂര്‍ണ ആധിപത്യമാകും. വിവാദ ബില്ലുകളടക്കം ആര്‍എസ്എസ് അജന്‍ഡകള്‍ കൂടുതല്‍ മറനീക്കിയേക്കും.
എസ്ഐആറിന്റെ ബാക്കിപത്രം
പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തതും ബിജെപി അനുകൂലിച്ചതുമായ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) നടപ്പാക്കിയ ശേഷമാണ് കേരളം, തമിഴ്നാട്, ബംഗാള്‍, ആസാം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഉത്തരവാദിത്വമുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ചില നടപടികള്‍ ഏകപക്ഷീയവും വേണ്ടത്ര സുതാര്യത ഇല്ലാത്തതുമാണെന്ന ആക്ഷേപം ആരും പൂര്‍ണമായി തള്ളാനിടയില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടുകൊള്ള ആരോപണങ്ങളെ കൃത്യമായി നിഷേധിക്കാനോ, വസ്തുതകള്‍ നിരത്തി പൂര്‍ണമായി തള്ളാനോ കമ്മീഷനു കഴിഞ്ഞിട്ടില്ല.
2029 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ഐക്യവും സഹകരണവും വെല്ലുവിളിയാകും. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളും യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ അടക്കമുള്ള മുന്നണികളുടെ കെട്ടുറപ്പും പരീക്ഷിക്കപ്പെടും. വര്‍ഗീയവും മതപരവും ജാതീയവും പ്രാദേശികവുമായ ധ്രുവീകരണം കൂടിവരുന്നുവെന്നതും 2026ലെ തെരഞ്ഞെടുപ്പുകളെ ശ്രദ്ധേയമാക്കുന്നു.
ചൂണ്ടുപലകയായി പഞ്ചായത്തുകള്‍
യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിരുന്ന കേരളത്തില്‍ ബിജെപിയും എന്‍ഡിഎയും വോട്ടുകളും സ്വാധീനവും കൂട്ടിയതോടെ പഴയ സമവാക്യങ്ങള്‍ മാറി. പിണറായി വിജയന്റെ നേതൃത്വത്തില്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടി. മൂന്നാംതവണയും ഭരണം പിടിക്കാമെന്ന എല്‍ഡിഎഫിന്റെ മോഹത്തിനേറ്റ തിരിച്ചടിയുടെ തുടക്കമാകും ത്രിതല പഞ്ചായത്തുകളിലെ യുഡിഎഫ് മുന്നേറ്റം.
കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവ് ഉണ്ടാക്കുന്നതാകും സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലം ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു താക്കീതും മുന്നറിയിപ്പുമാണ്. ഐക്യ ജനാധിപത്യ മുന്നണിയെ ഉന്മേഷഭരിതമാക്കിയ ജനവിധിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ അഹങ്കരിച്ചാല്‍ ഇടറിവീഴാനും അധികസമയം വേണ്ടിവരില്ല.
തമ്മിലടിയും തെറ്റുതിരുത്തലും
ഭരണപരവും രാഷ്ട്രീയവുമായ തെറ്റുകള്‍ തിരുത്താനും മെച്ചപ്പെട്ട വികസന, ജനക്ഷേമ പദ്ധതികളിലൂടെ ജനപിന്തുണ ആര്‍ജിക്കാനും പിണറായി വിജയനും ബിനോയി വിശ്വവും ജോസ് കെ. മാണിയും ഉള്‍പ്പെടുന്ന നേതൃത്വത്തിനു മൂന്നു മാസമാണു മിച്ചം. ശബരിമല സ്വര്‍ണക്കൊള്ള കേസ് മുതല്‍ സര്‍ക്കാരിന്റെ ധൂര്‍ത്തുകളും ജാതി, മത പ്രീണനവും വരെയുള്ള പലതും എല്‍ഡിഎഫില്‍നിന്ന് ജനങ്ങളെ അകറ്റി.
കെട്ടുറപ്പോടെ യുഡിഎഫിനെ കൊണ്ടുപോകാനും ജനങ്ങളുടെ മുന്നില്‍ തമ്മിലടിക്കാതിരിക്കാനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും സണ്ണി ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഉള്‍പ്പെട്ട നേതൃനിരയ്ക്കു കഴിയുമോയെന്നതു ചോദ്യമാണ്. കോണ്‍ഗ്രസിലെ ഒരേ സമുദായക്കാരായ നാലു നേതാക്കളെങ്കിലും മുഖ്യമന്ത്രിയാകാന്‍ മത്സരിക്കുന്നുവെന്ന തോന്നല്‍പോലും ആപത്താകും. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്നാണു സംസാരം. ഉപമുഖ്യമന്ത്രിസ്ഥാനമടക്കം പലതും മുസ്ലിം ലീഗ് കൈപ്പിടിയിലൊതുക്കുമെന്ന എന്‍ഡിഎ, എല്‍ഡിഎഫ് പ്രചാരണവും ഇതര സമുദായ വോട്ടര്‍മാരെ സ്വാധീനിക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ചില ജാതിസംഘടനകളുടെ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന അമിത സ്വാധീനവും ചര്‍ച്ചയാകും.
ചരിത്രമാകുമോ കമ്യൂണിസം?
കേരളത്തില്‍ പിണറായി ഭരണത്തിന് അന്ത്യംകുറിക്കാന്‍ യുഡിഎഫിനു കഴിഞ്ഞാല്‍, അഞ്ചു പതിറ്റാണ്ടിനിടയില്‍ ആദ്യമായി ഇന്ത്യയിലൊരിടത്തും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഭരണവും ഉണ്ടാകില്ല. മറ്റു പാര്‍ട്ടികളേക്കാള്‍ സിപിഎമ്മിനും സിപിഐക്കും നിലനില്പിന്റെ പ്രശ്നമാണ്. കേരളം പോയാല്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഭാവിയും കട്ടപ്പൊകയാകും. പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിനുള്ളിലെ ആഭ്യന്തര സമവാക്യങ്ങളും ചലനാത്മകതയും ഒപ്പം പരീക്ഷിക്കപ്പെടും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, വികസനം, കാര്‍ഷിക മുരടിപ്പ്, സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ചയും പരിഹാരങ്ങളുമില്ലെന്നതു ജനം തിരിച്ചറിയും. രാഷ്ട്രീയാതിപ്രസരവും ജാതി, മത പരിഗണനകളും രാജ്യത്തിനാകെ മാതൃകയായ കേരള മോഡലിനെ പ്രതിസന്ധിയിലാക്കി.
താമരയുടെ വിളയാട്ടങ്ങള്‍
കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും ശക്തി കാട്ടാനുമാണ് ഊര്‍ജസ്വലനായ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ ശ്രമം. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്പറേഷന് ഭരണം പിടിക്കാന്‍ ബിജെപിക്കായി. മറ്റു ചിലയിടങ്ങളിലും നേട്ടങ്ങളുണ്ടാക്കിയപ്പോഴും ചില പഞ്ചായത്തുകളില്‍ കൈയിലുള്ളതുകൂടി ബിജെപിക്കു നഷ്ടമായെന്നതും ശ്രദ്ധേയമാണ്.
