ന്യൂഡൽഹി: വ്യോമയാന മേഖലയിലുണ്ടാകുന്ന ഡിമാൻഡുകളുടെ ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി വർഷം മുഴുവൻ നിരക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ അറിയിച്ചു.
ഉയർന്ന വിമാനനിരക്കിനെതിരേ ലോക്സഭയിൽ ഷാഫി പറന്പിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിൽ നടന്ന ചർച്ചയിലെ മറുപടിപ്രസംഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വർഷം മുഴുവൻ നിരക്കുപരിധി നിശ്ചയിക്കാൻ സർക്കാരിനു സാധിക്കില്ല.
ഉത്സവസീസണുൾപ്പെടെ ഡിമാൻഡ് കൂടുന്ന സമയത്തു നിരക്ക് വർധിക്കാറുണ്ട്. തിരക്കേറിയ സമയത്ത് കൂടുതൽ സർവീസുകൾ വിമാനക്കന്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാറുണ്ട്. കുറഞ്ഞ നിരക്ക് നിശ്ചയിക്കുന്നതിനു പകരം വിമാനങ്ങളുടെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയാണു വേണ്ടത്.
മൂന്നു വിമാനക്കന്പനികൾക്ക് സർവീസിന് എൻഒസി നൽകിയിട്ടുണ്ട്. രണ്ടു കന്പനികൾ കൂടി അപേക്ഷിച്ചിട്ടുണ്ട്. ആഭ്യന്തരമായി വിമാനങ്ങൾ നിർമിക്കാൻ ഇന്ത്യ തയാറെടുക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് പ്രമേയം പിൻവലിക്കാൻ ഷാഫിയോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്ത് ഷാഫി പ്രമേയം പിൻവലിച്ചു.
Tags : Airline fares Central government Minister Ram Mohan Naidu Parliament