വിസ്മയങ്ങളുടെ കലവറയായ ഇടുക്കി ജലവൈദ്യുതി പദ്ധതി സുവര്‍ണജൂബിലി നിറവില്‍. കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച ഇടുക്കി ആര്‍ച്ച് ഡാം, മട്ടത്രികോണാകൃതിയിലുള്ള ചെറുതോണി ഡാം, കരിങ്കല്ലിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച കുളമാവ് ഡാം, മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിവ ഉള്‍പ്പെടുന്ന ഇടുക്കി പദ്ധതി 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് നാടിന് സമര്‍പ്പിച്ചത്.
ആദ്യട്രയല്‍ റണ്‍ 1975 ഒക്ടോബര്‍ നാലിനായിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. വെള്ളം കുറയുമ്പോഴും കൂടുമ്പോഴും ഉള്ളിലേക്കും പുറത്തേക്കും ചലനാത്മകതയുള്ള ഡാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപകല്‍പ്പനയാണ് ഡാമിനുള്ളത്.
കുറവന്‍-കുറത്തി പാറകളുടെ സാന്നിധ്യവും കൂടുതല്‍ മര്‍ദം താങ്ങാനുള്ള ശേഷിയും കണക്കിലെടുത്ത് ഈ ഡാം കമാന ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഡാമിന് 168.9 മീറ്റര്‍ നീളമുണ്ട്. 19.81 മീറ്ററാണ് അടിഭാഗത്തെ വീതി. 4.464 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് നിര്‍മാണത്തിന് ചെലവഴിച്ചു. കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയുടെ സാങ്കേതിക സഹകരണത്തിലാണ് അണക്കെട്ട് നിര്‍മിച്ചത്.
ഇടുക്കി വൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇടുക്കിയുടെ പ്രഥമ കളക്ടര്‍ കൂടിയായിരുന്ന ഡോ. ഡി. ബാബു പോളായിരുന്നു. അണക്കെട്ട് നിര്‍മാണത്തിന് ഗതിവേഗം പകരുന്നതിന് ഇദ്ദേഹം നല്കിയ സംഭാവന ശ്രദ്ധേയമാണ്. എന്നാല്‍ 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി പദ്ധതിയുടെ സാധ്യതകള്‍ കൃത്യമായി നിര്‍ണയിച്ചത് 1922-ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണാണ്.
ഇദ്ദേഹം വനത്തില്‍ നായാട്ടിന് പോയപ്പോൾ ഇടുക്കി വനത്തില്‍ കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്റെ ദൃശ്യം സഹായിയായി ഒപ്പമുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ഗോത്രവാസിയാണ് കാണിച്ചുകൊടുത്തത്. തുടര്‍ന്നു പദ്ധതി സംബന്ധിച്ച സര്‍വേകള്‍ക്കും വിശദപഠനത്തിനും ശേഷം 1932-ല്‍ ഡാം നിര്‍മാണം സംബന്ധിച്ച് തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതിന്റെ സാധ്യത പഠിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇറ്റലിക്കാരായ ആന്‍ജലോ ഒമോദയോ, ക്ലാസിയോ മാര്‍സെലെ എന്നിവരെ നിയോഗിച്ചു. 1937-ല്‍ ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ 32,280 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി.
പിന്നീട് തിരുവിതാംകൂര്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണ്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി. 1957-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു.
1961-ല്‍ നല്കിയ റിപ്പോര്‍ട്ടിന് കേന്ദ്ര ആസൂത്രണ കമ്മീഷന് 1963-ല്‍ അംഗീകാരം നല്‍കിയതോടെയാണ് ഇടുക്കി പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് വഴിതുറന്നത്. 1966-ല്‍ പദ്ധതിക്ക് കാനഡ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. 1967-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടു.
അണക്കെട്ട് നിര്‍മാണത്തിന്റെ പ്രാരംഭഘട്ടമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. ഇതിനു ശേഷമാണ് ഡാമുകളുടെ നിര്‍മാണം ആരംഭിച്ചത്. കുളമാവ് ഡാമിനുസമീപം നിര്‍മിച്ച ഭൂഗര്‍ഭ ടണലിലെ രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയാണ് മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്നത്.
ഇന്‍ടേക്ക് ടണലിലൂടെ ഒഴുകിയെത്തുന്ന വെള്ളം സമര്‍ദ ലഘൂകരണ തുരങ്കത്തിലെത്തും. തുടര്‍ന്ന് ബട്ടര്ഫ്ലൈവാല്വിലൂടെ പവര്‍ഹൗസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പെറിക്കല്‍ വാല്‍വുവഴി ആറു ജലധാരകളായി തിരിഞ്ഞ് ടര്‍ബൈനില്‍ പതിക്കുമ്പോഴാണ് ജനറേറ്ററുകള്‍ ചലിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്.
ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കേബിള്‍ തുരങ്കത്തിലൂടെ സ്വിച്ച് യാര്ഡിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. രണ്ടു ഘട്ടങ്ങളിലായി 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഏഴു നിലകളിലായാണ് വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത്.
ഒന്നാം നിലയില്‍ ആറു ടര്‍ബൈനുകളും രണ്ടാം നിലയില്‍ വാട്ടര്‍ കണ്ടക്ടര്‍ സംവിധാനവും മൂന്നാം നിലയില്‍ കൂളിംഗ് സംവിധാനവും നാലാം നിലയില്‍ ജനറേറ്ററും അനുബന്ധ സംവിധാനങ്ങളും അഞ്ചാം നിലയില്‍ ട്രാന്‍സ്ഫോര്‍മറുകളും ആറാം നിലയില്‍ കണ്ട്രോള് റൂമും ഏഴാം നിലയില്‍ എയര്‍കണ്ടീഷനിംഗ് സംവിധാനവുമാണ് പ്രവര്‍ത്തിക്കുന്നത്.
പവര്‍ഹൗസിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 85 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരുടെ ഓര്‍മയ്ക്കായി പവര്‍ഹൗസിന്റെ പ്രവേശന കവാടത്തില്‍ മരണമടഞ്ഞവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് നാടുകാണി മല തുരന്നാണ്. ഇതിന്റെ നിര്‍മാണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ആയിരത്തിലേറെപ്പേര്‍ എത്തിയിരുന്നു.
പാറ പൊട്ടിച്ചതും ഇത് അടര്‍ന്നുവീഴാതെ റോക്ക് ബോള്‍ട്ട് സംവിധാനം ഒരുക്കിയതും മാപ്പിള ഖലാസികളാണ്. 110 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്റെ മുതല്‍മുടക്ക്. വൈദ്യുതി നിലയം നിര്‍മിക്കുന്നതിനുള്ള തുക കനേഡിയന്‍ സര്‍ക്കാര്‍ ദീര്‍ഘകാല വായ്പയായി നല്‍കിയിരുന്നു.
പ്രതിവര്‍ഷം 214.8 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് നിലയത്തിനുള്ളത്. 640 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശവും 200 കോടി ഘനമീറ്റര്‍ സംഭരണശേഷിയാണ് പദ്ധതിക്കുള്ളത്.
ഈ മാസം നടക്കുന്ന സുവര്‍ണജൂബിലി ആഘോഷത്തിനായി വൈദ്യുതി ബോര്‍ഡ് 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.
Tags : Idukki Todays Story