ഒ. രാജഗോപാലിലൂടെ മുമ്പു നിയമസഭയിലും സുരേഷ് ഗോപിയിലൂടെ ലോക്സഭയിലും പ്രാതിനിധ്യം നേടിയെങ്കിലും അടുത്ത നിയമസഭയില്‍ എത്ര ബിജെപിക്കാര്‍ ഉണ്ടാകുമെന്നതാണു പ്രധാനം. ഇരട്ടയക്ക സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇത്തവണ കഴിഞ്ഞാല്‍, കേരളം ബിജെപി ഭരിക്കുന്ന നാളുകള്‍ വളരെ അകലെയാകില്ല. താമരയുടെ വോട്ടുകള്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സാധ്യതകളെ സ്വാധീനിക്കും.
അഞ്ചു വര്‍ഷത്തെ മാറ്റങ്ങള്‍
അഞ്ചു വര്‍ഷം മുമ്പ്, പശ്ചിമ ബംഗാളില്‍ വലിയ തോല്‍വിയാണ് ബിജെപി നേരിട്ടത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ തകര്‍പ്പന്‍ ജയത്തിന് ഇരട്ടിമധുരമായിരുന്നു. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെയും ആധിപത്യം സ്ഥാപിച്ചു. കേരളത്തില്‍ പിണറായിയും എല്‍ഡിഎഫും ഭരണത്തുടര്‍ച്ച നേടിയതും അദ്ഭുതമായി. ആസാമിലാകട്ടെ, ബിജെപിയുടെ കുതിപ്പിനാണ് ഹിമന്ത ബിശ്വ ശര്‍മയുടെ രണ്ടാം ഭരണം വഴിതെളിച്ചത്. പുതുച്ചേരിയില്‍, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എന്‍ആര്‍ കോണ്‍ഗ്രസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പതാക പാറിച്ചു.
എന്നാല്‍, വന്‍ മാറ്റങ്ങളാണു പിന്നീട് രാഷ്ട്രീയത്തില്‍ സംഭവിച്ചത്. ഭരണവിരുദ്ധ വികാരമെന്ന പതിവുരീതിപോലും പലപ്പോഴും വഴിമാറി. ബിജെപിയുടെ പരീക്ഷണങ്ങളും തേരോട്ടവും തടയാന്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ഡിഎംകെ, തൃണമൂല്‍ പാര്‍ട്ടികള്‍ക്ക് കഴിയുമോയെന്നതിനു കൂടിയുള്ള ഉത്തരമാകും അടുത്ത ജനവിധി.
മിന്നിയതു പോലെ മങ്ങുന്നവര്‍
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിമാരുടെ എണ്ണം ആറുപതോളം കുറയ്ക്കാനായ മിന്നുന്ന പ്രകടനത്തിനു ശേഷം കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും ദയനീയ പ്രകടനമാണു നടത്തുന്നത്. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായാണു ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും തനിച്ചു ഭൂരിപക്ഷം കിട്ടാതെ പോയത്. അയോധ്യ മുതല്‍ അമേത്തി വരെ ബിജെപി സ്ഥാനാര്‍ഥികള്‍ തോറ്റമ്പിയതു മറക്കാറായിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ബിഹാര്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപി ഭരണം പിടിച്ചു. ഉറപ്പായി ജയിക്കുമെന്നു കരുതിയ ഹരിയാനയില്‍ പോലും കോണ്‍ഗ്രസ് അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും ഇതോടെ കൂടുതല്‍ ചുരുങ്ങി. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതിപക്ഷത്തിനു മതിയാകില്ല.
Kerala
തിരുവനന്തപുരം: എസ്ഐആര്‍ കരട് പട്ടിക പരിശോധിക്കാൻ നിശാക്യാമ്പുമായി കോൺഗ്രസ്. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതലാണ് മണ്ഡലം അടിസ്ഥാനത്തിൽ ക്യാമ്പ് നടക്കുക. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്.
പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായി വോട്ട് ചേര്‍ത്തെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും.
Kerala
തിരുവനന്തപുരം: വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർമാർക്ക് ആവശ്യമായ സംവിധാനമൊരുക്കാൻ വില്ലേജ് ഓഫീസുകളിൽ ആരംഭിക്കുന്ന ഹെൽപ് ഡെസ്കുകളിൽ രണ്ടു വീതം ഉദ്യോഗസ്ഥരെ താത്കാലിക ജോലിക്രമീകരണ വ്യവസ്ഥയിൽ നിയമിക്കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം. ഹെൽപ് ഡെസ്കുകളിൽ ജനങ്ങൾക്ക് ആവശ്യമായ സംവിധാനം ഒരുക്കാനാണ് ജീവനക്കാരെ നിയമിക്കേണ്ടത്.
എസ്ഐആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാതെപോയ അർഹരായവരുടെ പേര് ചേർക്കാനാണ് സഹായം നൽകേണ്ടത്. ഇതിന്റെ പ്രവർത്തനത്തിന് വില്ലേജ് ഓഫീസുകളിൽ സൗകര്യം കുറവെങ്കിൽ അടുത്തുള്ള സൗകര്യപ്രദമായ കെട്ടിടങ്ങളിൽ സൗകര്യമൊരുക്കണം.
ഉന്നതികൾ, മലയോര, തീരദേശ മേഖലകൾ. പിന്നാക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം നൽകാൻ വില്ലേജ് ഓഫിസർമാരുടെ നിർദേശപ്രകാരം അങ്കണവാടി വർക്കർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗിക്കണം.
അധികജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ഇതര വകുപ്പുകളിൽനിന്നു ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിക്കണം.
വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 18 വയസ് പൂർത്തിയായവർ വോട്ടർപട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കരട് വോട്ടർപട്ടിക പുറത്തുവന്നതിനു പിന്നാലെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷാപ്രവാഹം. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇതുവരെ നാലു ലക്ഷത്തോളം പേർ അപേക്ഷ നൽകിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.
എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകൽ പൂർത്തീകരിച്ച ശേഷം ഏതാണ്ട് 3.59 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകി. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ മാത്രം 30,000ത്തോളം പേർ അപേക്ഷ സമർപ്പിച്ചു.
എസ്ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി 24.08 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. മരിച്ചവർ, ഇരട്ട വോട്ടുള്ളവർ, കാണാതായവർ, സ്ഥലംമാറിപ്പോയവർ തുടങ്ങിയവർ അടക്കമാണ് പട്ടികയിൽനിന്നു പുറത്തായത്.
ഇതോടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സജീവമായി. ഇവർ മിക്ക ബൂത്തുകളിലേക്കും ബിഎൽഎമാരെ നിർദേശിക്കുകയും സജീവമാക്കുകയും ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ബിഎൽഎമാരുടെ സഹകരണം കാര്യമായുണ്ടായിരുന്നില്ലെന്ന പരാതി ബിഎൽഒമാർ ഉന്നയിച്ചിരുന്നു.
എന്നാൽ കരട് പട്ടിക വന്നശേഷം വോട്ടർപട്ടികയിൽ പേരുചേർക്കാനും പരാതികൾ ഉന്നയിക്കാനും രാഷ്ട്രീയപ്പാർട്ടികൾ കൂടുതൽ ബിഎൽഎമാരെ നിയോഗിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കണക്കനുസരിച്ച് ആകെയുള്ള 60,061 ബിഎൽഎമാരിൽ 21,346 പേരും സിപിഎമ്മിന്റേതാണ്.
കോണ്‍ഗ്രസിന് 20,278, ബിജെപിക്ക് 7,249 പേരും.കരട് പട്ടിക വരുന്നതിനു മുന്‍പ് പുതുതായി വോട്ടുചേർക്കാൻ ഫോറം ആറിൽ 3,59,968 പേരാണ് അപേക്ഷിച്ചത്. പ്രവാസി വോട്ടർമാർക്കുള്ള ഫോറം ആറ് എയിൽ 30,202 പേരും അപേക്ഷിച്ചു. പേരുനീക്കാൻ 2,419 പേരും. എന്നാൽ എഎസ്ഡി പട്ടികയിൽ ഉൾപ്പെട്ട അപേക്ഷകരുടെ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല.
