ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് പ്രസിഡന്റിന് നല്കിയ ആശംസകള്‍ ഇലോണ്‍ മസ്കിന്റെ 'ഗ്രോക്ക്' എഐ തെറ്റായി വിവര്‍ത്തനം ചെയ്തത് വിവാദമാകുന്നു. നയതന്ത്രപരമായ ഒരു സൗഹൃദ സന്ദേശത്തെ രാഷ്ട്രീയമായി അതീവ പ്രകോപനപരമായ രീതിയിലാണ് ഗ്രോക്ക് അവതരിപ്പിച്ചത്.
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മാലദ്വീപിന്റെ ഔദ്യോഗിക ഭാഷയായ ദിവെഹി'യില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. എന്നാല്‍ എക്സിലെ എഐ അസിസ്റ്റന്റായ ഗ്രോക്ക് ഇത് വിവര്‍ത്തനം ചെയ്തപ്പോള്‍ യഥാര്‍ത്ഥ പോസ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തെ 'സ്വാതന്ത്ര്യദിനം' എന്നാണ് ഗ്രോക്ക് വിവര്‍ത്തനം ചെയ്തത് ഇത് കൂടാതെ മാലദ്വീപ് സര്‍ക്കാര്‍ 'ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളില്‍' ഏര്‍പ്പെടുന്നുണ്ടെന്നും അധികൃതര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഗ്രോക്ക് തെറ്റായി രേഖപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ സന്ദേശത്തില്‍ ഇത്തരം കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സമാധാനപരമായ പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ഇന്ത്യ മാലദ്വീപ് ബന്ധത്തില്‍ വീണ്ടും ഉലച്ചിലുകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇതിന് വലിയ പ്രധാന്യം കല്‍പ്പിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
Tags : Grok AI Maldives Modi Reupblic Day X