വന്ദേമാതരം..., ജനഗണമന... - രണ്ടും ദേശീയ ഗാനങ്ങളാണ്. സൗകര്യത്തിനായി ജനഗണമനയെ ദേശീയഗാനമെന്നും വന്ദേമാതരത്തെ ദേശീയ ഗീതമെന്നും പറയാറുണ്ട്. ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയതും 1880കളുടെ തുടക്കത്തില്‍ ആനന്ദമഠം എന്ന നോവലിലൂടെ പ്രസിദ്ധീകരിച്ചതുമാണു വന്ദേമാതരം. ഈ ഗാനത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിശദമായ ചര്‍ച്ച നടന്നു. ഇതോടെ, കാര്യമായ വിവാദങ്ങളില്ലാതെ 150 വര്‍ഷമായി ദേശീയതയെയും രാജ്യസ്നേഹത്തെയും ഉണര്‍ത്തിയ മഹത്തായ വന്ദേമാതരം ഭരണ-പ്രതിപക്ഷ വാഗ്വാദത്തിനുള്ള വേദിയായി.
ലോക്സഭയിലും രാജ്യസഭയിലും പത്തു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കു ശേഷം രാജ്യവും ശരാശരി ഇന്ത്യക്കാരനും എന്തു നേടിയെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ചരിത്രത്തിലെ പഴയ മുറിവുകള്‍ വീണ്ടും തുറക്കാനാണോ ‘വന്ദേമാതരം ചര്‍ച്ച’ വഴിതെളിച്ചതെന്ന ചോദ്യം ബാക്കിയാണ്. പ്രതിപക്ഷ സമ്മര്‍ദത്തിനു വഴങ്ങി എസ്ഐആര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു നടത്തിയ 10 മണിക്കൂര്‍ ചര്‍ച്ചയുടെയും നേട്ടമോ തെറ്റുതിരുത്തലോ എന്തെന്ന സംശയവും ബാക്കി.
വഴിതെറ്റിക്കുന്ന ചര്‍ച്ചകള്‍
വന്ദേമാതരം, തെരഞ്ഞെടുപ്പു പരിഷ്കാര ചര്‍ച്ചകള്‍ ഫലത്തില്‍ ഭരണ-പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ കസര്‍ത്തിനുള്ള അവസരമായി. ജോലിയില്‍ ജീവന് നഷ്ടപ്പെടുന്ന ബിഎല്‍ഒമാരുടെ കാര്യംപോലും സര്‍ക്കാരിനു വലിയ പ്രശ്നമായില്ല. ഇന്‍ഡിഗോ സൃഷ്ടിച്ച പ്രതിസന്ധിയുടെ മറവില്‍ വിമാനയാത്രക്കാര്‍ അനുഭവിച്ച കൊടിയ ദുരിതവും കൊള്ളനിരക്കുകളും ചര്‍ച്ച ചെയ്തില്ല. അതിവേഗം വളരുന്ന വ്യോമയാന മേഖലയില്‍ സര്‍ക്കാരിനു നിയന്ത്രണം ഇല്ലാതായാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളുടെ സൂചനയാണ് ഇന്‍ഡിഗോ ദുരന്തം. വിഷപ്പുകയില്‍ വലയുന്ന ദേശീയ തലസ്ഥാനത്തെ ജനങ്ങളുടെ കഷ്ടതകളും പിന്നീടു ചര്‍ച്ച ചെയ്യാമെന്നാണു സര്‍ക്കാര്‍ പറഞ്ഞത്.
പഹല്‍ഗാമിലും അതീവസുരക്ഷാ മേഖലയായ ഡല്‍ഹി ചെങ്കോട്ടയിലും ഉണ്ടായ ഭീകരാക്രമണമോ സുരക്ഷാ വീഴ്ചകളോ ചര്‍ച്ച ചെയ്തില്ല. ഡല്‍ഹി സ്ഫോടനത്തിനു പിന്നിലെ ഡോക്ടര്‍മാരുടെ വെള്ളക്കോളര്‍ ഭീകരഗ്രൂപ്പുകളുടെ സാന്നിധ്യവും അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ഇവരുടെ ബന്ധവും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന രൂപയുടെ വിലയിടിവിന്റെ ആഘാതം എംപിമാര്‍ക്കും സര്‍ക്കാരിനും പ്രധാനമല്ലേ? യുഎസ് ഡോളറിനെതിരേ 90 രൂപയിലും താഴേക്കു തകര്‍ന്നതു നേട്ടമാണെന്നു പ്രധാനമന്ത്രി മോദി പറയില്ല.