Kerala
കൽപ്പറ്റ: എസ്ഐആറിലൂടെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തത് യഥാർഥ വോട്ടർമാരെയല്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോണ്‍ഗ്രസ് ജാഗ്രതയോടെ ഈ വിഷയം പരിശോധിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കേരളത്തിലെ എസ്ഐആറിൽ 24 ലക്ഷം പേർ പുറത്തുപോയി. ബിഎൽഒമാർ രാഷ്ട്രീയമായി പെരുമാറിയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ടവരുടെ പട്ടിക കോണ്‍ഗ്രസ് ശേഖരിച്ച് ബിഎൽഒമാരുടെ ശ്രദ്ധയിൽപ്പെടുത്തും. യഥാർഥ വോട്ടർമാരെ നീക്കം ചെയ്യാൻ ആരെങ്കിലും പരിശ്രമിച്ചാൽ അത് ഏത് കൊന്പനായാലും കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കും.
സ്വർണക്കൊള്ളയിൽ നടപടിയെടുക്കുന്നതിനു പകരം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സോണിയാ ഗാന്ധിയെ ബന്ധപ്പെടുത്തി സിപിഎമ്മും മന്ത്രിമാരും ഉന്നയിച്ച ആക്ഷേപം ശ്രദ്ധയിൽപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “കേരളം ഞങ്ങളല്ല ഭരിക്കുന്നത്.
അന്വേഷണ ഏജൻസി ഞങ്ങളുടേതല്ല. ഏതെങ്കിലും വിഷയത്തിൽ സോണിയാഗാന്ധിയെന്നു പേര് കിട്ടിയാൽ നരേന്ദ്ര മോദി വെറുതെ വിടുമെന്നു കരുതുന്നുണ്ടോ? നാഷണൽ ഹെറാൾഡ് കേസിൽ നടന്ന വേട്ടയാടാൽ നാം കണ്ടതല്ലേ’’- കെ.സി. വേണുഗോപാൽ ചോദിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായുള്ള ആദ്യ കരട് പട്ടികയിൽ 42.74 ലക്ഷം വോട്ടർമാർ പുറത്ത്. ആകെ 5,74,06,143 വോട്ടർമാരിൽ 5,31,31,983 പേരാണ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.
42,74,160 വോട്ടർമാരാണ് ഫോം പൂരിപ്പിച്ച് നൽകാത്തത്. ഇതിൽ 8.46 ലക്ഷം വോട്ടർമാർ മരണമടഞ്ഞതാണ്. 31.51 ലക്ഷം വോട്ടർമാരാകട്ടെ താമസം മാറിയവരാണ്. 2.77 ലക്ഷം വോട്ടർമാർക്ക് രണ്ടിടത്ത് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ 18നും 30നും മധ്യേ പ്രായമുള്ളവരിൽ 40 ശതമാനത്തോളം പേർ വോട്ടർപട്ടികയിൽ പേരു ചേർത്തിട്ടില്ലെന്നാണ് അനുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോൾ വോട്ടർപട്ടികയിൽ 60 ശതമാനത്തോളം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ പ്രായപരിധിയിലുള്ളവർ 54- 56 ലക്ഷം വരും. 25 ലക്ഷത്തിലേറെ പേർ ഇനിയും ഉൾപ്പെടാനുണ്ട്.
പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവരിൽ ഭൂരിഭാഗവും ഈ പ്രായപരിധിയിലുള്ളവരാകും. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിംഗ് നടപടികൾക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാനുമായി 1000 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ബിഎൽഒമാരുടെ സേവനം ഒരു മാസത്തേക്കു (ജനുവരി 22 വരെ) നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിംഗിന് വോട്ട് ചെയ്യുന്ന ബൂത്തിൽ തന്നെ സൗകര്യം
തിരുവനന്തപുരം: കരട് വോട്ടർപട്ടികയിലെ പരാതിയുടെ ഹിയറിംഗിന് വോട്ടറുടെ ബൂത്തിൽത്തന്നെ സൗകര്യം ഒരുക്കും. പരാതിക്കാരന് സൗകര്യപ്രദമായ സ്ഥലത്തായിരിക്കും ഹിയറിംഗിനുള്ള കേന്ദ്രം ഒരുക്കുക.
ഹിയറിംഗിന് ഇആർഒ, എഇആർഒ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുണ്ടാകും. കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിച്ചാൽ ആരെയൊക്കെ ഹിയറിംഗിന് വിളിക്കണമെന്ന് ഇആർഒ തീരുമാനിക്കും. എന്തുകൊണ്ട് ഹിയറിംഗിന് വിളിച്ചു, ഏതു രേഖ ഹാജരാക്കണം എന്നിവ വിശദമാക്കി അപേക്ഷകനുള്ള നോട്ടീസിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ബിഎൽഒ വഴി നോട്ടീസ് എത്തിക്കും. ജനുവരി 22 വരെ പരാതികൾ നൽകാനും എതിർപ്പുകൾ അറിയിക്കാനും സൗകര്യമുണ്ട്. പരാതികൾ ഓണ്‍ലൈനായോ ബിഎൽഒ വഴിയോ നൽകാം.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷവും പേരുൾപ്പെടുത്തലും പുതുക്കലും തുടരും. എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകിയവർ കരട്പട്ടികയിൽ ഇല്ലെങ്കിൽ പരിശോധിക്കുമെന്നും വിട്ടുപോയവരെ ഉൾപ്പെടുത്തുമെന്നും സിഇഒ പറഞ്ഞു. കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർ ഡിക്ലറേഷനൊപ്പം ഫോറം ആറിൽ അപേക്ഷിക്കണം. 2002 ലെ വോട്ടർപട്ടികയുമായി പുതിയ പട്ടിക ഒത്തുനോക്കുന്ന ജോലി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
19.32 ലക്ഷം പേർക്ക് ഹിയറിംഗിന് നോട്ടീസ്
തിരുവനന്തപുരം:എസ്ഐആർ നടപടിക്രമങ്ങളിൽ 2002ലെ വോട്ട൪ പട്ടികയുമായി ഒത്തുപോകാത്ത 19.32 പേ൪ക്ക് ഹിയറിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകും. ഇത്രയും പേരുടെ ഫോമുകളിൽ 2002ലെ വോട്ട൪ പട്ടികയുമായി ഒത്തുപോകാത്ത സാഹചര്യമെന്നാണ് വിലയിരുത്തൽ. ഇആ൪ഒമാ൪ ഇവരോട് രേഖകൾ ആവശ്യപ്പെടും. രേഖകൾ ഹാജരാക്കാനാകുന്നവരെ വോട്ട൪പട്ടികയിൽ നിലനി൪ത്തും.
സമർപ്പിക്കേണ്ട ഫോമുകൾ
നിശ്ചിത സമയത്തിനുള്ളിൽ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്ക്, ഫോം 6 നൊപ്പം സത്യവാങ്മൂലം സമർപ്പിച്ചു പേരു ചേർക്കാം.
ഫോം 6: പേര് പുതുതായി ചേർക്കാൻ, ഫോം 6എ: പ്രവാസി വോട്ടർമാരുടെ പേര് ചേർക്കാൻ.ഫോം 7: മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ. ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകൾക്കും. ഈ ഫോമുകൾ എന്ന ലിങ്കിൽ ലഭ്യമാണ്.
National
ന്യൂഡൽഹി: എസ്ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലെയും കരട് പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കും. കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥനങ്ങളിലെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. നാലിടത്തും നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് കമ്മീഷൻ നീട്ടിയതാണ്.
നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്നാട്ടിൽ 97 ലക്ഷം പേരെയും ഗുജറാത്തിൽ 73 ലക്ഷം പേരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഇനിയും നീട്ടണമെന്ന് വിവിധ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കരട് വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന്റെ ഭാഗമായി ഒഴിവാക്കിയ 24.08 ലക്ഷം പേരെ കഴിച്ചുള്ള പട്ടികയാണ് നാളെ പ്രസിദ്ധീകരിക്കുക.
എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറയുന്നു. അതേസമയം, ക്രിസ്മസ് അവധിക്കു നാട്ടിൽ തിരിച്ചെത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപാർട്ടികളുടെ ആവശ്യം. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിനു പുറത്തുള്ളത് ലക്ഷങ്ങളാണ്.
അവധിക്കെത്തുന്ന ഇവരിൽ നല്ലൊരു ശതമാനവും "കണ്ടെത്താൻ സാധിക്കാത്ത'വർകൂടി ഉൾപ്പെട്ട എഎസ്ഡി പട്ടികയിലാണ്. ഇവരെക്കൂടി വോട്ടർപട്ടികയിൽ ചേർക്കാൻ എസ്ഐആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സർക്കാരിന്റെയും പാർട്ടികളുടെയും ആവശ്യം.
മരണമടഞ്ഞ 6,49,885 പേരുൾപ്പെടെ 24.08 ലക്ഷം പേരാണ് നിലവിൽ എഎസ്ഡി പട്ടികയിലുള്ളത്. ഇതിൽ, കണ്ടെത്താൻ സാധിക്കാത്തവർ 6,45,548 പേരാണ്. കണ്ടെത്താൻ കഴിയാത്തവരെന്ന് കമ്മീഷൻ പറയുന്ന പലരും നാട്ടിൽത്തന്നെയുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്.
ഇവർക്ക് പേരുചേർക്കണമെങ്കിൽ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇവരുടെയും എഎസ്ഡി പട്ടികയിൽ അല്ലാത്ത പുതിയ വോട്ടർമാരുടെയും ഹിയറിംഗിന് ഇപ്പോൾ നൽകുന്ന സമയം തികയില്ല. ഈ സാഹചര്യത്തിൽ എസ്ഐആർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് സർക്കാരിന്.
രണ്ടുതവണയായി രണ്ടാഴ്ച കേരളത്തിലെ എസ്ഐആർ നീട്ടിയിരുന്നു. 24.08 ലക്ഷം പേർ പട്ടികയിൽനിന്നു പുറത്താകുമെന്നതിനാൽ കേരളത്തിലടക്കം സമയം നീട്ടുന്നത് പരിഗണിക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല.
എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയിട്ടില്ലാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം ആറിൽ അപേക്ഷിക്കാം. സത്യവാങ്മൂലവും നൽകണം. പുതുതായി പേരുചേർക്കാൻ ഫോം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്
കരട് പട്ടികയിലുള്ളയാളുടെ പേര് ഹിയറിംഗിനുശേഷം ഒഴിവാക്കിയാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഇരട്ട രജിസ്ട്രേഷൻ, കണ്ടെത്താനാകാത്തവർ എന്നിവർക്ക് പുറമേ "മറ്റുള്ളവർ' എന്ന നിലയിലും വോട്ടർ പട്ടികയിൽ നിന്നും വലിയ തോതിലുള്ള ഒഴിവാക്കൽ നടക്കുന്നുവെന്നതാണ് ആശങ്ക. ആരാണ് ഈ "മറ്റുള്ളവർ' എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ല.
അപാകതകൾ നിറഞ്ഞ പട്ടികയാണ് തയാറാവുന്നത് എന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെടേണ്ടതല്ല സമ്മതിദാനാവകാശം. അത് ജനാധിപത്യ സമൂഹത്തിൽ പ്രായപൂർത്തിയായ പൗരന് ഉറപ്പാക്കേണ്ട അവകാശമാണ്. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്നതിനു തുല്യമാണ്.
കേരളത്തിൽ ഇതിനു മുൻപ് എസ്ഐആർ പ്രക്രിയ നടന്നത് 2002- ലാണ്. അന്ന് 18 വയസിൽ താഴെയുള്ളവർക്കാകെ (അതായത് ഇന്ന് 40 വയസിനു താഴെയുള്ളവർ) വോട്ടർ പട്ടികയിൽ ഇടംനേടാൻ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്. ഇത് പൂർത്തിയാകാത്തതിനാൽ ഒരു ജില്ലയിൽ ഏകദേശം രണ്ട് ലക്ഷം പേർ എന്ന കണക്കിൽ നിലവിൽ വോട്ടർ പട്ടികയിൽ അർഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങൾ പ്രകാരം മനസിലാക്കാൻ. വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിയാകെ നടപ്പിലാക്കിയത്.
ദീർഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടിക പരിഷ്കരണം അനാവശ്യ തിടുക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദി. ബിഎൽഓമാരെ തിടുക്കത്തിലാക്കി സമ്മർദ്ദത്തിലാക്കുന്ന ഈ നടപടി പുനരാലോചിക്കണമെന്ന് സർക്കാരും രാഷ്ട്രീയ പാർടി പ്രതിനിധികളും അന്നു തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇത് അംഗീകരിക്കാതെയാണ് കമ്മീഷൻ തുടർ നടപടികളുമായി മുന്നോട്ടു പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ട അവസാന ദിവസം ഇന്ന്. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളവും തിരികെയെത്തിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ.
എല്ലാ തിരുത്തലുകളും ഇന്നു പൂർത്തിയാക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ ത്തുടർന്ന് എസ്ഐആർ നടപടികൾ കേരളത്തിൽ രണ്ടാഴ്ച നീട്ടിയിരുന്നു. സമയപരിധി നീട്ടണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്നു വീണ്ടും പരിഗണിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഷെഡ്യൂൾ അനുസരിച്ച് ഈ മാസം 23നു കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറയുന്നത്. നിലവിലുള്ള വോട്ടർ പട്ടികയിലുള്ള ഏതാണ്ട് 25 ലക്ഷത്തിലേറെ പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുടെ സാന്നിധ്യത്തിൽ സജീവമായി ശ്രമിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായി അവസാന ദിവസമായ ഇന്ന് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് (ബിഎൽഎ) അപേക്ഷകൾ ഒരുമിച്ചു സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. എന്നാൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ബിഎൽഎ ഒരു ദിവസം 50ൽ കൂടുതൽ അപേക്ഷ ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) സമർപ്പിക്കാൻ പാടില്ല. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇതു പ്രതിദിനം 10 അപേക്ഷ മാത്രമാക്കി ചുരുക്കും.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫീസർമാരുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാക്കും.
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും 23 മുതൽ ജനുവരി 22 വരെ സമർപ്പിക്കാം. ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവരെ ഇആർഒമാർ ഹിയറിംഗിന് വിളിക്കും.
നിശ്ചിത സമയത്തിനുള്ളിൽ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്ക്, ഫോം 6 ന് ഒപ്പം സത്യവാങ്മൂലം സമർപ്പിച്ചു പേരു ചേർക്കാം. ഫോം 6: പേര് പുതുതായി ചേർക്കാൻ, ഫോം 6എ: പ്രവാസി വോട്ടർമാരുടെ പേര് ചേർക്കാൻ.