പരിഹാരമില്ലാതെ പ്രശ്നങ്ങള്‍
പുതിയ തൊഴില്‍ കോഡുകളുടെ പ്രശ്നങ്ങളും തൊഴിലാളികളുടെ ആശങ്കകളും പാര്‍ലമെന്റില്‍ ചര്‍ച്ചയായില്ല. ചര്‍ച്ചയില്ലാതെയും ചോദ്യം ചെയ്യപ്പെടാതെയും സുപ്രധാന ബില്ലുകള്‍ പാസാക്കുന്ന രീതിക്കും അന്ത്യമില്ല. രൂക്ഷമായ തൊഴിലില്ലായ്മയുടെ കാര്യം കട്ടപ്പൊക. ജുഡീഷറി നേരിടുന്ന വെല്ലുവിളികളും ജനങ്ങളുടെ വിശ്വാസം ചോര്‍ത്തുന്ന ചില ജഡ്ജിമാരുടെ നടപടികളും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളും ചര്‍ച്ച ചെയ്യാനും താത്പര്യമില്ല. സൈബര്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിലും ഫലപ്രദമായ ഇടപെടലില്ല. കര്‍ഷകരുടെ തീരാദുരിതങ്ങള്‍ തുടര്‍ക്കഥയാണ്. കര്‍ഷകരും ഇടത്തരം ചെറുകിട ബിസിനസുകാരും പരമ്പരാഗത, ചെറുകിട വ്യവസായികളും നേരിടുന്ന കഷ്ടതകള്‍ക്കും പരിഹാരമില്ല.
അഴിമതിയുടെ വേരുകള്‍ പടരുമ്പോഴും തടയാന്‍ നടപടികളില്ല. ഭരണക്കാരും ഉദ്യോഗസ്ഥരും വ്യവസായികളും കൊഴുക്കുകയാണ്. സമ്പന്നരും പാവങ്ങളും തമ്മില്‍ ഭീകരമാംവിധം വര്‍ധിക്കുന്ന അന്തരം ഉയര്‍ത്തുന്ന വെല്ലുവിളികളും കോര്‍പറേറ്റ് ഭീമന്മാരുടെയും അതിസമ്പന്നരുടെയും തേര്‍വാഴ്ചകളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് തയാറാകുമോ? വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും പരിഹാരമില്ല. മാനഭംഗം അടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യേണ്ടതല്ലേ? ഉത്തരേന്ത്യയിലെ പട്ടിണി, ശിശു മരണങ്ങളും ആരെയും ലജ്ജിപ്പിക്കുന്നില്ല. എഴുതിയാല്‍ തീരാത്തത്ര പ്രശ്നങ്ങളുണ്ട്.
മറയ്ക്കപ്പെടുന്ന ദുരിതങ്ങള്‍
ദേശീയതയുടെ മറവില്‍ രാഷ്ട്രീയ, മത താത്പര്യങ്ങള്‍ക്കുള്ള പോരാണു നടന്നതെന്നു വിശ്വസിക്കാം. അടിയന്തര ദേശീയശ്രദ്ധ വേണ്ട ജനകീയ കാര്യങ്ങളിലല്ല നീണ്ട ചര്‍ച്ചകളും ഏറ്റുമുട്ടലുകളും വാക്കൗട്ടുകളും എന്നതൊരു പ്രശ്നമാണ്. പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയാണു വന്ദേമാതരം ചര്‍ച്ചയെന്നു കോണ്‍ഗ്രസും അല്ലെന്നു ബിജെപിയും പറയുമ്പോള്‍ കാര്യം വ്യക്തം. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും തുടങ്ങിയ ചര്‍ച്ചയില്‍ പങ്കെടുത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജെ.പി. നഡ്ഡയും പ്രിയങ്ക ഗാന്ധി വദ്രയും ജയ്റാം രമേശും അടക്കമുള്ളവര്‍ പക്ഷേ പരസ്പരം കൊമ്പുകോര്‍ത്തു.