ഫോം 7: മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ.
ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകൾക്കും. ഈ ഫോമുകൾ https: //voters.eci.gov.in എന്ന ലിങ്കിൽ ലഭ്യമാണ്.
National
ന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി മൂന്നു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരടുപട്ടിക തയാറായപ്പോൾ ഒരു കോടിയിലേറെ വോട്ടർമാർ പുറത്ത്. പശ്ചിമബംഗാൾ, രാജസ്ഥാൻ, ഗോവ സംസ്ഥാനങ്ങളിലെയും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെയും കരട് പട്ടികയാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്.
മൊത്തം 12.32 കോടി വോട്ടർമാരാണു പട്ടികയിലുള്ളത്. ഒക്ടോബർ 27ലെ വോട്ടർപട്ടികയിലാകട്ടെ ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13.36 കോടി വോട്ടർമാർ ഉണ്ടായിരുന്നു.പുതിയ വോട്ടർമാരുടെ പേരും കരട് പട്ടികയിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പശ്ചിമബംഗാളിൽ 7.66 കോടി പേരാണു വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. കരട് പട്ടികയിൽ 7.08 കോടിമാത്രമാണുള്ളത്. ഏകദേശം 58 ലക്ഷത്തിന്റെ വ്യത്യാസം.
രാജസ്ഥാനിൽ 5.48 കോടി വോട്ടർമാരാണുണ്ടായിരുന്നത്. കരട് പട്ടികയിൽ ഇത് 5.04 കോടിയായി കുറഞ്ഞു. ഗോവയിൽ 11.85 ലക്ഷം പേരെയാണു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് 10.84 ആയി കുറഞ്ഞു. പുതുച്ചേരിയിൽ 10.21 ലക്ഷത്തിൽ നിന്ന് 9.18 ലക്ഷമായും ലക്ഷദ്വീപിൽ 58,000 ത്തിൽ നിന്ന് 56,384 ആയും വോട്ടർമാരുടെ എണ്ണം കുറഞ്ഞു.
12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എസ്ഐആർ ഒക്ടോബർ 27 നു പൂർത്തിയാകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്. തുടർന്ന് പല സംസ്ഥാനങ്ങൾക്കും തീയതി നീട്ടിനൽകുകയായിരുന്നു.
Kerala
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട ആരുടെയും വോട്ട് നഷ്ടപ്പെടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഇന്നലെ തിരുവനന്തപുരത്തു വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതുവരെ കണ്ടെത്താനാവാത്ത 25 ലക്ഷത്തോളം വോട്ടർമാരുടെ പട്ടിക ഉടൻ ബിഎൽഒമാർക്ക് കൈമാറും. കണ്ടെത്താൻ സാധിക്കാത്തവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും നൽകും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ്, വയനാട്, കൊല്ലം ജില്ലകളിൽ നടപടികൾ നൂറു ശതമാനം പൂർത്തിയാക്കി. മറ്റ് ജില്ലകളിൽ 99.7 ശതമാനവും പൂർത്തിയായി. ബിഎൽഎ, ബിഎൽഒ മീറ്റിംഗ് നടത്താത്ത ജില്ലകളിൽ ഉടൻ മീറ്റിംഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മീഷന്റെ കണക്കു പ്രകാരം കണ്ടെത്താനാകാത്ത 25.01 ലക്ഷത്തിൽ 6.44 ലക്ഷം പേർ മരണപ്പെട്ടവരാണ്. 1.31 ലക്ഷം പേരുടെ പേരുകൾ ഇരട്ടിപ്പായി പട്ടികയിൽ ഉൾപ്പെട്ടു. കണ്ടെത്താനാകാത്തവർ 7.11 ലക്ഷമാണ്.
8.19 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരായുണ്ട്. ഫോം വാങ്ങാൻ തയാറാകാത്തവരോ, വാങ്ങിയെങ്കിലും തിരികെയേൽപ്പിക്കില്ലെന്ന് അറിയിച്ചവരോ ആയി 1.93 ലക്ഷം പേരുണ്ട്. ഇതിൽ മരണപ്പെട്ടവരും ഇരട്ടിപ്പായി ഉൾപ്പെട്ടവരുമടങ്ങുന്ന 7.75 ലക്ഷം പേരെ ഒഴിവാക്കി. അവശേഷിക്കുന്ന 17.26 ലക്ഷം പേരുടെ പട്ടിക കരട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പ്രത്യേകം പ്രസിദ്ധീകരിക്കണമെന്നും ഇവർക്ക് കരട് പട്ടികയിൽ ഉൾപ്പെടാൻ അവസരമൊരുക്കണമെന്നും സിപിഎം പ്രതിനിധി എം.വി ജയരാജൻ, മുസ്ലിം ലീഗ് പ്രതിനിധി മുഹമ്മദ് ഷാ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.
2025 ഒക്ടോബറിൽ പട്ടികയിലുണ്ടായിരുന്ന ഇത്രയും പേർ എങ്ങനെ രണ്ട് മാസത്തിനിറപ്പുറം കണ്ടെത്താൻ കഴിയാത്തവരായി മാറുമെന്നതായിരുന്നു യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നയിച്ച പ്രധാന ചോദ്യം. എന്നാൽ, കണ്ടെത്താനാകാത്തവരുടെ പട്ടിക കഴിയുമെങ്കിൽ ഇന്നുതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബൂത്ത് തിരിച്ചുള്ള പട്ടിക ബിഎൽഒമാർ ബിഎൽഎമാർക്ക് നൽകിയിട്ടുണ്ടെന്നും സിഇഒ വ്യക്തമാക്കി. ഇതിന് പുറമേ മരണപ്പെട്ടവരുടെ പട്ടികയിലും സംശയങ്ങളുയർന്നു. മരണപ്പെട്ടവർ ആറ് ലക്ഷമെന്ന കണക്ക് ശരിയല്ലെന്നും ഇത് ഏതു രേഖ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും കോണ്‍ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു സമാന്തരമായി എസ്ഐആർ നടപ്പാക്കിയതിനാലാണ് കണ്ടെത്താനാകാത്തവരുടെ എണ്ണം വർധിച്ചതെന്ന് സിപിഐ പ്രതിനിധി സത്യൻ മൊകേരി ചൂണ്ടിക്കാട്ടി. മാത്യു ജോർജ് (കേരള കോണ്‍ഗ്രസ്), ആനന്ദ് കുമാർ (കേരള കോണ്‍ഗ്രസ്-എം), ജെ.ആർ പത്മകുമാർ (ബിജെപി), പി.ജി പ്രസന്നകുമാർ (ആർഎസ്പി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. എന്യൂമറേഷന് ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. വിതരണം ചെയ്ത ഫോമുകളില്‍ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തു.
ഫോമുകള്‍ ഇനിയും സ്വീകരിക്കാനുള്ളവരുടെ എണ്ണം 24.92 ലക്ഷത്തോളം വരും. മരിച്ചവരും താമസസ്ഥലം മാറിയവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
National
ന്യൂഡൽഹി: വന്ദേമാതരം, തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചകളുടെ ആവേശം മൂന്നാംദിവസവും വിടാതെ രാജ്യസഭയിൽ ബിജെപി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്മാരായ ജെ.പി. നഡ്ഡയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ വാഗ്വാദം. ലോക്സഭയിൽ ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ മറ്റൊരു മുഖമായിരുന്നു ഇന്നലെ രാജ്യസഭയിൽ കണ്ടത്.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെച്ചൊല്ലിയായിരുന്നു രാജ്യസഭാനേതാവും കേന്ദ്രമന്ത്രിയുമായ നഡ്ഡയും പ്രതിപക്ഷനേതാവായ ഖാർഗെയും തമ്മിൽ ഉശിരൻ വാക്പോര് നടന്നത്. ഭരണഘടനാ നിർമാണവേളയിൽ ദേശീയഗാനമായി വന്ദേമാതരം ഒഴിവാക്കിയത് നെഹ്റുവാണെന്ന് നഡ്ഡ ആരോപിച്ചു.
തെറ്റും വികലവുമായ വീക്ഷണമാണ് നഡ്ഡ അവതരിപ്പിക്കുന്നതെന്നും വന്ദേമാതരത്തിൽനിന്ന് പണ്ഡിറ്റ് നെഹ്റുവിലേക്കു ചർച്ച മാറ്റിയോയെന്നു വ്യക്തമാക്കണമെന്നും ഖാർഗെ എഴുന്നേറ്റ് ചോദിച്ചു. ഇവിടെ പറയുന്നതൊന്നും സത്യമല്ല. വളച്ചൊടിച്ചതാണ്. വന്ദേമാതരം ചർച്ചയുടെ മറവിൽ നെഹ്റുവിനെ ആക്ഷേപിക്കാൻ ചരിത്രം വളച്ചൊടിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുന്‍പുതന്നെ ജനഗണമനയെ താത്കാലിക ദേശീയഗാനമായി കേന്ദ്രമന്ത്രിസഭ തെരഞ്ഞെടുത്തിരുന്നുവെന്ന് 1948ൽ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് എഴുതിയ കത്തിൽ നെഹ്റു വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞു. ഭരണഘടനാ അസംബ്ലിക്കു പുറത്ത് ദേശീയഗാനത്തെക്കുറിച്ച് ആദ്യ പ്രധാനമന്ത്രി സ്വയം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് ഇതു കാണിക്കുന്നുവെന്ന് നഡ്ഡ കുറ്റപ്പെടുത്തി.
എന്നാൽ, വന്ദേമാതരം ദേശീയ ഗീതമാക്കിക്കൊണ്ട് ജിന്നയ്ക്ക് നെഹ്റു ഉചിതമായ മറുപടി നൽകിയെന്ന് കോണ്‍ഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ ചൂണ്ടിക്കാട്ടി. ബിജെപി പ്രസിഡന്റ് പറഞ്ഞതിനു ചരിത്രസാക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംസ്കാരത്തോടും പാരന്പര്യങ്ങളോടും ധാർമികതയോടും കോണ്‍ഗ്രസ് എപ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞതോടെ ഖാർഗെയും കോണ്‍ഗ്രസ് എംപിമാരും തടസവുമായി എഴുന്നേറ്റു. സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ ഇടപെട്ടാണ് ഇരുനേതാക്കളും തമ്മിലുള്ള തർക്കം അവസാനിപ്പിച്ചത്. ദുർഗ, സരസ്വതി, ഭാരത്മാത, ശക്തി എന്നിവ ഈ രാജ്യത്തെ എല്ലാ ആളുകൾക്കും വേണ്ടിയുള്ളതാണെന്നും എല്ലാവർക്കും അവയിൽ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടു ചിന്താധാരകൾ ഏറ്റുമുട്ടി
കഴിഞ്ഞ ഒന്നിന് ആരംഭിച്ച പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലെ ആദ്യ രണ്ടു ദിവസത്തെ സ്തംഭനത്തിനു ശേഷം ഏഴു ദിവസം സജീവ ചർച്ചകളും നിയമനിർമാണങ്ങളും നടന്നു. 19ന് സമ്മേളനം സമാപിക്കും. വന്ദേമാതരം, എസ്ഐആർ അടക്കമുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ എന്നിവയിൽ നടന്ന ചർച്ചകൾ സന്പന്നവും രണ്ടു ചിന്താധാരകൾ തമ്മിലുള്ള ഏറ്റുമുട്ടലുമായി മാറി.
ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു പരസ്പരം നേതാക്കൾ കൊന്പുകോർത്തത്. ചർച്ചയിലുടനീളം പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെ ആക്രമിക്കാൻ ബിജെപി ശ്രമിച്ചപ്പോൾ, നെഹ്റുവിനെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.
മോദി പുസ്തകങ്ങൾ വായിക്കണമെന്ന് ജയ്റാം രമേശ്
ദേശീയ ഗാനമായ ജനഗണമനയുടെയും ദേശീയ ഗീതമായ വന്ദേമാതരത്തിന്റെയും യഥാർഥ ആത്മാവിനെക്കുറിച്ച് എഴുതിയ പ്രശസ്തമായ രണ്ടു പുസ്തകങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സംഘവും വായിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മികച്ച ചരിത്രകാരന്മാരായ രുദ്രാംഗ്ഷു മുഖർജിയുടെ ’സോംഗ് ഓഫ് ഇന്ത്യ: എ സ്റ്റഡി ഓഫ് നാഷണൽ ആന്തം’, സബ്യസാചി ഭട്ടാചാര്യയുടെ ’വന്ദേമാതരം: ദി ബയോഗ്രഫി ഓഫ് എ സോംഗ്’ എന്നീ പുസ്തകങ്ങൾ മോദി വായിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നുവെന്ന് രാജ്യസഭയിലെ വന്ദേമാതരം ചർച്ചയിൽ പങ്കെടുത്ത് ജയ്റാം പരിഹസിച്ചു. ബിജെപി നേതാക്കളുടെ നുണകൾ പൊതുജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ജയ്റാം പറഞ്ഞു.
രണ്ടു മണിക്കൂർ മുന്‍പേ പാർലമെന്റ് പിരിഞ്ഞു
ഔദ്യോഗികമായി പ്രത്യേക കാരണങ്ങളില്ലാതെ ലോക്സഭയും രാജ്യസഭയും ഇന്നലെ രണ്ടു മണിക്കൂർ നേരത്തേ പിരിഞ്ഞതിൽ വിവാദം. രാജ്യസഭയിൽ അണ്ണാഡിഎംകെ നേതാവ് തന്പി ദുരൈയുടെ പ്രസംഗം പകുതിക്കു വച്ച് നിർത്തി ബാക്കി ഭാഗം തിങ്കളാഴ്ച പ്രസംഗിക്കാമെന്നു പറഞ്ഞാണ് വൈകുന്നേരം നാലിന് സഭ അവസാനിപ്പിച്ചത്.
ലോക്സഭയിൽ ബിജെപി എംപി നിഷികാന്ത് ദുബെ ഇടപെട്ടാണു വൈകുന്നേരം 4.05ന് സഭ പിരിയുന്നതായി പ്രഖ്യാപിപ്പിച്ചത്.
National
കൊൽക്കത്ത: എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ സ്ത്രീകൾ അടുക്കള സാധനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കണമെന്ന് മമത പറഞ്ഞു.
കൃഷ്ണനഗറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. നിങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ സമ്മതിക്കരുത്. സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവർക്ക് പിന്നിൽ നിലയുറപ്പിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സ്ത്രീകളാണോ ബിജെപിയാണോ കൂടുതൽ ശക്തരെന്ന് തനിക്ക് കാണണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ബിജെപിയുടെ ഐടി സെൽ തയാറാക്കിയ ലിസ്റ്റുകൾ പ്രകാരം നടത്താനാണ് അവരുടെ പദ്ധതിയെന്നും മമത ആരോപിച്ചു.