രണ്ടു വ്യത്യസ്ത ചിന്താധാരകള്‍ തമ്മിലുള്ള ശക്തമായ മാറ്റുരയ്ക്കലായിരുന്നു പാര്‍ലമെന്റിലെ ചര്‍ച്ച. ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെയും. ആ അര്‍ഥത്തില്‍ സ്വാഗതാര്‍ഹവും ഗൗരവതരവുമായ ചര്‍ച്ചയാണു ഇരുസഭകളിലും നടന്നത്. എന്നാല്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കമുണ്ടായെന്നതു കാണാതെപോകരുത്. ഭൂതകാലത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിക്കൊണ്ട് വര്‍ത്തമാനകാല പ്രശ്നങ്ങളെ മറയ്ക്കാന്‍ കഴിയുമെന്ന തോന്നലും സര്‍ക്കാരിന് ഉണ്ടായിരിക്കണം.
എന്തിനും പഴി നെഹ്റുവിന്
ബങ്കിം ചന്ദ്രയ്ക്കും പരസ്യവേദിയില്‍ ആദ്യമായി വന്ദേമാതരം പാടിയ മഹാനായ രവീന്ദ്രനാഥ ടാഗോറിനും ചര്‍ച്ചയില്‍ കാര്യമായ പങ്കോ പ്രശംസയോ ഉണ്ടായില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1896ലെ കോൽക്കത്ത സമ്മേളനത്തിലായിരുന്നു ടാഗോറിന്റെ വന്ദേമാതരം ആലാപനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പ്രചോദനമായ ദേശഭക്തി ഗാനം. ബങ്കിം ചന്ദ്രയെക്കാള് കൂടുതല്‍ നെഹ്റുവിനെയാണു മോദിയും ഷായും നഡ്ഡയും ചര്‍ച്ചയിലേക്കു വലിച്ചിഴച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയേക്കാള്‍ ആര്‍എസ്എസിനെ ഇന്നും അലോസരപ്പെടുത്താന്‍ നെഹ്റുവിനു കഴിയുന്നുവെന്നതും ശ്രദ്ധേയമാണ്.
പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ മോദിയും ഷായും നഡ്ഡയും നെഹ്റുവിനെതിരേ ആക്ഷേപം കടുപ്പിച്ചപ്പോള്‍ പ്രിയങ്കയുടെയും ഖാര്‍ഗെയുടെയും തിരിച്ചടികളും കുറിക്കു കൊള്ളുന്നതായി. വന്ദേമാതരത്തിന്റെ ചരിത്രവും അഭിമാനവും നിറഞ്ഞ വാക്കുകളുടെ പേരില്‍ ചരിത്രവും അഭിമാനവും കശക്കിയെറിയുന്നതും കാണാനായി. ചരിത്രവസ്തുതകളെ സൗകര്യംപോലെ അവതരിപ്പിക്കാന്‍ ഇരുപക്ഷവും മടിച്ചില്ല. രാജ്യത്തിന്റെ മഹത്തായ സംസ്കാരവും പാരമ്പര്യവും തന്നിഷ്ടം പോലെ വക്രീകരിക്കാനും വികൃതമാക്കാനും നേതാക്കള്‍ മത്സരിച്ചു.
മതവൈരമല്ല വന്ദേമാതരം
ഇന്ത്യയുടെ ഐക്യത്തിനായുള്ള ദേശീയഗാനങ്ങളെ വിഭാഗീയമായി ഭിന്നിപ്പിക്കാനുള്ള ഉപകരണം ആക്കിയെന്നതാണു ദുരന്തം. വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡങ്ങള്‍ മാത്രം ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം വിഭജനത്തിനു വിത്തുപാകിയെന്നാണു മോദിയും ഷായും നഡ്ഡയും സമര്‍ഥിക്കാന്‍ ശ്രമിച്ചത്.
രാജ്യത്തെ ജനങ്ങളെ മതപരമായ വിഭജിക്കാനല്ല; മറിച്ച്, ഒന്നിപ്പിക്കാനാകണം സര്‍ക്കാരിന്റെ ദൗത്യവും ശ്രമങ്ങളും. രാജ്യത്തെ മതസൗഹാര്‍ദവും മതനിരപേക്ഷതയും ഐക്യവും അഖണ്ഡതയും സമാധാനവും തകര്‍ക്കുകയോ അതിന് ക്ഷതമേല്പിക്കുകയോ ചെയ്യുന്നതൊന്നും ഗുണകരമല്ല.
മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും അടക്കമുള്ള നേതാക്കള്‍ സംയുക്തമായി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങളുടെ പേരില്‍ രാഷ്ട്രശില്പിയായ നെഹ്റുവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ആക്ഷേപിക്കാനും രാജ്യത്തെ പ്രധാനമന്ത്രിയും ഉന്നത മന്ത്രിമാരും ശ്രമിച്ചതിനെ രാജ്യത്തെ വലിയൊരു വിഭാഗം ജനം അംഗീകരിക്കാനിടയില്ല. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍നിന്നു സ്വാതന്ത്ര്യം നേടുന്നതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാനാണു വന്ദേഭാരതത്തെ സ്വാതന്ത്ര്യസമര നേതാക്കള്‍ ഉപയോഗപ്പെടുത്തിയത്. മതവൈരം ഉണ്ടാകരുതെന്ന ആശയത്തോടെയായിരുന്നു തീരുമാനങ്ങളെന്നു ചരിത്രം പറയുന്നു.
ഉത്തരമില്ലാതെ ചോദ്യങ്ങള്‍
ഏതെങ്കിലും വിശ്വാസം അടിച്ചേല്‍പ്പിക്കുന്നതിനു പകരം പൊതുവായ അടിത്തറ കണ്ടെത്തുന്നതാണു ബുദ്ധിയെന്നു സ്വാതന്ത്ര്യസമര നേതാക്കള്‍ കരുതിയെന്നതില് സംശയിക്കേണ്ട. ഇന്ത്യയുടെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ദേശീയ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കു ലക്ഷ്യമായിരുന്നില്ല.
വന്ദേമാതരം ചര്‍ച്ചപോലെ പ്രധാനമായിരുന്നു തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചുള്ള പാര്‍ലമെന്റിലെ ചര്‍ച്ച. ക്രമക്കേടുകളും വോട്ടുകൊള്ളയുമില്ലാതെ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളാണു ജനാധിപത്യത്തിന്റെ കാതലും നന്മയും. എന്നാല്‍ ഇതിനു ചുമതലപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷനെത്തന്നെ ദുരുപയോഗിച്ചുകൊണ്ടു തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതും ജനവിധിയില്‍ മാറ്റം വരുത്തുന്നതുമായ നടപടികൾ ഉണ്ടാകുന്നുവെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ വസ്തുതകൾ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു വെല്ലുവിളിയാണ്.
രാഹുലിന്റെ ചോദ്യം വ്യക്തം
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് എന്തിനെന്ന രാഹുലിന്റെ ചോദ്യത്തിനു സര്‍ക്കാര്‍ വ്യക്തതയുള്ള ഉത്തരം നല്‍കിയില്ല. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നടപടികള്‍ രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്ന പ്രത്യേക നിയമ പരിരക്ഷ നല്‍കിയതില്‍ ദുഷ്ടലാക്കുണ്ടെന്ന രാഹുലിന്റെ ആരോപണവും നിഷേധിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള പോളിംഗ് ബൂത്തുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ചട്ടം ഭേദഗതി ചെയ്തതിനുള്ള അമിത് ഷായുടെ വിശദീകരണവും ബിജെപി അനുകൂലികള്‍ക്കു മാത്രമേ ദഹിക്കൂ. ജനാധിപത്യത്തിന്റെ കാതലായ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സംശയങ്ങള്‍പോലും ദൂരീകരിക്കാന്‍ കമ്മീഷനും കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് തെളിവുസഹിതം ചൂണ്ടിക്കാട്ടിയ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്ക് ഇനിയും കൃത്യവും വ്യക്തവുമായ ഉത്തരമില്ലെന്നതു ഗുരുതരമാണ്.
ഭാരതമാതാവിന് വന്ദനം
ജാതി, മത, പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ജനങ്ങളെയാകെ ഒന്നിപ്പിച്ച് മതേതര ജനാധിപത്യ രാഷ്്ട്രമായി ഇന്ത്യയെ ശക്തിപ്പെടുത്തുക പ്രധാനമാണ്. എല്ലാ പൗരന്മാരെയും കൂട്ടിയിണക്കി സുരക്ഷയും സമാധാനവുമുള്ള വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയെന്നതുമാണു ഭാരതമാതാവിനുള്ള ഏറ്റവും വലിയ വന്ദനം.
Tags : Vande Mataram Parliament congress Bjp Nehru