ബിഹാറിന് കഴിയാത്തത് ബംഗാളിന് സാധിക്കുമെന്നും മമത അറിയിച്ചു. ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഒരു കേന്ദ്രഭരണ പ്രദേശത്തും അഞ്ച് സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടിനൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറിടങ്ങളിൽ തീയതി നീട്ടിനൽകിയത്.
എന്നാൽ തീയതി നീട്ടിനൽകണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പശ്ചിമബംഗാളിൽ കാലാവധി ഇന്ന് രാത്രി അവസാനിക്കും. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തമിഴ്നാട്, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി നീട്ടിനൽകിയത്. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയിട്ടുണ്ട്.
മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഒരാഴ്ചയാണ് നീട്ടിനൽകിയത്. തമിഴ്നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) നടപടിയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ ഭീഷണി നേരിടുന്നുണ്ടെന്ന റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി.
ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അരാജകത്വത്തിനു കാരണമാകുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകി.
എസ്ഐആർ സംബന്ധിച്ച വിവിധ ഹർജികൾ പരിശോധിക്കവെയാണു ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടത്. എസ്ഐആർ നടപടികളിൽ സംസ്ഥാന സർക്കാരുകൾ സഹകരിക്കാതിരിക്കുക, ബിഎൽഒമാരുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോടു സഹകരിക്കാത്ത സാഹചര്യത്തിലും സംരക്ഷണം ഒരുക്കാൻ തയാറാകാതെ വരുന്പോഴും ഉചിതമായ ഇടപെടലുകൾക്കു സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള പോലീസിനെ ഡെപ്യൂട്ടേഷനിൽ വയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമാകുമെന്ന് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള പോലീസിന്റെ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ നൽകാനാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
Kerala
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി തീയതി നീട്ടുന്നതിന് സംസ്ഥാന സർക്കാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവപൂർവം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
നിലവിലെ സാഹചര്യത്തിൽ കമ്മീഷൻ തീയതികൾ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയേക്കും.
Kerala
തിരുവനന്തപുരം: കാസർഗോഡ്, വയനാട് ജില്ലകളിൽ എസ്ഐആറിന്റെ ഭാഗമായ ഡിജിറ്റൈസേഷൻ പൂർത്തിയായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചതാണിത്.
ഇന്നലെ വരെ 97.74 ശതമാനം ഫോമുകൾ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു. ആകെ എണ്ണം 2,72, 22,745 ആയി ഉയർന്നു. അതേസമയം വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യുന്നവരുടെ എണ്ണം 22,30,665 ആയി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടു പ്രവാസികളുടെ യോഗം വിളിക്കാൻ നോർക്കയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ ആശങ്ക പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ടു വിളിക്കും.
പ്രവാസികളിൽ ഭൂരിഭാഗവും യുഡിഎഫിനെ അനുകൂലിക്കുന്നവരായതിനാലാണ് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ സ്ഥാപനമായ നോർക്ക യോഗം വിളിക്കാൻ തയാറാകാത്തതെന്ന് എസ്ഐആർ സംബന്ധിച്ച് സിഇഒ വിളിച്ച രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ മുസ്ലിം ലീഗ് ആരോപിച്ചു.
പ്രവാസികളുടെ യോഗം ഓണ്‍ലൈനായി വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളുടെ നിരന്തര ആവശ്യമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു സിഇഒ ഡോ. രത്തൻ യു. ഖേൽക്കർ നോർക്കയ്ക്ക് കത്തു നൽകിയിട്ടും നടപടിയുണ്ടായില്ല.
എസ്ഐആർ നടപടിക്കു ശേഷം പുറത്തിറക്കുന്ന വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പൗരത്വ പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയാണ് പ്രവാസികൾക്കുള്ളത്. വോട്ടർപട്ടികയിൽ 90,030 പ്രവാസികളാണുള്ളത്.
ഇതിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 2670 പേർ മാത്രമാണെന്ന് സിഇഒ യോഗത്തിൽ പറഞ്ഞു.
പ്രവാസികൾക്കുള്ള കോൾ സെന്ററിലെ 1950 എന്ന നന്പരിലേക്ക് ഒരുമാസത്തിനിടെ വിളിച്ചത് 33,661 പേരാണ്. ഇ മെയിൽവഴി ബന്ധപ്പെട്ടത് 2146 പേരും.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായി (എസ്ഐആർ) നീട്ടി ലഭിച്ച രണ്ടാഴ്ച സമയം വോട്ടർപട്ടികയിൽനിന്നു കാണാനില്ലാത്തവരെ കണ്ടെത്താനായി ബിഎൽഒമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി സംയോജിച്ചു നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. ആദ്യഘട്ടം ഒരാഴ്ച കാലാപരിധി ദീർഘിപ്പിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി ഒരാഴ്ചകൂടി സമയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നീട്ടിയിരുന്നു.
ഇതോടെ എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഡിസംബർ 18 വരെ നൽകാം. ആദ്യം ഡിസംബർ നാലിനും പിന്നീടിത് 11 വരെയുമാക്കി ദീർഘിപ്പിച്ചിരുന്നു. ഇതാണ് 18 വരെയാക്കി നീട്ടിയത്. കരട് വോട്ടർ പട്ടിക 23നു പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും എതിർപ്പുകളും അടക്കമുള്ള അപ്പീലുകൾ ജനുവരി 22 വരെ സമർപ്പിക്കാം. അപ്പീലുകൾ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് (ഇആർഒ) ആദ്യ അപ്പീൽ സമർപ്പിക്കേണ്ടത്. ഇതിൽ പരിഹാരമായില്ലെങ്കിൽ ജില്ലാ കളക്ടർമാർക്ക് തുടർന്നുള്ള 15 ദിവസത്തിനകം അപ്പീൽ നൽകണം. കളക്ടറുടെ അപ്പീലിൽ തീരുമാനമായില്ലെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് 30 ദിവസത്തിനകം അപ്പീൽ നൽകണം. അപ്പീൽ കാലാവധി ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്.
ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അതേസമയം, ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 35 ലക്ഷം പേരെങ്കിലും പട്ടികയിൽ ഇല്ലാത്ത സാഹചര്യം വരുമെന്നു രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ആരോപിച്ചു.
ഇആർഒമാർക്കുള്ള 30 ദിവസത്തെ അപ്പീൽ കാലാവധിയിൽ 50 ലക്ഷം പേരെങ്കിലും പൗരത്വമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ഇആർഒമാർ മുൻപാകെ ഹാജരാക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് പ്രതിനിധി മുഹമ്മദ് ഷാ പറഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് 13 ലക്ഷം പേരെ കാണാതായെന്ന കണക്ക് ഞെട്ടിക്കുന്നതാണെന്ന് സിപിഎം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു.
18.82 ലക്ഷം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു പോയിരിക്കുകയാണെന്നും ഇവരെയും ഉൾപ്പെടുത്തിയുള്ള പട്ടികയാകണം ഉണ്ടാകേണ്ടതെന്ന് സിപിഐ പ്രതിനിധി സത്യൻ മൊകേരി ആവശ്യപ്പെട്ടു.
ആരോഗ്യ കാരണങ്ങളാൽ ബുദ്ധിമുട്ടുന്ന ബിഎൽഒമാരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കണമെന്നു കേരള കോണ്‍ദ്രസ് പ്രതിനിധി മാത്യു ജോർജ് ആവശ്യപ്പെട്ടു. കളക്ടർമാർക്ക് അപേക്ഷ നൽകിയാൽ മെഡിക്കൽ കാരണങ്ങളുള്ളവർക്ക് മാറ്റം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ജെ.ആർ. പത്മകുമാർ (ബിജെപി), കെ. ആനന്ദകുമാർ (കേരള കോണ്‍ഗ്രസ്- എം), കെ. ജയകുമാർ (ആർഎസ്പി) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
21 ലക്ഷം പേർ ഒഴിവാകും
തിരുവനന്തപുരം: എസ്ഐആർ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതോടെ 21 ലക്ഷത്തോളം പേർ വോട്ടർപട്ടികയിൽ നിന്നു പുറത്താകും.
മൊത്തം വോട്ടർമാരുടെ 7.45 ശതമാനം വരുമിത്. ഇതിൽ 6.11 ലക്ഷം പേർ മരണമടഞ്ഞതായാണ് കണക്ക്. കണ്ടെത്താൻ സാധിക്കാത്തവർ- 5.66 ലക്ഷം, സ്ഥിരാമസം മാറിയവർ- 7.39 ലക്ഷം, ഇരട്ട വോട്ടുള്ളവർ- 1.12 ലക്ഷം, മറ്റുള്ളവർ 45,866.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യാതെ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു.
പ്രതിപക്ഷ ബഹളത്തെത്തുടർന്നു മൂന്നു തവണ നിർത്തിവച്ച ശേഷം ഇന്നു ചേരാനായി ലോക്സഭ പിരിഞ്ഞു. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തെ വകവയ്ക്കാതെ എക്സൈസ് ഭേദഗതി ബിൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. തിങ്കളാഴ്ചത്തേതുപോലെ പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയതോടെ ഭരണപക്ഷം മാത്രമായിരുന്നു സഭയിലുണ്ടായിരുന്നത്.
വന്ദേ മാതരം ചർച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പു ചർച്ചയ്ക്കു തീയതി നിശ്ചയിക്കാമെന്ന സർക്കാരിന്റെ വാദം പ്രതിപക്ഷം തള്ളി. ലോക്സഭയുടെ ഇന്നലെ നടന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഒത്തുതീർപ്പും സമവായവും ഉണ്ടായതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
എസ്ഐആറും വോട്ടർപട്ടിക ക്രമക്കേടും ചർച്ച ചെയ്യാതെ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ച് വന്ദേമാതരം ചർച്ചയും സർക്കാരിന്റെ ബില്ലുകൾ പാസാക്കുന്നതുമായി മുന്നോട്ടു പോകണമെന്നു ചില ബിജെപി നേതാക്കൾ നിർദേശിച്ചെങ്കിലും ഏറ്റുമുട്ടൽ ഒഴിവാക്കി സമവായം ആകാമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം ലഭിച്ചത്.
പ്രതിപക്ഷ സമ്മർദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു ചർച്ചയാകാമെന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു തിങ്കളാഴ്ച പാർലമെന്റിന്റെ ഇരുസഭകളും വ്യക്തമാക്കിയിരുന്നു. തീയതിയും സമയവും പക്ഷേ പ്രതിപക്ഷം തീരുമാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള ചർച്ച ആദ്യം നടത്തണമെന്നു കേന്ദ്രം ശഠിച്ചു. അതു തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു വിശദമായ ചർച്ച വേണമെന്നു പ്രതിപക്ഷവും വാശിപിടിച്ചു. ഒടുവിൽ രണ്ടു ചർച്ചകൾക്കും 10 മണിക്കൂർ വീതം അനുവദിക്കുമെന്നു സ്പീക്കർ ഓം ബിർല അറിയിച്ചു.
ഇതിനിടെ, കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസമായ ഒന്പതിനു നടക്കുന്ന തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളുടെ ചർച്ചയിൽ ഭൂരിപക്ഷം മലയാളി എംപിമാർക്കും പങ്കെടുക്കാനാകില്ല. രാഹുൽ ഗാന്ധിക്കു പുറമെ ശശി തരൂരിനെയും ഉത്തരേന്ത്യൻ നേതാക്കളെയും ചർച്ചയ്ക്കായി കോണ്‍ഗ്രസ് നിയോഗിച്ചേക്കുമെന്നാണു സൂചന.
കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ കേരളത്തിലേക്കു മടങ്ങി. ജോസ് കെ. മാണി ഉൾപ്പെടെ നിരവധി എംപിമാർ തിങ്കളാഴ്ചതന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. തെക്കുനിന്നുള്ള ചില എംപിമാർ പത്താം തീയതി ഡൽഹിക്കു മടങ്ങുമെങ്കിലും ഭൂരിപക്ഷം എംപിമാരും വോട്ടെണ്ണൽ കഴിയുന്നതുവരെ കേരളത്തിൽ തുടർന്നേക്കും.
Kerala
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഫോമുകളിൽ 88.74 ശതമാനവും ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
ചൊവ്വാഴ്ച്ച വൈകുന്നേരം ആറുവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,47,14,494 എണ്ണമാണ്. നഗരപ്രദേശങ്ങളിൽ നിന്നുള്ള ഫോമുകൾ ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർ എത്രയും വേഗം പൂരിപ്പിച്ച് ബിഎൽഒമാരെ ഏല്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
National
ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ചർച്ചചെയ്യും. ഒമ്പത്, പത്ത് തീയതികളിൽ ലോക്സഭയിൽ നടക്കുന്ന ചർച്ചയ്ക്ക് നിയമമന്ത്രി അർജുൻറാം മേഘ്വാൾ മറുപടി നൽകും.
രണ്ടു ദിവസത്തെ ചർച്ചയ്ക്കായി ആകെ പത്തു മണിക്കൂറാണ് മാറ്റിവച്ചിരിക്കുന്നത്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കാര്യോപദേശക സമിതിയിൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. ആദ്യമായാണ് സർക്കാർ ഈ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധതയറിച്ചത്.
കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷം ആവർത്തിച്ച് വിഷയം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ എട്ടിന് പ്രത്യേക ചർച്ചയുമുണ്ടാകും.
National
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ മാറ്റിവക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യാവാംഗ്മൂലം നൽകി.
എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സമയത്ത് നിലവിലെ സാഹചര്യം വ്യക്തമാക്കി സത്യവാംഗ്മൂലം നൽകാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. 81 ശതമാനം എന്യുമറേഷൻ ഫോമും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു.
National
ന്യൂഡൽഹി: എസ്ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കെ.സി. വേണുഗോപാൽ, അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവച്ചു. രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആർ വിഷയം ഉയർത്തി പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്നു പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് യാത്രയയപ്പ് പോലും നൽകാൻ സാധിച്ചില്ലെന്നും അധ്യക്ഷൻ ഭരണ-പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ബിഹാറിലെ പരാജയത്തിൽ പ്രതിപക്ഷം അവശതയിലാണന്ന് ജെ.പി. നഡ്ഡയും പരിഹസിച്ചു.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടീസ് നൽകിയത്. ബിഎൽഒമാരുടെ മരണത്തിൽ കോൺഗ്രസ് എംപി രേണുക ചൗധരിയും പ്രത്യേകം നോട്ടീസ് നൽകി.
എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയും അബ്ദുൾ വഹാബ് എംപിയും നോട്ടീസ് നൽകി. പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്.
ആണവോർജബിൽ, ഉന്നതവിദ്യാഭ്യാസ കമ്മീഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. മോദി അധികാരത്തിലേറിയതിനുശേഷം നടക്കാൻ പോകുന്ന ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് ഇത്തവണ ചേരുക.